വിപണി മൂല്യത്തില്‍ ഹീറോയെ മറികടന്ന് ടിവിഎസ്
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം 50920 കോടി രൂപയും ഹീറോയുടെ വിപണി മൂല്യം 50820 കോടി രൂപയുമാണ്. ഇതോടെ വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈൽ കമ്പനിയായി ടിവിഎസ് മാറി.
ഓട്ടോമൊബൈൽ കമ്പനികളുടെ പട്ടികയിൽ (വിപണി മൂല്യം) ആദ്യ അഞ്ചിൽ ഇടം നേടിയ ഏക ഇരുചക്ര വാഹന നിർമ്മാതാവാണ് ബജാജ് (1.04 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വർഷത്തിനിടെ ഹീറോയുടെ ഓഹരികൾ 13.05 ശതമാനം ഇടിഞ്ഞിരുന്നു. മറുവശത്ത്, ടിവിഎസ് ഓഹരികൾ 85.67 ശതമാനം ഉയർന്നു. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ മുന്നിലുള്ള മൂന്ന് ഓട്ടോമൊബൈൽ കമ്പനികൾ.
ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പുറത്തിറക്കുന്ന ടിവിഎസ് നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 297 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 7,348 കോടി രൂപയായിരുന്നു. മറുവശത്ത്, ഹീറോയുടെ അറ്റാദായം 624.52 കോടി രൂപയാണ്.