Friday, January 17, 2025
LATEST NEWSPOSITIVE STORIES

മരണ ശേഷം മൃതദേഹം വിട്ട് നൽകും; വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കൂട്ടരും

ഒറ്റപ്പാലം: മരണശേഷം പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ വിവാഹ വേദിയിൽ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. വലിയവീട്ടിൽ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതികളുടെ മകൾ ശ്രീദേവിയുടെയും തൃശൂർ കൊടകര വെമ്മനാട് വീട്ടിൽ മോഹന്‍-ബിന്ദു ദമ്പതിമാരുടെ മകന്‍ ദീപക് മോഹന്റെയും വിവാഹവേദിയാണ് ഇതിന് സാക്ഷ്യം വഹിച്ചത്.

വധു ശ്രീദേവിയെ (26) കൂടാതെ കുടുംബാംഗങ്ങളടക്കം എട്ടുപേരാണ് മരണശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് പഠനത്തിന് നല്‍കാന്‍ സമ്മതപത്രം നല്‍കിയത്. വധുവിന്‍റെ അച്ഛൻ ദേവദാസ് (64), അമ്മ വസന്തകുമാരി (57), സഹോദരി വിദ്യ (33), അമ്മയുടെ സഹോദരി മയിലുംപുറം കളക്കാട്ടിൽ മാധവിക്കുട്ടി (55), സുഹൃത്തുക്കളായ ചുനങ്ങാട് കരുവാതുരുത്തി വീട്ടില്‍ ശ്യാംജിത്ത് ആർ.കിരൺ (26), ചുനങ്ങാട് ചെറിയംപുറം വീട്ടിൽ ഷാജിത (33), അനങ്ങനടി നെല്ലിന്‍കുന്നത്ത് വീട്ടിൽ തനൂജ (41) എന്നിവരും സമ്മതപത്രം നല്‍കി.

ഒറ്റപ്പാലം വരോട് ഐ.എം.എ ഹാളിൽ നടന്ന വിവാഹത്തിൽ, കെ. പ്രേംകുമാർ എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ് സമ്മതപത്രം കൈമാറിയത്. തൃശ്ശൂർ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസർ വി.കെ.സതിദേവി സമ്മതപത്രം സ്വീകരിച്ചു. വിവാഹച്ചടങ്ങിൽ സ്വർണ്ണാഭരണങ്ങളും ഒഴിവാക്കിയിരുന്നു. അവയവദാന സമ്മത പത്രവും ഇതോടൊപ്പം നൽകി.