Monday, April 29, 2024
Novel

അഗ്നി : ഭാഗം 3

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

വീടിനു വെളിയിലേക്ക് ഇറങ്ങിയ ഞാൻ ബുളളറ്റിനരുകിൽ കുറച്ചു നേരം നിന്നു.ആറു മാസങ്ങളിൽ എന്റെ പ്രിയപ്പെട്ട ചങ്ങാതിയായി തീർന്ന വാഹനമാണ്…..

ഞാൻ അതിനെ മെല്ലെയൊന്നു തലോടി.അവനെ(ബുളളറ്റ്) ഉപേക്ഷിച്ചു പോകാനൊരു മടി….

പത്തൊമ്പത് വർഷം ജീവിച്ച വീട്ടിൽ നിന്ന് ആരുമല്ലാത്തവളായി ഇറങ്ങുകയാണ്.അതും വെറും കയ്യോടെ…..

“അവരുടെ മകളായിട്ടിത്രയും വർഷം ജീവിച്ചില്ലേ ഇതിരിക്കട്ടെ”

ഞാൻ വെളിയിൽ നിന്ന് കോളിങ്ങ് ബെൽ മുഴക്കി കാത്തു നിന്നു.. കുറച്ചു കഴിഞ്ഞു പപ്പാ വെളിയിലേക്ക് ഇറങ്ങി വന്നു…

“ഇത്രയും നാളും ഞാൻ പപ്പയെന്നും മമ്മിയെന്നുമാണു വിളിച്ചത്.തിരുത്തിയൊരു വിളി എനിക്ക് അറിയില്ല.ബുളളറ്റ് ഞാനെടുക്കുവാ.അതെങ്കിലും എനിക്ക് തരണം”

“മോളേ പപ്പക്ക് നിന്നെ ഉപേക്ഷിക്കാൻ കഴിയില്ല.എവിടെ ആയിരുന്നാലും നീയെന്നെ വിളിക്കണം.

എന്നെ ആദ്യം അച്ഛാന്ന് വിളിച്ചത് നീയാണ്.കുറച്ചു പൈസ കൂടി നിന്റെ അക്കൗണ്ടിലിട്ടേക്കാം.

ഇപ്പോളെനിക്ക് അവൾ പറയുന്നു അനുസരിക്കാനെ കഴിയൂ..പപ്പയെ ചതിക്കുഴിയിൽ വീഴ്ത്തിയിരിക്കുകയാണ്.പപ്പയുടെ പൊന്നുമോൾ ശപിക്കരുത്”

നീറിത്തുടങ്ങിയ പപ്പയുടെ കണ്ണുകൾ എനിക്ക് കാണാം. കരയാതെ കരയുകയാണെന്റെ പപ്പ…

“സാരമില്ല പപ്പാ.എനിക്ക് മനസ്സിലാകുന്നുണ്ട് ചിലതൊക്കെ. മമ്മിക്കെന്നെ പണ്ടേയത്ര മതിപ്പില്ല.

ഇപ്പോൾ പ്രഗ്നന്റ് കൂടി ആയപ്പോഴേക്കും ആളാകെ മാറി.സാരമില്ല നിങ്ങൾ ഇപ്പോഴെങ്കിലും സത്യം തുന്നന്നു പറഞ്ഞതിൽ നന്ദിയുണ്ട്”

ആർത്തലച്ചു വന്ന നിലവിളി നെഞ്ചിനുളളിൽ അടക്കിപ്പിടിച്ചു ഞാൻ ചിരിച്ചു…

“ഞാനിറങ്ങുവാണ് പപ്പാ..എവിടെ ആയിരുന്നാലും വിളിക്കാം”

പപ്പയോട് യാത്ര പറഞ്ഞു ഞാൻ ബുളളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു. ആ ശബ്ദം കേട്ടാണ് മമ്മി അകത്ത് നിന്ന് വന്നത്….

“ബുളളറ്റെടുക്കാൻ ആരു പറഞ്ഞു നിന്നോട്”

മമ്മി അലറിയതും ഞാൻ നിസ്സാരമട്ടിൽ ചിരിച്ചു കാണിച്ചു.അവരോടി എന്റെ അടുത്തേക്ക് വന്നതും ബുളളറ്റ് ഞാൻ മുമ്പോട്ട് പായിച്ചു….മലർക്കെ തുറന്നു കിടന്ന ഗേറ്റിലൂടെ …

എങ്ങോട്ടാദ്യം പോകണമെന്നൊരു ലക്ഷ്യമില്ല..നേരെ ട്രിവാൻഡ്രം പിടിച്ചാലോ..പിന്നെയാണു മറ്റൊന്ന് ചിന്തിച്ചത്..ടെസ്സയെ ഒന്ന് വിളിക്കാം….ഞാൻ ബുളളറ്റ് റോഡിനു സൈഡിലേക്ക് ഒതുക്കി…..

ഫോണെടുത്ത് ഞാൻ ടെസ്സയെ വിളിച്ചു…ആദ്യം വിളിച്ചപ്പോൾ റെയ്ഞ്ചില്ലായിരുന്നു…വീണ്ടും ഒന്നു കൂടി ട്രൈ ചെയ്തു..

‘ഭാഗ്യം ബെല്ലുണ്ട്’

കുറച്ചു നേരം കാത്ത് നിൽക്കേണ്ടി വന്നെങ്കിലും ടെസ്സ കോൾ എടുത്തു…

“ഹലോ അഗ്നി..വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.?എന്താ പെട്ടെന്ന് പോയത്?”

ഒന്നിലേറെ ചോദ്യങ്ങൾ വന്നപ്പോൾ മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി….

ഉളളിൽ കനലുകളെരിയുന്നുണ്ട്.അത് ഉടനെ അണയില്ല.നല്ലൊരു മഴ പെയ്യണം.ആ മഴക്കേ എല്ലാം ശാന്താമാക്കാൻ കഴിയൂ.അതിനു ആദ്യം എന്റെ മാതാപിതാക്കളെ കണ്ടെത്തണം….

“നീയെന്താടി ഒന്നും മിണ്ടാത്തെ”

ടെസ്സയുടെ ശബ്ദം വീണ്ടും…

“നീയിപ്പോൾ എവിടാ”

“ഞാൻ ഹോസ്റ്റലിൽ ഉണ്ട്”

ഞാൻ വാച്ചിൽ ടൈം നോക്കി..സമയം ആറുമണി കഴിഞ്ഞു… മനസ്സറിഞ്ഞ് വിട്ടാൽ 12 മണിക്ക് മുമ്പ് ട്രിവാൻഡ്രം പിടിക്കാം…

“ടീ ഞാൻ പന്ത്രണ്ട് മണിക്ക് മുമ്പ് അങ്ങെത്തും.ഞാൻ വിളിക്കുമ്പോൾ നീ ഹോസ്റ്റൽ ഗേറ്റിനടുത്ത് വരണം.എല്ലാം അവിടെ വന്നിട്ട് പറയാം”

ഞാൻ ഒറ്റശ്വാസത്തി പറഞ്ഞു തീർത്തു…ബുളളറ്റ് വീണ്ടും എന്നെയും കൊണ്ട് മുമ്പോട്ട് ഓടിത്തുടങ്ങി…

കുറച്ചു ദൂരം മുമ്പോട്ട് നീങ്ങിയപ്പോൾ ഫ്യൂവൽ പമ്പ് കണ്ടു.അവിടെ കയറി ഫുൾ ടാങ്ക് പെട്രോളടിച്ചു….

കൊല്ലത്ത് ചെന്നിട്ട് ബാക്കി ഫുൾ ടാങ്ക് അടിക്കാമെന്ന് കരുതി..സമീപത്തൊരു ATM കണ്ടതും വണ്ടി അവിടെ നിർത്തി….

ATM ൽ കയറി അക്കൗണ്ടിലെ ബാലൻസ് ആദ്യം പരിശോധിച്ചു. അമ്പത് ലക്ഷത്തിനും മുകളിൽ കൂടി. പപ്പ ഒരുകരുതൽ പോലെ എനിക്കായി നിക്ഷേപിച്ചതാണ്.ഒരുപക്ഷേ അദ്ദേഹം എല്ലാം മുൻ കൂട്ടി കണ്ടിരിക്കണം….

അവിടെ നിന്ന് ഒരു പതിനായിരം രൂപ കരുതലായി ഞാനെടുത്ത് പേഴ്സിൽ വെച്ചു.യാത്രയാണ് മുൻ കൂട്ടി കുറച്ചു പണം കരുതണത് നല്ലതാണ്…

വീണ്ടും യാത്ര തുടർന്നു.. കൊല്ലത്തെ പമ്പിൽ കയറി വണ്ടിക്ക് ഇന്ധനം നിറച്ചു…..

വയറിനു വല്ലാത്ത വിശപ്പ് തോന്നിയപ്പോൾ ചെറിയൊരു തട്ട് കടക്ക് മുമ്പിൽ ഞാൻ ബുളളറ്റ് നിർത്തി….

“ചേട്ടോയി…കഴിക്കാൻ എന്തുണ്ട്”

ഞാൻ കടയുടെ മുമ്പിലേക്ക് ചെന്നു..കുറച്ചു ചെറുപ്പക്കാർ അവിടെ ഇരുന്ന് പൊറോട്ടയും ബീഫുമൊക്കെ തട്ടുന്നുണ്ട്.എല്ലാവരുടെയും ശ്രദ്ധ എന്നിലാണ്…

പാതിരായ്ക്ക് ഒരുപെണ്ണ് ഒറ്റക്ക് കറങ്ങുന്നതായിരിക്കും ഇപ്പോൾ അവരുടെ മനസ്സിൽ.ചിലരുടെ ശ്രദ്ധ എന്റെ ശരീരഭാഗത്താണെന്ന് മനസ്സിലായെങ്കിലും മൈൻഡ് ചെയ്തില്ല….

എന്റെ വേഷം ഇറുകിയ ബ്ലൂ കളർ ജീൻസും വെളള ടീ ബനിയനുമാണ്.ഫേവറിറ്റ് ഡ്രസ്….

“പൊറോട്ട, ദോശ..ബീഫ് ഫ്രൈ..ചിക്കൻ ഫ്രൈ”

“ദോശയും ചിക്കൻ ഫ്രൈയും”

ഒഴിഞ്ഞു കിടന്ന ഒരു കസേരയിൽ കയറി ഞാൻ ഇരുന്നു….

എനിക്ക് മുമ്പിൽ നല്ല ചൂടുദോശയും ഫ്രൈയും ചമ്മന്തി കറിയും കൊണ്ട് വന്ന് അയാൾ വെച്ചു.

അതിന്റെയെല്ലാം മണം മൂക്കിലേക്ക് ഇരച്ചു കയറിയതും വയറ്റിൽ കത്തൽ തുടങ്ങി.. ആർത്തിയോടെ ഞാനത് കഴിക്കാൻ തുടങ്ങി…

“ചേട്ടാ ഒരു കട്ടൻ കൂടി”

കഴിച്ചു കഴിഞ്ഞു കൈ കഴുകി വന്നപ്പോൾ കട്ടൻ റെഡി.ചൂടു കട്ടൻ ചായ മെല്ലെ ഊതിക്കുടിച്ചു….

കഴിച്ചതിന്റെ പൈസയും കൊടുത്തു ബാക്കിയും വാങ്ങി ബുളളറ്റിനടുത്തേക്ക് വന്നു…

“ഹാവൂ..വയറ് നിറഞ്ഞപ്പോളെന്ത് സുഖം”

ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഗോൾഡ് കിങ്സ് ഒരെണ്ണം എടുത്തു ആത്മാവിനു ശാന്തി നൽകിയട്ട് ബുളളറ്റ് സ്റ്റാർട്ട് ചെയ്തു…

ഇടക്കിടെ ദം അടിക്കുന്ന ശീലമുണ്ട്..ഒന്നുകിൽ ടെൻഷൻ വരുമ്പോൾ.. അല്ലെങ്കിൽ ബിയർ കഴിക്കുമ്പോഴോ നല്ല തണുപ്പുളളപ്പോഴോ അങ്ങനെ വല്ലപ്പോഴും…..

പന്ത്രണ്ട് മണിക്ക് മുമ്പ് ഹോസ്റ്റൽ ഗേറ്റിനരികെ ഞാൻ വണ്ടി നിർത്തി.ഫോണെടുത്ത് ടെസ്സയെ വിളിച്ചു…

“ടീ ഞാനെത്തി…”

“ദാ..വരുന്നു”

ഞങ്ങളുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് ഞാൻ കണ്ടിരുന്നു…

ടെസ്സ വരുന്നത് ഞാൻ കണ്ടു.അവൾ ഗേറ്റ് തുറന്നതും വണ്ടി ഞാൻ അകത്തേക്ക് കയറ്റി….

“ഡീ വാർഡൻ ചേച്ചിയോട് ഞാൻ വരുന്ന കാര്യം പറഞ്ഞിരുന്നോ”

“അതൊക്കെ എപ്പോഴെ പറഞ്ഞു”

ടെസ്സയുടെ മറുപടി എന്നെ തൃപ്തയാക്കി.എല്ലാം അറിഞ്ഞ് ചെയ്തോളും….

എന്നോട് ടെസ്സക്ക് എന്തോ ഒരുപാട് ചോദിക്കാനുണ്ടെന്ന് മുഖഭാവം കണ്ടതും എനിക്ക് മനസ്സിലായി…

“വാ..മുറിയിൽ ചെന്ന് ..എല്ലാം പറയാം”

ഞാൻ ടെസ്സയുടെ കൂടെ മുറിയിൽ കയറി. ഗംഗയും നിത്യയും ഉറങ്ങിയിരുന്നില്ല…എല്ലാം വിശദമായി ഞാൻ അവരെ പറഞ്ഞു കേൾപ്പിച്ചു.മൂക്കത്ത് വിരലും വെച്ചിരിക്കുകയാണ് പാവങ്ങൾ…

“ഇനിയെന്താ നിന്റെ ഭാവി പരിപാടി”

ടെസ്സയുടെ ആയിരുന്നു ചോദ്യം…

“ഡിഗ്രി കംപ്ലീറ്റ് ചെയ്യണം..അതിനിടയിൽ എന്റെ യഥാർത്ഥ മാതാപിതാക്കളെയും കണ്ടുപിടിക്കണം.പപ്പ രഹസ്യമായി എന്നെ സപ്പോർട്ട് ചെയ്യും”

“മം”

“ശരി..നല്ല ക്ഷീണം.. ഒന്ന് കിടക്കണം”

ഞങ്ങൾ എല്ലാവരും കിടന്നു.പതിയെ എന്റെ മനസ്സിൽ വീട്ടിലെ സംഭവങ്ങൾ തെളിഞ്ഞു….

“ഞാനിപ്പോൾ അനാഥയാണ്..”

ആ തിരിച്ചറിവ് എന്നെ വല്ലാതെ ഞെട്ടിച്ചു….

പപ്പയുടെ ദയനീയ മുഖം ഓർമ്മയിലെത്തിയതും ആ സ്വരമൊന്ന് കേൾക്കാൻ കൊതി തോന്നി.

ഇത്രയും വർഷം പപ്പയെന്ന് വിളിച്ചതാണ്.അന്നും ഇന്നും എന്നോടരകലം മമ്മി മാത്രമേ കാണിച്ചട്ടുള്ളൂ….

പപ്പയെ വിളിക്കാനായി ഫോൺ എടുത്തതെയുളളൂ അപ്പോഴേക്കും പപ്പയുടെ കോൾ…

“പപ്പാ…” എനിക്ക് കരച്ചിൽ വന്നു…

“മോളേ നീയെവിടാ ഇപ്പോൾ”

“ഹോസ്റ്റലിലാണു പപ്പ”

“നീ അവിടെ ഉണ്ടെന്ന് മമ്മി അറിയണ്ട..പഠനം നടക്കട്ടെ..പപ്പ അതൊക്കെ രഹസ്യമായി മാനേജ് ചെയ്തോളാം”

പപ്പയുടെ അടക്കി പിടിച്ച ശബ്ദം കാതിൽ വീണു…

“നിനക്ക് നാളെ ഒഴിവ് ദിവസമല്ലേ”

“അതേ പപ്പാ”

“നിനക്ക് നാളെ കരുനാഗപ്പള്ളി വരെ പോകാൻ പറ്റുമോ”

“പോകാം…”

“അവിടെ എന്റെയൊരു ഫ്രണ്ട് ഉണ്ട്. രവി ഉണ്ണിത്താൻ.. അദ്ദേഹത്തെ ചെന്ന് കണ്ടാൽ നിനക്ക് ചില വേണ്ടപ്പെട്ട വിവരങ്ങൾ ലഭിക്കും.ഡീയെയിൽസ് ഞാൻ വാട്ട്സാപ്പ് ചെയ്യാം”

“ശരി പപ്പ..ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്”

കോൾ കട്ടായി…എന്തിനായിരിക്കും പപ്പ ഫ്രണ്ടിനെ കാണാൻ പറഞ്ഞത്…

ചിലപ്പോൾ എന്റെ മാതാപിതാക്കളെ കുറിച്ച് വല്ല സൂചനയും തരാനാണോ?…

ശരീരത്തിന്റെ ഓരോ രോമകൂപങ്ങളും രോമാഞ്ചം കൊളളുന്നത് ഞാനറിഞ്ഞു…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2