Sunday, December 22, 2024
Novel

വേളി: ഭാഗം 1

രചന: നിവേദ്യ ഉല്ലാസ്‌

“എങ്ങനെ എങ്കിലും ഈ മാരണം ഒന്ന് തലയിൽ നിന്നൊഴിഞ്ഞാൽ മതി ദേവേട്ടാ..നാശംപിടിച്ചവള്… കണി കാണാൻ പോലും കൊള്ളില്ല .”. മീര ഉറഞ്ഞു തുള്ളുകയാണ്….

എടോ… ആദ്യം ആ ചെറുക്കൻ ഒന്നു വന്നു കണ്ടിട്ട് പോട്ടെന്നേ .. എന്നിട്ട് തീരുമാനിക്കാം എങ്ങനെ ആണ് കാര്യങ്ങൾ എന്നൊക്കെ….താൻ ഇങ്ങനെ ബഹളം കൂട്ടിയത് കൊണ്ട്, എന്താ പ്രയോജനം മീരേ….

ദേവൻ മയത്തിൽ തന്നെ ആണ് ഭാര്യയോട് സംസാരിക്കുന്നത്…

“ആരും വന്നു കണ്ടില്ലലോ അവളെ..ഇനി അവര് പറഞ്ഞു പറ്റിക്കുന്നത് ആണോ ദേവേട്ടാ..അവളെ ഒന്നു കെട്ടി എടുക്കാൻ ഏതെങ്കിലും ഒരുത്തൻ വന്നാൽ മതി ആയിരുന്നു ..”

മീരയ്ക്ക് പിന്നെയും പിന്നെയും ദേഷ്യം കയറി.

“.ചെറുക്കനും അമ്മയും കൂടി വരും എന്നാണ് അറിയിച്ചത് … മോളെ കണ്ടു ഇഷ്ടം ആകണ്ടേ.. ജാതകം നോക്കണം… എല്ലാം ഒത്തു വന്നതിനു ശേഷം ബാക്കി തീരുമാനിയ്ക്കാം “

ഹ്മ്മ്… മീര ആലോചനയോട് കൂടി സോപനത്തിൽ ഇരുന്നു..

ചെക്കന്റെ ‘അമ്മ വഴി വന്ന ആലോചന ആണ് എന്നായിരുന്നു ദേവേട്ടൻ തന്നോട് പറഞ്ഞത്…

‘”ദേവേട്ടാ… അവളുടെ അപ്പനേം അമ്മയേം കുറിച്ചു ചോദിച്ചപ്പോൾ ഏട്ടൻ എന്താ ചെക്കൻ കൂട്ടരോട് പറഞ്ഞത്….. “

“അത് പിന്നെ,എന്റെ വകയിൽ ഒരു പെങ്ങളുടെ മകളാണ്ന്നും,അവൾ അന്യ ജാതിയിൽ പെട്ട പുരുഷനോട് ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങി പോയപ്പോൾ അവൻ അവളുടെ മാനം മാത്രം കവർന്നെടുക്കുകയാണ് ചെയ്തതെന്നും.. ആരോരും ഇല്ലാത്ത ഗർഭിണിയായ അവൾക്ക് അഭയം കൊടുത്തത് നമ്മുടെ അമ്മയാണ് എന്നും, പ്രസവത്തോടെ അവൾ മരിച്ചപ്പോൾ നമ്മൾ അവളുടെ മകളെ ഏറ്റെടുത്തു എന്നൊക്കെയാണ് പറഞ്ഞത്….”

“എന്നിട്ട് ആ സ്ത്രീ എന്ത് പറഞ്ഞു ഏട്ടാ….”

മീര ചോദിച്ചു…

“അവർക്ക് ആർക്കും കുഴപ്പം ഇല്ലെടോ…. അവർക്ക് സുന്ദരിയായ ഒരു പെണ്ണ് മതി…ഒപ്പം നൃത്തവും സംഗീതവും ഒക്കെ അറിയാമെങ്കിൽ അവർക്ക് കൂടുതൽ സന്തോഷം,പ്രിയമോളെ മിടുക്കിയാണല്ലോ  കാണാന്.. അതിൽ ആയിരുന്നു അവര് വീണു പോയത്…”ദേവൻ പറഞ്ഞു നിറുത്തി.

“ഓഹ് ഒരു സുന്ദരിക്കോത….അവൾക്ക് എന്താണ് മനുഷ്യ ഇത്രമാത്രം സുന്ദരത്തം ഉള്ളത്… അല്ലേലും നിങ്ങൾക്ക് സ്വന്തം മക്കളെ കാട്ടിലും സ്നേഹം അവളോട് ആണല്ലോ..”. മീര ചൊടിച്ചു…

“ആര്യക്കും ഹേമയ്ക്കും സ്നേഹിക്കാന് അവരുടെ ഭർത്താക്കന്മാർ ഉണ്ട്.അച്ഛനമ്മമാരായ നമ്മൾ ഉണ്ട്. . പക്ഷെ പ്രിയമോൾക്ക് ആരാടോ ഉള്ളത്… പാവം ആ കുട്ടി, വെറും ഒരു അനാഥ ജന്മം അല്ലേ…..” ദേവന്റെ ശബ്ദം ഇടറിയിരുന്നു…

“ഓഹ് പിന്നെ, ഇത്രയും കാലം നോക്കി വളർത്തിയതും പോരാ..ആരും ഇല്ലാഞ്ഞിട്ട് ആണോ അവളിങ്ങനെ നടക്കുന്നത്…”
മീര ദേഷ്യത്തിൽ ഭർത്താവിനെ നോക്കി..

വളർത്തിയതിനെ കുറിച്ച് ഒന്നും കൂടുതൽ പറയാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് ദേവൻ ഓർത്തു.

“അല്ല ദേവേട്ടാ ഈ പട്ടാമ്പിയിൽ എങ്ങും പെണ്ണില്ലാഞ്ഞിട്ടാണോ ഇവർ ഈ ട്രിവാൻട്രം വന്നു പെണ്ണാലോചിച്ചത്… അതാ എനിക്ക് മനസിലാകാത്തത്… മീര പിന്നെയും പറഞ്ഞു…

താനും അത് ഓർക്കാതിരുന്നില്ല… പക്ഷെ ആ കുട്ടിക്ക് നല്ല ഒരു ജീവിതം, അതാണ് ഇപ്പോൾ മറ്റെന്തിനേക്കാളും വലുത്….അതിൽ വേറൊന്നും ഓർത്തു ചിന്തിച്ചു കൂട്ടുന്നില്ല…ദേവൻ കൈകൾ കൂട്ടി പിണച്ചു.

പ്രിയമോൾ അമ്പലത്തിൽ നൃത്തം പഠിപ്പിക്കാൻ ചെന്നപ്പോൾ അവിടെ വെച്ച് കണ്ടുമുട്ടിയതാണ് അരുന്ധതി വർമ്മ…. എന്തോ വഴിപാട് നടത്താൻ വന്നതാണ് അവർ…. കഴകക്കാരൻ രാമനുണ്ണിയോട് ആണ് അവർ പ്രിയമോളെ കുറിച്ച് തിരക്കിയത്… അങ്ങനെ അത് ഇവിടെ വരെ എത്തിച്ചു. 

അത് ഇപ്പോൾ മീരയോട് പറഞ്ഞാൽ അവൾക്ക് വീണ്ടും കലികയറും..
ദേവനും മീരക്കും രണ്ട് പെൺമക്കൾ ആണ്.. ആര്യയും ഹേമയും.. രണ്ടുപേരും ചെറുപ്പത്തിലേ വിവാഹിതർ… ദേവന്റെ ‘അമ്മ ഭാരതിയമ്മ മരിക്കും മുൻപ് ഏൽപ്പിച്ചതാണ് കൃഷ്ണപ്രിയയെ ദേവന്റെ കൈയിൽ… 17വര്ഷമായി അവൾ ദേവന്റെ വീട്ടിൽ എത്തിയിട്ട്… അവൾക്ക് അഞ്ചു വയസ് ഉള്ളപ്പോൾ ആണ് എത്തിയത് ഇവിടെ… അന്നു മുതൽ പ്രിയ അനുഭവിക്കുന്നതാണ് ഈ നരകയാതന…

നന്നായി പഠിക്കുമായിരുന്നു, പക്ഷെ
ബിഎ വരെ മാത്രം അവളെ മീര പഠിക്കാൻ വിട്ടൊള്ളു… കാരണം അവളുടെ മക്കൾ പ്ലസ് ടു വരെ പോയൊള്ളു, അവർ അത്രക്ക് പഠിക്കാൻ മിടുക്കികൾ ഒന്നും അല്ലായിരുന്നു.. ജസ്റ്റ്‌ പാസ്സ് ആയി.. അത്ര തന്നെ.

നൃത്തം പഠിപ്പിക്കാൻ പോയതാണ് പ്രിയ.. ചെറുപ്പം മുതലേ അവൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് താനും…പഠിപ്പിക്കാൻ പോകാനായി മീര അനുവാദം കൊടുത്തത് തന്നെ കാശ് കിട്ടും എന്നുപറഞ്ഞാണ്..

വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ കാണാം പാടവരമ്പത്തൂടെ നടന്നു വരുന്ന കൃഷ്ണപ്രിയയെ.. നോക്കെത്താ ദൂരത്തോളം നെൽപ്പാടങ്ങൾ ആണ്… കൊയ്ത്തു അടുക്കാറായിരിക്കുന്നു… സ്വർണവർണമാർന്നു കിടക്കുന്ന നെൽക്കതിരുകൾ കാണാൻ എന്തൊരു ചേലാണ്…

പടിപ്പുര കടന്നു വരുന്ന പ്രിയയെ കണ്ട നന്ദിനികിടാവ് ഒന്ന് നീട്ടി മൂളി..

വരുന്നീടി പെണ്ണേ.. ഈ ഡ്രസ്സ് ഒന്ന് മാറട്ടെ കേട്ടോ.. ഇതും പറഞ്ഞു അവൾ ചായിപ്പിലേക്ക് പോയി..

വേഷം മാറി അടുക്കളയിൽ വന്നപ്പോൾ കണ്ടു എന്നത്തേയും പോലെ കുമിഞ്ഞുകൂടി കിടക്കുന്ന എച്ചില്പാത്രങ്ങൾ..  ഒരു കട്ടൻ ചായയും കുടിച്ചു വേഗത്തിൽ പാത്രങ്ങൾ എല്ലാം അവൾ കഴുകി വൃത്തിയാക്കി… നന്ദിനിക്കും അമ്മയ്ക്കും വൈക്കോൽ ഇട്ടുകൊടുത്തിട്ട് അവർക്കുള്ള കഞ്ഞിവെള്ളം എടുക്കാനായി അടുക്കളയിലേക്ക് വീണ്ടും ഓടി അവൾ….

“എടി… നീ എന്താടി ഡാൻസ് കളിച്ചോണ്ട് ആന്നോ നടക്കുന്നത്… ആ തുണി എല്ലാം കുടി ഒന്ന് എടുത്ത് അലക്കിയേരെ.. നാളയേ കുറച്ചു വിരുന്നുകാർ ഉണ്ട്..” ഇതും പറഞ്ഞു മീര നടന്നു നീങ്ങി..

ആരാണാവോ ഇപ്പോൾ വിരുന്നുവരുന്നതെന്നു ഓർത്തു അവൾ തുണിയും വാരികെട്ടി കുള്ളക്കടവിലേക്കു നടന്നു…

അലക്കും കുളിയും കഴിഞ്ഞു വന്നപ്പോൾ മീര സന്ധ്യാനാമം ചൊല്ലുന്നുണ്ടാരുന്നു…

വൈകിട്ടിത്തേക്ക് ഉള്ള കഞ്ഞിയും ചമ്മന്തിയും പയർത്തോരനും പപ്പടവും  എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ പാവം പ്രിയയുടെ നടു ഒടിഞ്ഞു…

“മോളേ പ്രിയേ… “

ചെറിയച്ഛൻ ആണല്ലോ വിളിക്കുന്നത്… അവൾ പോയി വാതിൽ തുറന്നപ്പോൾ ദേവൻ മുൻപിൽ നിക്കുന്നു…

അയാൾ പതിയെ അകത്തേക്ക് കയറി… അച്ഛനേം അമ്മയേം കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ കുട്ടി…. എന്തെല്ലാം അനുഭവിച്ചു….. ഒരു യുഗം മുഴുവൻ സങ്കടപെടാൻ ഉള്ളത് കഴിഞ്ഞു…. ഇനി എങ്കിലും എന്റെ കുട്ടിയ്ക്ക്…

“പ്രിയമോളെ..”. അയാൾ വാത്സല്യത്തോടെ വിളിച്ചു…

“എന്താ ചെറിയാച്ചാ.”? . അവൾ ചോദിച്ചു…

ന്റെ കുട്ടീടെ കഷ്ടപ്പാട് ഒക്കെ മാറും കെട്ടോ.. നാളെ പട്ടാമ്പിയിൽ നിന്നു ഒരു കൂട്ടർ വരുന്നുണ്ട് മോളേ കാണാൻ…പയ്യനു എന്തോ ബിസിനസ് ആണ്… നല്ല ആളുകൾ ആന്നെന്നു രാമനുണ്ണി പറഞ്ഞു… അയാളോട് മോളെ കണ്ടിട്ട് അന്വഷിച്ചറിഞ്ഞതാ അവർ… “

പ്രിയ മറുപടി ഒന്നും പറഞ്ഞില്ല..

“നാളെ എന്റെ കുട്ടി മിടുക്കിയായിട്ട് നിൽക്ക് കെട്ടോ..മോൾക്ക് വിധിച്ചത് ഇതാവും എന്നാണ് ചെറിയച്ഛന്റെ മനസ് പറയുന്നത്.. .. അധികം ഉറക്കളക്കണ്ട…” ഇതും പറഞ്ഞു അയാൾ.
മുറിയ്ക്ക് പുറത്തിറങ്ങി
പ്രിയയെ ഇഷ്ടമാണ് എന്ന് ഒരുപാട് ആണ്കുട്ടികള് വന്നു പറഞ്ഞിട്ടുണ്ടെങ്കിലും അവൾക്ക് ആരോടും പ്രണയം എന്ന വികാരം തോന്നിയിട്ടില്ല… അതിനുള്ള അന്തരീക്ഷവും അവൾക്ക് ഇല്ലായിരുന്നു…

ഒരിക്കൽ തെക്കേടത്തെ കേശവൻ മുതലാളിയുടെ കൊച്ചുമകൻ രാഹുൽ അമ്പലമുറ്റത്തു വെച്ച് തന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞതും, അന്ന് തന്റെ കരണത്ത് മീര ചെറിയമ്മയുടെ കൈ ആഞ്ഞു പതിച്ചതും അവൾ ഓർത്തു.

കരിവളയും കണ്മഷിയും, മയില്പീലിയും, ചെമ്പകപ്പൂവും, പട്ടുപാവാടയും ഒക്കെ ആയിരുന്നു തനിക്ക് പ്രണയം….

ഓരോന്ന് ആലോചിച്ചു എപ്പോളാ ഉറങ്ങിയതെന്നു പോലും അവൾക്ക് അറിയില്ലാരുന്നു…

രാവിലെ എണിറ്റു അവൾ അടുക്കളയിലേക്ക് പ്രവേശിച്ചു… പതിവ്പോലെ തന്നെ പണികളിൽ ഏർപ്പെട്ടു… ഇന്ന് അവളെ പെണ്ണുകാണാൻ വരും എന്നുപോലും അവൾ മറന്നു…

ഉച്ചയായപ്പോൾ രാമനുണ്ണിയും കൂടെ സുന്ദരിയായ ഒരു സ്ത്രീയും കൂടെ രണ്ടുപേരും കൂടി മുറ്റത്തേക്ക് വന്നു..

തുടരും