വേളി: ഭാഗം 12
രചന: നിവേദ്യ ഉല്ലാസ്
“ഏട്ടനെന്തിനാ എന്നെ വിവാഹം കഴിച്ചത്… ഇഷ്ടം അല്ലാത്ത വിവാഹത്തിന് എന്തിനാ സമ്മതിച്ചത്……വെറുതെ എന്തിനാണ് എന്നെ മോഹിപ്പിച്ചത് ” അവൾ ശാന്തമായി വീണ്ടും അവനോട് ചോദിച്ചു.. കൃഷ്ണപ്രിയ വിഷമിക്കരുത്.. എനിക്ക് ചില കാര്യങ്ങൾ പറയുവാനുണ്ട് തന്നോട്.. എല്ലാം കേട്ടു കഴിഞ്ഞു താൻ എന്നോട് ക്ഷമിക്കും എന്ന് എനിക്ക് അറിയാം … ഇതൊന്നും തന്നോട് മുന്നേ പറയാഞ്ഞത് എന്റെ തെറ്റ് ആണ്… പക്ഷെ സംഭവിച്ചു പോയെടോ…. സോറി നിരഞ്ജൻ പറഞ്ഞു തുടങ്ങി..
അവൾ മിടിക്കുന്ന ഹൃദയവും പേറി ആകാംഷയോടെ അവനെ നോക്കി. എന്താണ് ഇനി എന്നോട് പറയാൻ പോകുന്നത്… ഈശ്വരാ, അത് ഒക്കെ സഹിയ്ക്കാൻ ഉള്ള ത്രാണി എനിക്ക് നൽകണേ… അവൾ മൂകമായി കേണു. അപ്പോളും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു. “കൃഷ്ണപ്രിയേ….. എനിക്ക് ചില കടമകൾ ചെയ്ത് തീർക്കുവാൻ ഉണ്ട്.. എന്നെ മാത്രം മനസിൽ വിചാരിച്ചു ഒരു പെണ്കുട്ടി കഴിയുന്നുണ്ട്.. അവളുടെ ഊണിലും ഉറക്കത്തിലും ഈ നിരഞ്ജൻ മേനോൻ മാത്രം ഒള്ളു..അവൾക്ക് ആകെ ഉള്ളത് ഇന്നീ ലോകത്തിൽ ഞാൻ മാത്രം ആണ്….
എല്ലാത്തിനും ഉപരിയായി അവളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് പ്രിയേ… എനിക്ക് ഈ ഒരു അവസ്ഥയിൽ മറ്റൊരു പെൺകുട്ടിയെയും ആത്മാർഥമായി സ്നേഹിക്കുവാൻ കഴിയില്ല കൃഷ്ണപ്രിയ….ഈ വിവാഹം വേണ്ട എന്ന് ഒരായിരം ആവർത്തി ഞാൻ പറഞ്ഞു കഴിഞ്ഞു.. പക്ഷെ ആരും ചെവി കൊണ്ടില്ല…ഞാൻ എല്ലാവരോടും പറഞ്ഞതാണ് ഈ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി തന്നെ…. എന്നാല്…..അവന്റെ ശബ്ദം വിറച്ചിരുന്നു… കൃഷ്ണപ്രിയയ്ക്ക് കേട്ട വാക്കുകൾ വിശ്വസിക്കുവാൻ പ്രയാസമായിരുന്നു…. ഏട്ടന്റെ മനസിൽ വേറെ ഏതോ ഒരു പെൺകുട്ടി ഉണ്ടെന്ന്….
അവളെ ഉപേക്ഷിക്കാൻ ആൾക്ക് കഴിയില്ല പോലും അതിനേക്കാൾ ഉപരി അവളെ ഞെട്ടിച്ചത് എല്ലാവരും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു നാടകം കളിച്ചത്… അപ്പോൾ താൻ എല്ലാവരുടെയും മുന്നിൽ,,,,,കഥ അറിയാതെ ആട്ടം ആടി..ഈശ്വരൻ വീണ്ടും എന്നേ പരീക്ഷിച്ചു…. നിരഞ്ജൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു തന്നെ അയാൾക്ക് ഒരിക്കലും സ്നേഹിക്കുവാൻ കഴിയുല്ലന്നു…താൻ ഒഴിവാകണം എന്നാണ് അയാൾ പറഞ്ഞതിന്റെ അർഥം… അപ്പോൾ താൻ വീണ്ടും ഈ ഭൂമിയിൽ ഏക ആകുക ആണ്….. ആരോരും ഇല്ലാത്തവൾ ആയി മാറുകയാണ്… അവളുടെ കണ്ണുകൾ നിറഞ്ഞിരിന്നില്ല……..
. ചങ്ക് പൊട്ടുന്ന പോലെ തോന്നുന്നുണ്ട് പക്ഷെ ഇനി… ഇനി താൻ കരയില്ല എന്ന് അവൾ ഉറപ്പിച്ചു. കാരണം ഈശ്വരന്റെ മുന്നിൽ ഇനി തോറ്റു കൊടുക്കുന്നില്ല.. കുറെ കാലങ്ങൾ ആയില്ലേ തന്റെ കണ്ണീരു കാണാൻ തുടങ്ങീട്ട്.. മതി ആയില്ലെങ്കിൽ വേണ്ട… എന്നാലും ശരി ഇനി ഈ പാവംപ്രിയ കരയില്ല.. അവൾ അടിവരയിട്ട് കൊണ്ട് തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഇതാണ് അദ്ദേഹത്തിന്റെ ഒഴിവാക്കലിന് കാരണം, വന്നപ്പോൾ മുതൽക്കേ താൻ ചിന്തിച്ചു കൂട്ടിയതിന്റെ ഉത്തരം ഇതാണ് എന്ന് അവൾക്ക് മനസിലായി.. പിന്നീട് വീട് എത്തുന്നുന്നത് വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല….”
പ്രിയ ഒന്ന് പൊട്ടിക്കരയും എന്നാണ് അവൻ കരുതിയത്.. പക്ഷെ തന്റെ സമീപത്തായി ഒരക്ഷരം പോലും ഉരിയാടാതെ ഇരിക്കുന്നവളെ കണ്ടതും അവനും വല്ലാത്ത നൊമ്പരം തോന്നി. ഭാഗ്യദോഷിയായി ജനിച്ചാൽ ഇങ്ങനെ ഇരിക്കുംടി….. യോഗം വേണം, മീര പലപ്പോളും പറയുന്ന വാക്കുകൾ അവൾ ഓർത്തു… ഒരു നെടുവീർപ്പോടുകൂടി അവൾ വെളിയിലെ കാഴ്ചകൾ നോക്കി ഇരുന്നു. പലരും പ്രിയയെ കാണുവാൻ വേണ്ടി കോവിലകത്തു വന്നിരുന്നു… എല്ലാവരോടും അവൾ അവരോട് ഒക്കെയും ഒരുപാട് സ്നേഹപൂർവം സംസാരിച്ചു… അരുന്ധതി ക്ക് കിട്ടിയ ഭാഗ്യം ആണ് ഈ കുട്ടി എന്ന് പറഞ്ഞു കൊണ്ട് ആരൊക്കെയോ അവളെ ചേർത്ത് പിടിച്ചു..
പ്രിയ യും വിട്ടു കൊടുത്തില്ല. എല്ലാവരുടെയും മുൻപിൽ അവളും അഭിനയിച്ചു… വളരെ നല്ല ഒരു മരുമകൾ ആയി തന്നെ. പക്ഷെ കൃഷ്ണപ്രിയ ഒരു തീരുമാനം എടുത്തിരുന്നു… അത് അവളുടെ അന്തരത്മാവിൽ അലയടിച്ചു കൊണ്ടേ ഇരുന്നു. നിരഞ്ജൻ പല തവണയും അവളെ നോക്കുവാനോ സംസാരിക്കുവാനോ ശ്രമിച്ചപ്പോൾ അവൾ ഒഴിഞ്ഞു മാറി.. ക്ഷമാപണം നടത്തുന്നത് കേൾക്കാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു…. ഇടക്ക് അവർ രണ്ടുപേരും, ദേവികയും കുട്ടിപട്ടാളങ്ങളും ഒക്കെയായി പുറത്തേക്ക്പോയി.. ദേവിക രണ്ടുപേരെയും ചേർത്ത് നിർത്തി ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു..
അവളോട് ചേർന്ന് നിൽകുമ്പോൾ ഒക്കെ അവന്റെ നെഞ്ചിടിപ്പ് കൂടി വന്നു.. പക്ഷെ പ്രിയക്ക് ആണെങ്കിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.. അങ്ങനെ നാലാം ദിവസം വിരുന്നിനു പോകാനുള്ള ഒരുക്കത്തിൽ ആണ് പ്രിയ…നിരഞ്ജൻ അരുന്ധതിയോട് അവനു പ്രിയയുടെ വീട്ടിലേക്ക് പോകുവാൻ താല്പര്യം ഇല്ലെന്നു പറയുന്നത് അവൾ കേട്ടു… പക്ഷെ അരുന്ധതിയും ഭാമയും അവനെ വഴക്ക് പറഞ്ഞു… ഒടുവിൽ അവൻ പോകുവാൻ സമ്മതം മൂളി… അങ്ങനെ ഉച്ചയോടു കൂടി അവർ രണ്ടുപേരും പോകുവാൻ തയ്യാറായി വന്നു.. ഇതെന്താ മോളേ ഗോൾഡ് ഒന്നും ഇടാതെ ആണോ പോകുന്നത് എന്റെ കുട്ടിക്ക് ഇഷ്ടം ഉള്ളത് എന്താണ് എന്ന് വെച്ചാൽ എടുത്തു ഇടുന്നെ……
അല്ലെങ്കിൽ ആളുകൾ ഒക്കെ ഈ കുടുംബത്തെ കുറ്റപെടുത്തും കേട്ടോ.. അരുന്ധതി അവളെ സ്നേഹപൂർവം ശാസിച്ചു…അപ്പോളാണ് ഭാമയും ശ്രദ്ധിച്ചത്… പ്രിയ താലിമാലയും പിന്നെ അവൾക്ക് ദേവൻ വാങ്ങി കൊടുത്ത വളകൾ മാത്രം ആണ് അവൾ അണിഞ്ഞിരിക്കുന്നത്… ഏടത്തി പറഞ്ഞത് സത്യം ആണല്ലോ.. മോൾക്ക് എന്തെ ഒന്നും വേണ്ടാത്തത്.. ഭാമ പറഞ്ഞതും പെട്ടന്ന് തന്നെ അരുന്ധതി അകത്തേക്ക് പോയി ഒരു ആമാട പെട്ടി എടുത്തോണ്ട് വന്നു.. മോളേ ഇതിൽ നിന്ന് പാലക്കാ മാലയോ, മരതക മാലയോ കാശു മാലയോ ഏതാണ് ഇഷ്ടമെന്ന് വെച്ചാൽ എടുത്തേ…
ഒന്നും വേണ്ട അമ്മാ… ഒരുപാട് യാത്ര ചെയേണ്ടത് അല്ലേ… അതുകൊണ്ട് ഒന്നും വേണ്ട…മാത്രമല്ല എനിക്ക് ഇതൊന്നും ഇട്ട് ശീലോം ഇല്ല.. പ്രിയ അതെല്ലാം അപ്പോൾ തന്നെ അരുന്ധതിയെ തിരികെ ഏൽപ്പിച്ചു.. ഭാമ യും അരുന്ധതിയും ഏറെ നിർബന്ധിച്ചു എങ്കിലും പ്രിയ ഒഴിഞ്ഞു മാറി. എന്നാൽ ഇറങ്ങിക്കോ കുട്ട്യോളെ..നേരം വൈകിക്കേണ്ട ട്ടോ . മുത്തശ്ശി പറഞ്ഞു… അവർ രണ്ടുപേരും എല്ലാവരുടെയും കാൽ തൊട്ട് വന്ദിച്ചു അനുഗ്രഹം ഒക്കെ മേടിച്ചു.. അങ്ങനെ പ്രിയ നിരഞ്ജന്റെ ഒപ്പം യാത്ര തിരിച്ചു… തനിക്ക് പറയാൻ ഉള്ളത് എല്ലാം ഏട്ടനോട് പറയാം….
ഇനി ഒരു മുഖവുര യിടെ ആവശ്യം ഇല്ല എന്ന് അവൾക്ക് തോന്നി. ഏട്ടാ.. പ്രിയ വിളിച്ചപ്പോൾ അവൻ മുഖം തിരിച്ചു അവളെ നോക്കി. തിരിച്ചു ഏട്ടന്റെ കൂടെ ഞാൻ വരണില്ലാ ട്ടോ…ഏട്ടനെ മാത്രം സ്വപ്നം കണ്ടു കഴിയണ, ഏട്ടൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഏട്ടന് ഇഷ്ടപെട്ട ആ കുട്ടിയെ, സ്വീകരിച്ചു ഏട്ടൻ സന്തോഷത്തോടെ കഴിയണം…… കൃഷ്ണപ്രിയ ആർക്കും ഒരിക്കലും ഒരു തടസമാകില്ല….. ഒരിക്കലും കുറേ ദൂരം പിന്നിട്ട് കഴിഞ്ഞു പ്രിയ മെല്ലെ നിരഞ്ജനോട് പറഞ്ഞു…...…. (തുടരും )