Saturday, January 18, 2025
Novel

ശ്യാമമേഘം : ഭാഗം 1

എഴുത്തുകാരി: പാർവതി പാറു

ഡി. .. വെള്ളാരംക്കല്ലേ നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടോ.. മൊബൈൽ സ്‌ക്രീനിൽ അവളുടെ കുറുമ്പ് പിടിച്ച മുഖം നോക്കി അവൻ പറഞ്ഞു… അയ്യടാ.. ഇപ്പൊ അങ്ങനെ ആയോ… കഴിഞ്ഞ ആഴ്ച്ച എന്നെ പറഞ്ഞു വിടാൻ നല്ല ഉഷാറായിരുന്നല്ലോ…. അവളെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന അവനോട് പറഞ്ഞു കൊണ്ട് അവൾ മൊബൈൽ സ്‌ക്രീനിൽ അവന് നേരെ ഒരടി വെച്ച് കൊടുത്തു… അത് പിന്നെ..

ഒരു ശല്യം ഒഴിഞ്ഞു കിട്ടുമല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാ.. പക്ഷെ അത് ഇത്രയും വലിയ മിസ്സിംഗ്‌ ആവും എന്ന് പ്രദീക്ഷിച്ചില്ലടി.. നീ പോടാ പൊട്ടക്കണ്ണാ.. ഞാൻ അപ്പളേ പറഞ്ഞതാ.. നാട്ടിലെ വല്ല തല്ലിപ്പൊളി കോളേജിൽ നിന്നും പിജി എടുത്താൽ മതി എന്ന്.. അപ്പോൾ നിനക്കല്ലായിരുന്നോ നിർബന്ധം എന്നെ അങ്ങ് ജെ.എൻ. യൂ വിൽ വിട്ട് തന്നെ പഠിപ്പിക്കണം എന്ന്… എന്നിട്ടിപ്പോ എന്തായി..

ഈ ഡൽഹിയിലെ കൊടും തണുപ്പിൽ ഞാൻ മരവിച്ചു പോവുന്നത് ആരേലും അറിയുന്നുണ്ടോ.. അവൾ ബ്ലാങ്കറ്റ് ഒന്നുകൂടി പുതച്ചു ചെരിഞ്ഞു കിടന്നു… എടി എടി… ഇങ്ങനെ ഒന്നും പറയല്ലേ എന്റെ കണ്ട്രോൾ പോവുന്നു… അതിനിപ്പോ കണ്ട്രോൾ പോവാൻ മാത്രം ഞാൻ എന്നാ പറഞ്ഞേ.. നീ അല്ലേ പറഞ്ഞേ നിനക്ക് തണുത്തിട്ട് വയ്യെന്ന്…. അപ്പോൾ എനിക്ക് ചൂടാക്കാൻ തോന്നില്ലേ.. ഞാനും ഇവിടെ തണുത്ത് വിറച്ചിരിക്കാ…

അവൻ സ്വറ്റർ ശരീരത്തോട് മുറുക്കി പറഞ്ഞു… അയ്യടാ.. അടുക്കളേൽ പോയി അടുപ്പത്ത് ഇരിക്കുന്ന ചോറും കലത്തിന്റെ മൂട്ടിൽ പോയി തൊട്ടോ നല്ല ചൂട് കിട്ടും .. പോടീ.. നീ ഒട്ടും റൊമാന്റിക് അല്ല… അവൻ കപട ദേഷ്യത്തോടെ പറഞ്ഞു.. ആണോ.. ന്റെ കുട്ടി അങ്ങ് സഹിച്ചോ… അല്ലാപ്പിന്നെ.. നട്ടപാതിരക്കാ അവന്റെ ഒരു ഒലുപ്പിക്കല്.. എനിക്ക് ഉറക്കം വരുന്നു… അവൾ കുറുമ്പോടെ പറഞ്ഞു.. ഓ… എന്നാ എനിക്കും ഉറക്കം വരുന്നു.. ഗുഡ് നൈറ്റ് .

അവൻ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു… എന്നാ കട്ടാക്കിക്കോ.. . അവൾ ഉള്ളിലെ ചിരി അടക്കി വെച്ചു പറഞ്ഞു.. നീ വെച്ചോ നിനക്കല്ലേ ഉറക്കം വരുന്നേ… ശെരി.. എന്നാ ഞാൻ വെക്കട്ടെ… അവന്റെ മൗനം കണ്ട് അവൾക്ക് വീണ്ടും ചിരി വന്നു.. ഞാനിപ്പോൾ വെക്കുമേ…. അവൾ വീണ്ടും പറഞ്ഞു… അവനപ്പോഴും സ്‌ക്രീനിൽ നിന്ന് മുഖം തിരിച്ചു തന്നെ നിന്നു… ഞാനിതാ വെക്കാൻ പോവാണ്.. വൺ.. ടു… അയ്യോ വെക്കല്ലേ വെക്കല്ലേ ഒരഞ്ചു മിനിറ്റ് കൂടി പ്ലീസ്…

അവൻ കൊഞ്ചി.. ഓ ഇത്രയും പെട്ടന്ന് പിണക്കം മാറിയോ.. അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു… മ്മ്.. മാറി അവൻ തല താഴ്ത്തി ചിരിച്ചു… അയ്യോ… നീ പെണ്ണുങ്ങളെകാളും കഷ്ടം ആണല്ലോ… ആ നഖം വായിലിട്ട് കടിക്ക്.. പിന്നെ കാൽവിരൽ കൊണ്ട് നിലത്ത് കളം വരക്ക്… ഈശ്വരാ ഇങ്ങനെ ഒരു ഒമ്പതിനെ ആണല്ലോ ഞാൻ പ്രേമിച്ചേ… അവൾ നെഞ്ചത്ത് കൈവെച്ചു പറഞ്ഞു.. ടി. ടി.. എന്റെ പുരുഷത്ത്വത്തെ ചോദ്യം ചെയ്യരുത് അതെനിക്ക് ഇഷ്ടല്ല….

അവൻ സ്‌ക്രീനിൽ അവൾക്ക് നേരെ കൈചൂണ്ടി.. . ഓ വലിയൊരു പുരുഷൻ…. ന്റെ പൊട്ടക്കണ്ണാ… എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട… പണ്ട് കോളേജില് ബോയ്സ്ന്റെ ടോയ്‌ലെറ്റിന്റെ പുറകിൽ നിന്ന്…. മതി മതി… ബാക്കി പറയണ്ട… നീ ഇതും പറഞ്ഞു എന്നെ ബ്ലാക്ക്‌ മെയിൽ ചെയ്യാൻ തുടങ്ങീട്ട് കുറേ കാലായി.. നീ ഇങ്ങോട്ട് തിരിച്ചു വാടി വെള്ളാരം കല്ലേ…

ചേട്ടൻ കാണിച്ചു താരം ന്റെ പവർ എന്താണെന്ന്… അവൻ അവന്റെ കുറ്റി മീശ പിരിച്ചു കൊണ്ട് പറഞ്ഞു…. അവൾക്കത് കണ്ട് ചിരി വന്നു… ന്റെ അനി…. പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അപ്പച്ചീടെ മോന് വരെ വന്നു നല്ല കട്ടിക്ക് മീശ.. നിന്റെ ഈ പൂട മാത്രം എന്താ ഇങ്ങനെ മുരടിച്ചു പോയത്.. അവൾ താടിക്ക് കൈകൊടുത്ത് പറഞ്ഞു… അത് ഞാൻ ചെറുപ്പത്തിൽ മോര് കുടിക്കാഞ്ഞിട്ട…. ആണോ.. എന്നാ ഇപ്പോൾ കുടിക്ക്…. അപ്പോൾ നീ ചാവാറാവുമ്പോളേക്കും വീരപ്പന്റെ പോലെ ഉള്ള കട്ടി മീശ വരും..

നീ കളിയാക്കണ്ട… ഞാനിപ്പോൾ പുതിയ ഒരു മരുന്ന് ട്രൈ ചെയ്തോണ്ട് ഇരിക്കാ… ഇതേൽക്കും എനിക്ക് ഉറപ്പാ.. എന്താത്…. നീ ആരോടും പറയണ്ട…. കരടി നെയ്യ് അവൻ ശബ്ദം താഴ്ത്തി പറഞ്ഞു… ഓ അത്രേ ഉള്ളൂ.. ഞാൻ വിചാരിച്ചു വല്ല കഞ്ചാവും ആവുമെന്ന്… കഞ്ചാവ് വലിച്ചാൽ മീശ വളരോ… അവൻ സീരിയസ് ആയി ചോദിച്ചു… പിന്നെ നീ ഈ ബോബ് മാർലിയെ ഒക്കെ കണ്ടിട്ടില്ലേ.. എന്നാ മീശയും താടിയും ആണ്… എന്നാ അതൊരു കൈ നോക്കിയാലോ..

അവൻ സീരിയസ് ആയി പറഞ്ഞു.. അയ്യോ ഇങ്ങനെ ഒരു മണുഗൂസൻ… എന്ത് പറഞ്ഞാലും വിശ്വസിക്കും… വെറുതെ അല്ല നിന്നെ കോളേജില് പത്ത് പൈസ എന്ന് വിളിച്ചിരുന്നേ… പത്തല്ല ഒരു ഇരുപത് പൈസയുടെ കുറവ് ഉണ്ട് നിനക്ക്.. ഡി.. . ഡി .. മതി മതി…. ഒരേ പോസ്റ്റിലേക്ക് വീണ്ടും വീണ്ടും ഗോളടിക്കല്ലേ… മ്മ്.. ശെരി ശെരി… എന്നാൽ നമുക്ക് കിടക്കല്ലേ… മണി ഒന്നായി.. നാളെ ക്ലാസ്സ്‌ ഉണ്ട് ചെക്കാ… അവൾ മലർന്ന് കിടന്നു കൊണ്ട് പറഞ്ഞു… ഉറക്കം വരുന്നുണ്ടോ എന്റെ പെണ്ണിന്… അവൻ പ്രണയത്തോടെ പറഞ്ഞു… കുറച്ചു..

അവൾ കണ്ണുകൾ മെല്ലെ അടച്ചു പറഞ്ഞു… ന്നാ ന്റെ കുട്ടി ഉറങ്ങിക്കോട്ടോ… ഗുഡ് നൈറ്റ്… അവൻ സ്ക്രീനിലെ അവളുടെ മുഖത്തിൽ ചുംബിച്ചു… ഗുഡ് നൈറ്റ്… ഉമ്മ… വെച്ചോ.. അവൾ പറഞ്ഞു.. നീ വെച്ചോ… അവൻ പറഞ്ഞു… അനി… വെക്കടാ… അവൾ വീണ്ടും പറഞ്ഞു…. നീ വെച്ചോടി… അനിയേട്ടാ… അവൾ പ്രണയത്തോടെ വിളിച്ചു.. അയ്യോ ഞാൻ വെച്ചു.. അവൻ പെട്ടന്ന് പറഞ്ഞു ഫോൺ വെച്ചു.. അവൾ അവന്റെ ഫോൺ വെക്കൽ കണ്ട് പൊട്ടി ചിരിച്ചു.. ഫോൺ നെഞ്ചിലേക്ക് ഇട്ടു… വാട്ട്‌ ഈസ്‌ ദിസ്‌ മേഘ…

ഇത് വരെ ഉറങ്ങിയില്ലേ.. അവളുടെ ചിരികേട്ട് ഉണർന്ന റൂം മേറ്റ് ആതിര ചോദിച്ചു… മ്മ്.. ഉറങ്ങാൻ പോവാ.. അവൾ പുതപ്പ് തലവഴി മൂടി ചുരുണ്ടു കിടന്നു… അനി ഫോണിലെ വാൾ പേപ്പറിലെ അവന്റെ വെള്ളാരംകല്ലിന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു… മേഘേ… വയ്യടി നിന്നെ കാണാതെ…. വല്ലാതെ ശ്വാസം മുട്ടുന്നു എനിക്ക്…. അവൻ അവളുടെ ഫോട്ടോയിൽ ചുംബിച്ചു കട്ടിലിലേക്ക് മറിഞ്ഞു…..

തുടരും..