Saturday, December 21, 2024
Novel

വാസുകി : ഭാഗം 2

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

“നിനക്ക് തോന്നിയത് ആകും ശ്രീമതി.. അവരൊക്കെ എന്നേ നമ്മളെ വിട്ടു പോയി.”

“അല്ല ഏട്ടാ… അതവനാ… മനു.. നമ്മുടെ സൂമോളാ അവന്റെ കൂടെ.. എനിക്ക് ഉറപ്പാ.”

‘വാ.. നമുക്ക് ആ കൌണ്ടറിൽ പോയി ചോദിച്ചു നോക്കാം. അത് അവർ തന്നെ ആണോന്ന് കൺഫേം ചെയ്യാമല്ലോ”.അവർ നേരെ കൌണ്ടറിൽ ചെന്നു.

“ഇപ്പോൾ പോയ ആ പേഷ്യന്റിന്റെ പേരെന്താ?”

“ഏത്… ആ പെൺകുട്ടിയോ. അശ്വതി.. അശ്വതി മനുശങ്കർ. എന്റെ അയൽവാസിയാണ്.. എന്തേ? ” കൌണ്ടറിൽ ഇരുന്ന ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു.

“ഒന്നുമില്ല.. നല്ല പരിചയം തോന്നി. ഓകെ. താങ്ക്സ്…
നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞില്ലേ ശ്രീമതി അത് അവൾ അല്ലെന്ന് .

വെറുതെ ഓരോ പുകിലുണ്ടാക്കാൻ… വാ.. ദേവൻ അവിടെ ഒറ്റക്ക് ആണ്.” അയാൾ ദൃതിയിൽ വാർഡിലേക്ക് നടന്നു.

“അല്ല. അതെന്റെ സൂമോള് തന്നെയാ”. പിറു പിറുത്തു കൊണ്ട് അവർ അയാൾക്ക് പിറകെയും.
വാർഡിൽ അവരെയും കാത്തു അക്ഷമനായി നിൽക്കുകയായിരുന്നു അറ്റൻഡർ. മനുവിനോടുള്ള ദേഷ്യം മുഴുവൻ അയാൾ അവരിൽ തീർത്തു.

“നിങ്ങൾ ഇതെവിടെ പോയിരിക്കുകയായിരുന്നു. രോഗിയുടെ അടുത്ത് ഒരു ബൈസ്റ്റാൻഡർ എപ്പോഴും വേണമെന്ന് പറഞ്ഞിട്ടുള്ളത് അല്ലെ.

അതെങ്ങനെയാ ഭ്രാന്ത്‌ ആശുപത്രിയിൽ കൊണ്ട് നട തള്ളിയാൽ പിന്നെ എല്ലാം ഞങ്ങളുടെ തലയിൽ ആണല്ലോ”.

.ഇരു കൈകളും കെട്ടിയിട്ട നിലയിൽ തന്റെ ഏട്ടനെ കണ്ടതും ശ്രീമതി കരഞ്ഞു കൊണ്ട് ഓടിഎത്തി.

“എന്താ എന്റെ ഏട്ടനെ കെട്ടിയിട്ടിരിക്കുന്നതു… എന്ത് പറ്റി? ”

“കാണുന്ന ആളുകളെയൊക്കെ കഴുത്തിൽ പിടിക്കാൻ പോയാൽ കെട്ടിയിടുകയല്ലാതെ എന്ത് ചെയ്യാൻ.ഒരു ഉപദ്രവവും ഇല്ലാത്തതു കൊണ്ടാണ് വാർഡിലെക്ക് മാറ്റിയത്.. ഇങ്ങനെ ആണെങ്കിൽ സെല്ലിൽ അടക്കേണ്ടി വരും. ”

“നിങ്ങൾ കാര്യം എന്താണെന്നു പറ. ഒരു കാര്യവും ഇല്ലാതെ ദേവൻ ഇങ്ങനെ പെരുമാറില്ല”.

അയാൾ നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു.

“അപ്പോൾ അത് നമ്മുടെ സൂമോള് തന്നെയാവും..എനിക്ക് ഉറപ്പാ അതാ ഏട്ടൻ അങ്ങനെയൊക്കെ പെരുമാറിയത്.

നാളെ തന്നെ ഒന്നു പോയി തിരക്കണം രഘുവേട്ടാ.. എന്റെ മോള്… അതവള് തന്നെയാ… അവന്റെ കയ്യിൽ നിന്ന് അവളെ എങ്കിലും നമുക്ക് രക്ഷിക്കണം.”

“ഹ്മ്മ്… പോകാം. ”

“കൊല്ലും.. മോളെ കൊല്ലുമവൻ”. ദേവൻ അപ്പോഴും ഇടവിടാതെ പറഞ്ഞു കൊണ്ടിരുന്നു.

“കൊല്ലും… അവൻ കൊല്ലും.. മോള് പോവണ്ട..!”. മനുവിന്റെ തോളിൽ തലചായ്ച്ചു കിടക്കുകയായിരുന്ന വാസുകി ഞെട്ടി ഉണർന്നു.

“എന്താടോ… എന്തെങ്കിലും പ്രശ്നമുണ്ടോ… വല്ലായ്ക വല്ലതും ഉണ്ടോ തനിക്ക്. ഉണ്ടെങ്കിൽ പറയണം.”

“ഇല്ല. ഒന്നുല്ല”.അവൾ കുറച്ചു നേരം കണ്ണടച്ചിരുന്നു.ഉള്ളു നിറയെ ദേവന്റെ മുഖമായിരുന്നു കുറച്ച് നേരം കൊണ്ട് ഇത്രയും ആത്മബന്ധം തോന്നാൻ പാകത്തിന് ആരായിരിക്കും അയാൾ..?

ആലോചിക്കും തോറും അവളുടെ തല പുകയാൻ തുടങ്ങി. വീടെത്തിയപ്പോൾ മനു അവളെ തട്ടി ഉണർത്തി.

“എന്താ ഇറങ്ങുന്നില്ലേ..? ”

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.

“ആഹാ..എന്റെ മോള് വന്നോ… എന്തു പറഞ്ഞു ഡോക്ടർ..? “മനുവിന്റെ അമ്മ അവൾക്കരികിലേക്ക് വന്നു.

“എന്തു പറയാനാ അമ്മേ…ഇപ്പോൾ ഉള്ള മെഡിസിൻ തന്നെ കണ്ടിന്യു ചെയ്യാൻ പറഞ്ഞു. അത്ര തന്നെ”. മറുപടി പറഞ്ഞത് മനുവാണ്.

“സാരമില്ല.. കുറച്ച് കഴിയുമ്പോൾ ഒക്കെ ശെരിയാകും. മോള് അകത്തു പോയി റസ്റ്റ്‌ എടുക്ക്.”അവൾ അകത്തേക്ക് പോകുന്നത് നോക്കി അവർ ഒന്ന് ഇരുത്തി മൂളി.

“എന്താടാ… നിന്റെ തമ്പുരാട്ടിയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നതു.. ഇനി പഴയത് വല്ലതും ഓർമ്മ വരുവോ അവൾക്”.

“വന്നേനെ… ഇന്ന് അയാളെ കണ്ടു.. ഒക്കെ തീർന്നേന്നാ ഞാൻ കരുതിയെ.. ഒരു കണക്കിനാ അവളെയും കൊണ്ട് അവിടുന്നു പോന്നത്. ഇനി ഹോസ്പിറ്റലിൽ പോയി കാണണ്ട.. വീട്ടിൽ പോയാൽ മതി”.

“ആരെ… ആരെ കണ്ട കാര്യമാ നീ പറയുന്നേ..? ”

“അയാളെ… ആ ദേവനെ… മനു പല്ലിറുമ്മി. ചത്തില്ല… കള്ള കിളവൻ.”

“ദേവനോ… അവൻ… അവൻ കണ്ടോ ഇവളെ.. എങ്കിൽ ആകെ പ്രശ്നം ആകുമല്ലോ?”

“ഇല്ലമ്മേ.അതോർത്തു അമ്മ പേടിക്കണ്ട .. അങ്ങേർക്ക് വട്ടാ.. ഇന്നത്തോടെ അവർ പിടിച്ചു സെല്ലിൽ ഇട്ടോളും. അതുപോലൊരു സീൻ ഉണ്ടായി അവിടെ. മനു അമ്മയോട് എല്ലാം വിവരിച്ചു പറഞ്ഞു.

“ഹ്മ്മ്..അമ്മ ഇനി അവളെ ഒറ്റക് പുറത്തേക്കു ഒന്നും വിടണ്ട. പിന്നെ പുറത്ത് നിന്ന് ആരു വന്നാലും അവളെ കാണാൻ സമ്മതിക്കുകയും വേണ്ട. ഹോസ്പിറ്റലിൽ വച്ചു കണ്ടവർ എന്തായാലും തിരക്കി വരാതിരിക്കില്ല”.

കാറിൽ നിന്ന് ബാഗ് എടുക്കാൻ തിരിച്ചു വന്ന വാസുകിയെ കണ്ടതും അവർ പെട്ടന്ന് സംസാരം നിർത്തി.

“മോള് എന്തിനാ ഇപ്പോൾ താഴേക്കു വന്നത്?”

“ഞാൻ ബാഗ് എടുക്കാൻ മറന്നു..”

മനു പോയി ബാഗ് എടുത്ത് അവൾക്ക് കൊടുത്തു.

“അശ്വതി.. പോയി മരുന്ന് കഴിച്ചു കിടക്കു. ഇറങ്ങി നടക്കണ്ട.”

തന്നെ ചുറ്റി പറ്റി എന്തൊക്കെയോ നടക്കുന്നുണ്ട്ന്നു അവൾക് മനസിലായി.അമ്മയും ഏട്ടനും എപ്പോഴും ചർച്ചയിൽ ആയിരിക്കും. തന്നെ കണ്ടാൽ ഉടനെ സംസാരം അവസാനിപ്പിക്കുകയും ചെയ്യും.

“കൊല്ലും… മോളെ കൊല്ലും അവൻ.. “ദേവന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു. അയാളെ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ.. ഓർമ കിട്ടുന്നില്ല.അല്ലെങ്കിലും തനിക് പലതും ഓർമ്മയില്ലല്ലോ…

മനുവേട്ടനുമായുള്ള കല്യാണവും തന്റെ കുഞ്ഞിനെയും ഒന്നും.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മനു പടി കയറി വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ മുഖം തുടച്ചു കണ്ണടച്ച് കിടന്നു.

“അശ്വതി… ഉറങ്ങുവാണോ?” മനു അവളെ തട്ടി വിളിച്ചു. പക്ഷേ അവൾ കണ്ണടച്ച് കിടക്കുകയാണ് ചെയ്തതു.

“ഉറങ്ങെടി… ഉറങ്ങു.. ഒരിക്കലും ഉണരാത്ത ഒരുറക്കം നിനക്ക് സമ്മാനിക്കുന്നുണ്ട് ഞാൻ…”അവൻ അവളെ നോക്കി ക്രൂരമായി ചിരിച്ചു.

കണ്ണടച്ച് കിടക്കുകയായിരുന്ന വാസുകി അത് കേട്ടു ഞെട്ടി. അപ്പോൾ ആ ഭ്രാന്തൻ പറഞ്ഞത് ഒക്കെ സത്യമാണ്.. ഏട്ടൻ തന്നെ കൊല്ലും.

പക്ഷേ എന്തിനായിരിക്കും. തന്റെ അസുഖം കാരണമായിരിക്കുമോ? ഏട്ടൻ ഒരു വാക്ക് പറഞ്ഞാൽ ഒഴിഞ്ഞു കൊടുക്കില്ലേ ഞാൻ.? കണ്ണു നീർ അനുസരണയില്ലാതെ അവളുടെ കവിളുകളെ പൊള്ളിച്ചു കൊണ്ടിരുന്നു.

കുറെ നേരം കരഞ്ഞതിനു ശേഷം അവൾ പതുക്കെ എഴുന്നേറ്റു. ആരും കാണാതെ ഇറങ്ങി നടന്നു.

പോണം.. എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം.. ഇനി ഏട്ടന് ഒരു ശല്യമായി ഇവിടെ നിക്കരുത്.
ഇറങ്ങി നടക്കുമ്പോൾ അവൾക്ക് ഒരു ലക്ഷ്യവും ഇല്ലായിരുന്നു.

പെട്ടന്ന് ആണ് ദേവന്റെ മുഖം ഓർമ്മ വന്നത്. അവൾക്ക് അയാളെ ഒന്നു കൂടി കാണാൻ തോന്നി. ഉടനെ തന്നെ ഒരു ഓട്ടോ പിടിച്ചു അവൾ ഹോസ്പിറ്റലിലേക്ക് പോയി.

“അല്ല…പൈസ താരതെ അങ്ങനെ അങ്ങ് പോയാലോ.. ഇവിടെ വരെ ഓടിയതിന്റെ പൈസ തരണം.. ”

ഇറങ്ങി പോകാൻ നേരം ഓട്ടോക്കാരൻ അവളെ പിടിച്ചു നിർത്തി.

“എന്റെ കയ്യിൽ കാശില്ല… ഞാൻ പിന്നെ തരാം. ”

“ഓഹോ… കാശില്ലാതെയാണോ വണ്ടി വിളിക്കുന്നത്… ഇതെന്നാ കൊച്ചേ ഫ്രീ സർവീസ് ആണെന്ന് കരുതിയോ? ” മറ്റുള്ളവരും കേൾക്കാൻ പാകത്തിന് ഉറക്കെയായിരുന്നു അയാളുടെ സംസാരം.

“കാശ് ഞാൻ തരാം”. അവിടേക്ക് വന്ന രഘു ഓട്ടോ കൂലി കൊടുത്തു.

“ഒരുപാട് നന്ദിയുണ്ട് സാർ.. ഈ കാശ് ഞാൻ പിന്നെ എപ്പോഴെങ്കിലും തന്നോളാം”.

“വാസുകി…. ”

“എന്തോ… “അവൾ അറിയാതെ വിളി കേട്ടു പോയി.താൻ വാസുകി അല്ലെന്ന് പെട്ടന്ന് ഓർമ്മ വന്ന അവൾ തിരിഞ്ഞു നടന്നു.

“മോളേ… ”
അയാളുടെ വിളിയിൽ അളവറ്റ വാത്സല്യം നിറഞ്ഞു നിന്നിരുന്നു.

“ഞാൻ വാസുകി അല്ല.. അശ്വതിയാ.”

“അല്ല.. നീ വാസുകിയാ… എന്റെ ദേവന്റെ മോള്.”

“അല്ല… അല്ല.. അല്ല..” അവൾ ചെവി പൊത്തി പിടിച്ചു. മറ്റുള്ളവർ അവർക്ക് ചുറ്റും കൂടാൻ തുടങ്ങിയതോടെ അവൾ അവിടെ നിന്നും ഇറങ്ങി ഓടി.

കുറേ നേരത്തെ അലച്ചിലിനു ശേഷം അവൾ ദേവൻ കിടക്കുന്ന വാർഡിൽ എത്തി.

അവളെ കണ്ടതും അയാൾ എഴുന്നേൽക്കാൻ ശ്രെമിച്ചു.
“എന്റെ മോള്… മോള്…
എന്റെ കൈ ഒന്നഴിക്കുവോ മോളേ .. അച്ഛന് വേദനിക്കുന്നു.”

അച്ഛൻ.. ! ഇതു വരെ അങ്ങനെ ഒരാളെ പറ്റി ആരും പറഞ്ഞു പോലും കേട്ടിട്ടില്ല.ഒരു ബന്ധുക്കളും തേടി വന്നിട്ടുമില്ല. അനാഥയെന്ന് ഏട്ടൻ പറഞ്ഞുള്ള അറിവേ ഉള്ളു.

“മോളേ…”

അവൾ അയാളെ നോക്കി. ആ കണ്ണുകളിൽ അവളോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.

“അച്ഛന് വേദനിക്കുന്നു മോളേ…. ഈ കൈ ഒന്ന് അഴിച്ചു താ ”

അവൾ അയാളുടെ കൈയും കാലും കട്ടിലിൽ നിന്ന് അഴിച്ചു വിട്ടു.
“എന്റെ മോളിനി അച്ഛനെ വിട്ടു പോവണ്ട.. അവൻ കൊല്ലും മോളെ.”

“ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം.. എന്റെ മനുവേട്ടൻ എന്നെ കൊല്ലുമെന്നു.? ”

“ഞാൻ നിന്റെ അച്ഛനല്ലേ… ”

ഓരോ തവണയും അയാൾ അച്ഛനെന്നു പറയുമ്പോൾ അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി.

“ആരാന്നാ പറഞ്ഞെ? ”

“അച്ഛൻ… മോൾടെ അച്ഛനാ ഞാൻ”. അവൾ അയാളെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. അവിടേക്കു വന്ന ശ്രീമതിയും രഘുവും ആ കാഴ്ച്ച കണ്ടു സന്തോഷിച്ചു. വെയിൽ മാറി അന്തരീക്ഷം തണുത്തു തുടങ്ങി.

“എന്റെ മോളാ… വിട്ടു തരില്ല ഞാൻ നിനക്ക്”.പെട്ടന്ന് ദേവന്റെ ഭാവം മാറി.

മനുവേട്ടൻ.. ! വാസുകി കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.

“നീയെന്തിനാ അശ്വതി ഇങ്ങോട്ട് വന്നത്.. വന്നു കാണാൻ മാത്രം ഇയാളാരാ നിന്റെ?”

“അത്.. ഏട്ടാ… ഞാൻ കാരണം അല്ലേ ഇയാൾ ഇങ്ങനെ ആയതു… അത് കൊണ്ട് ഒന്ന് കാണണംന്ന് തോന്നി.”

“ഹ്മ്മ്… മതി കണ്ടത്.. ഇനി മേലിൽ ഇത് ആവർത്തിക്കരുത്.” മനു അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി.
ദേവൻ അത് കണ്ടുറക്കെ ചിരിക്കാൻ തുടങ്ങി പിന്നെ അവരെ നോക്കി ഉറക്കെ ചൊല്ലി

“നിനക്കായി പകർന്ന കൈപ്പുനീരിന്റെ പാനപാത്രം നീയവനും സമർപ്പിക്ക..
നിനക്കായൊരുക്കിയയഗ്നിയിലേക്ക് അവനെയും കൈ പിടിക്ക “.

(തുടരും )

വാസുകി : ഭാഗം 1