Tuesday, December 17, 2024
Novel

സുൽത്താൻ : ഭാഗം 4

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ഡാ… നീയിത് ആരെ സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാ… “നീരജിന്റെ ഒരു കൊട്ട് കിട്ടിയപ്പോഴാണ് ആദി ബോധത്തിലേക്കു വന്നത്… “ഏയ്… ഞാൻ വെറുതെ.. “അവൻ ചിരിയോടെ ബുക്കിന്റെ പേജുകൾ മറിച്ചു… “എന്റെ ആദി… നീയിത് മനസിലിട്ട് വെന്തോണ്ട് നടക്കാതെ അവളോടൊന്നു പറ… അവൾക്കാണെങ്കിൽ ഒരുപാടു ഇഷ്ടമാണ് നിന്നെ… ഞങ്ങളോടാരോടും അവൾക്കത്രയും ഇഷ്ടമില്ല.. ഇതിപ്പോ ഒരു വർഷമായില്ലേ… ഇനി നീ പറഞ്ഞില്ലെങ്കിൽ നീയാ കുത്തിക്കുറിക്കുന്ന ഡയറി ഞാൻ ചൂണ്ടി അവളെ കാണിക്കും… ”

“പറഞ്ഞാൽ…. അവൾക്കു അങ്ങനെയൊരിഷ്ടം ഇല്ലെങ്കിലോ നീരൂ.. അവൾക്കു നല്ല ഫ്രണ്ട്ഷിപ് മാത്രേ ഉള്ളെങ്കിലോ… “ആദി വെമ്പലോടെ ചോദിച്ചു “എക്സാം കഴിഞ്ഞു വീട്ടിൽ പോകുന്നതിനു മുൻപ് നീ പറഞ്ഞോണം… ഇനി വെച്ചു താമസിപ്പിക്കണ്ടാ… ” “മ്മ്.. “എന്തോ ഓർത്തു ആദി മൂളി… ……………………❣️❣️❣️ ഇതേസമയം കട്ടിലിലേക്ക് ചാരിക്കിടന്നിരുന്ന ഫിദുവിന്റെ ഓർമകളിൽ ഫർദീന്റെ മുഖമായിരുന്നു.. നാളെ എക്സാം ഇല്ല… അതിനടുത്ത ദിവസം അവനെ കാണുന്നതിനെ കുറിച്ചോർത്തു അവളിലൂടെ ഒരു വിറയൽ പടർന്നിറങ്ങി….

വൈശു വന്നു അവളെ തട്ടി വിളിച്ചപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത്…. സമീപത്തിരുന്നു മൊബൈൽ റിങ് ചെയ്യുന്നു… “അയ്യോ മമ്മിയായിരിക്കും… എക്സാം എങ്ങനുണ്ടാരുന്നു എന്ന് ചോദിക്കാൻ… “അവൾ വേഗം ഫോൺ എടുത്തു… പരിചയമില്ലാത്ത ഒരു നമ്പർ… അവൾ കോൾ ബട്ടൺ പ്രെസ്സ് ചെയ്തു… “ഫിദൂ…. “ആർദ്രമായ ആ വിളി… അവൾ പിടഞ്ഞു പോയി… “എന്തേ… എന്നെയോർത്ത് കിടക്കുവായിരുന്നോ…. “ഫർദീന്റെ ശബ്ദം… ഫിദയുടെ തൊണ്ട വരണ്ടുപോയി…. ഫോൺ വെയ്ക്കാനോ എന്തെങ്കിലും മറുവാക്ക് പറയുവാനോ അവൾക്കായില്ല….

നിശബ്ദമായി നിന്നപ്പോൾ മറുവശത്തു ഫർദീന്റെ പതിഞ്ഞ ചിരി കേട്ടു… “സ്വപ്നം കാണാതെ ഇരുന്നു പഠിക്കാൻ നോക്ക്… മറ്റന്നാൾ കാണാം… അപ്പോൾ മറക്കണ്ട… ലാസ്റ്റ് ഡേ എനിക്ക് മറുപടി വേണം ട്ടൊ… കണ്ണിൽ തന്ന സമ്മാനം ഇപ്പോഴും അവിടുണ്ടല്ലോ…അത് ഓർത്താൽ മതി… ഞാൻ വെയ്ക്കുവാ…” കോൾ കട്ടായിട്ടും അവൾ ഫോൺ ചെവിയിൽ നിന്നെടുക്കാൻ മറന്നു പോയിരുന്നു…. അവളുടെ ഇരുപ്പ് കണ്ടു വൈശു കാര്യം എന്താണെന്ന് ആംഗ്യത്തിലൂടെ ചോദിച്ചു… ”

ഒന്നൂല്ല… ഒരു ഫ്രണ്ട് ആയിരുന്നു എന്ന് ഫിദു മറുപടി നൽകി… ” ആദ്യമായാണ് കൂട്ടത്തിൽ ഒരാളോട് ഒരു കാര്യം മറച്ചു വെയ്ക്കുന്നത്…. എന്തുണ്ടെങ്കിലും ആറ് പേരും കൂടി ഷെയർ ചെയ്യുന്നതാണ്…. ആദിയോട് പറയണ്ടേ…. അവൾ ഓർത്തു… കൂടുതലൊന്നും ചിന്തിക്കാതെ പെട്ടെന്ന് തന്നെ ആദിയെ വിളിക്കുകയും ചെയ്തു… ജാതി മര തണലിൽ പുസ്തകത്തിലേക്കും നോക്കിയിരുന്ന ആദിയുടെ മൊബൈൽ റിങ് ചെയ്യുന്നത് നീരജാണ് കണ്ടത്…. “ഡാ ദേ അവൾ വിളിക്കുന്നു…. നീ ഓർത്തു കൊണ്ടിരുന്നപ്പോൾ തന്നെ അവളും ഓർത്തല്ലോടാ നിന്നെ… എടുക്കെടുക്ക്… “നീരജ് പറഞ്ഞു… ”

സ്പീക്കറിൽ ഇടെടാ…”അവനോർമിപ്പിച്ചു “മനസ്സിൽ കിനിഞ്ഞു വന്ന ചെറു സന്തോഷത്തോടെ നീരജിന്റെ വാക്കുകൾ ആസ്വദിച്ചു കൊണ്ടു ആദി ഫോണെടുത്തു…. പെട്ടെന്നാണ് ഫിദുവിനു ആദിയോടി തെങ്ങനാ പറയുക എന്നൊരു ചമ്മൽ മനസിലേക്ക് വന്നത്… ലൈബ്രറിയിൽ വെച്ചുണ്ടായ സംഭവങ്ങളൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു….. “ഹലോ ഫിദു… എന്താടി….? “ആദി ചോദിച്ചു “അത്… പിന്നെ ഞാൻ… ആദി… ഒന്നൂല്ല… ” “എന്തുപറ്റി ആദ്യത്തെ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ പിരി പോയോ… “ആദി ചിരിയോടെ ചോദിച്ചു… “പോടാ… നമ്പർ മാറി പോയതാ… “അവൾ മറുപടി പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തു…

ഇതൊക്കെ കേട്ടുകൊണ്ട് നിന്ന നീരജ് ആദിയെ ഒന്ന് ആക്കി ചിരിച്ചു… “ഡാ.. ആദി…. അവൾ ഓക്കെ ആണെടാ… ഇതൊക്കെയാണ് പ്രണയത്തിന്റെ ആദ്യലക്ഷണം… പെണ്ണിന് നിന്റെ ശബ്ദം കേൾക്കണമായിരുന്നു… അതിനൊരു അടവ് ഇറക്കിയതാ… നമ്മളിതെത്ര കണ്ടതാ… ” “ആണോ.. ഇതാണോ ആദ്യ ലക്ഷണം…” ആദി ചിരിച്ചു… “എന്തോ.. എനിക്കറിയില്ല… ഞാനിതു വരെ പ്രണയിച്ചിട്ടില്ല… പ്രണയം വായിച്ചറിഞ്ഞിട്ടേയുള്ളു…. ” “ഇപ്പൊ എന്റെ ഉള്ളിലുള്ള പ്രണയം ഞാൻ അറിയുന്നുണ്ട് … പക്ഷെ അതിനൊരു പൂർണ്ണതയില്ല…

അവൾ അത് മനസിലാക്കി കഴിഞ്ഞാലേ അതിനു ചിറകു മുളക്കൂ…. “ആദി ആകാശത്തിലേക്കു നോക്കി കിടന്നു കൊണ്ടു പറഞ്ഞു… നേരം ഇരുട്ടിയിട്ടും അവർ അവിടെ തന്നെ കിടന്നു… നല്ല നിലാവുണ്ടായിരുന്നു… ശതകോടി നക്ഷത്രങ്ങൾക്ക് നടുവിൽ പനിമതി പൊന്നിൽ കുളിച്ചു നിന്നിരുന്നു…. “എന്ത് ഭംഗിയാ അല്ലേടാ ഈ രാത്രിക്ക്… ഞാൻ ഇതുവരെ രാത്രിയുടെ ഭംഗി ആസ്വദിച്ചിട്ടില്ല..” ആദി പറഞ്ഞു “എടാ ആദി… ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്… അത് തോന്നി തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതിനെല്ലാം ഭയങ്കര ചേലുള്ളതായി തോന്നും…

ഇപ്പൊ നീ പറഞ്ഞ രാത്രിക്ക്, നക്ഷത്രങ്ങൾക്ക്, നിലാവിന്, മഴക്കാണെങ്കിൽ പറയുകയേ വേണ്ട… പ്രളയമഴ ആണെങ്കിലും പ്രണയ മഴ ആയെ തൊന്നു… പിന്നെ പൂക്കളുടെ കാര്യമാണെങ്കിൽ വാകപ്പൂക്കൾ, ചെമ്പകം…. അങ്ങനെയങ്ങനെ…. ” “ആഹാ.. ഇങ്ങനെയൊക്കെയുണ്ടോ… “? “എന്റെ ആദി… ഏതെങ്കിലും ഒരു കോളേജിൽ വാകമരം ഇല്ലാത്തതുണ്ടോ.. നമ്മുടെ കോളേജിലുമില്ലേ കുറെയെണ്ണം നല്ല തലയെടുപ്പോടെ…. ഇതൊക്കെ ഇതിന്റെ സിംബലാണെന്നെ…. ” ആദി വീണ്ടും വാനിൻചോട്ടിലെ നക്ഷത്രത്തുമ്പികളോട് കിന്നാരം ചൊല്ലി കിടന്നു….. …………………….. ………..❣️❣️❣️❣️

അടുത്ത ദിവസം കോളേജിലേക്കു ചെല്ലുമ്പോൾ ഗേറ്റിനടുത്തു നിന്നു ചുറ്റും പരതുന്ന വൈശുവിനോട് ഫിദ പറഞ്ഞു… “അതേ.. തേജൂട്ടനെ നോക്കുവാണോ…?? നോക്കിയിട്ട് പതുക്കെ പോരു കേട്ടോ … ഞാൻ പോകുവാ…. ” ആ മിഴികളിൽ ഒരു പിടപ്പുണ്ടായി… വൈശു ഫിദയുടെ കൈകളിൽ മൃദുവായി ഒന്നമർത്തി….. “മ്മ്… എന്നാൽ നിൽക്കാം… തേജൂട്ടൻ വരട്ടെ… “ഫിദ ചിരിയോടെ പറഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ തനു നടന്നു വരുന്നത് കണ്ടു…

“നീയെന്താ ഇന്ന് നടന്നു വരുന്നേ…? ” “തേജൂട്ടൻ രാവിലെ ഒരോട്ടത്തിന് പോയി… ഉച്ചക്കെ വരൂ… ഞാൻ ബസിലാണ് വന്നത്…” വൈശുവിന്റെ മുഖം വാടുന്നത് കണ്ടു ഫിദക്ക് ചിരി വന്നു.. “അതേ… തനൂ… നീ വല്ലതുമറിയുന്നുണ്ടോ…ഇവിടെ ചില മൗനപ്രണയം നടക്കുന്നത്… “ഫിദ ഇടങ്കണ്ണിട്ട് വൈശുവിനെ നോക്കികൊണ്ട്‌ തനുവിനോട് ചോദിച്ചു വൈശു പേടിയോടെ അരുതെന്നു ഫിദുവിനെ തല അനക്കി കാണിച്ചു “ങ്ഹേ… മൗന പ്രണയമോ… ആർക്ക്… ആരോട്… “?? “അതൊക്കെ വഴിയേ പറയാം…കാത്തിരിക്ക്.. ” മൂവരും ചിരിയോടെ എക്സാം ഹാളിലേക്കു പോയി… ……………………………❤️❤️❤️

എക്സാം കഴിഞ്ഞ നേരം… പുറത്തേക്കിറങ്ങാൻ ഫിദുവിന് മടി തോന്നി.. ഫർദീൻ പുറത്തെവിടെങ്കിലും ഉണ്ടാവുമോ… രണ്ടും കല്പിച്ചവൾ പുറത്തേക്കിറങ്ങി… ലൈബ്രറിയിലേക്ക്‌ പോകുന്നതോർത്തപ്പോൾ വല്ലാത്ത നെഞ്ചിടിപ്പ്…. മുറ്റത്തെ വാകമരത്തിനു ചുറ്റും കെട്ടിയിരുന്ന മൂന്ന് പടവിലെ ഏറ്റവും മുകളിലെ പടവിലേക്കു അവൾ ഇരുന്നു… ഒരു നിമിഷം… ആ നിമിഷത്തിനുള്ളിൽ… എങ്ങു നിന്നാണെന്നറിയില്ല.. ഫർദീൻ അവളുടെ അടുത്തേക്ക് വന്നിരുന്നു… ചുറ്റും നോക്കിയിട്ടാണിരുന്നത്… ചുറ്റുവട്ടത്തൊന്നും ഉണ്ടായിരുന്നില്ല…. പിന്നീതെങ്ങനെ പെട്ടെന്ന് വന്നു…

അവൾ ആശ്ചര്യത്തോടെ അവനെ നോക്കിയെങ്കിലും ചോദിച്ചില്ല… അവളിരുന്ന പടവിന്റെ തൊട്ടു താഴെയുള്ള പടവിലാണ് അവൻ വന്നിരുന്നത്.. കൈമുട്ടുകൾ മുകളിലെ പടവിലേക്കു വെച്ചു ചാഞ്ഞിരുന്നു കൊണ്ടു അവൻ അവളെ നോക്കിചിരിച്ചു…. “ആരെയാ ചുറ്റുംനോക്കിയത്… എന്നെയാണോ…? “അവൻ കുസൃതിയോടെ ചോദിച്ചു… ഫിദയുടെ മനസിന്റെ പിടപ്പ് കണ്ണുകളിലുണ്ടായി… അവൾ വേഗം നോട്ടം മാറ്റി…. ദൂരെ നിന്നും ആദി വരുന്നത് ഫർദീൻ കാണുന്നുണ്ടായിരുന്നു…. “ലാസ്റ്റ്‌ എക്‌സാമിന്റെ അന്നത്തെ കാര്യം മറക്കണ്ടാട്ടോ..” അവൻ അവളുടെ അടുത്തേക്ക് വന്നു കണ്ണുകളിലേക്ക് ഒന്നൂതി…

നീട്ടി വെച്ചിരുന്ന ഫിദുവിന്റെ കാൽപാദങ്ങളിൽ മൃദുവായി ഒന്നമർത്തിയിട്ട് അവിടുന്ന് എഴുന്നേറ്റു…. ആദി വരുന്നത് നോക്കിയിരിക്കുകയായിരുന്നെങ്കിലും ഫർദീൻ ചെയ്ത പ്രവൃത്തികളിലായിരുന്നു ഫിദുവിന്റെ ശ്രദ്ധ…. ആദി അടുത്ത് വന്നിട്ടും അവൾ അറിഞ്ഞില്ല… ഫർദീന്റെ പെർഫ്യൂമിന്റെ ഗന്ധം ഇപ്പോഴും തനിക്കു മേൽ ആവരണം ചാർത്തിയിരിക്കുകയാണെന്ന് അവൾക്കു തോന്നി… തന്റെ മുഖത്തേക്ക് നോക്കി മറ്റെന്തോ ആലോചിച്ചു മതിമറന്നിരിക്കുന്ന ഫിദുവിനെ കണ്ടു ആദിയുടെ നെഞ്ചിൽ ഒരു തിരയിളക്കമുണ്ടായി…. “എയ്… ഇവിടൊന്നുമല്ലേ…

“അവൻ വിരൽ ഞൊടിച്ചു കൊണ്ടു അവളുടെ അടുത്തിരുന്നു… അവൾ ആദിയെ തന്നെ നോക്കി… “ആദിയോട് പറയണം…. ഇക്കണ്ട കാലമത്രയും ഒന്നും മറച്ചുവെച്ചിട്ടില്ല ഇവനോട്.. തന്റെ ചങ്കല്ല… ചങ്കിടിപ്പാണ് ഇവൻ… ഇവനോട് പറയാതെ ഒരു കാര്യവും തന്റെ ജീവിതത്തിലില്ല… ഇതും പറയണം… പക്ഷെ….. എന്താണ് പറയേണ്ടത്…. ഫർദീനെ തനിക്ക് ഇഷ്ടമാണെന്നോ… അതോ അല്ലെന്നോ.. ” “അത് തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ പടച്ചോനെ… തനിക്ക് അവനെ ഇഷ്ടമാണോ… തന്നോട് മാത്രം അവൻ ക്ലാസ്സിൽ മിണ്ടാറില്ലായിരുന്നു… പലപ്പോഴും മിണ്ടാൻ ആഗ്രഹിച്ചു ചെന്നിട്ടും അവഗണിച്ചിട്ടേയുള്ളൂ….

എന്നിട്ടിപ്പോൾ വീടും വീട്ടുകാരെയും എല്ലാം മനസിലാക്കി മുന്നിൽ വന്നു നിന്നു ഇഷ്ടമാണെന്ന് പറയുമ്പോൾ… നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നു… തനിക്കും ഇഷ്ടമാണോ അവനെ… “ഫിദുവിനു ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല… “ഡീ… നീ എന്താ എന്റെ മൊഞ്ചു കണ്ടോണ്ടിരിക്കുവാ…. “ആദിയുടെ ചോദ്യമാണ് അവളെ ഓർമ്മക്കൂടാരത്തിൽ നിന്നു തിരികെ കൊണ്ടു വന്നത്… അപ്പോഴാണോർത്തത് ഇത്രയും നേരം ആദിയുടെ മുഖത്തായിരുന്നു തന്റെ കണ്ണുകൾ…. അവൾ ഒരു ചമ്മിയ ചിരിയോടെ മുഖം വെട്ടിച്ചു… പെണ്ണിന്റെ മുഖത്തെ നാണം കണ്ടതും ആദിയുടെ ചുണ്ടിലൊരു കുസൃതിച്ചിരി മിന്നി…

“നീരു ഇന്നലെ പറഞ്ഞ വാക്കുകൾ സത്യമാവുകയാണോ… തന്റെ പ്രണയമഴയിലേക്ക് മഴത്തുള്ളികൾ പകർന്നു തരാൻ തന്റെ ഫിദു തന്നിലേക്കെത്തുകയാണോ…. ഈ ഒരു വർഷക്കാലമായി നെഞ്ചിൽ പൊതിഞ്ഞുവെച്ചൊരു കുഞ്ഞു പ്രണയത്തിനു പകിട്ടേകാൻ തന്റെ രാജകുമാരി വരികയാണ്… ” ഫിദുവെന്ന ഓർമയിൽ ആദിയും ഫർദീൻ എന്ന ഓർമയിൽ ഫിദുവും…. ഒരു കൈയകലെ മാത്രമിരുന്നു സ്വപ്നങ്ങളിലേക്കിറങ്ങി… കൂട്ടുകാർ എല്ലാം എത്തി ചേർന്നപ്പോൾ പോകുവാനായി അവർ കോളേജിന്റെ പൂമുഖത്തേക്ക് നടന്നു… “ഡാ.. ആദി ക്യാന്റീനിൽ ഒന്ന് പോയിട്ട് വരാം…

ഇത്തിരി വെള്ളം കുടിക്കണം… അത് പോലെ ആവിയാക്കിയ എക്‌സാമായിരുന്നു…”നീരു പറഞ്ഞു ആറ് പേരും കൂടി കാന്റീനിലേക്ക് നടന്നു… “വന്ന സ്ഥിതിക്ക് എന്തെങ്കിലും ലൈറ്റായിട്ട് കഴിക്കാല്ലേ..”ഹർഷൻ ചോദിച്ചു… എല്ലാവരും കൂടി വാഷിങ് ഏരിയയിലേക്ക് പോയി…. ഫിദ ഏറ്റവും പുറകിലായിരുന്നു…. കൈകഴുകി തിരിഞ്ഞപ്പോഴേക്കും കൂട്ടുകാരൊക്കെ ഇരിപ്പിടത്തിലേക്കു പോയിരുന്നു… വാഷിങ് പ്ളേസിന്റെ കർട്ടൻ മാറ്റി പുറത്തേക്കിറങ്ങാൻ ആഞ്ഞതും ആരോ പിടിച്ചു വലിച്ചു അകത്തെ ചുവരിനോട് ചേർത്തു…

“ഫർദീൻ…. ” “അതേയ്…. എന്നെ ഓർത്തു കൊണ്ടാണെങ്കിലും ആദിയുടെ മുഖത്തേക്ക് നോക്കുന്ന നോട്ടമുണ്ടല്ലോ… അത് വേണ്ട… സഹിക്കണില്ല പെണ്ണേ….” അവൻ തലയിൽ നിന്നൂർന്ന അവളുടെ തട്ടം നേരെയിട്ടു കൊണ്ടു പറഞ്ഞു… “നീ എന്റെ മാത്രം മൊഞ്ചത്തി അല്ലേ…. ” ഫിദയുടെ നോട്ടം അവന്റെ കണ്ണുകളിലെ ആഴങ്ങളിലേക്കിറങ്ങി ചെന്നു…. ❣️ കാത്തിരിക്കുമല്ലോ…. ❣️ ©dk❣️Divya Kashyap

സുൽത്താൻ : ഭാഗം 3