പ്രിയനുരാഗം – ഭാഗം 12
നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്
നിറഞ്ഞ പുഞ്ചിരിയോടെ ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ സാവിത്രി പ്രിയയെ കാത്ത് സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു . പ്രിയ ആദ്യം നോക്കിയത് ഗൗതമിന്റെ ബൈക്ക് ആണ് . അത് അവിടെ കാണാതെ വന്നപ്പോൾ അവൾക്ക് നിരാശ തോന്നി . അവളുടെ പുഞ്ചിരിയും മാഞ്ഞു .
” എന്താ ദേവു അവിടെ തന്നെ നിൽക്കുന്നെ . ? കേറി വായോ ” സാവിത്രി പറഞ്ഞു .
“ഒന്നൂല്യ അമ്മേ ഞാൻ വരുവാണ് ” പ്രിയ അതും പറഞ്ഞു സാവിത്രിയുടെ അടുത്തേക്ക് ചെന്നു .
വീടിനകത്തേക്ക് കടന്നു ലിവിങ് റൂമിൽ സാവിത്രിയോട് ഒപ്പം ഇരിക്കുമ്പോഴും പ്രിയയുടെ കണ്ണുകൾ ഗൗതമിനെ തിരയുകയായിരുന്നു .
സാവിത്രി പ്രിയയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷേ അവൾ ഗൗതം വന്നോ എന്ന് സാവിത്രിയോട് ചോദിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു .
പിന്നെ എന്തായാലും ചോദിക്കാൻ തന്നെ തീരുമാനിച്ചു .
” അമ്മേ കിച്ചുവും ഗൗതവും ഒന്നും വന്നില്ലേ ” പ്രിയ ഒരു വിധം ചോദിച്ചു .
” ഇതുവരെ രണ്ടാളും വന്നിട്ടില്ല . കണ്ണൻ പിന്നെ ഇന്ന് ലേറ്റ് ആയിട്ടേ വരൂ എന്ന് വിളിച്ചു പറഞ്ഞിരുന്നു . കിച്ചു ഒന്നും പറഞ്ഞില്ല . ” സാവിത്രി പറഞ്ഞു .
“അതെയോ .. ” പ്രിയ നിരാശ മറച്ചു വെച്ചുകൊണ്ട് പറഞ്ഞു .
” മോൾക്ക് കോഫി ആണോ ചായ ആണോ വേണ്ടേ ” സാവിത്രി ചോദിച്ചു .
“കോഫി മതി അമ്മേ . ഞാനും വരാം ” അവർ രണ്ടു പേരും കിച്ചണിലേക്ക് പോയി .
‘ അപ്പോൾ ഇന്ന് ഗൗതമിനെ കാണാൻ പറ്റില്ലേ . ഞാൻ പോവുന്നതിനു മുൻപ് വന്നാൽ മതിയായിരുന്നു . ‘ പ്രിയ മനസ്സിൽ പറഞ്ഞു .
“മോളെന്താ ആലോചിക്കുന്നേ . വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാണ് ഞാൻ . കോളേജിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടോ ? ” സാവിത്രി ചോദിച്ചു .
“ഒന്നും ഇല്ല്യ അമ്മേ . ആ പിന്നെ മറ്റന്നാൾ രാധു ആന്റി നാട്ടിൽ പോവും . ആന്റിയുടെ അമ്മയെ ഹോസ്പിറ്റലിൽ സാറ്റർഡേ ആണ് കാണിക്കേണ്ടത് . ” പ്രിയ പറഞ്ഞു .
“ആണോ .. എന്നാൽ മോള് രാധികയോട് തിങ്കളാഴ്ച വന്നാൽ മതിയെന്ന് പറഞ്ഞോളൂ . അത് വരെ മോൾക്ക് ഇവിടെ നിൽക്കാലോ .
ഇതിപ്പോ ക്ലാസ് തുടങ്ങിയതിൽ പിന്നെ കുറച്ചു നേരമല്ലേ മോള് വീട്ടിൽ വരൂ . മറ്റന്നാൾ ക്ലാസ് കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നാൽ മതി കേട്ടോ .” സാവിത്രി സന്തോഷത്തോടെ പറഞ്ഞു .
“ശെരി സാവിത്രിക്കുട്ടി ഞാൻ ആന്റിയോട് പറയാം ” പ്രിയ പറഞ്ഞു .
അവര് രണ്ടുപേരും കോഫി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത് . ഗൗതം ആയിരിക്കും എന്ന സന്തോഷത്തിൽ പ്രിയ വേഗം വാതിൽ തുറക്കാൻ പോയി.
“ഹലോ ദേവൂ ചേച്ചി . നേരത്തെ വന്നോ ” കിച്ചു ആണ് .
“ആ കുറച്ചു നേരായി ” ഗൗതം അല്ല എന്നുള്ള നിരാശ മുഖത്തു കാണാതിരിക്കാൻ പ്രിയ കഷ്ട്ടപെട്ടു ചിരിച്ചു .
“ചിരിക്ക് എന്താ വോൾടേജ് പോരല്ലോ . എനി പ്രോബ്ലെംസ് ?! ഞാൻ ഇടപെടണോ ” കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു ..
“ഈഈഈഈ ” പ്രിയ കിച്ചുവിനെ നോക്കി ഇളിച്ചു കാണിച്ചു .
“ഇത്രേം വോൾടേജ് മതിയോ ” പ്രിയ ചോദിച്ചു .
“വട്ടാണല്ലേ ?!” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .
“വട്ടു നിന്റെ മറ്റവൾക്ക് ” പ്രിയ പറഞ്ഞു .
“അതിനു സ്വന്തമായി ഒന്ന് വേണ്ടേ . ” കിച്ചു കരയുന്ന പോലെ അഭിനയിച്ചു പറഞ്ഞു .
“സാരല്ല്യ അനിയാ നമുക്കൊന്ന് സെറ്റ് ആക്കാം .ഞാനുണ്ട് നിന്റെ കൂടെ ” പ്രിയ കിച്ചുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു .
” എനിക്ക് അതിനു മുൻപ് വേറൊരു ലൈൻ സെറ്റ് ആകാനുണ്ട് ” കിച്ചു അതും പറഞ്ഞു ചിരിച്ചു .
“അതേത് ലൈൻ ” പ്രിയ ചോദിച്ചു .
“ലാൻഡ് ലൈൻ ” കിച്ചു പറഞ്ഞു .
“ഓഹ് കട്ട ചളി . എന്തോന്നടെ നന്നായിക്കൂടെ ” പ്രിയ അവനെ കളിയാക്കി ചോദിച്ചു .
“ഹിഹിഹി “കിച്ചു അവളെ നോക്കി ഇളിച്ചു .
“കിച്ചുട്ടാ പോയി കുളിച്ചു വാ കോഫി തരാം ” സാവിത്രി ഡൈനിങ്ങ് ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു .
“എന്നാൽ ഞാൻ പോയി വരാം .ഇവിടൊക്കെ തന്നെ കാണുലോ അല്ലെ ” കിച്ചു പ്രിയയോട് പറഞ്ഞു .
“പോയി കുളിച്ചിട്ട് വാടാ ” പ്രിയ പറഞ്ഞു .
കിച്ചു കുളി കഴിഞ്ഞു വന്നപ്പോഴേക്കും കൃഷ്ണനും വന്നിരുന്നു . അവര് നാല് പേരും ഒരുപാട് നേരം സംസാരിച്ചിരുന്നു .
അവര് സംസാരിക്കുമ്പോഴും പ്രിയ ഗൗതം വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയായിരുന്നു .
സന്ധ്യയായി തുടങ്ങിയപ്പോൾ പ്രിയ പിന്നെ വീട്ടിലേക്ക് പോയി . പ്രിയ മറ്റന്നാൾ വീട്ടിൽ നില്ക്കാൻ വരും എന്നറിഞ്ഞതും കിച്ചു പല പ്ലാനുകളും റെഡി ആക്കാൻ തുടങ്ങി .!
ഗൗതം ഒരുപാട് ലേറ്റ് ആയാണ് അന്ന് വീട്ടിൽ വന്നത് . ഫ്രൈഡേ ഫ്രഷേഴ്‌സ് ഡേ ആയത്കൊണ്ട് അവൻ അതിന്റെ തിരക്കിൽ ആയിരുന്നു .
പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയ പ്രിയ ഗൗതമിനെ ഒരുപാട് തിരഞ്ഞു പക്ഷെ നാളത്തെ പ്രോഗ്രാംസിന്റെ തിരക്കിൽ ആയിരുന്നു ഗൗതം . അവനും പ്രിയയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല .
ശിവാനിയോട് പ്രിയ ഗൗതമിന്റെ ഫ്രണ്ട്‌സ് പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു .
” ചിലപ്പോൾ ഇത് പറയാൻ ആവും ഗൗതം ചേട്ടൻ ഇന്നലെ വന്നത് . നീ ആണേൽ ദേഷ്യപ്പെട്ടു വന്നില്ലേ ” ശിവാനി പറഞ്ഞു .
“അതൊന്നും അറിയില്ല ശിവാ . എനിക്ക് എന്തായാലും ഒരു സോറി പറയണം . ഞാൻ ഇന്നലെ അത്രക്ക് ഓവർ ആക്കണ്ടയിരുന്നു . ” പ്രിയ പറഞ്ഞു .
“അതൊന്നും കുഴപ്പം ഇല്ലെടി ഗൗതം ചേട്ടൻ നിന്നോട് ജാഡ ഇട്ടത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ വെറും സാമ്പിൾ . എന്നാലും നീ ഒന്ന് സംസാരിച്ചേക്ക് . നിന്നെ കുറിച്ച് അവര് പറഞ്ഞ ദേഷ്യത്തിൽ ആണല്ലോ കയ്യൊക്കെ പണിയാക്കി വെച്ചത് . ഇപ്പോൾ ശെരിയായോ കൈ ?” ശിവാനി പറഞ്ഞു .
“അതിനു ഞാൻ പിന്നെ കണ്ടില്ലല്ലോ . ഇന്ന് കോളേജിലും കണ്ടില്ല .” പ്രിയ പറഞ്ഞു .
“ഗൗതം ചേട്ടനാണ് നാളത്തെ നമ്മുടെ ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാമിന്റെ ഫുൾ ഇൻ ചാർജ് . ഇന്നലെ ഹോസ്റ്റലിൽ നമ്മുടെ സീനിയർ ചേച്ചിമാരു പറയുന്നത് കേട്ടു .
ചിലപ്പോൾ ചേട്ടൻ അതിന്റെ തിരക്കിലാവും .നീ ഈവെനിംഗ് ചേട്ടന്റെ വീട്ടിൽ പോകുമ്പോൾ കാണുമായിരിക്കും .” ശിവാനി പറഞ്ഞു .
“ഞാൻ ഇന്ന് അങ്ങോട്ട് പോവില്ല ഞാൻ പറഞ്ഞില്ലേ രാധു ആന്റി നാളെ വീട്ടിൽ പോകും . സോ ആന്റിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട് . ഞാൻ ഈവെനിംഗ് ചെന്നിട്ട് കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടാണ് വന്നത് ” പ്രിയ പറഞ്ഞു .
“അപ്പോൾ നീ ഒറ്റക്കാണോ നിൽക്കുന്നെ വീട്ടിൽ ?” ശിവാനി ചോദിച്ചു .
“അല്ല സാവിത്രി അമ്മേടെ അടുത്തു നിൽക്കും . അമ്മ ആന്റിയോട് തിങ്കളാഴ്ച വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് . നാളെ നേരെ ഞാൻ അങ്ങോട്ടാണ് പോവുന്നത് .” പ്രിയ പറഞ്ഞു .
“അപ്പോൾ പിന്നെ എന്താ പ്രശ്‍നം ഗൗതം ചേട്ടനെ വീട്ടിൽ കാണാലോ . അപ്പോൾ സംസാരിച്ചോ ” ശിവാനി പറഞ്ഞു . പ്രിയ മറുപടി ഒരു മൂളലിൽ ഒതുക്കി .
കോളേജ് വിട്ടു പോകുമ്പോഴും പ്രിയ ഗൗതമിനെ തിരഞ്ഞു പക്ഷെ കണ്ടില്ല .
ഗൗതം പ്രിയയെ കാണാൻ വേണ്ടി സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തി . പ്രിയയുടെ ബൈക്ക് പോർച്ചിൽ കണ്ടപ്പോൾ അവന്റെ കണ്ണ് വിടർന്നു .
“നീ നേരത്തെ വന്നോ ? നീ അല്ലെ നാളെ പ്രോഗ്രാം ഉള്ളത് കൊണ്ട് ലേറ്റ് ആയേ വരൂ എന്ന് പറഞ്ഞത് ” കിച്ചു പ്രിയയുടെ ബൈക്കിലേക്ക് നോക്കി നിൽക്കുന്ന കണ്ണനെ കണ്ടു ചോദിച്ചു .
“അത് അറേൻജ്‌മെന്റ്സ് ഒക്കെ വേഗം തീർത്തു ബാക്കി നോക്കാൻ അവിടെ ആളുണ്ട് . പിന്നെ എനിക്ക് ചെറിയൊരു തലവേദന അതോണ്ട് വേഗം പോന്നു . ” ഗൗതം വേഗം ബൈക്കിൽ നിന്നും നോട്ടം മാറ്റി പറഞ്ഞു .
ഗൗതം വേഗം അകത്തേക്ക് കയറി സാവിത്രിയുടെ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടപ്പോൾ പ്രിയ അവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ അടുക്കളയിലേക്ക് നടന്നു .
“നീ എന്താ കിച്ചണിലേക്ക് ? സാധാരണ നേരെ റൂമിൽ പോയി ഫ്രഷ് ആകാറല്ലേ പതിവ് ” കിച്ചു ചോദിച്ചു .
“അത് … അത് … അമ്മയെ കാണാൻ ..എനിക്ക് കോഫി വേണം അത് പറയാൻ . ഞാൻ പറഞ്ഞില്ലേ തലവേദന ഉണ്ട് .” ഗൗതം പറഞ്ഞു .
“എന്നാൽ നീ പോയി ഫ്രഷ് ആയി വന്നോ . ഞാൻ പറയാം അമ്മയോട് . ” കിച്ചു പറഞ്ഞു .
“വേണ്ട ഞാൻ തന്നെ പറഞ്ഞോളാം ” അതും പറഞ്ഞു ഗൗതം വേഗം അടുക്കളയില്ലേക്ക് നടന്നു .
“എടാ കള്ളകണ്ണാ നീ ഇപ്പൊൾ എന്തിനാ അങ്ങോട്ട് പോവുന്നെന്ന് എനിക്ക് നന്നായിട്ടറിയാം . എന്റെ കയ്യിൽ കിട്ടാതെ പോവില്ല നിന്റെ കള്ളത്തരം .” ഗൗതമിനെ നോക്കി കിച്ചു പതുക്കെ പറഞ്ഞു .
ഗൗതം അടുക്കളയിൽ പോയി നോക്കിയപ്പോൾ പ്രിയ അവിടെ ഇല്ല . സാവിത്രി മാത്രമേ ഉള്ളു .
“നീ വന്നോ . എന്താ കണ്ണാ എന്തെങ്കിലും വേണോ ?” സാവിത്രി ചോദിച്ചു .
“ഒന്നും വേണ്ട അമ്മേ . ” കണ്ണൻ തിരിച്ചു നടക്കാൻ ഒരുങ്ങി .
“ഒന്നും വേണ്ടേ നീ കോഫി വേണം എന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് വന്നത് !!” കിച്ചു അവന്റെ പുറകിൽ വന്നു നിന്ന് ചോദിച്ചു .
“ആ …. അതെ .. കോഫി വേണം … ഞാൻ മറന്നതാണ് “ ഗൗതം തപ്പി തപ്പി പറഞ്ഞു .
“മറക്കാനോ … അവിടന്ന് ഇങ്ങോട്ട് നടന്നു വരുമ്പോഴേക്കും മറക്കാൻ നീ എന്താ അരണയോ !!” കിച്ചു ഗൗതമിനെ കളിയാക്കി .
“അത് കോളേജിലെ പ്രോഗ്രാംസിന്റെ കാര്യങ്ങൾ ഒക്കെ ആലോചിച്ചു വന്നപ്പോൾ മറന്നു പോയി ” അതും പറഞ്ഞു കാറ്റ് പോലെ ഗൗതം അവന്റെ റൂമിലേക്ക് പോയി .
ഗൗതം പോയതും കിച്ചു നിന്ന് ചിരിക്കാൻ തുടങ്ങി .
“എന്താടാ കിച്ചൂട്ടാ നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ ” ബെഡ് റൂമിൽ നിന്നും അങ്ങോട്ട് വന്ന കൃഷ്ണൻ ചോദിച്ചു . പക്ഷെ കിച്ചു അപ്പോഴും ചിരി നിർത്തിയില്ല .
“ഇത്രക്ക് ചിരിക്കാൻ എന്താ കിച്ചു “ സാവിത്രിയും സംശയത്തോടെ ചോദിച്ചു .
“ഓരോരുത്തരുടെ കള്ളകളി ഒക്കെ കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും ” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .
“ആരുടെ കള്ളകളി ” സാവിത്രിയും കൃഷ്ണനും ഒരേ പോലെ ചോദിച്ചു .
“നിങ്ങളുടെ മോൻ കള്ളകണ്ണന്റെ ” കിച്ചു പറഞ്ഞു .
“നീ കാര്യം തെളിച്ചു പറയ് ” കൃഷ്ണൻ പറഞ്ഞു .
“ദേവു ചേച്ചിനെ കാണാനാണ് ഇന്ന് ആശാൻ നേരത്തെ വന്നത് .
ഞാൻ എന്റെ ബൈക്ക് കേടായപ്തുകൊണ്ട് പിക്ക് ചെയ്‌യാൻ വരൊന്ന് ചോദിക്കാൻ വിളിച്ചപ്പോൾ ഞാൻ സംസാരിക്കുന്നത് പോലും കേൾക്കാതെ തിരക്കാണ് വരാൻ ലേറ്റ് ആവും കോളേജിൽ ഒരുപാട് വർക്ക് ഉണ്ടെന്ന് പറഞ്ഞ ആളാണ് ഇപ്പൊ വന്നത് .
പുറത്തു ചേച്ചിന്റെ ബൈക്ക് കണ്ടപ്പോൾ അമ്മേടെ കൂടെ ഉണ്ടാവും എന്ന് വിചാരിച്ചു അടുക്കളയിലേക്ക് വെച്ച് പിടിച്ചതാണ് ” കിച്ചു എന്നിട്ട് ബാക്കി നടന്ന കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു . അത് കേട്ടതും അവരും ചിരിക്കാൻ തുടങ്ങി .
“ബൈക്ക് കേടായപ്പോൾ ചേച്ചിനെ വിളിക്കാൻ തോന്നിയത് കൊണ്ടും ചേച്ചി ബൈക്ക് എന്നോട് കൊണ്ട് പൊക്കോളാൻ പറഞ്ഞത് കൊണ്ടും ഇപ്പോൾ ആശാന്റെ കള്ളി വെളിച്ചതായി .
ഞാൻ നിങ്ങളോട് പറഞ്ഞതിന് ഇപ്പൊൾ ഒരു തെളിവ് കൂടെ ആയില്ലേ . ” ഗൗതം ടി ഷർട്ട്ന്റെ ഇല്ല്യാത്ത കോളർ പൊക്കി പറഞ്ഞു .
“ഇതൊന്ന് ശെരിയായാൽ മതിയായിരുന്നു ” സാവിത്രി പറഞ്ഞു .
“എന്ത് നല്ല അമ്മ !! പിന്നെ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് കണ്ണൻ വരുമ്പോൾ ദേവു ചേച്ചിന്റെ കാര്യം മിണ്ടരുത് . ചേച്ചിയെ കുറിച്ച് ചോദിച്ചാൽ കേൾക്കാത്ത ഭാവത്തിൽ നിന്നോണം . കേട്ടല്ലോ രണ്ടാളും ” കിച്ചു പറഞ്ഞു .
“ഡൺ ” സാവിത്രിയും കൃഷ്ണനും ഒരേ സ്വരത്തിൽ പറഞ്ഞു .
“ആഹാ എന്തൊരു ഒത്തോരുമ !!” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .
ഗൗതം മേലെ റൂമിൽ ഒക്കെ പ്രിയയെ നോക്കി പക്ഷെ കണ്ടില്ല .
‘അവളിതെവിടെ പോയി .
ഇനി നേരത്തെ പോയി കാണുമോ .പക്ഷേ ബൈക്ക് ഉണ്ടല്ലോ.! അച്ഛനെ കണ്ടില്ലല്ലോ ചിലപ്പോൾ അച്ഛന്റെ കൂടെ എവിടെങ്കിലും പോയതായിരിക്കുമോ ? എങ്ങനെ അറിയും .
ഇവരോട് ചോദിക്കണോ ‘ ഗൗതം മനസ്സിൽ ഓരോന്ന് ചിന്തിച്ചു താഴേക്ക് ചെന്നു .
ഗൗതം വന്നതും സാവിത്രി എല്ലാവർക്കും ഉള്ള കോഫി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വന്നു വെച്ചു .
എല്ലാവരും ഇരുന്ന് കോഫി കുടിക്കാൻ തുടങ്ങി . ഗൗതം ഒഴികെ ബാക്കി മൂന്ന് പേരും ഭയങ്കര സംസാരത്തിൽ ആണ് . ഗൗതം പ്രിയയുടെ കാര്യം എങ്ങനെ ചോദിക്കും എന്ന ആലോചനയിലും .
“ആ ബൈക്ക് എന്താ ഇവിടെ ” ഗൗതം ഒരു വിധം ചോദിച്ചു . പക്ഷെ ബാക്കി മൂന്ന് പേരും അത് കേട്ട ഭാവം നടിച്ചില്ല .
“അമ്മേ ആ ബൈക്ക് എന്താ ഇവിടെ ?” ഗൗതം വീണ്ടും ചോദിച്ചു .
“ഏത് ബൈക്ക് ?” കൃഷ്ണൻ അറിയാത്ത പോലെ ചോദിച്ചു .
“ആ പെണ്ണിന്റെ ബൈക്ക് അല്ലേ അത് ” ഗൗതം ചോദിച്ചു .
“ഏത് പെണ്ണിന്റെ ബൈക്കിന്റെ കാര്യമാ നീ പറയുന്നേ ” കൃഷ്ണൻ ചോദിച്ചു .
“നമ്മുടെ പോർച്ചിൽ ഉള്ള ബൈക്ക് ആ പ്രിയയുടേത് അല്ലെ ” ഗൗതം ചോദിച്ചു .
“ആ അതെ ദേവു മോളുടെതാണ് ” സാവിത്രി പറഞ്ഞു .
“അതെന്താ ഇവിടെ ” ഗൗതം ചോദിച്ചു .
“അത് ഞാൻ എന്റെ ബൈക്ക് കേടായപ്പോൾ കൊണ്ട് വന്നതാണ് . ചേച്ചി എന്നെ പിക്ക് ചെയ്‌യാൻ വന്നപ്പോൾ എനിക്ക് തന്നിട്ട് പോയി . എന്തേ എന്തേലും കുഴപ്പമുണ്ടോ ?” കിച്ചു ചോദിച്ചു .
“എനിക്ക് എന്ത് കുഴപ്പം കണ്ടപ്പോൾ ചോദിച്ചൂന്നെ ഉള്ളു ” ഗൗതം പറഞ്ഞു .
കിച്ചു എന്തോ പറയാൻ തുടങ്ങിയതും സാവിത്രിയുടെ ഫോണിലേക്ക് പ്രിയയുടെ കോൾ വന്നു . അവരുടെ സംസാരത്തിൽ നിന്നും പ്രിയ ഇന്ന് ഇങ്ങോട്ട് വന്നിട്ടില്ല എന്ന് ഗൗതമിനു മനസിലായി .
‘ഇനി അവൾ എന്നോട് ഉള്ള ദേഷ്യം കൊണ്ടാണോ വരാഞ്ഞത് .ഇന്നലെ നല്ല കലിപ്പിൽ ആയിരുന്നു പെണ്ണ് .’ ഗൗതം ചിന്തിച്ചു .
ഗൗതം വേഗം കോഫി കുടിച്ചു പുറത്തേക്ക് ഇറങ്ങി . അവൻ ഗാർഡനിൽ പോയിരുന്നു . കിച്ചുവും അവന്റെ കൂടെ ചെന്നു .
അവർ ഓരോന്ന് സംസാരിച്ചു ഇരുന്നു . രാത്രി ഫുഡ് കഴിച്ചു റൂമിലേക്ക് വന്നു അവന്റെ ബെഡിൽ ചുമ്മാ കിടക്കുകയായിരുന്നു ഗൗതം .
‘അവളോട് ഇപ്പോ എങ്ങനെയാ ഒന്ന് സോറി പറയുന്നേ ഇന്നലെ ഒരു ധൈര്യത്തിൽ പോയതാണ് പക്ഷെ അവളൊട്ട് കേൾക്കാൻ നിന്നതും ഇല്ല .
ഇനി എന്നോടുള്ള ദേഷ്യം കൊണ്ടാണെങ്കിലോ വീട്ടിൽ വരാഞ്ഞത് . വിളിച്ചു സോറി പറഞ്ഞാലോ .?
അതിനു ഫോൺ നമ്പർ വേണ്ടേ ?!! അമ്മേടെ ഫോണിൽ നിന്നും എടുക്കാം ‘ ഗൗതം അതും ചിന്തിച്ചു വേഗം ചാടി എഴുന്നേറ്റു താഴേയ്ക്ക് നടന്നു .
ഗൗതം താഴെ ചെല്ലുമ്പോൾ സാവിത്രിയും കൃഷ്ണനും കിടക്കാൻ റൂമിലേക്ക് പോവുന്നതേ ഉള്ളു .
“അമ്മേ ..” ഗൗതം വിളിച്ചു .
“എന്താ കണ്ണാ .. എന്തേലും വേണോ ” സാവിത്രി ചോദിച്ചു .
“അമ്മേന്റെ ഫോൺ ഒന്ന് തന്നേ . ഒരു മിനിറ്റ് ” ഗൗതം പറഞ്ഞു .
“അമ്മേടെ ഫോൺ നിനക്കു എന്തിനാ ” കൃഷ്ണൻ ചോദിച്ചു .
“അത് എന്റെ ഫോണിലേക്ക് കോൾ വരുന്നില്ല . അതൊന്നു നോക്കാൻ വേണ്ടി ആണ് ” ഗൗതം പറഞ്ഞു .
സാവിത്രി ഫോൺ എടുത്ത് ഗൗതമിന്റെ കൈയിൽ കൊടുത്തു .അവൻ വേഗം ദേവു എന്ന കോൺടാക്ട് നമ്പർ അവന്റെ ഫോണിൽ സേവ് ചെയിതു . എന്നിട്ട് സാവിത്രിയുടെ ഫോണിൽ നിന്നും അവന്റെ ഫോണിലേക്ക് വിളിച്ചു .
“ശെരിയായെന്നു തോന്നുന്നു . കോൾ വരുന്നുണ്ട് .” അതും പറഞ്ഞു ഫോൺ തിരിച്ചു കൊടുത്തു ഗൗതം വേഗം റൂമിലേക്ക് പോയി .
റൂമിൽ ചെന്ന് ഗൗതം വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ആ നമ്പറിൽ തന്നെ നോക്കി നിന്നു . അവസാനം വിളിക്കണ്ട എന്ന് തീരുമാനിച്ചു .
‘നാളെ നേരിൽ കണ്ടു സംസാരിക്കാം . ആദ്യമായിട്ട് ഫോണിൽ സംസാരിച്ചു ഇമ്പ്രെഷൻ കളയണ്ട .അല്ലേൽ തന്നെ ഭയങ്കര നല്ല ഇമ്പ്രെഷൻ ആണല്ലോ !’ ഗൗതം മനസ്സിൽ ചിന്തിച്ചു .
ഇന്നാണ് കോളേജിലെ ഫ്രഷേഴ്‌സ് ഡേ. സീനിയർസ് മുഴുവൻ അതിന്റെ തിരക്കിൽ ആണ് . പ്രിയ കാർ പാർക്ക് ചെയ്ത് നടന്നു .
ഒരു റോയൽ ബ്ലൂ കളറിൽ ബ്ലാക്ക് ബീഡ് വർക്ക് ഉള്ള സിമ്പിൾ ഫ്രോക്ക് ആയിരുന്നു പ്രിയ ധരിച്ചിരുന്നത് .
സാവിത്രി അന്നവൾക്ക് വാങ്ങി കൊടുത്തതായിരുന്നു ഈ ഡ്രസ്സ് . ശിവാനി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .
” പ്രിയ യു ലുക്ക് റിയലി ഗോർജിയസ് . എന്റെ കണ്ണ് തന്നെ തട്ടും മോളെ ” ശിവാനി പറഞ്ഞു .
“ഒന്ന് പോടി അവിടന്ന് . സാവിത്രി അമ്മയുടെ സെലെക്ഷൻ ആണ് ഞാൻ എടുത്താൽ എങ്ങനെ പോയാലും ബ്ലാക്ക് & വൈറ്റ് ആയിരിക്കും ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .
എല്ലാവരോടും നേരിട്ട് ഓഡിറ്റോറിയത്തിലേക്ക് വരാൻ പറഞ്ഞത് കൊണ്ട് പ്രിയയും ശിവാനിയും അങ്ങോട്ട് നടന്നു .
പോകുന്ന വഴിക്ക് അവരുടെ ബാച്ചിലെ വേറെ കുറച്ചു കുട്ടികളും അവരുടെ കൂടെ കൂടി . അവരെല്ലാവരും അവിടെ ഇരുന്നു .
പലരുടെയും കണ്ണ് പ്രിയയിൽ ആയിരുന്നു . അപ്പോഴാണ് ഗൗതം സ്റ്റേജിന്റെ ബാക്ക് സൈഡിൽ നിന്നും അങ്ങോട്ട് വന്നത് . പ്രിയയെ കണ്ടതും ഗൗതം വിടർന്ന കണ്ണുകളോടെ നോക്കി നിന്നു .
അതേസമയം
“പ്രിയ നോക്ക് ഗൗതം ചേട്ടൻ ” ശിവാനി പറഞ്ഞതും
പ്രിയയും ഗൗതമിനെ കണ്ടു .
അവളും ഗൗതമിന്റെ അതെ അവസ്ഥയിൽ ആയിരുന്നു . ഗൗതം പ്രിയയുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും അജാസ് വന്നു അവനെ സ്റ്റേജിലേക്ക് വിളിച്ചുകൊണ്ട് പോയി .
“പ്രിയാ സത്യം പറഞ്ഞേ നിങ്ങൾ തമ്മിൽ ഒന്നും ഇല്ലേ ” ശിവാനി സംശയത്തോടെ ചോദിച്ചു .
“ഞങ്ങൾ തമ്മിൽ എന്താ ഉണ്ടായത് എന്നൊക്കെ നിനക്കു വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തന്നതല്ലേ പിന്നെ നിനക്കു എന്താ ഇപ്പൊൾ ഒരു സംശയം ” പ്രിയ ചോദിച്ചു .
“നീ ഗൗതം ചേട്ടനെ ഒന്ന് കണ്ണ് തുറന്നു നോക്കിക്കേ ” ശിവാനി പറഞ്ഞതും പ്രിയ സ്റ്റേജിൽ നിൽക്കുന്ന ഗൗതമിനെ നോക്കി . അവളുടെ ഡ്രെസ്സിന്റെ അതേ കളർ ഷർട്ടും ബ്ലാക്ക് ജീനും ആണ് വേഷം .
പ്രിയ ശിവാനിയെ നോക്കിയപ്പോൾ അവൾ പ്രിയയെ കൂർപ്പിച്ചു നോക്കി .
“സത്യായിട്ടും കോയ്നസിഡൻസ് ആണ് . വേറൊന്നും ഇല്ല്യ . ” പ്രിയ ശിവാനിയെ നോക്കി പറഞ്ഞു .
“ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു പക്ഷെ വഴക്കുണ്ടാക്കി വഴക്കുണ്ടാക്കി നിങ്ങള് രണ്ടും പ്രേമിക്കുമോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് ” ശിവാനി പറഞ്ഞു .
“പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു സാധനം ” പ്രിയ മുഖത്തു വരുന്ന ചമ്മൽ മറച്ചു പിടിക്കാൻ പറഞ്ഞു .
“ഗൗതം ചേട്ടന് എന്താടി ഒരു കുഴപ്പം . സത്യം പറഞ്ഞാൽ നിങ്ങള് നല്ല ജോഡി ആയിരിക്കും .എല്ലാം കൊണ്ടും നിനക്കു ചേട്ടൻ നന്നായി ചേരും ” ശിവാനി പറഞ്ഞു .
“നിനക്കു വേറെ പണിയില്ലേ ” പ്രിയ ശിവാനിയുടെ വാക്കുകൾ അവൾക്ക് നൽകിയ സന്തോഷം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു .
പ്രോഗ്രാം ഫോർമൽ ആയിട്ട് തന്നെ തുടങ്ങി . പ്രസംഗവും കലാപരിപാടിയുമൊക്കെ കഴിഞ്ഞപ്പോൾ ടാസ്ക്സ് സെക്ഷനിലേക്ക് കടന്നു .
ഫ്രഷേഴ്‌സിനെ ഓരോരുത്തരെയും സ്റ്റേജിലേക്ക് വിളിച്ചു സീനിയർസ് ഓരോ ടാസ്ക് കൊടുക്കും അതായിരുന്നു പരിപാടി . ആ കലാപരിപാടി നല്ല രീതിയിൽ പോയി കൊണ്ടിരുന്നു .
പിജി സ്റ്റുഡന്റസ് ആയത് കൊണ്ട് ആർക്കും വല്യ മടിയൊന്നും ഉണ്ടായിരുന്നില്ല . ഒരു എന്റർടൈൻമെന്റ് സെക്ഷൻ ആയി അത് പോയി കൊണ്ടിരുന്നു .
ശിവാനിയ്ക്ക് ഒരു ടോയ്ലറ്റ് ക്ലീനർന്റെ ടെലി മാർക്കറ്റിംഗ് പരസ്യം ആയിരുന്നു ടാസ്ക് . അവളതു നല്ല സ്മാർട്ട് ആയിട്ട് ചെയ്തു .
പ്രിയയെ സ്റ്റേജിലേക്ക് വിളിപ്പിച്ചപ്പോൾ
അവിടെ നല്ല കൈ കൊട്ടും ആർപ്പുവിളികളും ഉയർന്നിരുന്നു .
പ്രിയ സ്റ്റേജിൽ കയറി നിന്നു . സ്റ്റേജിന്റെ സൈഡിൽ ആയാണ് ടാസ്ക്സ് കൊടുക്കുന്ന സീനിയർസ് എല്ലാവരും ഇരിക്കുന്നത് . ഗൗതം അവിടെ നിൽക്കുന്നുണ്ടായിരുന്നു .
ഇത്രേം നേരം പലർക്കും ടാസ്ക്സ് കൊടുത്തോണ്ടിരുന്നത് അവനും കൂടെ ചേർന്നായിരുന്നു .
പ്രിയ വരുന്നതിനു മുൻപ് അവൻ അവിടെ നിന്ന് എഴുന്നേറ്റു ഒരു സൈഡിൽ ഒതുങ്ങി നിന്നു .
” ഹലോ തനിക്കു ഇവിടെ വല്യ ഫാൻസ് ആണെന്ന് തോന്നുന്നു . എന്തായാലും ഇൻട്രൊഡ്യൂസ് യൂർസെൽഫ് ” സീനിയർസിൽ ഒരാൾ പറഞ്ഞു .
പ്രിയ ഇൻട്രൊഡ്യൂസ് ചെയ്തതും അവിടെ പല കംമെന്റ്സും കേൾക്കാൻ തുടങ്ങി .
“താൻ ആളൊരു ജഗജില്ലി ആണെന്ന് ഞങ്ങൾക്ക് ഒക്കെ അറിയാം അതോണ്ട് തന്നോട് ചെയ്യുമോ ഇല്ലയോ എന്ന ചോദ്യം ഒന്നും ഇല്ല്യ .
ടാസ്ക് തരാൻ പോവാണ് . വല്യ പരിപാടി ഒന്നും ഇല്ല്യ ഒരു ഡാൻസ് അങ്ങ് കളിച്ചാൽ മതി ” അവര് പറഞ്ഞു .
പ്രിയ ഓക്കേ പറഞ്ഞതും പാട്ട് പ്ലേ ആവാൻ തുടങ്ങി . അതൊരു ഫ്യൂഷൻ ആയിരുന്നു . സെമി ക്ലാസിക്കൽ , ഡപ്പാൻ കുത്ത് ,വെസ്റ്റേൺ അങ്ങനെ മിക്സഡ് സോങ്‌സ് ആയിരുന്നു .
പക്ഷെ പ്രിയ കണ്ടു നിന്ന എല്ലാവരെയും അത്ഭുതപെടുത്തുന്ന രീതിയിൽ ഡാൻസ് ചെയിതു .
എല്ലാ ടൈപ്പ് സോങ്‌സിനും ഓൺ സ്പോട്ടിൽ അതിനു ചേരുന്ന രീതിയിൽ മനോഹരമായ മെയ്‌വഴക്കത്തോടെ അവൾ ഡാൻസ് ചെയിതു . ഗൗതമിന്റെ കണ്ണുകൾ പ്രിയയിൽ തന്നെ ആയിരുന്നു .
അവനു അവളിൽ നിന്നും കണ്ണെടുക്കാൻ ആയില്ല . പെട്ടന്നാണ് ഒരു സോഫ്റ്റ് ഡ്രിങ്ക് ടിൻ പ്രിയ ഡാൻസ് ചെയിതു കൊണ്ടിരുന്ന സ്ഥലത്തേക്ക് ഉരുണ്ടു വന്നത് .
ഡാൻസ് ചെയ്യുന്ന ശ്രദ്ധയിൽ പ്രിയ അത് ശ്രദ്ധിയ്ക്കാതെ അതിൽ ചവിട്ടിയതും സ്ലിപ്പായി നിലത്ത് വീണു .
സ്റ്റേജിൽ ഉള്ള എല്ലാവരും ഓടി പ്രിയയുടെ അടുത്തേക്ക് ചെന്നു . ശിവാനിയും അവളുടെ ക്ലാസിലെ കുറച്ചു ഫ്രണ്ട്സും അങ്ങോട്ട് ചെന്നു .
പലരും പ്രിയയോട് ഓരോന്ന് ചോദിക്കുന്നുണ്ട് പക്ഷെ പ്രിയ ഒന്നും മിണ്ടുന്നില്ല .ഗൗതം താഴെ പ്രിയയുടെ അടുത്ത് കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു .
അവൾക്ക് വീഴ്ചയിൽ നല്ലോണം വേദനിച്ചു എന്ന് ഗൗതമിനു മനസിലായി . പ്രിയ കണങ്കാൽ പിടിച്ചു മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു .
വേദന കൊണ്ട് അവൾ കണ്ണ് മുറുക്കി അടച്ചിരുന്നു . ഗൗതമിനു അവളുടെ അവസ്ഥ കണ്ട് ഒന്നും ചോദിക്കാൻ പറ്റാതെ അവളെ തന്നെ നോക്കി നിന്നു .
“പ്രിയ നല്ല വേദന ഉണ്ടോ ? എഴുന്നേൽക്കാൻ പറ്റുമോ ?” ശിവാനി സങ്കടത്തോടെ ചോദിച്ചു .
പ്രിയ മുഖം പൊക്കി കണ്ണ് തുറന്നു ശിവാനിയെ നോക്കി . വേദന കൊണ്ട് അവളുടെ കണ്ണ് ചുവന്നിരുന്നു . ശിവാനിക്കും സങ്കടം വന്നു .
അവൾ ശിവാനിയെ പിടിച്ചു പതുകെ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ വേദന കൊണ്ട് അവിടെ ഇരുന്നു പോയി .
പെട്ടന്ന് അവളെ ആരോ എടുത്ത് ഉയർത്തുന്നത് അറിഞ്ഞാണ് പ്രിയ അടച്ചു പിടിച്ചിരുന്ന കണ്ണ് തുറന്നു നോക്കിയത് .
“ഗൗതം ! ” പ്രിയ ഒരു ഞെട്ടലോടെ പറഞ്ഞു .
ഗൗതം അവളെ കോരിയെടുത്തു സ്റ്റേജിൽ നിന്നും ഇറങ്ങി നടന്നു . പ്രിയയുടെ കണ്ണുകൾ ആ വേദനയിലും ഗൗതമിൽ ആയിരുന്നു .
അവിടെ കൂടി നിന്ന പലരും അവരെ തന്നെ നോക്കി നിന്നു . പല കണ്ണുകളിലും അസൂയ നിറഞ്ഞു .
തുടരും