Friday, March 29, 2024
LATEST NEWSPOSITIVE STORIES

പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി ‘കനിവ് 108’

Spread the love

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

Thank you for reading this post, don't forget to subscribe!

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും അവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയയിലേക്ക് പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടനെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുധീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തെത്തുകയും, ബിൻസി അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള പൊക്കിൾക്കൊടി വിച്ഛേദിച്ച് പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. അമ്മയെയും കുഞ്ഞിനെയും പാലക്കാട്ടെ വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.