Sunday, December 22, 2024
Novel

ശ്യാമമേഘം : ഭാഗം 15

എഴുത്തുകാരി: പാർവതി പാറു

ആ ഒന്നര മാസങ്ങൾ ചിട്ടയോടെ കിടക്കയിൽ കഴിച്ചുക്കൂട്ടിയതോടെ അടുത്ത മാസം തൊട്ട് ഡോക്ടർ അവളോട് നല്ലോണം ശരീരം അനങ്ങി നടക്കാൻ ആണ് പറഞ്ഞത്.. അതവൾക്ക് വലിയ സന്തോഷം ആയിരുന്നു.. ചീരുവമ്മയോടൊപ്പം രാവിലെ മുതൽ അവൾ അടുക്കളയിൽ കയറും… ചീരുവമ്മയെ എവിടെ എങ്കിലും പിടിച്ചു ഇരുത്തി എല്ലാ പണികളും അവൾ ഒറ്റക്ക് തന്നെ ചെയ്യും.. ആ സമയം എല്ലാം ആ അമ്മയ്ക്കും മകൾക്കും പറയാൻ ഈ സൂര്യന് താഴെ ഉള്ള ഒരായിരം വിഷയങ്ങളും ഉണ്ടായിരുന്നു….

വൈകുന്നേരം ആയാൽ ചീരുവമ്മയും ശ്യാമയും ആ കുന്നിൻ മുകളിലൂടെ എല്ലാം നടക്കും… ആ സമയങ്ങളിൽ ശ്യാമ സാരിയോ സെറ്റമുണ്ടോ ആണ് ഉടുക്കാറുള്ളത്… അവളുടെ നിറവയറിൽ പോക്കുവെയിൽ കൊള്ളിക്കാൻ… ഉദരത്തിൽ പോക്കുവെയിൽ കൊള്ളുന്നത് കുഞ്ഞിന് നല്ലതാണ്….. കുന്നിൻ മുകളിൽ എത്തിയാൽ അവർ കുറേ നേരം അവിടെ ഇരിക്കും.. ശ്യാമക്ക് എന്നും പ്രിയപ്പെട്ടതാണ് കുന്നിൻ പുറങ്ങൾ… അവിടെ ഇരുന്ന് ഒറ്റക്ക് സ്വപ്‌നങ്ങൾ കാണാൻ.. അന്നൊരു ഞായറാഴ്ച ആയിരുന്നു.. ചീരുവമ്മക്ക് പകരം അനിക്കൊപ്പം ആണ് അന്നവൾ നടക്കാൻ ഇറങ്ങിയത്…

ഈ ദിവസത്തത്തിനകം തന്നെ ആ വഴികൾ അവൾക്ക് പരിചിതം ആയിരുന്നു… വളരെ ശ്രദ്ധയോടെ അവൾ ഒറ്റക്ക് മുന്നിൽ നടക്കുന്നതും നോക്കി അനി പിന്നാലെ നടന്നു.. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഉള്ള വീതികുറഞ്ഞ നടപ്പാതയിലൂടെ വേണം കുന്നിൻ മുകളിലേക്ക് കയറാൻ.. അവിടെ നിന്നാൽ അസ്തമയം കാണാം… മേഘക്ക് അവിടം വലിയ ഇഷ്ടം ആണ്.. എപ്പോഴും കാറ്റ് വീശുന്ന… കുറച്ചു പൈൻ മരങ്ങൾ ഉള്ള വിശാലമായ പുൽത്തകിടിയാണ് ആ കുന്ന്… ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മനസ് കൊണ്ട് ശ്യാമയും ഇപ്പോൾ അവിടം ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അനിക്ക് തോന്നി…

ശ്യാമ ഒരു കൈ അടി വയറ്റിൽ താങ്ങി മറ്റേ കൈ അരയിൽ കുത്തി നടക്കുന്നത് കണ്ടപ്പോൾ അനിക്ക് ചിരി വന്നു.. എന്റെ ശ്യാമേ.. ഇത്രയും കഷ്ടപെടേണ്ട വല്ല കാര്യവും ഉണ്ടോ.. വീട്ടിൽ ഇരുന്നാൽ പോരേ… ഒന്ന്.. പോയേ.. എനിക്ക് എന്റെ കുഞ്ഞിനെ.. സുഖമായി പ്രസവിക്കണം.. ഒരു വേദനപോലും അറിയാതെ.. അതിന് ഇപ്പൊ ഇത്തിരി കഷ്ടപ്പെട്ടാലും വേണ്ടില്ല… അവൾ കിതച്ചുകൊണ്ട് പറഞ്ഞു… അവന് അവളുടെ സംസാരം കേട്ട് ചിരി വന്നു… വേദന അറിയാതെ പ്രസവിക്കാൻ പറ്റ്വോ… വേദന ഒക്കെ ഉണ്ടാവും.. എന്നാലും അതിന്റെ ശക്തി അൽപ്പം കുറക്കാലോ..

ഓ എന്നാ താൻ നടന്നോ.. അനി ചിരിച്ചു കൊണ്ട് നടന്നു.. കുന്നിൻ മുകളിൽ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു ഇരിക്കുന്ന ശ്യാമയെ ശല്യം ചെയ്യാൻ അനിക്കും തോന്നിയില്ല.. അവൻ അൽപ്പം മാറി ഇരുന്ന് ഫോണിൽ അവളുടെ ഫോട്ടോ എടുത്തു മേഘക്ക് അയച്ചു കൊടുത്തു… ഫോട്ടോ കണ്ടതും അവൾ അവനെ വിളിച്ചു… അനി… ടാ… എനിക്ക് ശ്യാമയെ കാണാൻ തോന്നുന്നു ഞാൻ അങ്ങോട്ട് വരട്ടേ.. പോടീ.. എക്സാം ആവാറായി.. അപ്പോളാ.. ഇനി നാലു മാസം കൂടി അല്ലേ ഉള്ളൂ.. എന്നിട്ട് ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ… അപ്പോളേക്കും ശ്യാമ പോയാലോ… ശ്യാമ എങ്ങോട്ട് പോവാൻ… ആ ഇത് നല്ല കഥ…

അവൾ കാത്തിരിക്കുന്ന ആള് വന്നു അവളെ കൊണ്ടുപോയാൽ… ആയാൾ വരുമോ മേഘേ… അയാൾ വന്നു ശ്യാമയെയും നമ്മുടെ കണ്ണനെയും കൊണ്ട് പോവുമോ.. പിന്നേ… അത് ഓർത്തപ്പോൾ അനിക്ക് ഉള്ളിൽ കൊത്തി വലിക്കുന്ന വേദന തോന്നി… എന്ത് പറ്റി അനി.. നീ പെട്ടന്ന് സൈലന്റ് ആയത്.. ഒന്നും ഇല്ല… എന്തോ അതോർത്തപ്പോൾ ഒരു വിഷമം പോലെ മ്മ്… എന്തൊക്കെ പറഞ്ഞാലും ശ്യാമ പോണ്ടത് അയാൾക്കൊപ്പം അല്ലേ… നിനക്ക് ഞാനില്ലേ അനി… അത് പോലൊരു കണ്ണൻ നമുക്കും ഉണ്ടാവില്ലേ.. നീ മനസ് വെച്ചാൽ ഇനി ഒരു വർഷം മതി.. എന്തേ…

അവൾ കളിയോടെ പറഞ്ഞു.. പോടീ… ആദ്യം നീ ഇങ്ങോട്ട് വാ.. എന്നിട്ട് ആലോചിക്കാം.. ഓ… അവൾ അവനെ നോക്കി കോക്രി കാണിച്ചു ഫോൺ വെച്ചു… … അനി ശ്യാമക്ക് അരികിൽ ചെന്നിരുന്നു.. എന്താടോ വലിയ ആലോചനയിൽ ആണല്ലോ ഹേയ് ഒന്നുല്ല്യ ..എന്ത് ഭംഗി ആണല്ലേ ഇവിടം കാണാൻ .. അതിന് താൻ കാണുന്നില്ലല്ലോ.. അനി ഉടനെ തന്നെ മറുപടി പറഞ്ഞു… ആരു പറഞ്ഞു.. എനിക്ക് കാണാം.. എന്റെ മനസ് കൊണ്ട്… അനി ചുറ്റും നോക്കി അവൾ പറഞ്ഞത് സത്യം ആണ്.. മൂവന്തി ആ കുന്നിൻ മുകളിൽ ഒരു ചെഞ്ചോടി നിറം വിതറുന്നുണ്ട്… ആ പുൽത്തകിടിയിൽ പലയിടങ്ങളിലായി പശുക്കളും ആടുകളും മേയുന്നുണ്ട്.. അവക്കരികിൽ കൊക്കുകളും തുമ്പികളും വട്ടമിട്ടു പറക്കുന്നുണ്ട്…

പലതരം കിളകൾ ആകാശത്തിലൂടെ കൂടുകളിലേക്ക് ചേക്കേറുന്നു….. പ്രകൃതി ഏറ്റവും മനോഹരം ആവുന്നത് സന്ധ്യയിൽ ആണെന്ന് അവന് തോന്നി.. അന്ധത ഒരു അനുഗ്രഹം ആണ് അനിരുദ്ധ്… ഒരു അന്ധക്ക് അവൾ ആഗ്രഹിക്കുന്ന കാഴ്ചകൾ മാത്രമേ കാണാൻ സാധിക്കൂ.. കാണാൻ ആഗ്രഹിക്കുന്നവരെ മാത്രമേ കാണാൻ സാധിക്കൂ.. നല്ല കാഴ്ച്ചകൾ.. നല്ല മനുഷ്യർ… മ്മ്…. ഇനി ഒരു മാസം കൂടിയേ ഉള്ളൂ കണ്ണൻ വരാൻ അല്ലേ ശ്യാമേ… അവൻ വിഷയം മാറ്റാൻ എന്നപോലെ പറഞ്ഞു… മ്മ്.. ഇനി ഒരു മാസം കൂടിയേ ഉള്ളൂ മഴകാലത്തിനും അല്ലേ… അതേ.. തനിക്ക് മഴക്കാലം ആണോ ഇഷ്ടം…

മഴക്കാലം ഇഷ്ടപ്പെടുന്നത് നിങ്ങളൊക്കെ അല്ലേ.. പ്രണയിക്കുന്നവർ.. മഴക്കെപ്പോഴും നിങ്ങളുടെ വികാരം ആണ്.പ്രണയത്തിന്റെ വികാരം… . തുടക്കത്തിൽ പ്രണയത്തിന്റെ സൗമ്യത പോലെ ആണ് ഓരോ ചാറ്റൽ മഴയും പിന്നെ മെല്ലെ മെല്ലെ പ്രണയത്തില്ലെന്ന പോലെ തീവ്രതയിലേക്ക് ഏറ്റവും ഒടുവിൽ മണ്ണിൽ കുത്തി ഒളിച്ചോഴുകി എങ്ങോട്ടോ…. ആ മഴക്കാലം കഴിഞ്ഞു ഓർക്കാൻ കുറച്ചു സുഖമുള്ള ഓർമ്മകൾ മാത്രം ബാക്കി അങ്ങനെ അല്ലേ… ആയിരിക്കാം.. ഞങ്ങളിപ്പോഴും ആ മഴകാലത്ത് തന്നെ ആണ് … മേഘയാണ് എന്റെ മഴ.. അവളൊരു മഴ ആയത് കൊണ്ടാവാം ഞാനിന്നും മുറ്റത്ത് നിന്ന് നനഞ്ഞു കൊണ്ടേ ഇരിക്കുന്നത്…

അനി ദൂരേക്ക് നോക്കി പറഞ്ഞു… വല്ലാതെ നനയണ്ട.. പനി പിടിക്കും.. . പിടിക്കട്ടെ.. അതൊരു സുഖം ഉള്ള പനി അല്ലേ.. അനി ഒരു കള്ള ചിരിയോടെ പറഞ്ഞു… അസ്തമയം ആയോ അനിരുദ്ധ്… മ്മ്.. ആയി തുടങ്ങുന്നു.. നമുക്ക് പോകാം.. ഇരുട്ടിയാൽ നടക്കാൻ ബുദ്ധിമുട്ട് ആവും… എനിക്കോ… ശ്യാമ ചിരിച്ചു കൊണ്ട് പറഞ്ഞു… സോറി ഞാൻ അത് ഓർത്തില്ല… എന്തോ ചിലപ്പോഴൊക്കെ ഞാനത് മറന്നു പോകുന്നു ശ്യാമേ… ശ്യാമ ചിരിച്ചു…. ഇങ്ങസ്തമിക്കുന്നു സൂര്യൻ പെരുവഴി തീർന്നു.., തിരിച്ചു നടക്കാം നമുക്കിനി… സ്വന്തം കുരുതിയിലേക്ക് പോകുന്നോരി – കൊമ്പ് ചുവോന്നോരറവു മൃഗങ്ങൾക്കു പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ- തെന്താഭിചാരം..? പ്രണയമോ.. പാപമോ…???

ശ്യാമ മെല്ലെ ചൊല്ലി… എന്താപ്പോ അങ്ങനെ ചൊല്ലാൻ അനി അവളെ തന്നെ നോക്കി ചോദിച്ചു… ഹേയ് ഒന്നുല്ല്യ… എവിടെയോ കേട്ട വരികൾ ആണ്… ഇപ്പോൾ എന്തോ നാവിൻ തുമ്പിൽ വന്നു… ആഹാ താൻ കവിതയൊക്കെ ചൊല്ലുമോ… അല്ല താൻ ഏത് വരെ പഠിച്ചു.. ജോലി ഉണ്ടോ.. ഒന്നും പറഞ്ഞില്ലല്ലോ.. ഞാൻ അധികം പഠിച്ചിട്ടൊന്നും ഇല്ല അനി.. ഡിഗ്രി തന്നെ എങ്ങനെ ഒക്കെയോ ആണ് കംപ്ലീറ്റ് ചെയ്തത്.. ഞാൻ പറഞ്ഞില്ലേ അച്ഛന്റെ അവസ്ഥ കഷ്ടം ആയിരുന്നു… എല്ലാം പറയാം ഞാൻ അനിയോട്.. എനിക്ക് കുറച്ചു കൂടി സമയം വേണം… മറ്റൊന്നും കൊണ്ടല്ല.. പറയാൻ തുടങ്ങിയാൽ പൊട്ടി പോവും ഞാൻ പിടിച്ചു വെച്ചിരിക്കാ എല്ലാം…

ഞാൻ ഇപ്പോൾ ഒന്നല്ല രണ്ടാണ് എനിക്കുള്ളിൽ രണ്ടു ജീവനും രണ്ടു മനസും ഉണ്ട്.. ഒരു പെണ്ണിന് മാത്രം കിട്ടുന്ന ഭാഗ്യം ആണത്… ഏറ്റവും സുന്ദരമായ നിമിഷം… എന്റെ കണ്ണൻ ഒന്ന് പുറത്ത് വന്നോട്ടെ… അവൻ ഈ ഉള്ളിൽ കിടക്കുമ്പോൾ വീണ്ടും വീണ്ടും കരയാൻ വയ്യ എനിക്ക്…എന്റെ മനസിനുള്ളിൽ പുകയുന്ന വേദന എന്റെ കണ്ണന്റെ മനസ് ഇപ്പോൾ അറിയണ്ട… വേണ്ട ശ്യാമേ… എനിക്ക് ഇപ്പോൾ ഒന്നും അറിയണ്ട.. താൻ എപ്പോൾ ആണേലും പറഞ്ഞാൽ മതി… തന്റെ ഇഷ്ടം പോലെ..ഒരു കാര്യം എനിക്ക് അറിയാം… തന്റെ മനസിന് താങ്ങാൻ കഴിയാത്ത എന്തോ വേദന ഉണ്ടായിട്ടുണ്ട് എന്ന് ..

നമുക്ക് ഏറ്റവും കൂടുതൽ വേദനിക്കുന്നത് എപ്പോൾ ആണെന്ന് അനിരുദ്ധ് ആലോചിച്ചിട്ടുണ്ടോ.. ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുമ്പോൾ…. അത് നഷ്ടമാവുമ്പോൾ… ഏറ്റവും സ്നേഹിച്ചവർക്ക് മാത്രമേ നമ്മളെ ഏറ്റവും വേദനിപ്പിക്കാനും കഴിയൂ… അത് ഞാൻ എന്റെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ സത്യം ആണ്… എനിക്കിപ്പോൾ ആരെയെങ്കിലും സ്നേഹിക്കാൻ പേടി ആണ് അനിരുദ്ധ് വേദനിക്കേണ്ടി വരുമോ എന്ന പേടി.. ഒരു പക്ഷെ കണ്ണനെ പോലും താൻ സ്നേഹിക്കുന്ന അത്രയും ഞാൻ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല… ഉണ്ടെങ്കിലും അത് പ്രകടം ആക്കാൻ എനിക്ക് കഴിയുന്നില്ല…

ശ്യാമ പറഞ്ഞത് ഒരു വലിയ സത്യം ആണെന്ന് അനിക്കും തോന്നി വേദന അത് ജനിക്കുന്നത് തന്നെ സ്നേഹത്തിൽ നിന്നും അല്ലേ.. സ്നേഹത്തിന്റെ മറ്റൊരു മുഖം അല്ലേ വേദന… തന്റെ വേദന എന്നും തന്റെ അമ്മ ആണ്.. സ്നേഹത്തിന്റെ പര്യായവും… അവൻ ഓർത്തു… ദിവസങ്ങൾ വീണ്ടും കടന്നു പോയി…. ശ്യാമ ഒരു ഗർഭിണിയുടെ എല്ലാ പൂർണ്ണതകളിലേക്കും എത്തി തുടങ്ങി കാലുകൾ നീര് വെച്ച് വീർത്തു തുടങ്ങി.. വയർ താഴെക്കിറങ്ങി പ്രസവദിനങ്ങൾ അടുത്ത് തുടങ്ങി എന്ന് ഓർമ്മിപ്പിച്ചു… നടക്കുമ്പോഴുള്ള കിതപ്പും… കുനിയാനും നിവരാനും ഉള്ള അയാസാക്കുറവും എല്ലാം അവൾ ആസ്വദിക്കുകയായിരുന്നു.. രാത്രിയിലെ ഉറക്കം അവൾക്ക് നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു..

കിടന്നാൽ കാലിൽ ഉരുണ്ടു കയറുന്ന വേദനയാണ്… അവളുടെ നിദ്രാ വിഹീനമായ രാത്രികൾക്ക് കൂട്ടിരിക്കാനും കാലുഴിഞ്ഞു കൊടുക്കാനും എന്നും അനി ഉണ്ടായിരുന്നു..അനിയുടെ ശബ്ദം കേട്ടാൽ വയറ്റിനുള്ളിൽ നിന്ന് കണ്ണൻ ചവിട്ടും കുത്തും തുടങ്ങും.. അവർ തമ്മിൽ വല്ലാത്തോരു ആത്മബന്ധം ഉണ്ടെന്ന് ശ്യാമക്ക് തോന്നി… അതിൽ ഏറ്റവും കുശുമ്പ് മേഘക്ക് ആയിരുന്നു… ഇടക്ക് അവൻ മേഘയെ വിഡിയോ കാൾ ചെയ്യും…. പുലരുവോളം അവർ മൂന്നുപേരും ഓരോന്ന് പറഞ്ഞു ഇരിക്കും.. മേഘയുടെ ശബ്ദം കേട്ടാലും ഇടക്ക് കണ്ണൻ പ്രതികരിക്കും..

അപ്പോൾ മേഘക്ക് സ്വർഗം കിട്ടിയ സന്തോഷം ആണ്…ശ്യാമക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്നതിൽ അനിയും മേഘയും ഒരു കുറവും വരുത്തിയില്ല… . ശ്യാമയുടെ എല്ലാ പ്രതിസന്ധികളിലും കൈത്തായങ്ങായി അവരിരുവരും നിന്നു… നല്ല സുഹൃത്തുക്കളെ പോലെ.. നല്ല കൂടപ്പിറപ്പുകളെ പോലെ… എല്ലാം എല്ലാം ആയി.. അങ്ങനെ ഒടുവിലെ ദിവസങ്ങൾ എണ്ണി എണ്ണി ശ്യാമ കാത്തിരുന്നു അവളുടെ രാജകുമാരനെ…. അവൾക്കൊപ്പം അനിയും കാത്തിരിക്കുകയായിരുന്നു ആരുമല്ലെങ്കിലും ആരൊക്കെയോ ആയി മാറിയ അവന്റെ കണ്ണനെ….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 14