Sunday, December 22, 2024
Novel

സുൽത്താൻ : ഭാഗം 7

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

വൈശു എന്തൊക്കെയോ ആംഗ്യത്തിൽ പറഞ്ഞു… സത്യത്തിൽ തേജസിനൊന്നും മനസിലായില്ല… എങ്കിലും അവളെ വിഷമിപ്പിക്കേണ്ട എന്നു കരുതി അവൻ ചിരിയോടെ എല്ലാം തല കുലുക്കി കേട്ടു നിന്നു …. “വീടിവിടെ അടുത്താണോ? “അവൻ ചോദിച്ചു അവൾ റോഡിലേക്ക് കൈ ചൂണ്ടി അവൻ അവളുമായി അമ്പലത്തിന്റെ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി… അമ്പലം കഴിഞ്ഞു ഒരുവശത്തേക്ക് കുത്തനെയാണ് റോഡ് പോകുന്നത്… അത് നെല്ലിയാമ്പതിക്കുള്ള വഴിയാണ്… ഇപ്പുറത്തെ വശത്തേക്ക് തിരിഞ്ഞു അവൻ റോഡിൽ പാർക്ക് ചെയ്തിട്ടിരുന്ന കാറിലേക്ക് ചെന്ന് കയറി… ആ റോഡ് ചെന്ന് ചേരുന്നത് നെന്മാറയിലേക്കാണ്..

കുറച്ചു മാറി നിന്നിരുന്ന വൈശുവിനെ അവൻ കൈ കാട്ടി വിളിച്ചു കൊണ്ടു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു… ഒന്നറച്ചു നിന്നെങ്കിലും അവൻ കണ്ണുകൾ കൊണ്ടു കയറാൻ ആവശ്യപ്പെട്ടപ്പോൾ അവൾ കയറി…. “എന്റൊരു കൂട്ടുകാരന്റെ കാറാ… എന്റെ ശകടം നിനക്കറിയാല്ലോ… “അവൻ ചിരിയോടെ അവളെ നോക്കി… അവളും ചിരിച്ചു…. കുറച്ചു ദൂരം പോയപ്പോൾ ചാട്ടിയോട് എന്നെഴുതിയൊരു മൈൽകുറ്റി കണ്ടു… അതിന്റെ ഇടതുവശത്തേക്കുള്ള ഒരു റോഡ് അവൾ ചൂണ്ടിക്കാട്ടി… അതൊരു കയറ്റമായിരുന്നു…. അതിലൂടെ പോയി ഒരു മലയടിവാരത്തിൽ ഉള്ള ഒരു വീടിന്റെ മുന്നിൽ പോയി കാർ നിന്നു… വൈശു ഇറങ്ങിയിട്ട് അവനായി കാത്തുനിന്നു…

പടിപ്പുര കടന്നു പഴയ രീതിയിലുള്ള ആ വീടിന്റെ മുറ്റത്തേക്ക് കടന്നു അവൻ… വൈശുവിന്റെ ഒപ്പം ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നത് കണ്ടു വൈശുവിന്റെ മുത്തശ്ശൻ തിണ്ണയിലേക്കിറങ്ങി…. മുത്തശ്ശന്റെ ചോദ്യത്തിന് മറുപടിയായി വൈശു എന്തൊക്കെയോ ആംഗ്യത്തിൽ പറഞ്ഞു… മന്ദഹസിച്ചുകൊണ്ട് മുത്തശ്ശൻ അവനു ഹസ്തദാനം നൽകി… “തന്മയയുടെ ഏട്ടൻ അല്ലേ… “മുത്തശ്ശൻ ചോദിച്ചു… അവൻ ആശ്ചര്യപ്പെട്ടുപോയി…. വൈശുവിന്റെ ഈ ആംഗ്യഭാഷയിൽ നിന്നു ഇവർ ഇത്രയുമൊക്കെ എങ്ങനെയാണാവോ ഗ്രഹിക്കുന്നത്… മുത്തശ്ശൻ അകത്തേക്ക് നോക്കി വൈശുവിന്റെ മുത്തശ്ശിയെ വിളിച്ചു ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു…

ചായയുമായി വന്ന മുത്തശ്ശിയും അവരുടെ ഒപ്പം സംഭാഷണത്തിന് കൂടി… വാർത്തമാനത്തിനിടയിൽ എപ്പോഴോ വീട്ടുകാരെ കുറിച്ച് മുത്തശ്ശൻ ചോദിച്ചപ്പോൾ തേജസ്‌ നിശബ്ദനായി… അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിക്കുമ്പോൾ MBBS ന് പഠിക്കുകയായിരുന്നു എന്നും പിന്നീട് അത് തുടരാൻ പറ്റിയില്ല എന്നും തനുവിനെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്നും അതിനായി ഓട്ടോ ഓടിക്കുകയും ടാക്സി ഓടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും ആ കൂടെ പ്രൈവറ്റ് ആയി ഡിഗ്രി ചെയ്യുന്നുണ്ടെന്നും ഒക്കെ അവൻ പറഞ്ഞു.. ബന്ധുക്കൾ ആരും തിരക്കാറില്ല എന്നും അച്ഛന്റെ കുടുംബം ഇവിടെ നെന്മാറയിൽ ആണെന്നും.. അവരുടെ മരണദിവസമായതിനാൽ കുടുംബക്ഷേത്രത്തിൽ ബലിയിടാൻ വന്നതാണെന്നും അവൻ പറഞ്ഞു…

അവന്റെ സംസാരത്തിൽ നിന്നും മുത്തശ്ശന് അവനെ ഒരുപാടു ഇഷ്ടമാകുന്നുണ്ടായിരുന്നു…. ഇടക്ക് വൈശുവും മുത്തശ്ശിയും അകത്തേക്ക് പോയപ്പോൾ വൈശുവിന് എന്ത് സംഭവിച്ചതാണെന്ന് തേജസ്‌ മുത്തശ്ശനോട് അന്വേഷിച്ചു… “അവൾക്കു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല മോനെ… എട്ടാം ക്ലാസ്സിൽ പഠിക്കുന്നത് വരെ.. അവളുടെ അച്ഛൻ കോയമ്പത്തൂർ ഒരു തുണിമില്ലിലെ സൂപ്പർവൈസർ ആയിരുന്നു… അമ്മയും വൈശുവും അനിയനും അടങ്ങുന്ന കുടുംബം.. പാലക്കാട്‌ കണ്ണാടിപ്പുഴയുടെ തീരത്ത്.. ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു അവരുടെ താമസം… അച്ഛൻ ആഴ്ചയിൽ ഒന്നേ വരികയുള്ളായിരുന്നു….

അന്നൊരു മഴക്കാലത്ത് പുഴയിൽ തുണി നനയ്ക്കാൻ പോയതാണ് മൂവരും കൂടി.. മോൻ പുഴയിൽ പെട്ടത് കണ്ടു ചാടിയതാണ് എന്റെ മോൾ… വൈശുവിന്റെ അമ്മ…. രണ്ടു പേരെയും കിട്ടിയില്ല… ഒഴുക്കിൽ പെട്ടു…. ഇത് കണ്ടു നിന്ന വൈശു പിന്നെ സംസാരിച്ചിട്ടില്ല…. കുറെ നാൾ ചികിൽസിച്ചു…. ഒരു പ്രയോജനവും ഉണ്ടായില്ല… വൈശുവിന്റെ അച്ഛൻ ഒന്ന് രണ്ടു വർഷം കൂടിയൊക്കെ ഞങ്ങളുടെ ഒപ്പം നിന്നു… പിന്നെ ഇങ്ങോട്ട് വരാതെയായി… ഇപ്പൊ കോയമ്പത്തൂർ വേറെ കുടുംബം ഉണ്ടെന്നൊക്കെ പറയുന്നു ഓരോരുത്തർ… ആ വാശിയിലാ ഇവൾ പഠിച്ചു MBBS ന് കയറിയെ…

തിരക്കാത്ത അച്ഛന്റെ മുന്നിൽ ഒരിക്കൽ Dr.വൈശാഖി രാമൻ ആണെന്നും പറഞ്ഞു അഭിമാനത്തോടെ പോയി നിൽക്കും എന്നും പറഞ്ഞു… ഞങ്ങളുടെ കാലം കഴിഞ്ഞാൽ ആരാണാവോ എന്റെ കുട്ടിക്ക്… സംസാരശേഷി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ആരെയെങ്കിലും പിടിച്ചേൽപ്പിക്കാമായിരുന്നു…” ആ വൃദ്ധൻ പറഞ്ഞു കൊണ്ടു കണ്ണീരൊപ്പി…. തേജസിനു വല്ലാത്ത വിഷമം തോന്നി…. വൈശു വന്നു അവനെ പ്രാതൽ കഴിക്കാൻ വിളിച്ചു… അവരോടൊപ്പം ഇരുന്നു ദോശയും ചമ്മന്തിയും പിന്നെ മുത്തശ്ശിയുടെ സ്പെഷ്യൽ ഉഴുന്നുവടയും കഴിച്ചാണ് അവൻ എഴുന്നേറ്റത്…. കൈ കഴുകിയതിനു ശേഷം ദൂരെ മലയിലേക്ക് നോക്കി നിൽക്കുന്ന തേജസിന്റെ അടുത്തേക്ക് മുത്തശ്ശൻ വീണ്ടും എത്തി…

“ഈ കാണുന്ന വയൽ ഞങ്ങളുടേതാണ്… അതിനപ്പുറം ഒരു മാന്തോപ്പ് ഉണ്ട്…പല തരത്തിലുള്ള നല്ല മധുരമാമ്പഴങ്ങൾ ഉണ്ടാവും അവിടെ… ” തേജസ്‌ അപ്പോഴും ആ പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു… ..വല്ലാത്തൊരു വശ്യതയാർന്ന സൗന്ദര്യം… തിരിച്ചു പോകാനിറങ്ങിയ അവന്റെ ഒപ്പം പടിപ്പുരയോളം വൈശുവും ചെന്നു… അവൻ കാറിൽ കയറിയിരുന്ന ശേഷം മുടി പുറകിലേക്ക് മാടിയൊതുക്കി കൊണ്ടു അവളോട്‌ യാത്ര ചോദിച്ചു… അവൾ എന്തോ ആംഗ്യഭാഷയിൽ പറഞ്ഞു… “എന്റെ ഊമക്കുയിലെ എനിക്കീ ഭാഷ മനസിലാവുന്നില്ല…. ” അവൾ പറയുന്നത് നിർത്തിക്കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു…

കാറെടുത്ത ശേഷം മിററിലൂടെ അവൻ അവളെ നോക്കിയപ്പോൾ ആ മുഖത്തെന്തോ സങ്കടമുള്ള പോലെ… തേജസ്‌ തിരിച്ചിറങ്ങി വന്നു…. “ന്താ പറ്റിയെ… ന്തേ കണ്ണിലൊരു നനവ്…? ” ഒന്നുമില്ലെന്നവൾ ശിരസ്സ് ചലിപ്പിച്ചു…. “ന്താണ് ഊമക്കുയിലെ സംഗതി പ്രശ്നാവുമോ… ഞാനീ ഭാഷ പഠിക്കേണ്ടി വരുമെന്ന് ആരോ എന്നെ തോന്നിപ്പിക്കുന്നല്ലോടോ… ” ആ കണ്ണുകളിൽ പൊടുന്നനെയുണ്ടായ ഭാവവ്യത്യാസം അവൻ കണ്ടറിഞ്ഞു… “ഇപ്പൊ ഒന്നും ചിന്തിക്കണ്ടാട്ടോ… പഠിക്കാനുള്ള സമയമാണ്… നന്നായി പഠിക്ക്… ബാക്കിയൊക്കെ പിന്നീട് ആലോചിക്കാം കേട്ടോ മിസ് വൈശാഖി രാമൻ… ” “ഉം…”

“എന്നാൽ ഒന്ന് ചിരിച്ചു കൊണ്ടു നിൽക്…ഞാൻ പോട്ടെ… ” അവൾ ചിരിയോടെ തന്നെ തേജസിനെ യാത്രയാക്കി… തിരിച്ചു വയനാട്ടിലേക്കുള്ള യാത്രയിൽ ഈ ദിവസം മുതൽ തന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റം വരുത്താനായി ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നതായി ഒരു തോന്നൽ തേജസിൽ ഉണ്ടായി… അത് മാറ്റാരുമല്ല… അച്ഛനും അമ്മയും തന്നെയാണ് എന്നവന് തോന്നി… ആരുമില്ലാതിരുന്ന തനിക്കും തനൂട്ടിക്കും ഇപ്പൊ ആരൊക്കെയോ ഉള്ളപോലെ… മുത്തശ്ശനും മുത്തശ്ശിയും പിന്നെ തനിക്കായി മഹാദേവൻ നൽകിയൊരു ഊമക്കുയിലും.. ഡ്രൈവിങ്ങിനിടയിലും ഒരു ഇളം ചിരി എങ്ങു നിന്നോ വന്നു തത്തിക്കളിച്ചു തേജസിന്റെ ചുണ്ടിൽ…. …………………………………….❣️

ഫിദയുടെ വീട്…. വീട്ടിലെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു… ഇനി നാല് ദിവസം കൂടി കഴിഞ്ഞാൽ കോളേജിലേക്കു തിരിച്ചു പോകണം… ഫിദയുടെ മുറിവെല്ലാം ഉണങ്ങിയിരുന്നു… നെറ്റിയിൽ ചെറിയൊരു പാട് മാത്രം ബാക്കിയുണ്ട്…. ആ മുറിവ് കണ്ണാടിയിൽ കാണുമ്പോഴൊക്കെ അവൾ ഫർദീനെ ഓർത്തു… ആ മുറിവിൽ അധരങ്ങൾ ചേർത്ത് അവൻ നിന്നത്… അവൻ വിളിക്കുമായിരിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ലായിരുന്നു… അവൾക്കു അവനെ വല്ലാതെ മിസ് ചെയ്തു… “ഫിദു…. “മമ്മിയുടെ വിളിയാണ് അവളെ ഓർമയിൽ നിന്നുണർത്തിയത്… “എന്താ മമ്മി… ” “ഞാനിറങ്ങുവാ… ഡോറടച്ചേക്ക്…. ” “മ്മ്മ്… ദാ വരുന്നു…. ” മമ്മി ഹോസ്പിറ്റലിൽ പോകുകയാണ്…

കുറെയായി തുടങ്ങിയ നടുവേദനക്ക് ഒരു ശമനവുമില്ല… സുലുവാന്റിയുമായാണ് പോകുന്നത്… ആന്റി അവിടെ കാത്തു നിൽക്കും… ഡോറടച്ചു തിരിയാൻ പോയപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്… മമ്മി അവിടെ തന്നെ നിൽപ്പുണ്ട് ഓട്ടോ കാത്ത്… മുന്നിലിരുന്ന ആൾ ഹെൽമറ്റ് ഊരിയപ്പോഴാണ് മനസിലായത്.. ഡാഡിയുടെ കൂടെ മുൻപ് ബിസിനസ്സ് ചെയ്തിരുന്ന അശോക് അങ്കിളിന്റെ മകൻ ആകാശ്… ഇടക്ക് വരാറുണ്ട്…. അശോക് അങ്കിൾ ഇപ്പോൾ ബിസിനസൊക്കെ നിർത്തി കൃഷിയാണ്… കൂടെ അമ്പലത്തിലെ എന്തൊക്കെയോ ഭാരവാഹിയും SNDP പ്രസിഡന്റോ അങ്ങനെയെന്തൊക്കെയോ…. “ഇവൻ ചോദിക്കുന്നത് എടുത്തു കൊടുത്തേക്ക് ഫിദു… “മമ്മി അവിടെ നിന്നു വിളിച്ചു പറഞ്ഞു…

ആകാശും കൂടെ വന്ന ആളും അകത്തേക്ക് വന്നു… ആകാശിന്റെ കയ്യിൽ ഒരു രസീത് കുറ്റി ഇരിക്കുന്നത് ഫിദ കണ്ടു … “ഓ… ഉത്സവപ്പിരിവ് ആണല്ലേ…”ഫിദ അവനെ കളിയാക്കി… “മ്മ്… “ചിരിച്ചു കൊണ്ടു അവൻ അകത്തേക്ക് കയറി… അപ്പോഴാണ് കൂടെ വന്ന ആൾ ഹെൽമറ്റ് ഊരി മാറ്റിയത്…. ഫിദ ഞെട്ടിപ്പോയി…. “ഫർദീൻ… ” “ഇപ്പൊ മനസിലായി കാണുമല്ലോ കാര്യം… ഞങ്ങൾ ഫ്രണ്ട്സ് ആണ്… “ആകാശ് ചിരിയോടെ പറഞ്ഞു… “ഇവൻ ഇവിടെ ഒരു സ്ഥലത്ത് കുടുങ്ങി എന്നും പറഞ്ഞു ഡീറ്റയിൽസ് പറഞ്ഞപ്പോഴാണ് നീയാണ് ആൾ എന്ന് മനസിലായത്… നിങ്ങൾ സംസാരിക്…ഞാൻ നിദയുടെ അടുത്തേക്കൊന്നു ചെല്ലട്ടെ…

“ആകാശ് അപ്പുറത്തേക്ക് പോയി… ഫിദ നിന്ന നിൽപ്പിൽ നിൽക്കുകയായിരുന്നു… ചലനമില്ലാതെ.. “ഫിദൂ… “ഫർദീൻ അവളുടെ അരികിലെത്തി… “കോളേജ് തുറക്കുന്നത് വരെ കാത്തിരിക്കാൻ പറ്റുന്നില്ലെടി… നിന്നെ കാണാതെ… ഭ്രാന്ത് പിടിക്കുന്ന പോലെ… ” ഫിദ അവനെ നോക്കി നിന്നതേയുള്ളു…. “പടച്ചോനെ… ഇവൻ വീണ്ടും വീണ്ടും ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് കയറുകയാണല്ലോ… ” ഫർദീന്റെ ചുണ്ടുകൾ നെറ്റിയിലെ മുറിപ്പാടിൽ വീണ്ടുമമർന്നു…

കുറെയധികം സമയം അവന്റെ കരവലയത്തിനുള്ളിൽ നിന്നുപോയി ഫിദ അന്ന്…. അവന്റെ നെഞ്ചോരം ചേർന്ന് നിന്നു അവൾ അവന്റെ ചോദ്യത്തിന് അന്ന് മറുപടി പറഞ്ഞു… “ഇഷ്ടമാണ് ഫർദീൻ നിന്നെ എനിക്ക്… ” അന്ന് സന്ധ്യക്ക്‌ ആദിയെ ഫോണിൽ വിളിച്ചപ്പോൾ ഫിദ പറഞ്ഞു.. “ആദി… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് .. ഇപ്പോഴല്ല…. നേരിട്ട് കാണുമ്പോൾ… ” “ഫിദൂ… എനിക്കും പറയാനുണ്ട് നിന്നോടൊരു കാര്യം… “ആദി മറുവാക്ക് ചൊല്ലി….. കാലം തെറ്റി പെയ്യാനൊരുങ്ങി ഒരു മഴ വെമ്പലോടെ തന്റെ മുന്നിൽ കാത്തു നിൽക്കുന്നതറിയാതെ ആദി ഫോൺ വെച്ചു….

കാത്തിരിക്കുമല്ലോ…… ❣️

സുൽത്താൻ : ഭാഗം 6