വാസുകി : ഭാഗം 4
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
“നശൂലം എന്തോ വരുത്തി വച്ചിട്ട് കിടന്നു മോങ്ങുന്നുണ്ട്… ഇനി അത് എന്താണാവോ… അതിന് പുറകെ നടക്കാൻ ഒന്നും എനിക്ക് വയ്യ
കേട്ടോ മനുവേ…”
“അമ്മയൊന്നു മിണ്ടാതെ വന്നേ.. എന്താന്ന് നോക്കാം . എവിടെയെങ്കിലും ഉരുണ്ടു വീണിട്ടുണ്ടാവും. പിടിചെഴുന്നേല്പിച് രണ്ടു പഞ്ചാര വാക്കും പറഞ്ഞങ് വിട്ടേക്കണം… അല്ലാതെ ഓവർ സ്നേഹം കാണിക്കാൻ ഒന്നും പോവണ്ട. ”
“പിന്നേ. . അവളെ ഒറ്റ വെട്ടിനു കൊല്ലാനുള്ള കലിയുണ്ട് എനിക്ക്… പിന്നെ നിവർത്തി കേട് കൊണ്ട് സ്നേഹം കാണിക്കുന്നു എന്ന് മാത്രം.
അടുക്കളയിൽ ചെന്നപ്പോൾ വാസുകി കരഞ്ഞു കൊണ്ട് തന്റെ വലതു കൈ അവർക്ക് നേരെ നീട്ടി.
“നന്നായി പൊള്ളിയിട്ടുണ്ട് ഏട്ടാ… നീറിയിട്ട് വയ്യ .. കഞ്ഞി വർത്തപ്പോൾ പറ്റിയതാ “.
അവളുടെ ഉള്ളം കൈ പൊള്ളി വീർത്തിട്ടുണ്ടായിരുന്നു. നിലത്തും അവളുടെ ദേഹത്തുമെല്ലാം കഞ്ഞി തെറിച്ചു വീണിട്ടുണ്ട്.
“നോക്കി ചെയ്യണ്ടേ മോളെ… മനു ആ പേസ്റ്റ് ഇങ്ങെടുക്ക് ..
പൊള്ളലിനു നല്ലതാ..” ഉള്ളിൽ മുളച്ചു പൊങ്ങിയ ദേഷ്യം മറച്ചു വച്ച് അവർ കയ്യിൽ പേസ്റ്റ് പുരട്ടാൻ തുടങ്ങി. “ഇതിനൊക്കെ ഹോസ്പിറ്റലിൽ പോകണ്ട കാര്യമുണ്ടോ?”
“വേണ്ട അമ്മേ . ഹോസ്പിറ്റലിൽ പോകാം… ഒരുപാട് പൊള്ളിയിട്ടുണ്ട്.” അവൾ കൈ മനുവിന്റെ നേർക്ക് നീട്ടി
“നോക്ക് മനുവേട്ടാ…. ഇത്രേം പൊള്ളൽ ഉണ്ട്. എനിക്കാണേൽ പുകഞ്ഞിട്ടും വയ്യ.. നമുക്ക് ഹോസ്പിറ്റലിൽ തന്നെ പോവാം ഏട്ടാ. ”
മനു അമ്മയെ നോക്കി.
“ഹാ .. കൊണ്ട് പോ.. നോക്കിയും കണ്ടും ഓരോന്ന് ചെയ്യാഞ്ഞിട്ടാ ഇങ്ങനെ ഓരോന്ന് വരുന്നത്.ഒക്കെ നശിപ്പിച്ചിട്ട് ഇനി ഹോസ്പിറ്റലിൽ കൂടി കൊണ്ടു പോണംന്ന്.” അവർ പിറുപിറുത്തു.
മനു വാസുകിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.
“നാശം പിടിച്ചവൾ… രാവിലെ അടുപ്പത്തു ഇട്ട കഞ്ഞി മുഴുവൻ നിലത്തുകൂടെ തൂവിയിട്ടുണ്ട്.. ഇതൊക്കെ ഇനി ആര് വൃത്തിയാക്കും.. എനിക്കെങ്ങും വയ്യ. ”
ചൂലും അടിച്ചു വാരിയും തിരികെ കൊണ്ട് വച്ചിട്ട് വരാന്തയിൽ വന്നിരുന്നു.
മനുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടതും തലയ്ക്കു കയ്യും കൊടുത്തു ആവശതയോടെ അവർ തൂണിൽ ചാരി എഴുന്നേറ്റു നിന്നു.
അവരെ കണ്ടാൽ ഇപ്പോൾ വീണു പോകുമെന്ന് തോന്നുമായിരുന്നു.
“എന്ത് പറ്റി അമ്മേ..?” മനു അമ്മയുടെ അടുത്തേക്ക് വന്നു.
“അറിയില്ല മോനെ… മോൾടെ കൈ പൊള്ളിയത് ഓർത്ത് ടെൻഷൻ അടിച്ചിട്ട് ആണെന്ന് തോന്നുന്നു… തലയ്ക്കു ഒക്കെ വല്ലാത്ത ഭാരം.. ഒരു വല്ലായ്മ”.
പണിയെടുക്കാതിരിക്കാൻ ഉള്ള അമ്മയുടെ അടവാണ് ഇതെന്ന് മനുവിന് മനസിലായി.
“നീ പോയി റസ്റ്റ് എടുക്ക് അശ്വതി .. ഞാൻ ഇപ്പോൾ വരാം”.
“തള്ള പുതിയ അടവും കൊണ്ട് ഇറങ്ങിയിരിക്കുകയാ…”വാസുകി അവരെ ഒന്നും നോക്കിയിട്ട് അകത്തേക്ക് പോയി.
“പണി ഒന്നും ചെയ്തില്ല അല്ലേ …? “മനു ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ലടാ .. അവള് വന്നിട്ട് ചെയ്യട്ടെന്ന് കരുതി.. മൂന്നു നേരവും തിന്നുന്നത് അല്ലേ.. കുറച്ചു പണിയൊക്കെ എടുക്കട്ടെ.”
“എന്നാ ഈ പ്രാവശ്യം അമ്മ പെട്ടു കേട്ടോ… അവളോട് മുറിവ് ഉണങ്ങും വരെ സൂക്ഷിക്കണംന്നാ ഡോക്ടർ പറഞ്ഞേക്കുന്നെ..
അത്യാവശ്യം നല്ല രീതിയിൽ തന്നെ പൊള്ളിയിട്ടുണ്ട്. അത് കൊണ്ട് പണി ഒന്നും ചെയ്യാൻ അമ്മ അവളെ പ്രതീക്ഷിക്കണ്ട”.
“എന്റെ ഭഗവതി… ഇതൊരു വല്ലാത്ത ചതി ആയി പോയി. ഒരു കൈ കൊണ്ട് ചെറിയ സഹായമൊക്കെ ചെയ്യുമായിരിക്കും ഇല്ലേടാ..? ”
അവർ പ്രതീക്ഷയോടെ മനുവിനെ നോക്കി.
“എന്റെ അമ്മേ…
പനി പിടിച്ചു കിടന്നപ്പോഴും എണീറ്റ് വന്നു പണി ചെയ്ത പോലെ അല്ല ഇത്. കാലിലും പൊള്ളൽ ഉണ്ട്.. കൈക്ക് ഉള്ള അത്രേ മില്ല എന്ന് മാത്രം.
അതുകൊണ്ട് അതൊക്കെ ഭേദമാകും വരെ അടുക്കള ഡ്യൂട്ടി അമ്മക്ക് തന്നെയാ”.
“എന്റെ വിധി.. അല്ലാതെ എന്ത് പറയാനാ “..
അവർ തന്നെ തറയൊക്കെ വൃത്തിയാക്കി..
ദോശയും ചമ്മന്തിയും ഉണ്ടാക്കി.ഉച്ചക്കതെക്കുള്ള കഞ്ഞി അടുപ്പത്തിട്ടു . അപ്പോഴേക്കും മനു കഴിക്കാൻ വന്നിരുന്നു.
“അവളെന്തിയേടാ… ഇറങ്ങി വരത്തില്ലയോ..? അവൾക് തിന്നാനുള്ളതും കൊണ്ട് മേലോട്ട് ചെല്ലാൻ എനിക്കെങ്ങും വയ്യ കേട്ടോ”.
“അവളിപ്പോ വരും അമ്മേ.”
മനു പറഞ്ഞു തീരും മുൻപേ വാസുകി പടിയിറങ്ങി വരുന്നത് അവർ കണ്ടു.
“അയ്യോ മോൾക്ക് ഉള്ളത് അമ്മ അങ്ങ് കൊണ്ട് വരുമായിരുന്നല്ലോ.. വയ്യാത്ത മോളെന്തിനാ ഇങ്ങോട്ട് വന്നത്.”
പെട്ടന്നുള്ള അമ്മയുടെ ഭാവമാറ്റം കണ്ടു മനുവിന് ചിരി പൊട്ടി.
“ഓരോരോ ഗതികേടുകളേ..”അവൻ അമ്മ കേൾക്കാൻ പാകത്തിന് പതുക്കെ പറഞ്ഞു.
വാസുകിക്കുള്ള ദോശയും ചമ്മന്തിയും അവർ തന്നെ വിളമ്പി മുന്നിൽ വച്ചു കൊടുത്തു. അവരും ഒപ്പമിരുന്നു കഴിക്കാൻ തുടങ്ങി.
“എന്താ അശ്വതി നീ കഴിക്കുന്നില്ലേ..?”
അവൾ മനുവിനെയും തന്റെ കയ്യിലെക്കും നോക്കി.
“അങ്ങ് വാരി കൊടുക്ക് മോനെ.. മോൾടെ കൈക്ക് സുഖമില്ലാത്തതല്ലേ.”
അമ്മ മനഃപൂർവം തനിക് പണി തന്നതാണ്ന്ന് മനുവിന് മനസിലായി.
മനസില്ലാ മനസോടെ അവൻ ദോശ മുറിച്ചു വാസുകിയുടെ വായിൽ വച്ച് കൊടുത്തു .
വാസുകിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..
കുറച്ചു കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു.
“എന്തു മാത്രം പണിയാ ബാക്കി…
ഇനി അതൊക്കെ തീർത്തിട്ട് വേണം ഒന്നിരിക്കാൻ.. അലക്കാൻ കുറെ കുന്നു കൂട്ടി ഇട്ടിട്ടുണ്ട്..
ഈ വയസാം കാലത്ത് എന്റെ ഓരോ കഷ്ടപാടുകളെ”.
വാസുകി കേൾക്കാൻ ഉറക്കെയാണ് അവർ പറഞ്ഞത്.
“അയ്യോ… അമ്മേ .. ഞാൻ മറന്നു. എന്റെ കുറച്ചു ഡ്രസ്സ് കൂടി ഉണ്ട്. അമ്മക്ക് വിരോധമില്ലെങ്കിൽ അതുകൂടി ഒന്നു നനച്ചു തരുവോ?”
“അതിനെന്താ മോളെ… തന്നേരെ..” ഇപ്പോൾ അലക്കുന്ന കാര്യം പറയേണ്ടിയിരുന്നില്ലന്ന് അവർക്ക് തോന്നി.
വാസുകി തന്റെയും മനുവിന്റെയും കുറച്ചു ഡ്രസ്സ്‌കളും ബെഡ് ഷീറ്റും പുതപ്പുമൊക്കെ മുറിയുടെ ഒരു മൂലയിൽ കൂട്ടി വച്ചു.
“അമ്മേ… ഇങ്ങ് കേറി വരോ.. എനിക്ക് എല്ലാം കൂടി എടുക്കാൻ വയ്യാത്തതു കൊണ്ടാ”.
മുറിയിൽ വന്നു തുണി കണ്ടപ്പോൾ ഇടി വെട്ടേറ്റ പോലെ നിന്നു പോയി അവർ.
“ഇത്രേം തുണികളോ.. ഇതെല്ലാം നനച്ചു വരുമ്പോഴേക്കും എന്നെ തെക്കോട്ടു എടുക്കേണ്ട വരൂലോ ഭഗവതി”. ഉള്ളിൽ വാസുകിയെ പ്രാകി കൊണ്ട് അവർ തുണിയെല്ലാം വരി നന്നാക്കാൻ കൊണ്ടിട്ടു.
ആലക്കൽ സുഭാദ്രാമ്മ…. ഇനി കഷ്ടപ്പാട് എന്താണെന്ന് നിങ്ങൾ അറിയാൻ പോകുന്നെ ഉള്ളു. ഈ വാസുകി നിങ്ങളെ പഠിപ്പിക്കും”.
അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. രഘുവിന്റെ നമ്പർ ഡിസ്പ്ലേയിൽ കണ്ടതും അവൾക്കു സന്തോഷമായി.
“അങ്കിൾ.. അച്ഛന് എങ്ങനെയുണ്ട്… നിങ്ങൾ സേഫ് അല്ലേ… ആരും തിരക്കി വന്നില്ലല്ലോ അല്ലേ..?”
മറുതലക്കൽ നിന്ന് ചിരി കേട്ട് അവൾ ഒന്ന് നിർത്തി.
“അങ്കിൾ എന്തിനാ ചിരിക്കുന്നത്…? ”
“എന്റെ മോളെ… നീയൊന്ന് ശ്വാസം വിട് ആദ്യം.. എന്നിട്ട് പതുക്കെ ഓരോന്നായി ചോദിക്..”
“ശെരി അങ്കിൾ… പറയു.. ”
രഘു അവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു.എല്ലാവരും സേഫ് ആണെന്നറിഞ്ഞതിൽ അവൾക്കു ആശ്വാസം തോന്നി.
“എവിടെ നിന്റെ അമ്മായിയമ്മയും ഭർത്താവും?”
“മനു പോയി … അമ്മ തുണി നനക്കുന്നു .”
ആലക്കലെ സുഭദ്ര മേലനങ്ങി പണി ചെയ്യേ…അങ്ങനെ വരാൻ വഴിയില്ലല്ലോ അത്ഭുതം തന്നെ..”
“അതിനുള്ള വഴിയൊക്കെ ഈ വാസുകിക്ക് അറിയാം അങ്കിൾ”.
“നീ എന്താ മോളെ ചെയ്തെ..? ”
അവൾ രഘുവിനോടു എല്ലാം വിശദമായി പറഞ്ഞു.
“എന്നാലും എന്റെ മോളെ… അവർക്ക് പണി കൊടുക്കാൻ സ്വന്തം കൈ പൊള്ളിക്കണമായിരുന്നോ നിനക്ക്? വേദനിക്കുന്നതു നിനക്ക് മാത്രമല്ല . ഞങ്ങൾക്കും കൂടിയാന്ന് നീ ഓർക്കണം.”
“അവരെ കഷ്ടപെടുത്താൻ ഞാൻ ഏതറ്റം വരെയും പോകും അങ്കിൾ..
മരിക്കാൻ പോലും ഞാൻ തയ്യാറാ… അവരുടെ രണ്ടു പേരുടെയും അവസാനം കണ്ടിട്ടേ വാസുകി അടങ്ങൂ”.
“സൂക്ഷിക്കണം മോളെ.. അവർക്ക് സംശയം ഒന്നും തോന്നരുത്”.
“ഇല്ല അങ്കിൾ ഞാൻ നോക്കികൊള്ളാം. പിന്നെ അച്ഛനെ നമുക്ക് മറ്റൊരു ഡോക്ടറെ കാണിക്കണ്ടെ… ”
“വേണം മോളെ… ദേവൻ വരുന്നുണ്ട്… ഞാൻ അവനു കൊടുക്കാം.. നിന്റെ ശബ്ദം തിരിച്ചറിയൊന്നു നോക്കാം”.
രഘു ഫോൺ ദേവനു കൈ മാറി.
“ഹലോ… ”
“ഹലോ … “വാസുകി തിരിച്ചു ഹലോ പറഞ്ഞതും ദേവൻ എന്റെ മോളെ എന്ന് വിളിച്ചു കരയാൻ തുടങ്ങി.
“അച്ഛാ… കരയല്ലേ അച്ഛാ… ”
ഏങ്ങൽ അടക്കി കൊണ്ട് അവൾ പറഞ്ഞു..
മറു തലക്കൽ അപ്പോഴേക്കും ഫോൺ കട്ടായികഴിഞ്ഞിരുന്നു.
തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫ് ആയിരുന്നു.
“അച്ഛാ…. “വാസുകി കട്ടിലിൽ വീണു കരഞ്ഞു.
“നീ ആരെയാ അച്ഛാന്ന് വിളിച്ചത്..? ”
വാതിൽക്കൽ അവളെ തന്നെ നോക്കി നിൽക്കുന്ന സുഭദ്രാമ്മയെ കണ്ടതും വാസുകി ഞെട്ടി.
(തുടരും )