Saturday, January 18, 2025
Novel

സുൽത്താൻ : ഭാഗം 12

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ഫിദയുടെ വീട്ടിലേക്കു പോകാനായി ശനിയാഴ്ച രാവിലെ എല്ലാവരും കൂടി കോളേജിന് മുന്നിൽ കൂടാമെന്നായിരുന്നു പ്ലാൻ… തേജസും ഉണ്ടായിരുന്നു അവരുടെ ഒപ്പം… നീരജിന്റെ വീട്ടിൽ നിന്നു അത്യാവശ്യമായി ഒന്ന് ചെല്ലാൻ പറഞ്ഞത് കൊണ്ട് അവൻ നേരത്തെ തന്നെ പാലക്കാട്ടിലുള്ള വീട്ടിലേക്കു പോയിരുന്നു… അവൻ ഞായറാഴ്ച ഫിദയുടെ വീട്ടിൽ എത്തിക്കോളാം എന്ന് കൂട്ടുകാർക്ക് വാക്ക് കൊടുത്തിട്ടാണ് പോയത്….

എല്ലാവരും എത്തിയിട്ടും ആദി എത്തിയില്ല ..എല്ലാവരും അക്ഷമരായി നിൽക്കെ ഹർഷന്റെ ഫോണിലേക്കു ആദിയുടെ കോൾ വന്നു… നിങ്ങൾ പൊയ്ക്കോളൂ ഞാൻ നീരജിനൊപ്പം തന്നെ ഫിദയുടെ വീട്ടിലെത്തിക്കൊളാം എന്നു പറഞ്ഞു…. തനു ഫോൺ വാങ്ങി തിരിച്ചും മറിച്ചും കാര്യം ചോദിച്ചിട്ട് ആദി ഒന്നും വിട്ടു പറഞ്ഞില്ല… നല്ല സുഖമില്ല അത് കൊണ്ടാണ് എന്ന് മാത്രം പറഞ്ഞു വെച്ചു…. തനുവിനെന്തോ വിഷമം തോന്നി… അവൾക്കറിയാവുന്ന ആദി ഒരിക്കലും ഫിദുവിന്റേതായ ഒരു കാര്യത്തിന് വരാതിരിക്കില്ലായിരുന്നു….

അത്രയ്ക്ക് ഇഷ്ടമാണ് ഫിദുവിന്‌ ആദിയെയും ആദിക്ക് ഫിദയെയും… ചിലപ്പോഴെങ്കിലും തനിക്കതിൽ അല്പം അസൂയ തോന്നിയിട്ടുണ്ട് എന്നവൾ ഓർത്തു… അത്രയ്ക്ക് ബോണ്ട്‌ ആയിരുന്നു അവർ തമ്മിൽ… എങ്കിലും അവൻ ആലപ്പുഴക്ക് എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നോർത്തപ്പോൾ അവൾ ആ കാര്യം വിട്ടു…. അവർ യാത്ര പുറപ്പെട്ടു ആലപ്പുഴക്ക്… സുലുവാന്റിയുടെ വീട്ടിൽ അവർക്കു സ്റ്റേ ചെയ്യാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഫിദ ഒരുക്കിയിരുന്നു…. ………………………..ഞായറാഴ്ച….

ഗോൾഡൻ നിറത്തിലെ ലഹങ്കയിൽ ഫിദ അതി സുന്ദരിയായിരുന്നു…. കൂട്ടുകാരിൽ ആദ്യം എത്തി ചേർന്നത് നീരജ് ആയിരുന്നു… അതിനു ശേഷമാണ് സുലുവാന്റിയുടെ വീട്ടിൽ നിന്നു ബാക്കിയുള്ളവർ എത്തിയത്… കൂട്ടത്തിൽ ആദിയെ കാണാഞ്ഞ് നീരജ് ആദിയെവിടെ എന്ന് ചോദിച്ച സമയത്ത് തന്നെയാണ് തനുവും നീരജിനോട് ആദിയെവിടെ എന്ന് ചോദിച്ചത്… “ഡി… നിങ്ങളുടെ കൂടെ അവൻ വന്നില്ലേ…? ”

“ഇല്ലെടാ… ഇവിടെ എത്തിക്കോളാം എന്നാ പറഞ്ഞെ… നീ വിളിച്ചില്ലേ അവനെ… “? “നമുക്ക് വെയ്റ്റ് ചെയ്യാടി… അവൻ വരുമായിരിക്കും…. ” വൈശുവും തേജസും അവരുടെ ലോകത്തായിരുന്നു… എല്ലാവരും അവരുടെ പ്രണയം അറിഞ്ഞത് കൊണ്ട് തന്നെ അവർക്ക് സ്വാതന്ത്ര്യം കുറച്ചു കൂടുതൽ കിട്ടി… ഫർദീനും വീട്ടുകാരും എത്തിയിട്ടും ആദിയെ കാണാഞ്ഞു ഫിദ അവരുടെ അരികിൽ നിന്നു കൂട്ടുകാരുടെ അടുത്തെത്തി… “ഡാ.. നീരജ്… ആദിയെ വിളിക്ക്.. എവിടെ എത്തീന്ന് ചോദിക്ക്…

അവന് എന്റെ ഒരു കാര്യത്തിന് ഒന്ന് നേരത്തെ ഇറങ്ങാൻ പോലും പറ്റില്ലേ… “അവൾ കൃത്രിമദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു… നീരജ് പല തവണ ഫോണിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവനെ കിട്ടിയില്ല സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയിൽ നീരജ് നിരാശയോടെ ഫോൺ പോക്കറ്റിലേക്കിട്ടു… ചടങ്ങുകൾ ഒക്കെ ഭംഗിയായി കഴിഞ്ഞു… ഫർദീന്റെ ഉമ്മ ഫിദയുടെ കയ്യിൽ വളയിട്ട് കൊടുത്തു അവളെ അവരുടെ പെണ്ണാക്കി…

അടുത്താഴ്ച ഫർദീൻ ലണ്ടനിലേക്ക് പോകുന്നത് കൊണ്ട് രണ്ടു പേരും കൂടി പോയി കുറച്ചു സംസാരിച്ചോളൂ എന്ന് മുതിർന്നവർ പറഞ്ഞപ്പോൾ അവർ രണ്ടും പേരും കൂടി കൂട്ടുകാരുടെ ഒപ്പം കൂടി… എല്ലാവരും കൂടി മുകൾ നിലയിൽ പോയി തകർത്തു…. ആ ബഹളത്തിനിടയിലും നീരജ് ഇടയ്ക്കിടെ ആദിയെ വിളിച്ചു നോക്കുന്നുണ്ടായിരുന്നു….. അപ്പോൾ ഹോസ്റ്റലിലെ തന്റെ റൂമിൽ ഹൃദയം പൊള്ളിയടർന്ന് കിടക്കുകയായിരുന്നു ആദി…

എങ്ങനെയെങ്കിലും ഈ സമയം ഒന്ന് കഴിഞ്ഞു കിട്ടാൻ നോക്കി നോക്കി കിടക്കുകയായിരുന്നു അവൻ …തന്റെ ഫിദു ഇന്നുമുതൽ ഫർദീനു സ്വന്തം…. അവൾ സന്തോഷിക്കുകയാവും…. സന്തോഷിക്കട്ടെ… അവളുടെ സന്തോഷം മതി തനിക്ക്… അവൻ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചിരുന്ന തന്റെ ഫോൺ ഓണാക്കി… ഗാലറിയിൽ നിന്നു തങ്ങൾ എല്ലാവരും കൂടിയുള്ള കുറെ ഫോട്ടോസിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്തു….

അവന് ഏറ്റവും പ്രിയപ്പെട്ട ഒന്ന്…. എല്ലാവരുമുണ്ട് ആ ഫോട്ടോയിൽ ഹർഷനൊഴിച്ചു… ഹർഷൻ ആണ് ആ ഫോട്ടോ എടുത്തത്… നീരജിന്റെ ഏതോ കോമഡി കേട്ടു എല്ലാവരും ചിരിക്കുന്ന ഒരു ഫോട്ടോ… ആ ഫോട്ടോയിൽ ഫിദ ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു വെച്ചിരിക്കുകയാണ്.. താൻ മുഖം ചരിച്ചു വെച്ചു ചിരിച്ചു കൊണ്ട് അവളെ നോക്കുന്നുണ്ട്… ആദിയുടെ ഇരു ചെന്നിയെയും പൊള്ളിച്ചു കൊണ്ട് കണ്ണുനീർ കിനിഞ്ഞൊഴുകി…

ഡയറി താളുകളിൽ നെഞ്ചിലെ വിങ്ങലുകൾ അക്ഷരങ്ങളായി കോറിയിടുമ്പോഴും കയ്യിലെ വിറയലും നെഞ്ചിലെ പൊള്ളലും അല്പം പോലും ശമിക്കുന്നുണ്ടായിരുന്നില്ല…. വെറുതെ.. വെറുതെ അവനൊന്നു പഴയ താളുകളിലേക്ക് കണ്ണുകൾ പായിച്ചു… അവളെ ആദ്യമായി കണ്ട അന്ന് പെൻസിൽ കൊണ്ട് വരച്ചിട്ട ചിത്രം…. ചെറുപ്പം മുതലേ നന്നായി വരക്കുമായിരുന്നു.. ആ വാസന അറിഞ്ഞു ഉമ്മച്ചി ഡ്രോയിങ് പഠിക്കാൻ വിട്ടിരുന്നു…

അന്നത് വരച്ചിട്ടപ്പോൾ ഉമ്മച്ചിയോട് മനസ് കൊണ്ട് നന്ദി പറഞ്ഞിരുന്നു…. അവളുടെ പടം വരക്കാൻ ഒന്നും വേണ്ടി വന്നില്ല…. അത്ര മേൽ ആ മുഖം ഒറ്റ നോട്ടത്തിൽ തന്നെ ഈ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു… അതിനു താഴെയായി ‘എന്റെ മൊഞ്ചത്തി’എന്ന് കോറിയിട്ടിരുന്നു അവൻ … പിന്നീടുള്ള ദിവസങ്ങളിലും ഓരോരോ വിചാരങ്ങൾ ഡയറി താളിൽ കുറിച്ചിട്ടു…. എന്നെങ്കിലും എന്റെ മുന്നിൽ കാണിച്ചു തരണേ പടച്ചോനെ എന്ന് പടച്ചോനോട് ഉള്ളുരുകി പ്രാർത്ഥിച്ചതിന്റെ പിറ്റേദിവസമാണ് കോളേജിൽ..

അതും തന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത്… ക്ലാസ്സിലേക്കല്ല…. മറിച്ചു തന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ വെൺപട്ടു വിരിച്ചു കുടിയേറാനാണ് അവൾ എത്തിയത്… അന്നത്തെ സന്തോഷം.. അതിനു അതിരില്ലായിരുന്നു…. അത്ര മേൽ ഹൃദയം തുള്ളിച്ചാടുകയായിരുന്നു…. പിന്നീടുള്ള ദിവസങ്ങളിൽ ഇവിടെ അവൾ തന്റെ ഏറ്റവും പ്രിയപ്പെട്ടവളായി മാറി… ഡയറി താളിൽ കുത്തിക്കുറിച്ച് വെച്ചിരുന്ന അക്ഷരങ്ങളിലേക്ക്… വരികളിലേക്ക്…

ആദിയുടെ കണ്ണീർ ഇറ്റുവീണു…. എന്തൊക്കെയോ എഴുതാനായി തുനിഞ്ഞെങ്കിലും കഴിഞ്ഞില്ല…. അക്ഷരങ്ങളും അവന്റെ സങ്കടത്തിൽ പങ്കുചേർന്നു എന്ന പോലെ വേറേതോ രൂപഭാവങ്ങൾ ഉൾക്കൊണ്ടു മാറി നിന്നു… ഡയറി അടച്ചു വെച്ചു ആദി മൊബൈലിലെ ആ ഫോട്ടോയിലേക്ക് നോക്കി…കൈ കൊണ്ട് വെറുതെ ആ മുഖത്ത് ഒന്ന് തലോടി കൊണ്ട് അവൻ ചോദിച്ചു…. “എന്നാലും ഫിദു… ഒരിക്കൽ പോലും നീ എന്റെ ഈ കണ്ണുകളിൽ നിന്നോടുള്ള ഇഷ്ടവും പ്രണയവും ഒന്നും കണ്ടിട്ടില്ലേ…

എന്താടി നീയിത് കാണാതെ പോയത്… ഞാൻ പറഞ്ഞിട്ട് വേണമായിരുന്നോ ഈ കണ്ണു തിളങ്ങുന്നത് നിനക്ക് വേണ്ടിയായിരുന്നു എന്നത് നിനക്ക് മനസിലാക്കാൻ… ഈ ഹൃദയത്തിന്റെ മിടിപ്പ് നിനക്കായുള്ളതായിരുന്നു എന്ന് മനസിലാക്കാൻ… എന്റെ ശ്വാസം… എന്റെ നിശ്വാസം… എല്ലാം… എല്ലാം… നിനക്ക് വേണ്ടിയായിരുന്നില്ലേ ഫിദു…. വർധിച്ച വികാര വിക്ഷോഭത്തോടെ ആദി ആ ഫോട്ടോയിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് മൊബൈലുമായി ബെഡിലേക്ക് വീണു…. ആ സമയം തന്നെ അത്‌ റിങ് ചെയ്തു…

അതും ആ മുഖം…. ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുഖം…. അവന് ആ കോൾ എടുക്കാൻ കഴിഞ്ഞില്ല… വെറുതെ ആ മുഖത്തേക്ക് നോക്കിയിരുന്നു… കുറെ റിങ് ചെയ്തതിനു ശേഷം അത്‌ നിന്നു.. എപ്പോഴോ കണ്ണുകൾ മാടി പോകുന്നത് അവനറിഞ്ഞു… ഇന്നലത്തെ ദിവസം അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല…. ഉറക്കം കനം വെച്ച കൺപോളകൾ അവൻ മെല്ലെ അടച്ചു… അപ്പോഴും നെഞ്ചിൽ അവന്റെ തോളിലേക്ക് ചിരിയോടെ ചാഞ്ഞിരിക്കുന്ന അവളുടെ ഫോട്ടോയുള്ള ഫോൺ അവൻ മുറുകെ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു…. ………………………………❣️

ഉച്ചതിരിഞ്ഞു ഫർദീനും വീട്ടുകാരും പോകാനിറങ്ങി…. കൂട്ടുകാർ അപ്പോഴും മുകളിലായിരുന്നു…. “ഡാ.. ഞാൻ ഇടക്ക് അവനെ വിളിച്ചു നോക്കിയാരുന്നു… ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു… പക്ഷെ എടുത്തില്ലല്ലോ…. എന്താവും അവൻ വരാതിരുന്നത്… “ഫിദ സംശയത്തോടെ നീരജിനെ നോക്കി…. “ദേ അവർ പോകാനിറങ്ങുന്നു.. നീ അങ്ങോട്ട് ചെല്ല്… വന്നിട്ട് നമുക്ക് വിളിക്കാം… “നീരജ് പറഞ്ഞു “ഉം…. “ഫിദ താഴെക്കിറങ്ങാനായി മുറി വിട്ടു അടുത്ത മുറിയുടെ മുന്നിലെത്തിയതും അകത്തു നിന്നും രണ്ടു കൈകൾ അവളെ പിടിച്ചു വലിച്ചു അകത്തേക്കിട്ടു…

ഫർദീന്റെ കൈക്കുള്ളിൽ അവൾ ഞെരുങ്ങി നിന്നു… “ഡി… ബീവി…ഇനി കുറച്ചു നേരം നീ എന്നെ സ്നേഹിച്ചിട്ട് പോയാൽ മതി…” അവൻ അവളെ ഇറുകെ പുണർന്നു… “എന്നെയല്ല… നിന്നെയാ താഴെ വിളിക്കുന്നെ.. വേഗം ചെല്ലാൻ നോക്ക്… “ഫിദ അവനെ നോക്കി ചിരിയോടെ പറഞ്ഞു… “അതൊക്കെ പൊയ്ക്കോളാം… എനിക്ക് തരേണ്ടതൊക്കെ തന്നോ.. എന്നിട്ട് പോകാം.. രണ്ടുവർഷം കഴിഞ്ഞേ ഇനി കാണൂ… രണ്ടു വർഷത്തേക്കുള്ളത് ഇപ്പൊ ഒരുമിച്ചു വേണം വേഗം താ… “അവൻ കുസൃതി കണ്ണുകളോടെ അവളുടെ മുഖത്തിന്‌ നേരെ മുഖവുമായി വന്നു…

ഫിദ അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു… പിന്നീട് മുഖം ഇരുവശങ്ങളിലേക്കും ചരിച്ചു ഇരുകവിളുകളിലും അവളുടെ അധരങ്ങൾ ചേർത്തു…. “മതി.. ഇനി മോൻ സ്റ്റാൻഡ് വിട്ടോ… ബാക്കിയൊക്കെ നിക്കാഹ് കഴിഞ്ഞിട്ട്… അതുവരെ നോ ബോഡി ടച്ചിങ്‌ ഓക്കെ.. “അവൾ അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി “അയ്യടാ… അത്‌ നീ വേറെ വല്ലവന്മാരോടും പോയി പറഞ്ഞാൽ മതി…

ഫർദീന്റെ അടുത്ത് നടക്കില്ല മോളെ… ” ഫർദീൻ അവളെ ഒന്നുകൂടി തന്നോട് ചേർത്തു… അവന്റെ അധരങ്ങൾ തന്റെതിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടു ഫിദ അവനെ തള്ളി മാറ്റി… “ഫർദീ… വേണ്ട… ” പെട്ടെന്നാണ് താഴെ നിന്നും ഫിദാ എന്നുള്ള വിളി കേട്ടത്… ഫിദ വേഗം അവന്റെ കൈകളിൽ നിന്നും പുറത്തു ചാടി… “ഡീ… “ഫർദീന്റെ പിൻവിളി കേട്ടുവെങ്കിലും അവൾ അവനോടു താഴേക്ക് വാ എന്നു ആംഗ്യം കാണിച്ചുകൊണ്ട് താഴെക്കിറങ്ങി…. ………❣️

എല്ലാവരും പോയി കഴിഞ്ഞു ഫിദ വീണ്ടും ആദിയെ വിളിച്ചു ….. നല്ല ഉറക്കത്തിലായിരുന്നു ആദി.. നെഞ്ചിലിരുന്ന മൊബൈലിലെ വൈബ്രേഷൻ അവനെ ഉണർത്തി… പെട്ടെന്ന് തന്നെ കോൾ ബട്ടൺ അമർത്തിയ അവന്റെ കാതിലേക്കു പതിഞ്ഞ ആ വിളി വന്നു…. “ആദി…….. ” കാത്തിരിക്കുമല്ലോ….. ❣️ dk💕©Divya Kashyap

സുൽത്താൻ : ഭാഗം 11