Monday, January 20, 2025
HEALTHLATEST NEWS

വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണ്. ഈ രോഗകാരികളുടെ സാന്നിധ്യം ചൈനയിലെ പല പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.

അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്ത ഞായറാഴ്ചയാണ് നടക്കുന്നത്. നിലവിലെ പ്രസിഡന്‍റ് ഷീ ജിൻപിംഗിന് പാർട്ടി കോൺഗ്രസിൽ കൂടുതൽ അധികാരം നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ ദിവസങ്ങൾ അടുക്കുമ്പോൾ, ഉയർന്ന വ്യാപന ശേഷിയുള്ള ഒമൈക്രോൺ വകഭേദങ്ങളുടെ കണ്ടെത്തൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോവിഡിനെതിരെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന (സീറോ-കോവിഡ്) നിയന്ത്രണങ്ങൾ ഇപ്പോഴും പിന്തുടരുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന. 

ഒക്ടോബർ 1 ന് ആരംഭിച്ച വാർഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകൾ യാത്ര പോകുന്നതിനെ സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അതേസമയം, പുതിയ ഒമൈക്രോൺ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങൾ വളരെ വേഗത്തിൽ പടരുകയാണെന്ന് വിദഗ്ധർ പറയുന്നു.