ശ്രീശൈലം : ഭാഗം 3
നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്
“ഏട്ടനെന്താ ഇവിടെ”
അത്ഭുതം കലർന്ന മന്ദഹാസത്തോടെ ഞാൻ തിരക്കി.
“എന്തേ എനിക്ക് ഇതുവഴി വരാൻ പാടില്ലെന്ന് നിയമം ഉണ്ടോടീ”
“എന്റെ ഏട്ടാ വെറുതെ എന്നോട് വഴക്കിടണ്ട.അപ്രതീക്ഷിതമായി ഏട്ടനെ കണ്ടതിനാൽ ചോദിച്ചതാണ്”
“ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയിട്ട് വരുന്ന വഴിയാണ്”
ഏട്ടനു ഇവിടെ ആരാ ഫ്രണ്ടായിട്ടുളളതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഏട്ടൻ പറഞ്ഞതു മുഴുവനും വെള്ളം തൊടാതെ വിഴുങ്ങാനും ഞാൻ ഒരുക്കമല്ലായിരുന്നു..
“ഏട്ടൻ ബാംഗ്ലൂരിൽ നിന്ന് എന്നെത്തി..എന്റെ അടുത്ത് ഒന്നു പറഞ്ഞതുപോലുമില്ലല്ലോ?”
പരിഭവം മുഴുവനും ഞാൻ ചോദ്യരൂപേണ തൊടുത്ത് വിട്ടു.ഏട്ടൻ ഒന്നും പറഞ്ഞില്ല.പകരം ഏട്ടന്റെ കണ്ണുകൾ ശ്രീക്കുട്ടിയിൽ ആയിരുന്നു..
“ഏതാടീ ഈ അവതാരം”
ഏട്ടൻ എനിക്ക് കേൾക്കാൻ പാകത്തിൽ കോഡ് ഭാഷയിലാണ് ചോദിച്ചത്..ഞാൻ ശ്രീക്കുട്ടിയെ എന്നോട് ചേർത്തു നിർത്തി..
“ഏട്ടാ ഞാൻ എപ്പോഴും പറയാറില്ലേ ശ്രീക്കുട്ടിയെ കുറിച്ച്. ആ ശ്രീക്കുട്ടിയാണു ഈ ശ്രീ”
ശ്രീക്കുട്ടിയെ ഞാൻ ഏട്ടനു പരിചയപ്പെടുത്തി.. ഞാൻ ശ്രീയെ കുറിച്ച് ഏട്ടനോട് സംസാരിക്കാറുണ്ടെങ്കിലും ശ്രീക്കുട്ടിയുടെ ഫോട്ടോയൊന്നും ഇതുവരെ കാണിച്ചിട്ടില്ല..
“ഹായ് ശ്രീക്കുട്ടി…ഞാൻ ശൈലേഷ്”
കുറച്ചു ഒൗപചാരികതയെന്ന രീതിയിൽ ഏട്ടൻ ശ്രീക്കുട്ടിക്ക് നേരെ ഷേക്ക് ഹാൻഡിനായി കൈകൾ നീട്ടി…
“അതേ അത്രക്കൊന്നും വേണ്ട”
കൈകൊടുക്കാൻ ഒരുങ്ങിയ ശ്രീക്കുട്ടിയുടെ കൈകൾ ഞാൻ പെട്ടെന്ന് വലിച്ചെടുത്ത്. ഏട്ടൻ ചമ്മിപ്പോയി.ആ ചമ്മൽ ഏട്ടൻ മറക്കാനായി ശ്രമിച്ചു..
“നിങ്ങൾ വീട്ടിലേക്കല്ലേ വാ ഞാൻ ഡ്രോപ്പ് ചെയ്യാം”
ഏട്ടൻ കാറിലേക്ക് കയറി. ഞങ്ങൾ പിൻ സീറ്റിലും കയറി. ഏട്ടൻ കാർ മുന്നോട്ട് ഓടിച്ചു..
“ഏട്ടാ അമ്മക്ക് എങ്ങനെയുണ്ട്”
“അതിനു അമ്മക്ക് എന്ത് പറ്റി”
ഏട്ടൻ പിന്നിലേക്ക് തല തിരിച്ചു.ഞാനും ശ്രീയും അമ്പരന്നു പോയി..
“അച്ഛൻ വിളിച്ചു പറഞ്ഞൂല്ലൊ..ഞാൻ ഉടനെ ചെല്ലാനായിട്ട്”
“ഓ..സോറി…ഞാൻ അത് മറന്നു പോയി.അമ്മക്ക് കുറവുണ്ട്.പക്ഷേ നിന്നെ കാണണമെന്ന് അതിയായ ആഗ്രഹം”
ഏട്ടൻ പറഞ്ഞതൊക്കെ എനിക്ക് ഉൾക്കൊളളാൻ പ്രയാസം തോന്നി.ഏട്ടൻ എന്നിൽ നിന്ന് എന്തെക്കയൊ മറക്കാൻ ശ്രമിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്തു…
“സത്യം പറയ് ഏട്ടാ..അമ്മക്ക് എന്താ പറ്റീത്”
ഞാൻ കരയാൻ തുടങ്ങി.. ശ്രീക്കുട്ടി എന്റെ കയ്യിൽ ബലമായി അമർത്തി മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു…
“കരയാൻ മാത്രം ഒന്നുമില്ല. അമ്മയൊന്ന് വീണു.അത്രയെയുള്ളൂ”
ഏട്ടൻ വളരെ നിസാരമട്ടിലാണു സംസാരിച്ചത്.പക്ഷേ എന്റെ മനസിൽ തീമഴയാണു പെയ്തത്…
“എന്തായാലും വീട്ടിൽ ചെല്ലട്ടെ..സത്യം അന്നേരം അറിയാമല്ലോ”
യാത്രയിലുടനീളം പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചതേയില്ല.ഞാൻ മൗനത്തിലായതോടെ ശ്രീക്കുട്ടിയും നിശബ്ദയായി..
വഴിയിൽ ഇടക്ക് ചായ കുടിക്കാൻ ഇറങ്ങിയത് ഒഴിച്ചാൽ മറ്റ് താമസം ഒന്നും ഉണ്ടായില്ല..
ഞങ്ങൾ തറവാട്ടിലെത്തുമ്പോൾ സമയം സന്ധ്യമയങ്ങിയിരുന്നു.കാർ മുറ്റത്ത് നിന്നതോടെ ഡോർ തുറന്നു ഞാൻ അകത്തേക്കോടീ.ശ്രീക്കുട്ടി കൂടെ വന്നതൊക്കെ ഞാൻ മറന്നു…
ഓടിക്കിതച്ചു ഞാൻ ചെന്ന് നിന്നത് അച്ഛന്റെ മുമ്പിൽ ആയിരുന്നു. എന്നെ കണ്ടതും അച്ഛൻ ചിരിച്ചു..
“മോളെന്താ അണക്കുന്നത്”
പട്ടിയെപ്പോലെ നിന്ന് ഞാൻ കിതക്കുന്നത് കണ്ടിട്ടാണു അച്ഛന്റെ ചോദ്യം..
“അമ്മയെവിടെ അച്ഛാ”
അച്ഛന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ച് ഞാൻ അമ്മയെ തിരക്കി.
“അടുക്കളയിൽ കാണും”
അച്ഛനിൽ ഞാൻ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല..
“അച്ഛനല്ലേ വിളിച്ചു പറഞ്ഞത് അമ്മ വീണൂന്നും നടു ഉളുക്കിയതെന്നും പെട്ടെന്ന് വരണമെന്നൊക്കെ”
അച്ഛന്റെ മുഖത്ത് കളളച്ചിരി തെളിഞ്ഞു..
“നിന്റെ അമ്മക്ക് നിന്നെ കാണണമെന്നൊരു മോഹം.വിളിച്ചാൽ നീ വരില്ലെന്ന് അറിയാവുന്നതിനാൽ അവളാണു പറഞ്ഞത് ചെറിയൊരു നുണയങ്ങ് വെച്ചു കാച്ചാൻ.പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് അങ്ങ് തീരുമാനം എടുത്തു.അല്ല പിന്നേ”
എനിക്ക് പറ്റിക്കപ്പെട്ടതിലുളള സങ്കടമല്ല തോന്നിയത്.മറിച്ച് അമ്മക്കൊന്നും സംഭവിക്കാഞ്ഞതിലുളള ആശ്വാസമായിരുന്നു..
അപ്പോഴേക്കും ഏട്ടനും ശ്രീക്കുട്ടിയും കൂടി അകത്തേക്ക് കയറി വന്നു..
“നീ നല്ലയാളാ എന്നെ കൂടെ കൊണ്ട് വന്നിട്ട് വീട് കണ്ടപ്പോൾ എല്ലാം മറന്നു പോയി ല്ലെ”
“സോറിയെടീ ശ്രീക്കുട്ടി.. അമ്മയുടെ കാര്യം ഓർത്ത് നല്ല ടെൻഷനിൽ ആയിരുന്നു”
ഞാൻ ശ്രീക്കുട്ടിയെ ആശ്വസിപ്പിച്ചു..
“അച്ഛാ ഇതാണ്…”
ഞാൻ ബാക്കി പൂർത്തിയാക്കാൻ അച്ഛൻ സമ്മതിച്ചില്ല..
“ശ്രീക്കുട്ടി അല്ലെ”
“അതെ അച്ഛാ”
അച്ഛനു മറുപടി നൽകിയത് ശ്രീക്കുട്ടി ആയിരുന്നു. ഫോൺ വിളിക്കുമ്പോഴും നാട്ടിൽ വരാറുളളപ്പോഴും എനിക്ക് ശ്രീയെ കുറിച്ച് പറയാനേ സമയമുള്ളൂ.അങ്ങനെ ശ്രീക്കുട്ടി ഈ വീട്ടിൽ സുപരിചിതയാണ്..
“നീ വാടീ അമ്മയെ കണ്ടിട്ടു വരാം”
.
ഞാൻ കൂട്ടുകാരിയുടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് ചെന്നു.അവിടെ അമ്മ പാചകത്തിലാണ്..
ഞങ്ങളെ കണ്ടിട്ട് അമ്മ ഗൗനിച്ചില്ല…
“കളളം പറഞ്ഞു വിളിച്ചു വരുത്തിയതും പോരാ കണ്ടിട്ട് മൈൻഡുമില്ല”
ഞാൻ ഉറക്കെ ചോദിച്ചതും അതുവരെ മസിൽ പിടിച്ചു നിന്ന അമ്മ പൊട്ടിച്ചിരിച്ചു..
“എന്നാലും ഇത്രക്കും വേണ്ടീരുന്നില്ല”
ഞാൻ പരിഭവം മറച്ചു വെച്ചില്ല..
“നിനക്ക് ഞങ്ങളെ കാണാൻ വരാൻ മടിയല്ലേ.ചോദിച്ചാലോ എപ്പോഴും പഠിക്കാൻ ഒരുപാടുണ്ടെന്ന് പറയും”
അമ്മ അതു പറഞ്ഞു കഴിഞ്ഞാണ് ശ്രീക്കുട്ടിയെ കണ്ടത്..അവളെ കണ്ടതും അമ്മ അടുത്തെത്തി മുടിയിഴകളിൽ തലോടി..
“ശ്രീക്കുട്ടി”
അമ്മക്ക് സംശയം ഒന്നും ഇല്ലായിരുന്നു..
“ഇവൾ പറഞ്ഞതിനെക്കാൾ സുന്ദരിയാണല്ലോ ശ്രീക്കുട്ടി.അമ്മക്ക് ഇഷ്ടായിട്ടോ”
ശ്രീയുടെ നെറ്റിയിൽ അമ്മ ചുണ്ടുകൾ അമർത്തി. പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു..
“അയ്യേ മോളെന്തിനാ കരയുന്നത്”
അമ്മയും ഞാനും വല്ലാതെയായി…
“ഒന്നൂല്ല അമ്മേ ഞാൻ പെട്ടെന്ന് എന്റെ അമ്മയെ ഓർത്തുപോയി”
ശ്രീക്കുട്ടി വിങ്ങിപ്പൊട്ടി.എനിക്കും സങ്കടമായി..
“ശൈലി പറഞ്ഞു ഞങ്ങൾക്ക് എല്ലാം അറിയാം.മോളു കരയണ്ടാ..എനിക്ക് ഇപ്പോൾ മൂന്ന് മക്കൾ ആണ്”
അമ്മ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു..
“ഞാൻ അമ്മേയെന്ന് വിളിച്ചോട്ടെ.ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മയുടെ വാത്സല്യവും സ്നേഹവും നുകരാനായിട്ട്”
“അമ്മ തന്നെയാണ്.. സങ്കടപ്പെടേണ്ട”
അമ്മ ഓരോന്നും പറഞ്ഞു ശ്രീയുടെ സങ്കടം ഇല്ലാതാക്കാൻ ശ്രമിച്ചു..
“എന്നോട് കരയരുതെന്ന് കൽപ്പനയിട്ടിട്ട് നീ കിടന്ന് കണ്ണീർ ഒഴുക്കുകയാണല്ലോടീ .എന്നെക്കാൾ വലിയ സെന്റി ആണല്ലൊ ദുരുവേ നീ”
ഞാൻ ശ്രീയെ കളിയാക്കി.അവളുടെ മൂഡ് മാറ്റിയില്ലെങ്കിൽ രാത്രി മുഴുവനും അവളുടെ സെന്റി ഞാൻ താങ്ങേണ്ടി വരും..
അമ്മ രണ്ടു കപ്പിൽ ചായ എടുത്തു ഞങ്ങൾക്ക് തന്നു..
“ചായ കുടിച്ചിട്ട് തണുത്ത വെളളത്തിൽ രണ്ടാളും കൂടി കുളിക്ക്..ക്ഷീണമൊക്കെ മാറട്ടെ”
അമ്മയുടെ ഉപദേശം സ്വീകരിച്ചു ഞാനും ശ്രീക്കുട്ടിയും കുളിച്ചു വന്നു…
രാത്രിയിലെ ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടി മുറ്റത്ത് കസേരയിട്ട് വിശേഷങ്ങൾ പറഞ്ഞിരുന്നു. കിടക്കുമ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞു…
ഞാനും ശ്രീക്കുട്ടിയും കൂടി എന്റെ മുറിയിലാണു കിടന്നത്.ഞാൻ വീട്ടിൽ വരുമ്പോൾ താമസിച്ചാണു ഉണരാറുളളത്…
പതിവില്ലാതെയന്ന് അമ്മ രാവിലെ എന്നെ വിളിച്ചു ഉണർത്തി..
“മോളു ചെന്ന് കുളിച്ചിട്ട് ക്ഷേത്രത്തിലേക്ക് ഒന്ന് പോയിട്ടുവാ”
“വൈകിട്ട് പോകാം അമ്മേ”
“പറ്റില്ല പോയിട്ട് വേഗം വരാൻ നോക്ക്.ശ്രീ മോളെ കൂടി കൂട്ടിക്കോ”
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ശ്രീക്കുട്ടിയെയും വെളുപ്പിനെ വിളിച്ചുണർത്തി കുളിച്ചൊരുങ്ങി ഞങ്ങൾ അടുത്തുള്ള കണ്ണന്റെ അമ്പലത്തിലേക്ക് പോയി..
സ്കൂട്ടർ വീട്ടിൽ ഉണ്ടെങ്കിലും ശ്രീയുടെ ഇഷ്ട പ്രകാരം പാടവരമ്പിലൂടെ നടന്നാണു പോയത്..
കൊയ്യാൻ പാകമായ നെൽ വിളവുകൾ തലയുയർത്തി നിൽക്കുന്നത് ശ്രീക്കുട്ടിയെ ഹരം കൊള്ളിച്ചു…
“ഡീ ശൈലി എനിക്കൊരു സംശയം ചെറിയ സംശയമാണ്. എത്രത്തോളം സത്യം ഉണ്ടെന്ന് അറീല്ല”
“എന്റെ ശ്രീ നീയെന്നെ ടെൻഷനാക്കാതെ കാര്യം പറയെടീ”
ഞാൻ വെപ്രാളത്തോടെ ശ്രീക്കുട്ടിയെ നോക്കി…
“ഡീ ഇന്നലത്തെ ഫോൺ വിളിയും ഏട്ടന്റെ വരവും ഇപ്പോൾ അമ്മ നിർബന്ധിപ്പിച്ച് അമ്പലത്തിൽ വിടുന്നതും കൂടി കണക്കിലെടുത്താൽ എവിടെക്കയൊ ആകപ്പാടെയൊരു പൊരുത്തക്കേട്”
“എന്റെ ശ്രീ നീ കാര്യം തെളിച്ചു പറയൂ”
ഞാൻ നിസ്സഹായതോടെ കേണൂ..
“ഒരു പെണ്ണുകാണലിന്റെ ഒരുക്കങ്ങൾ പിന്നിൽ നടക്കുന്നില്ലേയെന്ന് ഒരു സംശയം”
“ഒന്നു പോടീ എനിക്ക് വയസ്സ് പതിനെട്ട് ആകുന്നതെയുള്ളൂ..സ്വന്തമായിട്ടിരു ജോലി അതൊരു സ്വപ്നമാണു.അച്ഛൻ വാക്ക് തന്നിട്ടുണ്ട് ”
ശ്രീക്കുട്ടിയുടെ സംശയം എനിക്കും തോന്നിയിരുന്നെങ്കിലും സ്വയം സമാധാനിക്കാൻ ശ്രമിച്ചു…
“ശ്രീ എന്തു വന്നാലും കല്യാണ ആലോചനയാണെങ്കിൽ നീയതൊന്ന് മുടക്കി തരണം”
“അതൊക്കെ ഞാൻ ഏറ്റെടീ..നീ ധൈര്യമായി ഇരിക്ക്”
ശ്രീക്കുട്ടി ആത്മവിശ്വാസം പകർന്നെങ്കിലും അരുതാത്തതെന്തൊ സംഭവിക്കാൻ പോകുന്നെന്ന് എനിക്ക് മനസിൽ തോന്നി…
(തുടരും)