Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 8

നോവൽ: ഇസ സാം


പള്ളിയിൽ നിന്നുള്ള പടവുകളിലേക്കിറങ്ങിയപ്പോൾ അവൻ തിരിഞ്ഞു നിന്ന്…..

“ഞാൻ നിന്നോട് ചെയ്തത് തെറ്റാണ് എന്ന് നിനക്ക് തോന്നുന്നുണ്ടേൽ നീ ക്ഷമിച്ചേക്കു…….. എനിക്ക് അങ്ങനൊന്നും തോന്നുന്നില്ല……

കാരണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു സാൻട്ര……. നിനക്ക് വേണ്ടി ഞാൻ ഒരുപാട് ബൈബിൾ ഒക്കെ വായിച്ചതാ……പൂവും ഒക്കെ വെച്ചേച്ചു…….വെറുതെ ഓരോന്നു…..”

അവൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. ……എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല……. എബിക്ക് എന്നെ ഇഷ്ടമായിരുന്നു……എബിയാണ് ആ വചനങ്ങൾ…..ആ പൂക്കൾ ഒക്കെ കൊണ്ട് വന്നതു.

“പക്ഷേ നമ്മൾ തമ്മിൽ ചേരുകേല……… ആദ്യം നിന്റെ മമ്മയുടെ അടക്കത്തിന് വന്നപ്പോ നീ എന്നെ ചീത്ത വിളിച്ചു..നാട്ടുകാരെ മുന്നിൽ വെച്ച്…

അത് കഴിഞ്ഞു ഒന്ന് സ്നേഹിക്കാൻ വന്നപ്പോ കൂട്ടുകാരുടെ മുന്നിൽ വെച്ച് അടിച്ചു……കൊളമായി ….. ഇത് ശെരിയാവുകേലാ…” ഒന്ന് നിറുത്തി…..പിന്നെ എൻ്റെ കണ്ണുകളിലേക്കു നോക്കി…പറഞ്ഞു…

“….എന്നാലും നിന്നെ എനിക്കിഷ്ടമായിരുന്നു……എന്താ എന്നൊന്നും അറിയാന്മേലാ……. എന്തായാലും മറന്നു കള………പോട്ടെ……” അതും പറഞ്ഞു പടവുകൾ ഇറങ്ങി പോവുന്ന എബിയെ ഞാൻ നിറകണ്ണുകളാൽ നോക്കി നിന്നു.

അല്ല…അങ്ങനല്ല….എനിക്കും എബിയെ ഇഷ്ടാണ്…എന്നുറക്കെ വിളിച്ചു പറയണം എന്ന് തോന്നി…കഴിഞ്ഞില്ല…അവൻ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എന്നാഗ്രഹിച്ചു അതും ഉണ്ടായില്ല…എബി എന്റെ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിന്നു.അവൻ എന്നിൽ നിന്നും ഒരുപാട് ദൂരെ പോയത് പോലെ….

ആ പ്രണയത്തെ പുൽകാൻ ഞാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു സഞ്ചരിക്കണം എന്ന് തോന്നി….. അപ്പൻ വന്നു എന്നെ വിളിച്ചപ്പോഴും തിരിച്ചു വീട്ടിൽ വരുമ്പോഴും ഞാൻ മറ്റേതോ ലോകത്തായിരുന്നു….ഈ പ്രണയത്തിനു ഇത്ര വിങ്ങലാണ് എന്ന് എനിക്കറിയില്ലായിരുന്നു….

ഒരുപാട് വേദന തോന്നി…ഉറങ്ങാതെ ദിവസങ്ങൾ തള്ളി നീക്കി…..പക്ഷേ എബി എന്നിൽ നിന്നും എത്ര അകന്നാലും എന്നിൽ ഒരു മാറ്റവും ഇല്ലാ എന്നത് എന്നെ ഭയപ്പെടുത്തി……കർത്താവേ ……പണിയാവോ……..

അതൊക്കെ പ്രായത്തിന്റെ തോന്നലാ കളീതമാശയാണ്…… എന്റെ ഉള്ളിൽ ആഴ്ന്നിറങ്ങാൻ മാത്രം ഞങ്ങൾ പ്രണയിച്ചു നടന്നിട്ടില്ലലോ……എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…ഞാൻ തോറ്റു…… ഞാനെന്തിന് തോൽക്കണം …എബിക്ക് എന്നെ ഇഷ്ടമാണല്ലോ……

എബി തന്ന കാര്ഡുകലും പൂക്കളും ഒക്കെ എനിക്ക് പ്രണയത്തിന്റെ സൗരഭ്യമായി മാറാൻ എനിക്ക്
അധികനാൾ ഒന്നും വേണ്ടി വന്നില്ല……എന്നാലും അവനു എന്നെ ഇഷ്ടമായിരുന്നു എന്നത് എന്റെ ഈ വേദനയിലും ഒരു നേരിയ ആശ്വാസം തോന്നി…

എന്നെങ്കിലും എബി എന്റെ പ്രണയവും തിരിച്ചറിയും എന്ന് ഒരു നേരിയ പ്രതീക്ഷ …. എന്തായാലും എബിയെ ഇനി ഒരിക്കലും എനിക്ക് കിട്ടില്ല എന്ന് ഞാൻ വിശ്വസിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു……വേണമെങ്കിൽ കിട്ടാലോ…..കിട്ടാതെയിരിക്കാം…….ഇല്ല….കിട്ടാം……….ദേ ചട്ടയും മുണ്ടും ഇട്ട അമ്മച്ചിയും വീണ്ടും എത്തി……”ഈ ചെക്കന് ഈ പെണ്ണിനെ കിട്ടിയുള്ളൂ………”

ശെരിയാണല്ലോ…എബി കോളേജിൽ ഒക്കെ ചെന്ന് സുന്ദരി പെൺകുട്ടികളെ ഒക്കെ കാണുമ്പോ മറക്കുമോ………… ഇല്ല……എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞല്ലോ…എങ്ങാനും അവൻ മറന്നലോ……
വീണ്ടും തേങ്ങൽ വിങ്ങൽ ഉറക്കമില്ലാത്ത രാത്രികൾ………

ഇനിയിപ്പോ എന്ത് ചെയ്യാനാ….പെട്ട് പോയിലെ
…… അങ്ങനെ അപ്പൻ എന്നെ റീപെറ്റിനു കൊണ്ട് ചേർതു…ദുഷ്ടൻ…അതും ഹോസ്റ്റലിൽ….കാലു പിടിച്ചു പറഞ്ഞതാ…വീട്ടിൽ നിന്ന് നന്നായി പഠിചോലാം എന്ന്…അപ്പ പറയുവാ….അപ്പന് എന്നെ വിശ്വാസമില്ല എന്ന്…..

“എന്നോട് ഈ ക്രൂരത കാണിക്കല്ലേ അപ്പ……” എന്നെ ചേർത്തിട്ടു അപ്പൻ മാത്രം തിരിച്ചു പോവുമ്പോ ഞാൻ കയ്യിൽ പിടിച്ചു പറഞ്ഞു….. ഞാനൊരു ശോക ഗാനം പാടി നോക്കി…. ആര് കേൾക്കാൻ….. നെഞ്ചോടു ചേർത്ത് നിർത്തീട്ടു പറയുവാ……

“എന്റെ സാനടിക്കു ശോകഗാനം ചേരില്ല….. നീ ഇവിടന്നു വരുമ്പോ റാപ് പടിക്കണംട്ടോ…” എന്റെ അപ്പനാണേ…..ഞാൻ തകർന്നു തരിപ്പണമായി പോയി…..

“അപ്പ………” ഒറ്റ അലർച്ചയായിരുന്നു…മറ്റു കുട്ടികളും മാതാപിതാക്കളും ഒക്കെ എന്നെ നോക്കി. ഞാൻ പെട്ടന്ന് നിർത്തി ..അപ്പനെ തുറിച്ചു നോക്കി…അവിടെ ചിരി തന്നെ…..

“അപ്പൻ ഒരു കള്ളനാ…അന്ന് ഞാൻ ടൂർ പോയപ്പോ എന്നാ അഭിനയമായിരുന്നു……..ശോകം ….ഇപ്പൊ ഒന്നുമില്ല……” ഞാൻ കേറുവോടെ പറഞ്ഞു….

“എന്റെ മനസ്സിൽ ഇപ്പൊ ഒന്നേയുള്ളു…..ഡോക്‌ടർ സാൻട്ര തരകൻ……” അത് പറയുമ്പോ അപ്പന്റെ കണ്ണുകളിൽ ഒരു ആത്മവിശ്വാസവും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു……

അപ്പൻ എന്നെ വിട്ടിട്ടു പോയി…ഒരാഴ്ച ഞാൻ കരഞ്ഞു തകർത്തു….. ആരും ശ്രദ്ധിച്ചില്ല…എല്ലാ കുട്ടികളും എന്നെ അത്ഭുതത്തോടെ നോക്കി…അപ്പനെ വിളിച്ചും കരഞ്ഞു…..ഒന്നും ഫലിച്ചില്ല……കപ്പയും ബീഫും കേക്കും ഒക്കെയായി ഞായറാഴ്ച വരാം പോലും……

ഗത്യന്തരമില്ലാതെ ഞാനങ്ങു പഠിച്ചു തുടങ്ങി…ഈശോയെ ഒരുപാടുണ്ടായിരുന്നു…ഉറങ്ങാൻ ഒന്നും സമയമുണ്ടായിരുന്നില്ല….

മനസ്സമാധാനമായിട്ടു ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല….രാത്രി സാറന്മാരെയും ഈക്വഷൻസ് ഒക്കെ സ്വപ്നം കണ്ടു ഞാൻ ഞെട്ടി എണീക്കുമായിരുന്നു…എബിയോട് എനിക്ക് അടങ്ങാത്ത ബഹുമാനം തോന്നി..അവനോടു മാത്രമല്ലാ ആദ്യ ചാൻസിൽ കിട്ടിയ എല്ലാ കുട്ടികളോടും എനിക്ക് അസൂയ തോന്നി…

സ്വസ്ഥത എന്ത് എന്ന് ഞാൻ ആ എട്ടു ഒൻമ്പതു മാസം അറിഞ്ഞിട്ടില്ല…. ഞാൻ തകർത്തു പഠിച്ചു…എന്റെ അപ്പന് വേണ്ടി…… അപ്പന്റെ സന്തോഷം കാണാൻ…… എൻട്രൻസും കഴിഞ്ഞു വീട്ടിൽ എത്തി…… അപ്പനെ ഞാൻ ഒരുപാട് മിസ് ചെയ്തിരുന്നു…

അതിന്റെ ഇരട്ടി അപ്പനും… ഞാനും അപ്പനും കൂടെ ആഞ്ഞു പാചക പരീക്ഷണങ്ങളും ആരംഭിച്ചു….. ഇടയ്ക്കൊക്കെ പള്ളിയിലും പോയി….എബിയെ കണ്ടില്ല…അന്ന് കണ്ടതിനു ശേഷം ഒന്ന് രണ്ടു തവണ ദൂരെ വെച്ച് കണ്ടിരുന്നു….. പരസ്പരം നോക്കി ചിരിക്കും…ഒന്ന് കണ്ണ് ചിമ്മും…

അത്രേയുള്ളു……എന്നാലും എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു…അതിനു നഷ്ടമൊന്നുമില്ലല്ലോ…… ചട്ടയിട്ട അമ്മച്ചി എന്റെ മനസ്സിൽ മുറയ്ക്ക് വന്നു പറഞ്ഞു കൊണ്ടേയിരുന്നു…….

ഈ ചെക്കന് ഇതിലും നല്ല പെണ്ണിനെ കിട്ടും എന്ന്…..ഞാനതു കാര്യംമാക്കീല….. ഇപ്പൊ കാലം മാറിയല്ലോ…സാധാരണ പെൺകുട്ടികളെയും ഇഷ്ടപ്പെടുന്ന സുന്ദരന്മാരുണ്ടാവും…അതല്ലേ എബിക്ക് എന്നെ ഇഷ്ടമായത്…..

എൻട്രൻസ് ഫലവും വന്നു…ഞാൻ ടെൻഷൻ അടിച്ചു ഒരു വഴിയായി…..കിട്ടുമോന്നോർത്തല്ല….കിട്ടിയില്ല എങ്കിൽ അപ്പന്റെ അവസ്ഥ എന്താവും… എന്നെ വീണ്ടും റിപീറ്റ്നു വിടുമോ…. അത് എന്തായാലും നടക്കില്ല…. അത് ഞാൻ തീരുമാനിച്ചു…….

ഒരു വിധം ഞാൻ കര പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ…..ക്ലാസ്സും തുടങ്ങി ഒരു മാസം കഴിയാറായപ്പോൾ എനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി…….. എബിയുടെ കോളേജിൽ……ഒട്ടും പ്രതീക്ഷിക്കാതെ മാതാവായി എനിക്ക് തന്ന അവസരമായിട്ടാണ് ഞാൻ കരുതിയത്…

അങ്ങനെ അപ്പനോടൊപ്പം കോട്ടയത്തേക്ക് വിട്ടു….ഹോസ്റെലിലാക്കി അപ്പൻ പോയി……ഒരുപാട് ഉപദേശം തന്നു….സൂക്ഷിക്കണം…നന്നയി പഡിക്കണം…..കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം …എന്നും അപ്പനെ വിളിക്കണം…അങ്ങനെ അങ്ങനെ……… കണ്ണും നിറച്ചു നിൽപ്പുണ്ട്…….അഞ്ചു വർഷത്തേക്കാണ്……..

അതാലോചിക്കുബോൾ എനിക്കും സഹിക്കാൻ പറ്റുന്നില്ല…..ഞാനും കൂടെ കരഞ്ഞാൽ അപ്പൻ കൊളമാക്കും
“അപ്പ….. ഞാൻ എല്ലാ ഫ്രൈഡേയും വരും……….”

“വന്നില്ലേൽ ഞാനിങ്ങു പോരും…….” അപ്പനാണേ……

കരഞ്ഞും പറഞ്ഞും കൊളമാക്കി…അപ്പൻ …ഞാനും മോശമല്ലായിരുന്നു…..കുട്ടികൾ ഒക്കെ ഞങ്ങളെ നോക്കി ചിരിച്ചു…. പിന്നെ വേഗം ഹോസ്റ്റൽ മുറിയിൽ ബാഗ് വെച്ച് കോളേജിലേക്ക് പോയി…ഹോസ്റ്റലിൽ നിന്ന് നടക്കാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു…

ക്ലാസ് തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കുന്നു ….അത് കൊണ്ട് തന്നെ റാഗിങ്ങ് ഉണ്ടാവില്ല എന്നൊരു സമാധാനം ഉണ്ടായിരുന്നു… പിന്നെ ഓഫീസിൽ കയറി എല്ലാം ശെരിയാക്കി ക്ലാസ് അന്വേഷിച്ചിറങ്ങി….കുട്ടികളോട് ചോദിക്കാൻ ഭയമായിരുന്നു…

ഒന്നാം വര്ഷം ആണ് എന്നു മന്സ്സിലാക്കിയാൽ റാഗ് ചെയ്താലോ… ഓഫീസിൽ സ്റ്റാഫിനോട് ഞാൻ വഴി ചോദിച്ചു മനസ്സിലാക്കിയിരുന്നു……

ആൾക്കൂട്ടത്തിൽ എല്ലാം ഞാൻ ഒരു മുഖം തിരയുന്നുണ്ടായിരുന്നു…. ആ കോളേജിൽ നടക്കുമ്പോഴും എബി നടന്ന വഴികളാണല്ലോ എന്നു ചിന്തിക്കുമ്പോൾ ഞാൻ പോലുമറിയാതെ ഒരു ചിരി വിരിഞ്ഞിരുന്നു. ചിരിച്ചു കോളേജ് മുഴുവൻ നടന്നു ഞാൻ തളർന്നു…ഇനി എന്തായാലും ആരോടെങ്കിലും ചോദിക്കാം….

“ഹലോ……ഒന്ന് അവിടെ നിന്നെ…….” ഒരു പുരുഷ ശബ്ദം……ഇതാരാ…ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി… ഒരു വെളുത്തു മെലിഞ്ഞു നല്ല പൊക്കമുള്ള ഒരു യുവാവ്…..എന്നെക്കാളും പ്രായം ഉണ്ട് എന്ന് തോന്നുന്നു.
ഞാൻ നിന്നു.

“എന്താണ് നിലാവത്തു അഴിച്ചുവിട്ട കോഴി പോലെ കുറെ നേരമായല്ലോ…..? കറങ്ങുന്നു.”

പെട്ട് സാൻഡി…..പെട്ട്…..ഞാൻ നന്നായി ഇളിച്ചു…..ആ ചേട്ടന് പുറകിലായി ഒന്ന് രണ്ടു മൂന്നു നാല് ചേട്ടന്മാർ…ആജാനബാഹുക്കൾ….ഗംഭീരം …… പൂർത്തിയായി എന്റെ പ്രഥമദിനം……
“ഇത് ഏതാ ?……പുതിയത്…മുൻപ് കണ്ടിട്ടില്ലാലോ……”രണ്ടാമൻ.

“നിനക്കു നാവില്ലേ………..?” മൂന്നാമൻ.

“പേടിപ്പിക്കെല്ലേടാ…… പറ ബ്ലാക്ക് ബ്യൂട്ടി….ഫസ്റ്റ് ഇയർ ആന്നോ……”
നാലാമൻ വഷളൻ….. എന്തായാലും പെട്ട്…എന്തൊക്കെയായിരുന്നു……ഒരു മാസം കഴിഞ്ഞത് കൊണ്ട് റാഗിംഗ് പേടിക്കണ്ട പോലും……. കമോൺ സാൻഡി’……. കർത്താവേ ഒന്ന് മിന്നിച്ചേക്കണേ…

“ചേട്ടാ……ഞാൻ സെക്കന്റ് ഇയർ ആണ്…ട്രാൻസ്ഫർ ആയി വന്നതാ……..തിരുവനന്തപുരത്തു നിന്ന്…..ക്ലാസ് കണ്ടു പിടിക്കാനായിട്ടു പലരോടും ചോദിച്ചു ചോദിച്ചു……അതാ……”

ചേട്ടന്മാരുടെ മുഖത്തു ഒരു നിരാശയും സംശയവും ഉണ്ടായിരുന്നു…ഞാൻ മാതാവിനെ മനസ്സാൽ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു…ഈ ചേട്ടന്മാർ സെക്കന്റ് ഇയർ ആണെങ്കിൽ ഞാൻ പെട്ടേനെ…

“സെക്കന്റ് ഇയറാ……. മ്മ്…..” പൊക്കോളാൻ തലകൊണ്ട് ആംഗ്യം കാട്ടി….ഞാൻ പതുക്കെ നടന്നു തുടങ്ങിയതും….വഷളൻ വിളിച്ചു……”ബ്ലാക്ക് ബ്യൂട്ടി……… ഞാൻ കാണിച്ചു തരാം……” എന്നും പറഞ്ഞു അവനും കൂടെ വന്നു…അവന്മാർ നിന്നിരുന്നത്തിന്റെ എതിർവശം ആയിരുന്നു ക്ലാസ്……ഏതോ സാർ ക്ലാസ്സ് എടുത്തു കൊണ്ടിരിയ്ക്കുവായിരുന്നു…വഷളൻ സാറിനെ നോക്കി വിളിച്ചു…..

“ഗുഡ് മോർണിംഗ് സാറേ…….” സാറ് ഒന്ന് ഞെട്ടി അവനെ നോക്കി…….സാറിന്റെ മുഖഭാവത്തിൽ അവൻ
ഒരു തല്ലിപ്പൊളി ആണ് എന്ന് മനസ്സിലായി……

“സാറേ ഈ കൊച്ചു ട്രാൻസ്ഫർ ആയി വന്നതാ…..ഞാൻ ക്ലാസ് കാണിച്ചു കൊടുത്തതാ…… പഠിക്കാനൊന്നും വന്നത് അല്ലേ……..” അതും പറഞ്ഞു അവൻ എന്നെ നോക്കി…സാറ് കയറാൻ ആംഗ്യം കാണിച്ചു…..ഈശോയെ ഈ ക്‌ളാസ്സിലോ…….പണി ആയോ…തത്ക്കാലം രക്ഷപ്പെടാൻ ഒരു നമ്പറിട്ടതാ……

അത് എട്ടിന്റെ പണി ആയി തിരിച്ചു വരുമോ….ഞാൻ വിറയ്ക്കുന്ന കാൽ വെപ്പുകളോടെ അകത്തു കയറി….എന്റെ ഒരു നന്ദിയോടെയുള്ള നോട്ടം പ്രതീക്ഷിച്ചു ചേട്ടൻ നിൽക്കുന്നു…എന്ത് പറയാൻ…….പിശാശു…..

ഇവനെ ഞാൻ ഒറ്റ അടിക്കു കൊല്ലും …നിൽക്കുന്നത് കണ്ടില്ലേ…..ഞാൻ പുള്ളിയെ നോക്കി ചിരിച്ചു…പതുക്കെ നടന്നു നടന്നു സീറ്റ് മാത്രമായിരുന്നു ലക്‌ഷ്യം…ആദ്യം കണ്ട സീറ്റിൽ ഇരുന്നു….തല ഉയർത്തി നോക്കാൻ തന്നെ എനിക്ക് ഭയമായിരുന്നു…

ആ ചേട്ടൻ പോയി എന്ന് തോന്നുന്നു…ആ അധ്യാപകൻ ആഞ്ഞു ക്ലാസ് എടുക്കാൻ ആരംഭിച്ചു…ഭാഗ്യത്തിന് എന്നോട് ഒന്നും ചോദിച്ചില്ല….ഈശോയെ ഞാൻ പെട്ടല്ലോ….ഒന്നും മനസ്സിലാവുന്നുമില്ല….

കുറെ നേരം എങ്ങനെക്കയോ കണ്ണും മിഴിച്ചു ആരും ഒന്നും ചോദിക്കല്ലേ എന്നും പ്രാർത്ഥിച്ചിരുന്നു…….ക്ലാസ് തീർന്നതം ഞാൻ ചാടി എണീറ്റ് പുറത്തേക്കു ഓടി…..പക്ഷേ ആരോ എന്നെ ശക്തമായി പിടിച്ചു നിർത്തി….അയ്യോ…ഇതാരാ…വീണ്ടും പണി……

“സോറി ചേട്ടാ….ഞാൻ റാഗിങ്ങ് പേടിച്ചു കയറിയതാ…ഞാൻ ഫസ്റ്റ് ഇയറാ…….” ഞാൻ കണ്ണടച്ച് ഒരു യാചനപോലെ പറഞ്ഞു.

“സാൻട്ര……..” എബിയുടെ ശബ്ദം…..ഞാൻ വേഗം കണ്ണ് തുറന്നു…എന്നെ അതിശയിച്ചു നോക്കി നിൽക്കുന്നു……. എന്റെ മനസിൽ ഒരു ആശ്വാസ കാറ്റ് വീശിത്തുടങ്ങി…… ഞാൻ ആശ്വാസത്തോടെ കണ്ണടചു…….

“ഹോ……എബി………ഞാനങ്ങു ടെൻസ്ഡ് ആയി പോയി….” ഞാനായിരുന്നേ.അവന്റെ മുഖത്തെ അതിശയം മാറി ദേഷ്യമായി…… കലിപ്പ് മോഡ് ഓൺ ആയതു എന്ത് കൊണ്ടാ……ഞാൻ എന്നാ ചെയ്‌തേ…..

“നിനക്ക് ഒരു മാറ്റവുമില്ല……. ധൈര്യമുണ്ട് ബുദ്ധിയില്ലാ……നീ ആരുടെ കൂടയാ കയറി വന്നെന്നറിയോ….ഇവിടത്തെ സൂപ്പർ സീനിയറാണ്……ഒരു തെമ്മാടി…..അവന്മാരെടുത്തു പോയി കള്ളവും പറഞ്ഞു…..മണ്ഡി……”

“അത് പിന്നെ…എനിക്കറിയാവോ …ഞാൻ റാഗിംഗ് ചെയ്യുമോ എന്ന് പേടിച്ചിട്ടു……….” ഞാൻ വിക്കി…..കാത്തു കാത്തിരുന്ന് കണ്ടപ്പോൾ കലിപ്പും……

“റാഗിങ്ങ് ചെയ്‌താൽ എന്താ ഒരു പാട്ടും പാടി പോണം…ഇനി അവന്മാര് കണ്ടാൽ ….ഒളിച്ചു നടന്നോളണം….”ഞാൻ അവനെ പരിഭവത്തോടെ നോക്കി….മിണ്ടാതെ നിന്നു….

” ഇങ് വാ…. ഞാൻ ക്ലാസ് കാണിച്ചു തരാം……” ഒരു ചെറു ചിരിയോടെ പറഞ്ഞു എന്റൊപ്പം നടന്നു…ഒന്ന് രണ്ടു പേര് വന്നു ഞാൻ ആരാ എന്നൊക്കെ ചോദിച്ചു…

“ഇത് സാൻട്ര നമ്മുടെ ജൂനിയരാ…..എന്റെ നാട്ടുകാരി…റാഗിംഗ് പേടിച്ചു കയറിയതാ…….” ഞാൻ എല്ലാ പേരെയും നോക്കി ചിരിച്ചു…

“സാൻട്ര ആള് ഭയങ്കരി ആണല്ലോ……” എന്നൊക്കെ പറഞ്ഞു ചിലർ….ഞാൻ ഒരു നിഷ്‌കു ‌ ചിരിയും ചിരിച്ചു നിന്ന്…അറിയാതെ വന്നു പുലി മടയിൽ പെട്ട ഒരു പാവം പൂച്ചയാണ് ഞാൻ…എന്റെ നിഷ്‌ക്‌ ഭാവം കണ്ടു എബി ചിരിക്കുന്നുണ്ടായിരുന്നു.

“ഞാൻ നിന്നെ പ്രതീക്ഷിച്ചു ഫസ്റ്റ് ഇയർ കുട്ടികൾ വന്നപ്പോ……പിന്നെ വിചാരിച്ചു ഇത്തവണയും പൊട്ടിയിട്ടുണ്ടാവുമോ…എന്ന്…”

“ഞാനും ചിരിച്ചു…….”അലോട്മെന്റ് ഒക്കെ കഴിഞ്ഞു ഇവിടെ സീറ്റ് കിട്ടിയപ്പോ ലേറ്റ് ആയി…..”
എബി എന്റെ ക്ലാസ്സിൽ കൊണ്ടാക്കി…

പല കുട്ടികളും എബിയെ പരിചയ ഭാവത്തിൽ നോക്കി ചിരിക്കുകയും അവനോടു വന്നു ഇങ്ങോട്ടു സംസാരിക്കുകയും ചെയ്തപ്പോൾ തന്നെ സ്കൂളിലെ പോലെ തന്നെ അവൻ ഇവിടെയും ഒരു ഹീറോ ആണ് എന്ന് മനസ്സിലായി…

“എബി…….നീ ഒന്ന് അനാട്ടമി ക്ലാസ്സിൽ പോയി നോക്കിയേ………..” എബിയോട് ഒരു കൂട്ടുകാരൻ വന്നു പറഞ്ഞു…അപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ഒരു പയ്യൻ വിളിച്ചു പറഞ്ഞു…….

“എബിച്ചായോ..നിങ്ങൾ ആള് പൊളി ആണല്ലോ…… ഞങ്ങളെ ഒക്കെ ഓവർ ടേക്ക് ചെയ്തല്ലോ……”
“എന്നതാടാ……..?” എബി ഒന്നും മനസ്സിലാവാതെ എല്ലാരേയും നോക്കി….ഇടനാഴിയിലെ കുട്ടികളും ഒക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു…….

“എബിച്ചായോ നിങ്ങൾ അടിച്ചെടുത്തല്ലേ…….”
“എബിച്ചായന്‌ ഒരു മാസം തന്നെ ധാരാളം……..”

എബി എല്ലാരേയും നോക്കി “എന്ന……” എന്നൊക്കെ ചോദിച്ചു അനാട്ടമി ക്ലാസ്സിലേക്ക് നടന്നു……ഒപ്പം ഞാനും കുറച്ചു കുട്ടികളും…….ഒരു വലിയ ഗാല്ലറി ക്ലാസ് ആയിരുന്നു….. അനാട്ടമി ക്ലാസ്……ഞാൻ ക്‌ളാസും ബെഞ്ചും ഒക്കെ നോക്കിയപ്പോൾ…എല്ലാരും മുന്നിലേക്കാണ് നോക്കിയത്..ഞാനും മുന്നിലേക്ക് നോക്കി. വലിയ ബോര്ഡിൽ എബിയുടെ മനോഹരമായ ചിത്രം വരച്ചിരുന്നു…….

താഴേയായി ഇങ്ങനെ എഴുതിയിരിക്കുന്നു……

“പ്രണയത്തോടെ അച്ചായന്റെ സ്വന്തം പട്ടത്തി……”

അടുത്തായി തന്നെ സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും…അതി സുന്ദരിയായ ജീൻസും ,ഷർട്ടും ധരിച്ച മുടി അഴിച്ചിട്ട ഒരു പെൺകുട്ടി….അവളുടെ ചിരിയും കഥകൾ പറയുന്ന കണ്ണുകളും കാറ്റത്തു പറക്കുന്ന ചുരുളൻ തുമ്പുകളുള്ള മുടിയും …….അവൾ പ്രണയത്തോടെ അവളുടെ അച്ചായനെ നോക്കി നിൽക്കുന്നു…………………….

(കാത്തിരിക്കണംട്ടോ)

കമന്റ്‌സ് ഇടുന്ന ചങ്കുകളെ നിങ്ങളാണ് എന്റെ ആത്മവിശ്വാസം…….ലൈക് ചെയ്യുന്നവരോടും ഒരുപാട് നന്ദി സ്നേഹം
ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7