Wednesday, January 22, 2025
Novel

ശ്യാമമേഘം : ഭാഗം 23

എഴുത്തുകാരി: പാർവതി പാറു

വീട്ടിൽ എത്തിയിട്ടും അവളുടെ ഹൃദയത്തിന്റെ മരവിപ്പ് മാറിയില്ലായിരുന്നു… അവൾ മുറിയിൽ കയറി വാതിൽ അടച്ചു… ആ നോട്ടം തന്നെ കൊത്തി പറിക്കുകയാണോ…. അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു… കറുത്തിരുണ്ട അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി…. ഇങ്ങനെ നോക്കാൻ മാത്രം എന്താണ് തന്നിൽ ഉള്ളതെന്ന് അവൾ സ്വയം വീക്ഷിച്ചു.. ഇല്ല ഒന്നും തന്നെ ഇല്ല.. നിറമോ.. ഭംഗിയോ… ഒന്നും തന്നെ ഇല്ല… പിന്നെ എന്താ… അവൾ വീണ്ടും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…. ഈ കറുപ്പിനുള്ളിൽ എവിടെയോ താൻ തിരിച്ചറിയാത്ത ഒരു ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി…

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… കണ്ണുകളിൽ ഇപ്പോഴും അയാൾ തങ്ങി നിൽക്കുന്നത് പോലെ… ആ മുഖം…. തന്നെ ചൂഴ്ന്നെടുത്ത ആ നോട്ടം എല്ലാം… ശ്യാമേ…. ഉച്ചക്ക് ടോമിമോന് ചോറ് വേണം എന്ന്.. വേഗം പണി തീർത്തു പോവാൻ നോക്ക്…. അമ്മയുടെ ശബ്ദം കേട്ടതും അവൾ വാതിൽ തുറന്നു.. അടുക്കളയിലേക്ക് നടന്നു… അരി കഴുകി അടുപ്പത്തിടുമ്പോൾ ആണ് ടോമിയുടെ ബൈക്കിന്റെ ശബ്ദം കേട്ടത്.. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി…. തോട്ടത്തിന്റെ നടുവിലൂടെ ഇരച്ചു വരുന്ന ബുള്ളറ്റ് ഓടിക്കുന്നത് അയാളാണ്…. എന്തായിരുന്നു അയാളുടെ പേര് അവൾ ഓർത്തു…. മനു.. അങ്ങനെ അല്ലേ…. അവൾ സ്വയം പറഞ്ഞു….

തോട്ടത്തിൽ നിന്ന് ഇറങ്ങി മെയിൻ റോഡ് വഴി ആ ബുള്ളറ്റ് ചീറിപ്പാഞ്ഞു പോകുന്നത് നോക്കി അവൾ നിന്നു… എന്താ ചേച്ചി… പതിവില്ലാത്ത ഒരു വായ്നോട്ടം… ലച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ ശ്യാമ തിരിഞ്ഞു നോക്കി… പോടി…. ഞാൻ വെറുതെ….. അവൾ വേഗം ശ്രദ്ധ അടുപ്പിലേക്ക് തിരിച്ചു…. വീട്ടിലേക്ക് വേണ്ടതെല്ലാം ഒരുക്കി അവൾ വീണ്ടും ഏലതോട്ടം കടന്ന് ടോമിയുടെ വീട്ടിലേക്ക് ചെന്നു…. അവർ വീട് പൂട്ടി പോയത് കാരണം അവൾ വീണ്ടും അടുക്കള വഴി കയറി…. ചോറ് വെച്ചു.. മുരിങ്ങ ഇല പൊട്ടിച്ചു ഒരു താളിപ്പും…. തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്ന കോവക്ക പറിച്ചു ഒരു തോരൻ വെച്ചു…. അടിച്ചു വരാൻ ചൂലും എടുത്തവൾ ടോമിയുടെ മുറിയിൽ കയറി…

അവിടെ അടിച്ചു വാരി അടുത്ത മുറിയിൽ കയറിയപ്പോൾ അവൾക്ക് ഹൃദയം വല്ലാതെ മിടിക്കുന്നത് പോലെ …. കട്ടിലിൽ അഴിച്ചിട്ട അവന്റെ ഷർട്ട് കണ്ടതിനാലാവം…. അവൾ ആ ഷർട്ട് കൈകളിൽ എടുത്തു…. അവളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു… വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധം കൂടി കലർന്ന ഒരു മത്ത് പിടിപ്പിക്കുന്ന മണം ആയിരുന്നു ആ ഷർട്ടിന്… അവൾ ആ ഷർട്ട് മൂക്കിനോട് ചേർത്ത് വെച്ചു… ആ ഗന്ധം ഹൃദയത്തിലേക്ക് ആവാഹിച്ചു… ആ ഷർട്ട് കവിളിനോട് ചേർത്ത് വെച്ചു…. പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ ഷർട്ട് കട്ടിലിലേക്ക് എറിഞ്ഞു അടുക്കളയിലേക്ക് ഓടി… തനിക്കിതെന്ത് പറ്റി…

എന്തൊക്കെയാണ് താൻ ഈ ചെയ്ത് കൂട്ടുന്നത് അവൾ സ്വയം തലക്കൊരു വീക്ക് വെച്ചു…. അവർ അടുക്കളയിൽ എത്തും മുൻപ് അവൾ അടുക്കള പൂട്ടി മുറ്റത്തേക്ക് ഇറങ്ങി… ശ്യാമേ നീ എങ്ങോട്ടാ ഈ പോകുന്നേ…. അകത്തു നിന്നും അവൾ ഇറങ്ങുന്നത് കണ്ട ടോമി വിളിച്ചു ചോദിച്ചു… ചോറ് ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ഇച്ചായാ ഞാൻ പോവാ…. ഡി പോവല്ലേ… ഞാൻ ചിക്കൻ വാങ്ങിയിട്ടുണ്ട്… നമുക്ക് ഫ്രൈ ചെയ്യാം.. നീ വാ…. ഇപ്പൊ വേണോ രാത്രി പോരേ…. അവൾ മെല്ലെ ചോദിച്ചു…. പോരാ… വന്ന് സാഹയിച്ചു താടി… ടോമിയുടെ ശാസനയോടെ ഉള്ള ശബ്ദം കേട്ടതും അവൾ അകത്തേക്ക് കയറി…. ടോമി ചിക്കൻ കഴുകുന്ന നേരം ശ്യാമ വെളുത്തതുള്ളിയും ഇഞ്ചിയും നേരയാക്കാൻ തുടങ്ങി….

അതിനിടയിൽ അവൻ എന്തൊക്കെയോ പറയുന്നുണ്ട് ശ്യാമ അതൊന്നും ശ്രദ്ധിച്ചില്ല….. അവളുടെ ഹൃദയം മനുവിനെ തിരയുകയായിരുന്നു…. തനിക്ക് പുറകിൽ അവൻ ഉണ്ടെന്ന് അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല… അവൾക്ക് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി… കേട്ടോ മനു.. ശ്യാമ നന്നായി കുക്കിങ് ചെയ്യും…. അവൾ എന്ത് ഉണ്ടാക്കിയാലും ഒരു പ്രത്യേക രുചി ആണ്… മ്മ്.. അവന്റെ ഉറച്ച ശബ്ദം അവളുടെ ചെവികളിൽ തറച്ചു പ്രതിഫലിച്ചു…. അവൾ മെല്ലെ അവനിൽ നിന്നും അകന്നു ടോമിയുടെ അരികിൽ ചെന്നു…. ഞാൻ ഉണ്ടാക്കിക്കോളാം ഇച്ചായാ.. നിങ്ങൾ പൊക്കോ…. അവൾ ഒരു അപേക്ഷ പോലെ പറഞ്ഞു… വേണ്ട മോളേ ഞാൻ ഉണ്ടാക്കാം… നീ ടിപ്സ് പറഞ്ഞാൽ മതി….

പറഞ്ഞിട്ട് പ്രയോജനം ഇല്ലെന്ന് അറിയുന്നത് കൊണ്ട് അവൾ അടുക്കളയുടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.. മുഖം ഉയർത്താൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു.. പക്ഷെ അവൻ തന്നെ നോക്കുന്നുണ്ടോ എന്നറിയാൻ വല്ലാത്ത ആഗ്രഹം… ഒടുവിൽ മെല്ലെ മുഖം ഉയർത്തി നോക്കി… അതെ.. ഇപ്പോഴും അവന്റെ നോട്ടം തന്നിൽ ആണ്… എന്തിനാണ് ഈശ്വരാ ഇയാൾ എന്നെ ഇങ്ങനെ നോക്കി കൊല്ലുന്നത്… അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി… എന്താ ശ്യാമേ വല്ലാതെ വിയർക്കുന്നുണ്ടല്ലോ… അവൻ മീശ പിരിച്ചു കൊണ്ട് അവളോട് ചോദിച്ചു… അവൾ അവനെ കണ്ണുരുട്ടി നോക്കി…. നല്ല ചൂടല്ലേ… ടോമി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അടുപ്പ് കത്തിച്ചു…. ഇച്ചായാ.. വീടൊക്കെ അപ്പടി പൊടി ആണ്.. ഞാൻ ഒന്ന് തുടച്ചിടാം..

അവന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ അവൾ വേഗം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.. ടോമിയുടെ മുറിയിൽ കയറി വാതിലടച്ചു…. അവൾ ശ്വാസം നേരെ വലിച്ചു….. അവൻ അവളെ വല്ലാതെ കീഴടക്കുന്നു എന്നവൾക്ക് തോന്നി…. ആ ഒരു അവസ്ഥയിൽ നിന്ന് ഒന്ന് മാറാൻ അവൾക്ക് അൽപ്പം സമയം വേണ്ടി വന്നു…. അവൾ വേഗം ടോമിയുടെ മുറി തുടച്ചിട്ട് മനുവിന്റെ മുറിയിലേക്ക് കയറി…..മുറിക്കകത്ത് അവൻ ഉണ്ടായിരുന്നു.. അവനെ കണ്ടതും അവൾ തിരിച്ചു ഇറങ്ങാൻ തിരിഞ്ഞു…. ഒന്നവിടെ നിന്നേ ശ്യാമേ.. അവന്റെ ശബ്ദം കേട്ടതും അവളുടെ കാലുകൾ നിശ്ചലമായി.. താനെന്തിനാ എന്റെ മുറിയിൽ കയറിയത്…?? അവൻ അവളുടെ മുന്നിൽ വന്ന് നിന്നുകൊണ്ട് പറഞ്ഞു.. ഞാൻ.. ഞാൻ… നിലം തുടക്കാൻ….

അതിപ്പോൾ… കുറച്ചു മുൻപ്…. കുറച്ച് മുന്നെയോ… ഞാൻ കയറിയില്ലല്ലോ… അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. ശ്യാമേ.. തനിക്ക് നുണ പറയാൻ തീരെ അറിയില്ല… ദേ.. താൻ നുണപറയുമ്പോൾ തന്റെ കൈ വല്ലാതെ വിറക്കുന്നു.. നെറ്റിയിൽ വിയർപ്പ് പൊടിയുന്നു…. തനിക്ക് തീരെ നുണപറയാൻ വയ്യ … അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു… ഞാൻ കയറിയില്ല… അവൾ വീണ്ടും പറഞ്ഞു…. പിന്നെ എങ്ങനെ ആണ്… ഈ നെറ്റിയിലെ കുങ്കുമം എന്റെ ഷർട്ടിൽ ആയത്.. അവൻ കൈയിൽ ഒളുപ്പിച്ച ഷർട്ട് അവൾക്ക് നേരെ നീട്ടി… അവളുടെ നെറ്റിയിലെ കുങ്കുമത്തിന്റെ പൊടി അവന്റെ ഷർട്ടിൽ പറ്റി കിടക്കുന്നുണ്ട്…. അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു… അത്.. അത് വല്ല പൊടിയും ആവും…

അവൾ എങ്ങനെയോ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു…. ആണോ.. എന്നാ ശരി….. അപ്പോൾ ഈ നെറ്റിയിലെ കുങ്കുമം പരന്നിട്ടും ഇല്ല ഞാൻ തുടച്ചു തന്നിട്ടും ഇല്ല…. അവൻ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട്… അവളുടെ കവിളിൽ കൈ അമർത്തി തള്ളവിരല് കൊണ്ട് കുങ്കുമം തുടച്ചു… അവന്റെ പ്രവർത്തിയിൽ അവൾക്ക് ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പോലെ തോന്നി… അവൾ അവന്റെ കൈകൾ തട്ടി മാറ്റി പുറത്തേക്ക് ഓടി…. അപ്പോഴും അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… …… മലമുകളിൽ പൂവാലിയെയും കുറുമ്പിയെയും മേയാൻ വിട്ട് അവൾ മരച്ചുവട്ടിലേക്ക് ഇരുന്നു… അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു….

നെറ്റിയിലും കവിളിലും ഇപ്പോഴും അവന്റെ കൈയിന്റെ തണുപ്പ് ഉള്ളത് പോലെ… അവനെ ഓർക്കും തോറും ഹൃദയത്തിൽ എന്തോ കുത്തി നിറയുന്നത് പോലെ… ഇതാണോ പ്രണയം…. അവൾ ഓർത്തു… ആ മുഖം തന്നെ വേട്ടയാടുന്നു.. തന്നിലെ സത്വം മുഴുവൻ അവൻ ഊറ്റി എടുക്കുന്നത് പോലെ…. അവനിൽ നിന്ന് ഓടി ഒളിക്കാൻ കഴിയാത്ത വിധം എന്തോ ഒന്ന് തന്നെ അവനിലേക്ക് അടുപ്പിക്കുന്നു…. മായ്ക്കും തോറും മറവിയിൽ പോകാത്ത ഒരു മുഖമായി അവൻ തന്റെ ഹൃദയത്തിൽ നിറയുന്നത് അവൾ അറിഞ്ഞു… ഇതാണോ പ്രണയം?? അവൾ വീണ്ടും ഓർത്തു…. ഒരാളെ വെറുതെ അങ്ങ് പ്രണയിക്കാൻ കഴിയുമോ..??? ഒരു കാരണങ്ങളും ഇല്ലാതെ… ഒരു താല്പര്യങ്ങളും ഇല്ലാതെ.. വെറുതെ…

വെറുതെ ഒരാളോട് പ്രണയം തോന്നുമോ… ഒരുപക്ഷെ അവന്റെ കണ്ണുകളിൽ തനിക്കൊരിടം തന്നത് കൊണ്ടാണോ… അറിയില്ല.. വെറുതെ വെറുതെ അവനോട് ഒരിഷ്ടം തോനുന്നു….. മലയിറങ്ങി തിരികെ വരുമ്പോഴാണ് ടോമിയും മനുവും മലകയറി വരുന്നത് അവൾ കണ്ടത്…. നേരം സന്ധ്യ ആവുന്നതേ ഉള്ളൂ… ഞാൻ പറഞ്ഞില്ലേ മനു ഇവൾ ഇവിടെ ഉണ്ടാവും എന്ന്…. ശ്യാമേ വാ… നമുക്ക് കുമ്മാട്ടി കുന്നിൽ കയറി അസ്തമയം കാണാം…. ഞാൻ.. ഞാനില്ല.. ഇച്ചായാ.. വീട്ടിൽ അമ്മ തിരക്കും.. അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. എനിക്ക് വഴി ഓർമ്മ ഇല്ല.. അത് കൊണ്ടാ നീ വാ…. മറ്റു നിവർത്തി ഇല്ലാതെ അവൾ അവർക്ക് മുന്നിൽ നടന്നു…. ഇടക്കിടക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു….

മനുവും ടോമിയും എന്തൊക്കെയോ പറഞ്ഞു നടക്കുകയാണ്…. ഒരു ചെറിയ അരുവി കടന്ന് വേണം കുമ്മാട്ടി കുന്നിൻ മുകളിൽ എത്താൻ… കടുത്ത വേനൽ കാലം ആവുമ്പോൾ അരുവിയിലെ വെള്ളം വറ്റും…. വെള്ളം ഉള്ളപ്പോൾ അത് കടക്കാൻ തേങ്ങുകൊണ്ടൊരു തിടമ്പ് ഇട്ടിട്ടുണ്ട്.. അത് കടന്ന് മാറുകര എത്താം.. ശ്യാമ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ ആ തെങ്ങിൻ പാലാത്തിൽ നിന്നും അരുവിയിലേക്ക് കാലുതെറ്റി വീണു അരുവിയിൽ ഒഴുകി പോയി.. ആരൊക്കെയോ ചേർന്ന് അവളെ രക്ഷിച്ചു… അതിന് ശേഷം അവൾക്ക് ആ തെങ്ങിൻ തിടമ്പ് കടക്കാൻ പേടി ആണ്…. അതിനടുത്ത് എത്തിയതും അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു… ഞാൻ ഇവിടെ നിക്കാം….ഇനി നിങ്ങൾ പോയി വാ… അതെന്താ..

ടോമി നടത്തം നിർത്തി ചോദിച്ചു… എനിക്ക് എനിക്ക് ഈ പാലം കടക്കാൻ പേടിയാ…. എന്തിനാ പേടിക്കുന്നേ… ഞാൻ പിടിക്കാം.. ടോമി പറഞ്ഞു… ഇല്ല.. ഞാനില്ല… … പിന്നെ ഇവിടെ ഒറ്റക്ക് നിക്കാനോ…. നീ വാ… ടോമി വീണ്ടും വീണ്ടും പറഞ്ഞു.. മനു ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു… ശ്യാമ മനഃപൂർവം അവനെ നോക്കിയില്ല… ശ്യാമേ ഞാൻ പിടിക്കാം… നീ മെല്ലെ പിടിച്ചു നടന്നാൽ മതി…. ഞാൻ ഇല്ല ഇച്ചായാ… എനിക്ക് പേടി ആണ്…. അവൾ വീണ്ടും പറഞ്ഞു… മനുവിനെ നോക്കി… അവൻ അവളെ നോക്കി മീശ പിരിച്ചു… ഇല്ല ഇച്ചായാ.. ഞാൻ ഇല്ല…. അടുത്ത നിമിഷം മനു അവളുടെ അരികിലേക്ക് എത്തി അവളെ പൊക്കി എടുത്തു തോളിലേക്ക് ഇട്ടു… ടോമി ചിരി അടക്കി നിന്നു…

അവളെ എടുത്തു കൊണ്ട് മനു നടന്നു… . അവൾ അവന്റെ കൈയിൽ കിടന്ന് കുതറി ഇറങ്ങാൻ ശ്രമിച്ചു… കിടന്ന് പിടക്കല്ലേ പെണ്ണേ… ഇനി കുതറിയാൽ നമ്മൾ രണ്ടും കൂടി വെള്ളത്തിൽ പോവും.. അവൻ അവളുടെ ചെവിയോരം പറഞ്ഞു.. അവന്റെ നിശ്വാസം അവളുടെ ചെവിയുടെ പുറകിൽ തട്ടിക്കൊണ്ടു അവളുടെ ഹൃദയം കുളിർപ്പിച്ചു… അവൻ പാലത്തിലേക്ക് കാല് എടുത്ത് വെച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവനെ അള്ളി പിടിച്ചു… അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… അവൻ ശ്രദ്ധയോടെ പാലത്തിലൂടെ നടന്നു മറുപ്പുറത്ത് എത്തി അവളെ നിലത്ത് വെച്ചു… മുന്നോട്ട് നടന്നു… അവൾക്ക് കാലുകൾ തളരുന്നത് പോലെ തോന്നി. ശരീരം ഭരമില്ലാത്ത ഒരു ബലൂൺ പോലെ പറന്ന് പോകുന്ന പോലെ…

മനസും കേട്ടുവിട്ട പട്ടം പോലെ എവിടെയോ പാറുന്നു…. അവൾക്ക് അവർക്കൊപ്പം നടന്നെത്താൻ പ്രയാസം തോന്നി…. ഒടുവിൽ മലമുകളിൽ എത്തിയതും അവൾ ഒരു പാറക്കല്ലിൽ ഇരുന്ന് ശ്വാസം നേരെ വലിച്ചു…. മനുവും ടോമിയും അൽപ്പം മാറി അവൾക്ക് മുന്നിൽ ഒരു കല്ലിൽ ഇരുന്നു….. അവൾ മനുവിനെ നോക്കി…. സൂര്യൻ അങ്ങുദൂരെ പടിഞ്ഞാറാൻ ചക്രവാളത്തിൽ മുങ്ങാം കുഴിയിടാൻ വെമ്പി നിൽക്കുകയാണ്….. ഈ സന്ധ്യ പോലെ ആണ് അവൻ എന്നവൾക്ക് തോന്നി…. അവളുടെ ജീവിതത്തിൽ സ്വപ്നത്തിനും യഥാർദ്ധ്യത്തിനും ഇടയിൽ ആണ് അവൻ… രാത്രിക്കും പകലിനും ഇടയിലെ ഈ സന്ധ്യ പോലെ….

സൂര്യനോ ചന്ദ്രനോ സ്വന്തം അല്ലാത്ത ഈ സന്ധ്യ പോലെ….. തന്റെ ഉള്ളിൽ അവൻ പിടിവലി നടത്തുകയാണ്…. . മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺ സൂര്യൻ മുന്നാഴി ചെങ്കനലായി നിന്നുലയിൽ വീഴുമ്പോൾ ഒരു തരി പൊന്തരിയായി നിന് ഹൃദയം നീറുന്നൂ നീലാവലക്കൈയ്യാല് നിന്നെ വിലോലമായി തലോടിടാം ആരാരീരം ഇരുളുമീ എകാന്തരാവിൽ തിരിയിടും വാർത്തിങ്കളാക്കാം മനസ്സിലെ മണ്കൂടിനുള്ളില് മയങ്ങുന്ന പൊൻ വീണയാക്കാം ഒരു മുളം തണ്ടായ്നിന് ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം ഒരു കുളിർ താരാട്ടായി നീ വാർക്കും കണ്ണീരിന് കാണാപ്പൂ മുത്തെല്ലാം എന്നുള്ളില് കോർക്കാം..

അവന്റെ ശബ്ദം ആ കുമ്മാട്ടികുന്നിൽ മുഴുവൻ അലയടിച്ചു.. ആ ശബ്ദത്തിൽ ലയിച്ചു അവൾ കണ്ണുകൾ അടച്ചിരുന്നു.. അപ്പോഴും ആ ഇരുട്ടിൽ അവന്റെ മുഖം നിറഞ്ഞു നിൽക്കുന്നത് അവൾ അറിഞ്ഞു …….. ഇതാണോ പ്രണയം… അവൾ വീണ്ടും അവളോട് തന്നെ ചോദിച്ചു….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 22