ശ്യാമമേഘം : ഭാഗം 20
എഴുത്തുകാരി: പാർവതി പാറു
അനി പോയ രാത്രിയിൽ കരഞ്ഞു തളർന്നു കണ്ണൻ വളരെ വൈകിയാണ് ഉറങ്ങിയത് ശ്യാമക്കും ആ രാത്രി ഉറക്കം കുറവായിരുന്നു… രാവിലെ കണ്ണന്റെ വിശന്നുള്ള കരച്ചിൽ കെട്ടാണ് അവൾ ഉണർന്നത്…. കണ്ണിന് വല്ലാത്ത ഭാരം തോന്നി.. എന്നത്തേയും പോലെ കണ്ണിന് ഇരുട്ടിന് പകരം ഒരു മഞ്ഞപ്പ് ആയിരുന്നു അന്ന് അവൾക്ക് അനുഭവപ്പെട്ടത്.. . അവൾ കണ്ണ് തിരുമ്മി…. അപ്പോഴും അങ്ങനെ തന്നെ…. ഇരുട്ടിനപ്പുറം തനിക്കൊരു നിറം കൂടെ കൂട്ട് വന്നിരിക്കുന്നു… അവൾ ഓർത്തു…
അവളുടെ ചുണ്ടിൽ ഒരു മങ്ങിയ ചിരി വിരിഞ്ഞു.. അവൾ കണ്ണനെ മടിയിലേക്ക് കിടത്തി പാല് കൊടുത്തു… രാത്രി ഉറക്കം കുറഞ്ഞത് കൊണ്ട് ശ്യാമയും കണ്ണനും അന്ന് മുഴുവൻ ഉറങ്ങി… ഉച്ചക്ക് ഉറങ്ങി എന്നീറ്റപ്പോൾ ശ്യാമയുടെ കണ്ണുകൾക്ക് മഞ്ഞ നിറങ്ങൾക്കപ്പുറം മങ്ങിയ കാഴ്ചകൾ ഇടം പിടിച്ചിരുന്നു…. അവൻ കട്ടിലിന്റെ ഓരത്ത് ഉറങ്ങുന്ന കണ്ണനെ നോക്കി… ഒന്നും വ്യക്തമായി കാണുന്നില്ല.. പക്ഷേ ഒരു വെളുത്ത പഞ്ഞിക്കെട്ട് പോലെന്തോ അവിടെ ഉണ്ടെന്നറിയുന്നുണ്ട്… അവൾ മെല്ലെ അവനെ തലോടി..
അവളുടെ കണ്ണു നിറഞ്ഞൊഴുകി… അവൾ എഴുന്നേറ്റ് പുറത്തേക്കിറങ്ങി.. മങ്ങിയ കാഴ്ചയിൽ ആ വീട് മുഴുവൻ നോക്കി കണ്ടു…. ഈ നിമിഷം താൻ കാണാൻ ആഗ്രഹിക്കുന്ന മുഖം ഇവിടെ ഇല്ലെന്നോർത്തപ്പോൾ അവൾക്ക് വേദന തോന്നി.. ഇളം നീല പെയിന്റ് അടിച്ച ആ വീടിന്റെ വെള്ള നിറത്തിൽ ഉള്ള ജനൽ കർട്ടനുകൾ സായാഹ്ന കാറ്റേറ്റ് പാറുന്നുണ്ട്…. അവൾ ഉമ്മറത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി… പച്ചവിരിച്ച തേയിലത്തോട്ടത്തിന് നടുവിൽ ആണ് ആ വീട്… നോക്കെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടം ആണ്….
അതിന് നടുവിലായി വീതികുറഞ്ഞ റോഡ്… ചെറിയ മുറ്റം കഴിഞ്ഞാൽ ആ റോഡിലേക്ക് ഇറങ്ങാൻ ഒരു ഗേറ്റുണ്ട്… മുറ്റത്ത് പലനിറത്തിൽ ഉള്ളപ്പൂക്കൾ നട്ട് വളർത്തിയിട്ടുണ്ടെന്ന് ആ മങ്ങിയ കാഴ്ചയിൽ അവൾ തിരിച്ചറിഞ്ഞു… അവൾ ഭൂമിയിലെ കാഴ്ചകൾ കണ്ട് ആകാശത്തേക്ക് കണ്ണുന്നട്ടു.. അസ്തമയ സൂര്യന്റെ ചുവപ്പ് വ്യാപിച്ച ആകാശം.. അവളുടെ പ്രിയപ്പെട്ട ആകാശം.. ഉമ്മറത്തിണ്ണയിൽ ഒരുപാട് നേരം അവളെങ്ങനെ ഇരുന്നു…. ചീരുവമ്മ ദീപം കത്തിച്ചു ഉമ്മറത്തു കൊണ്ടു വെച്ചപ്പോൾ അവൾ എഴുന്നേറ്റു തൊഴുതു… ആ വിളക്കിന്റെ തിരിനാളം അപ്പോൾ അവൾക്ക് വ്യക്തമായി കാണമായിരുന്നു..
ചീരുവമ്മ വിളക്കിന് മുന്നിൽ ഇരുന്ന് രാമനാമം ജപിക്കുന്നത് നോക്കി അവൾ തൂണിൽ ചാരി ഇരുന്നു… കണ്ണൻ നല്ല ഉറക്കം ആണ്… ചീരുവമ്മയുടെ മുഖം മുഴുവനായും വ്യക്തമല്ലെങ്കിലും അവളുടെ മനസിലേതെന്ന പോലെ തന്നെ കറുത്ത് ഉയരം കുറഞ്ഞു എല്ലിച്ചാണെന്ന് അവൾക്ക് മനസിലായി… തന്റെ കണ്ണിന്റെ പാതി കാഴ്ച തിരിച്ചു കിട്ടി എന്ന് ആ അമ്മയുടെ മടിയിൽ കിടന്നു പറയുമ്പോൾ ആ അമ്മയുടെ കണ്ണിലെ നീർത്തിളക്കം അവൾക്ക് കാണമായിരുന്നു… ഇതറിഞ്ഞാൽ ഏറ്റവും സന്തോഷിക്കാ.. അനികുട്ടനും മേഘമോളും ആവും… ചീരുവമ്മ സന്തോഷം കൊണ്ട് ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു….
എനിക്ക് ഉറപ്പായിരുന്നു എന്റെ കാളിയമ്മ ന്റെ പ്രാർഥന കേൾക്കാതിരിക്കില്ല എന്ന് നാളെ തന്നെ നമുക്ക് പോണം മോളേ… കാളിയമ്മക്ക് പെറ്റു കിടക്കുന്ന അയിത്തം ഒന്നും ഇല്ല… നാളെ തന്നെ നമുക്ക് പോണം… അവർ സന്തോഷത്തിൽ പറയുമ്പോൾ ശ്യാമക്ക് അവളുടെ അമ്മയെ ഓർമ്മ വന്നു… മച്ചിലെ ഭഗവതിക്ക് വേണ്ടി ചുവന്നപട്ടു നേരാൻ മാത്രമായിരുന്നു അമ്മക്കെന്നും നേരം… വിധിയെ അമ്മ ഒരിക്കലും വിശ്വസിച്ചില്ല.. എല്ലാം ഭാഗവതിയുടെ തിരുമാനം എന്ന് വിശ്വസിച്ചു…
നല്ലത് സംഭവിച്ചാലും വേദനിച്ചാലും കരഞ്ഞാലും ഒന്ന് തുമ്മിയാൽ പോലും അമ്മക്കതൊക്കെ ഭാഗവതിയുടെ തിരുമാനം ആയിരുന്നു…. മോളെന്താ ആലോചിക്കുന്നേ…. ഹേയ് ഒന്നുല്ല്യ.. ഞാനെന്റെ അമ്മയെ ഓർത്തു… ചീരുവമ്മയുടെ വയറിൽ ചുറ്റി പിടിച്ചു മടിയിൽ മുഖം ഒളിപ്പിച്ചു തേങ്ങി കൊണ്ടവൾ പറഞ്ഞു… കണ്ണൻ ഉണർന്നു കരയും വരെ ആ അമ്മ അവളെ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ തലോടി കൊണ്ടിരുന്നു.. അവൾക്ക് ഉള്ളിൽ തോന്നിയ പിരിമുറുക്കങ്ങൾക്കൊക്കെ ഒരയവ് തോന്നി…..
ആ രാത്രി കണ്ണൻ തലേന്നാൾ വാശി പിടിച്ചലറിയ പോലെ തന്നെ ആവർത്തിച്ചു.. അനിയുടെ വിടവ് അവനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് ശ്യാമ തിരിച്ചറിയുകയായിരുന്നു.. എന്നാണെങ്കിലും തന്റെ കുഞ് അവനിൽ നിന്നും അകലുക തന്നെ വേണം.. അത് എത്ര നേരത്തെ ആവുന്നോ അത്രയും നല്ലതാണെന്നു അവൾക്കും തോന്നി… മേഘയുടെയും അനിയുടെയും ജീവിതത്തിൽ ഒരു കരടായി ജീവിക്കാൻ ശ്യാമക്ക് ഒട്ടും തന്നെ മോഹം ഇല്ല…. പിറ്റേന്ന് രാവിലെ അവൾ നേരത്തെ ഉണർന്നു… കണ്ണനെ ഉണർത്താതെ അവൾ കുളിമുറിയിലേക്ക് നടന്നു….
കുളിമുറിയിൽ ലൈറ്റ് ഇട്ടു കണ്ണാടിയിലേക്ക് നോക്കി…. ഒരു വർഷത്തിന് ശേഷം അവൾ തന്റെ പ്രതിബിബം വ്യക്തമായി കണ്ടു… ഇന്നലെ കണ്ണിനുണ്ടായിരുന്ന മങ്ങിയ വെട്ടം പോലും ഇന്ന് ഇല്ലാതായിരിക്കുന്നു.. ഇപ്പോൾ അവൾക്ക് എല്ലാം വ്യക്തമായി കാണാം… യാതൊരു വിധ തടസ്സങ്ങളും ഇല്ലാതെ.. അവൾ കുറേ നേരം അവളുടെ ഇരുണ്ട മുഖത്തേക്ക് തന്നെ നോക്കി… “നിന്റെ ഈ കറുപ്പ് കാണുമ്പോൾ എനിക്ക് വല്ലാത്ത കൊതി ആണ് പെണ്ണേ ” ആരോ അവളുടെ കാതിൽ പറയുന്നത് പോലെ അവൾക്ക് തോന്നി അവൾ കണ്ണുകൾ ഇറുക്കി അടച്ചു….
കുളിച്ചിറങ്ങുമ്പോൾ കണ്ണൻ കട്ടിലിൽ ഉണർന്നു കിടക്കുകയാണ്… അവൾ അവന്റെ അടുത്ത് ചെന്നിരുന്നു…. അവളിലെ അമ്മ ആദ്യമായാണ് തന്റെ മകനെ വ്യക്തമായി കാണുന്നത്.. അവന്റെ ഓരോ നോട്ടങ്ങളും ചലങ്ങളും അവൾ കൗതകത്തോടെ നോക്കി… ഇടക്ക് കണ്ണൻ അവളെ നോക്കി ചിരിക്കുന്നുണ്ട്… ചിരിക്കുമ്പോൾ അവന്റെ കുഞ്ഞി മോണകൾ കാണാൻ വാല്ലാത്ത കൗതുകം ആണ്…. അനി പറഞ്ഞത് പോലെ അവന് വെള്ളാരം കല്ലിന്റെ നിറം ആണ്… അവന്റെ കൃഷ്ണമണികൾക്ക് ഇരുണ്ട കടും കാപ്പി നിറം ആണ്…
നീണ്ട ചെമ്പൻ മുടികൾ നെറ്റിയിലേക്ക് വീണു കിടക്കുന്നുണ്ട്… അവളിലെ അമ്മക്ക് അവനിൽ നിന്ന് കണ്ണുകൾ പിൻവലിക്കാൻ ആയില്ല…. ..ചീരുവമ്മക്കൊപ്പം കണ്ണനെയും എടുത്ത് ശ്യാമ കരിങ്കാളി കാവിൽ പോയി…. കുന്നിന്റെ മുകളിൽ ഒരാൽ ചുവട്ടിൽ പ്രതിഷ്ഠിച്ച കരിങ്കൽ വിഗ്രഹം…. ഏതോ പെരുമഴയിൽ മണ്ണിടിഞ്ഞു ആ പ്രദേശം ഒക്കെ മൂടി പോയിട്ടും ആ ആലിനും ഭഗവതിക്കും മാത്രം ഒന്നും സംഭവിച്ചില്ല… ആ ആദിവാസികളുടെയും മലയന്മാരുടെയും പരദേവത ആയി അവരിന്നും ആ ദേവിയെ പൂജിച്ചു പോരുന്നു…..
ആ ആലിനു മുകളിൽ എല്ലാം ചുവന്ന ചരടിൽ കോർത്ത കറുത്ത കുപ്പിവളകൾ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്…. മോളേ ഞാൻ പറഞ്ഞില്ലേ വിളിച്ചാൽ വിളിപ്പുറത്ത് വരും കരിങ്കാളി..മോൾക്ക് കാഴ്ച്ച കിട്ടാൻ ചീരുവമ്മ ഇവിടെ ചരട് കെട്ടിയിരുന്നു… മോൾക്ക് എന്തേലും മോഹം ഉണ്ടേൽ ദേവിയോട് പ്രാർഥിച്ചു ഈ ചരടും വളയും ആലിൽ കേട്ട് മോളേ… ചീരുവമ്മ കയിലെ ചരട് ശ്യാമക്ക് നൽകി കണ്ണനെ വാങ്ങി…. ശ്യാമ ദേവീ വിഗ്രഹത്തിന് മുന്നിൽ ചെന്ന് കണ്ണടച്ച് പ്രാർഥിച്ചു… ദേവി… എന്റെ എല്ലാ കാര്യങ്ങളും അറിയാലോ നിനക്ക്…
കാഴ്ച വേണം എന്ന് ഒരിക്കലും ആഷിച്ചിട്ടില്ല… ആകെ ഒരാഗ്രഹമേ ഉള്ളൂ… എന്റെ കണ്ണന്റെ അച്ഛൻ.. അദ്ദേഹം എവിടെ ആണെന്ന് എനിക്ക് അറിയില്ല… എവിടെ ആണെങ്കിലും എത്രയും വേഗം എന്റെ കണ്മുന്നിൽ കൊണ്ട് നിർത്തി തരണം…എന്റെ കണ്ണൻ ഒരിക്കലും അച്ഛന്റെ സ്നേഹം അറിയാതെ വളരരുത് …. വേറെ ഒന്നും ഈ പെണ്ണിന് ഇനി മോഹങ്ങൾ ആയി ബാക്കി ഇല്ല…. അവൾ ആലിൻ കൊമ്പിൽ ചരട് കെട്ടി… വീട്ടിൽ എത്തി കണ്ണനെ മുല കൊടുത്ത് ഉറക്കുമ്പോൾ ആണ് ഉമ്മറത്ത് ആരോ വന്ന ശബ്ദം ശ്യാമ കേട്ടത്.. ചീരുവമ്മ വാതിൽ തുറന്നു…
ചീരുമ്മായി…. മേഘ അവരെ കെട്ടിപിടിച്ചു… ഓ മേഘ മോളേ…. നേരെ ഇങ്ങോട്ടാണോ വന്നേ…. പിന്നല്ലാതെ.. ആദ്യം കുഞ്ഞാവയെ കാണണ്ടേ… അപ്പോഴേക്കും അനിയും അകത്തേക്ക് കയറി…. ആ രണ്ടുപേർക്കും ഒരു സന്തോഷവാർത്ത കൂടി ഉണ്ട്… ശ്യാമമോൾക്ക് കാഴ്ച തിരിച്ചു കിട്ടി എന്ത്.. സത്യാണോ ..അനിയും മേഘയും ഒരുമിച്ച് ചോദിച്ചു… അതേന്നെ…ഞങ്ങളിപ്പോൾ കരിങ്കാളീടെ അമ്പലത്തിൽ പോയി വന്നതേ ഉള്ളൂ… മോള് കണ്ണന് പാല് കൊടുക്കാ…
ഞാൻ വിളിക്കാം… വേണ്ട അമ്മായി.. അത് കഴിഞ്ഞോട്ടെ.. ഏതായാലും സന്തോഷമായി…. അപ്പോളേക്കും നമുക്കൊരു ചായ കുടിക്കാം… മേഘ ചീരുവമ്മക്ക് ഒപ്പം അടുക്കളയിലേക്ക് നടന്നു…. അനിക്ക് ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി… ശ്യാമയുടെ കാഴ്ച ശക്തി തിരിച്ചു കിട്ടാൻ അവൻ അത്രത്തോളം പ്രാർത്ഥിച്ചിരുന്നു… അവന് അവളെയും കണ്ണനെയും കാണാൻ തിരക്കായി…. കണ്ണനെ ഉറക്കി കിടത്തി ശ്യാമ മുറിയുടെ വാതിൽ തുറന്നു…. തന്റെ മുൻപിൽ നിൽക്കുന്ന ആളെ അവൾ അത്ഭുതത്തോടെ നോക്കി….
അടുത്ത നിമിഷം ഓടി ചെന്നവനെ കെട്ടിപിടിച്ചു… അവളുടെ ആ പ്രവർത്തിയിൽ അനി ശരിക്കും ഞെട്ടിയിരുന്നു…. എനിക്കറിയാമായിരുന്നു….. എന്റെ പ്രാർഥന കരിങ്കാളി കേൾക്കും എന്ന്.. എന്റെ അടുത്തേക്ക് തന്നെ വരും എന്ന്…. പക്ഷെ ഇത്രയും പെട്ടന്ന് എന്റെ മുന്നിൽ കൊണ്ട് നിർത്തും എന്ന് കരുതിയില്ല…. … ശ്യാമ അനിയുടെ നെഞ്ചിൽ തലവെച്ചു സന്തോഷത്തോടെ പറഞ്ഞു…. അനി ഒരു മരവിപ്പോടെ എല്ലാം കേട്ടുനിന്നു…
🙏🙏 തുടരും..