ജയത്തിനൊപ്പം പാകിസ്ഥാന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യ
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ ഇതിനകം ജയിച്ചുകഴിഞ്ഞു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ അപ്രസക്തമായ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.
പരമ്പര വിജയത്തോടെ ഇന്ത്യക്ക് തകർപ്പൻ റെക്കോർഡും സ്വന്തമായി. ഏതെങ്കിലുമൊരു എതിരാളിക്കെതിരെ തുടർച്ചയായി ഏറ്റവുമധികം ഏകദിന പരമ്പര വിജയിക്കുന്ന ടീമായാണ് ഇന്ത്യ മാറിയത്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12-ാം ഏകദിന പരമ്പര വിജയമാണിത്. 2007ലാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് തുടങ്ങിയത്.
പാകിസ്ഥാന്റെ പേരിലുള്ള റെക്കോർഡാണ് ഇന്ത്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിംബാവെയ്ക്കെതിരെ തുടർച്ചയായി 11 ഏകദിന പരമ്പരകൾ നേടിയ പാകിസ്ഥാന്റെ റെക്കോർഡാണ് ഇന്ത്യ തകർത്തത്. 1996 നും 2021 നും ഇടയിലാണ് പാകിസ്ഥാൻ പരമ്പര വിജയങ്ങൾ നേടിയത്.