Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 9

നോവൽ: ഇസ സാം


എബിയും അവളെ തന്നെ നോക്കി നിൽക്കുന്നു…… ഇനിയും ആ കാഴ്ച നേത്രങ്ങളാൽ ഒപ്പാൻ കഴിയാത്തതിനാൽ ഞാൻ തല കുമ്പിട്ടു പിന്തിരിഞ്ഞിറങ്ങി…അപ്പോഴും അവിടെയുള്ള കുട്ടികൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു….

“പെർഫെക്റ്റ് മാച്ച്…..”

“മെയ്ഡ് ഫോർ ഏച്ച് അദർ” അങ്ങനെ അങ്ങനെ… എനിക്കിനിയും അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല…ഞാൻ തലകുമ്പിട്ടു ക്ലാസ്സിലേക്ക് നടന്നു…എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…അപ്രതീക്ഷിതമായി എബിയെ കണ്ടപ്പോൾ അവൻ എന്നെ പ്രതീക്ഷച്ചിരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിനു അൽപായുസ്സേ ഉണ്ടായിരുന്നുള്ളു….

ക്‌ളാസിൽ കയറി ഏതോ ഒരു സീറ്റിൽ ഇരുന്നു…കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു…..അത് തുടയ്ക്കാൻ പോലും ഞാൻ മറന്നിരുന്നു….ടീച്ചര് വന്നതും ക്ലാസ് തുടങ്ങിയതും ഒന്ന് ഞാൻ അറിഞ്ഞില്ല…ആരെക്കെയോ വന്നു അടുത്തിരുന്നു….

എന്തക്കയോ ചുറ്റും നടക്കുന്നു…. നേരത്തോടു നേരം കഴിഞ്ഞു….പെട്ടന്ന് ദേഹത്തു വെള്ളം വീണു…ഞാൻ ഞെട്ടി തല പൊക്കി നോക്കി…… ആളെ കണ്ടു ഞാൻ ഞെട്ടി എണീറ്റു…..

“എന്താടോ…… എന്തിനാ എണീറ്റേ……. താൻ എന്തൊരു ഇരുപ്പാ…… എത്ര നേരായി വിളിക്കുന്നു……?” മറ്റാരുമല്ല……
ആ സുന്ദരി…..അച്ചായന്റെ പട്ടെത്തി.

ഞാനൊന്നും മിണ്ടിയില്ല….അവളെ തന്നെ നോക്കി നിന്നു……. “ഇത് എന്റെ സീറ്റാണ് ……”
അവൾ എന്നെ നോക്കി പറഞ്ഞു……എന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഉണ്ടാവാതായപ്പോൾ അവൾ തന്നെ വന്നു അവളുടെ ബാഗ് എടുത്തു മാറിയിരുന്നു…..

ഞാൻ അവളെ തന്നെ നോക്കി ആ കസേരയിലും ഇരുന്നു…….ആരെക്കെയോ വന്നു സംസാരിച്ചു……ഞാനും എന്തെക്കയോയോ മറുപടി പറഞ്ഞു…അന്ന് തള്ളി നീക്കി…തിരിച്ചു ഹോസ്റ്റലിലേക്കു നടക്കുമ്പോൾ ആ പട്ടത്തിയും ഉണ്ടായിരുന്നു കൂടെ….

ഞാനവളെ വിളിച്ചില്ല…പക്ഷേ അവൾ എന്റൊപ്പം വന്നു…. എന്നോട് ഹോസ്റ്റലിലേക്കാണോ എന്ന് ചോദിച്ചു…ഞാൻ ഒന്നും മിണ്ടിയില്ല..അവൾ കൂടെ പോന്നു…… ഞാൻ അവളെ ഇടകണ്ണിട്ടു നോക്കി….. അവളും അങ്ങനെ തന്നെ……. ഈശോയെ ഈ കൊച്ചു എന്നാത്തിനാ എന്റെ കൂടെ വരുന്നേ…… ഈ കുരിശിനെ ഒന്ന് മാറ്റിതായോ…..ഹോസ്റ്റലിൽ എത്തിയപ്പോൾ ഞാൻ വേഗം നടന്നു മുറിയിലേക്ക് പോയി…അവളെ നോക്കിയതേയില്ല…….

അവളിൽ നിന്ന് രക്ഷപെടാൻ വേഗം വന്നത് കൊണ്ട് തന്നെ ഞാൻ താക്കോൽ എടുക്കാൻ മറന്നു….വന്ന അതെ വേഗത്തിൽ തിരിച്ചു നടക്കാൻ തുടങ്ങിയതും അവൾ ദാ വരുന്നു…. എന്നെ ഒന്ന് ഇരുത്തി നോക്കീട്ടു എന്റെ മുറി തുറക്കുന്നു……കർത്താവേ….ഇത്രയും വലിയ പണി എനിക്ക് തരണമായിരുന്നോ…… ഈ കുരിശിന്റെ കൂടെ ആണോ ഞാൻ അഞ്ചു വര്ഷം ഈ മുറിയിൽ കഴിയാൻ……മാലാഖയായി പിറന്ന എന്നെ നീ യൂദാസ് ആക്കുമോ….

ഇന്നത്തെ ദിവസം നീ എനിക്ക് തന്ന പണിയുടെ എണ്ണം വല്ലതും നിനക്ക് ഓര്മയുണ്ടോ…..
” ഇയാൾ കേറുന്നില്ലേ…….എനിക്ക് വാതിൽ അടയ്ക്കണം….” കുരിശു വീണ്ടും….
ഞാൻ ഒന്നും മിണ്ടാതെ കയറി…അവൾ എന്നെ ഒന്ന് നോക്കിയിട്ടു ബാത്റൂമിൽ കയറി കതകടച്ചു… മുറിയിൽ പോയി ഒന്ന് കരയാം എന്ന് വെച്ചപ്പോൾ അവിടെയും കുരിശു…..

ഒന്ന് കരയാനും സമ്മതിക്കേല.
എന്നാലും എന്റെ ഹൃദയത്തിന്റെ വിങ്ങൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല…എബിയുടെ മുഖം തെളിയുമ്പോഴെല്ലാം എന്റെ ഹൃദയത്തിൽ മുള്ളു കുത്തുന്നത് പോലെ…..ഞാൻ ആ മുറി ആകമാനം ഒന്ന് നോക്കി…രണ്ടു കട്ടിൽ രണ്ടു മേശ രണ്ടു അലമാര ഒരു ബാത്രൂം…..

ആ കുരിശിന്റെ സാധനം ഒക്കെ അവിടെ ഉണ്ട്…… അവൾ വന്നിട്ട് ഒരു മാസം ആയിട്ടുണ്ടാവും….എന്നാലും എന്റെ മനസ്സിൽ ആ വാചകം കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു….

“പ്രണയത്തോടെ അച്ചായന്റെ സ്വന്തം പട്ടെത്തി…”
ഞാൻ മൊബൈൽ എടുത്തു അപ്പനെ വിളിച്ചു……ആ ശബ്ദം കേട്ടപ്പോൾ ഞാൻ ഇപ്പൊ പൊട്ടി പോവുമെന്നായി…..

“എന്റെ സാൻഡി……വ്യാഴാഴ്ച പോരു…..അപ്പൻ വരാട്ടോ……” ഇത്രയും പറഞ്ഞു അപ്പൻ ഫോൺ വെച്ച്…അപ്പന്റെ അവസ്ഥയും ഇതൊക്കെ തന്നയാണ് എന്ന് മനസ്സിലായി…..

“ഇത് എന്ത് ഹോംസിക്ക്നെസ്സ് ആടോ തനിക്കു……. ഒറ്റ മോളാണല്ലേ……ഞങ്ങൾക്കാർക്കും ഇത്രയുമില്ലാലോ……?” തലയും തുവർത്തി അവൾ വന്നു എന്റെ അടുത്തിരുന്നു…..ഞാൻ അവളെ നോക്കി…. ഒരു ചമയങ്ങളില്ലാതെ പോലും അതീവ സുന്ദരി……

എബി എന്ന അദ്ധ്യായം ഞാൻ അടയ്ക്കുന്നതാണ് നല്ലതു എന്ന് എനിക്ക് തോന്നി തുടങ്ങി……ചട്ടയിട്ട അമ്മച്ചിയുടെ ആവശ്യമുണ്ടായിരുന്നില്ല….. ആ വസ്തുത ഞാൻ അംഗീകരിക്കാൻ തുടങ്ങിയിരുന്നു…..

സുന്ദരനു സുന്ദരി അല്ലേ ചേർച്ച…… ഞാൻ അവളെ തന്നെ നോക്കിയിരുന്നു…എന്റെ നിസ്സംഗ ഭാവം കണ്ടിട്ടാവണം……അവൾ പറഞ്ഞു.
.
“താൻ പോയി ഫ്രഷ് ആയി വാ….ടി ടൈം കഴിഞ്ഞാൽ പിന്നെ ഒന്നും കിട്ടില്ല……”

ഞാൻ വേഗം ഡ്രെസ്സും എടുത്തു ബാത്റൂമിൽ കയറി വാതിൽ അടച്ചു. ഷവര് തുറന്നു കണ്ണടച്ച് നിന്നു…ഒരുപാട് കരഞ്ഞു…ശബ്ദമില്ലാതെ…ഒരുപാട് കരഞ്ഞപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടി….അപ്പോഴേക്കും വാതിലിൽ മുട്ടും ആരംഭിച്ചു…..

“എടോ….എടോ ….താൻ ഈ ടാങ്കിലെ വെള്ളം മുഴുവൻ തീർക്കുമോ……” ദാ ആ കുട്ടി വിളിക്കുന്നു…. ഞാൻ വേഗം കുളിച്ചു ഡ്രസ്സ് മാറ്റി പുറത്തു ഇറങ്ങി…..

അവൾ അക്ഷമയായി എന്നെയും കാത്തു നിൽക്കുന്നു…എന്നെ അടിമുടി നോക്കി…..അവളുടെ കയ്യിൽ എനിക്കായി ഒരു കേക്കും ചായയും ഉണ്ടായിരുന്നു…എനിക്കായി അവൾ എടുത്തു കൊണ്ട് വന്നതാണ്.
“കരയുവായിരുന്നോ………. ?”

ഞാൻ ഒന്നും മിണ്ടിയില്ല….അവളെ നോക്കി ഒന്ന് ചിരിച്ചു…ഞാൻ എന്തിനു ഈ കുട്ടിയോട് ഇങ്ങനെ പെരുമാറണം…അവൾ എന്ത് ചെയ്തു….ആരും ഒന്നും ചെയ്തില്ല…… ഞാനാണ് വെറുതെ…….ഓരോന്നു…. എനിക്ക് ഭക്ഷിക്കേണ്ട പാനപാത്രം അല്ലാ ഞാനാഗ്രഹിച്ചതു……

“ഒന്ന് ചിരിച്ചല്ലോ…..ന്റെ കൃഷ്ണ……..ഒരു മാസമായി ഞാൻ ഒരു കൂട്ടിനായി കാത്തിരിക്കുന്നു…വന്ന ആളോ കണ്ണീരൊഴിഞ്ഞ നേരമില്ല……ഞാൻ എന്റെ അഞ്ചു വര്ഷം ഡാർക്ക് ആയല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു…….”

ഞാൻ അവളെ നോക്കി ചിരിച്ചു…….”സോറി പട്ടത്തി…….”

അവൾ കൗതുകത്തോടെ എന്നെ നോക്കി……”ആഹാ താൻ ആള് കൊള്ളാലോ…… രാവിലെ അനാട്ടമി ക്ലാസ്സിൽ വന്നുവോ……..?”

ഞാൻ അതേ എന്ന് തലയാട്ടി…അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി…..

“ഞാൻ ശ്വേതാ….ശ്വേത അയ്യർ……പാലക്കാട് ആണ് ദേശം…അപ്പാവും അമ്മാവും ഡോക്ടർസ് ഒരു അനിയൻ…..ഇനി താൻ പറ……താൻ ഒറ്റ മോൾ….അപ്പനെ രാവിലെ കണ്ടു…നിങ്ങളുടെ കരച്ചിലും വർത്തമാനവും ഒക്കെ…”

ഞാൻ അവളെ തന്നെ നോക്കി നിന്നു …നല്ല ചുറു ചുറുക്കുള്ള പെൺകുട്ടി…കണ്ണുകളും പുരികവും ഒക്കെ സംസാരിക്കുന്നു…അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല…..ഒട്ടും അപരിചിതത്വമില്ലാത്ത സംസാരം….അവളോട്‌ എനിക്ക് വെറുപ്പ് തോന്നിയിരുന്നു ആദ്യം കണ്ടപ്പോൾ….പക്ഷേ എനിക്ക് ആരെയും വെറുക്കാൻ കഴിയില്ല…..അപ്പൻ അങ്ങനെയാ എന്നെ വളർത്തിയത്…..അപ്പനും അങ്ങനാ…..

“ഞാൻ സാന്ട്ര തരകൻ…… അപ്പൻ അല്ലറ ചില്ലറ ബിസിനെസ്സും റബ്ബറും ആതുര സേവനവും ഒക്കെയായി മുന്നോട്ട് പോവുന്നു…… ‘അമ്മ ചെറുതിലെ മരിച്ചു………..”

പിന്നെ അവൾ അങ്ങോട്ടു ആരംഭിച്ചു. എന്റെ നാട് വീട് സ്കൂൾ ചുറ്റുപാട്….അവളുടേതൊക്കെ ഞാൻ ചോദിക്കാതെ തന്നെ ഇങ്ങോട്ടു പറഞ്ഞു….എന്റെ നാട് പറഞ്ഞപ്പോൾ……

“എന്റെ അച്ചായൻ്റെ നാട്ടുകാരിയാ……?” അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു…..പക്ഷേ ആ ചോദ്യം കൂരമ്പു പോലെ എന്റെ ഹൃദയത്തിൽ തറച്ചു..

ഏതാനം മണിക്കൂറുകൾ മുന്നേ വരെ എന്റെ ആരെക്കെയോ ആയിരുന്ന എബി…..ഇപ്പൊ ഈ പട്ടത്തിയുടെ അച്ചായൻ മാത്രമായി…… കണ്ണ് നിറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു…..

“അതേ…..നിങ്ങൾ ഇഷ്ടത്തിലാണോ…..?” ഞാൻ ചോദിച്ചു….

അവൾ അല്ലാ എന്ന് പറഞ്ഞെങ്കിൽ എന്ന് ഒരു പ്രത്യാശ പോലും എനിക്കില്ലായിരുന്നു…കാരണം ഒരിക്കലും ഇത്രയും നല്ലൊരു കുട്ടിയെ മറികടന്നു എബി എന്നെ സ്വീകരിക്കില്ല…

അത്രയും ആഴത്തിൽ ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ല…ഞാൻ വെറുതെ എന്റെ മനസ്സിന്റെ ആഴത്തിൽ അവനെ പ്രതിഷ്ടിച്ചതല്ലാതെ…..

എന്നാലും “നിന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു” എന്ന അവന്റെ വാക്കുകളിൽ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ പ്രണയം ഉണ്ടായിരുന്നില്ലേ….ഇല്ലാ …അത് എന്റെ തോന്നലാണ്…എന്റെ കണ്ണിലെ പ്രണയം ആണ് അവനിൽ ഞാൻ കണ്ടത്…..ഇനിയും ഒരു തിരിച്ചു പോക്ക് വേണ്ട സാന്ട്ര………

“ഞങ്ങൾ പ്രണയത്തിലാണ്…..പക്ഷേ ……. പുള്ളി ഇങ്ങോട്ടു പറഞ്ഞിട്ടില്ല….എന്നാലും എനിക്കറിയാം…….” അവളുടെ മുഖം ചുവക്കുന്നതു ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

“സാൻഡ്ര……. ഇയാൾക്ക് അച്ചായന്റെ ആദ്യ പ്രണയം ആരാന്നറിയ്യോ………. അച്ചായൻ പറഞ്ഞതാ……ആദ്യ പ്രണയത്തെ ഒക്കെ മറന്നു വരുന്നേയുള്ളൂ….അപ്പൊ പിന്നെ ഉടനെ വേണമോ അടുത്തതു…..എന്ന്…….” ശ്വേതാ എന്നോട് ചോദിച്ചു…..ഞാൻ എന്ത് പറയാൻ…ആദ്യ പ്രണയം എബി മറന്നെങ്കിലും ഇന്നും ആ പ്രണയത്തിൽ ജീവിക്കുകയാണ് ഞാൻ എന്നോ……

“എന്നെക്കാളും ഒരുപാട് സുന്ദരി ആയിരിക്കും അല്ലേ……….?” ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി…. കൊച്ചു കുട്ടികളെ പോലെ എന്നോട് ചോദിക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു….ഇവളെക്കാളും സുന്ദരിയോ……. ഞങ്ങളുടെ നാട്ടിൽ പോലും ആരും ഉണ്ടാവില്ല……

“അത് എന്താ ശ്വേതാ അങ്ങനെ ചോദിച്ചത്……?”

“അച്ചായൻ എന്നാ ലുക്കാ…… അപ്പൊ പിന്നെ പെൺകുട്ടിയും അങ്ങാനാവുമല്ലോ……?” എന്നെ നോക്കി കണ്ണിറുക്കി….പറഞ്ഞു…..

ചട്ടയിട്ട അമ്മച്ചിമാർ പറഞ്ഞത് എന്ത് ശെരിയാ……ഞാൻ അവളെ നോക്കി ചിരിച്ചു……

“ശ്വേതാ ആത്മാർത്ഥമായി സ്നേഹിക്കു തിരിച്ചും അത് കിട്ടും……..”

“ഇയാള് റിപീറ്റ് ആണോ…….?” ആ വിഷയം മുന്നോട്ട് കൊണ്ട് പോകാൻ ഞാൻ ആഗ്രഹിച്ചില്ല…. എന്റെ കണ്ണ് നിറഞ്ഞു പോവുന്നോ എന്ന ഭയമായിരുന്നു കാരണം…

“അല്ല…… അപ്പാവും അമ്മാവും ചെറുതായിരിക്കുമ്പോഴേ എനിക്ക് ട്രെയിനിങ് തന്നോണ്ടിരിക്കുവാ എൻട്രൻസിന്…. പത്തിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് എൻട്രൻസ് കോച്ചിങ് സ്റ്റാർട് ചെയ്തിരുന്നു…..

സ്വൈര്യം തന്നിട്ടില്ല…… അത് കൊണ്ട് തന്നെ എനിക്ക് ഒരു ഹോം സിക്ക്നെസ്സും ഇല്ല…ഞാൻ എന്തായാലും ഈ അഞ്ചു വര്ഷം അടിച്ചു പൊളിച്ചിട്ടെ പോവുള്ളൂ….. മാത്രവുമല്ല ഒരു ബുജി കോന്തനുമായി തീരുമണം…ഐ മീൻ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുവാ……അവനെയും കൂടെ കല്യാണം കഴിച്ചാൽ പിന്നെ തീർന്നു…….

എനിക്കെന്തായാലും ആസ്വദിച്ചു ജീവിക്കണം….. ഒരുപാട് യാത്ര ചെയ്യണം…. കറങ്ങണം…അങ്ങനെ അങ്ങനെ……… ജീവിതം ഒന്നേയുള്ളു…അത് ആസ്വദിക്കാനുള്ളതാ മോളെ…….”

അവളുടെ വർത്തമാനവും പ്രസരിപ്പും ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു…… എബി മുൻപ് എപ്പോഴോ പറഞ്ഞത് ഓർമ്മ വന്നു……അവനും ഇങ്ങനെ തന്നെയായിരുന്നു.

“അപ്പനും ചേട്ടന്മാരും ഒക്കെ കൂടെ അലമ്പാക്കിയ എന്റെ ദിവസങ്ങൾ ഞാൻ തിരിച്ചു പിടിക്കും സാൻഡ്ര…….. ഞാൻ എങ്ങനെയെങ്കിലും പഠിച്ചു ജോലിയും മേടിച്ചു ഒരു പൊളിക്കലുണ്ട്……..ഞാൻ എന്റെ ബുള്ളറ്റിൽ ഈ ലോകം മുഴുവൻ സഞ്ചരിക്കും………റൈഡേഴ്‌സ് ടാറ്റൂ ഒക്കെ വെച്ചു…… നീ ഇങ്ങനെ അപ്പനെയും കെട്ടിപിടിച്ചു ഒരു ലോകവും അറിയാണ്ട് നടന്നോ. ….ജീവിതം ഒന്നേയുള്ളു…………”

ആ രാത്രി ശ്വേതാ ഒരുപാട് സംസാരിച്ചു…..അവൾക്കു ഒരു മാസം ആരും ഇല്ലാതെ ഒറ്റയ്ക്ക് ആ മുറിയിൽ കഴിഞ്ഞു മതിയായിരുന്നു…… അത് എന്തായാലും നന്നായി…എനിക്ക് എന്റെ അണക്കെട്ടു തുറന്നു വിടാൻ കഴിഞ്ഞില്ല…..അവളെ കേട്ടു കിടന്നു…..ആ വായാടി പെണ്ണിനോട് എനിക്ക് ഒരു സ്നേഹം തോന്നി തുടങ്ങിയിരുന്നു…… വേദനയോടെ ആണെങ്കിലും……

അടുത്ത ദിവസങ്ങളിൽ ഞാൻ തലയിൽ തട്ടമൊക്കെ ഇട്ടു ഒരു മുസ്ലിം കുട്ടിയെ പോലെയാണ് കോളേജിൽ പോയത്…രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു…ഒന്ന് സൂപ്പർ സീനിയർ ചേട്ടന്മാരെ പേടിച്ചു…..രണ്ടു എബിയെ കാണാതിരിയ്ക്കാൻ…. ശ്വേതയുടെ കൂടെയും പോയില്ല…

“കോളേജിലെ ചേട്ടന്മാരുടെ ഹരവും രോമാഞ്ചവുമായ ശ്വേതാ അയ്യരോടൊപ്പം വന്നാലേ ചേട്ടന്മാർ എന്നെ വേഗം കണ്ടു പിടിച്ചു കുപ്പിയിലാക്കും…..” എന്ന് പറഞ്ഞു അവളെ ഒഴുവാക്കി…..

ദിവസങ്ങൾ കഴിഞ്ഞു…ഞാൻ അവധി ദിവസങ്ങളിൽ വീട്ടിൽ പോയി വന്നു…..ചേട്ടന്മാരും എബിയും കാണാതെ ഞാൻ മുങ്ങി നടന്നു….ഒന്ന് രണ്ടു തവണ എബി എന്നെ കണ്ടു അടുത്ത് വരുമ്പോഴേക്കും ഞാൻ മുങ്ങും…. ശ്വേതാ അവളുടെ അച്ചായനെ തകർത്തു പ്രണയിച്ചു കൊണ്ടിരുന്നു….

രണ്ടു വലിയ ബുക്ക് നിറച്ചു എബിയുടെ പലഭാവങ്ങളും വരച്ചു വെച്ചിട്ടുണ്ട്…..ഇടയ്ക്കു ഇടയ്ക്കു അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ കാണാറുണ്ട്…..എന്റെ ഹൃദയം പൊള്ളും അപ്പോഴൊക്കെ …… പിന്നെ പഠിക്കാൻ ഒരുപാടുണ്ടായിരുന്നു.

എൻട്രൻസ് ഒന്നും ഒന്നുമല്ലായിരുന്നു…….. കഴിയുന്നതും ഒരു പുസ്തക പുഴുവായി ഞാൻ ഒതുങ്ങി……. അത്യാവശ്യം ജീവിച്ചു പോകാൻ കുറച്ചു സൗഹൃദങ്ങൾ ഒക്കെ ഉണ്ടായി..
.

അങ്ങനെ ഒരു ദിവസം അവരോടൊക്കെ സംസാരിച്ചു വരുകയായിരുന്നു…. പെട്ടന്ന് എബി വന്നു കുറുകെ നിന്നു….രണ്ടു കയ്യും കെട്ടി കുറുകെ നിന്നു…….ഞാൻ അവനെ നോക്കി ചിരിച്ചു…അവൻ ചിരിച്ചില്ല…..എന്നെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു……

ഞാൻ സൈഡിലേക്ക് ഒഴിഞ്ഞു മാറി പോകാൻ നോക്കിയതും അവൻ അങ്ങോട്ട് നിന്നു…അവനു ഒരു മാറ്റവുമില്ല….ഇന്ന് എന്നെ വിടില്ല എന്ന് മനസ്സിലായി…എന്റെ കൂടെ വന്ന കുട്ടികൾ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി…..

“നീ എന്താ പിണക്കമാണോ……?” എബിയാണ്……ഈശോയെ ഇവൻ ഇന്ന് എന്നെ കീറിമുറിക്കുമോ ….. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ…..

” അന്ന് എബിയല്ലേ പറഞ്ഞത് സീനിയർ ചേട്ടന്മരെ കാണാതെ നടക്കണം എന്ന്…..അത് കൊണ്ടാ ഞാൻ……”
ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതിനു എന്നെ കാണാതെ നടക്കണ എന്തിനാ……..?” അവന്റെ കണ്ണുകളിലെ പരിഭവവും എന്നെ വീണ്ടും മോഹിപ്പിക്കാണല്ലോ മാതാവേ……

“നീയും സീനിയർ ചേട്ടനല്ലേ…….?” ഞാൻ കുസൃതിയോടെ ചോദിച്ചു…

അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…എനിക്ക് മാത്രമായി ആ ചുണ്ടിൽ വിരിയാറുള്ള ചിരി……അല്ല ……….അങ്ങനല്ല…എന്റെ തോന്നലാണ്…ശ്വേതയോടും ചിരിക്കാറുണ്ടല്ലോ….

“വാ……നമുക്ക് ക്യാന്റീനിൽ പോകാം…….” അവൻ എന്നെയും വിളിച്ചു മുന്നോട്ട് നടന്നു…… പക്ഷേ ഇനിയും അവനോടു സംസാരിച്ചാൽ എനിക്ക് എന്റെ മനസ്സ് വീണ്ടും കൈവിട്ടു പോവും എന്ന് തോന്നി….
“എബി…..എനിക്ക് ക്ലാസ് ഉണ്ട്…….” ഞാൻ അവനോടൊപ്പം നടന്നു കൊണ്ട് പറഞ്ഞു…..

“മ്മ്…….. വൈകിട്ട് പുറത്തു പോവാൻ വരുന്നോ………?” അവൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു…എന്റെ മനസ്സിൽ ഒരുപാട് കൊതിയുണ്ടായിരുന്നു…പക്ഷേ അതൊക്കെ തീരാ ദുഃഖത്തിൽ അവസാനിച്ചാലോ എന്ന് ഭയന്ന് ഞാൻ ഇല്ല എന്ന് തലയാട്ടി…..അവന്റെ മുഖത്തു നിരാശയും വേദനയും നിറയുന്നത് ഞാനറിഞ്ഞു….

“എന്നെ പേടിയാണ് അല്ലെ……. അന്നത്തെ പോലെ ഞാൻ മിസ്‌ബെഹേവ് ചെയ്യും എന്ന്.” ഒന്ന് നിർത്തി….
“…..നീ പേടിക്കണ്ട….എനിക്ക് അന്ന് നിന്നോട് പ്രണയമായിരുന്നു….ഇന്ന് നിന്നോട് എനിക്ക് സൗഹൃദമാണ്….

പേടിച്ചിട്ടു വരാണ്ടിരിക്കണ്ട…… ഇങ്ങനെ അകന്നും നിൽക്കണ്ട…..” അവനതു പറയുമ്പോൾ അങ്ങനല്ല എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്…ഞാൻ ആ പ്രണയത്താൽ നീറുന്നു എന്ന് പറയണം എന്നുണ്ടായിരുന്നു…കാര്യമില്ല, ശബ്ദം പണ്ടേ ഇങ്ങനെയുള്ള അവസരങ്ങളിൽ ഇല്ലാലോ…

“മാത്രമല്ല ഞാൻ ആ പട്ടത്തിയോട് ഒന്ന് കൈ കൊടുത്താലോ എന്ന് വിചാരിക്കുന്നു….. നീ ഇന്ന് ഫിസിയോളജി ക്ലാസ്സിൽ പോയോ…ആ ബോർഡിലും എന്റെ പടം ഒക്കെ വരച്ചു വെച്ചിട്ടുണ്ട്…. എത്രയും പെട്ടന്നു ഞാൻ ഒരു തീരുമാനം എടുത്തില്ല എങ്കിൽ അവൾ എന്റെ ഫ്ലക്സ് മെയിൻ ഗേറ്റിൽ വെക്കും…….” അതും പറഞ്ഞു അവൻ ചിരിച്ചു….ആ ചിരിയിൽ നിറച്ചും പ്രണയമായിരുന്നു…അവന്റെ പട്ടത്തിയോടുള്ള പ്രണയം….. യാന്ത്രികമായി ഞാനും ചിരിച്ചു…അവനു കൈ കൊടുത്തു…..

“നല്ല കുട്ടിയാണ് ശ്വേതാ…..എന്റെ റൂം മേറ്റ് ആണ്….. എബിയുടെ ആശയങ്ങളും അവളുടെ ആശയങ്ങളും ഒന്നാണ് എന്ന് എനിക്ക് എപ്പോഴും തോന്നിട്ടുണ്ട്…….ബേസ്ഡ് വിശസ്…….” അതും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു…..

“നീ ഇന്ന് വരുന്നോ പുറത്തു പോകാൻ…..” അവൻ വിളിച്ചു ചോദിച്ചു….

“ഇല്ല……ഇന്ന് ഞാൻ വീട്ടിൽ പോവുന്നു…..” അവനോടു പറഞ്ഞിട്ട് തിരിച്ചു ക്ലാസ്സിലേക്ക് വരുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..ഒഴുകിയിരുന്നില്ല…..ഒഴുക്ക് നിയന്ത്രിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു….

(കാത്തിരിക്കണംട്ടോ)

കമന്റസ് ഇടുന്ന എന്റെ ചങ്കുകളെ ഒരുപാട് സ്നേഹം……ലൈക് അടിക്കുന്നവരോടും ഒരുപാട് നന്ദി… പിന്നെ കഥ കിട്ടുന്നില്ല എങ്കിൽ ഒന്ന് കമന്റ് ചെയ്‌താൽ മതി….നോട്ടിഫിക്കേഷൻ വന്നോളും….

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8