Thursday, December 19, 2024
Novel

പ്രിയനുരാഗം – ഭാഗം 13

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


പ്രിയയെയും എടുത്തു ഗൗതം ഓഡിറ്റോറിയത്തിന്റെ പുറകുവശത്തെ ഡ്രെസ്സിങ് റൂമിലേക്ക് നടന്നു . ശിവാനിയും വേറെ കുറച്ചു പേരും അവന്റെ പിന്നാലെ വന്നു . ഗൗതം പ്രിയയെ അവിടെ ഒരു ചെയറിൽ ഇരുത്തി . അവൻ പ്രിയയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവളുടെകാൽപാദം പിടിച്ചു നോക്കി .പ്രിയ അവന്റെ പ്രവർത്തിയിൽ ആകെ അത്ഭുതപ്പെട്ടു ഇരിക്കുകയാണ് .

“ആ …. അമ്മേ ” പ്രിയ വേദനകൊണ്ട് നില വിളിച്ചു .

“വേദനയുണ്ടോ ?” അത് ചോദിക്കുമ്പോൾ പ്രിയയുടെ കണ്ണിലെ വേദനയേക്കാൾ കൂടുതൽ ഗൗതമിന്റെ കണ്ണിൽ ആയിരുന്നു .

ഗൗതമിന്റെ കണ്ണുകളിലേക്ക് നോക്കിയ പ്രിയക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല അവൾ യാന്ത്രികമായി അതെ എന്ന് തലയാട്ടി . കാർത്തിക് അപ്പോഴേക്കും ഐസ് കൊണ്ട് വന്നു . ഗൗതം അത് വാങ്ങി പ്രിയയുടെ കണ്ണങ്കാലിൽ വെച്ചു . പ്രിയ ഗൗതമിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു .

” പ്രിയ നമുക്കു ഹോസ്പിറ്റലിൽ പോകാം ” ശിവാനി പറഞ്ഞു . അവിടേക്ക് വന്ന അവരുടെ കോളേജിലെ സ്റ്റാഫ്‌സും അതെ അഭിപ്രായം പറഞ്ഞു .

പ്രിയ ഗൗതമിനെ നോക്കി . അവനും അവളോട് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു .

” ഗൗതം വീട്ടിൽ പോകാം . ഇത് ജസ്റ്റ് സ്പ്രൈൻ ആണ് . വീട്ടിൽ ചെന്ന് നോക്കിയിട്ട് ഹോസ്പിറ്റലിൽ പോയാൽ പോരെ ?” പ്രിയ ഗൗതമിനെ നോക്കി ചോദിച്ചു .

ശിവാനിയും ഗൗതമിന്റെ ഫ്രണ്ട്സും ഒഴികെ ചുറ്റും നിന്ന എല്ലാവരും ഗൗതമും പ്രിയയും തമ്മിൽ എന്താണ് ബന്ധം എന്ന ചിന്തയിൽ ആയിരുന്നു .

“നീ പറയുന്ന പോലെ ചെയ്‌യാം . വീട്ടിൽ പോയിട്ട് മതിയെങ്കിൽ അങ്ങനെ ” ഗൗതം അതും പറഞ്ഞു എഴുന്നേറ്റു നിന്നു .

“ഗൗതമിനു ഈ കുട്ടിയെ അറിയുമോ ?” കോളേജിലെ ഒരു പ്രൊഫസർ ചോദിച്ചു .

“യെസ് സർ . ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സ് ആണ് . ഞാൻ കൊണ്ട് പൊക്കോളാം .” ഗൗതം പറഞ്ഞു .

“പ്രിയ നിന്റെ കാർ ന്റെ കീ എവിടെ ?” ഗൗതം ചോദിച്ചു .
പ്രിയ അവളുടെ ബാഗിൽ നിന്നും കീ എടുത്ത് കൊടുത്തു . ഗൗതം കീ കിരണിനു കൊടുത്തിട്ട് പ്രിയയുടെ കാർ ഓഡിറ്റോറിയത്തിന്റെ അടുത്തേക്ക് കൊണ്ട് വരാൻ പറഞ്ഞു വിട്ടു .

ഗൗതവും ശിവാനിയും ഒഴികെ ബാക്കി എല്ലാവരും പ്രിയയുടെ അടുത്ത് നിന്നും പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് പോയി .

“നല്ല വേദന ഉണ്ടോ പ്രിയ . നീ ഹോസ്പിറ്റലിൽ പോയിട്ട് വീട്ടിൽ പോകുന്നതാവും നല്ലത് ” ശിവാനി പറഞ്ഞു .

“വേദനയുണ്ട് എന്തായാലും വീട്ടിൽ ചെന്നിട്ട് നോക്കാം ” പ്രിയ പറഞ്ഞു .

ഗൗതം കിരൺ വരുന്നുണ്ടോ എന്ന് നോക്കാൻ റൂമിൽ നിന്നും പുറത്തു ഇറങ്ങി നിൽക്കുവായിരുന്നു .കിരൺ വന്നതും ഗൗതം അകത്തേക്ക് വന്നു .

“പ്രിയ പോകാം . ? ” ഗൗതം ചോദിച്ചു .

പ്രിയ ശിവാനിയുടെ കയ്യ് പിടിച്ചു വലത്തെ കാൽ മാത്രം തറയിൽ അമർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ മറ്റേ കാലിന്റെ വേദന കാരണം അവൾക്ക് ബാലൻസ് ചെയ്‌യാൻ കഴിയാതെ വീഴാൻ പോയി . ഗൗതം വേഗം അവളെ താങ്ങി പിടിച്ചു . പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായിരുന്നില്ല . പ്രിയയെ എടുത്ത് പൊക്കി കാറിന്റെ അടുത്തേക്ക് നടന്നു .
പ്രിയ ഗൗതമിനെ നോക്കിയപ്പോൾ അവിടെ യാതൊരു ഭാവവ്യത്യാസവും ഇല്ല .
കിരൺ കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു കൊടുത്തതും ഗൗതം പ്രിയയെ അവിടെ ഇരുത്തി . ശിവാനി കൂടെ വരാം എന്ന് പറഞ്ഞെങ്കിലും പ്രിയ വേണ്ട എന്ന് പറഞ്ഞു . ഗൗതം കിരണിനോട് അവന്റെ ബൈക്ക് പിന്നെ വന്നു എടുത്തോളാം എന്ന് പറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു .

ഗൗതം കാർ എടുത്ത് മുന്നോട്ടു പോയി . പ്രിയക്ക് ഗൗതമിനോട് സംസാരിക്കണം എന്നുണ്ട് പക്ഷേ അവളെ വല്ലാത്തോരു ചമ്മൽ വന്നു പൊതിയുന്നത് അവളറിഞ്ഞു . പ്രിയ ഗൗതമിന്റെ മുഖത്തു നോക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു . കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഗൗതം ആണ് സംസാരിച്ചു തുടങ്ങിയത് .

“എന്റെ വീട്ടിലേക്ക് പോയാൽ മതിയോ . അവിടന്ന് അമ്മയെ കൂട്ടി പോകാം ഹോസ്പിറ്റലിൽ ” ഗൗതം പറഞ്ഞു .

“അമ്മേടെ അടുത്തേക്ക് ആണ് പോവേണ്ടത് . എന്റെ വീട്ടിൽ ആരും ഇല്ല്യ . ആന്റി നാട്ടിൽ പോയി . ” പ്രിയ ഗൗതമിനെ നോക്കി പറഞ്ഞു .

ഗൗതം പ്രിയയെ നോക്കിയതും പ്രിയക്ക് അവനെ ഫേസ് ചെയ്‌യാൻ എന്തോ ഒരു മടി തോന്നി .അവൾ നേരെ നോക്കിയിരുന്നു . വീട് എത്തുന്നവരെ രണ്ടു പേരും ഒന്നും സംസാരിച്ചില്ല .

സാവിത്രിയും ലക്ഷ്മിയും സിറ്ഔട്ടിൽ നിൽക്കുമ്പോൾ ആണ് പ്രിയയുടെ കാർ അങ്ങോട്ട് വരുന്നത് .വീട്ടിൽ എത്തിയതും ഗൗതം ഇറങ്ങി വന്നു പ്രിയയുടെ അടുത്തേക്ക് വന്നു കാറിന്റെ ഡോർ തുറന്നു കൊടുത്തു . അപ്പോഴേക്കും സാവിത്രിയും ലക്ഷ്മിയും അങ്ങോട്ടേക്ക് വന്നു .

“നിങ്ങൾ എന്താ ഇപ്പോൾ ? എന്താ കണ്ണാ ? ദേവു മോളെന്താ നിന്റെ കൂടെ ? “ സാവിത്രി വെപ്രാളത്തോടെ ചോദിച്ചു .

“അമ്മേ പ്രിയ ഒന്ന് വീണു . കാലിനു നല്ല വേദനയുണ്ട് . ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല .അമ്മ ഒന്നു നോക്കിക്കേ ” ഗൗതം പറഞ്ഞു

“മോള് കാലൊന്നു കാണിച്ചേ അമ്മ നോക്കട്ടെ ” സാവിത്രി പ്രിയയെ നോക്കി പറഞ്ഞു .

“ഉളുക്കിയതാണ് സാവിത്രി ചേച്ചി ” പ്രിയയുടെ കാലു കണ്ടിട്ട് ലക്ഷ്മി പറഞ്ഞു .

“എന്തെങ്കിലും ഓയിൽമെന്റ് ഇട്ടാൽ മാറും അമ്മേ . ഇപ്പോൾ വേദന ഉണ്ടെന്നേ ഉള്ളു .” പ്രിയയുടെ കാലിൽ പിടിച്ചു നോക്കുന്ന സാവിത്രിയെ നോക്കി പ്രിയ പറഞ്ഞു .

“മോൾക്ക് നല്ല വേദനയുണ്ട് മുഖം കണ്ടാൽ അറിയാം . നമുക്ക് എന്തായാലും ഹോസ്പിറ്റലിൽ പോകാം . ഞാൻ ഡ്രസ്സ് മാറി വരാം .” കാറിൽ ഇരിക്കുന്ന പ്രിയയുടെ തലയിൽ തലോടി കൊണ്ട് സാവിത്രി പറഞ്ഞു .

“അമ്മ വേഗം പോയി ഡ്രസ്സ് മാറി വായോ . ഹോസ്പിറ്റലിൽ പോകാം ” ഗൗതം ഹോസ്പിറ്റലിൽ പോവേണ്ട എന്ന് പറയാൻ തുടങ്ങിയ പ്രിയയെ നോക്കി പറഞ്ഞു .

സാവിത്രിയും ലക്ഷ്മിയും അകത്തേക്ക് പോയി . ഗൗതം പ്രിയയുടെ അടുത്തു തന്നെ നിന്നു .

“നിനക്ക് എന്താ ഹോസ്പിറ്റലിൽ പോകാൻ ഇത്ര മടി . സ്പ്രൈൻ അല്ലെങ്കിലോ ബോണിന് ഒന്നും പറ്റിയില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ . നോക്ക് കാല് വീർത്തിരിക്കുന്നത് .” ഗൗതം കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .

“അത് .. പിന്നെ …എനിക്ക് പേടിയാണ് ” പ്രിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

“എന്ത് പേടി ? പേടിക്കാൻ എന്താ ?!” ഗൗതം സംശയത്തോടെ ചോദിച്ചു .

“അത് .. കളിയാക്കരുത് .. എനിക്ക് സൂചി പേടിയാ . ഇൻജെക്ഷൻ തന്നാലൊന്ന് പേടിച്ചിട്ടാണ് .” പ്രിയ ഗൗതമിന്റെ മുഖത്തു നോക്കാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ പറഞ്ഞു .

അത് കേട്ടതും ഇത്രയും നേരം ഗൗരവത്തിലും വിഷമത്തിലും സംസാരിച്ചു കൊണ്ട് നിന്ന ഗൗതം ചിരിക്കാൻ തുടങ്ങി .

“ചിരിക്കണ്ട .. ” പ്രിയ പരിഭവം നടിച്ചു പറഞ്ഞു .

“ഇത്രയും വല്യ വീരശൂര പരാക്രമിയായ നിനക്കു സൂചി പേടിയോ .. നീ വല്യ ബ്ലാക്ക് ബെൽറ്റ് ഒക്കെ അല്ലെ !! ” ഗൗതം ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞു .

“കളിയാക്കണ്ട ട്ടോ ” പ്രിയ മുഖം വീർപ്പിച്ചു .

“ആ …. അമ്മേ ” പ്രിയ പെട്ടന്ന് നിലവിളിച്ചു .

“എന്താ പ്രിയ വേദനിക്കുന്നുണ്ടോ ” ചിരിച്ചു കൊണ്ടിരുന്ന ഗൗതം പ്രിയയുടെ അടുത്തേക്ക് വന്നു വെപ്രാളപ്പെട്ട് ചോദിച്ചു .

“അത് കാലു ഓർക്കാതെ തട്ടി പോയി ” പ്രിയ പറഞ്ഞു .

“ശ്രദ്ധിച്ചു ഇരിക്ക് . ബാക്ക് സീറ്റിൽ കാലു നീട്ടി ഇരിക്കണോ ?” ഗൗതം ചോദിച്ചു .

“വേണ്ട കുഴപ്പല്യ ” പ്രിയ പറഞ്ഞു .

“ഇത്രേം വേദന ഉണ്ടായിട്ടാണ് ഹോസ്പിറ്റലിൽ പോകണ്ട എന്ന് പറഞ്ഞത് ” ഗൗതം പ്രിയയെ കൂർപ്പിച്ചു നോക്കി .

അപ്പോഴേക്കും സാവിത്രി വന്നു . അവരു മൂന്ന് പേരും കൂടെ ഹോസ്പിറ്റലിലേക്ക് പോയി .ഗൗതം കാർ നിർത്തി പുറത്തിറങ്ങി . ഹോസ്പിറ്റൽ സ്റ്റാഫിനോട് പറഞ്ഞു ഒരു വീൽ ചെയർ കൊണ്ട് വന്നു . അപ്പോഴേക്കും സാവിത്രി പുറത്തിറങ്ങിയിരുന്നു . പ്രിയ സാവിത്രിയുടെ കൈ പിടിച്ചു വീൽ ചെയറിലേക്ക് ഇരുന്നു .

ഡോക്ടറുടെ കോൺസൾറ്റഷൻ റൂമിൽ പ്രിയയോടൊപ്പം സാവിത്രി ആണ് പോയത് . കുറച്ചു കഴിഞ്ഞു സാവിത്രി ഇറങ്ങി വന്നു .

“എന്താ അമ്മേ പറഞ്ഞത് ?” ഗൗതം സാവിത്രിയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു .

“ഉളുക്കിയതാണ് . റസ്റ്റ് എടുക്കാൻ പറഞ്ഞു . അത് ശെരിയാക്കി ബാന്റേജ് ഇടുകയാ . ഇന്ന് കാല് നിലത്തു ഒട്ടും ചവിട്ടരുത് എന്ന് പറഞ്ഞു . രണ്ടോ മൂന്നോ ദിവസത്തിൽ റെഡി ആവും എന്ന പറഞ്ഞത് .” സാവിത്രി പറഞ്ഞു .അത് കേട്ടതും ഗൗതമിന്റെ മുഖത്തു ഒരു ആശ്വാസം തെളിഞ്ഞു .

കുറച്ചു കഴിഞ്ഞതും പ്രിയയെയും കൊണ്ട് അറ്റൻഡർ പുറത്തേക്ക് വന്നു . ഗൗതം ഹോസ്പിറ്റലിലെ ബില്ല് അടച്ചു മെഡിസിൻസ് ഒക്കെ വാങ്ങി വന്നു .അവരു തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയത്ത് മുഴുവൻ പ്രിയ ആലോചിച്ചത് ഗൗതമിനെ കുറിച്ചായിരുന്നു . അവളുടെ മുഖത്തു വേദന മാറി പുഞ്ചിരി സ്ഥാനം പിടിച്ചു .

അവര് വീട്ടിൽ എത്തിയതും അവർക്ക് പിന്നാലെ കിച്ചുവും അങ്ങോട്ട് വന്നു . കിച്ചു വന്നു കാര്യങ്ങളൊക്കെ പ്രിയയോട് ചോദിച്ചു .ഗൗതം കാറിൽ നിന്ന് ഇറങ്ങി വന്നു .പ്രിയ സാവിത്രിയുടെ കൈ പിടിച്ചു കാറിൽ നിന്നും ഇറങ്ങി അവരുടെ തോളിൽ കൈ ഇട്ടു ഒരു കാലു മാത്രം നിലത്ത് കുത്തി നടന്നു . പ്രിയയെ താഴത്തെ നിലയിലെ തന്നെ ഒരു റൂമിൽ കൊണ്ട് പോയി കിടത്തി . സാവിത്രി അവൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാനായി പോയി . ഗൗതമിനു പ്രിയയോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ കിച്ചു അവളോട് ഡീറ്റൈൽ ആയി കാര്യങ്ങൾ ചോദിച്ചു അറിയുകയാണ് . കാര്യങ്ങൾ എല്ലാം പറഞ്ഞെങ്കിലും ഗൗതം അവളെ എടുത്ത് കൊണ്ട് പോയ കാര്യം മാത്രം അവിടെ ആരോടും പറഞ്ഞില്ല . ഗൗതം കുറച്ചു നേരം അവിടെ താളം ചവിട്ടി നിന്നെങ്കിലും കിച്ചു അവിടെ നിന്നും പോകുന്ന ലക്ഷണം ഇല്ല എന്ന് കണ്ടത് കൊണ്ട് അവൻ ഫ്രഷ് ആവാൻ റൂമിലേക്ക് പോയി .

ഫ്രഷ് ആയി താഴേക്ക് വന്ന ഗൗതം പ്രിയയുടെ റൂമിന്റെ അടുത്തേക്ക് വന്നതും സാവിത്രി അങ്ങോട്ട് വന്നു . ഗൗതം നിന്ന് പരുങ്ങാൻ തുടങ്ങി .

“എന്താ കണ്ണാ .. നിനക്കു ലഞ്ച് വേണ്ടേ ഒന്നും കഴിച്ചില്ലലോ . സമയം ഒരുപാട് ആയി ” സാവിത്രി പറഞ്ഞു .

“ആ അമ്മേ കഴിക്കാം” ഗൗതം പറഞ്ഞതും സാവിത്രി അവനോട് വരാൻ പറഞ്ഞിട്ട് ഡൈനിങ്ങ് ഹാളിലേക്ക് നടന്നു . ഗൗതം വന്നു ഇരുന്നു .ഗൗതം പ്രിയയെ കുറിച്ച് എങ്ങനെ ചോദിക്കും എന്ന ആലോചനയിൽ ആയിരുന്നു . അപ്പോഴാണ് കിച്ചു അങ്ങോട്ട് വന്നത് .

“അമ്മേ .. അമ്മ കഴിച്ചോ ?” ഗൗതം ചോദിച്ചു .

“ഇല്ല്യ കഴിക്കണം . ഞാൻ ദേവു മോൾക്ക് ഭക്ഷണം കൊടുത്തു മെഡിസിൻസ് എടുത്ത് കൊടുത്തു വന്നതേ ഉള്ളു . മെഡിസിൻ കഴിച്ചത് കൊണ്ടാവും മോള് ഉറങ്ങി .”

ഗൗതം ഒന്നും പറഞ്ഞില്ല . പ്രിയയെ കുറിച്ചു ചോദിക്കാതെ തന്നെ അറിഞ്ഞപ്പോൾ ഗൗതമിനു സമാധാനമായി . പക്ഷെ ഗൗതമിന്റെ മുഖത്തെ ഭാവങ്ങൾ നോക്കി അവിടെ ഇരിക്കുന്ന കിച്ചുവിനെ അവൻ ശ്രദ്ധിച്ചില്ല . ഗൗതവും സാവിത്രിയും ഭക്ഷണം കഴിച്ചു .

കുറച്ചു നേരം കഴിഞ്ഞപ്പോൾ കൃഷ്ണൻ വന്നു . കൃഷ്ണൻ അപ്പോഴാണ് പ്രിയയുടെ കാര്യങ്ങൾ അറിഞ്ഞത് . കൃഷ്ണൻ റൂമിലേക്ക് ചെല്ലുമ്പോഴും പ്രിയ ഉറങ്ങുകയായിരുന്നു . കൃഷ്ണൻ തിരിച്ചു പോയി .

വൈകീട്ട് സാവിത്രി റൂമിലേക്ക് ചെന്നപ്പോൾ പ്രിയ എഴുന്നേറ്റിരുന്നു . സാവിത്രി അവളെ റസ്റ്റ് റൂമിലേക്ക് പോകാൻ സഹായിച്ചു . പ്രിയ ഫ്രഷ് ആയി വന്നു . പ്രിയയുടെ ശബ്ദം റൂമിൽ നിന്നും കേൾക്കാൻ തുടങ്ങിയതും ഗൗതം റൂമിന്റെ മുന്നിലൂടെ രണ്ടു റൗണ്ട് നടന്നു . മൂന്നാമത്തെ റൗണ്ട് നടക്കാൻ തുടങ്ങിയതും കിച്ചു അങ്ങോട്ട് വന്നു . കിച്ചു ഇതൊക്കെ മാറി നിന്ന് കാണുന്നുണ്ടായിരുന്നു .

“നീ എന്താ ദേവു ചേച്ചിന്റെ റൂമിനു മുന്നിലൂടെ നടക്കുന്നെ ?” കിച്ചു കള്ളം പിടിക്കാൻ പോവുന്ന വിജയിയെ പോലെ ചോദിച്ചു . കിച്ചുവിന്റെ ശബ്ദം കേട്ടതും പ്രിയയും സാവിത്രിയും വാതിൽക്കലേക്ക് നോക്കി .

“അത്… ഞാൻ … അമ്മയെ വിളിക്കാൻ ” ഗൗതം തപ്പി തപ്പി പറഞ്ഞു .

“അമ്മയെ ഇപ്പോൾ എന്തിനാ വിളിക്കുന്നെ ?!” കിച്ചു പുരികം പൊക്കിക്കൊണ്ട് ചോദിച്ചു .

“അത് .. പിന്നെ …ജ്യൂസ് …അല്ല കോഫി കുടിക്കാൻ ടൈം ആയല്ലോ . അമ്മ കോഫി ഉണ്ടാക്കിയോന്ന് അറിയാൻ .” ഗൗതം തടിതപ്പാൻ വേണ്ടി പറഞ്ഞു .

“അത് നിനക്കു അങ്ങ് ചോദിച്ചാൽ പോരെ ഇങ്ങനെ നടക്കണോ ” കിച്ചു വിടാൻ ഉദ്ദേശം ഇല്ല എന്ന മട്ടിൽ ചോദിച്ചു .

” ഞാൻ ചുമ്മാ നടന്നെന്നെ ഉള്ളു . അമ്മേ കോഫി .. ഞാൻ കിരണിനെ ഒന്ന് വിളിച്ചിട്ട് വരാം . എന്റെ ബൈക്ക് കോളേജിൽ നിന്നും കൊണ്ട് വന്നു തരാൻ പറയണം .” സാവിത്രിയെ നോക്കി പറഞ്ഞിട്ട് ഗൗതം പുറത്തേക്ക് നടന്നു .

കിച്ചു സാവിത്രിയെ നോക്കി ചിരിച്ചു . പ്രിയ എന്താ ഇപ്പൊൾ കഥ എന്ന് മനസിലാവാതെ ഇരിക്കുകയാണ് .

“മോള് ഇവിടെ കിടക്കുട്ടോ . ഞാൻ പോയി കോഫി ഇട്ടിട്ട് വരാം . കോഫി ഉണ്ടാക്കിയിട്ട് അമ്മ ഇങ്ങോട്ട് കൊണ്ട് വരാം .” സാവിത്രി പറഞ്ഞു .

“അമ്മേ ഞാൻ അങ്ങോട്ട് വന്നോളാം . ഒറ്റക്ക് ഈ റൂമിൽ ഇരിക്കാൻ ബോർ ആവുന്നു ” പ്രിയ പറഞ്ഞു .

” ശെരി അമ്മ വന്നിട്ട് മോളെ ഡൈനിങ്ങ് ഹാളിലേക്ക് കൊണ്ട് പോവാം ” സാവിത്രി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി . അപ്പോഴാണ് കിച്ചുവും കൃഷ്ണനും അങ്ങോട്ട് വന്നത് . അവര് രണ്ടുപേരും പ്രിയയോട് സംസാരിച്ചു കൊണ്ട് ഇരുന്നു .പുറത്തു നിൽക്കുന്ന ഗൗതം അവരുടെ സംസാരം കേട്ട് അങ്ങോട്ട് പോകാൻ ഒരു വഴിയും ഇല്ലാതെ നിൽക്കുകയായിരുന്നു .

‘കിച്ചുവിന് എന്തോ സംശയം ഉണ്ട് . ഇങ്ങനെ എന്തേലും കണ്ടു പിടിക്കുന്നതിനു കാഞ്ഞ ബുദ്ധിയാണ് അവനു . ഒരു ഉറപ്പില്ലാതെ പിടി കൊടുക്കാൻ പറ്റില്ല ‘ ഗൗതം മനസ്സിൽ പറഞ്ഞു .

കോഫി ടേബിളിൽ വെച്ച ശേഷം സാവിത്രി പോയി പ്രിയയെ അങ്ങോട്ട് കൂട്ടി കൊണ്ട് വന്നു . എല്ലാവരും ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരുന്നു . പ്രിയക്ക് എതിർ വശത്തായിരുന്നു ഗൗതം ഇരുന്നത് . പ്രിയ അവനെ നോക്കിയപ്പോൾ ഗൗതം ഒരു നിറഞ്ഞ പുഞ്ചിരി അവൾക്ക് സമ്മാനിച്ചു . പ്രിയക്ക് ഗൗതമിന്റെ ആ പുഞ്ചിരി ഒട്ടും പരിചിതമായിരുന്നില്ല . അവൾക്ക് ഒരുപാട് സന്തോഷം തോന്നി അവളും ചിരിച്ചു .ഗൗതം എല്ലാവരെയും ഒന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ശബ്ദം ഇല്ലാതെ ചുണ്ടനക്കി പ്രിയയെ നോക്കി വേദനയുണ്ടോ എന്ന് ചോദിച്ചു . പ്രിയ ഇല്ലെന്നു തലയാട്ടി . ഗൗതം വീണ്ടും ചിരിച്ചു .അവര് കോഫി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് പുറത്തു ബൈക്കിന്റെ ശബ്ദം കേൾക്കുന്നത് . കിരണും കാർത്തിക്കും ഗൗതമിന്റെ ബൈക്ക് കൊണ്ട് വന്നു കൊടുക്കാൻ വന്നതായിരുന്നു . ഗൗതം അവരെ വിളിച്ചു അകത്തേക്ക് വന്നു . പ്രിയയെ കണ്ടു രണ്ടു പേരും ചിരിച്ചു.

“പ്രിയ ഹോസ്പിറ്റലിൽ പോയോ ?” കിരൺ ചോദിച്ചു .

“പോയി കിരണേട്ടാ . സ്പ്രൈൻ ആണ് . ബാന്റേജ് ഇട്ടിട്ടുണ്ട് . ഇന്ന് കാലു നിലത്തു വെക്കേണ്ട എന്ന് പറഞ്ഞു .” പ്രിയ അവരെ നോക്കി പറഞ്ഞു .

“പെട്ടന്ന് ശെരിയാവില്ലേ ” കാർത്തിക്ക് ചോദിച്ചു .

“രണ്ടോ മൂന്നോ ദിവസം എന്നാണ് ഡോക്ടർ പറഞ്ഞത് ” പ്രിയ പറഞ്ഞു .

“മക്കൾ ഇരിക്ക് കോഫി കുടിക്കാം ” സാവിത്രി പറഞ്ഞു .

“കോഫി മാത്രം പോരാ .. രാത്രി ഫുഡും കഴിച്ചിട്ടേ പോവുന്നുള്ളു .” കിരൺ പറഞ്ഞു .

“അത് സ്ഥിരം അല്ലെ പിന്നെ നീ ഒക്കെ എന്തിനാ പറയുന്നത് .. ഇരുന്നു കോഫി കുടിക്കെടാ ” ഗൗതം പറഞ്ഞു .

എല്ലാവരും ഒരുമിച്ചു കോഫി കുടിക്കുകയായിരുന്നു .

“പ്രിയക്ക് കോളേജിൽ ഫാൻസ്‌ പിന്നേം കൂടിട്ടുണ്ടാവും . കരാട്ടെ മാത്രമല്ല പല വിദ്യകളും കയ്യിൽ ഉണ്ടല്ലേ . ” കാർത്തിക്ക് പറഞ്ഞു . അത് കേട്ട് പ്രിയ ചിരിച്ചു .

“അതെ .. പൊളി ഡാൻസ് ആയിരുന്നുട്ടോ പെങ്ങളെ .അല്ലേ ഗൗതം “കിരൺ ഗൗതമിന്റെ മുഖത്തു നോക്കി പറഞ്ഞു . എല്ലാവരും ഗൗതമിനെ നോക്കി .

” ആ .. വല്യ കൊഴപ്പം ഇല്ല ” ഗൗതം പറഞ്ഞത് കേട്ടതും പ്രിയയുടെ മുഖം മങ്ങി .

“വീഡിയോ ഉണ്ടോ ” കിച്ചു ചോദിച്ചു .

“ഞങ്ങളൊക്കെ സ്റ്റേജിന്റെ സൈഡിൽ ആയിരുന്നെടാ അതോണ്ട് എടുക്കാൻ പറ്റിയില്ല . എന്തായാലും വേറെ ആരെങ്കിലും എടുത്തിട്ടുണ്ടാവും . അതിലും വല്യ പെർഫോമൻസ് അതിനു ശേഷം നടന്നിരുന്നല്ലോ ! അതിന്റെ ഒക്കെ ഫോട്ടോസ് കോളേജ് മൊത്തം വൈറൽ ആണ് ” കാർത്തിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു .ഗൗതമിന്റെയും പ്രിയയുടെയും മുഖത്ത് ഞെട്ടൽ തെളിഞ്ഞു .

“അതെന്താ അതിലും വല്യ പെർഫോമൻസ് ” കൃഷ്ണൻ ചോദിച്ചു .

“നിങ്ങളറിഞ്ഞില്ലേ .. ഗൗതം ആണ് പ്രിയയെ സ്റ്റേജിൽ നിന്നും എടുത്ത് കൊണ്ട് പുറത്തേക്ക് നടന്നത് . രണ്ടു പേർക്കും കോളേജിൽ ഭയങ്കര ഫാൻസ്‌ ആണല്ലോ . അവർക്കൊക്കെ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടാകും ” കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു .

“കണ്ണൻ ചേച്ചിയെ എടുത്തെന്നോ ?!!!” കിച്ചു കണ്ണും തള്ളി ചോദിച്ചു .

ഗൗതമിന്റെ മുഖത്ത് ഒരു തരം നിർവികാരത ആയിരുന്നു . പ്രിയയാണേൽ കരയണോ ചിരിക്കണോ എന്ന ഭാവത്തിലും . നേരത്തെ എല്ലാവരും ചോദിച്ചപ്പോൾ ഗൗതം ആണ് എടുത്ത് കൊണ്ട് പോയത് എന്ന് പറയാതിരുന്നത് കൊണ്ട് അവരൊക്കെ എന്തെങ്കിലും വിചാരിക്കുമോ എന്ന ടെൻഷൻ ആയിരുന്നു പ്രിയക്ക് .

“ദേ നോക്ക് .. ഫോട്ടോ കണ്ടോ ..ആരോ എടുത്തത്‌ ആണ് .”കാർത്തിക്ക് അവന്റെ ഫോണിൽ പ്രിയയെ കോരി എടുത്ത് നടന്നു വരുന്ന ഗൗതമിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു .
സാവിത്രിയും കൃഷ്ണനും കിച്ചുവും മാറി മാറി ഫോട്ടോ നോക്കി .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12