ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ നീന്തലിൽ നിന്ന് വിലക്കേർപ്പെടുത്തി ഫിന
ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ എലൈറ്റ് റേസുകളിൽ നിന്ന് വിലക്കേർപ്പെടുത്തി. ലോക നീന്തൽ ഗവേണിംഗ് ബോഡി ‘ഫിന’ പ്രായപൂർത്തിയായ അത്ലറ്റുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വനിതാ കളിക്കാരേക്കാൾ കൂടുതൽ ക്ഷമതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം.
ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻ ഷിപ്പിലെ അസാധാരണ ജനറൽ കോൺഗ്രസിലാണ് തീരുമാനം. 152 ഫിന അംഗങ്ങളിൽ നിന്ന് 71 ശതമാനം വോട്ടുകൾ നേടിയാണ് പുതിയ നയം പാസാക്കിയത്. ഒളിമ്പിക്സിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ട്രാൻസ്ജെൻഡർ അമേരിക്കൻ കോളേജ് നീന്തൽ താരം ലിയ തോമസിനെ വനിതാ വിഭാഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇതോടെ തടഞ്ഞേക്കും.
മരുന്നിലൂടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറച്ചിട്ടും ട്രാൻസ് സ്ത്രീകൾ വനിതാ അത്ലറ്റുകളേക്കാൾ കൂടുതൽ ക്ഷമതയുള്ളവരാണെന്ന് ഫിന സയന്റിഫിക് പാനൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഫിന അംഗങ്ങൾ ട്രാൻസ്ജെൻഡർ ടാസ്ക് ഫോഴ്സിൽ നിന്ന് റിപ്പോർട്ട് തേടി. അതിൽ വൈദ്യശാസ്ത്രം, നിയമം, കായികം എന്നീ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.