Monday, November 25, 2024
Novel

ആദ്രിക : ഭാഗം 2

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

മാഞ്ഞു പോകുന്ന കാഴ്ചകളെ നോക്കി ഞാൻ ഇരുന്നു. ഓർമ്മകളിൽ ഇടക്ക് എപ്പോഴോ ഒരു ഇരുപതു വയസുകാരന്റെ മുഖം തെളിഞ്ഞു വന്നു എന്റെ അഭിയേട്ടന്റെ. ഞാൻ ആദ്യമായി അഭിയേട്ടനെ കണ്ട ദിനം മനസിലേക്ക് ഓടിയെത്തി…….

എന്റെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ ദിനം കഴിഞ്ഞു അമ്മയും ഞാനും അനിയൻ കുട്ടനും വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു വഴിയിൽ വെച്ചു അമ്മക്ക് തല ചുറ്റൽ ഉണ്ടായത്.

അന്ന് അനിയൻ കുട്ടന് നാല് വയസ്സ്, എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി കൂടിയ ആളുകളുടെ കൂട്ടത്തിൽ ആ ഇരുപതുക്കാരനും ഉണ്ടായിരുന്നു..

ഹോസ്പിറ്റലിൽ എത്തിച്ചു എല്ലാവരും മടങ്ങിയപ്പോൾ അച്ഛൻ വരുന്നത് വരെ ഞങ്ങൾക്ക് കൂട്ടായി ഇരുന്നു ഞങ്ങളെ സമാധാനിപ്പിച്ചു.

കുറച്ചു നേരം കൊണ്ട് തന്നെ അനിയൻ കുട്ടനുമായി ആ ചേട്ടൻ കൂടുതൽ അടുത്തു. എന്നോടും സംസാരിച്ചു.

അമ്മക്ക് ബിപി ലോ ആയതായിരുന്നു അതുകൊണ്ട് പേടിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.

അച്ഛൻ വന്നു അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ടാണ് അന്ന് ആ ചേട്ടൻ അന്ന് അവിടെ നിന്നും പോയത്.

അച്ഛനോട്‌ വർത്താനം പറയുന്ന കൂട്ടത്തിൽ ആളുടെ പേരും പറഞ്ഞിരുന്നു, അഭിലാഷ്. വീട്ടിൽ എത്തിയിട്ടും അച്ഛനും അമ്മയ്ക്കും അഭിയേട്ടനെ കുറിച്ച് പറയാനേ നേരം ഉണ്ടായിരുന്നൊള്ളൂ.

അപ്പോഴും എന്റെ മനസിൽ ആ മുഖവും ആ പേരും മാത്രമായിരുന്നു. എന്തുകൊണ്ടോ ആ മുഖം വീണ്ടും കാണാൻ കൊതിച്ചു. ഇതുവരെ തോന്നാത്ത എന്തൊക്കെയോ എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു…….

പിന്നീട് ആ വഴികളിൽ കൂടെ പോവുമ്പോ എല്ലാം ആ മുഖം ഞാൻ തിരഞ്ഞു നടന്നു പക്ഷേ നിരാശ ആയിരുന്നു ഫലം.പതിയെ ആ പേരറിയാത്ത ആ വികാരത്തെ ഞാൻ ഉള്ളിൽ തന്നെ കുഴിച്ചു മൂടി.

പ്ലസ് ടൂ കഴിഞ്ഞു തൊട്ട് അടുത്ത കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ കിട്ടി പിന്നീട് അവിടെ വെച്ചാണ് ഞാൻ അഭിയേട്ടനെ വീണ്ടും കാണുന്നത്.

കണ്ടപ്പോ വർഷങ്ങൾ ആയി തേടി നടന്ന എന്തോ തിരികെ കിട്ടിയ സന്തോഷം ആയിരുന്നു. ഉള്ളിൽ കുഴിച്ചു മൂടിയത് ഒക്കെ ഒരു നിമിഷം കൊണ്ട് പുറത്തേക്ക് വന്നതു പോലെ…..

അഭിയേട്ടനും പരിചയഭാവം കാണിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.
പിന്നീട് അഭിയേട്ടനെ കൂടുതൽ അറിയാൻ ഞാനും രാഖിയും അഭിയേട്ടന്റെ പാർട്ടിയിൽ ചേർന്നു.

അവൾക്ക് താല്പര്യം ഇല്ലാഞ്ഞിട്ടു കൂടി എന്റെ ഇഷ്ടത്തിന് അവൾ കൂടെ നിന്നു. പാർട്ടിയുടെ കാര്യങ്ങളിൽ എന്നാൽ ആവുന്ന വിധം ഞാനും സജീവമായി നിന്നു. അങ്ങനെ പതിയെ അഭിയേട്ടനുമായി ഒരു നല്ല സൗഹൃദം സ്ഥാപിച്ചെടുത്തു……

എല്ലാവർക്കും ഏതു കാര്യത്തിനും മുൻപിൽ അഭിയേട്ടൻ ഉണ്ടായിരുന്നു.അഭിയേട്ടനെ പറ്റി കൂടുതൽ അറിയുമ്പോഴും അഭിയേട്ടനോട് ഉള്ള എന്റെ ഇഷ്ടം കൂടി കൊണ്ടേ ഇരുന്നു..

സ്റ്റോപ്പ്‌ എത്തിയപ്പോൾ ആണ് ഞാൻ ആലോചനയിൽ നിന്നും ഉണർന്നത്. ബസിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് നടന്നു.

വഴിയേ കാണുന്ന പരിചയകാരോട് പരിചയം പുതുക്കിയും എല്ലാവർക്കും ഒരു പുഞ്ചിരിയും സമ്മാനിച്ചു ഞാൻ നടന്നു.

വീട്ടിൽ എത്തിയപ്പോൾ കണ്ടത് അമ്മയും മോനും ഇരുന്നു കൊച്ചു ടീവി കാണുന്നത് ആണ്.

ഡോറയുടെ പ്രയാണം ഡോറ പറയുന്ന കാര്യങ്ങൾ ഒക്കെ അമ്മയും മോനും കൂടെ ഏറ്റു പറയുന്നുണ്ട്. കണ്ടപ്പോ ചിരി ആണ് വന്നത്.

“ആഹാ നല്ല ബെസ്റ്റ് അമ്മയും മോനും ”

(ഞാൻ അത് പറഞ്ഞപ്പോൾ ആണ് രണ്ടുപേരും എന്നെ കാണുന്നത് തന്നെ )

“നീ വന്നോ വാ ഞാൻ ചായ എടുക്കാം ”

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. പിന്നെ ഞാനും അവന്റെ കൂടെ ചേർന്നു കൊച്ചു ടീവി കാണാൻ.

കൈയും കാലും കഴുകി അമ്മ കൊണ്ടു വന്ന ചൂട് ചായയും പഴംപൊരിയും കഴിച്ചു.

ഇടക്ക് അതിൽ നിന്നും അനിയൻ കുട്ടന്റെ വായിലേക്കും വെച്ചു കൊടുത്തു.

പിന്നെ കുളി ഒക്കെ കഴിഞ്ഞു നേരെ ഡാൻസ് ക്ലാസ്സിലേക്ക് വിട്ടു.

ഡാൻസ് ക്ലാസ്സ്‌ മുടക്കാൻ അമ്മ സമ്മതിക്കില്ല. കൂട്ടിനു അയല്പക്കത്തെ പിള്ളേരും ഉണ്ടാവും.

ഡാൻസ് ക്ലാസ്സിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ പഠിക്കാൻ ഉള്ള നേരെമേ ഉണ്ടാവു.പഠിക്കാൻ എടുത്താലും മനസു നിറയെ ആ സഖാവാണ്.

“കൊടും ചൂടിൽ പോലും പ്രണയം തീർത്ത ചുവന്ന വാക പൂക്കളെ പോൽ. എനിക്കും പൂക്കണം നിനക്ക് മാത്രമായി എന്റെ മാത്രം സഖാവിനായി ”

ബുക്കിൽ എഴുതിയ വരികളിൽ വിരൽ ഓടിച്ചു ഞാൻ ഇരുന്നു…….

പിന്നിൽ ആരോ നിൽക്കുന്നത് പോലെ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ ആണ് കണ്ടത്.

“ഇന്നെങ്കിലും പറഞ്ഞോ??? “(അച്ഛൻ ആണ് )

“ങേ….. എന്ത് പറഞ്ഞോ എന്ന്??? ”

“നിന്റെ ഇഷ്ടം അഭിയോട് ” ??

(അച്ഛന്റെ വാക്ക് കേട്ടു ഞാൻ ഞെട്ടി.അച്ഛനും ഞാനും നല്ല കൂട്ട് ആണ് അമ്മയേക്കാൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അച്ഛൻ ആയിരുന്നു.

അച്ഛനോട് പറയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഇല്ല അഭിയേട്ടന്റെ കാര്യം ഒഴികെ.അഭിയേട്ടന്റെ കാര്യം പറയാൻ പല തവണ ഒരുങ്ങിയതാണ് പക്ഷേ പറ്റിയില്ല അച്ഛൻ എങ്ങനെ എടുക്കും എന്ന ഭയം ആയിരുന്നു.

കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയെ പോലെ ഞാൻ തലകുനിച്ചു നിന്നു. അപ്പോഴും മനസു നിറയെ അച്ഛൻ എങ്ങനെ അറിഞ്ഞു എന്നതായിരുന്നു .

അച്ഛന്റെ കൈയിൽ നിന്നും ഒരു അടിയോ വഴക്കോ പ്രതീക്ഷിച്ചു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ ചിരിക്കുകയാണ് ചെയ്തത് )

“ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും എന്റെ മോള് ചിന്തിക്കുന്നത്.

അവിടെ കോളേജിൽ ചേർന്നു ഇന്നുവരെ കോളേജിൽ നടന്ന വിശേഷങ്ങളിൽ ഏറെയും നീ പറഞ്ഞിട്ടുള്ളത് അവനെ പറ്റി അല്ലേ അതിൽ നിന്നും ഊഹിക്കാവുന്നതെ ഉള്ളൂ.

പിന്നെ ഈ സ്വപ്നം കണ്ടു ഇരുപ്പും ബുക്കിൽ നിറയെ ഈ സഖാവ് എഴുതും ”

(അച്ഛൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ശെരിക്കും ചമ്മൽ ആണ് തോന്നിയത്. കോളജിൽ ചേർന്നു ഇന്ന് വരെ എനിക്ക് ഏറെ പറയാൻ ഉണ്ടായിരുന്നത് അഭിയേട്ടനെ കുറിച്ചായിരുന്നു.

അന്ന് ആശുപത്രിയിലെ കേസിനു ശേഷം ഇവിടെ എല്ലാർക്കും അഭിയേട്ടൻ സുപരിചിതൻ ആയിരുന്നു.

അല്ലെങ്കിലും ഇഷ്ടം ഉള്ള ആളെ കുറിച്ച് പറയാൻ നമ്മുക്ക് എല്ലാർക്കും നൂറു നാവാണല്ലോ. എത്ര പറഞ്ഞാലും തീരില്ല….. )

“എന്റെ മോളെ ഇതൊക്കെ ഈ പ്രായത്തിൽ തോന്നും.

തോന്നും എന്നല്ല തോന്നണം. അതൊക്കെ മനുഷ്യരിൽ പറഞ്ഞിട്ടുള്ളതാണ്. ഒരാളെ കാണുകയും അയാളോട് ഒരു ആകർഷണം തോന്നുന്നത് ഒക്കെ മോളുടെ ഈ പ്രായത്തിൽ ഉണ്ടാവും ”

“അച്ഛൻ പറയുന്ന പോലെ ഇതു വെറും ഒരു ആകർഷണം അല്ല അച്ഛാ. ആദ്യമൊക്കെ ഞാനും അങ്ങനെ തന്നെയാ വിചാരിച്ചേ പക്ഷേ പോകെ പോകെ എന്റെ ഉള്ളിൽ അഭിയേട്ടനോട് ഉള്ളത് യഥാർത്ഥ സ്നേഹം ആണ് എന്ന് തിരിച്ചറിയുകയായിരുന്നു ”

(കുറച്ചു നേരം ഞങ്ങൾക്ക് ഇടയിൽ മൗനം മാത്രമായിരുന്നു. മൗനത്തിനു വിരാമം ഇട്ടുകൊണ്ട് അച്ഛൻ തന്നെ ആണ് സംസാരിച്ചു തുടങ്ങിയത് )

“”ആട്ടെ അഭിക്ക് ഈ കാര്യം അറിയോ നീ പറഞ്ഞിട്ടുണ്ടോ??””

“ഇല്ല…. അഭിയേട്ടനോട് പറയാൻ എന്തോ ധൈര്യ കുറവ് പോലെ. പറഞ്ഞു കഴിഞ്ഞാൽ ഇപ്പൊ കാണിക്കുന്ന അടുപ്പം പോലും ഇല്ലാതെ വന്നാലോ എന്ന ഭയം. പിന്നെ രാഖി…. ”

(രാഖി പറഞ്ഞ കാര്യങ്ങളും ഞാൻ അച്ഛനോട് പറഞ്ഞു. എന്റെ മറുപടി കേട്ടതും അച്ഛൻ പൊട്ടി ചിരിക്കുകയാണ് ചെയ്തത് )

“എന്റെ മോളെ……എന്റെയും നിന്റെ അമ്മയുടെയും പ്രണയവിവാഹം ആയിരുന്നു എന്ന് അറിയാല്ലോ.

നിന്റെ അമ്മയുടെ സംഗീതം തന്നെ ആണ് അവളെ എന്റെ ജീവിതത്തിലേക്ക് അടുപ്പിച്ചത്.

എന്റെ മനസ്സിലെ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞതു കൊണ്ടാണ് അവൾ ഇന്ന് എന്റെ ഭാര്യയായി നിങ്ങളുടെ അമ്മയായി ഇവിടെ നിൽക്കുന്നത് ഇല്ലായിരുന്നെകിൽ ഇന്ന് അവൾ വേറെ ആരുടേങ്കിലും ഭാര്യായായി ജീവിച്ചേനെ …..

പിന്നെ എല്ലാവർക്കും എല്ലാരോടും ഇഷ്ടം തോന്നുന്നത് ഒരു വിധത്തിൽ ആവണം എന്നില്ല. ഞാൻ എന്റെ ഭാര്യയുടെ സംഗീതം കേട്ടാണ് സ്നേഹിച്ചത്..

അതുപോലെ ഇഷ്ടം തോന്നാൻ പല വിധ കാരണങ്ങൾ ഉണ്ടാവാം. മറ്റുള്ളവരുടെ വാക്ക് കേട്ടു നമ്മുടെ ഉള്ളിലെ ഇഷ്ടം മാറ്റിവെക്കേണ്ട കാര്യം ഇല്ല.

പിന്നെ അന്ന് ആശുപത്രിയിൽ വെച്ചു തന്നെ അഭിയെ എനിക്ക് ഇഷ്ടമായത് ആണ്.

നിനക്ക് അവനെ ഇഷ്ടം ആണെകിൽ ധൈര്യമായി പോയി പറ ബാക്കി അച്ഛൻ നോക്കാം. എന്നു വെച്ചു പഠിപ്പിൽ ഒഴപ്പരുത് കേട്ടല്ലോ……. ”

“അച്ഛൻ ആണ് അച്ഛാ അച്ഛൻ…. ഇപ്പോഴത്തെ കാലത്തെ അച്ഛൻമാർ ഒക്കെ അച്ഛനെ കണ്ടു പഠിക്കട്ടെ “(അതും പറഞ്ഞു ഞാൻ അച്ഛനെ കെട്ടി പിടിച്ചു )

“ഉവ്വാടി വലിയ പതപ്പിക്കൽ ഒന്നും വേണ്ട. എന്നെപോലെ എന്റെ അച്ഛനും ചിന്തിച്ചിരുന്നു എങ്കിൽ നമ്മുക്ക് ഇങ്ങനെ മാറി നിൽക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു.

അമ്മയുടെ ജാതി ആയിരുന്നു എന്റെ അച്ഛന് ഏറ്റവും വലിയ പ്രശനം…. ”

(വീണ്ടും ഞങ്ങൾക്ക് ഇടയിൽ മൗനം നിറഞ്ഞു. അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ഈ ലോകത്ത് ഒന്നും അല്ല എന്ന് തോന്നി.

കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നുണ്ട്. പാവം എല്ലാവരേയും വിട്ടു നിൽക്കുന്നതിന്റെ വിഷമം അച്ഛന് നല്ലപോലെ ഉണ്ട്. അച്ഛന്റെയും അമ്മയുടെയും നാട് ശരിക്കും ഒറ്റപ്പാലം ആണ്.

താഴ്ന്ന ജാതിയിൽ പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛൻ വീട്ടിൽ നിന്നും പുറത്തായി.

അമ്മയുടെ വീട്ടുകാർക്ക് അവരുടെ ബന്ധത്തിനു എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.

അതിനു ശേഷം ആണ് ഞങ്ങൾ ഈ നാട്ടിലേക്ക് വന്നത്. അച്ചാച്ചനെയും അച്ഛമ്മയെയും വല്യച്ഛൻ വല്യമ്മ അവരുടെ മകൻ അപ്പുവേട്ടനെയും കുറിച് അച്ഛൻ പറഞ്ഞു കേട്ട അറിവേ ഞങ്ങൾക്ക് ഉള്ളൂ.

ഇപ്പോഴും അവരെ പറ്റി പറയാൻ അച്ഛന് നൂറു നാവാണ്. )

“ആഹ് ഇവിടെ അച്ഛനും മോളും കൂടെ സ്നേഹം പ്രകടനം ആണോ.ഇന്നത്തെ സ്നേഹം പ്രകടനം കഴിഞ്ഞു എങ്കിൽ വാ ചോറ് എടുത്തു വെച്ചിട്ടുണ്ട്. ”

അതും പറഞ്ഞു പോവാൻ നിന്ന അമ്മയെ അച്ഛൻ കൈയിൽ പിടിച്ചു ചേർത്തു നിർത്തി. ഒരു കൈ കൊണ്ട് എന്നെയും മറ്റേ കൈ കൊണ്ട് അമ്മയെയും ചേർത്തു പിടിച്ചു .

അപ്പോഴാണ് വാതിലിന്റെ മറവിൽ കണ്ണ് നിറച്ചു നിൽക്കുന്ന അനിയൻ കുട്ടനെ കണ്ടത്. ചുണ്ട് മുകളിലേക്ക് ഉയർത്തി പിടിച്ചു ഇപ്പൊ കരയും എന്നാ മട്ടിൽ ആണ് നിൽപ്പ്. അത് കണ്ടതും അച്ഛൻ അവനെയും കൂടെ ചേർത്തു പിടിച്ചു.

“നിങ്ങൾ ആണ് എന്റെ ജീവൻ “(ഞങ്ങളെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അച്ഛൻ പറഞ്ഞു )

അന്നത്തെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസിൽ നിറയെ സന്തോഷം ആയിരുന്നു. മക്കളെ മനസിലാക്കുന്ന അച്ഛനെയും അമ്മയെയും കിട്ടിയതിൽ ദൈവത്തിനോട്‌ ഞാൻ നന്ദി പറഞ്ഞു….

പിറ്റേന്ന് ഒരു ശനിയാഴ്ച ആയിരുന്നു ക്ലാസ്സ്‌ ഇല്ലാത്തതിനാൽ രാവിലെ ആണ് ഡാൻസ് ക്ലാസ്സ്‌. രാവിലെ എഴുമണിക്ക് തുടങ്ങും .

രാവിലെ തന്നെ കുളിച്ചു ഡാൻസ് ക്ലാസ്സിലെ യൂണിഫോം ആയ നീലയും ഓറഞ്ചും ചുരിദാർ ഇട്ടു.നീണ്ട മുടി കുളി പിന്ന് ഇട്ടു.

ചിലങ്ക കൈയിൽ പിടിച്ചു കൊണ്ട് അടുത്തുള്ള പിള്ളേരെ കൂട്ടി ഡാൻസ് ക്ലാസ്സിലേക്ക് പുറപ്പെട്ടു.

അമ്പലത്തിനു അടുത്ത് തന്നെ ആയതിനാൽ പോകുമ്പോ അമ്പലത്തിൽ കയറി തൊഴുതിട്ടാണ് പോവാറു.

അങ്ങനെ അമ്പലത്തിൽ ചെന്ന് കണ്ണന്റെ സന്നിധിയിൽ നിന്നു കണ്ണടച്ചു മനമുരുകി പ്രാർത്ഥിച്ചു.

“അഭിലാഷ്, ആയില്യം ”

തിരുമേനി പ്രസാദം കൊടുക്കാൻ വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. നോക്കുമ്പോ ദേ എന്റെ മുന്നിൽ നിൽക്കുന്നു അഭിലാഷ് ചേട്ടൻ.

കറുത്ത കളർ ഷർട്ടും മുണ്ടും ആണ് വേഷം. ഷർട്ട്‌ ഊരി തോളിൽ ഒരു വശത്താക്കി ഇട്ടിരിക്കുന്നു.

കഴുത്തിൽ ഒരു രുദ്രക്ഷവും കിടക്കുന്നുണ്ട്. ശാന്തിയിൽ നിന്നും പ്രസാദം വാങ്ങി തിരിഞ്ഞപ്പോൾ ആണ് അഭിയേട്ടൻ എന്നെ കണ്ടത്..

“”താൻ എന്താ ഇവിടെ “”

“ആഹാ കൊള്ളാല്ലോ നല്ല ചോദ്യം അമ്പലത്തിൽ എന്തിനാ എല്ലാവരും വരുന്നേ ”

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ ആളുടെ മുഖത്തു ഒരു ചമ്മൽ പ്രകടമായി. നാക്ക് കടിച്ചു കൊണ്ട് പുള്ളി നിന്നു.

“പെട്ടന്നു കണ്ടപ്പോ എന്താ ചോദിക്കണ്ടേ എന്നായി പോയി. തന്റെ വീട് ഇവിടെ അടുത്ത് ആണോ? താൻ ദിവസവും വരോ ഇവിടെ??

“അതേല്ലോ.. ഇവിടുന്ന് കുറച്ചു പോയാൽ മതി.പിന്നെ ദിവസവും വരില്ല. ഡാൻസ് ക്ലാസ്സ്‌ ഉള്ള ദിവസങ്ങളിൽ പറ്റിയാൽ കയറും. അല്ല സഖാവ് എന്താ അമ്പലത്തിൽ. ഇങ്ങനെ ഉള്ള ശീലം ഒക്കെ ഉണ്ടോ??

“അത് എന്താടോ ഞങ്ങൾ സഖാകൾക്ക് അമ്പലത്തിൽ വരാൻ പാടില്ല എന്നുണ്ടോ?? ഞാനും ഒരു വിശ്വാസി ആണുടൊ . താൻ പാതി ദൈവം പാതി എന്നല്ലെ….

പിന്നെ എന്റെ ഒരു കൂട്ടുകാരന്റെ വീട് ഇവിടെ അടുത്താ ഇതു വഴി പോകുമ്പോ എല്ലാം ഈ അമ്പലം കാണാറുണ്ട്. ഇന്ന് വന്നപ്പോൾ എന്തായാലും കയറണം എന്ന് തോന്നി അങ്ങനെ വന്നതാ ”

സംസാരിച്ചു കൊണ്ട് തന്നെ ഞങ്ങൾ ശ്രീകോവിലിനു പുറത്തേക്ക് വന്നു. അപ്പോഴേക്കും കൂടെ ഉള്ളവരെ ഞാൻ ഡാൻസ് ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു.

കൈയിൽ ഇരുന്ന പുഷ്പാഞ്ജലിയിൽ നിന്നും ഒരു നുള്ള് ചന്ദനം നെറ്റിയിൽ തൊട്ട് കൊണ്ട് പ്രസാദം അഭിയേട്ടൻ എനിക്ക് ആയി നീട്ടി.

അതിൽ നിന്നും ഒരു നുള്ള് ചന്ദനം ഞാൻ ചാർത്തി അപ്പോഴാണ് പുഷ്പാഞ്ജലിയിലെ പ്രസാദത്തോടൊപ്പം കിടക്കുന്ന ചരടിലേക്ക് എന്റെ കണ്ണുകൾ ഉടക്കിയത്.

“ഇത് എന്താ ചരട് ഒക്കെ ”

“ഓഹ് ഇതോ ഇതു അമ്മ പറഞ്ഞിട്ടാ…… ഒരു ചരട് പൂജിച്ചു കെട്ടിയാൽ ഞാൻ നന്നാവും എന്നാ അമ്മ വിചാരിച്ചു വെച്ചേക്കുന്നേ. എന്നാൽ പിന്നെ അങ്ങു കെട്ടിയെക്കാം എന്ന് വിചാരിച്ചു.ഞാൻ നന്നായില്ല എങ്കിലും ആള് ഹാപ്പി ആവുമല്ലോ ”

അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അതിൽ നിന്നും ചരട് എടുത്തു പുള്ളി സ്വയം കെട്ടാൻ തുടങ്ങി. കുറെ നേരം നോക്കിട്ടും ശരിയാവാത്തത് കൊണ്ട് ചരട് ഞാൻ വാങ്ങി കെട്ടികൊടുത്തു.

കെട്ടി കൊടുക്കുന്ന സമയത്തു ആ കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാൻ അറിഞ്ഞു. അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ തന്നെ ഞാൻ എന്റെ പണി ചെയ്തു. കെട്ടി കഴിഞ്ഞതും ഞാൻ ആളുടെ മുഖത്തേക്ക് നോക്കി.

അത്രയും നേരം എന്നെ നോക്കി കൊണ്ടിരുന്ന ആള് പെട്ടന്നു തന്നെ നോട്ടം മാറ്റി.. പിന്നെ കുറച്ചു നേരത്തേക്ക് ആളുടെ നോട്ടം മുഴുവൻ അമ്പലത്തിലേക്ക് മാത്രം ആയി. കുറച്ചു കഴിഞ്ഞതും നോട്ടം എന്നിലേക്ക് എത്തി.

” അല്ല തന്റെ കൂട്ടുകാരി ആയിട്ടുള്ള വഴക്ക് ഒക്കെ തീർന്നോ?? ”

“അതൊക്കെ അപ്പൊ തന്നെ തീർന്നു….. ”

“മ്മ്മ്…. എന്തായാലും തന്റെ ഡാൻസ് നടക്കട്ടെ ഞാൻ ഒരു ശല്യം ആവുന്നില്ല കോളേജിൽ വെച്ചു കാണാം.”

എന്നും പറഞ്ഞു അഭിയേട്ടൻ നടന്നു. നടന്നു കുറച്ചു ചെന്നതും എന്നെ തിരിഞ്ഞു നോക്കി രണ്ടു കണ്ണും അടച്ചു കൊണ്ട് ചിരിച്ചു കാണിച്ചു.

അഭിയേട്ടൻ പോവുന്നതും നോക്കി കുറച്ചു നേരം കൂടെ ഞാൻ അവിടെ തന്നെ നിന്നു…..

********************************************

ഫോണിൽ വന്ന മെസ്സേജിന്റെ സൗണ്ട് കേട്ടാണ് ഓർമയിൽ നിന്നും ഉണർന്നത്. നോക്കിയപ്പോൾ രാഖി ആയിരുന്നു.

അന്നത്തെ സംഭവത്തിനു ശേഷം എന്റെ പ്രണയത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അവൾ ആയിരുന്നു. അവളും അഭിയേട്ടനും ആയി കൂടുതൽ കമ്പനി ആയി.

അഭിയേട്ടനെ കൂടുതൽ അടുത്തു അറിഞ്ഞപ്പോൾ അവൾക്ക് ഒരു ഏട്ടനെപോലെ ആയിരുന്നു അഭിയേട്ടൻ.

അഭിയേട്ടന് തിരിച്ചു അവൾ ഒരു അനിയത്തികുട്ടി ആയി.

കോളേജ് കഴിഞ്ഞതിനു ശേഷം ആകെ അവൾ ആയിട്ട് മാത്രമേ കോൺടാക്ട് ഉണ്ടായിരുന്നൊള്ളൂ.

ആകെ തളർന്നു പോയ നിമിഷത്തിലും എനിക്ക് കൂട്ടായി ഒരു കൂടപ്പിറപ്പ് ആയി അവൾ കൂടെ നിന്നു.

ഞാൻ ഡിഗ്രി കഴിഞ്ഞു കോ ഓപ്പറേറ്റീവ് ബാങ്ക് കോച്ചിങ് തിരഞ്ഞു എടുത്തപ്പോൾ അവൾ കോട്ടയത്തു ഉള്ള ഒരു കോളേജിൽ പിജി ക്ക് ചേർന്നു

. ഇപ്പൊ സെക്കന്റ്‌ ഇയർ ആണ് കക്ഷി. എന്നും വിളിക്കും അവളുടെ വിശേഷങ്ങൾ പറയുന്നതിനെക്കാൾ എന്റെ വിശേഷം ചോദിച്ചു അറിയാൻ ആണ് അവൾക്ക് ഇഷ്ടം….

ബസ് അപ്പോഴേക്കും ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയിരുന്നു.

പെരിയാർ പുഴക്ക് കുറുകെയുള്ള ഈ പാലം തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡ വർമ്മയാണ് തുറന്നു കൊടുത്തത്.

മൂന്നു വീതം ആർച്ചുകളാണ് പാലത്തിന്റെ ഇരുഭാഗത്തുമായി തീർത്തത്.

ഈ പാലം വഴി കടന്നു പോകുന്ന ഓരോ വിശ്വാസിയും ആലുവ തേവരെ വണങ്ങിയിട്ടാണ് പോകുന്നത്. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ.

പരശു രാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.

ദ്വാപരയുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രഷ്ഠനായ ജടായുവിന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് ഇവിടെ വെച്ചാണെന്നാണ് നിലവിലുള്ള സ്ഥലപുരാണം.

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വാഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഇവിടെ എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രി പ്രസിദ്ധമാണ്.

ശിവരാത്രി മണപ്പുറത്ത്‌ ബലി അർപ്പിച്ചാൽ മരിച്ചവർക്ക് മോക്ഷം കിട്ടും എന്നാണ് വിശ്വാസം…….

വണ്ടി അമ്പലം കാണാൻ പാകത്തിൽ എത്തിയപ്പോൾ ആലുവ തേവരെ ഞാനും വണങ്ങി. ഇപ്പോഴും എല്ലാ ശിവരാത്രിക്കും അച്ഛൻ ഞങ്ങളെ എല്ലാരേയും കൊണ്ട് ഇവിടെ വരും .

എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് ഇവിടെ എത്തുമ്പോൾ……

ബസ് എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പിൽ നിർത്തിയതും ബസിൽ നിന്നും ഇറങ്ങി ഞാൻ റോഡ് ക്രോസ്സ് ചെയ്തു അപ്പോഴും എന്റെ പുറകെ ആരോ ഉള്ളത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോ ആരെയും കണ്ടില്ല.

എന്നെ നോക്കി ബാങ്കിന്റെ മുൻപിൽ തന്നെ ബിന്ദു ചേച്ചിയെ കണ്ടപ്പോൾ അതൊക്കെ മറന്നു ഞാൻ ചേച്ചിടെ അടുത്തേക്ക് നടന്നു .

കൂടെ വർക്ക്‌ ചെയ്യുന്നവരിൽ ഞാൻ കൂടുതൽ കൂട്ട് ചേച്ചിയും ആയിട്ടാണ്. എന്റെ എല്ലാ കാര്യവും ചേച്ചിക്ക് അറിയാം. എനിക്ക് എന്റെ സ്വന്തം ചേച്ചിയെ പോലെ ആണ്. മാത്രമാണ് .ചേച്ചിയുടെ ഭർത്താവ് നാല് വർഷം മുൻപേ ചേച്ചിയെ ഉപേക്ഷിച്ചു വേറെ ഒരു പെണ്ണിന്റെ കൂടെ പോയി.

രണ്ടു കുട്ടി കളെ കൊണ്ട് തളരാതെ പിടിച്ചു നിന്നു ഇപ്പൊ അവരാണ് ചേച്ചിടെ ലോകം.

“എന്താടി പെണ്ണെ എത്ര നേരമായി നോക്കി നിൽക്കുന്നു ”

“അയ്യടാ ഞാൻ എപ്പോഴും വരുന്ന സമയത്തു തന്നെയാ വന്നത് ചേച്ചിയാ അല്പം നേരത്തെ വന്നത്.. ”

“ഓഹോ ഞാൻ എന്റെ കാര്യം അല്ലാടി പറഞ്ഞെ ദേ അവിടെ നിൽക്കുന്ന ആളുടെ ആണ്. കുറെ നേരമായി അവിടെ തന്നെ നിന്നു നീ വരുന്നുണ്ടോ എന്ന് നോക്കുന്നു ”

ചേച്ചി പറഞ്ഞപ്പോൾ ആണ് ബാങ്കിന്റെ ഡോർ സൈഡിൽ ഞങ്ങളെ നോക്കി നിൽക്കുന്ന ആളെ കാണുന്നത്…….

സുദേവ്..

തുടരും…….

©ശ്രുതി ©ശ്രീലക്ഷ്മി

(സ്വന്തം നാടിനെ പറ്റി എഴുതാൻ പലപ്പോഴും വാക്കുകൾ തികയാറില്ല. ഇവിടെ ഞങ്ങളും ഞങ്ങളുടെ നാടിനെ കുറിച്ച് എഴുതിയിട്ടുണ്ട്.

കുറച്ചു ഒക്കെ കേട്ടുകേൾവിയിൽ നിന്നു കിട്ടിയതും ബാക്കി ഒക്കെ ഗൂഗിൾ വഴി എഴുതിയതും ആണ് തെറ്റ് ഉണ്ടെകിൽ ക്ഷമിക്കുക.

പിന്നെ ആദിദേവിനെ പോലെ ഒരു അടിപിടി പ്രണയം അല്ല ഇവിടെ സൊ ആദിദേവ് പോലെ ഉള്ള ഒരു കഥ ഇവിടെ പ്രതീക്ഷിക്കരുത്…….. )

 

തുടരും..

ആദ്രിക : ഭാഗം 1