ഇന്ത്യയെ തോൽപ്പിക്കുക പാക്കിസ്ഥാന് എളുപ്പമായിരിക്കില്ല: ശുഐബ് അക്തർ
ഇസ്‍ലാമബാദ്: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് പാകിസ്ഥാൻ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ. “ഇത്തവണ കൃത്യമായ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുന്നത്. അതിനാൽ ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമല്ല,” അക്തർ ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“മത്സരത്തിന്‍റെ ഫലം പ്രവചിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. ഇന്ത്യക്കെതിരെ രണ്ടാമതു ബോൾ ചെയ്യുന്നതാണു പാകിസ്ഥാന് നല്ലത്. കാരണം മെൽബണിലെ പിച്ച് ഫാസ്റ്റ് ബൗളർമാരെ പിന്തുണയ്ക്കുന്നതാണ്. ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ 1,50,000 ലധികം ആരാധകർ മെൽബൺ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരിൽ കുറഞ്ഞത് 70,000 പേരെങ്കിലും ഇന്ത്യൻ ആരാധകരായിരിക്കുമെന്നും അക്തർ പ്രവചിച്ചു.
2021ലെ ടി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടി20യിൽ ഇന്ത്യക്കെതിരെ പാകിസ്താൻ നേടുന്ന ആദ്യ ജയമായിരുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ്. ഒക്ടോബർ 23 ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ പാകിസ്താനെ നേരിടും.