Sunday, December 22, 2024
GULFLATEST NEWS

പുതിയ കാഴ്ചകളും ഉല്ലാസങ്ങളുമായി ഗ്ലോബൽ വില്ലേജ് 27ാം സീസൺ

ദുബായ്: ഗ്ലോബൽ വില്ലേജിന്‍റെ 27-ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കും. 27 പവലിയനുകളുണ്ടാകും. ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവലിയനുകൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു. ‘റോഡ് ഓഫ് ഏഷ്യ’ എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാത ഒരുക്കും.പവലിയനുകൾ ഇല്ലാത്ത 13 ഏഷ്യൻ രാജ്യങ്ങളുടെ 43 കിയോസ്കുകളോടു കൂടിയ ഈ മേഖലയിൽ സന്ദർശകർക്ക് അതത് നാടുകളിലെ യഥാർഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനും കഴിയും.ശ്രീലങ്ക, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, ബ്രൂണെ, ലാവോസ്, ഹോങ്കോങ്, തായ്വാൻ, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കിയോസ്കുകൾ തുറക്കും.കൂടുതൽ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം. ടിക്കറ്റ് നിരക്ക്, യാത്രാസൗകര്യം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. അൽ സനാ യുടെയും ഖലീഫ ഫൗണ്ടേഷന്‍റെയും പവലിയനുകൾ മറ്റൊരു പ്രത്യേകത ആണ് .ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യ പവലിയനാണ് മുന്നിൽ. കേരളം മുതൽ കാശ്മീർ വരെയുള്ള കാഴ്ചകളുടെ സമൃദ്ധിയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ദക്ഷിണേന്ത്യൻ ഉത്തരേന്ത്യൻ ഗ്രാമീണ സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ എന്നിവ ആസ്വദിക്കാം. കുട്ടികളുടെ സുഹൃത്തുക്കളായ ഛോട്ടാ ഭീം, ആംഗ്രി ബേർഡ്സ്, സർക്കസ് കലാകാരൻമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. അറബ് ലോകത്തും ഛോട്ടാ ഭീമിന് ആരാധകരുണ്ട്. ഓരോ വർഷവും വ്യത്യസ്തമായ ഒരു തീമിൽ ആണ് പവലിയൻ തയ്യാറാക്കുന്നത്.