Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

വിവേകക്ക് മജ്ജ മാറ്റിവെക്കാം; നാടൊരുമിച്ചപ്പോൾ അരക്കോടി കവിഞ്ഞു

കാ​ഞ്ഞ​ങ്ങാ​ട്: കാരുണ്യം വറ്റാത്തവരുടെ കാരുണ്യം ഒഴുകി എത്തിയപ്പോൾ 10 വയസുകാരിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണത്തിന്റെ സമാഹരണം അരക്കോടി കവിഞ്ഞു. അ​മ​ർ​ഷാ​ൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സമാഹരിച്ച മെഡിക്കൽ ഫണ്ടിൽ ഒരാഴ്ചയ്ക്കിടെ 63,60,137 രൂപയാണ് സമാഹരിച്ചത്. പള്ളിക്കര പഞ്ചായത്തിലെ പാക്കം 13-ാം വാർഡിൽ താമസിക്കുന്ന വിവേകയ്ക്കാണ് ഈ തുക. തലാസീമിയ എന്ന അപൂർവ രോഗത്തെ തുടർന്ന് വിവേകയുടെ കുടുംബം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പാടുപെടുകയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് പണം സമാഹരിച്ചത്. ഓൺലൈനിലൂടെ ഉൾപ്പെടെ സഹായം അഭ്യർത്ഥിച്ച് നാട്ടുകാരും സഹകരിച്ചു. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും സഹായം ഒഴുകിയെത്തിയതോടെ ദിവസങ്ങൾക്കകം ചികിത്സയ്ക്കുള്ള തുക കണ്ടെത്തി. അ​മ​ർ​ഷാ​ൻ ഫൗണ്ടേഷൻ ചെയർമാൻ അ​മ​ർ​ഷാനും മറ്റ് ഭാരവാഹികളും ചേർന്നാണ് തുക അമ്മയ്ക്ക് കൈമാറിയത്. കുഞ്ഞിന്‍റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടുത്തയാഴ്ച ബെംഗളൂരു ആശുപത്രിയിൽ നടക്കും. അമ്മയാണ് മ​ജ്ജ ന​ൽ​കു​ന്ന​ത്.