സ്ത്രീധനം : ഭാഗം 4
എഴുത്തുകാരി: സജി തൈപ്പറമ്പ്
രാധികേ .. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് നീയിത് വരെ മെൻസസായില്ലല്ലോ? നമുക്കൊന്ന് ടെസ്റ്റ് ചെയ്താലോ , നമ്മൾ അച്ഛനും അമ്മയുമായോന്നറിയാലോ? രാത്രിയിൽ ബെഡ് റൂമിൽ വച്ച് സംസാരത്തിനിടയിൽ വന്ന, നീരജിൻ്റെ ചോദ്യത്തിൽ രാധിക നടുങ്ങിപ്പോയി. ഹേയ്, അങ്ങനെ ഞാൻ ഗർഭിണിയായെങ്കിൽ എനിക്കതിൻ്റെ ലക്ഷണങ്ങളും കണ്ടേനെ ,സിനിമയിലൊക്കെ കണ്ടിട്ടില്ലേ? തല ചുറ്റി വീഴുന്നതും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ,ഓക്കാനം വരുന്നതുമൊക്കെ , ഇതിപ്പോൾ രണ്ട് മാസമല്ലേ ആയുള്ളുഏട്ടാ ..,
സാധാരണ എനിക്കിങ്ങനാ, താമസിക്കാറുണ്ട്, ചിലപ്പോൾ മാസങ്ങളോളം എനിക്ക് പിരീഡ്സുണ്ടാവാറില്ല ഉള്ളിലെ ഭീതി, മുഖത്ത് കാണിക്കാതെ, രാധിക ഒരു വിധം പറഞ്ഞൊപ്പിച്ചു . ശ്ശൊ ! വെറുതെ ആശിച്ചു ,സാരമില്ല കുറച്ച്താമസിച്ചിട്ടാണെങ്കിലും നമുക്കൊരു വാവയെ കിട്ടുമല്ലോ ? അതിരിക്കട്ടെ, നിനക്ക് ആണ് വാവയെ ആണോ ,പെണ്ണ് വാവയെ ആണോ ആദ്യം വേണ്ടത് നീരജ്, വിടാൻ ഭാവമില്ലെന്ന് മനസ്സിലാക്കിയ രാധിക, പെട്ടെന്ന് കട്ടിലിൽ കയറി കിടന്നു. അതേ.. ആൺകുട്ടിയെ വേണോ പെൺകുട്ടിയെ വേണോ എന്ന് പുലരുവോളം ചർച്ച ചെയ്തോണ്ടിരുന്നാൽ ,വെറുതെ കറണ്ട് ചാർജ്ജ് കൂടത്തെയുള്ളു,
ആ ലൈറ്റ് ഓഫ് ചെയ്തിട്ട് ഇവിടെ വന്ന് കിടക്കാൻ നോക്ക് അത് നീ പറഞ്ഞത് ന്യായം നീരജ് മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് അവളുടെയരികിലേക്ക് വന്നു . ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു ഇതിനിടയിൽ നിരുപമയ്ക്ക് കൊടുക്കാമെന്നേറ്റ പത്ത് ലക്ഷം രൂപ ഭവാനിയമ്മ, രാധികയുടെ സ്വർണം വിറ്റ് കൊടുത്തു. കാശ് വാങ്ങാൻ വന്ന മനോജിനോട്, വീടും പറമ്പും നിരുപമയുടെ പേരിൽ തന്നെ എഴുതണമെന്ന്, ഭവാനിയമ്മ തീർത്ത് പറഞ്ഞു അമ്മായിയമ്മയുടെ സ്വഭാവമറിയാവുന്നത് കൊണ്ടും, അവർ ഔദാര്യമായി തരുന്ന പൈസയായത് കൊണ്ടും, മനോജ് അക്ഷരംപ്രതി അനുസരിച്ചു.
വീടും പറമ്പും സ്വന്തം പേരിലേക്കായപ്പോൾ, മനോജിൻ്റെ അനുജനോടൊപ്പം ,അയാളുടെ അമ്മയെയും പറഞ്ഞ് വിട്ട നിരുപമ, വീട് വാടകയ്ക്ക് കൊടുത്തിട്ടാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് വന്നത് . നിരുപമ കൂടി സ്ഥിരമായി നില്ക്കാൻ വന്നപ്പോൾ, രാധിക ആ വീട്ടിൽ തികച്ചും ഒറ്റപ്പെട്ടു. മുൻപ്, അനുപമ ഇടയ്ക്ക് വിശേഷങ്ങളുമായി വന്നിരുന്നെങ്കിലും, നിരുപമ വന്നതോടെ ,ഭവാനിയമ്മയും പെൺമക്കളും ഒറ്റക്കെട്ടായി. അനുപമ പഠിക്കാനും, നിരുപമ പൂർണ്ണ വിശ്രമത്തിലേക്കും മാറിക്കഴിഞ്ഞപ്പോൾ, വീട്ട് ജോലികൾ മുഴുവൻ ,രാധികയുടെ ഉത്തരവാദിത്വമായി മാറി.
നീ കുറച്ച് ദിവസം സ്വന്തം വീട്ടിൽ പോയി നില്ക്ക്, അല്ലാതെ ഇവിടെ നിന്നാൽ, അമ്മ നിനക്ക് റസ്റ്റൊന്നും തരില്ല രാധിക ഒരിക്കൽ പരാതി പറഞ്ഞപ്പോൾ, നീരജ് ഒരു സലൂഷൻ പറഞ്ഞ് കൊടുത്തു. പിറ്റേന്ന്, അടുക്കളയിൽ വച്ച് രാധിക ഭവാനിയമ്മയോട് അതിനെക്കുറിച്ച് സൂചിപ്പിച്ചു . അതെന്തിനാ ഇപ്പോൾ അങ്ങോട്ട് ഓടിപ്പോകുന്നത്, കഴിഞ്ഞ മാസമല്ലേ നീ വീട്ടിൽ പോയിട്ട് വന്നത് അതമ്മേ … അന്ന് രാവിലെ പോയിട്ട് വൈകുന്നേരം ഞങ്ങൾ തിരിച്ച് വന്നില്ലേ? ഇത് ഞാൻ, കുറച്ച് ദിവസം അമ്മയോടൊപ്പം നില്ക്കാൻ വേണ്ടിയായിരുന്നു ങ്ഹാ .. അത് കൊള്ളാമല്ലോ ? നീ പോയി കഴിഞ്ഞാൽ പിന്നെ, ഇവിടുത്തെ ജോലിയൊക്കെ ആര് ചെയ്യും, ഗർഭിണിയായിട്ട് വന്ന് നില്ക്കുന്ന നിരുപമയെ കൊണ്ട് ചെയ്യിക്കാൻ പറ്റുമോ ?
പഠിക്കാൻ പോകുന്ന അനുപമയോട് പറയാൻ പറ്റുമോ ,എനിക്കീ പ്രായത്തിൽ കിടന്ന് കഷ്ടപ്പെടാനൊന്നും വയ്യ, എന്തായാലും നിരുപമയുടെ പ്രസവമൊന്ന് കഴിഞ്ഞോട്ടെ, അപ്പോൾ പോകാം ഇനിയവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ രാധികയ്ക്ക്, വല്ലാത്ത സങ്കടം തോന്നി ,അവരുടെ എതിർപ്പിനെ മറികടന്ന് തനിക്കിറങ്ങി പോകാനും കഴിയില്ലല്ലോ ? തൻ്റെയീ ജീവിതം അവർ തനിക്ക് തന്ന ഔദാര്യമല്ലേ? ഒന്നും വേണ്ടിയിരുന്നില്ല, വിധി ക്യാൻസറിൻ്റെ രൂപത്തിൽ തൻ്റെ ഗർഭപാത്രത്തെ ഇല്ലാതാക്കിയപ്പോൾ, അതോടെ ജീവിതം തീർന്നെന്ന് കരുതി ആഗ്രഹങ്ങളെ വേദനയോടെ ഉള്ളിലൊതുക്കി ജീവിച്ചിരുന്ന താൻ,
അച്ഛൻ്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ്, ഈയൊരു ബന്ധത്തിന് തയ്യാറായത്, തൻ്റെ കുറവിനെക്കുറിച്ച് വിവാഹം കഴിക്കാൻ പോകുന്ന പുരുഷനും അറിയണമെന്ന്, തന്നെ പോലെ അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു, പക്ഷേ, അതറിഞ്ഞാൽ മകൻ സമ്മതിക്കില്ലെന്നുറപ്പുണ്ടായിരുന്ന ഭവാനിയമ്മ, കിട്ടാൻ പോകുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടരുതെന്ന് കരുതി, ആ രഹസ്യം നീരജിൽ നിന്ന് തങ്ങളറിയാതെ മനപ്പൂർവ്വം മറച്ച് വയ്ക്കുകയായിരുന്നു, ഒടുവിൽ വിവാഹം കഴിഞ്ഞ് നീരജിൻ്റെ വീട്ടിലെത്തിയ തന്നെ ,സ്നേഹം നടിച്ച് അകത്ത് കൊണ്ട് പോയിട്ടാണ് ,
നീരജ് ഒന്നുമറിഞ്ഞിട്ടില്ലെന്നും, ഇനി വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അവനോടൊന്നും പറയേണ്ടെന്നും പറഞ്ഞ് ,നീരജിനോട് പറയേണ്ട കളവ് ,ഭവാനിയമ്മ തൻ്റെ ചെവിയിൽ ഓതിതന്നത് ,ആ സമയത്ത് തനിക്കതിനെ എതിർക്കാൻ തോന്നിയില്ല, കാരണം, പ്രസവിക്കില്ലെങ്കിലും, ഒരു പുരുഷനോടൊത്തുള്ള വിവാഹ ജീവിതം, താനും ഒരുപാടാഗ്രഹിച്ചിരുന്നു പാവം നീരജിനെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ്, താനിപ്പോൾ അനുഭവിക്കുന്നതെന്ന് രാധികയ്ക്ക് തോന്നി. കുറ്റബോധം അവളെ വല്ലാതെ വേട്ടയാടി . ഇങ്ങനെ നീറി നീറി ജീവിക്കുന്നതിനെക്കാൾ, നീരജിനോട് സത്യം തുറന്ന് പറഞ്ഞിട്ട്, എല്ലാം ഇട്ടെറിഞ്ഞ് അമ്മയുടെയും ,
അച്ഛൻ്റെയുമൊപ്പം പോയി താമസിക്കുന്നതാണ് നല്ലതെന്ന് ,രാധികയ്ക്ക് തോന്നി. വൈകുന്നേരം നീരജ് വരുമ്പോൾ, എല്ലാം തുറന്ന് പറയാൻ, തൻ്റെ മനസ്സിനെ പാകപ്പെടുത്തിയിട്ട്, രാധിക കാത്തിരുന്നു. നിറഞ്ഞ ചിരിയുമായാണ് നീരജ് അന്ന് വീട്ടിലേക്ക് വന്നത്. രാധികേ നീയറിഞ്ഞോ? പറയാതെങ്ങനാ അറിയുക? രാധിക നിസ്സംഗതയോടെ പറഞ്ഞു. എടീ.. എനിക്ക് പ്രൊമോഷനായി, ഇനി ഫീൽഡിൽ വെയില് കൊണ്ട് അലഞ്ഞ് തിരിയണ്ടാ, ഒരു ഫാനിൻ്റെ അടിയിലിരുന്ന് ഓഫീസറേ പോലെ ഞാനും ജോലി ചെയ്താൽ മതി . ആണോ? ഒരു സന്തോഷവാർത്ത കേട്ടിട്ടും നിൻ്റെ മുഖത്തെത്താ ഒരു തെളിച്ചമില്ലാത്തത്?
ഹേയ് ഒന്നുമില്ല, ഞാൻ പോയി ചായ എടുത്തിട്ട് വരാം നീരജിൻ്റെ മുഖത്ത് നോക്കാൻ കെല്പില്ലാതെ രാധിക അടുക്കളയിലേക്ക് നടന്നു. ഈശ്വരാ … സന്തോഷം കൊണ്ട് മതിമറന്ന് നില്ക്കുന്ന ആ മനുഷ്യനോട്, ഇത്രയും നാള് താൻ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം, എങ്ങനെ മുഖത്തടിച്ച് പറയും രാധികയുടെ മനസ്സ് ,ഒരു ഉറച്ച തീരുമാനത്തിലെത്താൻ കഴിയാതെ നീറിപ്പുകഞ്ഞു. അല്ലാ, എനിക്ക് മനസ്സിലായി പ്രമോഷനായിട്ടും, നിനക്കൊന്നും വാങ്ങിച്ചോണ്ട് വരാത്തതിലുള്ള പിണക്കമല്ലേ, ഈ കാണിക്കുന്നത്, എങ്കിൽ നീയൊന്ന് കണ്ണടച്ചെ രാധിക കൊണ്ട് വന്ന ചായ ഗ്ളാസ്സ് വാങ്ങി മേശപ്പുറത്ത് വച്ചിട്ട്, നീരജ് അവളോട് പറഞ്ഞു.
നീരജ് പറഞ്ഞത് കേട്ട് യാന്ത്രികമായവൾ കണ്ണടച്ച് നിന്നപ്പോൾ ,അവൻ്റെ കൈകൾ തന്നെ ചേർത്ത് പിടിക്കുന്നതും നെറ്റിയിൽ ചുടുചുംബനം നല്കുന്നതും അവളറിഞ്ഞു പ്രമോഷനായ വിവരം ഓഫീസിൽ നിന്നിറങ്ങുമ്പോഴാ ഞാനറിഞ്ഞത്, അതുടനെ തന്നെ നിന്നോട് നേരിട്ട് പറയണമെന്ന് തോന്നിയപ്പോൾ, മറ്റൊന്നും ചിന്തിക്കാതെ, വേഗമിങ്ങോട്ട് ഓടിയെത്താനാണ് മനസ്സ് കൊതിച്ചത്, സോറി ഡാ നാളെ ഉറപ്പായിട്ടും നീ പറയുന്ന സമ്മാനം ഞാൻ വാങ്ങിക്കോണ്ട് തരാം, പറയ് എന്താണ് നിനക്ക് വേണ്ടത് ?
നീരജിൻ്റെ ആ ഏറ്റ് പറച്ചിൽ രാധികയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു എന്തിനാ നിങ്ങളെന്നെയിങ്ങനെ സ്നേഹിക്കുന്നത് ,അതിന് മാത്രം എന്ത് പ്രയോജനമാണ് എന്നെ കൊണ്ട് നിങ്ങൾക്കുള്ളത്? കുറ്റബോധത്താൽ വീർപ്പ് മുട്ടിയ രാധിക, ഒരു തേങ്ങലോടെ അവനോട് ചോദിച്ചു . എന്താ രാധികേ.. നീയിങ്ങനെയൊക്കെ സംസാരിക്കുന്നത്? നീയെൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ, എനിക്ക് നന്മകൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളു, ഇപ്പോൾ ദേ എനിക്ക് പ്രമോഷനുമായി ,നീയെൻ്റെയൊപ്പം എന്നുമുണ്ടായിരുന്നാൽ മാത്രം മതി,
അതിലും വലിയ സന്തോഷം എനിക്ക് വേറെ കിട്ടാനില്ല പെട്ടെന്നൊരു ദിവസം ഞാൻ നിങ്ങളെ ഉപേക്ഷിച്ച് പോയാൽ, നിങ്ങളെന്ത് ചെയ്യും? അതെനിക്ക് ചിന്തിക്കാൻ കൂടി വയ്യ രാധികേ .. മരണം കൊണ്ടല്ലാതെ, നിന്നിൽ നിന്നൊരു വേർപാട് ഞാനാഗ്രഹിക്കുന്നില്ല, അതല്ലാതെ, നീയെന്നെ വിട്ട് പോയാൽ, പിന്നെ ഞാനുണ്ടാവില്ല, സത്യം! അത് കേട്ട് ,രാധിക അയാളെ ഇറുകെ പുണർന്നു. നീരജിൻ്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ, പറയാനുറച്ച നഗ്ന സത്യങ്ങൾ, തുറന്ന് പറയാനാവാതെ നിസ്സഹായതയോടെയവൾ നിന്നു.
തുടരും