Thursday, November 21, 2024
Novel

തനിയെ : ഭാഗം 14

Angel Kollam

രാത്രിയിൽ ജാൻസി ഭക്ഷണം വിളമ്പുമ്പോൾ ഷിജു അവളോട് പറഞ്ഞു. “ആ ബോബിയ്ക്ക് ഇന്ന് പള്ളിയിൽ വച്ച് ജിൻസിയെ കണ്ടപ്പോൾ ഇഷ്ടമായെന്ന്, അവനത് നേരിട്ട് ചെന്ന് പപ്പയോടു പറയുകയും ചെയ്തു. ഞായറാഴ്ച പെണ്ണുകാണാൻ ചെന്നോളാൻ നിന്റെ പപ്പ പറഞ്ഞിട്ടുണ്ട് ” “ശോ! ആ ബോബി എന്ത് പണിയാണ് ഈ കാണിച്ചത്? നാഴികയ്ക്ക് നാല്പത് വട്ടം നമ്മളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നവനല്ലേ? പപ്പയോടു പറയുന്നതിന് മുൻപ് ഒരുവാക്ക് നമ്മളോട് പറയാമായിരുന്നല്ലോ?”

“നിന്റെ പപ്പയായിരിക്കും വീട്ടിലെ കാര്യങ്ങളെല്ലാം നടത്തുന്നതെന്ന് അവൻ കരുതിക്കാണും. സദസ്സിൽ ആളായി നിൽക്കാനും പൊങ്ങച്ചം പറയാനും നിന്റെ പപ്പയ്ക്ക് പ്രത്യേക കഴിവ് ഉണ്ടല്ലോ?” “ഇനിയിപ്പോൾ എന്ത് ചെയ്യും?” “എന്ത് ചെയ്യാനാ? ബോബി നല്ല പയ്യനാണ്. അവൻ ജിൻസിയെ പോയി കാണട്ടെ. നമുക്ക് എങ്ങനെയെങ്കിലും കല്യാണം നടത്താം ” “ചേച്ചിയ്ക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?” “അത് സ്കൂളിൽ പഠിച്ചപ്പോളുള്ള പ്രണയമല്ലേ? അത് ചിലപ്പോൾ ആ പ്രായത്തിന്റെ ഒരു അടുപ്പമായിരിക്കും.

ജിൻസി ഇപ്പോളും അതും മനസിലിട്ടു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നില്ല ” “കഴിഞ്ഞ ആഴ്ച കൂടി അവൾ പറഞ്ഞതേയുള്ളു പ്രസാദേട്ടന് പൂനെയിലേക്ക് പോസ്റ്റിങ്ങ്‌ വരാൻ സാധ്യതയുണ്ടെന്ന്. ഞാനോർത്തതാണ് ഈ സമയത്ത് കല്യാണം നടത്തികൊടുക്കുകയായിരുന്നെങ്കിൽ അവർക്ക് അവിടെ ഒരുമിച്ച് താമസിക്കാമായിരുന്നുവെന്ന്.പക്ഷേ ഇത്രയും കടമുള്ളപ്പോൾ കല്യാണം വേണ്ടെന്നാണ് അവൾ പറയുന്നത് ” അത്രയും നേരം നിശബ്ദനായിരുന്ന ഷിജുവിന്റെ പപ്പ അവരെ രണ്ടാളും നോക്കിയിട്ട് പറഞ്ഞു.

“ബോബിയെപ്പോലെ നല്ലൊരു പയ്യന്റെ ആലോചന വന്നപ്പോൾ ചുമ്മാ സ്കൂളിൽ പഠിച്ചപ്പോളുള്ള പ്രേമത്തിന്റെ കാര്യവും പറഞ്ഞു ആ ആലോചന വേണ്ടെന്ന് വയ്ക്കണോ?” “അവൾ സമ്മതിക്കില്ല , കുറേ വർഷങ്ങൾ ആയിട്ടുള്ള ഇഷ്ടമാണ്. തന്നെയുമല്ല, അവളുടെ എല്ലാ കഷ്ടപാടുകളിലും കൂടെ നിന്നയാളാണ് പ്രസാദേട്ടൻ. പെട്ടന്നൊരു ആലോചന വന്നതിന്റെ പേരിൽ പഴയതൊന്നും മറക്കാൻ അവൾ തയ്യാറാകില്ല ” “ഞാൻ പറയാനുള്ളത് പറഞ്ഞു, ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം ” ഷിജുവിന്റെ പപ്പ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. ജാൻസി ഷിജുവിനോട് പറഞ്ഞു.

“അച്ചാച്ചൻ ബോബിയെ ഒന്ന് ഫോൺ ചെയ്തു വിവരം പറയുമോ? അവനവിടെ പെണ്ണ് കാണാൻ ചെന്നിട്ട് ആ കല്യാണം മുടങ്ങിപ്പോയാൽ അതിന്റെ പേരിൽ പപ്പ അവിടെ വഴക്ക് ഉണ്ടാക്കും. പ്രസാദേട്ടന്റെ കാര്യം ബോബിയോട് പറഞ്ഞാൽ മതി. ഒരാളെ പ്രേമിക്കുന്ന പെണ്ണിനെ കെട്ടണമെന്നൊന്നും അവൻ വാശി പിടിക്കില്ലല്ലോ ” “ഉം.. നാളെ രാവിലെ വിളിക്കാം ” പിറ്റേന്ന് രാവിലെ ഷിജു ബോബിയെ ഫോൺ ചെയ്തു വിവരങ്ങളെല്ലാം ധരിപ്പിച്ചു. അവൻ ആ ആലോചനയിൽ നിന്നും പിന്മാറി.

ഞായറാഴ്ച, ബോബി ജിൻസിയെ പെണ്ണുകാണാൻ വരുമെന്ന് പ്രതീക്ഷിച്ച് ജോസഫ് കാത്തിരുന്നു, അവരെ കാണാതിരുന്നപ്പോൾ വിളിച്ചു ചോദിക്കാൻ ഒരു ഫോൺ നമ്പർ പോലുമില്ലാതെ അയാൾ നിരാശപെട്ടു. പള്ളിയിൽ വച്ച് സംസാരിച്ചപ്പോൾ പയ്യന്റെ പേര് മാത്രമേ പറഞ്ഞുള്ളു. കൂടുതൽ വിവരങ്ങളൊന്നും തന്നെ ചോദിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരുദിവസം ഷിജു ജാൻസിയോട് ചോദിച്ചു. “ജിൻസിയുടെ കല്യാണം ഇനിയും വച്ച് താമസിപ്പിക്കണോ? പ്രസാദിന്റെ വീട്ടുകാരോട് വന്നു സംസാരിക്കാൻ പറഞ്ഞു കൂടെ?” “അവളുടെ വിദ്യാഭ്യാസ ലോൺ ഒന്നും ആയിട്ടില്ല.

ഇനിയും രണ്ടര ലക്ഷത്തോളം ബാക്കിയുണ്ട്, എന്റെ മനസമ്മതത്തിന് എടുത്ത പൈസ പോലും കൊടുത്തു തീർന്നില്ല. അതിനിടയിൽ ഉടനെ കല്യാണം വേണ്ടെന്നാണ് ജിൻസി പറയുന്നത് ” “ലോണൊക്കെ കല്യാണം കഴിഞ്ഞു വേണമെങ്കിലും അടയ്ക്കാമല്ലോ? എന്തായാലും പ്രസാദിന് അവളെപ്പറ്റി എല്ലാം അറിയാമല്ലോ? പിന്നെന്തിനാ കല്യാണം വൈകിക്കുന്നത്?” “അച്ചാച്ചൻ അവളോടൊന്ന് സംസാരിക്കുമോ?” “അവളോട് സംസാരിച്ചിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല, അവൾ ആ പഴയ പല്ലവി തന്നെ ആവർത്തിച്ച് കൊണ്ടിരിക്കും, നിന്റെ കയ്യിൽ പ്രസാദിന്റെ നമ്പർ ഉണ്ടോ? ഞാൻ പ്രസാദിനെ വിളിച്ചു സംസാരിക്കാം ”

“എന്റെ കയ്യിൽ നമ്പറില്ല. ഞാൻ അവളുടെ ഫോണിൽ നിന്നെടുത്തു തരാം ” ജാൻസി ഞായറാഴ്ച വീട്ടിൽ പോയപ്പോൾ ജിൻസിയുടെ ഫോണിൽ നിന്നും പ്രസാദിന്റെ നമ്പർ എടുത്തു, ഷിജു പ്രസാദിനെ ഫോൺ ചെയ്തു. “ഹലോ, ഞാൻ ജിൻസിയുടെ അനിയത്തിയുടെ ഭർത്താവാണ്, നിങ്ങളുടെ വിവാഹകാര്യത്തിൽ എന്താ പ്രസാദിന്റെ തീരുമാനം എന്നറിയാൻ വേണ്ടി ഞാൻ വിളിച്ചതാണ് ” “ചേട്ടാ, ഞാനും ആ കാര്യത്തെപ്പറ്റി അവളോട് സംസാരിച്ചതാണ്. വിദ്യാഭ്യാസലോൺ പകുതി പോലും അടച്ചു തീർന്നിട്ടില്ല, അതുകൊണ്ട് ഉടനെ വിവാഹം വേണ്ടെന്നാണ് അവൾ പറയുന്നത് ”

“അവൾ അങ്ങനെയൊക്കെ പറയും. ഇനിയും വിവാഹം വച്ച് താമസിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. പ്രസാദിന്റെ വീട്ടിൽ സംസാരിച്ചിട്ട്, അവർക്ക് വിരോധമില്ലെങ്കിൽ അധികം വൈകാതെ നമുക്കിതങ്ങു നടത്താം ” “എങ്കിൽ പിന്നെ അടുത്ത തവണത്തെ ലീവിന് വരുമ്പോൾ നോക്കാം. ഇതിപ്പോൾ ജിൻസിയുടെ ലീവ് കഴിയാറായി ” “ഓക്കേ.. എങ്കിൽ, നമ്മൾ തമ്മിൽ സംസാരിച്ചതൊന്നും തത്കാലം ജിൻസി അറിയണ്ട. പ്രസാദ്, അടുത്ത ലീവ് ഒരാറു മാസം കഴിഞ്ഞു എടുത്താൽ മതി, എന്നാലേ എനിക്കും കമ്പനിയിൽ നിന്നും ലീവ് കിട്ടത്തുള്ളൂ. അപ്പോളേക്കും ജിൻസിയോടും ലീവെടുക്കാൻ പറയാം.

ആ വീടിന് വേണ്ടി അവളും അമ്മയും ഒരുപാട് കഷ്ടപ്പെട്ടതാണ്. ഇനിയും ഇങ്ങനെ അവൾ തനിയെ ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.” “ഞാൻ വീട്ടിൽ സംസാരിച്ചിട്ട് ചേട്ടനോട് പറയാം ” പ്രസാദിന്റെ അച്ഛനോടും അമ്മയോടും അവൻ സംസാരിച്ചപ്പോൾ അവർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് കരുതുന്നവരായിരുന്നു ആ മാതാപിതാക്കൾ. പക്ഷേ പ്രസാദിന്റെ പെങ്ങൾക്ക് ആ ബന്ധത്തിനോട് വല്യ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

അവൾ തന്റെ അനിഷ്ടം തുറന്നു പറയുകയും ചെയ്തു. പെങ്ങളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ പ്രസാദ് തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. ആറു മാസം കഴിഞ്ഞപ്പോൾ ജിൻസി ലീവിന് വന്ന അതേസമയത്തു തന്നെ പ്രസാദ് ലീവിന് വന്നു. അപ്രതീക്ഷിതമായി ഒരു ദിവസം പ്രസാദിന്റെ മാതാപിതാക്കളോടൊപ്പം അവനും തന്റെ വീട്ടിലേക്ക് വന്നപ്പോൾ ജിൻസി അമ്പരന്നു. പക്ഷേ അതേ സമയം ജാൻസിയും ഷിജുവും അന്നമ്മയുമൊക്കെ നിൽക്കുന്നത് കണ്ടപ്പോൾ അവരെല്ലാം കൂടി പ്ലാൻ ചെയ്തതാണ് ഈ പെണ്ണ്കാണലെന്ന് ജിൻസിയ്ക്ക് മനസിലായി.

ജിൻസിയ്ക്ക് ഒഴിവ് കഴിവുകളൊന്നും പറയാൻ അവസരം കൊടുക്കാതെ ആ വിവാഹം തീരുമാനിക്കപ്പെട്ടു. ജോസെഫിന് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല ഈ വിവാഹത്തിനോട്. എങ്കിലും തന്റെ കുടുംബത്തിലെ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നത് കണ്ടപ്പോൾ താനായിട്ട് എതിരഭിപ്രായം പറയണ്ടെന്ന് കരുതി അയാൾ മൗനം പാലിച്ചു. വ്യത്യസ്ത ജാതിയിൽ പെട്ടവരായത് കൊണ്ട് തന്നെ അവരുടെ വിവാഹം ഒരു മതാചാര പ്രകാരവുമല്ല നടന്നത്, ഇരു വീട്ടുകാരുടെയും സാന്നിധ്യത്തിൽ ആ വിവാഹം രജിസ്റ്റർ ചെയ്തു. അതിനു ശേഷം വൈകുന്നേരം ടൗണിലെ ഓഡിറ്റോറിയത്തിൽ വച്ച് റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.

ആ റിസപ്ഷനിൽ രണ്ടുപേരുടെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറച്ചു നാട്ടുകാരെയും ക്ഷണിച്ചു. അങ്ങനെ ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ ജിൻസിയും ഒരു ഭാര്യയായി. നാട്ടുകാർക്ക് വീണ്ടും കുറച്ച് നാളുകൾ സംസാരിച്ചു നടക്കാൻ പുതിയൊരു വിഷയം കിട്ടി. “മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്ന് പറഞ്ഞത് വളരെ സത്യമായ കാര്യമാണ്. ജോസെഫിന്റെ മൂത്തമോൾ ആരുടെയും മുഖത്ത് പോലും നോക്കത്തില്ലായിരുന്നു, എന്നിട്ട് ആ പെണ്ണാണൊരുത്തനെ പ്രേമിച്ചു കെട്ടിയത് ”

“പ്രേമിച്ചു കെട്ടുന്നതൊക്കെ ഇത്ര വല്യ കുറ്റമാണോ? ഒരുത്തനെ പ്രേമിച്ചു വേറൊരുത്തനെ കേട്ടുന്നതിനേക്കാളും നല്ലതല്ലേ, സ്നേഹിച്ചയാളെ തന്നെ കെട്ടുന്നത് ” “എന്തായാലും അന്നമ്മയുടെയും പിള്ളേരുടെയും യോഗം. ജോസെഫിന്റെ ഇടി കൊണ്ട് ചാവാനായിരിക്കും യോഗമെന്നാണ് കരുതിയത്. പക്ഷേ രണ്ടുപേരും രക്ഷപെട്ടല്ലോ ” “ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് സുഖവും ദുഃഖവും. ഇത്രയും നാൾ ആ പിള്ളേർ ഒരുപാട് സങ്കടപെട്ടു, ഇനിയെങ്കിലും നന്നായി ജീവിക്കട്ടെ ” അന്നമ്മയുടെ അധ്വാനം കൊണ്ട് പിള്ളേരുടെ ജീവിതം ഒരു കരയ്ക്കടുത്തതിൽ സന്തോഷിക്കുന്ന ചുരുക്കം ചിലരും ആ നാട്ടിലുണ്ടായിരുന്നു.

രാത്രിയിൽ പ്രസാദിന്റെ റൂമിലെത്തിയപ്പോൾ പരിഭവത്തോടെ ജിൻസി പറഞ്ഞു. “ഇയാളോട് ഞാൻ പറഞ്ഞതല്ലേ കല്യാണം എടുപിടിന്ന് വേണ്ടെന്ന്, എനിക്കെന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെന്നറിയാമോ ” പരിഭവത്തോടെ ഇരിക്കുന്ന പ്രിയതമയെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പ്രസാദ് പറഞ്ഞു. “നിന്റെ ഏറ്റവും വല്യ ആഗ്രഹം എന്താണെന്ന് ഞാൻ പറയട്ടെ, ബിഎസ്സി പഠിക്കണം. അതല്ലേ?” “ആഗ്രഹം മനസിലാക്കിയിട്ട് കാര്യമില്ലല്ലോ? ഈ വർഷം കല്യാണം വേണ്ടെന്ന് പറഞ്ഞത്, എനിക്ക് അഡ്മിഷൻ എടുക്കാൻ വേണ്ടിയായിരുന്നു. ” പ്രസാദ് അലമാരയിൽ നിന്നും ഒരു പേപ്പർ എടുത്തു അവളുടെ നേർക്ക് നീട്ടി.

അവൾ ആകാംഷയോടെ ആ പേപ്പർ തുറന്നു നോക്കി. ‘ താൻ പഠിച്ച കോളേജിൽ തന്നെ പോസ്റ്റ്‌ ബിഎസ്സി പഠിക്കാനുള്ള അഡ്മിഷൻ എടുത്തതിന്റെ പേപ്പർ ആയിരുന്നു അത്’. അവന്റെ നെഞ്ചിലേക്ക് വീണുകൊണ്ട് സ്നേഹത്തോടെ അവൾ പറഞ്ഞു. “ഇയാളെപ്പോലെ എന്റെ എല്ലാകാര്യങ്ങളും ഞാൻ പറയാതെ തന്നെ മനസിലാക്കുന്ന ഒരാളെ കിട്ടിയ ഞാനെത്ര ഭാഗ്യവതിയാണ്” “ഇതിനിടയിൽ സോപ്പിടാതെ പെണ്ണെ, നീ നന്നായിട്ട് പഠിച്ചു എക്സാം ഒക്കെ എഴുതിയാൽ മതി.

ഫീസിന്റെ കാര്യമൊന്നുമോർത്ത് എന്റെ പെണ്ണ് വിഷമിക്കണ്ട ” “ഉം ” “പിന്നെ എഡ്യൂക്കേഷൻ ലോണിന്റെ കാര്യം, അത് കുറേശെ ആയിട്ട് നമുക്ക് അടയ്ക്കാം കേട്ടോ.. അതൊന്നുമോർത്തു പഠിത്തം ഉഴപ്പരുത്” ജിൻസിയ്ക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. താൻ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നതിന്റെ സന്തോഷം വളരെയേറെ ആയിരുന്നു. ജിൻസി പോസ്റ്റ്‌ ബിഎസ്സിയ്ക്ക് ജോയിൻ ചെയ്തു. പ്രസാദ് ആഗ്രഹിച്ചത് പോലെ അവൾ നല്ല രീതിയിൽ പഠിച്ചു. എൺപത് ശതമാനം മാർക്കോട് കൂടി അവൾ പാസ്സായി. അവരുടെ ജീവിതത്തിൽ കൂടുതൽ പ്രകാശം പകരാൻ ഒരു കുഞ്ഞ് കൂടി കടന്ന് വന്നു.

ഇതിനിടയിൽ അവളുടെ എഡ്യൂക്കേഷൻ ലോൺ അടച്ചു തീർക്കുകയും ചെയ്തിരുന്നു. പിള്ളേരുടെ രണ്ടുപേരുടെ വിവാഹം നടന്നതിന് ശേഷവും ജോസെഫിന്റെ സ്വഭാവത്തിൽ യാതൊരു വിധ മാറ്റവും വന്നില്ല. അയാൾ അന്നമ്മയോട് നിസാരകാര്യത്തിന് പോലും വഴക്ക് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ, മക്കളും മരുമക്കളും കൂടി അന്നമ്മയെ ഒരു വാടകവീട് എടുത്ത് അവിടേക്ക് മാറ്റാൻ തീരുമാനിച്ചു. ആ തീരുമാനം അറിയിച്ചപ്പോൾ ജോസഫ് എല്ലാവരെയും തെറി വിളിച്ചെങ്കിലും മക്കൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു.

അന്നമ്മയെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി, ജാൻസിയും അവളുടെ മക്കളും അന്നമ്മയോടൊപ്പം നിന്നു. ഷിജു ലീവിന് വരുമ്പോൾ മാത്രമാണ് ജാൻസി പത്തനാപുരത്തെ വീട്ടിലേക്ക് പോകുന്നത്. ജീവിതത്തിൽ ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചെങ്കിലും ഇപ്പോൾ അന്നമ്മ മക്കളോടും കൊച്ചു മക്കളോടുമൊപ്പം സുഖമായിരിക്കുന്നു

തുടരും.. 

തനിയെ : ഭാഗം 13