Sunday, December 22, 2024
Novel

തനിയെ : ഭാഗം 15- അവസാനിച്ചു

Angel Kollam

അന്നമ്മ മക്കളോടൊപ്പം വാടക വീട്ടിലേക്ക് മാറിയപ്പോൾ ആദ്യമൊക്കെ ജോസഫ് പ്രശ്നം ഉണ്ടാക്കാൻ എത്തിയിരുന്നു. പക്ഷേ താനെത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും അന്നമ്മ തന്നോടൊപ്പം വരില്ലെന്ന് മനസിലായപ്പോൾ അയാൾ പിന്നീട് പ്രശ്നം ഉണ്ടാക്കാനായി അവിടേക്ക് ചെല്ലാതായി. വാർദ്ധക്യത്തിൽ തനിച്ചായെങ്കിലും മദ്യപാനശീലം ഉപേക്ഷിക്കാൻ ജോസഫ് ഒരുക്കമല്ലായിരുന്നു. അന്നമ്മ വാടക വീട്ടിലേക്ക് മാറിയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. ജാൻസിയ്ക്ക് രണ്ടു കുട്ടികളായതിൽ പിന്നേ അവൾ ജോലിക്ക് പോകുന്നത് നിർത്തി, കുട്ടികളെയും നോക്കി വീട്ടിലിരിക്കുകയായിരുന്നു.

നാൻസിയുടെ പഠനം പൂർത്തിയായി അവൾ എല്ലാ അർത്ഥത്തിലും ക്രിസ്തുവിന്റെ മണവാട്ടിയായി. അവൾ ഇടയ്ക്ക് അമ്മയേയും സഹോദരങ്ങളെയും കാണാൻ എത്തിയിരുന്നു. സഭയുടെ നിർദേശപ്രകാരം ജർമനിയിലേക്ക് പോകുന്നതിനു മുൻപ് അവൾ വീട്ടിലെത്തി അമ്മയോടും സഹോദരങ്ങളോടും യാത്ര പറഞ്ഞു. അവരുടെ ജീവിതം സന്തോഷപൂർണമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ജിൻസി രണ്ടാമത് ഗർഭിണി ആയിരിക്കുമ്പോളാണ് പ്രസാദിന്റെ അമ്മയ്ക്ക് പെട്ടന്ന് സുഖമില്ലാതെയാകുന്നത്. ടൗണിലെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ,തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ ഡോക്ടർ നിർദേശിച്ചു.

വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി അവിടെ എത്തിച്ചപ്പോളാണ് പ്രസാദിന്റെ അമ്മയുടെ കിഡ്നി പ്രവർത്തനരഹിതമായത് മനസിലായത്. ചികിത്സയ്ക്ക് വേണ്ടി വൻതുക ചിലവാകുമെന്ന് ഡോക്ടർ അവരെ അറിയിച്ചു . തുടർചികിത്സ നടത്തിയാലും അവർ രക്ഷപെടാൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ അറിയിച്ചെങ്കിലും, എത്ര പണം മുടക്കിയാലും തുടർചികിത്സ നടത്താൻ തന്നെയായിരുന്നു പ്രസാദിന്റെ തീരുമാനം. ഡോക്ടറിന്റെ നിർദേശപ്രകാരം പ്രസാദിന്റെ അമ്മയുടെ കിഡ്നി മാറ്റി വച്ചു. ചികിത്സയുടെ ചിലവിനായി വൻ തുക ചിലവാക്കേണ്ടി വന്നു. അവരുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ, ജിൻസി വിദേശത്ത് ജോലിക്ക് പോകാൻ തീരുമാനിച്ചു.

തന്റെ രണ്ടുമക്കളെയും അന്നമ്മയെ ഏല്പിച്ചതിന് ശേഷം ജിൻസി വിദേശത്ത് ജോലിക്ക് പോയി. ജിൻസി സൗദിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രസാദിന്റെ അമ്മയ്ക്കും വീണ്ടും സുഖമില്ലാതെയായി. തിരുവനന്തപുരത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം അസുഖം മൂർച്ഛിച്ചു അവർ മരണമടഞ്ഞു. അമ്മയുടെ മരണനാന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ ജിൻസി വീണ്ടും സൗദിയിലേക്ക് തിരിച്ചു പോയി. ഭർത്താവിന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ചിലവായ പൈസയുടെ കടം തീർക്കാൻ വേണ്ടി വിദേശത്ത് ജോലിക്ക് പോയതിന്റെ പേരിൽ ചുരുക്കം ചിലരെങ്കിലും ജിൻസിയെ കളിയാക്കിയിരുന്നു.

തന്റെ എല്ലാ കഷ്ടപ്പാടുകളിലും തനിക്കൊപ്പം നിന്ന പ്രസാദിനൊരു പ്രയാസമുണ്ടായപ്പോൾ അവനോടൊപ്പം നിൽക്കാനാണ് ജിൻസി ആഗ്രഹിച്ചത്. തന്നെ പരിഹസിച്ചവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൾ തന്റെ കടമ നിറവേറ്റി. ഏകദേശം രണ്ടു വർഷം കൊണ്ടാണ് പ്രസാദിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് കുറച്ചൊരാശ്വാസം വന്നത്. കുട്ടികളെ നാട്ടിലാക്കിയിട്ട് വിദേശത്ത് ജോലി ചെയ്യുന്നതിന്റെ വിഷമം അല്ലാതെ മറ്റൊരു തരത്തിലുള്ള സങ്കടവും ജിൻസിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. താൻ വളർന്നു വന്ന സാഹചര്യങ്ങളിൽ നിന്നും ഇപ്പോളത്തെ ജീവിതം സ്വർഗതുല്യമാണെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു.

തന്റെ ജീവിതത്തിൽ താൻ പ്രയാസങ്ങൾ അനുഭവിച്ചപ്പോൾ തന്നെ സഹായിക്കാൻ ആരുമില്ലായിരുന്നുവെങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കണമെന്ന് ജിൻസിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ലോകമെങ്ങും കൊറോണ വ്യാപകമായപ്പോൾ കൊറോണ ബാധിച്ചു ജനങ്ങൾ മരിച്ചത് പോലെ, വിഷാദ രോഗത്താൽ ആത്മഹത്യ ചെയ്തവരുടെ വാർത്ത വായിക്കുമ്പോൾ അത് ജിൻസിയുടെ ഹൃദയത്തിൽ സ്പർശിച്ചു. വർഷങ്ങൾക്ക് മുൻപ് താനും അമ്മയും അനിയത്തിമാരും കൂടി ജീവനെടുക്കാൻ തീരുമാനിച്ചത് അവളുടെ മനസിലേക്ക് കടന്നു വന്നു.

പഴയ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് കിട്ടിയ ഒരു കഥ വായിച്ചപ്പോളാണ് തന്റെ കോളേജ്മേറ്റായ എയ്ഞ്ചൽ ഇപ്പോൾ കഥ എഴുതുന്നുണ്ടെന്ന വിവരം ജിൻസി അറിഞ്ഞത്. ജീവിതത്തിൽ തിരക്കുകൾ ആയതിൽ പിന്നെ സുഹൃത്തുക്കളെ കാണാനോ സംസാരിക്കാനോ ഒന്നും അവസരം ലഭിച്ചിരുന്നില്ല. അവൾ എഴുതിയ ഒന്ന് രണ്ടു കഥകൾ വായിച്ചപ്പോൾ തന്റെ ജീവിതം അവളോട് കഥയായിട്ട് എഴുതുമോ എന്ന് ചോദിച്ചു നോക്കാൻ തീരുമാനിച്ചു. വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും എയ്ഞ്ചലിന്റെ നമ്പർ കണ്ടു പിടിച്ചു അവളെ ഫോൺ ചെയ്തപ്പോൾ, ഇത്രയും ദുഃഖം നിറഞ്ഞ തന്റെ ജീവിതം അവൾ കഥയാക്കുമോ എന്ന കാര്യത്തിൽ ജിൻസിയ്ക്ക് സംശയം ഉണ്ടായിരുന്നു.

“എയ്ഞ്ചൽ, പ്രത്യേകതകളൊന്നും ഇല്ലാത്ത, വെറും സാധാരണക്കാരിയായ എന്റെ ജീവിതം നീ ഒരു കഥയായി എഴുതാൻ ഞാൻ ആവശ്യപ്പെടുന്നതിന് ഒരു കാരണമേയുള്ളൂ.. ജീവിതത്തിൽ ചെറിയ പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ജീവിതം അവസാനിപ്പിക്കാനാണ് പലരും തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ദുർഘട പാതകളെ തരണം ചെയ്ത്, വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവർ വളരെ കുറവാണ്, ഞാൻ അനുഭവിച്ച പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് വായിക്കുമ്പോൾ ആരുടെയെങ്കിലും ഒരാളുടെയെങ്കിലും കാഴ്ചപ്പാടിന് മാറ്റം വരുമെങ്കിൽ എനിക്ക് അതിൽ സന്തോഷിക്കാമല്ലോ ”

“നിന്റെ കല്യാണം വരെയുള്ള കാര്യങ്ങൾ എനിക്ക് വ്യക്തമായി അറിയാം, അത് കഴിഞ്ഞുള്ള ജീവിതത്തെ പറ്റി കുറച്ചു വിവരങ്ങൾ കൂടി വേണം ” “എന്റെ കല്യാണം വരെയുള്ള ജീവിതം നീ കഥയാക്കിയാൽ മതി, ആ കഷ്ടപാടുകൾക്കിടയിലും അമ്മ തോറ്റു പോകാതെ തനിയെ പോരാടി ഞങ്ങളെ നല്ല രീതിയിൽ വളർത്തിയതിനെ പറ്റി എഴുതിയാൽ മതി ” “ശരി ” “എയ്ഞ്ചൽ, നിന്റെ ഇതുവരെയുള്ള കഥകൾ പോലെ സന്തോഷം നിറഞ്ഞതായിരിക്കില്ലല്ലോ എന്റെ കഥ, അപ്പോൾ വായനക്കാരും കുറവായിരിക്കും..” “അതൊന്നും സാരമില്ല, നീ എന്നെക്കൊണ്ട് നിന്റെ കഥ എഴുതിക്കുന്നതിൽ ഒരു ലക്ഷ്യമുണ്ടല്ലോ.. ആ നല്ല ഉദ്ദേശ്യത്തിന് വേണ്ടി ഞാൻ കഥ എഴുതാം..

പക്ഷേ നിന്റെ അനുഭവങ്ങൾ അക്ഷരങ്ങളായി പകർത്തുന്നതിൽ ഞാനെത്ര മാത്രം വിജയിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കുകയില്ല ” “നിനക്കത് കഴിയും.. എന്നെ അത്രയും ആഴത്തിൽ മനസിലാക്കിയവളല്ലേ നീ?” “പക്ഷേ.. നിന്റെ പപ്പയുടെ ആ ക്രൂരതയൊക്കെ എഴുതുമ്പോൾ, പപ്പയെ ആളുകൾ കുറ്റപെടുത്തും, അതൊക്കെ കാണുമ്പോൾ നിനക്ക് സങ്കടമാകില്ലേ?” “എന്തിന് സങ്കടപെടണം? പപ്പ ഞങ്ങളോട് അത്രയും ക്രൂരത കാണിച്ചിട്ടല്ലേ.. എന്റെ മുപ്പത്തിമൂന്ന് വർഷത്തെ ജീവിതമാണ് നിന്നോടെഴുതാൻ ഞാൻ ആവശ്യപ്പെടുന്നത്. നിനക്ക് എന്തായാലും പപ്പ ഞങ്ങളോട് ചെയ്തതെല്ലാം എഴുതാൻ സാധിക്കുകയില്ല.

കുറച്ച് കാര്യങ്ങൾ എഴുതുന്നത് വായിക്കുമ്പോൾ ആളുകൾക്ക് സങ്കടം വരുന്നുണ്ടെങ്കിൽ, അത് അനുഭവിച്ച ഞങ്ങളുടെ അവസ്ഥയോ? അതുകൊണ്ട് ആര് പപ്പയെ കുറ്റപ്പെടുത്തിയാലും എനിക്ക് സങ്കടം വരില്ല ” “ഇതൊരു ജീവിതകഥ ആയത് കൊണ്ട് സ്വഭാവികമായും ചില ചോദ്യങ്ങൾ ഉണ്ടാകും. അതിന് നീ ഉത്തരം തരുമോ?” “നീ ചോദിച്ചോളൂ ” “അത്രയും ക്രൂരനായ ഒരാളെ സഹിച്ചു അമ്മയെന്തിന് അവിടെ കഴിഞ്ഞു എന്നുള്ളത് സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചോദ്യമാണ് ” “1986 ൽ ആയിരുന്നു പപ്പയുടെയും അമ്മയുടെയും വിവാഹം. 1987 ൽ ഞാൻ ജനിച്ചു. അപ്പോളൊക്കെ പപ്പ മദ്യപാനി ആയിരുന്നെങ്കിലും ഇത്രയും ഉപദ്രവകാരി ആയിരുന്നില്ല.

പിന്നീട് അനിയത്തിമാർ ഉണ്ടായതിന് ശേഷമാണ് പപ്പ ഇത്രയും ക്രൂരതയൊക്കെ കാട്ടി തുടങ്ങിയത്. നമ്മുടെയൊക്കെ ചെറു പ്രായത്തിൽ സ്ത്രീകൾ, ഇന്നത്തെപോലെ ഇത്രയും ശക്തമായ കാഴ്ചപ്പാടുകൾ ഉള്ളവരല്ലായിരുന്നു. സ്വന്തമായി തീരുമാനം എടുക്കാൻ പോലുമറിയാത്ത ഒരു പാവമായിരുന്നു അമ്മ. അമ്മയുടെ വീട്ടുകാർ പോലും ഞങ്ങൾക്ക് സഹായത്തിനില്ലായിരുന്നു. ഞങ്ങളെ മൂന്നുപേരെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങാൻ കഴിയാത്തത് കൊണ്ടാണ് അമ്മ ഇതൊക്കെ സഹിച്ചത്, പിന്നെ നമ്മുടെ ചെറുപ്പകാലത്തു വിവാഹമോചനമൊക്കെ അത്ര സാധാരണ സംഭവം ആയിരുന്നില്ലല്ലോ ”

“നിനക്ക് പപ്പയോടിപ്പോൾ വെറുപ്പുണ്ടോ?” “വെറുപ്പില്ല.. പക്ഷേ സ്നേഹവുമില്ല. സ്വന്തം പിതാവാണെന്നുള്ള ഒരു സ്ഥാനം മനസിലുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോളും പോയി കാണുന്നതും, പൈസ കൊടുക്കുന്നതും ” “എന്നെങ്കിലും പപ്പയെ നിങ്ങളുടെ കൂടെ കൊണ്ട് താമസിപ്പിക്കുമോ?” “രണ്ടു തവണ പപ്പയ്ക്ക് ഞങ്ങൾ ചികിത്സ കൊടുത്തതാണ്.. ഒരു തവണ ഇൻജെക്ഷൻ, മറ്റൊരു തവണ ധ്യാനം.. അതിന് വേണ്ടി ചിലവായ തുക പാഴായി പോയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല, എന്നെങ്കിലും പപ്പയ്ക്ക് സ്വയം നന്നാവണമെന്ന് തോന്നിയാൽ, ഞങ്ങൾ പപ്പയോടൊപ്പം പോകും .. പഴയ കാര്യങ്ങളുടെ പേരിൽ അകറ്റി നിർത്തില്ല ”

“ഈ കഥയിലൂടെ നിനക്കെന്താണ് വായനക്കാരോട് പറയാനുള്ളത്?” “ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, അതെല്ലാം എഴുതാൻ നിനക്ക് പരിമിതി ഉള്ളത് കൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം.. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ജയിക്കാൻ നമ്മൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തോല്പിക്കാൻ ആർക്കും കഴിയില്ല. ഇത് വായിക്കുമ്പോൾ ചിലരെങ്കിലും കരുതാം.. ഈ ജീവിതത്തിൽ എന്താ ഇത്ര പ്രത്യേകത, ഈ ലോകത്ത് എത്രയോ കുടിയന്മാർ ഉണ്ടെന്ന്? ലോകത്ത് ഉള്ള മിക്കവാറും കുടിയന്മാർ വീട് നോക്കുന്നവരും മക്കൾക്ക് ചിലവിന് കൊടുക്കുന്നവരും ആയിരിക്കും..

പക്ഷേ പപ്പ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു പേന പോലും വാങ്ങി തന്നിട്ടില്ല.. കുട്ടിക്കാലത്തു ഞങ്ങൾ ആഗ്രഹിച്ചതൊന്നും സാധിച്ചിട്ടില്ല, പട്ടിണി കിടന്നിട്ടുണ്ട്,ബാല്യവും കൗമാരവും എല്ലാം നിറമില്ലാത്തതായിരുന്നു, ആത്മഹത്യയല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് കരുതിയതാണ്. അന്നമ്മ ആ പെൺപിള്ളേരെയും കൊണ്ട് ഒരു ഗതിയുമില്ലാതെ ജീവിക്കുമെന്നാണ് ഞങ്ങളുടെ നാട്ടുകാർ കരുതിയത്.. അവർ തന്നെ ഇപ്പോൾ തിരുത്തി പറയുന്നുണ്ട് ‘ അന്നമ്മ മിടുക്കിയാണെന്ന് ‘.. അന്നമ്മയെപ്പോലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ നമുക്ക് കഴിയണം.. ഞങ്ങളെ കാണുമ്പോൾ എല്ലാവരും പറയുന്നതാണ്, ജോസെഫിന് കുടിക്കാൻ പൈസ ഉണ്ടല്ലോ, പിന്നെന്താ മക്കൾക്ക് ചിലവിനു കൊടുത്താലെന്നു..

മിക്കവാറും മദ്യപാനികളുടെ മക്കളേ കാണുമ്പോൾ എല്ലാവരും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്.. ഞങ്ങൾ പട്ടിണി കിടന്നപ്പോൾ പോലും ആരും സഹായത്തിനില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ നാട്ടിൽ ലില്ലി ആന്റിയോടല്ലാതെ വേറെ ആരോടും ഒരു കടപ്പാടും തോന്നിയിട്ടില്ല.. ഇതുപോലെ ഉള്ള എത്രയോ ജോസഫ്മാർ നമ്മുടെ ചുറ്റും കാണും.. അവരുടെയൊക്കെ മക്കളുടെ സങ്കടം കാണാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.. ഒരു കഥ എഴുതിയത് കൊണ്ട് എല്ലാവരും നന്നാകുമെന്നൊന്നും ഞാൻ കരുതുന്നില്ല..

പക്ഷേ വായിക്കുന്നവരിൽ ഒരാൾക്ക് നല്ല മനസ്സ് തോന്നിയാലോ…. അത് കൊണ്ടാണ് സങ്കടം നിറഞ്ഞ ഭൂതകാലം മാത്രമേ ഉള്ളൂവെങ്കിലും എന്റെ ജീവിതം അക്ഷരങ്ങളായി കാണണമെന്ന് ഞാൻ ആഗ്രഹിച്ചത് ” “ഞാൻ ശ്രമിക്കാം ജിൻസി.. കഴിവതും നന്നായി നിന്റെ ജീവിതം പകർത്താൻ ഞാൻ ശ്രമിക്കാം ” “ശരിക്കും ഇതെന്റെ ജീവിതം അല്ല എയ്ഞ്ചൽ.. തനിയെ പോരാടി നേടിയ അന്നമ്മയുടെ ജീവിതമാണ്.. ” അതേ.. ആദ്യം എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പതറിയെങ്കിലും അന്നമ്മ ജീവിതത്തിലെ പ്രതിസന്ധികൾ ഒന്നൊന്നായി തരണം ചെയ്തു. എന്നാൽ അതിന് പോലും ധൈര്യം ഇല്ലാത്ത ഒരുപാട് അന്നമ്മമാർ നമ്മുടെ ചുറ്റിലും ഉണ്ട്.. ധൈര്യത്തോടെ ജീവിതത്തെ നേരിടാൻ അവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു… തോറ്റു കൊടുക്കാനുള്ളതല്ല പൊരുതി ജയം നേടാനുള്ളതാണ് നമ്മുടെ ജീവിതം..

ശുഭം.. NB: ഞാൻ വീട്ടിലെത്തിയത് കൊണ്ട് കുറച്ചു തിരക്കിലായിരുന്നു. അത്കൊണ്ടാണ് രണ്ടു ദിവസം കഥ പോസ്റ്റ്‌ ചെയ്യാൻ കഴിയാതിരുന്നത്. ഈ കഥ എഴുതി തുടങ്ങിയപ്പോൾ ഇത്രയും സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജിൻസിയുടെ ജീവിതം പകർത്തി എഴുതുന്നതിൽ ഞാൻ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. അഭിപ്രായം അറിയിക്കുമല്ലോ.. എല്ലാവരോടും ഒത്തിരി നന്ദി, സ്നേഹം…

തനിയെ : ഭാഗം 14