Sunday, December 22, 2024
Novel

ശ്രീശൈലം : ഭാഗം 2

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

ഞാനാകെ ഭയപ്പെട്ടുപോയതോടെ ശ്രീക്കുട്ടിയുടെ കയ്യും പിടിച്ചു മുമ്പോട്ട് നടന്നു.

പിന്നിൽ നിന്ന് ഏത് നിമിഷവുമൊരു അറ്റാക്ക് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.നടക്കുന്നതിനിടയിൽ ഞാൻ ഇടക്കൊന്ന് പിന്തിരിഞ്ഞു നോക്കി.അടികിട്ടിയ മുഖത്ത് കൈവെച്ചു കാത്തി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.

“ശ്രീക്കുട്ടി എനിക്കാകെ ഭയം തോന്നുന്നു”

“എന്തിനാടി ഇവന്മാർക്കൊക്കെ സമയാസമയം പൊട്ടിച്ചില്ലെങ്കിൽ ശരിയാകില്ല”

ശ്രീക്കുട്ടിയുടെ മുഖത്ത് വെറുപ്പ് നിറഞ്ഞെങ്കിലും എന്നിൽ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.

“വേണ്ട ശ്രീക്കുട്ടി.അവരൊക്കെ എന്തും ചെയ്യാൻ മടിക്കാത്തവരാണ്”

“നീയൊന്ന് പോടീ ഇങ്ങനെയുമുണ്ടോ ഒരുപേടി”

ശ്രീക്കുട്ടിയുടെ കൂസലില്ലായ്മ എന്നിൽ ഭയം തന്നെയാണ് വളർത്തിയത്.എന്തിനും ഏതിനും മടിക്കാത്ത നികൃഷ്ട ജീവികൾ..

“പേടിക്കണ്ടവരെ പേടിച്ചല്ലേ പറ്റൂ”

“എന്റെ ശൈലി നീയാ വായൊന്ന് അടക്കിപ്പിടിച്ചു വാ”

ശ്രീക്കുട്ടിയങ്ങനെ പറഞ്ഞതോടെ ഞാൻ സൈലന്റായി..ഹോസ്റ്റലിൽ എത്തി മൊബൈലിൽ തോണ്ടിയിരിക്കുന്ന ടൈമിലാണു വീട്ടിൽ നിന്ന് വിളി വന്നത്.ഇതെന്തിനാണു ഇപ്പോളൊരു വിളിയെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..

“മോളേ എത്രയും പെട്ടെന്ന് നീ വീട്ടിലേക്കൊന്ന് വരണം”

അച്ഛന്റെ സ്വരം കേട്ടതും എന്നിലൊരു ആന്തലുണ്ടായി.

ഈശ്വരാ ആർക്കെങ്കിലും എന്തെങ്കിലും ആപത്ത് പിണഞ്ഞോ.അങ്ങനെയൊന്നും സംഭവിക്കരുതേ.ഞാൻ മൗനമായി പ്രാർത്ഥിച്ചു..

“എന്തുപറ്റി അച്ഛാ പെട്ടെന്ന്”

“അച്ഛൻ പറയുന്നത് കേട്ടിട്ട് നീ പേടിക്കുകയൊന്നും വേണ്ടാ.അമ്മ കുളിമുറിയിലൊന്ന് തെന്നി വീണു.നടുവൊന്ന് ഉളുക്കി”

“ന്റെ ദേവി എന്റെ അമ്മക്ക്..”

ഞാൻ കരഞ്ഞു തുടങ്ങി..

“മോൾ വേഗം വീട്ടിലേക്ക് പോരേ”

അച്ഛൻ ഫോൺ കട്ടു ചെയ്തു. അപ്പോഴേക്കും എന്റെ കരച്ചിൽ കേട്ടു ശ്രീക്കുട്ടി ഓടിവന്നു..

“എന്താടീ എന്തുപറ്റി”

“അമ്മക്ക്.അമ്മക്ക്..”

ഗദ്ഗദത്താൽ എനിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

“ശൈലി നീ എന്നെക്കൂടി പേടിപ്പിക്കാതെ കാര്യം പറയൂന്നേ”

ഞാനൊരുവിധം കരച്ചിൽ അടക്കിപ്പിടിച്ചു..

“അമ്മ ബാത്ത് റൂമിൽ തെന്നി വീണു. നടുവുളുക്കിയെന്ന്”

“അതിനാണോടീ പിശാചേ അലറിക്കൂവി പേടിപ്പിക്കുന്നത്”

ശ്രീക്കുട്ടി കയർത്തതോടെ എന്റെ കരച്ചിൽ ഓട്ടോമാറ്റിക്കായി നിന്നു.

“അച്ഛൻ പിന്നെന്ത് പറഞ്ഞു”

“എത്രയും പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ”

ഞാൻ വീണ്ടും നിലവിളി തുടങ്ങി..

“നീയൊന്ന് അടങ്ങ് പെണ്ണേ..വീട്ടിലേക്ക് പോകാം.ഈ പ്രാവശ്യം ഞാൻ കൂടി വരുന്നു”

ഞാൻ തെല്ലൊരു അമ്പരപ്പോടെ ശ്രീക്കുട്ടിയെ നോക്കി.

“എന്താടീ മിഴിച്ചു നോക്കുന്നത്”

“നീയും കൂടി വരുന്നോ?”

വിശ്വാസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു പോയി.

“നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ വരുന്നില്ല”

അവൾ മുഖം വീർപ്പിച്ചു പിണങ്ങി നിന്നു.അതെന്നിൽ സങ്കടം വർദ്ധിപ്പിച്ചു..

“നീ വരുന്നതിൽ എനിക്ക് സന്തോഷമേയുളളൂ ശ്രീ..വരുമോന്ന് ഉറപ്പിക്കാനായി വീണ്ടും ചോദിച്ചൂന്നു മാത്രം”

“നീയെല്ലാം പായ്ക്ക് ചെയ്യ്..ഞാൻ വീട്ടിലേക്കൊന്ന് വിളിച്ചു പറയട്ടെ”

ശ്രീക്കുട്ടി അവളുടെ അച്ഛനെ വിളിച്ചു വിവരം പറയുന്ന സമയത്തിനുള്ളിൽ ഞാൻ റെഡിയാകാൻ തുടങ്ങി. .ഇടക്ക് ശ്രീക്കുട്ടി ചിണുങ്ങുന്നതിന്റെ അലയൊലികക്ക് എന്റെ കാതിൽ വീണു..

ശ്രീക്കുട്ടിയും അച്ഛനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമാണ്.അവളുടെ അച്ഛൻ ആളൊരു രസികനാണ്.ഇടക്കിടെ വീട്ടിലേക്ക് വിളിക്കുമ്പോൾ ശ്രീക്കുട്ടി ലൗഡ് സ്പീക്കർ ഓൺ ചെയ്തു സംസാരം കേൾപ്പിക്കും.എന്നോടും അദ്ദേഹം സംസാരിക്കാറുണ്ട്…

രണ്ടു ബാഗിലായി എന്റെയും ശ്രീക്കുട്ടിയുടെയും ഡ്രസുകൾ എടുത്തു വെച്ചു.അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞു ശ്രീ എനിക്ക് അരുകിലെത്തി.. അവളുടെ മുഖം വീർത്തിരുന്നു..

“അച്ഛൻ എന്ത് പറഞ്ഞെടീ”

“പോകണ്ടാന്ന്”

വിഷാദമായിരുന്നു ശ്രീയുടെ മുഖത്ത്.എന്റെ മുഖവും പെട്ടെന്ന് വാടിപ്പോയി..

പൊടുന്നനെ ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചത്.അവൾ എന്നെ കബിളിപ്പിച്ചതാണെന്ന് എനിക്ക് മനസ്സിലായി..

“നിന്റെ കൂടെ ആയതിനാൽ അച്ഛൻ സമ്മതിച്ചു”

എനിക്ക് നല്ല ദേഷ്യം വന്നു. ശ്രീയുടെ കയ്യിൽ വേദനിപ്പിച്ചു നല്ലൊരു നുളളു കൊടുത്തു..

“ഡീ എനിക്ക് നന്നായിട്ട് നോവുന്നുണ്ട് ”

“ഉവ്വോ കണക്കായിപ്പോയി”

എന്റെ കോപം കണ്ടിട്ടും ശ്രീക്കുട്ടിക്ക് ചിരിയാണ് വന്നത്.അവൾ കുടുകുടെ ചിരിച്ചു കൊണ്ടിരുന്നു..

“നീ ഇളിക്കാതെ ഒരുങ്ങാൻ നോക്കെടീ കൊച്ചേ..സമയം വൈകി”

ഞാൻ ശ്രീക്കുട്ടിയെ ഓർമ്മിപ്പിച്ചതും ധൃതിയിൽ അവൾ ഒരുങ്ങാൻ തുടങ്ങി..

“സമയം അഞ്ചുമണി കഴിഞ്ഞു. വീട്ടിലെത്തുമ്പോൾ ഇരുട്ടും”

മൊബൈലെടുത്ത് ഞാൻ സമയം നോക്കി.അഞ്ചുമണി കഴിഞ്ഞു പതിനൊന്ന് മിനിറ്റായി..

“ദാ ഞാൻ റെഡിയായി”

ജീൻസും ടോപ്പും ധരിച്ച് സുന്ദരിക്കുട്ടിയായി ശ്രീ ഒരുങ്ങി വന്നു.ഞാൻ വൈറ്റ് കളറിൽ ഡിസൈൻ ചെയ്തൊരു ചുരീദാർ ആണ് ഇട്ടിരുന്നത്..

“വാ പോയേക്കാം”

റൂം പൂട്ടി ഞങ്ങൾ നേരെ ഹോസ്റ്റൽ വാർഡൻ ചേച്ചിയെ കണ്ടു കാര്യം പറഞ്ഞു..

“ചേച്ചീ വീട്ടിൽ ചെന്നിട്ട് അവിടത്തെ അവസ്ഥ അറിഞ്ഞിട്ട് ഞാൻ വിളിക്കാം”

“ശ്രീക്കുട്ടിയും വരുന്നുണ്ടോ?”

സംശയത്തോടെ അവർ ചോദിച്ചു..

“ഉണ്ട് ചേച്ചി”

വാർഡൻ ചേച്ചിയൊരു പാവമാണ്.. പത്ത് മുമ്പത്തഞ്ച് വയസ് പ്രായം ഉണ്ട്. പക്ഷേ കണ്ടാലത്രയും പറയില്ല..സുന്ദരിയാണ് കാണാൻ..

ചേച്ചിക്കൊരു പ്രണയം ഉണ്ടായിരുന്നു. ആത്മാർത്ഥമായിരുന്നു.പക്ഷേ വിധി അവരെ ഇരുവരെയും ഒരുമിപ്പിച്ചില്ല.ഒരു ആക്സിഡന്റിൽ പുള്ളിക്കാരൻ മരിച്ചു പോയി.ചേച്ചി ഇപ്പോഴും ആളുടെ ഓർമ്മയുമായി ജീവിക്കുകയാണു.വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചെങ്കിലും പുള്ളിക്കാരി വീട് വിട്ടിറങ്ങി.പിന്നീട് ഇവിടെ ജോലിക്ക് കയറി..

“അച്ഛനോട് സമ്മതം വാങ്ങിയോ മോളേ”

“എപ്പോഴേ വാങ്ങി.അച്ഛൻ സമ്മതിക്കുകയും ചെയ്തു”

“ചേച്ചിയോട് ദേഷ്യമൊന്നും തോന്നരുത്.നിങ്ങളുടെ ഇവിടത്തെ സംരക്ഷണം എന്റെ ഉത്തരവാദിത്വം ആണ്”

“അറിയാം ചേച്ചി..സാരമില്ല ..എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ”

ഇത്രയും പറഞ്ഞിട്ട് ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി. നേരെ റോഡിൽ ചെന്നു നിന്നു.

“ഏതെങ്കിലും കാലിയോട്ടോ വന്നാൽ കയറാം.നേരെ ബസ് സ്റ്റാൻഡിൽ ചെന്നാൽ നേരിട്ടുള്ള ബസ് കിട്ടും.ഇരിക്കാൻ സീറ്റും ലഭിക്കും”

ഞാൻ ശ്രീക്കുട്ടിയോട് പറഞ്ഞു. അവൾക്കും അത് സമ്മതമായിരുന്നു. കുറച്ചു സമയം കൂടി ഞങ്ങൾ അങ്ങനെ നിന്നു.ഒരു ഓട്ടോ പോലും വന്നില്ല…

നിരാശയോടെ ഞങ്ങൾ അങ്ങനെ നിൽക്കുമ്പോൾ ഒരു കാർ വന്ന് മുമ്പോട്ട് നീങ്ങി നിന്നു. ആരാണു അതെന്ന് അറിയാൻ ഞങ്ങൾ അങ്ങോട്ട് നോക്കി…

കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി..

“ഏട്ടൻ ശൈലേഷ്”

(തുടരും)

ശ്രീശൈലം : ഭാഗം 1