Thursday, November 21, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 1

നോവൽ
എഴുത്തുകാരി: ശക്തി കല ജി

” കല്ല്യാണം താമസിച്ചായത് കൊണ്ട് കുട്ടികളുണ്ടാവില്ലായിരിക്കും ശ്യാമളേച്ചി ..

അതുമല്ല ഇപ്പോഴത്തെ കാലത്തെ കുട്ടികളുടെ കാര്യം ഒന്നും പറയാൻ പറ്റില്ല…

സൗന്ദര്യം കുറഞ്ഞ് പോവുമെന്ന് കരുതി പ്രസവിക്കാൻ തന്നെ മടിയാ…

ഇനി അങ്ങനെ വല്ല തീരുമാനവും ഇവിടുത്തെ മരുമോൾ എടുത്തിട്ടുണ്ടോ..”… അപ്പുറത്തെ വീട്ടിലെ പരദൂഷണം സരസയമ്മ ശ്യാമളയോട് പറയുന്നത് കേട്ടാണ് രാവിലെ കുളിയും കഴിഞ്ഞ് സ്വാതി അടുക്കളയിലേക്ക് വന്നപ്പോൾ കേട്ടത്..

മനസ്സിൽ വിഷമം തോന്നിയെങ്കിലും അമ്മായിയുടെ മറുപടിയെന്താവും എന്നറിയാൻ ശബ്ദമുണ്ടാക്കാതെ അവിടെ തന്നെ നിന്നു….

“ഈ തറവാട്ടിൽ മംഗല്ല്യം നടന്നാൽ പത്ത് മാസം കൊണ്ട് കുഞ്ഞുങ്ങളാകും..

എന്റെ മകന്റെ വിധി എന്ത് പറയാനാ മൂന്ന് വർഷമായി ഈ വീട്ടിൽ ഒരു കല്ല്യാണം നടന്നിട്ട് ഇത് വരെ ഒരു സന്തോഷ വാർത്ത കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല..

എല്ലാം വിധി അല്ലാതെന്ത് പറയാനാ…..

അന്നങ്ങനെയൊക്കെ സംഭവിച്ച് പോയി… “.ശ്യാമളമ്മായി മറുപടി പറഞ്ഞു കഴിഞ്ഞാണ് സ്വാതി അടുക്കളയിൽ വന്നത് കണ്ടത്…

അവർ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു….

” അത് പിന്നെ ദൈവം തരുമ്പോൾ തരട്ടെ “സരസമ്മ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു…

സ്വാതി മുഖം കടുപ്പിച്ച് അവരെയൊന്ന് നോക്കി…

എന്നിട്ട് അവരോടുള്ള ദേഷ്യം അടുക്കളയിലെ പാത്രങ്ങളോട് തീർക്കാൻ തുടങ്ങി..

അവളെ കണ്ടതും സരസയമ്മ ശ്യാമള അമ്മായിയോട് പിന്നെ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു..

നാട്ടിലെ പേര് കേട്ട പരദൂഷണ കമ്മിറ്റിയിലേ ഒരു കണ്ണിയാണ് ഇപ്പോൾ ഇവിടുന്ന് പോയത്…

ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് കഥകൾ നിമിഷങ്ങൾക്കുള്ളിൽ നാടുമൊത്തം പരത്തുന്നവർ…

അത് കൊണ്ട് തന്നെ അധികം പ്രതികരിക്കാൻ പോവാറില്ല…

സ്വാതിക്ക് ഇത് എന്നും കേട്ട് കേട്ട് കാതുകൾ തഴമ്പിച്ച് പോയത് കൊണ്ട് അവൾ ഒരു റോബോട്ട് പോലായി.. ..

അമ്മായിയോട് ഒന്നും തിരിച്ച് പറയാൻ നിൽക്കില്ല…

അറിയാതെ പ്രതികരിച്ച് പോയാൽ പിന്നെ അന്നത്തെ ദിവസം സമാധാനം തരില്ല..

കരച്ചിലും പിഴിച്ചിലുമായി പുറകേ നടക്കും…

കണ്ണേട്ടൻ ആ ദേഷ്യം എന്നോട് തീർക്കും…

. കുറച്ച് നേരം മിണ്ടാതിരുന്നാൽ അമ്മായി തന്നെ പുറകേ വരുമെന്നറിയാം…

ഇതിപ്പോ രാവിലെ പരദൂഷണം സരസമ്മ വന്നതിൻ്റെയാ…

രാവിലെ എല്ലാ ജോലിയും തീർത്ത് ഓഫീസിലേക്ക് ഓടാനുള്ള തിരക്കിലാണ്..

അതിൻ്റെയിടയിലാ സരസമ്മയുടെ പറച്ചിൽ….

വീട്ടിൽ കഞ്ഞി വെന്തില്ലെലും അടുത്ത വീട്ടിൽ കഞ്ഞി വെന്തോ എന്നറിയാനാണ് എല്ലാർക്കും തിടുക്കം….

വീട്ടിൽ ഇരുന്ന് മടുക്കാതിരിക്കാൻ കണ്ണേട്ടന്റെ ഓഫീസിൽ ഒരു ക്ലർക്കിന്റെ ജോലി ഏർപ്പാടാക്കി തന്നതാണ് ‘..

അമ്മായിക്ക് സുഖമില്ലാത്തതിനാൽ രാവിലെ ചോറും കറികളും എല്ലാം റെഡിയാക്കി മേശപ്പുറത്ത് വച്ചിട്ടാണ് കണ്ണേട്ടന്റെ കൂടെ ബൈക്കിൽ പോകുന്നത്..

. ഒരു വർഷമായി ഇങ്ങനെയൊരു ഓട്ടമാണ്….

തിരക്കാണെലും സാരമില്ല വീട്ടിൽ ഇരുന്ന് മുഷിയുന്നതിനേക്കാൾ അത്രയും നേരം കൂടി കണ്ണേട്ടനേയും നോക്കിയിരിക്കാലോ….

വേഗം ചോറും കറികളും റെഡിയാക്കുന്നതിൻ്റെ ഇടയിൽ കണ്ണേട്ടനു കുളിക്കാനുള്ള ചുടുവെള്ളം എടുത്ത് ബാത്റൂമിൽ കൊണ്ടുവയ്ക്കുമ്പോൾ പല്ലുതേക്കുന്നത് കണ്ടു….

തോർത്തും കുളിച്ചിട്ട് മാറാനുള്ള വസ്ത്രവും ബാത്റൂമിൽ കൊണ്ടുവച്ചു….

മുറ്റത്ത് നിന്ന് പത്രം എടുത്ത് മുറിയിൽ കൊണ്ടുവച്ചു…

അടുക്കളയിൽ ചെന്ന് ചായ ചൂടാക്കി ഗ്ലാസ്സിലേക്ക് പകർന്നു…

ചായയുമായി മുറിയിലേക്ക് ചെന്നപ്പോൾ ആൾ പത്രം എടുത്ത് വായിച്ച് തുടങ്ങി..

ഫോൺ അരികിൽ തന്നെയുണ്ട്…

കാൽപ്പെരുമാറ്റം അറിഞ്ഞത് കൊണ്ടാവണം പത്രം താഴ്ത്തി മുഖമുയർത്തി നോക്കി….

കുഞ്ഞുമേശ കട്ടിലിൻ്റെ അരികിലേക്ക് കണ്ണേട്ടൻ നീക്കിയിട്ടു….

പിന്നെയും പത്രത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു….

പതിവ് പോലെ മേശപ്പുറത്ത് ചായ വച്ചിട്ടു ധൃതിയിൽ അടുക്കളയിലേക്ക് നടന്നു….

ദോശയുണ്ടാക്കി തക്കാളി ചട്നി വച്ചു…. കണ്ണേട്ടന് അതാ ഇഷ്ടം…

ചോറും വാർത്തു വേഗം സാമ്പാറിൻ്റെ കഷണങ്ങൾ അരിയുമ്പോൾ അമ്മായി അടുക്കളയിലേക്ക് വന്നു…

ഞാൻ മുഖമുയർത്തി നോക്കാതെ സാമ്പാറിന് കഷണങ്ങൾ നുറുക്കുന്നതിൽ ശ്രദ്ധിച്ചു….

” അത് പിന്നെ മോളെ അവരോടൊക്കെ അങ്ങനെയൊക്കെയേ സംസാരിക്കാൻ പറ്റു…. പയറുതോരന് അരിഞ്ഞാൽ മതിയോ ” ശ്യാമളമ്മായി ഫ്രിഡ്ജിൽ നിന്ന് പയറ് എടുത്ത് കൊണ്ട് ചോദിച്ചു…

” മതി അമ്മായി… ഞാനപ്പോഴേക്ക് സാമ്പാറിന് അടുപ്പിക്കലിട്ടേക്കാം… ” എന്ന് പറഞ്ഞ് സാമ്പാറിനുള്ള കഷണങ്ങളുമായി എഴുന്നേറ്റു….

തിരിച്ച് പോകാൻ ഒരിടമില്ലാത്തവൾക്ക് എല്ലാം സഹിക്കാനുള്ള കഴിവും ദൈവം തരട്ടെ…. വേഗം പാചകം തീർത്ത് മുറിയിലേക്ക് ഓടി കയറിയപ്പോൾ കണ്ണേട്ടൻ്റെ നെഞ്ചിലാണ് ഇടിച്ച് നിന്നത്..

പുറകോട്ട് വീഴാനാഞ്ഞതും ചേർത്തു പിടിച്ചിരുന്നു…

കണ്ണേട്ടൻ്റെ മുടിയിൽ നിന്ന് തെറിച്ച് വീണ വെള്ള തുള്ളികൾ നെറ്റിയിൽ പറ്റിയിരുന്നു….

ഒരു നിമിഷമാ വെള്ള തുള്ളികളുടെ തിളക്കം അവൻ ആസ്വദിച്ച് നിന്ന് പോയി….

എന്തോ ഓർത്തത് പോലെ പെട്ടെന്ന് മുഖം തിരിച്ചു തന്നിൽ നിന്നും അകറ്റി നിർത്തി അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു….

കയ്യിൽ പിടിച്ച് നടത്തി കട്ടിലിൽ കൊണ്ടിരുത്തിയിട്ട് മുറിയിൽ നിന്നിറങ്ങി പോകുമ്പോഴും കണ്ണേട്ടൻ്റെ മുഖത്ത് ഗൗരവഭാവമായിരുന്നു…

ഇപ്പോഴും ഈ ഒരു ഭാവമേ ആ മുഖത്തുണ്ടാവാറുള്ളു….

ചിലപ്പോൾ തോന്നും ചിരിക്കാൻ മറന്നു പോയ മനുഷ്യനാണ് എന്ന്…

ഒന്ന് ചിരിച്ചാലെന്താ എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്….

ഈ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ആ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നത് കാണാനുള്ള ഭാഗ്യം ഇത് വരെ കിട്ടിയിട്ടില്ല….

ഓഫീസിലും ഗൗരവഭാവം തന്നെയായിരുന്നു…

ഓഫീസിൽ കണ്ണേട്ടന്റെ സീറ്റിന്റെ അടുത്ത് തന്നെയാണ് സ്വാതിയുടെയും.. അതു കൊണ്ട് ഓഫീസിൽ ആരും വല്യ അടുപ്പത്തിന് വരാറില്ല…

ഓഫീസിലും കണ്ണേട്ടനെ നോക്കിയിരിക്കാലോ എന്ന് വിചാരിച്ചാണ് രാവിലെ എത്ര ബുദ്ധിമുട്ടിയാലും ജോലിക്കിറങ്ങുന്നത്…..

ക്ലോക്കിൽ നോക്കിയപ്പോഴാണ് സമയം എട്ട് മണിയായത് കണ്ടത്..

കട്ടിലിൽ നിന്ന് എഴുന്നേറ്റ് അലമാരയിൽ നിന്ന് ഇളം റോസ് നിറത്തിലെ സാരിയെടുത്ത് ഉടുത്തു ഒരുങ്ങി…

കണ്ണാടിയിൽ നോക്കി സിന്ദൂരരേഖയിൽ സിന്ദൂരമണിഞ്ഞ് തിരിഞ്ഞപ്പോൾ കണ്ണേട്ടൻ മുറിയുടെ വാതിലിനരുകിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. ഇതെപ്പോ വന്നു..

നോക്കി നിൽക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലായതും കാണാത്ത ഭാവത്തിൽ മുറിക്കകത്തേക്ക് വന്നു…

അലമാരയിൽ നിന്ന് ഏതോ ഫയലെടുത്തു പിന്നെയും എന്തോ തിരയുകയാണ്…

വെറുതെയുള്ള തിരച്ചിലാണ് എന്ന് മനസ്സിലായത് കൊണ്ട് എന്താ എന്ന് ചോദിക്കാതെ ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി..

അമ്മ ദോശയും ചട്നിയും പ്ലേറ്റിൽ വിളമ്പി വച്ചിരുന്നു…

കണ്ണേട്ടൻ കഴിക്കാൻ വന്നിരുന്നു… ഫോൺ ഊണ് മേശയിൽ വച്ചു…

അടുത്ത് ഞാനൊരാൾ ഇരിപ്പുണ്ട് എന്നത് പോലും ശ്രദ്ധിക്കാതെ ഇഷ്ട്ട ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്….

കഴിക്കുന്നതൊക്കെ ആസ്വദിച്ചാണ്…

അതിൻ്റെ സന്തോഷത്തിന് വേണ്ടിയെങ്കിലും അതുണ്ടാക്കിയ തൻ്റെ നേർക്ക് ഒരു പുഞ്ചിരി പോലുമുണ്ടാവാറില്ല….

സ്ഥിരം ഇങ്ങനെയായത് കൊണ്ട് അഭിപ്രായവും ചോദിക്കാറില്ല…

കണ്ണേട്ടൻ കഴിച്ച് എഴുന്നേറ്റിട്ടും ഞാൻ കൈയ്യിൽ ദോശയുമായി ദിവാസ്വപ്നത്തിലാണ്… –

“വേഗം കഴിച്ചോ… ഇതെന്ത് ആലോചിച്ചിരിക്കുകയാ” അമ്മായിയുടെ ശബ്ദം കേട്ട് ദിവാസ്വപ്നത്തിൽ നിന്ന് ഞെട്ടി കൈയ്യിലിരുന്ന ദോശയുടെ കഷണം താഴെ വീണു.. –

പരിഭ്രമത്തോടെ വേഗം കഴിച്ച് താഴെ വീണ ദോശ പെറുക്കി പ്ലേറ്റിലിട്ട് കഴുകാനുള്ള പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് നടന്നു…

സാരിയൊതുക്കിപ്പിടിച്ചിട്ട് വേഗം പാത്രമൊക്കെ കഴുകി ഒതുക്കി വച്ചു…

കൊണ്ടുപോകാനുള്ളതെല്ലാം എടുത്തോന്ന് ഒന്നൂടെ നോക്കി ഉറപ്പിച്ചു….

മേശമേൽ ഇരുന്ന ഫോൺ എടുത്തു ആരും കാണാതെയൊരു ചുംബനമൊക്കെ കൊടുത്തു ബാഗിലിട്ടു….

സാരി ഒന്നൂടെ കണ്ണാടിയിൽ നോക്കി ശരിയാക്കി അങ്ങനെ സൗന്ദര്യം ആസ്വദിച്ചു നിന്നു……

ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോ എല്ലാം എടുത്ത് വേഗം മുറിയിൽ നിന്ന് ഇറങ്ങി…

ഹോണടി ഉച്ചത്തിൽ മൂഴങ്ങാൻ തുടങ്ങിയപ്പോൾ ഓടി മുറ്റത്തേക്കിറങ്ങി…

അമ്മായി വാതിൽക്കൽ വന്നു നിന്നു…

” അമ്മായി പോയിട്ട് വരാം… സമയത്തിന് മരുന്നും ആഹാരം കഴിക്കണേ” എന്ന് പറഞ്ഞ് ബൈക്കിൽ കയറി ഇടയിൽ ഒരകലമിട്ട് ഇരുന്നു…

പതിവ് കാഴ്ചകൾ ആസ്വദിച്ചിരുന്നു….

ഓഫീസിൽ വണ്ടി പാർക്ക് ചെയ്തപ്പോൾ പലവഴി സഞ്ചരിച്ചിരുന്ന മനസ്സ് എന്നിലേക്ക് തിരിച്ച് വന്നു….

ബൈക്കിൽനിന്ന് ശ്രദ്ധയോടെ ഇറങ്ങി നിന്നതും കണ്ണേട്ടൻ വേഗം മുൻപിൽ നടന്നു…

എന്തൊരു സ്പീടാണോ ഇനി കണ്ണേട്ടന് ഒപ്പമെത്താൽ കാലിൽ ചക്രം കെട്ടി വയ്ക്കേണ്ടി വരുമെന്നോർത്ത് ചിരിയോടെ കാലുകൾക്ക് വേഗം കൂട്ടി…

കണ്ണേട്ടൻ്റെ കാബിനിൽ എത്തിയതും കൈയ്യിൽ കൊണ്ടുവന്ന ഫയലിൽ കമഴ്ന്ന് കിടന്ന് എന്തോ മുങ്ങി തപ്പുകയാണ്… എൻ്റെ ചിന്തകൾ അലഞ്ഞു തിരിഞ്ഞ് തുടങ്ങി….

രാവിലെ അമ്മായി പറഞ്ഞതോർത്തു ..

അമ്മായി പറഞ്ഞതിലും കാര്യമുണ്ടല്ലോ കല്ല്യാണം കഴിഞ്ഞ് മൂന്ന് വർഷമായി കുഞ്ഞുങ്ങളായില്ല…..

സ്വഭാവികമായും ബന്ധുക്കളും നാട്ടുകാരും ചോദിച്ച് തുടങ്ങും….

ജോലിക്ക് വരുന്നത് കൊണ്ട് ഞാനൊന്നും കേൾക്കാറില്ലല്ലോ…

അമ്മായിയോടാണ് എല്ലാരും ചോദ്യം ചോദിച്ച് മന:സമാധാനം കണ്ടെത്തുന്നത്….

ഏതവസ്ഥയിലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത് എന്ന് എല്ലാവർക്കും അറിയാം….

എന്നിട്ടും ഈ വക ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും നന്നായിട്ടറിയാം…

കണ്ണേട്ടൻ സുഖമില്ലാതിരുന്നപ്പോൾ സഹായിക്കാൻ ഒരു പെണ്ണ് എന്നൊരു സ്ഥാനമെ ആ വീട്ടിൽ എനിക്കുള്ളു……

അതിലപ്പുറമൊന്നുമുണ്ടാവില്ലാന്ന് എല്ലാർക്കും അറിയാം….

കണ്ണേട്ടന്റെ അച്ഛൻ്റെ അനിയൻ്റെ മകൻ കൃഷ്ണനു ഒരു മോളുണ്ട്..

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് അവരുടെ വിവാഹം കഴിഞ്ഞത്….

ഓരോന്നാലോചിച്ചപ്പോൾ കണ്ണു നിറഞ്ഞു വന്നു…. നിറഞ്ഞു വന്ന കണ്ണീർ തുള്ളികളെ സാരിതുമ്പിൽ ഒപ്പിയെടുത്തു…

പെട്ടെന്ന് ഫോണിൽ മെസ്സെജിന്റെ ശബ്ദം.. എടുത്ത് നോക്കിയപ്പോൾ” എന്താ പെണ്ണെ രാവിലെ കണ്ണീര് ” കണ്ണേട്ടൻ.

ഒന്നുല്ലന്ന് തിരിച്ച് മറുപടി കൊടുത്തു..

” എന്നാലൊന്ന് ചിരിച്ചേ “.. സ്വാതി മുഖമുയർത്തി കണ്ണേട്ടനെ നോക്കി ചിരിച്ചു…

ഹോ.. മെസ്സെജിൽ എന്തൊരു സ്നേഹമാണ്..

തമ്മിൽ അടുത്തിരിക്കുമ്പോൾ എന്ത് പിശുക്കാ…

ഫോണിൽ സന്ദേശങ്ങളിൽ വലപ്പോഴും പ്രകടിപ്പിക്കുന്ന ഒരിറ്റ് കരുതൽ നേരിട്ട് ഒന്നു ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ച് പോയിട്ടുണ്ട്…

അന്ന് മുഴുവൻ എന്തോ ഒരു വിങ്ങലു പോലെ.. എത്രയും വേഗം വീട്ടിൽ ചെന്നാൽ മതിയെന്ന് തോന്നി…

വൈകിട്ട് വീട്ടിൽ കയറി ചെന്നപ്പോൾ അമ്മായിടെ ആങ്ങള വന്നിട്ടുണ്ട്

അവരുടെ മോന്റെ കല്ല്യാണം ക്ഷണിക്കാൻ വന്നതാണ്..

“അടുത്താഴ്ചയാണ് കല്ല്യാണം എല്ലാരും രണ്ടു ദിവസം നേരത്തെ വന്നേക്കണം. ഞങ്ങളുടെ മകൾ അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട് മോന്റെ കല്ല്യാണത്തിന് വേണ്ടി.. “അമ്മായിയുടെ ആങ്ങള പറഞ്ഞു..

” ഞാനും സ്വാതിയും നേരത്തെയെത്തുo കുടുംബവീട് അടച്ച് കിടക്കുവല്ലേ വൃത്തിയാക്കാൻ ആളു വേണമല്ലോ…. ” അമ്മായി സന്തോഷത്തോടെ പറഞ്ഞു..

കണ്ണേട്ടൻ വന്നവരെ ശ്രദ്ധിക്കാതെ മുറിയിലോട്ട് പോയി.. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം അവരുടെ മുൻപിൽ നിന്നു…

“സ്വാതി ചായയെടുക്കുമോളെ ” എന്ന് അമ്മായി പറഞ്ഞപ്പോൾ വേഗം ബാഗ് മുറിയിൽ കൊണ്ടുവച്ചു… കണ്ണേട്ടനെ മുറിയിൽ കണ്ടില്ല… ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു..

അടുക്കളയിൽ പോയി ചായയിട്ടു വന്നവർക്കും അമ്മായിക്കും കൊടുത്തു…

എന്തോ അവരുടെ മുൻപിൽ നിൽക്കാൻ തോന്നിയില്ല..

തിരിച്ച് കുറച്ച് നേരം അടുക്കളയിൽ തന്നെ നിന്നു…

മുറ്റത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് വരാന്തയിലേക്ക് ചെന്നു…

അമ്മായിയുടെ മുഖത്ത് ആങ്ങള വന്നതിൻ്റെ സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്..

” കണ്ണന് ചായ കൊടുത്തിരുന്നോ ” എന്ന് അമ്മായി ചോദിച്ചപ്പോഴാണ് കൊടുത്തില്ലല്ലോ എന്നോർത്തത്…

“ദാ ഇപ്പോൾ കൊടുക്കാം ” എന്ന് പറഞ്ഞ് വേഗം ചായയെടുക്കാൻ പോയി..

ചായയും കൊണ്ട് അവൾ വന്നു നോക്കുമ്പോൾ കണ്ണേട്ടൻ ഫോണിൽ മെസ്സെജ് ടൈപ്പ് ചെയ്യുവാണ്…

സ്വാതിയുടെ ഫോണിൽ മെസ്സെജ് വന്ന ശബ്ദം.. അവൾ ഫോണെടുത്ത് നോക്കി…

“വന്നവരൊക്കെ പോയോ… ” കണ്ണേട്ടൻ്റെ മെസ്സേജ്…

” പോയി…. ചായ കുടിക്ക് കണ്ണേട്ടാ.”.. ന്ന് മറുപടി മെസ്സെജ് ടൈപ്പ് ചെയ്ത് അയച്ചു കൊടുത്തു..

ചായ മേശപ്പുറത്ത് വച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി…..

ഒരിക്കലെങ്കിലും കണ്ണേട്ടൻ്റെ ശബ്ദമൊന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തപ്പോൾ രണ്ട് തുള്ളി കണ്ണീർ അടർന്ന് ഭൂമിയിലേക്ക് പതിച്ചു….

തുടരും.