Wednesday, January 22, 2025
Novel

തനിയെ : ഭാഗം 6

Angel Kollam

രണ്ടു മൂന്ന് മാസങ്ങൾ കടന്ന് പോയി. ഏറെ മദ്യപിക്കുന്ന ദിവസങ്ങളിൽ ജോസഫ് തന്നെ ഉപദ്രവിക്കാറുണ്ടെങ്കിലും തന്നെയും മക്കളെയും പുറത്താക്കി കതകടയ്ക്കാത്തതിന്റെ ആശ്വാസം അന്നമ്മയുടെ മനസിലുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വരുന്ന വഴിയ്ക്ക് അന്നമ്മ ചിട്ടി നടത്തുന്ന ലില്ലിയുടെ വീട്ടിലേക്ക് ചെന്നു. ഈ മാസത്തെ ചിട്ടി തനിക്കുള്ളതാണെന്നുള്ള സന്തോഷം അന്നമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു.

അന്നമ്മയെ കണ്ടതും ലില്ലി പറഞ്ഞു. “അന്നമ്മേ, എല്ലാവരുടെയും പൈസ പിരിഞ്ഞു കിട്ടിയില്ലെടി, നീ ബുധനാഴ്ച വൈകുന്നേരം വാ, പൈസ റെഡിയാക്കി വച്ചേക്കാം ” “ശരിയെങ്കിൽ ഞാൻ പോയിട്ട് ബുധനാഴ്ച വരാം ” അന്നമ്മ ലില്ലിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. പതിനയ്യായിരം രൂപയാണ് ചിട്ടി തുക, മാസത്തിൽ അഞ്ഞൂറ് രൂപ വച്ച് ഈ ചിട്ടി അടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തോളമായി.

ചൊവ്വാഴ്ച അന്നമ്മ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കവലയിലെ കടയിൽ സാധനം വാങ്ങിക്കൊണ്ട് നിന്ന ലില്ലി പറഞ്ഞു. “അന്നമ്മേ, നാളെ വൈകുന്നേരം വീട്ടിലേക്ക് വന്നോ കേട്ടോ, ഇനി രണ്ടു പേരും കൂടിയേ പൈസ തരാനുള്ളൂ, അതെന്തായാലും നാളെ നാലു മണിയാകുമ്പോളേക്കും കിട്ടും ” “ശരി ” തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാകാൻ പോകുന്ന സന്തോഷത്തിലാണ് അന്നമ്മ വീട്ടിലേക്ക് നടന്നത്.

ബുധനാഴ്ച, ജോലി കഴിഞ്ഞു വരുന്ന വഴിയ്ക്ക് അന്നമ്മ ലില്ലിയുടെ വീട്ടിലെത്തി. അന്നമ്മയെ കണ്ടതും ലില്ലി ആകാംഷയോടെ ചോദിച്ചു. “അന്നമ്മേ, ഹോസ്പിറ്റലിൽ പോയിട്ട് ഡോക്ടർ എന്ത് പറഞ്ഞു?” അന്നമ്മ അമ്പരപ്പോടെ ചോദിച്ചു. “ആര് ഹോസ്പിറ്റലിൽ പോയി? നീ എന്തൊക്കെയാ ഈ പറയുന്നത്?” ലില്ലിയുടെ മനസ്സിൽ അപകടസൂചന മുഴങ്ങി. അവൾ വെപ്രാളത്തോടെ അന്നമ്മയോട് പറഞ്ഞു. “അന്നമ്മേ, കുറച്ച് മുൻപ് ജോസഫ് ഇവിടെ വന്നിരുന്നു.

നിനക്ക് സുഖമില്ല, ഹോസ്പിറ്റലിൽ പോകണം, അതുകൊണ്ട് അത്യാവശ്യമായിട്ട് പൈസ തരണമെന്ന് ആവശ്യപ്പെട്ടു. നീയാണ് പറഞ്ഞു വിട്ടതെന്ന് ജോസഫ് പറഞ്ഞപ്പോൾ ഞാൻ അവന്റെ കയ്യിൽ പൈസ കൊടുത്തു ” അന്നമ്മയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ലില്ലിയുടെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. “നീ…. നീയെന്താ പറഞ്ഞത്? പതിനയ്യായിരം രൂപ നീ അയാളുടെ കയ്യിൽ കൊടുത്തോ?”

“അന്നമ്മേ നീ തല കറങ്ങി വീണു, നടക്കാൻ വയ്യ, വണ്ടി വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചില്ലടി ” അന്നമ്മ മുഷ്ടി ചുരുട്ടി സ്വന്തം നെഞ്ചിൽ ആഞ്ഞടിച്ചു. ലില്ലി തടയാൻ ശ്രമിച്ചപ്പോൾ, അവളെ തള്ളി മാറ്റിയിട്ട് അന്നമ്മ സ്വന്തം നെഞ്ചിൽ ഇടിച്ചു. ബഹളം കേട്ട് അകത്തു നിന്നും ലില്ലിയുടെ മക്കൾ ഇറങ്ങി വന്നു, ലില്ലിയും അവരും ചേർന്ന് അന്നമ്മയെ ബലമായി പിടിച്ചു.

ലില്ലിയുടെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് ആ സാധു സ്ത്രീ പൊട്ടിക്കരഞ്ഞു. “ലില്ലി.. എന്റെ വീട്ടിൽ മൂന്ന് പെൺപിള്ളേർ വളർന്ന് വരികയാണ്. പ്ലാസ്റ്റിക് ഷീറ്റ് മറച്ചു വച്ചിട്ടാണ് അതുങ്ങൾ കുളിക്കുന്നത്. എന്റെ രണ്ടര വർഷത്തെ സമ്പാദ്യമാണത്. അയാളുടെ സ്വഭാവം നന്നായിട്ടറിയുന്ന നീ എന്തിന് ആ പൈസ അയാളുടെ കയ്യിൽ കൊടുത്തു?” “നീ സമാധാനമായിരിക്ക് അന്നമ്മേ, ഈ ലില്ലിയെ പറ്റിച്ചിട്ട് ആരും ആളായിട്ടില്ല.

നിന്റെ പൈസ ഞാൻ അവന്റെ കയ്യിൽ നിന്നും വാങ്ങിത്തരും ” “അയാൾ ആ പൈസ ഇനി തരുമെന്ന് തോന്നുന്നില്ല ” “ഞാൻ വാങ്ങി തരാം, നീ എന്റെ കൂടെ വാ ” ലില്ലി വേഗം വസ്ത്രം മാറി വന്നു.അന്നമ്മ കണ്ണുനീർ തുടച്ചിട്ട് ലില്ലിയുടെ പിന്നാലെ ചെന്നു. കവലയിൽ അവർ പോയി അന്വേഷിച്ചപ്പോൾ ജോസഫ് ഒന്ന് രണ്ടു സുഹൃത്തുക്കളുമായി ബസ് കയറി പോകുന്നത് കണ്ടെന്നു കവലയിലുള്ളവർ പറഞ്ഞു.

ലില്ലിയുടെ മുഖം വരിഞ്ഞു മുറുകി. അവൾ അന്നമ്മയെയും കൂട്ടി ടൗണിലേക്കുള്ള ബസിൽ കയറി. ടൗണിൽ എത്തിയതിനു ശേഷം ലില്ലി അന്നമ്മയെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു. അന്നമ്മ ലില്ലിയോട് പറഞ്ഞു. “അയ്യോ.. കേസ്‌ കൊടുക്കണോ? സ്വന്തം ഭർത്താവിനെതിരെ കേസ്‌ കൊടുത്തെന്നു നാട്ടുകാർ എല്ലാവരും പറയത്തില്ലേ?” “നാട്ടുകാർ എന്ത് വേണമെങ്കിലും പറയട്ടെ അന്നമ്മേ.

എല്ലാവരെയും ഒരേപോലെ തൃപ്തിപെടുത്തി ജീവിക്കാനൊന്നും പറ്റില്ല. ഇനിയെങ്കിലും നീയിങ്ങനെ പാവമായിട്ട് ഒന്നിനും പ്രതികരിക്കാതെ ജീവിക്കരുത്. നിന്നെപ്പോലെ നിന്റെ മക്കളും പ്രതികരണശേഷി ഇല്ലാത്തവരായി വളരും ” “എന്നാലും ഒന്നുകൂടി ആലോചിച്ചിട്ട് കേസ്‌ കൊടുത്താൽ പോരെ?” “ഇനിയൊന്നും ആലോചിക്കാനില്ല. നീ വന്നേ..” അന്നമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ലില്ലി പോലീസ് സ്റ്റേഷനിലേക്ക് കയറി ചെന്നു.

ലില്ലി അവിടത്തെ സബ് ഇൻസ്‌പെക്ടറെ നേരിട്ട് കണ്ട് സംസാരിച്ചു. പരാതി എഴുതി കൊടുക്കാനും വിളിച്ചാൽ കിട്ടുന്ന ഒരു ഫോൺ നമ്പർ അതിൽ ഉൾപെടുത്താനും ഇൻസ്‌പെക്ടർ നിർദേശിച്ചു. ലില്ലിയാണ് പരാതി എഴുതി കൊടുത്തത്, അവളുടെ വീട്ടിലെ ഫോൺ നമ്പരും വച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ അന്നമ്മയുടെ മനസ്സിൽ തീ ആയിരുന്നു. ‘ഇനി എന്തൊക്കെ കാണേണ്ടി വരും ദൈവമേ ‘ അവൾ മനസിലോർത്തു.

ബസിൽ അന്നമ്മയുടെ തൊട്ടടുത്തിരുന്നിട്ട് ലില്ലി അവളോട് പറഞ്ഞു. “അന്നമ്മേ.. എന്നും ജോസെഫിന്റെ അടിയും ചവിട്ടും കൊണ്ടിട്ടു മിണ്ടാതിരിക്കാനാണ് ഭാവമെങ്കിൽ നീയെന്നും അവന്റെ കാൽക്കീഴിൽ തന്നെ കിടക്കേണ്ടി വരും. ഇനിയെങ്കിലും കുറച്ച് ധൈര്യത്തോടെ ജീവിക്കാൻ നോക്ക്. ജോസഫ് അല്ലല്ലോ നിനക്കും മക്കൾക്കും ചിലവിന് തരുന്നത്, അപ്പോൾ അവന്റെ ഉപദ്രവം മിണ്ടാതെ സഹിക്കുന്നതെന്തിനാ?

നിന്നെ ഉപദ്രവിക്കാനുള്ള അധികാരമൊന്നും അവനില്ല. ” “ഞാൻ എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അതിനും കൂടി ചേർത്ത് എന്നെ ഉപദ്രവിക്കും ” “എന്റെ പെണ്ണേ, നിന്നെ സമ്മതിക്കണം കേട്ടോ, ഞാനെങ്ങാനും ആയിരുന്നെങ്കിൽ പണ്ടേ അവനെ കളഞ്ഞിട്ട് പോയേനെ ” “കളഞ്ഞിട്ട് എങ്ങോട്ട് പോകാനാണ് ലില്ലി? അയാളോടുള്ള സ്നേഹം കൊണ്ടല്ല ഞാൻ എല്ലാം സഹിച്ചു നിൽക്കുന്നത്. എനിക്കും എന്റെ മക്കൾക്കും പോകാനൊരിടമില്ലാത്തത് കൊണ്ടാണ് ” “നിന്റെ വീട്ടിൽ പൊയ്ക്കൂടേ?”

“അതൊന്നും നടക്കില്ല.. ഇതെന്റെ വിധിയാണ് ” ലില്ലി പിന്നീട് ഒന്നും ചോദിച്ചില്ല, അന്നമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നുന്നു. അന്നമ്മയെ ആദ്യമായി കണ്ട രംഗമാണ് ലില്ലിയ്ക്ക് ഓർമ വന്നത്. സുന്ദരിയായ പെൺകുട്ടി ആയിരുന്നു അന്നമ്മ, വലിപ്പമുള്ള കണ്ണുകളും, തുടുത്ത കവിളികുകളും ഉള്ള സുന്ദരി. ഇപ്പോൾ അവളുടെ കണ്ണുകൾക്ക് താഴെ കറുപ്പ് വ്യാപിച്ചിരിക്കുന്നു, മുഖത്തും നെറ്റിയിലും മുറിപ്പാടുകൾ..

ഒരുപാട് സഹിക്കുന്നുണ്ട് അവളെന്നു ആ മുഖം കാണുമ്പോൾ അറിയാം. കവലയിൽ ബസ് ഇറങ്ങുമ്പോൾ ലില്ലി അന്നമ്മയോട് പറഞ്ഞു. “അന്നമ്മേ, നീ നാളെ ജോലിക്ക് പോകണ്ട. ചിലപ്പോൾ സ്റ്റേഷനിൽ നിന്ന് വിളിക്കുമായിരിക്കും. അപ്പോൾ ഇവിടെ ആളു വേണം ” “ശരി ” “നീ വിഷമിക്കണ്ട അന്നമ്മേ, ആ പൈസ നീ എത്രമാത്രം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് എനിക്കറിയാം.

എന്റെ ബുദ്ധിമോശം കാരണം അത് നഷ്ടമാകാൻ ഞാൻ അനുവദിക്കില്ല ” “ഉം ” പതിഞ്ഞ കാൽ ചുവടുകളുമായി നടന്നു നീങ്ങുന്ന അന്നമ്മയെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കണമെന്ന് ലില്ലിയ്ക്ക് തോന്നി. പെയ്യാൻ വെമ്പുന്ന മേഘമായാണ് അവളിപ്പോൾ നിൽക്കുന്നത്, താനൊന്ന് ചേർത്ത് പിടിച്ചാൽ അവളിപ്പോൾ തന്നെ പൊട്ടിക്കരഞ്ഞേക്കുമെന്ന് തോന്നിയത് കൊണ്ട് ലില്ലി സ്വന്തം വീട്ടിലേക്ക് നടന്നു.

അന്നമ്മ വീട്ടിലെത്തുമ്പോൾ കുട്ടികൾ ആകാംഷയോടെ ചോദിച്ചു. “അമ്മയെന്താ താമസിച്ചത്?” വേഷം പോലും മാറാതെ തളർച്ചയോടെ കിടക്കയിലേക്ക് ഇരുന്നിട്ട് അന്നമ്മ മക്കളോട് എല്ലാകാര്യങ്ങളും പറഞ്ഞു. മക്കൾ മൂന്നുപേരും അന്നമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിയന്ത്രിച്ചു വച്ചിരുന്ന സങ്കടം അണ പൊട്ടിയൊഴുകി,അന്നമ്മ മക്കളെ മൂന്നുപേരെയും നെഞ്ചോട് ചേർത്തു.

“നമുക്കാരുമില്ലാതായി മക്കളേ, അയാൾ എന്നെ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ഞാനിവിടെ പിടിച്ചു നിൽക്കുന്നത് എന്നെങ്കിലും നമുക്കൊരു നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ്. അയാൾ നമ്മളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്റെ ആങ്ങളയോ, അമ്മച്ചിയോ പോലും ഇതൊക്കെ അറിഞ്ഞിട്ട് ഒന്ന് ചോദ്യം ചെയ്യാൻ പോലും വരത്തില്ല, കാരണം നമ്മളെ കൂട്ടികൊണ്ട് പോയി ഒരു വല്യ ബാധ്യത ഏറ്റെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ല.

ആരും ചോദ്യം ചെയ്യാനില്ലാത്തത് കൊണ്ടാണ് നിങ്ങളുടെ പപ്പ ഇത്രയും വഷളായത്. എനിക്കൊരു മോൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അവൻ എനിക്ക് വേണ്ടി സംസാരിച്ചേനെ ” മക്കൾ മൂന്നുപേരും അമ്മയുടെ പരിഭവം കേട്ട് സങ്കടപെട്ട് നിന്നു. ജാൻസിയുടെ മനസ്സാണ് ഏറെ വേദനിച്ചത്. വെറും പത്തു വയസുകാരിയായ തനിക്ക് അമ്മയെ സഹായിക്കാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു അവൾക്ക്. അന്ന് രാത്രി കുട്ടികൾ മൂന്നുപേരും ഉറങ്ങിയപ്പോളും ജോസഫ് വരുന്നതും കാത്ത് അന്നമ്മ ഉറങ്ങാതെയിരുന്നു.

ഏറെനേരം കാത്തിരുന്നിട്ടും അയാളെ കാണാത്ത നിരാശയിൽ അന്നമ്മ കിടക്കയിലേക്ക് വീണു, എപ്പോളോ ഉറങ്ങിപ്പോയി. രാവിലെ കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞപ്പോൾ അന്നമ്മ വീണ്ടും ജോസഫ് വരുന്നതും പ്രതീക്ഷിച്ച് പൂമുഖത്തിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോൾ ലില്ലി ധൃതിയിൽ നടന്നു വരുന്നത് കണ്ടു. “അന്നമ്മേ, നീ റെഡിയായിട്ട് വാ, നമുക്ക് പോലീസ് സ്റ്റേഷൻ വരെ പോകാം, അവിടുന്ന് ഫോൺ വന്നിട്ടുണ്ടായിരുന്നു ” അന്നമ്മ തിടുക്കത്തിൽ വേഷം മാറി വന്നു.

പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടത്തെ ബെഞ്ചിൽ ജോസഫ് ഇരിക്കുന്നത് കണ്ടപ്പോൾ അന്നമ്മയ്ക്ക് ഭീതിയായി. അവൾ ലില്ലിയുടെ കയ്യിൽ മുറുക്കി പിടിച്ചു. ജോസഫ് അന്നമ്മയുടെ നേർക്ക് നോക്കി പല്ല് കടിച്ചു. അവൾ അയാളുടെ മുഖത്തേക്ക് നോക്കാൻ പോലും ഭയപ്പെട്ടു. അഞ്ച് മിനിട്ട് നേരം പുറത്ത് കാത്ത് നിന്നതും അവരെ മൂന്നുപേരെയും ഇൻസ്‌പെക്ടറുടെ റൂമിലേക്ക് വിളിപ്പിച്ചു. അന്നമ്മയുടെ മുഖത്തേക്ക് നോക്കി ഇൻസ്‌പെക്ടർ പറഞ്ഞു.

“ഇന്നലെ വൈകുന്നേരം അർച്ചന ബാറിന്റെ മുന്നിൽ നിന്നും പൊക്കിയതാണിവനെ, ഇന്നലെ കൊണ്ട് വന്നപ്പോൾ മദ്യപിച്ചു ബോധമില്ലാതെ ഇരിക്കുകയായിരുന്നു അതുകൊണ്ട് ബോധം വരുന്നത് വരെ വെയിറ്റ് ചെയ്തതാണ്. നിങ്ങളുടെ ചിട്ടി പൈസ ലില്ലിയുടെ വീട്ടിൽ പോയി വാങ്ങിയെന്ന് ഇവൻ സമ്മതിച്ചിട്ടുണ്ട്, അതിൽ രണ്ടായിരം രൂപ ഇന്നലെ തന്നെ ഇവനും കൂട്ടുകാരും കൂടി ബാറിൽ ചിലവാക്കി.

ബാക്കി പൈസ ഇവന്റെ പോക്കറ്റിൽ തന്നെയുണ്ടായിരുന്നു, ഞങ്ങളതെടുത്ത്‌ ഭദ്രമായി വച്ചിട്ടുണ്ട് ” അന്നമ്മ ഒന്നും മിണ്ടിയില്ല, ഇൻസ്‌പെക്ടർ അവരെ രണ്ടുപേരെയും മാറിമാറി നോക്കിയിട്ട് ചോദിച്ചു. “ഇവന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യണോ, അതോ നിങ്ങൾക്ക് ഈ കേസ് ഒത്തു തീർപ്പാക്കാനാണോ താല്പര്യം?” അന്നമ്മ ജോസെഫിന്റെ നേർക്ക് നോക്കി, അയാളുടെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലുമില്ലായിരുന്നു.

പതിഞ്ഞ ഒച്ചയിൽ അവൾ ഇൻസ്‌പെക്ടറോട് പറഞ്ഞു. “എനിക്കെന്റെ പൈസ കിട്ടിയാൽ മതി സാറെ” “ഉം ” ഒരു രജിസ്റ്ററിൽ ഒപ്പിട്ട് വാങ്ങിയിട്ട് ബാക്കി ഉണ്ടായിരുന്ന തുക ഇൻസ്‌പെക്ടർ അന്നമ്മയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു. “ഇവനെ ഞങ്ങൾ വൈകിട്ട് വിട്ടേക്കാം, അപ്പോളത്തേക്ക് ഇവന്റെ മദ്യത്തിന്റെ കെട്ട് പൂർണമായിട്ടൊന്ന് ഇറങ്ങട്ടെ ” അന്നമ്മയും ലില്ലിയും തിരികെ വീട്ടിലേക്കുള്ള ബസ് കയറി.

കവലയിൽ ബസിറങ്ങുമ്പോൾ ലില്ലി അന്നമ്മയോട് പറഞ്ഞു. “അന്നമ്മേ, ജീവിതം ഒന്നേയുള്ളൂ, തോറ്റു കൊടുക്കാനാണ് ഭാവമെങ്കിൽ നീയെന്നും തോറ്റ് കൊണ്ടേയിരിക്കും. നിന്റെ മൂന്നുമക്കളെയും നീ ആഗ്രഹിച്ചത് പോലെ വളർത്തണമെങ്കിൽ നീ പ്രതികരിക്കാൻ പഠിക്കണം ” അന്നമ്മ ഒന്നും മിണ്ടിയില്ല, തനിക്ക് പ്രതികരിക്കാനുള്ള ധൈര്യമൊന്നുമില്ലെന്ന് അവൾ മനസ്സിൽ പറഞ്ഞു. വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്നും വന്നപ്പോൾ പൈസ തിരിച്ചു കിട്ടിയ വിവരം അന്നമ്മ അവരോട് പറഞ്ഞു.

സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ റോഡിൽ നിന്നും ജോസെഫിന്റെ ശബ്ദം കേട്ടു. “അവളൊരു ഉദ്യോഗക്കാരി വന്നിരിക്കുന്നു.. ത്ഫൂ.. സ്വന്തം ഭർത്താവിനെ പോലീസ് സ്റ്റേഷനിൽ കയറ്റിയേക്കുന്നു.. ഇന്നെന്റെ കൈ കൊണ്ട് അവളുടെ അവസാനമാണ് ” അന്നമ്മയുടെ നെഞ്ചിൽ തീയാളി. ലില്ലിയുടെ ഉപദേശം കാതിൽ മുഴങ്ങുന്നു. തന്റെ ദേഹത്ത് തൊട്ടാൽ അയാൾക്കെതിരെ താൻ ശബ്ദമുയർത്തും അന്നമ്മ തീരുമാനിച്ചു.

ജോസഫ് വീട്ടിലേക്ക് കയറി വന്നതും അന്നമ്മയുടെ നേർക്ക് നടന്ന് വന്നു, അവളുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു. “ഡീ പുല്ലേ.. നീ എന്നെ പോലീസിനെകൊണ്ട് പിടിപ്പിക്കും അല്ലേടി?” “വിടെന്നെ, ഞാൻ സ്വയം അധ്വാനിച്ചു ജീവിക്കുകയാണ്. ഞാനോ എന്റെ മക്കളോ നിങ്ങൾക്ക് ഒരു തരത്തിലുള്ള ഉപദ്രവവും ചെയ്യുന്നില്ലല്ലോ, പിന്നെന്തിനാ നിങ്ങൾ ഞങ്ങളെ ദ്രോഹിക്കുന്നത്?”

“നീ എന്താടി കരുതിയത്? പോലീസ് പിടിച്ചാൽ ഞാനങ്ങു നന്നാവുമെന്നോ, ജോസെഫിന്റെ ശരിക്കുള്ള സ്വഭാവം കാണാൻ പോകുന്നതേയുള്ളൂ നീ ” അന്നമ്മയുടെ വലത് കവിളിൽ അടിക്കാനായി ജോസഫ് കൈ ഉയർത്തിയതും ജിൻസി ആ കൈയിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു. “തൊട്ട് പോകരുത് ഞങ്ങളുടെ അമ്മയെ ” ആരും ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. മൂന്നുപേരുടെ കൂട്ടത്തിൽ ഏറ്റവും പാവം ജിൻസിയാണ്. അവൾ ആരോടും ഒച്ച ഉയർത്തി സംസാരിക്കുക പോലുമില്ലായിരുന്നു.

ജിൻസി അയാളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. “എന്ത് അധികാരത്തിന്റെ പേരിലാണ് നിങ്ങളെന്റെ അമ്മയെ തല്ലുന്നത്? അതിനുള്ള എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്? നിങ്ങൾ ഞങ്ങളുടെ പപ്പയാണെന്നു പറയാൻ പോലും ഞങ്ങൾക്കറപ്പാണ് ” ജോസഫ് മക്കൾ മൂന്നുപേരുടെ മുഖത്തേക്കും മാറിമാറി നോക്കി. ആ മൂന്ന് മുഖങ്ങളിലും വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോസഫ് അന്നമ്മയുടെ നേർക്ക് നോക്കി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

“ഓഹോ, അപ്പോൾ തള്ളയും മക്കളും കൂടി ചേർന്ന് എന്നോട് യുദ്ധത്തിനിറങ്ങിയിരിക്കയാണോ? അപ്പോളും ജിൻസിയാണ് പ്രതികരിച്ചത്. “അതേ, എന്നും ഇതിങ്ങനെ സഹിച്ചു ജീവിക്കാൻ ഞങ്ങൾക്ക് പറ്റില്ല. ഇനി ആവശ്യമില്ലാതെ അമ്മയെ ഉപദ്രവിക്കാൻ ഞങ്ങൾ സമ്മതിക്കുകയുമില്ല ” ജോസഫ് പരാജിതനായി കിടക്കയിലേക്കിരുന്നു. സ്വന്തം മോളാണ് തനിക്കെതിരെ ശബ്ദം ഉയർത്തിയിരിക്കുന്നത്.

ജോസഫ് പിറുപിറുത്തു കൊണ്ട് കട്ടിലിലേക്ക് കിടന്നു. “ഇപ്പോൾ തള്ളയും മക്കളും ഒരു സെറ്റ്, ഞാൻ മാത്രം ഒറ്റയ്ക്ക് ” ജോസഫ് ഉറക്കം പിടിച്ചതും അന്നമ്മ ജിൻസിയോട് പറഞ്ഞു. “നീ അങ്ങനെയൊന്നും പറയണ്ടായിരുന്നു” “പിന്നെ, എന്നും ഇതൊക്കെ കണ്ടിട്ട് മിണ്ടാതിരിക്കണോ?” അന്നത്തെ ദിവസം വരെ ജിൻസിയ്ക്ക് പഠനകാര്യത്തിൽ വല്യ താല്പര്യം ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ അന്ന് മുതൽ അവളുടെ മുഴുവൻ ശ്രദ്ധയും പഠനത്തിൽ മാത്രമായി. പരീക്ഷകളിൽ കഷ്ടിച്ച് പാസ്സാകുന്ന ജിൻസി തുടർന്നുള്ള പരീക്ഷകളിൽ നല്ല വിജയം കരസ്തമാക്കി.

അന്നമ്മയുടെ ആഗ്രഹപ്രകാരം കുട്ടികൾക്ക് വേണ്ടി പുതിയ കുളിമുറി പണിതു, വീടിന്റെ പൊട്ടിയ ഓടെല്ലാം മാറ്റുകയും ചെയ്തു. ഇപ്പോൾ മഴയത്തും സുരക്ഷിതമായി കിടന്നുറങ്ങാം. ജിൻസി ജോസെഫിനെതിരെ ശബ്ദം ഉയർത്തിയതിനു ശേഷം, മദ്യപിച്ചു വന്നാൽ എല്ലാവരെയും തെറി പറയുമെന്നല്ലാതെ അയാൾ അന്നമ്മയെ ഉപദ്രവിക്കില്ലായിരുന്നു.

മാസങ്ങൾ കടന്ന് പോയി, അന്നമ്മയുടെയും മക്കളുടെയും ജീവിതം ഒരുവിധം സമാധാനത്തോടെ മുന്നോട്ട് പോകുമ്പോളാണ്, അന്നമ്മ ജോലി ചെയ്തു കൊണ്ടിരുന്ന കശുവണ്ടി ഫാക്ടറി സമരം കാരണം പൂട്ടിയത്. അന്നമ്മയുടെ ജോലി നഷ്ടപ്പെട്ടതോട് കൂടി അവരുടെ ജീവിതത്തിൽ വീണ്ടും പ്രതിസന്ധികളുടെ ദിനങ്ങൾ കടന്ന് വരാൻ തുടങ്ങി. അന്നമ്മ പുതിയൊരു ജോലിക്ക് വേണ്ടി അന്വേഷിച്ചുവെങ്കിലും ഒരു ജോലി കണ്ടെത്തുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.

തുടരും.. 

തനിയെ : ഭാഗം 5