Thursday, December 19, 2024
Novel

സുൽത്താൻ : ഭാഗം 29

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

രാവിലെ ഫിദയാണ് ആദ്യം ഉറക്കമുണർന്നത്… നോക്കിയപ്പോൾ ആദി ചരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്… ആ മുടിയിഴകളിൽ ഒന്ന് തലോടിക്കൊണ്ടവൾ അവന്റെ നെറ്റിയിൽ മൃദുവായി ചുണ്ടുകളമർത്തി… എന്നിട്ട് വേഗം അടുക്കളയിലേക്ക് ചെന്നു… ഉമ്മച്ചിയോടൊപ്പം കൂടി പ്രാതലും മറ്റും തയ്യാറാക്കി കുളിക്കുവാനായി മുകളിലേക്കു പോകാൻ തിരിഞ്ഞപ്പോൾ ആദി അവന്റെ ഫോണുമായി അവിടേക്കു വന്ന്‌ അത്‌ അവളുടെ നേരെ നീട്ടി… വൈശുവായിരുന്നു ഫോണിൽ… തേജു എത്തിയിട്ട് ഒരാഴ്ച ആയെന്നും അടുത്ത മാസം ആദ്യം കല്യാണമുണ്ടെന്നും അവൾ അറിയിച്ചു..

തനുവും ഫാമിലിയും ഓസ്ട്രേലിയയിൽ നിന്നും അടുത്താഴ്ച എത്തുമെന്നും അവൾ പറഞ്ഞു… തേജു പുറകെ വിളിച്ചോളും എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു… രണ്ടു ദിവസം കഴിഞ്ഞപ്പോൾ തേജുവും വിളിച്ചു.. കല്യാണ തിയതി ഫിക്സ് ചെയ്‌തെന്നും രണ്ടാളും രണ്ടു ദിവസം മുൻപേ എത്തണമെന്നും പറഞ്ഞ് അവൻ ആദിയെ കല്യാണം ക്ഷണിച്ചു…വയനാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണെന്നും വൈശുവും വീട്ടുകാരും വയനാട്ടിലേക്ക് വരുമെന്നും തേജു പറഞ്ഞു… എല്ലാവരും അടുത്തുണ്ടായിരുന്നത് കൊണ്ടു തന്നെ എല്ലാവരുമായി സംസാരിച്ചിട്ടാണ് തേജു വെച്ചത്…. ദിവസങ്ങൾ വീണ്ടും കടന്നു പോയി…

ഫിദയുടെ ആദിയുടെ മേലുള്ള കള്ളക്കളി തുടർന്ന് പോന്നു… ആദിയാകട്ടെ തന്റെ പെണ്ണിലുള്ള മാറ്റം ആസ്വദിക്കുകയായിരുന്നു… എന്നിരിക്കിലും അവൾ തന്നോടൊന്നും തുറന്നു സംസാരിക്കുന്നില്ലല്ലോ എന്നൊരു പരിഭവവും അവന്റെ ഉള്ളിലുണ്ടായിരുന്നു… സംസാരിക്കാൻ ചെല്ലുമ്പോഴൊക്കെ വിദഗ്ധമായി ഒഴിഞ്ഞുമാറി, അല്ലാത്ത നേരം പ്രണയം നിറച്ച കണ്ണുമായി തന്നെ തേടുന്ന തന്റെ പെണ്ണിനെ അവൻ മനസിലാക്കി വരികയായിരുന്നു…. തന്റെ മനസ്സിൽ താഴിട്ടു പൂട്ടി വെച്ചിരുന്ന ആ പ്രണയത്തിന്റെ അംശം അവൾക്കെങ്ങനെയോ പിടി കിട്ടിയെന്നു അവന് മനസിലായി തുടങ്ങിയിരുന്നു…. ………………….❣️

ആദി കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നീരുവിന്റെ ഫോൺ വന്നത്… ഫിദ റൂമിൽ തന്നെ നിൽപ്പുണ്ടായിരുന്നു…. ഫോൺ റിങ് ചെയ്യുന്നത് കേട്ടു അവൾ ചെന്ന് നോക്കിയപ്പോഴാണ് നീരുവാണെന്ന് കണ്ടത്… അവൾ വേഗം ഫോൺ എടുത്തു… “ആഹ്.. ഡാ ആദി… എപ്പോഴാ പോകേണ്ടത്…? ” “നീരു ഞാനാ… ഫിദ.. എവിടെ പോകുന്ന കാര്യമാ…? “അവൾ ചോദിച്ചു “വൈശൂന്റെ കല്യാണത്തിന്… വയനാട്ടിൽ…ഒന്നിച്ചു പോകാമെന്നു ആദി പറഞ്ഞിരുന്നു… ഞാനും പൂജയും ഉണ്ട്”..നീരജിന്റെ ഭാര്യയാണ് പൂജ… “അത്‌… നിങ്ങൾ പൊയ്ക്കോടാ.. ഞങ്ങൾ പുറകെയേ ഉള്ളൂ… വേറെ ഒന്ന് രണ്ടു സ്ഥലത്തു കൂടി കയറണം…

എന്റെ മമ്മീടെ വീട്ടിലൊക്കെ… ആ വഴി ഞങ്ങൾ വന്നോളാം… “ഫിദ എങ്ങും തൊടാതെ പറഞ്ഞു.. “എന്നിട്ട് ആദി ഇന്നലെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്… “നീരു സംശയത്തോടെ തിരക്കി.. “അത്‌… ഞങ്ങൾ അത് കഴിഞ്ഞാ തീരുമാനിച്ചേ.. ” “ഓഹ്… ശരി.. എന്നാൽ അവിടെ വെച്ച് കാണാം… അവനോട്‌ പറഞ്ഞേക്ക്.. “നീരു പറഞ്ഞതും ഫിദ ആശ്വാസത്തോടെ ഫോൺ വെച്ചു… ഫോൺ ഓഫ്‌ ചെയ്തു തിരിഞ്ഞു നോക്കുമ്പോൾ ബാത്ത് റൂമിൽ നിന്നിറങ്ങി തല തൂവർത്തി കൊണ്ടു സംശയത്തോടെ തന്നെ നോക്കി നിൽക്കുന്ന ആദിയെയാണ് അവൾ കണ്ടത്..

കള്ളം കണ്ടു പിടിക്കപ്പെട്ട പോലെ ഒരു മുഖ ഭാവം പെട്ടെന്ന് അവളിലേക്ക് വന്നെങ്കിലും പെട്ടെന്ന് തന്നെ മുഖം തിരിച്ചു താഴെക്കിറങ്ങി… ഫോണെടുത്ത് ആരുടെ കോൾ ആയിരുന്നു എന്ന് നോക്കിക്കൊണ്ട് ഡ്രെസ് ചെയ്തു ആദിയും താഴോട്ടിറങ്ങി… റിമോട്ടുമായി ടീവി സ്‌ക്രീനിലേക്ക് നോക്കിയിരിക്കുവാണെങ്കിലും സമീപത്തു കൂടി ഓരോന്നും ചെയ്തു നടക്കുന്ന ഫിദയുടെ കള്ള ലക്ഷണം അവൻ നോക്കി കാണുന്നുണ്ടായിരുന്നു… ആദിയുടെ നോട്ടം അറിഞ്ഞു ആ ചമ്മലിൽ ആയിരുന്നു ഫിദയും… ഈ കളി എവിടെവരെ പോകുമെന്ന് അറിയാനായി ആദി കാത്തിരിക്കുകയായിരുന്നു…

രാത്രി കിടക്കാനായി മുകളിൽ ചെല്ലുമ്പോൾ മേൽകഴുകി വന്ന്‌ മുഖത്തും കൈകളിലും ക്രീം ഇട്ടു കൊണ്ടു നിൽക്കുന്ന ഫിദുവിനെ അവൻ അൽപ നേരം നോക്കി നിന്നു… കണ്ണാടിയിൽ കൂടി അവന്റെ മുഖം കണ്ട ഫിദ തിരിഞ്ഞു അല്പം ജാള്യതയോടെ അവനെ നോക്കി.. “അതെന്താ രാവിലെ നീരുവിനോട് അങ്ങനെ പറഞ്ഞെ… “കൈ മാറിൽ പിണച്ചു കെട്ടി അടച്ചിട്ടിരുന്ന വാതിലിൽ ചാരി നിന്നു ആദി അങ്ങനെ ചോദിച്ചപ്പോൾ ഫിദ ഒന്ന് പരുങ്ങി “ആദി… ഞാനും വരുന്നുണ്ട്… കല്യാണത്തിന്.. ” “വന്നോ… അതിനു നീരുവിനോട് എന്തിനാ പുറകെ വരുന്നുള്ളു എന്ന് പറഞ്ഞത്.. ” “ആദി… നമുക്ക് ബസിൽ പോകാം… ”

“എന്തിനു… നീരുവിന്റെ കല്യാണത്തിന് പോയത് പോലെ ആലപ്പുഴ എത്തുമ്പോൾ ഇറങ്ങി പോകാനോ വരുന്നില്ലെന്നും പറഞ്ഞ്… ” അവന്റെ വാക്കുകൾ അവളിൽ നോവുണർത്തി… മിഴികൾ മെല്ലെ താഴ്ത്തി അല്പം പരിഭവം നിറച്ച് അവനെ നോക്കി അവൾ… “ഇനിയെങ്ങനെ ഉണ്ടാവില്ല… ” ആദിക്ക് ചിരി പൊട്ടിയെങ്കിലും അത് കാണിക്കാതെ അവൻ കിടക്കാനുള്ള ഒരുക്കം കൂട്ടി…

അവന്റെ മനസിലേക്ക് ഒരു തണുപ്പായി പത്ത് വർഷങ്ങൾക്കു മുൻപ് തന്റെ കൈകളിലേക്ക് കൈനീട്ടി വെച്ച് ബസിലേക്ക് ചാടി കയറി നെഞ്ചിൽ ചാരി നിന്ന ഒരു പതിനെട്ടുകാരിയുടെ മുഖം തെളിഞ്ഞു വന്നു… ആദി ഉറക്കം പിടിച്ചു കഴിഞ്ഞും നിദ്രാ ദേവി കാടക്ഷിക്കാതെ മിഴികൾ തുറന്നു കിടന്ന ഫിദയും ആ ബസ് യാത്രയുടെ ഓർമയിലായിരുന്നു… ആദ്യമായി വയനാട്ടിലേക്ക് പോയപ്പോൾ അവന്റെ നെഞ്ചിൽ താൻ കയറി പറ്റിയെങ്കിൽ ഈ വയനാടൻ യാത്രയോടെ പൂർണ്ണമായും അവന്റെ മാത്രമായി മാറണമെന്ന് അവൾ ആഗ്രഹിച്ചു…. …………………….❣️

കൊല്ലം ബസ് സ്റ്റാന്റ്റിൽ നിന്നൊരു പാലക്കാട് ലോഫ്ലോർ എ സി ബസിലേക്ക് ഫിദയുമായി ആദി കയറി… ആദ്യമായിട്ടുള്ള ഒന്നിച്ചുള്ള യാത്രയായിരുന്നു അത്‌… ഒരുപാട് സംസാരിച്ചു കൊണ്ടാണ് ഫിദ ഇരുന്നത്… ഇടക്കെപ്പോഴോ പുറത്തേക്കു നോക്കി അവൾ വെറുതെ ഇരിക്കുന്നത് കണ്ടു.. ആദി ഹെഡ്സെറ്റ് എടുത്തു തന്റെ ചെവിയിലേക്ക് തിരുകി സീറ്റിലേക്ക് ചാരിയിരുന്നു… തിരിഞ്ഞു നോക്കിയ ഫിദു അവന്റെ ഒരു ചെവിയിൽ നിന്നും അത്‌ ഊരി തന്റെ ചെവിയിലേക്ക് തിരുകി.. അതിൽ നിന്നും ഒഴുകി വന്ന ആ പ്രണയ മധുര സംഗീതത്തിൽ മുഴുകി ഇരുവരും ഇരുന്നു…. രാത്രിയോടെ അവർ വയനാട്ടിൽ എത്തിച്ചേർന്നു…

പിറ്റേദിവസം നീരുവും വൈഫും എത്തി.. എല്ലാവരെയും സൽക്കരിച്ചു കൊണ്ടു തനുവും ഭർത്താവും ഉണ്ടായിരുന്നു… വൈകുന്നേരത്തെ വിരുന്നു പരിപാടിയിൽ ആദിയുടെ കൈകളിൽ ചുറ്റി നടക്കുന്ന ഫിദു നീരജിനും തനുവിനും ഒരു കൗതുകമായി… പിറ്റേദിവസം രാവിലെ താലികെട്ടിനു ശേഷം സദ്യയും കഴിച്ചു തിരികെ പോരാനൊരുങ്ങിയ ആദിയെയും ഫിദയെയും തങ്ങളുടെ ഒപ്പം പോരാൻ നീരജ് ഒരുപാട് നിർബന്ധിച്ചെങ്കിലും ഫിദ സമ്മതിച്ചില്ല… ആദിയോടൊപ്പം തനിയെ തങ്ങളുടേത് മാത്രമായ ഒരു ലോകം.. അങ്ങനെയൊരു ഒരു യാത്ര അതവൾ ഒരുപാട് ആഗ്രഹിച്ചു…

തിരിച്ചു തണുപ്പിൽ പൊതിഞ്ഞ വയനാടൻ മലനിരകളിൽ നിന്നും ഇറക്കം ഇറങ്ങുമ്പോൾ നേരം വൈകുന്നേരമായിരുന്നു… വൃശ്ചികത്തിലെ കോടമഞ്ഞിൽ മുങ്ങിയ മലകളിൽ നിന്നുള്ള തണുപ്പ് അരിച്ചരിച്ച്‌ എല്ലുകളിലേക്ക് ആഴ്ന്നു തുടങ്ങിയപ്പോൾ അവൾ കൈരണ്ടും കൂട്ടി കെട്ടി ആദിയോട് ചേർന്നിരുന്നു…ആദി ബാഗ് തുറന്നു ജാക്കറ്റ് എടുത്തു അവൾക്കു നൽകി.. ഒരെണ്ണം അവനും ധരിച്ചു…. യാത്രാക്ഷീണം കാരണം സീറ്റിൽ ചാരിയിരുന്നു ഇരുവരും പെട്ടെന്ന് തന്നെ ഉറങ്ങി പോയി… ഇടക്കൊരു കുലുക്കത്തിൽ കണ്ണ് തുറന്ന ആദി തന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് ചാരിയിരുന്നു ഉറങ്ങുന്ന ഫിദയയാണ് കണ്ടത്…

പുറത്തെ കുളിര് ഹൃദയത്തിലേക്കും ഒഴുകിയിറങ്ങുന്നത് അവനറിഞ്ഞു… ഒരു കൈ കൊണ്ടു അവളെ ചുറ്റി പിടിച്ചു തന്നോട് ഒന്നു കൂടി ചേർക്കുമ്പോൾ പത്ത് വർഷമായി ഉള്ളിൽ കനലായി നീറിയിരുന്ന പ്രണയം ചില വർണ്ണഭേദങ്ങളിൽ ആളിപ്പടരുന്നത് അവന് അറിയുവാൻ കഴിയുന്നുണ്ടായിരുന്നു…. വെളുപ്പാൻ കാലത്ത് എപ്പോഴോ കൊല്ലത്ത് തങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഫിദ ആകെ ക്ഷീണിച്ചിരുന്നു… താനുമായി അസമയത്ത് റോഡിൽ നിൽക്കേണ്ടി വന്നതിന്റെ ഒരു എരിച്ചിൽ ആദിയുടെ മുഖത്ത് കണ്ട ഫിദുവിനു തന്റെ പ്രിയപ്പെട്ടവനോട് അഗാധമായ പ്രണയം തോന്നി…

പരിചയമുള്ള ഒരു ഓട്ടോ വന്നതിൽ ആശ്വാസത്തോടെ ഫിദയെ കയറ്റിയിരുത്തി ആദിയും കയറി… കയറിയപാടെ തന്റെ മടിയിലേക്ക് കിടന്ന ഫിദയെ ആദി അപ്പോഴും മൃദുവായി ചുറ്റിപ്പിടിച്ചു…. ഉമ്മച്ചിയെ ഫോൺ ചെയ്തിരുന്നത് കൊണ്ടു ആള് വാതിൽക്കൽ തന്നെയുണ്ടായിരുന്നു… ആദി കുളിക്കാനായി കയറിയപ്പോൾ ഫിദ ഫ്രിഡ്ജിൽ നിന്നും ദോശ മാവെടുത്ത് ദോശ ചുട്ടു.. കട്ടൻ കാപ്പിയും ഇട്ട്..ഇരുവർക്കും ഉള്ള ദോശ ഒരു പ്ളേറ്റിൽ തന്നെയെടുത്ത്… ദോശയുടെ മേലെ കുറച്ചു പഞ്ചസാരയും തൂളി അവൾ മുകളിലേക്ക് ചെല്ലുമ്പോഴും ആദി കുളിച്ചിറങ്ങിയിരുന്നില്ല…

ഡ്രസ്സ്‌ അഴിച്ചു മാറ്റി ബാത്റൂം ടവ്വൽ ഉടുത്തു അവൾ ഡോറിൽ കൊട്ടി.. ആദി മെല്ലെ തുറന്ന ബാത്റൂം ഡോറിന്റെ വിടവിലൂടെ അകത്തെ ലൈറ്റ് ഓഫാക്കി അവളും കയറി….. ഫിദുവാണ് ആദ്യം കുളിച്ചിറങ്ങിയത്… ആദി ഇറങ്ങുമ്പോഴേക്കും അവൾ ദോശ എടുത്തു വെച്ച് കാത്തിരിക്കുകയായിരുന്നു… അടുത്തേക്ക് വന്നിരുന്ന അവന്റെ മിഴികൾ നേരിടാനാവാതെ ഒരു ദോശ കഷ്ണം വായുടെ നേർക്കു നീട്ടി അവളിരുന്നു… രണ്ടു പേരും അതിൽ നിന്നു തന്നെ കഴിച്ചു… പ്ളേറ്റുമായി പുറത്തേക്കിറങ്ങാൻ തുടങ്ങിയ നേരം ഫിദുവിന്റെ കയ്യിലൊരു പിടുത്തം വീണു… ഞെട്ടലോടെ തിരിഞ്ഞു നോക്കും മുൻപ് വലിച്ചു നെഞ്ചിലേക്കിട്ടിരുന്നു അവൻ…

മിഴികൾ താഴ്ത്തി നിന്നിരുന്ന ആ മുഖം പിടിച്ചുയർത്തി ആദി ആ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു… “കഴിഞ്ഞ ഒരു മാസമായി ഞാനീ കാണുന്ന കാര്യങ്ങളൊക്കെ എന്തുവാ… “അവൻ ചോദിച്ചു… “നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ” എന്ന ഫിദയുടെ മറു ചോദ്യത്തിൽ ഉത്തരം പറയാനാവാതെ ആദി നിന്നു… “എന്നോട് നീയെന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ ആദി… “അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.. “മ്മ്… “ആദിയുടെ നേർത്ത സ്വരം അവളുടെ കാതിൽ പതിച്ചു… “എന്താ ഇനിയും മറച്ചു വെച്ചിരിക്കുന്നത് … ഇനിയെങ്കിലും പറ… “ഫിദ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ച് …

ചെവികൾ കൂർപ്പിച്ചു.. തന്റെ പ്രാണന്റെ നെഞ്ചിൻകൂടിനുള്ളിൽ നിന്നു വരുന്ന തന്നോടുള്ള പ്രണയം കേൾക്കാൻ… “ഈ നെഞ്ചിനുള്ളിൽ.. ഇവിടെ ഈ ഒത്തനടുക്ക് നീയുണ്ടായിരുന്നു ഫിദു… കഴിഞ്ഞ പത്തു വർഷമായി… എന്റെ പ്രണയമായി… പ്രാണനായി… ജീവനായി…”ഈ നാളത്രയും കണ്ണോളം എത്തിക്കാതെ നെഞ്ചിനുള്ളിൽ തിരുകി പൂട്ടി വെച്ചിരുന്ന അവന്റെ പ്രണയചൂടിന്റ വിങ്ങൽ തന്റെ പെണ്ണിന്റെ മുന്നിൽ നീർക്കണമായി ഇറ്റു വീണുപോയി… കവിളിൽ വീണ തന്റെ പ്രാണന്റെ മിഴിനീരി ന്റെ ചെറു ചൂടറിഞ്ഞതും ഫിദു ഞെട്ടിപ്പിടഞ്ഞു തലയുയർത്തി നോക്കി… “ആദി…” അവൾ അവന്റെ മുഖം താഴ്ത്തി മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ടു മൂടി..

“ഇനിയും വിഷമിക്കല്ലേടാ… ഞാനില്ലേ നിനക്ക്… ഇത്രയും അടുത്ത്… നിന്റെ ശ്വാസം ദേ.. എന്റെ കവിളിൽ അല്ലേ തട്ടി നിൽക്കുന്നത്… അത്രയും അടുത്തല്ലേടാ നമ്മൾ… “അവൾ വീണ്ടും അവന്റെ കവിളിൽ ചുണ്ടമർത്തി… അവനെ ചേർത്ത് പിടിച്ചു കൊണ്ടു അവൾ ബെഡിലേക്കിരുന്നു… അവന്റെ തല ചായ്ച്ചു തന്റെ മടിയിലേക്ക് കിടത്തി ആ മുടിയിഴകൾക്കിടയിലൂടെ മെല്ലെ വിരലോടിച്ചു കൊണ്ടിരുന്നു… കണ്ണടച്ച് തന്റെ അരയിലൂടെ കൈ ചുറ്റി പിടിച്ച് കിടക്കുന്ന ആദിയുടെ മുഖം തിരിച്ച് അവൾ ആ കവിളിൽ മൃദുവായി കടിച്ചു..

അവന്റെ മുഖം മെല്ലെയൊന്നു ചുളിഞ്ഞപ്പോൾ ആ അധരങ്ങളിലേക്ക് തന്റെ അധര ചൂട് ആഴ്ത്തി ഇറക്കിയവൾ… ഒരു കൈ കൊണ്ടു അവന്റെ താടിയിലൂടെ വിരലോടിച്ച് മറു കൈ അവന്റെ മുടികളിലും ആഴ്ത്തി മടിയിൽ കിടക്കുന്ന അവനെ തന്നെ നോക്കിയിരിക്കുമ്പോഴാണ് പുറകിലൊരു കാലൊച്ച കേട്ടത്… തിരിഞ്ഞു നോക്കിയപ്പോൾ ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു റിഹു അകത്തേക്ക് വരുന്നു … എന്തോ പറയാനാഞ്ഞ റിഹുവിനെ ചൂണ്ടു വിരൽ ചുണ്ടിൽ അമർത്തി “പതിയെ “എന്നാംഗ്യം കാണിച്ചു കൊണ്ടവൾ ആദിയെ നോക്കി…. അവൻ നിറമുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടി കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ… തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 28