ലോകകപ്പ് ഫുട്ബോൾ; ഹയാ കാർഡുള്ളവർക്ക് 3 പേരെ കൂടെ കൂട്ടാം
ദോഹ: ഫുട്ബോൾ പ്രേമികൾക്കായി വാതിലുകൾ തുറന്ന് ഖത്തർ. ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത മൂന്ന് പേരെ കൂടി കൊണ്ടുപോകാം. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഈ അവസരം ലഭ്യമാകും. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജി യാസർ അൽ ജമാൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.
ഖത്തറിന്‍റെ പുതിയ 1+3 നയം അനുസരിച്ച് ലോകകപ്പ് മത്സരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഹയ കാർഡിൽ 3 പേരെ കൂടി ഉൾപ്പെടുത്താം. ഒരു ഹയ കാർഡ് ഉടമയ്ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരാം. മാച്ച് ടിക്കറ്റ് ഇല്ലെങ്കിലും ലോകകപ്പിന്‍റെ ഫാൻ സോണുകളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാം. എന്നിരുന്നാലും, ഇതിനായി ഒരു നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
നവംബർ 20 മുതൽ ഡിസംബർ 6 വരെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്താണ് പ്രവേശനമെങ്കിലും നയം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തിലാകും. ടിക്കറ്റ് ഇല്ലാത്തവർക്ക് ലോകകപ്പ് ഫാൻ സോണുകളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം.