Wednesday, January 22, 2025
Novel

ശ്യാമമേഘം : ഭാഗം 28

എഴുത്തുകാരി: പാർവതി പാറു

അനി നിന്റെ ഈ മൗനത്തിന് പുറകിൽ എന്തോ ഉണ്ട്.. പറ നിനക്കറിയോ എന്റെ മനുവിനെ.. അവൻ എവിടെ ആണെന്ന്… ശ്യാമ വേദനയോടെ ചോദിച്ചു.. എനിക്കറിയില്ല… ഞാൻ മനുവിനെ ഇതുവരെ കണ്ടിട്ടില്ല.. അവൻ എവിടെ ആണെന്നും അറിയില്ല.. പക്ഷെ…. എന്റെ രൂപത്തിൽ മറ്റൊരാൾ ഉണ്ടെന്ന് എനിക്ക് അറിയാം… അത് നീ പറഞ്ഞ നിന്റെ മനു ആണെങ്കിൽ.. നിനക്ക് തെറ്റി പോയി….. നീ വിചാരിക്കുന്ന പോലെ ഒരാൾ അല്ല അവൻ.. എന്തൊക്കെ ആണ് നീ പറയുന്നത് അനി…

എനിക്ക് ഒന്നും മനസിലാവുന്നില്ല… എനിക്കും കൃത്യമായി ഒരു മറുപടി നൽകാൻ ഇപ്പോൾ കഴിയില്ല… നാളെ എനിക്ക് ഒരിടം വരെ പോണം…. പോയി വന്നിട്ട് പറയാം…. ഒരു പക്ഷെ മനുവിനെ കുറിച്ച് എന്തെങ്കിലും ഒരു വിവരം കിട്ടാൻ ഈ യാത്രക്ക് കഴിയും…. അനി പറഞ്ഞതിന്റെ അർഥം ശ്യാമക്ക് മനസിലായില്ല.. പിറ്റേന്ന് രാവിലെ ശ്യാമ എഴുന്നേൽക്കുന്നതിന് മുൻപ് അനി പോയിരുന്നു…. അന്ന് വൈകുന്നേരം അനിയെ പ്രദീക്ഷിച്ചിരുന്ന ശ്യാമക്ക് മുൻപിൽ വന്നത് മറ്റൊരാൾ ആയിരുന്നു….

അനിയുടെ അച്ഛൻ.. ഒറ്റനോട്ടത്തിൽ തന്നെ അനിയുടെ അച്ഛൻ ആണെന്ന് മനസിലാക്കാൻ കഴിയുന്നതായിരുന്നു അയാളുടെ രൂപം.. അയാളെ കണ്ടതോടെ മനുവും അദ്ദേഹത്തിന്റെ മകൻ ആയിരിക്കാം എന്ന ശ്യാമയുടെ സംശയം ഒന്നുകൂടി ബലപ്പെട്ടു…. ശ്യാമ അല്ലേ…. ഒരു നിറഞ്ഞ ചിരിയോടെ അയാൾ വാതിൽക്കൽ നിൽക്കുന്ന ശ്യാമയെ പരിചയപ്പെട്ടു.. അവളും അയാൾക്ക് ഒരു ചിരി സമ്മാനിച്ചു… മേഘ പറഞ്ഞിരുന്നു.. തന്നെ കുറിച്ച്… വീട്ടിലെ അതിഥിയെ കാണാൻ വീട്ടുകാരൻ വരാൻ അൽപ്പം വൈകി..

സത്യത്തിൽ ഞാനും ഈ വീട്ടിൽ ഒരു വിരുന്നുകാരൻ ആണ്…. അയാൾ ചിരിയോടെ പറഞ്ഞു… മ്മ്.. അനി പറഞ്ഞിട്ടുണ്ട്.. സഞ്ചാരപ്രിയനായ അച്ഛനെ കുറിച്ചു.. മ്മ്… വീട് എനിക്ക് ഒരു ഇടത്താവളം ആണ്.. ഒത്തിരി നടന്നു ക്ഷീണിക്കുമ്പോൾ കൈയിലുള്ള ഭാണ്ടം നിലത്ത് വെക്കാനും ഒന്നിരുന്ന് ക്ഷീണം മാറ്റാനും ഉള്ള ഇടത്താവളം…. അറിയാം.. അങ്ങനെ എത്ര ഇടത്താവളങ്ങൾ ഉണ്ടെന്ന് മാത്രമേ ഇനി അറിയാൻ ഉള്ളൂ… ശ്യാമയുടെ അർഥം വെച്ചുള്ള ചോദ്യത്തിൽ അയാൾ അവളെ സൂക്ഷിച്ചു നോക്കി….

അന്നും ഇന്നും ഒന്ന് തന്നെ ഉള്ളൂ.. എന്നെ സംബധിച്ചിടത്തോളം കുടുംബം ഒരു ഭാരം ആണ്… നമ്മളെ ഇടം വലം തിരിയാൻ അനുവദിക്കാത്ത ഒരു ഭാരം… കൂടുതൽ ഭാരങ്ങൾ പേറാൻ പണ്ടും എനിക്ക് താല്പര്യം ഇല്ലായിരുന്നു…. ശ്യാമയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അയാൾ മുറിയിൽ കയറി വാതിൽ അടച്ചു.. അന്ന് നല്ല മഴയുള്ള രാത്രി ആയിരുന്നു…. അനി അപ്പോഴും വന്നിരുന്നില്ല…. ശ്യാമക്ക് അവൻ വരാത്തതിൽ ഭയം തോന്നി… കണ്ണൻ അവനെ കാണാതെ കരച്ചിൽ തുടങ്ങിയിരുന്നു….

കണ്ണന്റെ നിർത്താതെ ഉള്ള കരച്ചിൽ കെട്ടാണ് അനിയുടെ അച്ഛൻ അവളുടെ മുറിയിലേക്ക് വന്നത്…. കുഞ്ഞു വല്ലാതെ പറയുന്നുണ്ടല്ലോ.. എന്ത് പറ്റി…. അവൻ അനിയെ കാണാഞ്ഞിട്ട് കരയുകയാണ്.. എന്നും രാത്രി അനിയാണ് അവനെ ഉറക്കാറുള്ളത്…. മ്മ്… അവൻ അവന്റെ അമ്മയെ പോലെ ആണ്.. എല്ലാവർക്കും അവനെ പെട്ടന്ന് ഇഷ്ടം ആവും…. ആരെയും വേദനിപ്പിക്കാനോ വെറുക്കാനോ അവന് കഴിയില്ല… എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവനറിയൂ… ശരിയാണ്.. ഒട്ടും തന്നെ സ്നേഹം കിട്ടാഞ്ഞിട്ടും നിങ്ങളുടെ മകൻ അത് നൽകുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല…

ശ്യാമ കണ്ണനെ നെഞ്ചോട് ചേർത്ത് പറഞ്ഞു… ചിലർ അങ്ങനെ ആണ് മോളേ.. അവനെ കുറിച്ചെന്നും എനിക്ക് അഭിമാനം ആണ്… അഭിമാനം മാത്രമേ ഉള്ളൂ?? നിങ്ങൾ അവനെ സ്നേഹിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും…. ശ്യാമയുടെ ചോദ്യം കേട്ട് അച്ഛൻ ചിരിച്ചു… സ്നേഹം… അതൊരു വാക്ക് മാത്രം ആണ്.. എത്ര പ്രകടിപ്പിച്ചാലും പൂർണ്ണത ലഭിക്കാത്ത ഒരു വാക്ക്… അനിയുടെ അച്ഛന്റെ സംസാരം ശ്യാമയിൽ മനുവിന്റെ ഓർമ്മകൾ ഉണർത്തി… അയാളുടെ സംസാരത്തിന് എവിടെയൊക്കെയോ മനുവിന്റെ സ്വരം ഉണ്ടായിരുന്നു…

ഞാൻ ഒരു കാര്യം ചോദിച്ചാൽ അനിയുടെ അച്ഛൻ സത്യം പറയുമോ… മോളോട് നുണപറയേണ്ട എന്ത് ആവശ്യം ആണ് എനിക്കുള്ളത്.. അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… ശരി… എന്നാൽ ചോദിക്കാം.. അനിയെ കൂടാതെ നിങ്ങൾക്ക് മറ്റൊരു മകൻ ഉണ്ടോ… ഉണ്ട്… ചോദിച്ച ഉടൻ തന്നെ അയാളിൽ നിന്നും അത്തരം ഒരു മറുപടി അവൾ പ്രദീക്ഷിച്ചില്ല… പക്ഷെ ആ മറുപടി അവൾക്ക് പ്രദീക്ഷ നൽകി… അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ്… അനിയുടെ അമ്മ ആത്മഹത്യ ചെയ്യാൻ കാരണം നിങ്ങൾ തന്നെ ആണ്….

ആ മകനും അല്ലേ…. അനിയുടെ അമ്മ ആത്മഹത്യ ചെയ്യാൻ കാരണം ആ മകൻ തന്നെ ആണ്… പക്ഷെ ഞാൻ ഒരു കാരണം അല്ല…. പിന്നെ… ഒരു ഭാര്യയും തന്റെ ഭർത്താവിന്റെ അവിഹിതം ഇഷ്ടപ്പെടില്ല… അതിൽ ഒരു മകൻ കൂടി ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ പറയണോ… അനിയുടെ അച്ഛൻ ചിരിച്ചു…. അനിയെ കൂടാതെ എനിക്ക് ഒരു മകൻ ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്.. അത് എനിക്ക് അനിയുടെ അമ്മയിൽ തന്നെ ഉണ്ടായ മകൻ ആണ്.. അനിയുടെ ഇരട്ട സഹോദരൻ…. ആ മറുപടി ശ്യാമ ഒട്ടും പ്രദീക്ഷിച്ചിരുന്നില്ല…

അവൾ അയാളെ തന്നെ നോക്കി… അനിയുടെ അമ്മ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ഒരേ സമയം ജന്മം നൽകി… പക്ഷെ ഒരാളെ മാത്രമേ അവൾ മുലയൂട്ടി വളർത്തിയുള്ളൂ…ആ മകൻ ആണ് അനി… പക്ഷെ അനി വലുതാവും തോറും അവന്റെ അമ്മ അനിക്കൊപ്പം പിറന്ന മകനെ ഓർക്കാൻ തുടങ്ങി… അനിയെ സ്‌നേഹിക്കുമ്പോൾ എല്ലാം സ്നേഹം നൽകാതെ പോയ മകനെ ഓർത്ത് വേദനിച്ചു.. ആ വേദനയുടെ ഏറ്റവും അവസാനം അവൾ സ്വയം ജീവിതം അവസാനിപ്പിച്ചു… എന്തിന്….

എന്തിനാണ് അനിയുടെ അമ്മ ആ മകനെ ഉപേക്ഷിച്ചത്…. ഏതൊരു അമ്മക്കാണ് അതിന് കഴിയുക… ഒരമ്മക്കും കഴിയില്ല മോളേ… പക്ഷെ അവൾ അത് ചെയ്തു… ഒരു വലിയ തെറ്റ്… എനിക്ക് അറിയില്ലായിരുന്നു മോളേ അനിയുടെ അമ്മയുടെ വയറ്റിൽ രണ്ടു ജീവൻ വളരുന്നു എന്ന്… അന്നത്തെ കാലത്ത് ഇന്നത്തെ പോലെ സ്കാനിംഗ് ഒന്നും ഇല്ലല്ലോ… അവൾ ഏഴു മാസം ഗർഭിണി ആയിരിക്കുമ്പോൾ വീട്ടിൽ ഒരു സന്യാസി വന്നു.. അവൾ വലിയ ദൈവ ഭക്ത ആയിരുന്നു.. ആ സന്യാസി ആണ് പറഞ്ഞു അവളുടെ വയറ്റിൽ വളരുന്നത് രണ്ടു ജീവനുകൾ ആണെന്ന്..

അവൾക്ക് അത് വലിയ ഒരു സന്തോഷം ആയിരുന്നു… പക്ഷെ അതിനൊപ്പം അയാൾ മറ്റൊരു കാര്യം കൂടി പറഞ്ഞു.. ഈ രണ്ടുമക്കളും ഒരിക്കലും ഒരുമിച്ച് വളരരുത് എന്ന്… അതിൽ ഒരു മകന്റെ മരണം മറ്റൊരു മകന്റെ കൈകൊണ്ടാവും എന്ന്…. അവൾ അത് വിശ്വസിച്ചുകാണും… ഒരമ്മക്കും സഹിക്കാൻ അവത്തത് അല്ലേ… ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അവൾ അതിൽ ഒരു കുഞ്ഞിനെ ആ ആശുപത്രിയിൽ തന്നെ ഉള്ള കുട്ടികൾ ഇല്ലാത്ത ഒരു നേഴ്സിന് നൽകി… ഒരമ്മയും ചെയ്യാത്ത പാപം… അതവളെ എന്നും വേട്ടയാടി….

മക്കളുടെ നല്ലതിന് വേണ്ടി ചെയ്തതാണ് എങ്കിലും അവൾ ഒരു അമ്മ അല്ലേ…. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു…. അനിയുടെ അമ്മയുടെ മരണശേഷം മുറിയിൽ നിന്ന് കിട്ടിയ ഒരു ഡയറയിൽ നിന്നാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്.. ഒരുപക്ഷെ അവളെന്നോട് എല്ലാം പറഞ്ഞിരുന്നു എങ്കിൽ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു… ഒരു നടുക്കത്തോടെ ആണ് ശ്യാമ എല്ലാം കേട്ടത്.. അവൾ തന്റെ കൈകളിൽ കിടന്നുറങ്ങുന്ന കണ്ണനെ നോക്കി… അവനെ മാറോട് ചേർത്തു…. അപ്പോൾ അനിയും മനുവും ഒരമ്മയുടെ വയറ്റിൽ ജനിച്ചവരാണ്….

അപ്പോൾ ഇനി അവർ തമ്മിൽ കണ്ടാൽ അതിലൊരാൾ മരിക്കുമോ…. ശ്യാമയുടെ ഹൃദയം അതോർത്തു ശക്തമായി മിടിച്ചു…. അവൾ അനിയെ ഓർത്തു… മനുവിനെ കുറിച്ച് പറയുമ്പോൾ അനിയിൽ കണ്ട ദേഷ്യം അവളെ വല്ലാതെ ഭയപ്പെടുത്തി… മനു എന്നാണ് അവന്റെ പേര് അല്ലേ… അച്ഛൻ അവൾക്കരികിൽ വന്നിരുന്ന് ചോദിച്ചപ്പോൾ ആണ്.. അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്… മ്മ്… മേഘ പറഞ്ഞു.. ശ്യാമ സ്നേഹിക്കുന്ന ആൾക്ക് അനിയുടെ രൂപം ആണെന്ന്.. അപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു അതെന്റെ മകൻ ആണെന്ന്…. മനു എവിടെ ആണെങ്കിലും അച്ഛൻ കണ്ടുപിടിക്കും…

മോളുടെ മുന്നിൽ കൊണ്ട് നിർത്തും.. അയാൾ അവളുടെ മുടിയിഴകളിൽ തലോടി പറഞ്ഞു… അവളുടെ കൈകളിൽ കിടക്കുന്ന കണ്ണനെ നോക്കി… അവനെ വാങ്ങി… നെറ്റിയിൽ ചുംബിച്ചു.. എന്റെ കൊച്ചുമകൻ ആണ് ഇവൻ… അച്ചാച്ചന്റെ കണ്ണാ… അയാൾ അവനെ ചേർത്ത് പിടിച്ചു വിളിച്ചപ്പോൾ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ദൈവം ആയിട്ടാണ് മോളേ ഇവിടെ എത്തിച്ചത്… എന്റെ മകനിലേക്ക് എനിക്ക് എത്താൻ വേണ്ടി ദൈവം ആയിട്ട് അനിക്ക് മുന്നിലേക്ക് അയച്ചതാണ് മോളേ… അയാൾ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു…. പക്ഷെ അച്ഛാ എനിക്ക് പേടി ആവുന്നു…

അനി… അനിക്ക് മനുവിനെ അറിയാം എന്ന് തോന്നുന്നു.. അവനെ അന്വേഷിച്ചാണ് അനി പോയത്… അനി… അവൻ എന്തെങ്കിലും ചെയ്യുമോ എന്റെ മനുവിനെ…. അമ്മ ഭയപ്പെട്ടിരുന്നത് പോലെ എന്തെങ്കിലും സംഭവിക്കുമോ അച്ഛാ… അവൾ അയാളുടെ നെഞ്ചിൽ തലവെച്ചു പറഞ്ഞു… ആ അച്ഛന്റെ ഹൃദയവും അതോർത്തു പിടയുകയായിരുന്നു… ഇല്ല മോളേ.. ഒന്നും ഉണ്ടാവില്ല… അനിക്ക് അങ്ങനെ ഒന്നും ചെയ്യാൻ ആവില്ല .. അവൻ ഒരു പാവം അല്ലേ…. ആ അച്ഛൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… …… അനി നീ എവിടെ ആണ്… രാവിലെ തൊട്ട് നിന്നെ ഞാൻ വിളിക്കുന്നു നീ എന്താ ഫോൺ എടുക്കാത്തെ….

രാത്രി മേഘയുടെ കാൾ അനി അറ്റൻഡ് ചെയ്തതും അവൾ അവനോട് ചോദിച്ചു… ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു മേഘേ…. ഞാൻ തിരിച്ചു വന്നുകൊണ്ടിരിക്കാ.. രാവിലെ എത്തും.. നീ എങ്ങോട്ടാ പോയത്… ആരോടും പറയാതെ… അച്ഛൻ വന്നിട്ടുണ്ട്.. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു… ഞാൻ ഒരു അത്യാവശ്യ കാര്യം ആയിട്ട് പോയതാണ് മേഘേ…. അവിടെ എത്തിയിട്ട് പറയാം എല്ലാം… നീ മനുവിനെ അന്വേഷിച്ചു പോയതല്ലേ.. ശ്യാമ പറഞ്ഞു…. നീ മനുവിനെ കണ്ടോ… മ്മ്.. കണ്ടു.. എന്നിട്ട്… അവനോട് നീ എല്ലാം പറഞ്ഞോ.. അവൻ വരുന്നുണ്ടോ നിന്റെ കൂടെ…. അവനോട് ഒന്നും പറയാൻ പറ്റിയില്ല… എന്റെ കൂടെ വരുന്നുമില്ല… എന്റെ കൂടെ എന്നല്ല അവൻ ശ്യാമയെ അന്വേഷിച്ചു ഇനി വരില്ല…

വരാൻ ഞാൻ സമ്മതിക്കില്ല… എന്തൊക്കെയാ അനി നീ ഈ പറയുന്നേ… നീ ശ്യാമയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ഇത്.. നിന്റെ സ്വാർത്ഥതക്ക് വേണ്ടി അവരുടെ ജീവിതം നീ നശിപ്പിക്കുകയാണോ…. ഇത് സ്വാർഥത അല്ല മേഘേ.. ശ്യാമ ഒരിക്കലും ഇനി മനുവിനെ കാണരുത്… അവൻ അവളെ ചതിക്കുകയായിരുന്നു.. ആ ചതിയന് ഞാൻ അവളെ വിട്ട് കൊടുക്കില്ല…. അനിയുടെ വാക്കുകൾ ഉറച്ചതായിരുന്നു… അവന്റെ ഇതുവരെ കേൾക്കാത്ത ആ സ്വരം മേഘയുടെ ഹൃദയത്തിൽ ഭയം നിറച്ചു…. തുടരും… അപ്പോൾ ശ്യാമമേഘം ഏകദേശം തീരാറായി തുടങ്ങീട്ടൊ…എല്ലാവരും അൽപ്പം ക്ഷമ കൂടി കാണിക്കണം…

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 27