Sunday, November 24, 2024
Novel

നീരവം : ഭാഗം 7

എഴുത്തുകാരി: വാസുകി വസു


തുടർക്കഥ…

“ആരാടീ നീ..ഇറങ്ങിപ്പോടീ എന്റെ മുറിയിൽ നിന്ന്. ഇവിടെ എന്റെ നീഹാരികയുടെ സാന്നിധ്യം മാത്രം മതി”

അവിടെ ഇരുന്ന ഫ്ലാസ്ക്ക് എടുത്തു അവൻ അവളുടെ നേരെ എറിഞ്ഞു.ഒഴിഞ്ഞ് മാറിയെങ്കിലും വന്നു കൊണ്ടത് മുഖത്താണു.ചുണ്ടുകൾ പൊട്ടി ചോര കിനിഞ്ഞു.ഉമിനീരിൽ രക്തചുവ പരന്നു.

“ഇയാൾക്ക് ഭ്രാന്താണു…നല്ല മുഴുത്ത ഭ്രാന്ത്”

മീരക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലായി..തനിക്ക് പോകാൻ മറ്റൊരിടമില്ല.എല്ലാം സഹിച്ചേ കഴിയൂ.പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു.. ആ കരച്ചിൽ നീരവിന്റെ ഹൃദയത്തിൽ തൊട്ടു.പൊടുന്നനെ നീരവ് ശാന്തനാകുന്നത് കണ്ണുനീരിനിടയിലും അവൾ കണ്ടു…

“എന്ത് പറ്റി മീരേ”

അവളുടെ കരച്ചിൽ കേട്ടാണ് നീരജ് മുകളിലെ മുറിയിലേക്ക് കടന്ന് വന്നത്.മീരയുടെ ചുണ്ടുകൾ മുറിഞ്ഞത് കണ്ടു അവനൊന്ന് ഞെട്ടി.നിലത്തേക്ക് വീണു കിടക്കുന്ന ഫ്ലാസ്ക്കും അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ഏട്ടൻ വയലന്റായിരിക്കുന്നു..എന്ന് അവന് മനസ്സിലായി.

“താഴേക്ക് വാ മീരേ”

മീരജയിടെ അരികിലെത്തി നീരജ് താഴേക്കു വിളിച്ചു. അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തേക്ക് പതിച്ചതും എന്തെക്കൊയോ മാറ്റങ്ങൾ നീരജിൽ സംഭവിച്ചു തുടങ്ങി.

അവൻ സാകൂതം അവളെ വീക്ഷിച്ചു.മീരയുടെ മുഖം വിളറി.അവൾ മെല്ലെ തലകുനിച്ചു.

“എടോ തന്നോടാ താഴേക്ക് വരാനായി വിളിച്ചത്”

തെല്ലൊരു അധികാരത്തിൽ നീരജ് അവളുടെ കൈകളിൽ പിടിച്ചതും മീരയൊന്ന് പൊള്ളിപ്പിടഞ്ഞു കൊണ്ട് കൈ തട്ടി മാറ്റാൻ ശ്രമിച്ചു.പക്ഷേ അവന്റെ കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ മാത്രം ശേഷിയൊന്നും അവളിൽ ഉണ്ടായിരുന്നില്ല.

“കയ്യിൽ നിന്ന് വിടൂ നീരജ്”

ശബ്ദം താഴ്ത്തിയാണവൾ പറഞ്ഞതെങ്കിലും വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു.ചമ്മിയ മുഖത്തോടെ അവൻ കൈകൾ വിട്ടു.

“സോറിയെടോ” തെല്ലൊരു ചമ്മലോടെ ക്ഷമാപണം നടത്തിയട്ട് നീരജ് താഴേക്ക് ഇറങ്ങിപ്പോയി.

നീരവ് ഇതൊന്നും ശ്രദ്ധിക്കാതെ കറങ്ങുന്ന സീലിംഗ് ഫാനിനു മുകളിലേക്ക് മിഴികൾ ഉറപ്പിച്ചു കിടന്നു.ചോരയുടെ അരുരുചി നാവിനെയാകെ അസ്വസ്ഥതമാക്കിയതോടെ മീര അവനരികിലെത്തി.

“ഞാൻ താഴേക്കൊന്ന് പോയിട്ടു വരാം.ചുണ്ടുകൾ നന്നായി മുറിഞ്ഞിട്ടുണ്ട്”

നീരവ് നോക്കിയതേയില്ല മീരയുടെ മുഖത്തേക്ക്. പ്രതികരണവും ലഭിച്ചില്ല.അവളത് പ്രതീക്ഷിച്ചതുമില്ല.

മീര താഴേക്ക് ചെല്ലുമ്പോൾ മീനമ്മ കിച്ചണിൽ ആയിരുന്നു. അവൾ നീരജയെ തിരഞ്ഞെങ്കിലും കണ്ടില്ല.ഒടുവിൽ നീരജിന്റെ അടുത്ത് ചെന്നു. അവനാണെങ്കിൽ അവളെ ഗൗനിച്ചതേയില്ല.കുറച്ചു നേരം കൂടി കാത്തെങ്കിലും പ്രതികരണം ഉണ്ടായില്ല.മീര കൃതൃമമായൊന്ന് ചുമച്ചു.

“എന്തിനാണ് നീരജ് വരാൻ പറഞ്ഞത്”

“തന്നെ വിളിച്ചപ്പോൾ വന്നില്ലല്ലോ..പിന്നെന്തിനാ തിരക്കുന്നത്” അവനു തന്നോട് ചെറിയ കലിപ്പുണ്ടെന്ന് അവൾക്ക് മനസ്സിലായി.അതങ്ങനെ ഇരിക്കുന്നതാണു നല്ലതെന്ന് മീരക്ക് തോന്നി.അധികം ആരുമായും അടുക്കാതിരിക്കുന്നതാണു നല്ലത്. അല്ലെങ്കിൽ ഒടുവിൽ കരയേണ്ടി വരും.

മീര മുകളിലേയ്ക്ക് കയറി പോയി.തന്റെ മുറിയിലെത്തി അലമാരയിൽ നിന്ന് പഴയൊരു തുണി എടുത്തു ചുണ്ടുകൾ തുടച്ചു.നല്ലൊരു നീറ്റൽ ഉണ്ടായത് അവളറിഞ്ഞു.വാഷ്ബേസണിൽ മുഖം കഴുകി അലമാരയുടെ കണ്ണാടിയിൽ നോക്കി.ചുണ്ട് നന്നായി മുറിഞ്ഞ ഭാഗം ഇപ്പോൾ തടിച്ചു വീർത്തിട്ടുണ്ട്.കണ്ണുകളിൽ നീരുറവ പൊടിഞ്ഞു.

ഇവിടെ നിന്ന് പോകാൻ കഴിയില്ല.തനിക്ക് മറ്റൊരിടവുമില്ല.ഏത് പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ കഴിയണം.കുറച്ചു കാശ് സമ്പാദിച്ചിട്ട് അമ്മയെ ചെന്ന് കൂട്ടിക്കൊണ്ട് വരണം.മീര മനസ്സിൽ ഉറപ്പിച്ചു.

മീര നീരവിന്റെ മുറിയിലേക്ക് കയറി. അവൻ അവളെ കണ്ടെങ്കിലും ഈ പ്രാവശ്യം സൈലന്റ് ആയിരുന്നു. അവനെയൊന്ന് നോക്കിയട്ട് ഷെല്ഫിൽ വായിക്കാൻ പറ്റിയ ബുക്ക് തിഞ്ഞു.പെരുമ്പടവം ശ്രീധരൻ രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന രചനയിൽ കണ്ണുകൾ ഉടക്കിയതോടെ ആവേശത്തിൽ ആ പുസ്തകം കയ്യിലെടുത്തു.ഇതുവരെ പറഞ്ഞു കേട്ട അറിവേയുള്ളൂ ആ നോവലിനോട്.വായിക്കാനായി ഒരുപാട് കൊതിച്ചിരുന്നു.

ദസ്തയേവ്‌സ്കിയെന്ന എഴുത്തുകാരനും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയുമായി തീവ്രപ്രണയത്തിലാകുന്നതും അവരുടെ ദാമ്പത്യജീവിതവും അയാളുടെ മാനസിക സംഘർഷങ്ങളും കൂടി ചേർത്ത് പെരുമ്പടവം അതിമനോഹരമായി എഴുതിയ നോവലാണ് “ഒരു സങ്കീർത്തനം പോലെ”.

നീരവ് ഒരുപാട് വായിക്കുമെന്ന് മീരക്ക് മനസ്സിലായി.അതോടെ അവനോട് ചെറിയ മതിപ്പും തോന്നി.പുറം ചട്ട കഴിഞ്ഞു പുസ്തകത്തിന്റെ ആമുഖം വായിച്ചു തുടങ്ങിയപ്പോൾ മീനമ്മ മുറിയിലേക്ക് കയറി വന്നു. അവൾ പുസ്തകം മടക്കി എഴുന്നേറ്റു.

മീനമ്മ അടുത്തെത്തി മീരയുടെ ചുണ്ടിലെ മുറിവിലേക്ക് നോക്കി.നീരജ് വിവരം ധരിപ്പിച്ചാതെണെന്ന് ഊഹിച്ചു.

“വാ മോളേ.ഹോസ്പിറ്റൽ പോകാം”

അവർ അവളെ നിർബന്ധിച്ചെങ്കിലും മീര തടസ്സം പറഞ്ഞു.

“സാരമില്ല അമ്മേ…”

മീര ഒഴിയാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. അവളെയും കൂട്ടി താഴേക്ക് ചെന്നു.

“നീരജ് മോളേയും കൂട്ടി ക്ലിനിക്കിലൊന്ന് പോയിട്ട് വാ”

കേൾക്കാൻ കാത്ത് നിന്നതു പോലെ നീരജ് വേഗം ഒരുങ്ങിയെത്തി.അവന്റെ ഉത്സാഹം കണ്ടപ്പോൾ അവൾക്ക് നേരിയ ഭയം തോന്നാതിരുന്നില്ല.

“കാറിൽ പോയിട്ട് വാടാ”

“ഇതിനൊക്കെ ബുള്ളറ്റ് മതി അമ്മേ”

നീരജ് പറഞ്ഞതിനു മീനമ്മ എതിർത്തില്ല.മീരക്ക് അവന്റെ കൂടെ ബുളളറ്റിൽ പോകേണ്ടി വന്നു. കുറച്ചു അകലമിട്ട് ഇരിക്കാൻ അവൾ ശ്രദ്ധിച്ചു.എങ്കിലും ഇടക്കിടെ അവൻ സഡൻ ബ്രേക്ക് ഇടുമ്പോൾ മുന്നോട്ടു ആഞ്ഞുപോകും‌.അവന്റെയാ പ്രവൃത്തി മനപ്പൂർവ്വം ആണെന്ന് അവൾക്ക് മനസ്സിലായി.

ക്ലിനിക്കിൽ നിന്ന് മരുന്നും വാങ്ങി വരുമ്പോൾ നീരജ് വാ തോരാതെ സംസാരിച്ചു.മുക്കിയും മൂളിയുമാണ് മീര മറുപടി കൊടുത്തത്.

ബുള്ളറ്റ് കാർപോർച്ചറിൽ നിർത്തും മുമ്പേ മീര ചാടിയിറങ്ങി വീട്ടിലേക്ക് കയറി. നേരെ മീനമ്മയെ ചെന്നു കണ്ടു. അതിനു ശേഷം നീരവിന്റെ മുറിയിലേക്ക് ചെന്നു.അവൻ നല്ല ഉറക്കം ആയിരുന്നു. അതിനാൽ മീര വായനയുടെ ലോകത്തിലേക്ക് ആഴ്ന്നിറങ്ങി.

“മീരേ…മീരമോളേ”

താഴെ നിന്ന് മീനമ്മയുടെ വിളിയാണ് അവളെ വായനയിൽ നിന്ന് ഉണർത്തിയത്.പുസ്തകം മടക്കി വെച്ചിട്ട് അവൾ വിളികേട്ടു.

“ദാ.. അമ്മേ വരുന്നൂ”

മീര ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിനു മുന്നിൽ മാധവനും നീരജും മീനമ്മയുമുണ്ട്.നീരജ കൂട്ടുകാരികളുടെ വീട്ടിൽ എവിടെയോ പോയിരുന്നു. ഇതുവരെ വന്നട്ടില്ല.

“മണി രണ്ടരയായി..ആർക്കും വിശപ്പില്ലേ”

മീനമ്മ മീരയെ കൂടി അവിടെ പിടിച്ചിരുത്തി.അവളുടെ കണ്ണുകൾ നിറഞ്ഞു. വീട്ടിൽ അമ്മക്കും തനിക്കും ഇതുവരെ സമാധാനമായി ഭക്ഷണം കഴിക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല.എല്ലാത്തിനും കാരണം അയാളാണ് ഭദ്രൻ…

മീരക്ക് എതിർവശത്താണ് നീരജ് ഇരുന്നത്.അതിനാൽ അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു. ഇടക്കിടെ മിഴികൾ കൂട്ടിമുട്ടുമ്പോൾ അവൾ കണ്ണുകൾ പിൻവലിക്കും.

കളി ചിരിയോടെ അവർ ഭക്ഷണം കഴിച്ചു തുടങ്ങി.. കഴിച്ചു പകുതി ആയില്ല അതിനു മുമ്പേ മുകളിലെ മുറിയിൽ നിന്ന് നീരവിന്റെ ഭ്രാന്തൻ അലർച്ച കേട്ടു.

“എടീ നീഹാരികേ നീ എവിടെ പോയി കിടക്കുവാടീ”

വേഗം ചെന്ന് കൈ കഴുകിയട്ട് മീരജ നീരവിന്റെ മുറിയിലേക്ക് ഓടിപ്പാഞ്ഞു ചെന്നു.

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6