Monday, November 18, 2024
Novel

തൈരും ബീഫും: ഭാഗം 35

നോവൽ: ഇസ സാം

സാൻട്ര നിശബ്ദയായി…..താഴോട്ടു നോക്കി നിന്നു……. “മറന്നുപോയോടീ ……..?.” “ഞാനതൊക്കെ അന്നേ മറന്നു എബിച്ചാ…………..” സാൻട്രയാണ് …….എൻ്റെ കൈകൾ അയഞ്ഞു…….പക്ഷേ അടുത്തനിമിഷം ഞാൻ ഒന്നും കൂടെ അങ്ങ് ചേർത്ത് പിടിച്ചു…… “ആണോ…..സാരമില്ല ഞാൻ ഓർമിപ്പിച്ചോളാം….” ഇപ്പൊ അവൾ ശെരിക്കും ഞെട്ടി…എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്…… ഞാനവളെ നോക്കി കണ്ണുചിമ്മി……. “ഈവ്സ് ഒന്നിങ്ങു വന്നേ…… നമുക്കു ഒരു സെൽഫി എടുക്കാം……” കേൾക്കേണ്ടേ താമസം ഈവ്സ് ഓടി എത്തി……സെൽഫി പുള്ളിക്കാരിയുടെ ഒരു ബലഹീനതയാണ്…..

അങ്ങനെ ഈവ്‌സും ഞാനും ഞങ്ങളുടെ സാൻട്രയും ഒരുമിചുള്ള ആദ്യ സെൽഫി…… അത് പതിഞ്ഞത് എൻ്റെ ഹൃദയത്തിലേക്കായിരുന്നു……. സെൽഫി കഴിഞ്ഞു ഞാൻ മൊബൈലും നോക്കി ഈവയോടൊപ്പം ഇരുന്നു…. സാൻട്ര എന്നെ ചുറ്റി പറ്റി നിൽപ്പുണ്ടായിരുന്നു….. “എന്നാ……” “ആ ഫോട്ടോ എനിക്ക് ഒന്ന് സെൻറ് ചെയ്യുമോ…….?” ഓഹോ….അതിനാണ് ….അവൾക്കു വചനം ഒന്നും ഓർമ്മയില്ല…….പക്ഷേ ഫോട്ടോ വേണം….. ഇപ്പൊ ശെരിയാക്കി തരാം…… “ഏതു ഫോട്ടോ……?” ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പുരികം പൊക്കി….. “അത്….ഇപ്പൊ എടുത്തില്ലേ……..” “അതാണോ…… ദാ ഇപ്പൊ സെൻറ് ചെയ്യാം…..” അതും പറഞ്ഞു ഞാനും ഈവസും കൂടെയുള്ള ഒരു ഫോട്ടോ അയച്ചു കൊടുത്തു…..

ആശാത്തി വേഗം മൊബൈൽ എടുത്തു നോക്കുന്നുണ്ട്…… “അയ്യോ….ഇതല്ല……. നമ്മൾ ഒരുമിച്ചു എടുത്തില്ലേ ഇപ്പൊ……?” “ഓ…അതാണോ….അത് ഞാൻ ഡിലീറ്റ് ചെയ്തു…… നീ കാണാൻ കൊള്ളുകേലായിരുന്നു……… ” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് ഈവയുടെ ചിത്രങ്ങൾ നോക്കിയിരുന്നു……സാൻട്ര ഒന്നും മിണ്ടാതെ തിരിച്ചു പോയി പണി തുടർന്നു….. മുഖം സങ്കടം വന്നിരിപ്പുണ്ട്….. “അപ്പായി ഇത് കൊള്ളാവോ…..” ഈവയുടെ പടമാണ്…. പടം കണ്ടു ഞാൻ ഞെട്ടി പോയി…… “ഇത്….ഇത് ആർക്കു കൊടുക്കാനാ….?.” ഉത്തരം എനിക്കറിയാം….. ഒരു കൊച്ചു പെൺകുട്ടിയും ഒരു കൊച്ചു ആൺകുട്ടിയും…..

അവർക്കു ചുറ്റും ഒരുപാട് ഹൃദയങ്ങൾ….. “ആരവിന്‌ ……… ലോട്ടസ് ഓഫ് ഹാർട്സ് …..എൻ്റെ ബേസ്ഡ് ഫ്രണ്ട് അല്ലേ……..” ഓ…..അങ്ങനെ …….. ഞാൻ തൽക്കാലത്തേക്ക് ഒന്ന് ആശ്വസിച്ചപ്പോൾ വന്നില്ലേ അടുത്ത ചോദ്യം……. “അത്രയ്ക്ക് കളർ ഇല്ലാ…അല്ലെ അപ്പായി….. കുറച്ചു കിസ്സെസും കൂടി വരച്ചാലോ…..?” “ഈശോയേ….എന്നാത്തിനാ……ഇതുമതി …..ഇതുമതി…..” “പോരാ അപ്പായി……. കളര്ഫുള് ആയില്ല……ഒന്ന് രണ്ടു ലിപ്‌സും കൂടി…പ്ലീസ് .” “വേണ്ട വേണ്ട…..ഇതാ ഭംഗി……” ചുണ്ടു കൂർപ്പിച്ചു ഒന്ന് കൂടെ ചിത്രത്തിൽ നോക്കി…… “കളർ ഇല്ല അപ്പായി….മമ്മാ ..ഇത് നോക്കിയേ……ആരവിനു കിസ്സസ് കൊടുക്കാൻ ആപ്പായി സമ്മതിക്കുന്നില്ലാ.”

സാൻട്ര കിളി പറന്നു എന്നെ നോക്കി…..പിന്നെ ചിത്രത്തിലേക്കും……എന്നിട്ടവള് ചിരിക്കാൻ തുടങ്ങി….. “കളർഫുൾ ആയില്ല മമ്മ…….. ” “അതിനു നമുക്ക് കുറച്ചു പൂക്കൾ വരയ്ക്കാലോ…..അപ്പൊ കളർ ആവും…..” “യൂ ആർ ഓസ്‌മോ മമ്മാ…… ” പിന്നെ പടം വരച്ചു നിറം കൊടുത്തു…തൃപ്തിയടഞ്ഞു …ആരവിനു കൊടുക്കാനായി ഓടി….. ഞാൻ അവൾ പോയത് വാതിലിൽ നിന്ന് നോക്കികൊണ്ട്‌ സാൻട്രയോട് പറഞ്ഞു…… “ഈ കുരിപ്പു എനിക്ക് പണി ഉണ്ടാക്കും എന്ന തോന്നുന്നേ…..” “നീയും മോശം അല്ലല്ലോ….മോളി ആന്റിക്ക് പണിയോട് പണി ആയിരുന്നില്ലേ……?”

“അത് ശെരിയാ….ഇപ്പോഴും വല്യ മാറ്റമൊന്നുമില്ല…… മോളി കുട്ടിക്ക് ഞാൻ എന്നും തലവേദനയാ ……..ഇപ്പോഴും അതെ…….” “ഏയ്….ഇപ്പൊ അത്രയ്ക്കില്ല…..കുറച്ചു ഷെയർ ചെയ്യാൻ ഒരാളെ കിട്ടിയല്ലോ ……..” അവൾ എൻ്റെ അടുത്ത് വന്നു ഈവ പോയ മുറിയിലേക്ക് നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു……. “അത് …..അപ്പനായിരിക്കും….. ല്ലേ…….?.” ഞാൻ കുസൃതിയോടെ ചോദിച്ചു….. ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്….. “പിന്നെ മാനത്തു നോക്കി കിടക്കുന്ന നിൻ്റെ അപ്പനു അതല്ലേ പണി…………. ” അവൾ ദേഷ്യത്തിൽ ഈവയെ വിളിക്കാൻ പോയി…..ആ പോക്ക് കണ്ടപ്പോൾ എനിക്ക് ചിരി വന്നു…..

എൻ്റെ സാൻഡീ….നിന്നെ ഞാൻ പ്രണയിക്കാൻ പഠിപ്പിച്ചു തരാട്ടോ….. അന്ന് രാത്രി ഈവയും ഉറങ്ങി….. ഞാൻ മമ്മയെ വിളിച്ചു…… രാവിലെ മമ്മ വരാം എന്ന് പറഞ്ഞു….. മമ്മയുടെ സന്തോഷവും ചിരിയും ഒക്കെ കേട്ടപ്പോൾ എനിക്കൊരു ഭയം…..ഞാനെങ്ങാനും സിനിമയിലെ പോലെ ഓടി ചാടി ബൈക്കിൽ ഒക്കെ പോകും എന്ന് വിചാരിക്കുമോ..ആവോ ..മമ്മ സാൻട്രയോടും കുറെ നേരം സംസാരിച്ചാ വെച്ചത്…. അവർ സംസാരിക്കുന്നതു കാണുമ്പോ എനിക്കത്ഭുതമാണ്…..പണ്ട് മമ്മ ശ്വേതയോടാണ് കൂടുതൽ സംസാരിച്ചിരുന്നത്…..ആ സംസാരത്തിലും മമ്മ ഒരു പക്വതയുള്ള ഒരു സ്ത്രീയെ പോലെയാണ് സംസാരിച്ചിരുന്നത്…

അന്ന് സാൻട്രയോടും അങ്ങനെ തന്നെയായിരുന്നു….. മമ്മയുടെ തമാശകളും കുസൃതി നിറഞ്ഞ സംസാരവും എന്നോട് മാത്രമേ ഉണ്ടായിരുന്നുള്ളു……അപ്പന് പോലും അങ്ങനൊരു മമ്മയെ അറിയില്ല…..എന്നാലിപ്പോ മമ്മ സാൻട്രയോട് സംസാരിക്കുന്നതു കേട്ടാൽ അവര് പണ്ട് തൊട്ടേയുള്ള കൂട്ടുകാരെ പോലെയാ…..രാത്രി വെളിച്ചം കെടുത്തി കിടന്നിട്ടും…എനിക്കെന്തോ ഉറക്കം വന്നില്ല……ഇനി അങ്ങോട്ട്……. പ്രാക്ടിസിനുള്ള ലൈസൻസ് പുതുക്കണം…ഇത്രയും വര്ഷം പ്രാക്ടീസ് ചെയ്യാത്തത് കൊണ്ട് പരീക്ഷയും മറ്റും ഇനിയും ഉണ്ട്……

എല്ലാത്തിനുമുപരി എനിക്ക്……………… മെല്ലെ മെല്ലെ ഒരു കൈ വന്നു എൻ്റെ വശത്തായി ഇട്ടിരിക്കുന്ന മേശയിൽ വെച്ചിരിക്കുന്ന മൊബൈൽ …എടുക്കുന്നു.. അപ്പോഴേ പിടിച്ചില്ലേ…….. “എന്നാടീ …….” കള്ളി ചമ്മി നിൽപ്പുണ്ട് “അത് പിന്നെ…..എനിക്ക് ഫോട്ടോ കാണണം…… പ്ലീസ് എബിച്ചാ…….” “നീ ഇവിടെ ഇരുന്നേ……… ” അവൾ എന്റെ അടുത്തായി ഇരുന്നു….. ഞാൻ എണീറ്റ് ഇരുന്നു അവളെ നോക്കി…നന്നായി ഇളിച്ചു ഇരിപ്പുണ്ട്…… “നീ എന്നാ ഫേസ്ബുകും ഇന്സ്റ്റാഗ്രാമും ഒന്നും നോക്കാത്തെ………?.” “ഞാൻ നോക്കും…വല്ലപ്പോഴും….. എനിക്കതിനൊന്നും സമയം കിട്ടാറില്ല…..ചിലപ്പോ ഒന്ന് വേഗം നോക്കും……ഒന്സ് ഇൻ എ വീക്ക്…..”

“എന്നാ ഇപ്പൊ ഒന്ന് നോക്ക്……” അവൾ എന്നെ തിരിഞ്ഞു നോക്കി നോക്കി പോയി….മൊബൈൽ എടുത്തു നോക്കി……. “വിത്ത് മൈ ബഡ്ഡീസ്……. ഇതിലും സന്തോഷകരമായ ദിവസം എൻ്റെ ജീവിതത്തിലുണ്ടായിട്ടില്ല…….ഇന്ന് ഒരു ആരംഭമാവട്ടേ……” എന്ന അടിക്കുറുപ്പോടെ ഞങ്ങൾ മൂന്നുപേരുടെയും സെൽഫി എബി പങ്ക് വെച്ചിരിക്കുന്നു…..ആ ഫോട്ടോ എടുത്ത ആ സമയം തന്നെ അവനതു പോസ്റ്റ് ചെയ്തിരിക്കുന്നു….. എൻ്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു കൊണ്ടിരുന്നു….ഫോട്ടോ കാണാനായി കൊതിയോടെ നിന്ന ഞാൻ അവൻ്റെ അടികുറുപ്പാണ്‌ വീണ്ടും വീണ്ടും വായിച്ചത്……. ഞാൻ അവനെ നോക്കി…എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു……

“ഇനി കിടന്നു ഉറങ്ങു കൊച്ചേ….. നമുക്ക് നാളെ പോകണ്ടായോ……..?” ഞാൻ തലയാട്ടി……ആ ഫോട്ടോയിലേക്കു കണ്ണ് നട്ടു ഞാനെപ്പൊഴോ ഉറങ്ങി…… അപ്പൻ അടുത്ത് വന്നു നെറുകയിൽ തലോടുന്നു…… അപ്പൻ്റെ മണം……. അപ്പൻ കുനിഞ്ഞു എന്റെ നെറുകയിൽ അധരങ്ങൾ ചേർക്കുന്നു…. അപ്പൻ…എനിക്ക് എന്നോ നഷ്ടപ്പെട്ട ആ തലോടൽ……ഞാൻ ഞെട്ടി കണ്ണ് തുറന്നു…..ചുറ്റും നോക്കി….എബി എനിക്കരികിലായി നിൽക്കുന്നു…..എന്നെ നോക്കി ചിരിക്കുന്നുണ്ട്……… “എന്നാ ഉറക്കവാ….” ഞാൻ വേഗം എണീറ്റു ……. “എബി നേരത്തേ എണീറ്റോ…….” “ഇല്ല…..ഇപ്പൊ എണീറ്റുള്ളു……”

ജന്നൽ വിരി മാറ്റി കൊണ്ട് അവൻ പറഞ്ഞു……അവൻ്റെ മുഖത്ത് നല്ല തെളിച്ചവും സന്തോഷവും ആത്മവിശ്വാസവും ഉണ്ട്…. ..ഞാൻ വേഗം കുളിക്കാൻ കയറി…. ഞാൻ എണീറ്റു…കണ്ണടച്ച് പ്രാർത്ഥച്ചു……കർത്താവേ എബി പറഞ്ഞത് പോലെ ഇതൊരു പുതിയ ആരംഭമായിരിക്കണേ…….. ഞാൻ പോലുമറിയാതെ ഒരു ചിരി എന്നിലുണ്ട്……. ഓരോ സൂര്യ കിരണങ്ങൾക്കും അതിയായ തിളക്കം തോന്നുന്നു……കാറ്റിനു പതിവിലേറെ കുളിർമ്മ………ഇന്ന് എനിക്ക് നേരത്തെ വീട്ടിൽ പോകണം….. ഇന്ന് എബി വരുന്നതിനു മുന്നേ ഒത്തിരി പണി ഉണ്ട്…..അവൻ്റെ പഥ്യം ഇന്നലെ തീർന്നുവല്ലോ…… പൂർണ്ണ മാംസഭുക്കായിരുന്നേ……

മാസങ്ങളായി പച്ചക്കറിയിലും കഞ്ഞിയിലും ഒതുങ്ങിയിട്ടു….ഞാൻ ഇറങ്ങിയപ്പോഴേക്കും എബി ഒരു വിധം ഈവയെ എഴുന്നേൽപ്പിക്കുന്നുണ്ട്…ഞാൻ അവളെയും കുളിപ്പിച്ച് ഒരുക്കി…..അപ്പോഴേക്കും മോളി ആന്റി എത്തി…. “എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ…….ബിൽ വരാൻ ഉച്ചയാവും…… ” ഞാൻ കാറിൻ്റെ താക്കോലും എടുത്തു….. “നീ…എന്നാത്തിനാ നേരത്തെ പോകുന്നേ…… നമുക്കൊരുമിച്ചു പോവാല്ലോ…..” “അതേ….. എനിക്ക് പോയിട്ട് കുറച്ചു പണിയുണ്ട്….അതുവരെ മമ്മയും മോനും മിണ്ടിയും പറഞ്ഞും ഇരിക്ക്……..” “എന്നാ പണി…… ? നിനക്കൊരു കള്ള ലക്ഷണം ഉണ്ട്……”

എബി എന്നെ നോക്കി പറഞ്ഞു…… “പോടാ…എനിക്ക് ഒരു കള്ള ലക്ഷണവുമില്ല…….. ജോസഫേട്ടൻ വരും……” ഞാൻ പുറത്തേക്കു ഇറങ്ങി……..അവനും എന്റൊപ്പം വന്നു….. “ഡീ…..മൂന്നു നാല് മണിക്കൂറത്തെ കാര്യം…നീ എന്നാത്തിനാ നേരത്തെ പോവുന്നെ……” “അതോ അപ്പായിക്കും മോൾക്കും ഇവിടത്തെ ചില പഞ്ചാര നഴ്സുമാരോട് യാത്ര പറയാനുണ്ടല്ലോ…… അതൊക്കെ കഴിഞ്ഞു സാവധാനം വന്നാൽ മതി……” “അസൂയ ആണല്ലേ……..” അവൻ ഒരു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു……. നീ അങ്ങ് വീട്ടിലോട്ടു വാ എബിച്ചാ……നിനക്ക് ഞാൻ മുളകിട്ട ബീഫു വെച്ച് തരാം……എൻ്റെ ആത്മഗതം ആണേ…

അതേ നിഷ്‌കു ‌ ചിരി തിരിച്ചു അവനും സമ്മാനിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു…… പിന്നെ ഒരു ഓട്ടം ആയിരുന്നു….. ജോസഫേട്ടനെ കൊണ്ട് എബിയുടെ മുറിയിലെ മെഡിക്കൽ കട്ടിൽ മാറ്റി ഒരു പുതിയ കട്ടിൽ ഇട്ടു…….മരുന്നു പെട്ടി, വീൽ ചെയർ, മരുന്നുകൾ അന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം മാറ്റി… പുതിയ വസ്ത്രങ്ങൾ കുറച്ചു ഞാൻ നേരത്തെ വാങ്ങിയിരുന്നു….. പിന്നെന്താ എല്ലാം മാറ്റി….. “ഇതൊക്കെ വേണമോ കുഞ്ഞേ..?…ചിലപ്പോൾ തിരിച്ചു കുരിശിങ്കലിലേക്കു പോയാലോ…… ” അന്നമ്മച്ചിയും ജോസെഫേട്ടനുമായിരുന്നു……ദ്രുതഗതിയിൽ ചലിച്ചിരുന്ന എൻ്റെ കൈകളുടെ വേഗത കുറഞ്ഞു……എൻ്റെ മനസ്സിൻ്റെയും…….. “

ചിലപ്പോൾ ഇന്ന് പോവില്ലായിരിക്കും……പക്ഷേ ഒരു നാൾ പോകും…..ഇപ്പോൾ വയ്യായ്ക മാറിയല്ലോ…..ഇനി എല്ലാരും വരും…ബന്ധുക്കൾ…ഭാര്യ…..” അന്നമ്മച്ചിയാണ്…. ആ മുന്നറിയിപ്പുകൾ എൻ്റെ ഉള്ളിൽ തുളഞ്ഞു കയറി….. ഞാൻ നിശ്ചലയായി….പിന്നെ കണ്ണടച്ചു ഒരു ദീർഘനിശ്വാസം എടുത്തു….. “ഇന്ന് ഉണ്ടാവുമല്ലോ……നാളെ ……. അങ്ങനെ ഒന്ന് ഉണ്ടോ…..? ഉണ്ടെങ്കിൽ തന്നെ….അത് നാളെയല്ലേ….അത് അപ്പൊ നോക്കാം……” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…അവർ പരസ്പരം നോക്കി….. “മോളെ വേദനിപ്പിക്കാൻ പറഞ്ഞതല്ല……എന്നാലും…. വേദനിക്കരുത്……ഒന്നും അധികം പ്രതീക്ഷിക്കരുത്…”

ജോസഫേട്ടൻ എൻ്റെ നെറുകയിൽ തലോടി…..നടന്നു പോയി…അന്നമ്മച്ചി എന്നോടൊപ്പം ഓരോന്നും ചെയ്തു നിന്നു…..എൻ്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു……എന്നാലും ഇന്ന് ഉണ്ടല്ലോ……ഇന്നത്തെ സന്തോഷം തല്ലി കെടുത്താൻ എനിക്ക് കഴിയില്ല…… അത് എനിക്ക് വേണം……ഞാൻ എബിയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ എല്ലാം മോളി ആന്റിയോട്‌ ചോദിച്ചു വെച്ചിരുന്നു……അതെല്ലാം ഉണ്ടാക്കി….. ധാരാളം…… “ഇത്രയും വേണമോ മോളെ…..” “എബിയ്ക്ക് ലേശം കൊതിയും വിശപ്പിൻ്റെയും അസുഖം ഉണ്ടേ……….പണ്ടേ അങ്ങനാ…….” “നമ്മടെ ഈവയും ഒട്ടും മോശമല്ലല്ലോ…..കൊതിച്ചി അല്ലേ…..”

അന്നമ്മച്ചിയാണ്…… അങ്ങനെ എല്ലാം എടുത്തു വെച്ചപ്പോഴേക്കും കാർ എത്തി……എബിയും മമ്മയും ഈവ്സും എത്തി…അകത്തു കയറിയപ്പോൾ തന്നെ നമ്മടെ കൊതിച്ചി കണ്ടു പിടിച്ചില്ലേ…….. “അപ്പായി….നല്ല മണം……..” എബിയും ആസ്വദിച്ചു വലിച്ചെടുക്കുന്നു……..”ബീഫ് ആണോ സാൻഡീ……..” “ചിക്കൻ ഫ്രൈ അല്ലേ മമ്മാ……” “അയ്യോ ഞാൻ വിചാരിച്ചു നിങ്ങൾ കഴിച്ചിട്ട് വരും എന്ന്…….” ഞാനാണേ…. മോളി ആന്റി തലയാട്ടി ചിരിച്ചു… “അയ്യോടി…….അങ്ങോട്ട് മാറിയേ…..” എന്നെ പിടിച്ചു മാറ്റിയിട്ടു എബിയും ഈവയും ഊണ് മേശയിലോട്ടു പോയി…… “അപ്പായീ….ദേ …ചിക്കൻ ഫ്രൈ……”

“ദേ…ബീഫ് ……എനിക്ക് മേലാ……. കം ഓൺ ഈവ്സ്….ലെറ്റസ്‌ സ്റ്റാർട്ട്…….” എബിയാണ്…. ഞാനും മോളി ആന്റിയും ചിരിച്ചു പോയി……കൈ കഴുകി അങ്ങ് ആരംഭിച്ചില്ലേ………എബി ചാക്കോ…….അപ്പായിയെ തോൽപ്പിക്കും എന്ന് പറഞ്ഞു ആരംഭിച്ച ഈവ്സ് വായും തുറന്നിരുന്നു…. ഒപ്പം ഇരുന്ന ജോസഫേട്ടൻ കഴിച്ചും കഴിഞ്ഞു കയ്യും കഴുകി…രണ്ട് വാഴ തൈയും നട്ടു…..മോളി ആന്റി കഴിച്ചും കഴിഞ്ഞു….എബി ഉണ്ടിട്ടു പോകാം എന്ന് കരുതി കാത്തു കാത്തു സോഫയിലോട്ടു ചാഞ്ഞിരുന്നു ഉറങ്ങുന്നു…..അന്നമ്മച്ചിയും ഉണ്ടിട്ടു പോയി……ഞാനും ഈവ്സും ഞങ്ങളുടെ അപ്പായിയെ നോക്കി താടിക്കു കയ്യും കൊടുത്തിരിപ്പുണ്ട്……

ചുറ്റുമുള്ളത് ഒന്നുമറിയാതെ എബിച്ചൻ…..തട്ടോടു തട്ട് തന്നെ….. ഈവ പതുക്കെ എൻ്റെ ചെവിയിൽ മന്ത്രിച്ചു….. “മമ്മ എനിക്ക് കുറച്ചു ചിക്കൻ ഫ്രൈ രാത്രി വേണമായിരുന്നു……മാറ്റി വെക്കുവോ?” ഞാൻ ചിരിച്ചു പോയി……. “മമ്മ മാറ്റി വെച്ചുട്ടോ…..” “താങ്ക് യു മമ്മ…..” ഞാൻ അവളെ നോക്കി കണ്ണ് ചിമ്മി….. “എന്നതാ …..രണ്ടും കൂടെ…. എന്താ നോക്കി കൊണ്ടിരിക്കണേ….എടുത്തു കഴിക്കു…ഇതൊക്കെ ഇപ്പൊ തീരും…..” ആ പ്ലേറ്റ് മുഴുവൻ കഴിച്ചു വൃത്തിയാക്കി കൊണ്ട് ആശാൻ പറയുവാ….. “ഞങ്ങൾ കഴിച്ചിട്ട് ഒരു മണിക്കൂറായി…..മോനെ എബിച്ചാ……..

നീ എന്തെങ്കിലും അറിഞ്ഞോ…… നിന്നെ കാത്തിരുന്നു മമ്മ ഉറങ്ങി…..” അവൻ ചുറ്റും നോക്കി……….ലേശം ചമ്മൽ ഉണ്ടായിരുന്നു……ആ ചമ്മലോടെ താടി തടവി….എണീറ്റു കൈകഴുകി… “ഞാൻ എന്നാ ചെയ്യാനാ…..ഓർമ്മ വന്നപ്പോൾ പഥ്യവും തുടങ്ങി….കൊതി ഇങ്ങനെ കിടക്കുവല്ലേ…….നീ എന്നാത്തിനാ എല്ലാം കൂടെ ഉണ്ടാക്കിയത്…..അത് കൊണ്ടല്ലേ……” “മമ്മാ ഇത്രയും ഉണ്ടാക്കിയത് കൊണ്ടാ…..ഞങ്ങൾക്ക് ഒക്കെ എന്തെങ്കിലും കിട്ടിയത്…….അപ്പായി …ഒരു ലിവിങ് ജയന്റ്റ് ആണല്ലേ…….” ഈവയാണ്…..കണ്ണും തള്ളി ഇരിപ്പുണ്ട്…. “അപ്പായി ഒരു പാവം കൊതിയനല്ലേ ഈവക്കുട്ടി……….”

“അതേ…അതേ ….. വയറു കേടാവാണ്ടിരുന്നാൽ മതി…” ഞാനതും പറഞ്ഞു പാത്രങ്ങൾ എടുത്തു…. അവൻ എന്നോടൊപ്പം പാത്രം ഒക്കെ എടുത്തു അകത്തു കൊണ്ടു വന്നു….. “ഇതിനായിരുന്നു അല്ലെ രാവിലെ ഇങ്ങോട്ടു ഓടിയത്……..” “മ്മ്….കൊള്ളാവോ….?.” ഞാൻ അവനെ നോക്കി……എന്തോ….അവൻ്റെ മറുപടി കേൾക്കാൻ ഒരുപാട് കൊതി തോന്നി…. “പോരാ…… കുറച്ചും കൂടെ എരിവ് ആകാമായിരുന്നു…….” എൻ്റെ കയ്യിലിരുന്ന പാത്രം വാങ്ങി കഴുകി വെച്ച് കൊണ്ട് പറഞ്ഞു…. ഒരു കുസൃതി ചിരി അവൻ്റെ മുഖത്ത് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…എനിക്കതു മതി…… “നീ കഴിക്കുന്ന കണ്ടപ്പോൾ തോന്നി…….”

ഞാൻ അവനെ നോക്കി പുച്ഛിച്ചു…… മോളി ആന്റി യും വന്നു….. “എന്നാ തീറ്റയാടാ എബിച്ചാ……….. ?” “എൻ്റെ മമ്മാ….ഞാൻ എത്ര ദിവസായെന്നോ എന്തെങ്കിലും കഴിച്ചിട്ട്……….. ” കുറച്ചു നേരം കൂടെ സംസാരിച്ചു മോളി ആന്റി ഇറങ്ങി…… ഞാനും എബിയും കൂടെ കുരിശിങ്കലിലാക്കി….. എബിയും ഇറങ്ങി…… ഞാൻ കാറിൽ തന്നെ ഇരുന്നു……….. “നീ വരുന്നില്ലേ……..” എബിയാണ്…. “ഇല്ല എബിച്ചാ…… നീ പോയിട്ട് വരൂ….. അപ്പനെ കാണണ്ടായോ?” ഞാൻ കാർ മുന്നോട്ടു എടുത്തു…… തിരിച്ചു കൊണ്ട് വന്നപ്പോൾ എബി കുരിശിങ്കലിനു മുന്നേ നിൽപ്പുണ്ടായിരുന്നു……. “പോയില്ലേ…….. ?

” അവൻ ഡോർ തുറന്നു കയറി ഇരുന്നു….. “അപ്പനെ കണ്ടില്ലേ?” “ഇല്ല…….” “അതെന്നാ….. ചേട്ടന്മാർ ഉണ്ടോ….? എന്തെങ്കിലും പറഞ്ഞോ……?” “പറഞ്ഞാൽ എന്നാ….. നീ പോയി ചോദിക്കുവോ?” അവൻ എന്നോട് ചോദിച്ചു……അവൻ്റെ മുഖത്ത് കുസൃതി ഉണ്ട്…… “അയ്യടാ…..ഞാൻ എന്നാത്തിനാ പോയി ചോദിക്കുന്നത്…. നീ പോയി ചോദിക്കു…… വേണമെങ്കിൽ രണ്ടു പൊട്ടിച്ചോ…….നമുക്ക് നോക്കാലോ….?” അവൻ കിളി പറന്നു എന്നെ നോക്കുന്നുണ്ട്…… “ഞാൻ ഒന്ന് എണീറ്റ് നടന്നോട്ടെ……? പ്ലീസ്….” എൻ്റെ നേരെ കൈ കൂപ്പി ഇരിക്കുന്ന എബിയെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു…… “അപ്പായി ഇങ്ങനെ പേടിച്ചാലോ……

ഞാൻ എല്ലാരോടും പറഞ്ഞത് അപ്പായിക്ക് മസ്സിൽ ഉണ്ട് എന്നാ……..എനിക്ക് ഒരുപാട് പേർക്ക് ഇടി കൊടുക്കാനുണ്ട്…….” ഞങ്ങളുടെ ഈവ്സ് ആണേ…. എൻ്റെ കിളികൾ ഒന്നും ഈ സംസ്ഥാനത്തു തന്നെ ഉണ്ടായിരുന്നില്ല…… “കർത്താവേ……. മമ്മയും മോളും കൂടി എന്നെ ഒരു വഴി ആക്കുമോ……. നീ വണ്ടി വിട്ടേ… എന്നെ സേഫ് ആയി വീട്ടിൽ എത്തിച്ചേ…..” “പ്ളീസ് അപ്പായി……. …….” വീട് എത്തുന്നത് വരെയും ഈവയുടെ ശത്രൂക്കളുടെ ഒരു നീണ്ട നിര……. പിന്നെ അപ്പായിടെ ഒപ്പം പാർക്കിൽ പോണം, ബീച്ചിൽ പോണം, സിനിമയ്ക്ക് പോണം……

(കാത്തിരിക്കണംട്ടോ) കമ്മന്റ്സ് ഇടുന്നവരോട് ഒരുപാട് സ്നേഹം….. ലൈക് അടിക്കുന്നവരോട് വായിക്കുന്നവരോടെല്ലാം ഒരുപാട് നന്ദി….. നന്ദി…… ഇസ സാം …

തൈരും ബീഫും: ഭാഗം 34