Wednesday, December 18, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 2

എഴുത്തുകാരി: വാസുകി വസു


അച്ഛൻ ചൂടിലാണെന്ന് അറിഞ്ഞതോടെ അമ്മ അകത്തേക്ക് വലിഞ്ഞു.ഞാൻ അന്നേരത്തെ കലിപ്പിലാണ് ഒന്നും ആലോചിക്കാതെ അതൊ പറഞ്ഞത്.അച്ഛന്റെ ഭാവമാറ്റം കണ്ടതും അതൊന്നും വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിപ്പോയി…

“മീനൂസേ അച്ഛനോട് പറയെടീ എന്താണെന്ന്”

അച്ഛന്റെ ചോദ്യം കേട്ടൊരു നിമിഷം ഞാനൊന്ന് ആലോചിച്ചു. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അമ്മയുടെ കാര്യം പോക്കാണ്.അതിലുപരി ഏട്ടനു നൽകിയ വാക്ക് പൂർണ്ണമായിട്ടെ അല്ലെങ്കിലും കുറച്ചെങ്കിലും പാലിക്കണം…

“ഒന്നൂല്ല അച്ഛാ ഞാൻ അന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാണ്.. ഒന്നാമത് അമ്മക്ക് ഏട്ടനെ കലിപ്പ്..ഏട്ടനാണെങ്കിൽ അമ്മയോട് സ്നേഹവും.

നമുക്ക് രണ്ടു പേരെയും വേണം. ഏട്ടനെ കാണാൻ പോകാൻ അമ്മ തടസ്സം നിൽക്കുന്നതിനും എനിക്ക് പോകാനും ഇതേ മാർഗ്ഗമുള്ളൂ”

ഞാൻ പറയുന്നത് അച്ഛനു വിശ്വാസമായില്ലെന്ന് മുഖം കണ്ടപ്പോഴേ മനസ്സിലായി..പിന്നെ ഞാൻ അച്ഛനെ മൈൻഡ് ചെയ്യാതെ അകത്ത് കയറി…

അമ്മയെ മുറിയിലൊന്നും കണ്ടില്ല.അടുക്കളയിൽ ചെന്നപ്പോൾ അവിടെ നിന്ന് കണ്ണുനീർ പൊഴിക്കുന്നു.ഒന്നും പറയേണ്ടിയില്ലെന്ന് എനിക്ക് തോന്നിപ്പോയി…

മൊബൈലും വണ്ടിക്കൂലിക്കുമുളള പൈസയുമെടുത്ത് ഞാൻ ഇറങ്ങി. ബസ് സ്റ്റോപ്പിലേക്ക് പതിനഞ്ച് മിനിറ്റ് ദൂരം നടക്കാനുണ്ട്….

ചെമ്മൺ പാതയിലൂടെ ഇടത് ഭാഗം ചേർന്ന് ഞാൻ നടന്നു.ഏട്ടനെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്…

“പാവം ഏട്ടൻ ജാമ്യത്തിനു ഇറങ്ങാൻ പോലും കഴിഞ്ഞില്ല.ഓരോ തവണയും അച്ഛൻ ശ്രമിക്കുമ്പോഴും അമ്മ ഓരോ കാരണങ്ങൾ പറഞ്ഞത് മുടക്കും….

മഴ പെയ്തു റോഡിൽ പലയിടത്തും വെള്ളം തളം കെട്ടി നിൽപ്പുണ്ട്.ഞാൻ പതിയെ മുമ്പോട്ട് നടന്നു..പൊടുന്നനെ പിന്നിൽ നിന്നൊരു ജിപ്സി എന്റെ മേലാസകലം വെള്ളം തെറിപ്പിച്ച് കടന്ന് പോയത്.വണ്ടി ശബ്ദം കേട്ടു ഞാൻ ഓരോം ചേർന്ന് നിന്നെങ്കിലും മനപ്പൂർവം തന്നെയാണ് വെള്ളം തെറിപ്പിച്ചതെന്ന് എനിക്ക് മനസ്സിലായി….

മുന്നോട്ട് പോയ ജിപ്സി സഡൻ ബ്രേക്കിട്ടതു പോലെ നിന്നു.എന്നിട്ട് പതിയെ അത് റിവേഴ്സ് ഗിയറിൽ പിന്നോട്ട് എനിക്ക് സമീപമെത്തി….

ജിപ്സിയിൽ നിന്നും പുറത്തേക്കിറങ്ങിയ ആളെക്കണ്ടു ഞാൻ ഞെട്ടിപ്പോയി…..

നാട്ടിലെ പ്രമുഖ അബ്കാരി പ്രമാണി ജെയിംസിന്റെ മകൻ ആൽബിൻ..തനി വഷളനും പോക്കിരിയും…

എന്നെ നോക്കിയവനൊരു വഷളൻ ചിരി പാസാക്കി.എന്നിട്ട് അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി……

അവന്റെ നോട്ടം എന്റെ മാറിടത്തിലേക്കാണെന്ന് മനസ്സിലായതും സ്ഥാനം തെറ്റിക്കിടന്ന ഷാൾ വലിച്ചു ഞാൻ നേരെയിട്ടു…..

” പെണ്ണ് ആകെയങ്ങു വളർന്നു പോയല്ലോടീ”

എന്റെ വഴി വിലങ്ങി നിന്നാണ് അവന്റെ ചോദ്യം മുഴുവനും…

മറുപടി പറയാതിരുന്നാൽ പിന്നെയും ആൽബിൻ കൊത്തിക്കൊണ്ടിരിക്കും…

“എന്നതാ ആൽബിച്ചായാ ഞാൻ പിന്നെ മുരടിച്ചു നിൽക്കണോ?”

എടുത്തടിച്ചതു പോലെയുള്ള എന്റെ ചോദ്യം കേട്ടു അയാളൊന്ന് വിളറിപ്പോയി…

“മതിയെടീ അഹങ്കാരീ നിന്റെ തർക്കുത്തരം..വിളഞ്ഞു പാകമായെന്ന് കണ്ടാലറിയാം.നീ കൂടെപ്പോരുന്നോ വരുമ്പോൾ കുറച്ചു കാശുമായി മടങ്ങാം.പിന്നെ നിനക്ക് ആവശ്യമായാതെന്തും വാങ്ങിത്തരാം”

നാവുനൊട്ടി നുണഞ്ഞ ആൽബിന്റെ വർത്തമാനം കേട്ടെനിക്ക് മേലാസകലം പെരുത്ത് കയറി….

“നിന്റെ വീട്ടിലുണ്ടല്ലോടാ പഴുത്ത് പാകമായതൊരണ്ണം..മൊഞ്ചുളള ആണുങ്ങളെ കാണുമ്പോൾ ഇളകി അവരുടെ പുറത്ത് കയറുന്നയാ സാധനം.അവളെക്കൊണ്ടു പോയി വിലപേശടാ നീ..നല്ല വരുമാനമാകും”

“എന്തു പറഞ്ഞെടീ പന്ന നായിന്റെ മോളേ…”

അയാൾ എനിക്ക് നേരെ ചീറിക്കൊണ്ട് വന്നു…

“നിനക്ക് നൊന്തല്ലേ..അതുപോലെയാടാ എനിക്കും വേദനിക്കുന്നത്.എന്റെ ഏട്ടൻ ജയിലിൽ ആയതുകൊണ്ടല്ലേ നീയൊക്കെ തലപൊക്കുന്നത്.ഇല്ലെങ്കിൽ നീയൊന്നും എന്റെ നേരെ നിന്നിത് പറയാൻ കാണില്ലായിരുന്നു”

അത്രയും പറഞ്ഞപ്പോഴേക്കും സങ്കടത്താലെന്റെ തൊണ്ടയിടറിപ്പോയി….

“നിന്റെ ആങ്ങളയുണ്ടല്ലോ കർണ്ണൻ..അവനിനി പുറം ലോകം കാണില്ലെടീ നീ നോക്കിക്കോ.അവസരത്തിൽ നിന്നെ എന്റെ കയ്യിൽ കിട്ടും.അന്ന് ഞാൻ എടുത്തോളാം”

ഭീഷണി മുഴക്കി ആൽബിൻ ജിപ്സിയുമെടുത്ത് പോയി…

നാട്ടിലെ പാവപ്പെട്ട വീട്ടിലെ മാതാപിതാക്കളുടെ നെഞ്ചിലെ ഭീതിയാണ് ആൽബിൻ എന്ന പേര്. അവസരം കിട്ടിയാൽ അവൻ ഏതെങ്കിലും വീട്ടിൽ നുഴഞ്ഞു കയറും.അവിടുത്തെ പെൺകുട്ടികളുടെ മാനവും കവർന്നിരിക്കും…

എന്റെ പിന്നാലെ കുറെ ഒലിപ്പിച്ചു നടന്നതാണ് .ഏട്ടൻ ജയിലിൽ ആയതിനു ശേഷമാണ്. അല്ലെങ്കിൽ എന്റെ നിഴൽ വെട്ടത്ത് പോലും വരില്ല തെണ്ടി…

ജയിംസ് മുതലാളിയും ഭാര്യ ആലീസും പാവമാണ്…മക്കളായ ആൽബിനും അലീനയും എതിർ സ്വഭാവമാണ്. ആങ്ങളക്ക് പെങ്ങൾ പിറന്നാൽ ഇങ്ങനെയിരിക്കണം…

നനഞ്ഞു കുതിർന്ന വേഷത്തിൽ ഏട്ടനെ എങ്ങനെ കാണാൻ പോകുമെന്ന് ഞാൻ ചിന്തിച്ചു.വീട്ടിലേക്ക് തിരിച്ചു നടക്കാൻ ഒരുങ്ങിയതാണ് പിന്നിൽ നിന്നൊരു സ്കൂട്ടറിന്റെ ഹോൺ…..

ജാനകി ആക്റ്റീവയിൽ വരുന്നു..എന്നെ കണ്ടതും അവൾ എനിക്ക് മുന്നിൽ വണ്ടി നിർത്തി….

ഏട്ടൻ കർണ്ണന്റെ ലൈനാണ് ജാനകി..എന്റെ വരുംകാല നാത്തൂൻ…

“എന്തുപറ്റിയെടി സീതേ.റോഡിലാണോടീ ഇറങ്ങി കുളിക്കുന്നത്….

ചിരിയോടെയാണവൾ പറഞ്ഞത്…

” ഒരുത്തൻ ജിപ്സിയിൽ ചെളിവെളളം അടിച്ചു തെറുപ്പിച്ച് പോയതാണ്… ”

“ആരാടീ അവൻ..”..

” ആ ആൽബിൻ.. ജയിംസ് മുതലാളിയുടെ തലതെറിച്ച സന്തതി”

ആൽബിൻ എന്ന് കേട്ടതെ ജാനകിക്ക് പെരുത്ത് കയറി…

“നീ വാടീ നമുക്ക് അവന്റെ വീട്ടിൽ ചെന്ന് ചോദിക്കാം.നീ വണ്ടിയിൽ കയറെടീ”

എന്നെക്കാൾ കലിപ്പ് മോഡാണ് ജാനകി..കർണ്ണേട്ടന്റെ അതേ ചങ്കൂറ്റം…

ജാനകി ആരെയും കൂസാറില്ല.അവളുടെ അടുത്ത് ആരും ചീളു നമ്പർ ഇറക്കാറുമില്ല.മറുപടി ഓൺ ദ സ്പോട്ടിലാണ്…

ഒരിക്കൽ ജാനകിയുടെ കയ്യിൽ നരേന്ദ്രനെന്ന വഷളൻ കയറിപ്പിടിച്ചു.അവൾ ചെരിപ്പൂരി അവന്റെ കരണത്തൊന്ന് പൊട്ടിച്ചു.അതോടെ ജാനകി നാട്ടിൽ ഫേമസായി…

“ഡീ നിന്നോടാ വരാൻ പറഞ്ഞത്…”

“ഞാൻ ശരിക്കും ഡോസ് കൊടുത്തിട്ടുണ്ട്. അത് മതി…

” അത് പറ്റില്ല..നീ കയറിക്കോ ”

പിന്നെയൊന്നും ചിന്തിച്ചില്ല.ഞാൻ ജാനകിയുടെ ആക്റ്റീവയുടെ പിന്നിൽ കയറി…..

അവളാണെങ്കിൽ സ്കൂട്ടർ സ്പീഡിലാണ് വിട്ടത്.അത് ചെന്ന് നിന്നത് ജെയിംസ് മുതലാളിയുടെ വീട്ടിലും.മുറ്റത്ത് ജിപ്സിയും കാറും കിടപ്പുണ്ട്…

ആക്റ്റിഉവ സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് ജാനകി എന്നെയും കയ്യിൽ പിടിച്ചു ആ വലിയ വീട്ടിനകത്തേക്ക് ഇടിച്ചു കയറി. ഞങ്ങളുടെ വരവ് കണ്ടിട്ട് ഹാളിലിരുന്ന ജെയിംസ് മുതലാളിയും ആലീസ് അമ്മാമ്മയും അമ്പരന്നു…

“എന്നതാടി കൊച്ചുങ്ങളേ”

ആലീസ് അമ്മാമ്മ എഴുന്നേറ്റു വന്നു…

“അമ്മാമ്മയിത് കണ്ടോ”

എന്നെ ജാനകി അവർക്ക് മുമ്പിലേക്ക് നീക്കി നിർത്തി…

“ഇവിടത്തെ ആൽബിൽ ചെയ്ത പണിയാണ്.നിങ്ങളോടുളള ബഹുമാനത്താലാ പലതും ക്ഷമിക്കുന്നത്”

അവർ രണ്ടു പേരും വല്ലാതെയായി..ഹാളിലെ ശബ്ദം കേട്ടു അലീനയും ആൽബിനും ഇറങ്ങി വന്നു. ഞങ്ങളെ കണ്ടതും അവനൊന്ന് പരുങ്ങി….

“റോഡിലൂടെ വണ്ടി പോകുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും.റോഡൊന്നും നിന്റെ വകയല്ല”

അലീന ഞങ്ങൾക്ക് നേരെ ചീറി….

“ഇത് തന്നെയാടീ ഞങ്ങൾക്കും തിരികെ പറയാനുള്ളത്.. റോഡൊന്നും നിനക്കൊന്നും എഴുതി തന്നട്ടില്ലെന്ന്”

ജാനകിയുടെ ഒച്ചയിൽ അലീന പതറിപ്പോയി….

“മുതലാളി മക്കളെ നിലക്ക് നിർത്തിയില്ലെങ്കിൽ എന്തെങ്കിലും മക്കൾക്ക് സംഭവിച്ചാൽ ദുഖിച്ചിട്ട് കാര്യമില്ല.. ഇനിയിത് ആവർത്തിച്ചാൽ ഇതാകില്ല മറുപടി”

ജാനകിയുടെ ശബ്ദത്തിന് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു..ആൽബിനും ആലീസും പല്ല് ഞെരിക്കുന്നത് ഞങ്ങൾ കണ്ടു….

“വാടീ പോകാം”

ജാനകിയുടെ പിറകെ ഞാനും ഇറങ്ങി..സ്കൂട്ടറിൽ ഞങ്ങൾ കവലയിലെത്തി.അപ്പോൾ ഞങ്ങൾക്ക് പിന്നിൽ ആൽബിൻ ജിപ്സിയുമായി വന്ന് ഇടിച്ചു തെറുപ്പിച്ചത്.ഞങ്ങൾ ദൂരേക്ക് തെറിച്ചു വീണു.മണ്ണിലായതിനാൽ വലിയ പരിക്കു പറ്റിയില്ല…

ജിപ്സിയിൽ നിന്നും ആൽബിന്റെ കുറച്ചു ഫ്രണ്ട്സും അയാളും ചാടിയിറങ്ങി….

റോഡിലെ കവലയിൽ ആൾക്കാർ വട്ടം കൂടി.. എന്റെയും ജാനകിയുടെയും മുടിക്കുത്തിൽ അവർ കയറിപ്പിടിച്ചു.ഞങ്ങൾക്ക് അനങ്ങാൻ കഴിഞ്ഞില്ല…

“നീയൊക്കെ എന്റെ വീട്ടിൽ വന്ന് ഷോ കാണിക്കും അല്ലേടീ..പന്ന….”

“വായിലെ തെറി മുഴുവനും പറഞ്ഞിട്ടവൻ ജാനകിയുടെ സാരിത്തുമ്പിൽ പിടിച്ചു…

‘” ആൽബിയുടെ വീട്ടിൽ വന്നത് നിനക്കൊക്കെ ഓർത്തിരിക്കാനൊരു സമ്മാനം ”

ആൽബി ബലം പ്രയോഗിച്ച് ജാനകിയുടെ സാരി അഴിച്ചു മാറ്റി.. രണ്ടു കയ്യും കൊണ്ട് മാറിടം മറച്ചു പിടിച്ചു നിൽക്കുന്ന ജാനകിയെ കണ്ടു ഞാൻ കരഞ്ഞു…

ആൾക്കാർ കൂടി നിൽക്കുന്നതല്ലാതെ ആരും പ്രതികരിക്കുന്നില്ല..എല്ലാവർക്കും ആൽബിനെ ഭയമാണ്…

“ഓർത്തിരിക്കാൻ നിനക്കു ഉണ്ടെടീ സമ്മാനം”

ആൽബിൻ ബലമായി എന്റെ ചുണ്ടുകളിൽ ഉമ്മ വെക്കാനൊരുങ്ങി.ഞാൻ കുതറിയെങ്കിലും രക്ഷയില്ല…

അതേസമയം ഒരു പിക്കപ്പ് വാൻ പൊടി പറത്തി വന്ന് ഞങ്ങൾക്ക് സമീപം സഡൻ ബ്രേക്കിട്ടു നിന്നു…

അതിൽ നിന്നും ആറടി നീളമുള്ള, മുടിയൊക്കെ പറ്റെ വെട്ടി ഗൗരവക്കാരനായ ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.. അയാൾ നടന്ന് ഞങ്ങൾക്ക് അടുത്തെത്തി….

അയാൾ ധരിച്ചിരുന്ന ഷർട്ടൂരി ജാനകിക്ക് എറിഞ്ഞു കൊടുത്തു. ശീഘ്രത്തിൽ അവളത് ധരിച്ചു….

“ആൾബലമില്ലാത്താ പെൺകുട്ടികളോടാണോടാ ആൽബിൻ നീ ചങ്കൂറ്റം കാണിക്കുന്നത്. ആണാണെങ്കിൽ നേർക്ക് നേരെ വാടാ…

മീശയുടെ ഇരുവശവും മുകളിലേയ്ക്ക് പിരിച്ചുവെച്ചു അയാൾ….

” നീയാരാടാ വരുത്താ ഇതൊക്കെ ചോദിക്കാന്‍ ”

ആൽബിൻ പറഞ്ഞു തീർന്നില്ല.അതിനു മുമ്പേ കവിളടക്കം അടികൊണ്ടവൻ താഴേക്ക് വീണു പോയി….

“നിന്റെയൊക്കെ അന്തകൻ ….രാവണൻ…”

തെല്ലൊരു കൗതുകത്തോടെ ഞാനയാളെ സൂക്ഷിച്ചു നോക്കി…

ഇവിടെങ്ങും പരിചിതമായ മുഖമല്ല..പുറം നാട്ടുകാരനാണ്..ആരെയും കൂസാത്ത പ്രകൃതം‌‌.

“അയാൾ രാവണനല്ല കാലനാണെന്ന് എനിക്ക് തോന്നിപ്പോയി…

” തനി പോക്കിരി…ഇരട്ടച്ചങ്കൻ…

(“തുടരും)

ഇരട്ടച്ചങ്കൻ : ഭാഗം 1