Sunday, December 22, 2024
Novel

സുൽത്താൻ : ഭാഗം 6

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ടൗണിലെ പ്രശസ്തമായ ഒരു പ്രൈവറ്റ് ഹോസ്‌പിറ്റലിന്റെ അത്യാഹിതവിഭാഗത്തിലേക്ക് വണ്ടി ചെന്ന് നിന്നു… ഫിദയെ അകത്തേക്ക് സ്‌ട്രെചറിൽ കൊണ്ടുപോയി… അതിന്റെ മുന്നിൽ അവളുടെയും തന്റെയും ബാഗുകൾ വാരിപ്പിടിച്ചു കൊണ്ടു ഫർദീൻ നിന്നു… എന്ത് ചെയ്യണമെന്ന് അവനു ഒരു പിടിയും കിട്ടിയില്ല…. അര മണിക്കൂർ കഴിഞ്ഞപ്പോൾ അകത്തു നിന്നും ഒരു നേഴ്സ് പുറത്തേക്കു വന്നു… ഫിദയുടെ പേരും ഡീറ്റെയിൽസുമൊക്കെ ഫർദീനോട് ചോദിച്ചു… അവൻ ആ നേഴ്സിനോട് അവളുടെ ഇപ്പോഴത്തെ സിറ്റുവേഷനെ കുറിച്ചന്വേഷിച്ചു..

പേടിക്കാനൊന്നുമില്ലെന്നും അകത്തു കയറി കണ്ടോളാനും നേഴ്സ് ഫർദീനോട് പറഞ്ഞു… അവൻ അകത്തേക്ക് കയറിയപ്പോൾ കണ്ടു ഇളനീല വിരിപ്പിൽ വാടിതളർന്നൊരു താമര തണ്ട് പോലെ അവൾ കിടക്കുന്നത്… അവൻ വേഗം തന്നെ ചെന്ന് അവളുടെ അടുത്തിരുന്നു…. നന്നായി പേടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു… നെറ്റിയുടെ ഒരു ഭാഗം അല്പം മുഴച്ചു ലേശം നീലിമ കലർന്നിരിക്കുന്നു… കൈമുട്ടിലും വെച്ചുകെട്ടുണ്ട്… ഫർദീൻ അലിവോടെ അവളെ നോക്കി പുഞ്ചിരിച്ചു….

“എന്താ… പേടിച്ചു പോയോ…? “അവൻ ചോദിച്ചു അവൾ മെല്ലെ തലയാട്ടി… “പേടിക്കണ്ടാട്ടോ… ഞാനില്ലേ കൂടെ.. “അവൻ അവളുടെ വിരലുകളിൽ തന്റെ വിരലുകൾ കോർത്ത് വെച്ചു… “എന്നെ കാണാതെ മമ്മി പേടിക്കും… “അവൾ പറഞ്ഞു… “വീട്ടിലോട്ട് വിളിച്ച് എന്ത് പറയും…?? ഇവിടെ ആണെന്ന് പറഞ്ഞാൽ ഒന്നുകൂടി പേടിക്കില്ലേ… “അവൻ തിരിച്ചു ചോദിച്ചു…. സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഫിദയുടെ ഫോണിലേക്കു മമ്മിയുടെ കോൾ വന്നു… “മമ്മി… ഞാൻ സുലുവാന്റിയുടെ വീട്ടിൽ ഇറങ്ങുവാണെ…

നാളെ രാവിലെ അങ്ങ് എത്തിയേക്കാം.. “പെട്ടെന്ന് അവൾ പറഞ്ഞു പിന്നെയും മമ്മി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു അവൾ തട്ടിയും മുട്ടിയും എന്തൊക്കെയോ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു… അവളുടെ ഡാഡിയുടെ പെങ്ങളാണ് സുലുവാന്റി എന്ന സുലേഖ… അവർക്കു മക്കളില്ല… അവരും ഭർത്താവും കൂടി ടൗണിൽ തന്നെയാണ് താമസം… സുലുവാന്റിയുടെ ഭർത്താവ് ബഷീർ അങ്കിളിനെ ഹോസ്പിറ്റലിലേക്ക് വിളിക്കാം എന്ന് കരുതിയാണ് ഫിദ മമ്മിയോട് അങ്ങനെ പറഞ്ഞത്…

താൻ ഹോസ്പിറ്റലിൽ ആണെന്നൊക്കെ പറഞ്ഞാൽ മമ്മി കരഞ്ഞു ബഹളം ഉണ്ടാക്കുമെന്ന് അവൾക്കറിയാമായിരുന്നു… അവൾ വേഗം തന്നെ സുലേഖയെ വിളിച്ചു… ആന്റിയോട്‌ കാര്യം പറഞ്ഞു അങ്കിളിനെ ഇങ്ങോട്ട് അയക്കൂ എന്ന് പറഞ്ഞപ്പോഴാണ് അങ്കിൾ അവിടെ ഇല്ല ചെന്നൈക്ക് പോയിരിക്കുകയാണെന്ന് ആന്റി പറഞ്ഞത്… താൻ ആരെയെങ്കിലും കൂട്ടി വരാമെന്നു പറഞ്ഞു ആന്റി ഫോൺ വെച്ചു… കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഫിദയോട് സ്കാനിങ്ങിനു റെഡിയായിരിക്കാൻ ആവശ്യപ്പെട്ടു….

അപ്പോൾ തന്നെയാണ് താഴെയെത്തി എന്നും പറഞ്ഞു ആന്റിയുടെ ഫോണും വന്നത്… ഫിദ ഫർദീനെ നോക്കി… പാവം… ഒത്തിരി കഷ്ടപ്പെട്ടു… “വെളുപ്പിന് മൂന്നുമണി മുതൽ ഉറങ്ങീട്ടില്ല ഫിദു ഞാൻ.. “എന്ന് അവൻ പറഞ്ഞത് അവളുടെ ഓർമയിൽ വന്നു… ഇപ്പോഴും ഒരു മുഷിച്ചിലും കൂടാതെ തന്നോടൊപ്പം ഇരിക്കുന്നു… ഫിദ നോക്കുന്നത് കണ്ടു ഫർദീൻ എന്താ കാര്യം എന്ന് പുരികമുയർത്തി ചോദിച്ചു… “ആന്റി വരുന്നുണ്ട്… ഇങ്ങോട്ട്… നിന്നെ ഇവിടെ കണ്ടാൽ…. “അവൾ മുഴുമിപ്പിക്കാതെ നിർത്തി…

“ഞാൻ മാറി നിൽക്കാം… “അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു… “നീ വീട്ടിൽ പോകുന്നില്ലേ..? “അവൾ പെട്ടെന്ന് ചോദിച്ചു… “നിന്നെ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞു പൊയ്ക്കോളാം… “അവൻ ചിരിയോടെ പറഞ്ഞു… ആന്റിയും ഫിദുവിന്റെ ഡാഡിയുടെ കൂട്ടുകാരന്റെ മകനായ മനുവും കൂടിയാണ് വന്നത്… അവർ വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഫിദയെ സ്കാനിങ്ങിന് കൊണ്ടുപോയി… സ്കാനിങ് റൂമിൽ നിന്നിറങ്ങി തിരിച്ചു റൂമിലേക്ക്‌ പോകുമ്പോൾ വിസിറ്റേർസ് ലോഞ്ചിൽ ഫർദീൻ ഇരിക്കുന്നത് അവൾ കണ്ടു…

അവളെ നോക്കി അവൻ കണ്ണടച്ച് കാണിച്ചു.. ഫിദക്ക് വല്ലാത്ത ഹൃദയ വേദന തോന്നി… തനിക്കു വേണ്ടിയാണവൻ ഈ തണുപ്പത്ത് .. ഒറ്റക്കവിടെ…. ഓർക്കുംതോറും അവളുടെ കണ്ണ് നിറയുകയും നെഞ്ചിലെ ഭാരം കൂടി കൂടി വരികയും ചെയ്തു…. ഒരു വേള അത് നിർത്താതെ പെയ്യുകയും അവന്റെ മുഖം കൂടുതൽ മിഴിവോടെ തന്റെ ഉള്ളിലേക്ക് പതിക്കുകയും ചെയ്തപ്പോൾ അവളും തിരിച്ചറിഞ്ഞു പേരറിയാത്ത ആ നൊമ്പരത്തിന്റെ കുഞ്ഞു സുഖം… വീണ്ടും വീണ്ടും കാണണമെന്ന തോന്നലിൽ നിദ്ര പൂകിയ കണ്ണുകൾ അടഞ്ഞു പോയിട്ടും അവൾ അതിനെ വലിച്ചു തുറന്നു… തന്റെ മനസിന്റെ വേദനയിൽ നെറ്റിയിലെ മുറിവിന്റെ വേദന അവൾ അറിയുന്നുണ്ടായിരുന്നില്ല….

പിറ്റേദിവസം രാവിലെ ഡോറിൽ ഒരു തട്ട് കേട്ടു ആന്റി ചെന്ന് വാതിൽ തുറന്നു…മനു രാത്രി തന്നെ തിരികെ പോയിരുന്നു… “ന്യൂസ്‌പേപ്പർ വേണോ ചേച്ചി.. “എന്ന് ചോദിക്കുന്ന ആ പരിചിത ശബ്ദം കേട്ടു ഫിദ തലയുയർത്തി നോക്കി… ഫർദീൻ !!! വേണം എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്നു ഒരു മാതൃഭൂമി പത്രം വാങ്ങി ആന്റി പൈസ എടുക്കാൻ തിരിഞ്ഞപ്പോൾ അവൻ ആംഗ്യ ഭാഷയിൽ ഫിദയോട് സ്കാനിങ് റിപ്പോർട്ട് എന്തായി എന്ന് ചോദിച്ചു… കുഴപ്പമൊന്നുമില്ല എന്ന് ഒരു ഇളം പുഞ്ചിരിയോടെ മറുപടി പറയുമ്പോൾ തന്റെ മനസ് ഈ നിൽക്കുന്ന ചുള്ളൻ ചെക്കനെ ചേർത്ത് വെയ്ക്കാൻ ഇരിപ്പിടം തേടുന്നതവൾ അറിയുകയായിരുന്നു….

❤️തനിക്ക് ഇവനോട് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു….. ❤️ഫിദു കണ്ണുകളടച്ചു കട്ടിലിലേക്ക് ചാരി…. എട്ടു മണിയായപ്പോൾ ഡോക്ടർ റൗണ്ട്സിനു വന്നു… സ്കാനിങ്ങിൽ പ്രശ്നമൊന്നും ഇല്ലാതിരുന്നത് കൊണ്ടു തന്നെ അവൾക്കു വീട്ടിലേക്കു പോകാമെന്നു ഡോക്ടർ പറഞ്ഞു… ബില്ല് പേ ചെയ്തിട്ടുവരാം എന്ന് പറഞ്ഞു ആന്റി പുറത്തേക്കിറങ്ങി വാതിൽ ചാരി… ഫിദ പതുക്കെ ബാഗൊക്കെ എടുത്തു വെയ്ക്കുകയായിരുന്നു… പുറകിൽ നിന്നൊരാൾ ഇടുപ്പിലൂടെ കൈ ചുറ്റി ഭീത്തിയോട് ചേർത്തപ്പോൾ അവൾ ഒന്ന് പകച്ചു പോയി… എങ്കിലും പരിചിതമായ ആ പെർഫ്യൂ ഗന്ധത്തിൽ അവൾ മിഴികളടച്ചു… “ഫിദൂ…. ”

അവന്റെ നിശ്വാസം അവളുടെ മുഖത്തടിച്ചു… അവൾ മെല്ലെ മിഴികളുയർത്തി…. “ഞാൻ ചോദിച്ച ചോദ്യത്തിന് നീയായിട്ട് മറുപടി തന്നിട്ടില്ലെങ്കിലും ഈ കണ്ണുകൾ എന്നോട് മുന്നേ പറഞ്ഞു കഴിഞ്ഞു കേട്ടോ മറുപടി.. ” ആർദ്രമായി അവൻ പറഞ്ഞ വാക്കുകൾ കേട്ടു ഫിദ വീണ്ടും മിഴികൾ താഴ്ത്തി… “ഞാൻ പോട്ടെ… നിങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങുകയല്ലേ….? “അവൻ ചോദിച്ചു “മ്മ്.. “അവൾ തലയാട്ടി…. “അപ്പോൾ കോളേജിൽ വെച്ചു കാണാം.. “അവൻ അവളുടെ നെറുകിൽ നനുത്ത ഒരുമ്മ നൽകി.. കൈവിരലുകൾ കൊണ്ടു അവളുടെ നെറ്റിയിലെ മുറിവിൽ അവൻ മെല്ലെയൊന്നു തടവി… “ഒഹ്… ”

വേദനയെടുത്തെന്നോണം അവൾ ഒരു മൂളലോടെ ഒരു ചുവടു പിന്നോട്ട് മാറിയപ്പോൾ അവൻ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു ആ മുറിവിൽ മെല്ലെ ചുണ്ടുകളമർത്തി… “ഇനി ഈ വേദനയൊക്കെ പമ്പ കടക്കും കേട്ടോ… “അവൻ ചിരിയോടെ അവളിലുള്ള പിടി വിട്ടു… “ഞാൻ താഴെ കാണും… “പറഞ്ഞു കൊണ്ടു അവൻ താഴേക്കുള്ള പടികൾ ഇറങ്ങി.. ബില്ലടച്ചു വന്ന സുലു ആന്റിയുമായി ഫിദ ലിഫ്റ്റിലേക്കു കയറി.. മനു താഴെ കാത്തു നിൽപ്പുണ്ടായിരുന്നു… ഫിദയെയും ആന്റിയെയും കണ്ടു മനു കാർ എടുക്കാനായി പാർക്കിങ് ഏരിയയിലേക്ക് പോയി…. “താഴെ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇതെവിടെ പോയി ആൾ.. ”

ഫിദ ചുറ്റും നോക്കി… അടുത്ത നിമിഷം തന്റെ തൊട്ടടുത്ത് നിൽക്കുന്ന ഫർദീനെ കണ്ടു അവൾ അമ്പരന്നു… കാറുമായി വന്ന മനു അവരോടു കയറാൻ പറഞ്ഞപ്പോൾ ഫർദീനെ നോക്കിയിട്ട് അവൾ കാറിലേക്ക് കയറാൻ ഒരുങ്ങി… കയറും മുൻപ് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി അവൾ…. “മിസ്സ്‌ യൂ…ഫർദീൻ “ആന്റി കേൾക്കാതെ അവനെ നോക്കി അവൾ മെല്ലെ പറഞ്ഞു… ആ വാക്കുകൾ കേട്ടു ഫർദീന്റെ മിഴികൾ നക്ഷത്രം പോലെ തിളങ്ങി… ………………………….

❣️ രണ്ടു ദിവസം കോയമ്പത്തൂര് കൂട്ടുകാരുമായി കൂടിയിട്ട് ആദി തിരിച്ചു വരികയായിരുന്നു…. പാലക്കാട് വരെ നീരജ് ഉണ്ടായിരുന്നു. അവിടുന്ന് ആദി ബസിലാണ് പോന്നത്… ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ ബസ് ആലപ്പുഴ ടൗണിലേക്ക് കയറിയതായി അവനു മനസിലായി… …ഫിദുവിന്റെ നാട്… അല്ല… തന്റെ പെണ്ണിന്റെ… മനസിലുള്ളത് ഇനിയും തുറന്നു പറയാൻ പറ്റിയിട്ടില്ല… ഇനി ഏതായാലും വൈകില്ല… തിരിച്ചു കോളേജിൽ ചെല്ലുമ്പോൾ ആദ്യം തന്നെ ഈ കാര്യം അവളോട്‌ തുറന്നു പറയണം.. ഒരുപക്ഷെ അവൾ ഇത് കേൾക്കാൻ കൊതിച്ചിരിക്കുകയാണെങ്കിലോ….

ആ ഒരു ഓർമയിൽ ഹൃദയത്തിന്റെ നുറുങ്ങു സന്തോഷം ആദിയുടെ ചുണ്ടിലെത്തി… ഫിദ എന്ന പെണ്ണിനെ കുറിച്ചുള്ള വർണ്ണമുള്ള സ്വപ്‌നങ്ങൾ കാണാൻ അവൻ വീണ്ടും ചെറുപുഞ്ചിരിയോടെ മിഴികളടച്ചു… ………………………….❣️ മഹാദേവന്റെ തിരുനടയിൽ മൂന്നുവട്ടം തൊഴുതു വലത്തിടുമ്പോഴാണ് വൈശു മുന്നിൽ അല്പം വേഗത്തിൽ വലത്തിടുന്ന ആളെ ശ്രദ്ധിച്ചത്…. തേജൂട്ടൻ ആണോ അത്…. തേജൂട്ടൻ വയനാട് നിന്നു നെന്മാറയിൽ എത്തിയോ…??

നെന്മാറയിലുള്ള മുത്തശ്ശിയുടെ തറവാട്ടിൽ കുറച്ചു ദിവസം മുത്തശ്ശിയോടും മുത്തശ്ശനോടും ഒപ്പം നിൽക്കാൻ വന്നതായിരുന്നു അവൾ…. അവൾ വേഗം തേജൂട്ടനെ പോലെയുള്ള ആളിനെ മറികടന്നു തിരിഞ്ഞു നോക്കി… “തനിക്കു തെറ്റിയില്ല… തേജൂട്ടൻ തന്നെ “.. വിടർന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന ആ പെണ്ണിനെ കണ്ടു തേജസും ആശ്ചര്യത്തോടെ അവളുടെ അടുത്തേക്കെത്തി… “എന്താണ് ഊമക്കുയിൽ ഇവിടെ…. ആശ്ചര്യമായിരിക്കുന്നല്ലോ…. ” അവൻ ചിരിയോടെ തന്റെ മുടികൾ പുറകിലേക്കൊതുക്കി വെച്ചു അവളെ നോക്കി……. കാത്തിരിക്കുമല്ലോ….. ❣️

സുൽത്താൻ : ഭാഗം 5