Friday, January 17, 2025
Novel

തനിയെ : ഭാഗം 12

Angel Kollam

ജിൻസിയ്ക്കും എയ്ഞ്ചലിനും എമർജൻസിയിലാണ് ഡ്യൂട്ടി, ടിന്റു ഗൈനക് വാർഡിലും. ആഫ്റ്റർനൂൺ ഷിഫ്റ്റിനു ജിൻസി എത്തിയപ്പോൾ ഇൻചാർജ് അവളോട് പറഞ്ഞു. “ജിൻസി, ഇന്നലെ പ്രൈവറ്റ് വാർഡിൽ ഷിഫ്റ്റ്‌ ചെയ്ത മലയാളി ഇല്ലേ? അവർക്ക് നിന്നേ കാണണമെന്ന് പറഞ്ഞിരുന്നു ” ജിൻസി ഒന്നമ്പരന്നു ‘ ഈശോയെ, എന്തെങ്കിലും പ്രശ്നം ഉണ്ടോ? സാധാരണ ഷിഫ്റ്റ്‌ ചെയ്യുമ്പോൾ എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളോ, പഴയ കേസ് റെക്കോർഡോ നഷ്ടപെടുമ്പോളാണ് രോഗികൾ എമർജൻസി സ്റ്റാഫിനെ കാണണമെന്ന് ആവശ്യപ്പെടുന്നത്.

ജിൻസി ഒരു ധൈര്യത്തിന് എയ്ഞ്ചലിനെയും കൂടെ കൂട്ടിക്കൊണ്ട് പ്രൈവറ്റ് വാർഡിലേക്ക് നടന്നു. പ്ലാറ്റി‍നം വാർഡിൽ ആയിരുന്നു ആ രോഗി ഉണ്ടായിരുന്നത്. പൂനെയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി, പേര് മോളി മാത്യു, നാട്ടിൽ പത്തനാപുരത്താണ് വീട്. ഇതൊക്കെ ഇന്നലെ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമ്പോൾ അവരിൽ നിന്നും അറിഞ്ഞ വിവരങ്ങളാണ്. ജിൻസി അവരുടെ റൂമിന്റെ കതകിൽ മെല്ലെ തട്ടി. അകത്തു നിന്ന് മൃദുവായ ഒച്ച കേട്ടു. “കയറി വരൂ ” ജിൻസിയും എയ്ഞ്ചലും റൂമിനുള്ളിലേക്ക് ചെന്നു.

മോളി അവരുടെ മുഖത്തേക്ക് നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് റൂമിലെ സോഫ ചൂണ്ടിക്കാട്ടിയിട്ട് അവരോടിരിക്കാൻ ആവശ്യപ്പെട്ടു. ജിൻസി സങ്കോചത്തോടെ ഇരുന്നു. മോളി ആമുഖമൊന്നുമില്ലാതെ പറഞ്ഞു. “ജിൻസിയോട് ഒരു സീരിയസ് കാര്യം പറയാനാണ് വിളിപ്പിച്ചത് ” “എന്താ ആന്റി?” “മോളെ വളച്ചു കെട്ടില്ലാതെ കാര്യം പറയാം. ഞാൻ ഒരു കല്യാണകാര്യത്തെ പറ്റി പറയാനാണ് മോളെ വിളിപ്പിച്ചത് ” ജിൻസി ഞെട്ടലോടെ മോളിയുടെ മുഖത്തേക്ക് നോക്കി. എയ്ഞ്ചൽ ആകാംഷയോടെ മോളി എന്താണ് പറയുന്നതെന്നറിയാൻ കാതോർത്തു.

പെട്ടന്ന് ജിൻസി അവരോട് പറഞ്ഞു. “ആന്റി, എനിക്കുടനെ കല്യാണത്തെ പറ്റിയൊന്നും ചിന്തിക്കാൻ പറ്റില്ല ” “അങ്ങനെ പറഞ്ഞു ഒഴിയരുത് മോളെ, നീ ഇന്നലെ എന്നെ ഇവിടെ ഷിഫ്റ്റ്‌ ചെയ്തപ്പോൾ തന്നെ നിന്നോടിതേപറ്റി സംസാരിക്കണമെന്ന് കരുതിയതാണ്. എന്നാലും എല്ലാവരോടും ഒന്നുകൂടി ആലോചിക്കാൻ വേണ്ടി വെയിറ്റ് ചെയ്തതാണ്. എമർജൻസിയിൽ വച്ചു മോളെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി ” “ആന്റിയ്ക്ക് എന്നോടൊന്നും തോന്നരുത്, എനിക്കൊരുപാട് ബാധ്യതകൾ ഉണ്ട്. ഞാൻ ചെയ്ത് തീർക്കേണ്ട കുറേ കടമകളുണ്ട്.

അതിനിടയിൽ ഉടനെ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ കഴിയില്ല” “മോളെ, നിന്റെ ബാധ്യതകളെല്ലാം അറിഞ്ഞു കൊണ്ട് നിന്നെ വിവാഹം ചെയ്യാൻ ഒരാൾ ഒരുക്കമായാലോ? എന്റെ ആങ്ങളയുടെ മകനാണ് പയ്യൻ. പേര് ഷിജു, അവൻ ഒമാനിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആണ്. അവന് അത്യാവശ്യം നല്ല സാലറി ഉണ്ട്. പിന്നെ, രണ്ടു പെങ്ങന്മാർ ഉള്ളതിനെ കെട്ടിച്ചു വിട്ടതിന്റെ ബാധ്യത തീർക്കാനുണ്ടായിരുന്നത് കൊണ്ട് വീടൊന്നും വച്ചിട്ടില്ല. ഇപ്പോളും പഴയ കുടുംബവീട് തന്നെയാണ്.

അവന്റെ അമ്മ നാലു വർഷം മുൻപ് കാൻസർ വന്ന് മരിച്ചു പോയതാണ്. സൽസ്വഭാവിയായ പയ്യനാണ്. പത്തനാപുരത്തു, അവന്റെ വീടിനടുത്തുള്ള ആരോട് ചോദിച്ചാലും അവനെക്കുറിച്ച് നല്ലത് മാത്രമേ പറയുള്ളൂ ” മോളി ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തിയപ്പോൾ ജിൻസി പുഞ്ചിരിയോടെ പറഞ്ഞു. “ആന്റിക്ക് എന്നോട് വിരോധം തോന്നരുത്. ഞാൻ ആറു വർഷമായിട്ട് ഒരാളുമായിട്ട് ഇഷ്ടത്തിലാണ്. അയാളെ തന്നെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം ” മോളിയുടെ മുഖം വാടി.

“സോറി ആന്റി ” “ഓ! സാരമില്ല മോളെ, നിന്നോട് സംസാരിക്കുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ സഹോദരനെ വിളിച്ചു വിവരം പറഞ്ഞു. ഷിജു ലീവിന് നാട്ടിൽ വന്നിരിക്കുന്ന സമയമാണ്. മോൾ സമ്മതിക്കുകയാണെങ്കിൽ വിവാഹം ഉടനെ നടത്താമെന്നൊക്കെ ഞാൻ കരുതി ” ജിൻസിയുടെ മനസ്സിൽ പെട്ടന്നെന്തോ ചിന്ത കടന്ന് വന്നു. “ആന്റി, ആന്റിയുടെ സഹോദരന്റെ മകന് നല്ലൊരു പെൺകുട്ടിയെ ഭാര്യയായിട്ട് വേണമെന്നല്ലേയുള്ളൂ, അതൊരു നേഴ്സ് ആയിരിക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ ” മോളി അമ്പരപ്പോടെ മറുപടി പറഞ്ഞു.

“അങ്ങനെ നിർബന്ധം ഒന്നുമില്ല. അവന് ലേശം നിറം കുറവുണ്ട്, ഒന്ന് രണ്ടിടത്തു പെണ്ണ് കാണാൻ പോയപ്പോൾ ആ കാരണം പറഞ്ഞാണ് ബന്ധം ശരിയാകാഞ്ഞത്. അപ്പോൾ അവന്റെ മനസ്സിൽ ചെറിയൊരു വാശി ഉണ്ടായിരുന്നു, നല്ല സ്വഭാവവും പിന്നെ അവനെക്കാളും ഇത്തിരി നിറവുമുള്ള പെണ്ണിനെ കെട്ടണമെന്ന് ” “എനിക്കൊരു അനിയത്തിയുണ്ട്. പേര് ജാൻസി. ഇരുപതു വയസായതേയുള്ളൂ. അവൾക്കും ഏകദേശം എന്റെ അതേ നിറമൊക്കെ തന്നെയാണ്, അവളുടെ കല്യാണം നടന്നിട്ട് എന്റെ നടന്നാൽ മതിയെന്ന ആഗ്രഹവും എനിക്കുണ്ട് ”

“അതെന്താ മോളെ ചേട്ടത്തി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിച്ചു വിടുന്നത്?” ജിൻസി തന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം അവരോട് ചുരുക്കി പറഞ്ഞു. “ഇതെല്ലാം അറിഞ്ഞു കൊണ്ടൊരാൾ വരുമ്പോൾ മാത്രമേ അവളുടെ വിവാഹം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ ” മോളി ചിന്തയോടെ ഇരുന്നിട്ട് പറഞ്ഞു. “മോളുടെ വീട്ടിലെ നമ്പർ താ, ഞാൻ മോളുടെ അമ്മയോട് വിളിച്ചു സംസാരിക്കാം ” “അമ്മയ്ക്ക് ഫോണില്ല, അനിയത്തിക്ക് മൊബൈൽ ഉണ്ട്.

വൈകുന്നേരം അതിൽ വിളിച്ചാൽ മതി, അമ്മയെ കിട്ടും ” ജാൻസിയുടെ നമ്പർ കൊടുത്തിട്ട് എയ്ഞ്ചലിന്റെ കൈയും പിടിച്ചു ജിൻസി ആ റൂമിൽ നിന്നിറങ്ങി. എമർജൻസിയിലേക്കുള്ള ലിഫ്റ്റിൽ കയറുമ്പോൾ എയ്ഞ്ചൽ ജിൻസിയോട് പറഞ്ഞു. “എത്ര രോഗികളെ ഞാൻ ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു, ഇതുവരെ ആരും എന്നെ കല്യാണം ആലോചിച്ചിട്ടില്ലല്ലോ?” “എന്തേ? കെട്ടിപോകാൻ അത്രയ്ക്ക് ആഗ്രഹമുണ്ടോ? ആ പാവം ചെക്കനെ വഞ്ചിക്കാൻ വല്ല പ്ലാനുമുണ്ടോ?”

“ഹേയ്, അതിനൊന്നുമല്ല, നീയിപ്പോൾ പറഞ്ഞത് പോലെ മാസ്സ് ഡയലോഗ് പറയാൻ എനിക്കൊരു അവസരം കിട്ടിയില്ലല്ലോ എന്നാണ് ഞാനോർത്തത്,” “എന്റെ ബുദ്ധിമതി.. ആ ചേട്ടൻ ഫോൺ ചെയ്യട്ടെ, ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, നിനക്കൊരു ചായ്‌വുണ്ടെന്ന് ” “എന്റെ പൊന്നേ, വെറുതെ അബദ്ധമൊന്നും കാണിക്കരുതേ, അല്ലെങ്കിൽ തന്നെ പൊസ്സസ്സീവ്നെസിന്റെ രാജാവാണ്. നീ ഇത്‌ പറഞ്ഞാൽ, ഇനി പുതിയത് എന്തെങ്കിലും കിട്ടുന്നത് വരെ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കും ”

“ഞാൻ ചുമ്മാ തമാശ പറഞ്ഞതാടി പെണ്ണേ, ഞാനായിട്ട് നിന്റെ കുടുംബം കലക്കത്തില്ല.. നീ പേടിക്കണ്ട ” അവർ രണ്ടുപേരും ഡ്യൂട്ടിക്ക് കയറി. വൈകുന്നേരം സന്ധ്യപ്രാർത്ഥന കഴിഞ്ഞിട്ടു എഴുന്നേൽക്കുമ്പോളാണ് ജാൻസിയുടെ ഫോൺ ശബ്ദിച്ചത്. “ഹലോ ” “ഹലോ, ജാൻസിയാണോ?” “അതേ” “മോളെ, എനിക്ക് അന്നമ്മയോടൊന്ന് സംസാരിക്കണം ” “ഒരു മിനിറ്റ്, ഞാൻ അമ്മയ്ക്ക് കൊടുക്കാം ” അന്നമ്മ അടുക്കളയിൽ രാത്രിയിലത്തേക്കുള്ള ഭക്ഷണം റെഡി ആക്കുകയായിരുന്നു.

ജാൻസി ഫോണുമായി അവരുടെ അടുത്തെത്തി. “അമ്മയ്ക്കാണ് ഫോൺ ” “ആരാ മോളെ?” “അറിയത്തില്ല, ഏതോ ഒരു സ്ത്രീയാണ് ” അന്നമ്മ ഫോൺ വാങ്ങി കാതോട് ചേർത്തു. “ഹലോ ” “ഹലോ, അന്നമ്മേ.. എന്റെ പേര് മോളി എന്നാണ്…. ജിൻസിയാണ് ഈ നമ്പർ തന്നത് ” മോളി എല്ലാ വിവരങ്ങളും അന്നമ്മയോട് സംസാരിച്ചു. എല്ലാം കേട്ടതിനു ശേഷം അന്നമ്മ പറഞ്ഞു. “ജാൻസിയെ ആദ്യം കെട്ടിച്ചു വിടണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ ഇത്രയും പെട്ടന്ന് കല്യാണം നടത്താൻ ഒന്നും ഞങ്ങളുടെ കയ്യിലില്ല.

ജിൻസിയ്ക്ക് കിട്ടുന്ന ശമ്പളം ലോൺ അടയ്ക്കാൻ പോലും തികയുന്നില്ല. ജാൻസി പഠിച്ചിറങ്ങിയതേയുള്ളൂ, ഈ സാഹചര്യത്തിൽ ഉടനെ ഒരു വിവാഹം നടത്താൻ ഞങ്ങൾക്ക് സാധിക്കില്ല. ഒരു വർഷം കൂടി കഴിഞ്ഞിട്ടു, ഇപ്പോളത്തെ ഈ കടമൊക്കെ കുറച്ചൊതുങ്ങിയിട്ട് മതിയെന്നാണ് ഞാൻ കരുതുന്നത് ” “അന്നമ്മേ, ചെക്കൻ വന്നൊന്ന് പെണ്ണിനെ കാണട്ടെ, അവർക്ക് പരസ്പരം ഇഷ്ടമായാൽ നമുക്ക് വാക്ക് പറഞ്ഞു വയ്ക്കാം. ഒരു വർഷം കഴിഞ്ഞു കല്യാണം നടത്തിയാൽ മതി ”

“അങ്ങനെയാണെങ്കിൽ കുഴപ്പമില്ല ” മോളി വിളിച്ചു പറഞ്ഞതനുസരിച്ചു തൊട്ടടുത്ത ദിവസം തന്നെ ഷിജു ഒരു കൂട്ടുകാരനോടൊപ്പം ജാൻസിയെ പെണ്ണുകാണാൻ വന്നു. അവന് ഒറ്റനോട്ടത്തിൽ പെണ്ണിനെ ഇഷ്ടപെട്ടു. അവൻ വീട്ടിൽപോയി അന്ന് വൈകിട്ട് തന്നെ അപ്പനെയും കൂട്ടി വന്നു, അയാൾക്കും ജാൻസിയെ ഇഷ്ടമായി. ഷിജു അന്നമ്മയോട് പറഞ്ഞു. “അമ്മേ, എനിക്ക് ജാൻസിയെ ഇഷ്ടമായി. എത്രയും പെട്ടന്ന് അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട് ” അന്നമ്മ അന്ധാളിപ്പോടെ പറഞ്ഞു. “മോനെ, ഉടനെ ഒരു വിവാഹം നടത്താനുള്ള സാമ്പത്തികമൊന്നും ഞങ്ങൾക്കില്ല.

മോന്റെ ആന്റി വിളിച്ചപ്പോൾ ഞാനെല്ലാം വിശദമായി പറഞ്ഞതാണല്ലോ ” “സ്ത്രീധനത്തിന്റെ കാര്യമാണ് അമ്മ ഉദ്ദേശിക്കുന്നതെങ്കിൽ എനിക്കൊരു രൂപ പോലും സ്ത്രീധനം വേണ്ട, സ്വർണമോ മറ്റ് പാരിതോഷികങ്ങളോ ഒന്നും വേണ്ട, എനിക്ക് ജാൻസിയെ ഇഷ്ടമായി. അമ്മയ്ക്ക് സമ്മതമാണെങ്കിൽ അവളെ എനിക്ക് വിവാഹം ചെയ്ത് തരണം ” “മോനെ, സ്ത്രീധനം വേണ്ടെന്ന് നീ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. പക്ഷേ കല്യാണചിലവിന് പൈസ വേണ്ടേ? പിന്നെ മനസമ്മതം നടത്തണ്ടേ?

എടുപിടിന്ന് അതൊന്നും നടത്താൻ പൈസയില്ല ” “കല്യാണചിലവിന്റെ കാര്യം അമ്മ വിട്ടേക്ക്, അത് ചെറുക്കന്റെ വീട്ടുകാരുടെ ഉത്തരവാദിത്തമാണ് ” “മോനെ, കുറച്ച് പൈസയെങ്കിലും ഞങ്ങൾ തരണ്ടേ?” “അതിന്റെയൊന്നും ആവശ്യമില്ലമ്മേ , നിങ്ങൾ മനസമ്മതം മാത്രം നടത്തിയാൽ മതി ” “എനിക്കൊന്നാലോചിക്കണം മോനെ ” “ആലോചിച്ചു തീരുമാനിച്ചിട്ട് സമ്മതമാണെങ്കിൽ ഞായറാഴ്ച വീട്ടിലേക്ക് വരൂ.. ” ഷിജുവും പിതാവും യാത്ര പറഞ്ഞു പോയപ്പോൾ താൻ കാണുന്നത് സ്വപ്നമാണോയെന്ന് അന്നമ്മയ്ക്ക് തോന്നി. ജാൻസിയുടെ വിവാഹക്കാര്യം ഏകദേശം തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ജോസഫ് വീട്ടിലുള്ളപ്പോളാണ് അവർ വന്നതെങ്കിലും മദ്യപിച്ചു അർദ്ധബോധാവസ്ഥയിൽ ഇരുന്നത് കൊണ്ട് അയാളൊന്നും മിണ്ടിയില്ല. അന്നമ്മ ജിൻസിയെ ഫോൺ ചെയ്തു വിവരങ്ങളെല്ലാം പറഞ്ഞു. “മോളെ ഈ വിവാഹം നടന്നാൽ ജാൻസിയ്ക്ക് നല്ലൊരു ജീവിതം കിട്ടും. അവളെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടട്ടെയെന്ന് എനിക്കാഗ്രഹമുണ്ട്. മനസമ്മതം നടത്താൻ അമ്പതിനായിരം രൂപയെങ്കിലും ചിലവാകും. പള്ളിയിൽ മുടങ്ങി കിടക്കുന്ന കുടിശികയെല്ലാം അടച്ചു തീർക്കണം. പിന്നെ ബന്ധുക്കളെയും കുറച്ച് നാട്ടുകാരെയും വിളിക്കണം.

അവർക്ക് ഭക്ഷണവും മറ്റുമായി അമ്പതിനായിരം എന്തായാലും വേണ്ടി വരും ” “എന്തായാലും ഞായറാഴ്ച അമ്മ അങ്കിളിനെയും ആന്റിമാരെയും ഒക്കെ കൂട്ടി ആ പയ്യന്റെ വീട്ടിൽ പോയി സംസാരിക്ക്. പൈസയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നമുക്ക് നോക്കാം ” അന്നമ്മയുടെ സഹോദരൻ ജോണിന് ശ്വാസകോശസംബന്ധമായ രോഗം ബാധിച്ചതിനെ തുടർന്ന് അയാൾ വിദേശത്തെ ജോലി അവസാനിപ്പിച്ചു വന്നിരുന്നു. അയാളുടെ ഏകമകൻ റിജോയ്ക്ക് വിദേശജോലി ലഭിച്ചിരുന്നു. അവൻ ഇടയ്ക്ക് ജിൻസിയെയും അന്നമ്മയെയും വിളിച്ചു വിവരങ്ങൾ അന്വേഷിച്ചിരുന്നു.

പതിവ് പോലെ ആ വെള്ളിയാഴ്ച തന്നെ റിജോ ഫോൺ ചെയ്തപ്പോൾ ജാൻസിയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുള്ള വിവരം ജിൻസി അവനെ അറിയിച്ചു. റിജോ അപ്പോൾ തന്നെ അന്നമ്മയെ ഫോൺ ചെയ്തു. “വല്യാന്റി ഒന്നുകൊണ്ടും പേടിക്കണ്ട, ധൈര്യമായിട്ട് ഞായറാഴ്ച പോയി വാക്കുറപ്പിച്ചോ. മനസമ്മതത്തിന് ചിലവാകുന്ന അമ്പതിനായിരം രൂപ ഞാൻ തരാം. വല്യാന്റി പിന്നെയെനിക്ക് തിരിച്ചു തന്നാൽ മതി ” “റിജോ മോനെ നിന്റെയമ്മ അറിഞ്ഞാൽ സമ്മതിക്കുമോ?” “മമ്മിയോട്‌ ഞാൻ പറഞ്ഞോളാം. വല്യാന്റി അതൊന്നുമോർത്ത്‌ ടെൻഷൻ അടിക്കണ്ട. വല്യാന്റിയ്ക്ക് സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് ഉണ്ടോ?”

“എനിക്കു ബാങ്ക് അകൗണ്ട് ഒന്നുമില്ല മോനെ ” “ഓക്കേ, എങ്കിൽ ഞാൻ പപ്പയുടെ പേരിൽ പൈസ അയക്കാം. പപ്പാ കൊണ്ട് തരും വല്യാന്റിയ്ക്ക് പൈസ ” “ഒത്തിരി സന്തോഷം മോനെ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ “. “ജാൻസി എന്റെയും കൂടി പെങ്ങളല്ലേ വല്യാന്റി ” റിജോ പൈസ തരുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ അന്നമ്മ സന്തോഷിച്ചു. ഞായറാഴ്ച അന്നമ്മ അടുത്ത ബന്ധുക്കളെയും കൂട്ടി ഷിജുവിന്റെ വീട്ടിൽ വാക്കുറപ്പിക്കാൻ പോയപ്പോൾ തന്റെ ഒരു മകളെങ്കിലും രക്ഷപെടുമല്ലോ എന്ന സന്തോഷമായിരുന്നു അവർക്ക്. ഷിജു ഒമാനിൽ നിന്നും രണ്ടു മാസത്തെ ലീവിന് വന്നതായിരുന്നു.

പെണ്ണുകാണാൻ നടന്ന് ഏകദേശം ഒരു മാസം അങ്ങനെ കഴിഞ്ഞു പോയിരുന്നു. അതുകൊണ്ട് കല്യാണം അധികം താമസിയാതെ നടത്തിയാൽ കൊള്ളാമെന്നു അവൻ ആഗ്രഹം പ്രകടിപ്പിച്ചു. “അമ്മേ മനസമ്മതം മാത്രം നിങ്ങൾ നോക്കിയാൽ മതിയല്ലോ, ബാക്കി എല്ലാകാര്യങ്ങളും ഞാൻ നടത്തിക്കോളാം.. ഈ വിവാഹം പെട്ടന്ന് നടക്കണമെന്നാണ് എന്റെ ആഗ്രഹം ” എന്തായാലും റിജോ പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട്, എങ്കിൽ പിന്നെ ഷിജുവിന്റെ ആഗ്രഹം പോലെ പെട്ടന്ന് കല്യാണം നടക്കട്ടെയെന്ന് അന്നമ്മ കരുതി.

അന്നമ്മയുടെ സഹോദരനാണ് വാക്ക് കൊടുത്തത്. “എങ്കിൽ പിന്നെ അങ്ങനെയാകട്ടെ, നമുക്ക് കല്യാണം പെട്ടന്ന് തന്നെ നടത്താം ” ഷിജുവിന്റെ അപ്പൻ എല്ലാവരോടുമായി ചോദിച്ചു. “എങ്കിൽപിന്നെ ഈ വരുന്ന വ്യാഴാഴ്ച മനസമ്മതവും അതിനടുത്ത തിങ്കളാഴ്ച കല്യാണവും നടത്തിയാലോ?” “അയ്യോ.. ഇത്രയും പെട്ടന്നോ.. വെറും എട്ട് ദിവസമല്ലേ ഉള്ളൂ ” ” ഷിജുവിന്റെ ലീവ് ഇനി ഈ ഒരുമാസം കൂടിയേ ഉള്ളൂ. അപ്പോൾ പിന്നെ കല്യാണം പെട്ടന്ന് നടത്തുന്നതല്ലേ നല്ലത്” അന്നമ്മ ഒരു നിമിഷം ആലോചനയോടെ നിന്നു, എന്നിട്ട് പറഞ്ഞു. “എനിക്കൊരെതിർപ്പുമില്ല..

അവളുടെ ജോലി കളയരുതെന്ന് ഒരാഗ്രഹം മാത്രമേയുള്ളൂ. ഒരുപാട് കഷ്ടപെട്ടാണ് രണ്ടുകുട്ടികളെയും പഠിപ്പിച്ചത് ” “ജോലിയൊന്നും കളയണ്ട. കല്യാണത്തിന് ലീവെടുക്കട്ടെ. അവൻ പോയിക്കഴിയുമ്പോൾ നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ജോലിക്ക് പൊയ്ക്കോട്ടേ, ഞങ്ങൾക്ക് ഒരെതിർപ്പുമില്ല ” അങ്ങനെ ആ വിവാഹം തീരുമാനിക്കപ്പെട്ടു. വാക്കുറപ്പിക്കാൻ പോയവരെല്ലാം തിരിച്ചു പോകുന്നതിന് മുൻപ് അന്നമ്മയുടെ അമ്മ അവളോട് ചോദിച്ചു. “അന്നമ്മേ, നീ എന്ത് ധൈര്യത്തിലാണ് വ്യാഴാഴ്ച മനസമ്മതം നടത്താമെന്ന് വാക്ക് കൊടുത്തത്, അതിന് പൈസ എവിടുന്നാണ്?”

അന്നമ്മ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “റിജോ എനിക്ക് കുറച്ച് പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട്, ആ പൈസ കൊണ്ട് ഞാൻ മനസമ്മതം നടത്തും. പിന്നീട് അവന് ആ പൈസ തിരികെ കൊടുത്താൽ മതിയല്ലോ ” “ഭാഗ്യം.. അവനെങ്കിലും കുറച്ച് മനസാക്ഷി ഉണ്ടായല്ലോ? എന്തായാലും ആ മൂധേവിയുടെ സ്വഭാവമൊന്നുമല്ല അവന് കിട്ടിയിരിക്കുന്നത് ” അടുക്കളയിൽ നിന്നും കുറച്ചു വെള്ളം എടുക്കാൻ വേണ്ടി വന്ന ലിസ അവരുടെ സംഭാഷണം ഒളിഞ്ഞു നിന്നു കേട്ടു. അവൾ പല്ല് ഞെരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.

‘ ഓഹോ, അപ്പോൾ എന്റെ മോന്റെ പൈസ കണ്ടിട്ടാണ് അമ്മയും മക്കളും കല്യാണം നടത്താൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. നടത്തി തരാം.. കാത്തിരുന്നോ.. എല്ലാം മംഗളമായി നടത്തിതരാം ഞാൻ ‘ ലിസയുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

തുടരും.. 

തനിയെ : ഭാഗം 11