Sunday, December 22, 2024
Novel

സുൽത്താൻ : ഭാഗം 23

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“സമ്മതമാണോ… “ഉമ്മച്ചിയുടെ ചോദ്യം ആദിയിൽ വല്ലാത്തൊരു പാരവശ്യം നിറച്ചു… “ഏയ്.. ആദീക്കക്ക് ഇപ്പൊ നിക്കാഹ് വേണ്ടുമ്മച്ചി… “ചിരിയോടെ പറഞ്ഞു കൊണ്ടു റിഹാൻ അവരുടെ അടുത്തേക്ക് വന്നു ഇരുന്നു… ആദി അവനെ കണ്ണ് മിഴിച്ചു കാണിച്ചു… “ഞാൻ വാപ്പിച്ചിയെ വിളിച്ചു പറഞ്ഞിട്ട് വരാം കാര്യങ്ങളൊക്കെ… മോൻകുട്ടൻ സമ്മതിക്കുവാണേൽ പറഞ്ഞാൽ മതിയല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു… “ആദിയുടെ മുഖത്തെ സന്തോഷവും ചൊടിയിലെ തെളിഞ്ഞ ചിരിയും അവന്റെ സമ്മതമായി ഉമ്മച്ചി കണ്ടു…

ഉമ്മച്ചി താഴെക്കിറങ്ങിയപ്പോൾ റിഹു ആദിയെ നോക്കി… ചൂണ്ടു വിരൽ മീശ മേൽ ഉഴിഞ്ഞു കൊണ്ടു കസേരയിൽ ചാരിയിരുന്നു വിദൂരതയിലേക്ക് നോക്കുകയാണ് ആള്… ….ആ മനസ്സിൽ ഇപ്പൊ എന്താകും…പടച്ചോനോട് നന്ദി പറയുക ആവുമോ… അതോ ഫിദചേച്ചിയെ പറ്റി ആലോചിക്കുക ആവുമോ… റിഹു ഓർത്തു… നിശബ്ദതയെ ഭേദിച്ചു കൊണ്ടു ആദിയുടെ ശബ്ദം അവന്റെ ചെവിയിൽ തടഞ്ഞു… “റിഹു… നീയൊന്നു നിദയെ വിളിക്കുമോ…” “എന്തിനാ ഇക്കാ… ” “ഒന്ന് ചോദിക്കുവോ ഫിദുവിന്റെ ഇഷ്ടത്തോടെ ആണോ ഈ പ്രൊപോസൽ എന്ന്… “??

“പിന്നല്ലാതെ… അവരുടെ ഡാഡി നമ്മളെ വിളിക്കുവോ… പിന്നെ ചോദിക്കണമെങ്കിൽ നാളെ കഴിഞ്ഞ് അങ്ങോട്ട് കാണാൻ പോകുന്നുണ്ട്… അപ്പൊ നേരിട്ട് ചോദിച്ചോ ഫിദ ചേച്ചിയോട്… “റിഹു ചിരിച്ചു… കണ്ണുകളിൽ വന്ന അമ്പരപ്പ് മായും മുൻപ് തന്നെ ആദി റിഹുവിനോട് പറഞ്ഞു.. “ഫർദീൻ ഞങ്ങളുടെ കൂടെ പഠിച്ചതാണെന്ന കാര്യം ഉമ്മച്ചിയോടും വാപ്പിച്ചിയോടും പറയണ്ട കേട്ടോ…ഒരു നിക്കാഹ് മുടങ്ങി പോയതാണെന്ന കാര്യം ഒരുപക്ഷെ ഡാഡി പറയുമായിരിക്കും… ” “ഉം.. “റിഹാൻ എന്തോ ആലോചനയോടെ മൂളി…

“ഇക്കാക്ക് ഇഷ്ടക്കേടൊന്നുമില്ലല്ലോ.. “റിഹു ഒന്നുമറിയാത്ത പോലെ ചോദിച്ചു… ആദിയുടെ മുഖത്ത് വിരിഞ്ഞ ചിരിയിൽ താൻ ഒരുപാട് സന്തോഷിക്കുന്നെന്നു റിഹാൻ തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്‌…. കൂടുതലൊന്നും ചിന്തിക്കാതെ നീരജിനോട് കാര്യങ്ങൾ പറയാൻ അവൻ താഴെക്കിറങ്ങി… …………………….❣️ ഒരു ദിവസം കഴിഞ്ഞു… ഡാഡി പറഞ്ഞത് പ്രകാരം അവരുടെ വീട്ടിലേക്കു പോകുകയാണ് ആദിയും റിഹുവും ഉമ്മച്ചിയും കൂടി… റിഹുവായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്..

അവൻ ഇടം കണ്ണി ട്ട് ഇക്കായെ ഒന്ന് നോക്കി… നല്ല സന്തോഷത്തിൽ ആണ് ആള് എന്ന് റിഹു മനസിലാക്കി… മുന്നോട്ടുള്ള യാത്രയിൽ പിന്നോട്ട് മറയുന്ന മായക്കാഴ്ചകളിൽ പോലും പുതിയ വർണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ആദി… കാലം തന്റെ മുന്നിൽ വിരിയിക്കാൻ ഒരുക്കി വെച്ചിരിക്കുന്ന പുതിയ മഴവില്ലിലെ ഏറ്റവും തെളിച്ചമുള്ള നിറത്തെ തേടി അവൻ… ഒരു വശത്തു മനം ആഹ്ലാദത്താൽ തുടി കൊട്ടി നിൽക്കുമ്പോഴും മറുവശത്തു ഫിദുവിന്റെ മനസ് എന്താണെന്ന് അറിയാനുള്ള ആശങ്കയും അവനിൽ വന്നു നിറഞ്ഞു…

ഒരു മുടി നാരിഴക്ക് പോലും തന്നിലെ പ്രണയത്തെ അവൾ അറിഞ്ഞിട്ടില്ല… എന്നും അവളുടെ ഉറ്റ കൂട്ടുകാരൻ മാത്രമായിരുന്നു താൻ… അങ്ങനെ കരുതുന്ന തന്നെ ഇങ്ങനെയൊരു സ്ഥാനത് അവൾക്കു കാണാൻ കഴിയുമോ എന്നൊരു ഉത്ക്കണ്o അവനെ ആസ്വസ്ഥനാക്കി… കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവർ ഫിദയുടെ വീട്ടിൽ എത്തി ചേർന്നു… എല്ലാവരും ചേർന്ന് ഒത്തിരി സന്തോഷത്തോടെയാണ് ആദിയെയും കുടുംബത്തെയും വരവേറ്റത്…. സുലുവാന്റിയും ഭർത്താവും ഫിദയുടെ മമ്മിയുടെ അടുത്ത ബന്ധുക്കളും ഒക്കെയു ണ്ടായിരുന്നു…

കുറച്ചു പേർക്കൊക്കെ ആദിയെ അറിയാമായിരുന്നു…ഫിദ വന്നു ഒന്ന് തല കാണിച്ചിട്ട് അകത്തേക്ക് പോയിരുന്നു… ചായ സൽക്കാരത്തിനു ശേഷം ഫിദയുടെ മമ്മിയും നിദയും കൂടി ആദിയെയും ഉമ്മച്ചിയേയും റിഹുവിനെയും കൂട്ടി ഫിദയുടെ റൂമിലേക്ക്‌ ചെന്നു… ഉമ്മച്ചി അവളോട്‌ സാധാരണ സംസാരിക്കുന്ന പോലെ എന്തൊക്കെയോ കളിതമാശകൾ പറഞ്ഞു… “ഇനി ഇവർക്കെന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിക്കട്ടെ.. നമുക്ക് മാറി കൊടുക്കാം… “റിഹുവിന്റെ പറച്ചിൽ കേട്ടു എല്ലാവരും ചിരിച്ചു…

സ്വീകരണമുറിയിലേക്ക് പോയ ഉമ്മച്ചിയുടെയും മമ്മിയുടെയും കണ്ണ് വെട്ടിച്ചു ഇടനാഴിയുടെ ഒരരികിൽ വെച്ച് റിഹു നിദയെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു… വെപ്രാളത്തോടെ തട്ടിപ്പിടഞ്ഞുമാറിയ അവളെ കുറേക്കൂടി തന്നോട് ചേർത്ത് പിടിച്ചവൻ പ്രണയത്തോടെ ആ കണ്ണിലേക്കു നോക്കി… ആ നോട്ടം നേരിടാനാവാതെ മിഴികൾ താഴ്ത്തിയ നിദയുടെ താടിത്തുമ്പു പിടിച്ചുയർത്തി വീണ്ടുമവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി… “ഇവരുടെ നിക്കാഹ് കഴിഞ്ഞ് ഞാൻ ഡാഡിയോട് വന്നു ചോദിക്കുന്നുണ്ട് കേട്ടോ ഈ കുറുമ്പിയെ എനിക്ക് തരുമോ എന്ന്… ”

അവൻ പറഞ്ഞത് കേട്ടു വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചു നിന്ന അവളുടെ നെറ്റിയിൽ ഒരു നനുത്ത ഉമ്മ നൽകി അവൻ… “ഡാഡി എതിർത്താൽ അപ്പൊ എടുത്തു കാറിൽ ഇട്ടോണ്ട് പോകുംട്ടോ… പറഞ്ഞില്ലെന്നു വേണ്ട… ഒരു ബാഗ് തയ്യാറാക്കി വെച്ചിരുന്നോ… സമയം കളയാനില്ല… “റിഹു ചിരിയോടെ പറഞ്ഞു.. അപ്പോഴും മിഴിച്ചു നോക്കി നിന്ന നിദയെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് അവൻ മുൻവശത്തേക്ക് പോയി… ആഗ്രഹിച്ച കാര്യം താൻ പോലും അറിയാതെ തന്റെ കൈപ്പിടിയിൽ കൊണ്ടു ഒരുക്കി വെച്ചിട്ടുപോയ കാലത്തെ നോക്കി മനസ്സറിഞ്ഞു ചിരിച്ചു നിദ…. ❣️

ഇതേ സമയം ഫിദയുടെ മുറിയിൽ രണ്ടു പേരും ഒന്നുമൊന്നും മിണ്ടാതെ നിൽക്കുകയായിരുന്നു… അവിടെ മേശപ്പുറത്തിരുന്ന ഫിദയുടെ ടെക്സ്റ്റ്‌ ബുക്കെടുത്തു മറിച്ചു നോക്കി കൊണ്ടു ആദിയും മറ്റേതോ ഓർമകളിൽ മുഴുകി ഫിദയും നിന്നു… ഒരിക്കലും റിഹുവിന്റെ ഡിമാന്റിനെ കുറിച്ച് നിദയും ആദിയും അറിയരുതെന്ന് ഡാഡി അല്ലാഹുവിനെ പ്രതി ഇടീച്ച സത്യത്തിൽ മുങ്ങി താണു നിൽക്കുകയായിരുന്നു ഫിദ… …അതെന്തായിരിക്കും റിഹു ഇത് നടന്നാൽ നിദയെ നിക്കാഹ് ചെയ്തോളാം എന്ന് പറഞ്ഞത്…

എത്ര ആലോചിച്ചിട്ടും ഫിദക്ക് അതിനൊരു മറുപടി കിട്ടിയില്ല…. എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു ആദിയെ നോക്കിയപ്പോൾ അവൻ തന്നെ തന്നെ നോക്കി നിൽക്കുന്നത് ആണവൾ കണ്ടത്… അവനെ നോക്കിയ ഫിദയെ നോക്കി ആദി മൃദുവായി പുഞ്ചിരിച്ചു… “ഫിദു.. എന്ന അവന്റെ വിളിയിൽ അവൾ ഒന്നുകൂടി മിഴികളുയർത്തി അവനെ നോക്കി… “ഇഷ്ടമായിട്ട് തന്നെയാണല്ലോ അല്ലേ ഇത്….”ആദിയുടെ ചോദ്യത്തിൽ അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു…പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു… “ഞാൻ കരുതി… ഡാഡി ഈ പ്രൊപോസൽ കൊണ്ടു വന്നപ്പോൾ നീ ‘നോ’ പറയുമായിരിക്കുമെന്ന്…

നിനക്ക് വേണ്ടെന്നു പറയാമായിരുന്നില്ലേ ആദി… “ഫിദയുടെ ചോദ്യം ആദിയെ അല്പം ക്ഷീണിതനാക്കി… “എന്താ ഫിദു…. നിനക്കിഷ്ടമല്ലേ… “? “നിനക്കിഷ്ടമാണോ… “ഫിദുവും തിരിച്ചു ചോദിച്ചു .. ആദിയുടെ മനസിലും കണ്ണിലും അവളെ കണ്ട അന്ന് മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ നിമിഷാർദ്ധം കൊണ്ടൊന്നു മിന്നിമറഞ്ഞു…. “ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിന് മറുപടി യായി എന്ത് പറഞ്ഞാലും തികയില്ല എന്നവന് തോന്നി… അറിയുന്നില്ലല്ലോ ഫിദു നീ എന്നെ… “ആ നെഞ്ച് പൊള്ളി… ഒരു ദീർഘനിശ്വാസം ഉതിർത്തു നിന്ന ആദിയെ നോക്കി അവൾ വീണ്ടും പറഞ്ഞു..

“നിനക്കറിയാവുന്നതായിരുന്നില്ലേ ആദി എന്റെയും ഫർദിയുടെയും ബന്ധം… അത്‌ ഏതറ്റം വരെ പോയിട്ടുണ്ടെന്നും അറിയാവുന്നതല്ലേ…കണ്ടിട്ടുള്ളതല്ലേ… എന്നിട്ടും… നീയിതിൽ നിന്നും പിന്തിരിയണം ആദി… എനിക്ക് പറ്റില്ല മറ്റൊരാളെ അവന്റെ സ്ഥാനത്… പ്രത്യേകിച്ചും അവനെയും എന്നെയും ഞങ്ങളുടെ ബന്ധത്തെയും അതിന്റെ അളവിനെയും ഒക്കെ ഏറ്റവും നല്ലത് പോലെ അറിയാവുന്ന ഒരാളെ… എനിക്ക് കഴിയില്ല സ്നേഹിക്കാൻ… നിന്നെയെന്നല്ല.. ആരെയും… എന്റെ വിവാഹ ജീവിതം പരിപൂർണ്ണ പരാജയമായിരിക്കും.. അവൻ… അവൻ എനിക്ക് എല്ലാമായിരുന്നു…”

പിന്നെയും എന്തോ പറയാൻ ആഞ്ഞ ഫിദയെ കൈകൾ ഉയർത്തി ആദി തടഞ്ഞു… “മതി…ശരിയാണ് നീ പറഞ്ഞത്… നിങ്ങളുടെ ബന്ധം എനിക്ക് അറിയാവുന്നത് പോലെ ആർക്കുമറിയില്ലായിരുന്നിരിക്കും… ഒരുപക്ഷെ അവൻ നിന്നെ തൊട്ടിട്ടുണ്ടാവാം… ചേർത്ത് പിടിച്ചിട്ടുണ്ടാവാം… ചിലപ്പോൾ… ചിലപ്പോൾ… ഉമ്മ വെച്ചിട്ടുണ്ടാവാം…. ആത്രേയല്ലേയുള്ളു… അതിനുമപ്പുറം ആ ബന്ധം വളർന്നിട്ടുണ്ടെങ്കിൽ നീയത് എന്നോട് പറയരുതേ ഫിദൂ… “ഊറി വന്ന കണ്ണുനീർ ഉരുണ്ടുകൂടി പുറത്തു കടക്കാതിരിക്കാനായി ആദി കണ്ണുകൾ ഇറുകെ അടച്ചു… കൈ മേശമേൽ ഇരുന്നു ഞെരിഞ്ഞമരുന്നുണ്ടായിരുന്നു….

“എനിക്ക് പറ്റില്ല ആദി… ആരും എന്നെ സഹിച്ചെന്നു വരില്ല… ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും ജീവിതത്തിൽ… “ഫിദയുടെ ശബ്ദം ചിലമ്പിച്ചു… “നിനക്ക് എങ്ങനെ വേണെങ്കിലും ബിഹേവ് ചെയ്യാം… പക്ഷെ ഒന്ന് ഞാൻ ഉറപ്പിച്ചു… നിന്നെ ഞാനേ നിക്കാഹ് ചെയ്യൂ…മറിച് ആവണമെങ്കിൽ നീ തന്നെ ഡാഡിയോട് പറയുക ഇതിനു താല്പര്യമില്ലെന്നു….എനിക്ക് പറ്റില്ല തന്റെ മകളുടെ രണ്ടാമത്തെ നിക്കാഹും മുടങ്ങി എന്നറിഞ്ഞു നിൽക്കുന്ന ആ മനുഷ്യന്റെ കണ്ണിലെ നനവ് കാണാൻ…”വിറയ്ക്കുന്ന കാൽപാദങ്ങളോടെ ആദി മുറിയിൽ നിന്നും ഇറങ്ങി… ……

“മറ്റൊരാളുടെ മുന്നിൽ അയാളുടെ ദേഷ്യത്തിനും വെറുപ്പിനും പാത്രമായി തീരാൻ നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് കഴിയില്ല ഫിദു …. ഞാനാണെങ്കിൽ എന്റെ ഫിദുവിനെ വെറുക്കില്ലല്ലൊ… എന്റെ ഫിദുവും നിന്നോടുള്ള സ്നേഹവും ഈ ഹൃദയത്തിൽ ഭദ്രമായിരിക്കും ഫിദു… എന്നെങ്കിലും നീയെന്നെ തിരിച്ചറിയും… അന്ന് വരെ നിന്റെ ആദി നിനക്ക് വേണ്ടി കാത്തിരിക്കാം ഫിദു.” ആ നെഞ്ചിലെ വിങ്ങലിൽ വന്നു കിടന്നു മൗനമാം വാക്കുകൾ വീർപ്പു മുട്ടി പിടഞ്ഞു….. ❣️

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 22