Friday, November 15, 2024
Novel

ശക്തി: ഭാഗം 20

എഴുത്തുകാരി: ബിജി

തന്നിലും പ്രണയം നിറയുമെന്ന് മനസ്സിലാക്കി തന്നവൻ….. ഒരു നോട്ടം കൊണ്ടു പോലും തന്നെ തരളിതയാക്കിയവൻ…….. അവൻ്റെ നെഞ്ചോരം ചേർന്നാൽ ഈ ലോകം വിസ്മൃതിയിലാകുമെന്ന് മനസ്സിലാക്കി തന്നവൻ …… തന്നിലെ പെണ്ണിനെ പൂർണ്ണതയിലാക്കിയവൻ…… ഇപ്പോഴി കാണുന്ന രാഗലയ വെറും ജഡമാണ് ശക്തി…… ഇനിയൊരിക്കലും കാണാതിരിക്കടെ ……. നിന്നോർമ്മകൾ എന്നിൽ മരിക്കട്ടെ….. ലയ മദറിനെ മെല്ലെ പിടിച്ചെഴുന്നേല്പ്പിച്ച് നടത്തി പുറത്തു നെല്ലിമരത്തിൻ്റെ ഇളം തണലിൽ ഇരുത്തി…….

അവിടിരുന്നാൽ കോൺവെൻറിലേക്കുള്ള എൻട്രൻസ് കാണാം കോൺവെൻ്റിലെ കുറച്ച് കുട്ടികൾ അവർക്കുള്ള പാർക്കിൽ കളിക്കുന്നുണ്ട്. ലയ ഇവിടെ എത്ര ദിവസമായിന്ന് അറിയുമോ……? അവൾ മദറിനോട് ഒന്നും പറയാതെ മിഴി താഴ്ത്തി നിന്നു. എൻ്റെ കുട്ടിയെ അയൺ ബട്ടർഫ്ലൈ എന്നു വിളിക്കുന്നതിന് എനിക്ക് നിരവധി കാരണങ്ങളുണ്ട് ഏറ്റവും പ്രധാനം എൻ്റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതു തന്നെ……. രാഗലയയുടെ ചുറ്റും ഒരുപാട് പേർ ഉണ്ടായിരുന്നു അല്ലേ. രാഗലയയേ കളങ്കമില്ലാതെ സ്നേഹിക്കുന്നവർ……

രാഗലയ മനസ്സിൽ കാണുമ്പോൾ അതു കൈയ്യിൽ കൊണ്ടു തരുന്ന അച്ഛൻ ലാളനയോടെ ചെറുതിലെ മുതലേ നല്ലതും ചീത്തയും പറഞ്ഞു തരുന്ന അമ്മ….. കഥകൾ പറഞ്ഞു തന്നും കുറുമ്പിനു കൂടെ കൂടുന്ന അമ്മമ്മ അപ്പച്ചി അങ്ങനെ നീളും രാഗലയയെ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റ്. ഇടയിൽ മനസ്സിൽ കൂടുകൂട്ടിയ ശക്തി…… ആഗ്രഹിച്ചതു പോലെ പതിയായും അയാളെത്തന്നെ ലഭിച്ചു. രാഗലയയ്ക്കു ചേരുന്നവൻ.

മൂക്കിൻ തുമ്പിൽ ദേഷ്യമെങ്കിലും സൗമ്യൻ…… രാഗലയയുടെ പ്രാണൻ അല്ലേ……. sorry അങ്ങനെ ഇപ്പോൾ പറയാൻ കഴിയില്ലല്ലോ ഒരിക്കൽ പ്രാണനായിരുന്നവൻ’…… അതല്ലേ ശരി……ഡിവോഴ്സിന് ഗാർഹീക പീഢനം എന്നു പറഞ്ഞു ഫയൽ ചെയ്തു കഴിഞ്ഞാൽ എന്തു പ്രാണൻ അല്ലേ……. ലയയുടെ മിഴികൾ പെയ്തു കൊണ്ടേയിരുന്നു. എവിടേക്കാമോളേ ഈ ഒളിച്ചോട്ടം നിനക്ക് ചുറ്റുമുള്ളവർ പ്രാണനേക്കാളും നിനക്ക് പ്രീയപ്പെട്ടവർ ആണെന്നറിയാം….. നിൻ്റെ കളി ചിരികൾ കണ്ടു സന്തോഷിച്ചവരും.

നി കാരണം അഭിമാനം കൊണ്ടവരും ഇന്നു നീറുകയാണ്……. എന്നിട്ടും ആരും ഒരു വാക്കു കൊണ്ടു പോലും നിന്നെ വേദനിപ്പിക്കുന്നില്ല…….. പ്രത്യേകിച്ച് ശക്തി……. നീ വേദനിക്കാതിരിക്കാൻ …… അവൻ നിന്നിൽ നിന്ന് അകലം പാലിക്കുന്നത്. അവളുടെ വേദന നിറഞ്ഞ മുഖം കാണുമ്പോൾ മദറിലും നോവ് ഉണർത്തി….. ലയയുടെ പ്രശ്നം ഇതൊന്നും പെട്ടെന്ന് ഉൾക്കൊള്ളാനാവുന്നില്ല….. പിന്നെ തനിക്ക് സ്വന്തമെന്നു കരുതിയ ബന്ധങ്ങളൊക്കെ പെട്ടെന്ന് അതല്ലാതായി അല്ലേ……

അവരെന്നും നിന്നോടൊപ്പമുണ്ട്. എത്ര അകലേക്ക് നീ പോയാലും അവരെല്ലാം നിന്നെ തേടി വരും. ശക്തിയുടെ പ്രണയത്തെപ്പോലും സഹാനുഭൂതിയുടെ പേരിലാണെന്ന് ചിന്തിച്ചല്ലോ നീ. അതോ ശക്തിയുടെ ഭാര്യയാകാനുള്ള യോഗ്യതയില്ലെന്നുള്ള തോന്നലോ. ശക്തി നിന്നിലെ പ്രണയത്തെയാണ് സ്നേഹിച്ചത്. നിൻ്റെ നൻമയെ നിന്നെ നീയായി കണ്ടാണ് അവൻ പ്രാണനിൽ ചേർത്തത്. ശക്തിക്ക് ലയ ഇല്ലെങ്കിലോ ലയക്ക് ശക്തിയില്ലെങ്കിലോ പൂർണ്ണതയുണ്ടാവില്ല. ഇനി നിൻ്റെ പ്രശ്നം നിൻ്റെ ജന്മ രഹസ്യം……. ലയ……… തീവ്ര പ്രണയത്തിൽ ജനിച്ച കുട്ടി തന്നെയാണ്…

ഇരവത്തൂർ മനയിലെ സത്യജിത്ത് അന്യമതത്തിൽപ്പെട്ട അനീറ്റയുമായി പ്രണയത്തിലാകുന്നു…… ഇരുവീടുകളിലും ഈ ബന്ധം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒടുവിൽ സത്യജിത്ത് അനീറ്റയെ രജിസ്റ്റർമാര്യേജ് ചെയ്ത് ഈ നാട്ടിലേക്ക് താമസം മാറുന്നു. പിന്നീടുള്ള അവരുടെ ദിവസങ്ങൾ പ്രണയത്തിൻ സൗരഭ്യം നിറഞ്ഞതായിരുന്നു.അവർ മത്സരിച്ച് പ്രണയിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അനീറ്റ ഗർഭം ധരിക്കുന്നു……. പിന്നെ അവരുടെ കാത്തിരുപ്പ് തങ്ങളുടെ ജീവാംശത്തിനു വേണ്ടിയായിരുന്നു.

മാസങ്ങൾ കടന്നു പോയി എട്ടാം മാസത്തിന് ഒടുവിൽ രാത്രിയിൽ പ്രസവവേദന തുടങ്ങിയതിനാൽ അനീറ്റമായി വേഗം കാറിൽ സത്യജിത്ത് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. കാറിൽ പിൻസീറ്റിൽ വേദന കൊണ്ട് അലറി വിളിക്കുന്ന ഭാര്യ …… സഹായത്തിന് ആരും ഉണ്ടായിരുന്നില്ല……എന്തോ പെട്ടെന്ന് അനീറ്റയുടെ നിലവിളി കേട്ടപ്പോൾ സത്യജിത്ത് തിരിഞ്ഞു നോക്കി…. ശ്രദ്ധ മാറിയതും. വണ്ടി മറ്റൊരു വണ്ടിയിലിടിച്ച് മറിഞ്ഞു.സ്പോട്ടിൽ സത്യജിത്ത് മരിച്ചു.

ഹോസ്പിറ്റലിൽ വച്ച് അനീറ്റയും പെട്ടെന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. കുഞ്ഞ് രക്ഷപെട്ടു……. ആ കുട്ടിയാണ് രാഗലയ……. ലയയുടെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു……. സത്യജിത്ത് അനീറ്റ…….. അച്ഛനും അമ്മയും……. തന്നെ കാണാതെ…… പോയി…… ലയ പൊട്ടിക്കരഞ്ഞു. ലയേ……. മദറവളെ വേദനയോടെ. വിളിച്ചു. ദുഖത്തിൻ ആഴക്കടലിൽ ശ്വാസ കിട്ടാതെയവൾ പിടഞ്ഞിരുന്നു….. മദർ……. ലയയുടെ ശബ്ദം ചിലമ്പിച്ചിരുന്നു. നമ്മുടെ ചുറ്റും നിരവധി വേദനകളാൽ പിടയുന്നവരെ കാണാം……. മാറാരോഗങ്ങൾ പിടിപെട്ടവർ……

അംഗവൈകല്യം സംഭവിച്ചവർ….. അച്ഛനാൽ വരെ പിച്ചിച്ചീന്തപ്പെട്ടവർ…… കൂട്ടബലാൽസംഗത്തിന് ഇരയായവർ…… മക്കളുപേക്ഷേിക്കുന്ന വൃദ്ധജനങ്ങൾ…… നമ്മുടെയൊക്കെ വേദന ഇതിൻ്റെയൊക്കെ ഇടയിൽ ഒന്നുമല്ലെന്നു തോന്നും എന്തിന് റീജണൽ ക്യാൻസർ സെൻററിൽ കുട്ടികളുടെ വാർഡുണ്ട് ……. ആ വാർഡിൻ്റെ വരാന്തയിലൂടെ ഒന്നു നടക്കുക…….. ചത്തു ജീവിക്കുന്ന അച്ഛനമ്മമാരെ കാണാം…… പ്രാണൻ പിടയുന്ന വേദനകളിൽ അലറിക്കരയുന്ന കുരുന്നുകളെയും കാണാം. ഒരിറ്റുവെള്ളം ഇറക്കാനാവാതെ…. തൊണ്ടവരണ്ട് ചിറിയുണങ്ങി…… ഇത്തിരി വെള്ളത്തിനായി……

കരയാൻ പോലും കഴിയാതെ…… കുരുന്നുകൾ…… മുലപ്പാൽ പോലും കൂടിക്കാൻ കഴിയാതെ തളർന്നു പോകുന്ന പിഞ്ചു പൈതങ്ങൾ അതൊക്കെ കണ്ടും കേട്ടും ജീവിക്കുന്ന നിരവധി അച്ഛനമ്മമാരേ കുറിച്ച് ഒന്നാലോചിക്ക്. ലയേ നീ ഭാഗ്യവതിയാണ്…… നീ അഴുക്കുചാലുകളിൽ എത്തപ്പെട്ടില്ല…… കാമവെറിയന്മാരുടെ കൈകളിൽ അകപ്പെട്ടില്ല. നിൻ്റെ മാനത്തിന് ആരും വിലപേശിയില്ല വിശപ്പിൻ്റെ കയ്പ്പൂ നീർ അറിഞ്ഞിട്ടില്ല. ഒരച്ഛൻ്റേയും അമ്മയുടേയും പരിലാളനകൾ അറിഞ്ഞു തന്നെയാണ് വളർന്നത്…… ഒരിക്കലും പാൽ ചുരത്താത്ത ഭാമയുടെ മുലക്കണ്ണുകൾനീകരയുമ്പോൾ നിൻ്റെ വായിൽ തിരുകിക്കൊണ്ട് നിൻ്റെ കരച്ചിലടക്കിയിട്ടുണ്ട്. ഭാമ…… ഇതൊക്കെ കേട്ട് സർവ്വം തകർന്നിരുന്നു……..

ലയ ഒരിറ്റു ആശ്രയത്തിനായി നെല്ലിമരത്തിൽ ബലമായി പിടിച്ചു. മിഴികൾ പിന്നെയും പിന്നെയും പെയ്തു കൊണ്ടേയിരുന്നു ശക്തി എന്നോടു പറഞ്ഞു…… ഡിവോഴ്സ് നിൻ്റെ ഇഷ്ടം പോലെ നടക്കട്ടേന്ന് നീ എന്തു തീരുമാനിച്ചാലും അവനു സമ്മതമാണെന്ന്……. അവൻ സ്ഥലം മാറ്റം വാങ്ങിപ്പോയി…. നിനക്ക് ശല്യമായി നിൻ്റെ കൺവട്ടത്ത് വരാതിരിക്കാനായി ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ഇതു കൂടി കേട്ടതും ചുറ്റും ശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിൽ അകപ്പെട്ടതു പോലെ അവൾ ഉഴറി.

മദറിൻ്റെ ശുഷ്കമായ കൈത്തണ്ടയിലേക്കവൾ ബോധമറ്റു വീണു ലയ കണ്ണു തുറക്കുമ്പോൾ…….. ചുറ്റും…… അവളെ സ്നേഹിക്കുന്നവർ……. അച്ഛൻ, അമ്മ, അപ്പച്ചി, അനിരുദ്ധ്, ലയ…….. അവരുടെ കണ്ണുകളിലൊക്കെ സന്തോഷം…….. അവളുടെ കണ്ണുകളൊന്നു ചുറ്റി കറങ്ങി ആരെയോ തേടും പോലെ……. നിരാശയോടവൾ കണ്ണടച്ചു കിടന്നു…….. ഡോക്ടർ ഇന്ദുലേഖ….. മെല്ലെയവളെ വിളിച്ചു……. രാഗലയാ ……. ലയ കണ്ണു തുറന്നു. പുഞ്ചിരിയോടെ തന്നെ നോക്കുന്ന ആ മുഖത്ത് ഉറ്റുനോക്കി രാഗലയ അമ്മയാകാൻ പോകുന്നു……. അമ്പരന്നവൾ എല്ലാവരേയും മാറി മാറി നോക്കി…… കുട്ടികളക്ടർ വരാൻ പോകുന്നു.

നീലു പറഞ്ഞതും എല്ലാവരും ചിരിച്ചു. കുട്ടി കളക്ടർ…… അതു കേട്ടതും ലയ വിവശയായി അവൾ മെല്ലെ തൻ്റെ ഉദരത്തിൽ കൈ ചേർത്തു…… ആ കണ്ണുകൾ നിറഞ്ഞിരുന്നു…… ഭാമയവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു……. ലയ സ്ട്രെസ്സ് ഒന്നു മാറ്റിവയ്ക്ക്…. ഡോ.ഇന്ദുലേഖ പറഞ്ഞതും ലയയിൽ വിളറിയ ചിരി തെളിഞ്ഞു. നല്ല മ്യൂസിക് കേൾക്കുക നല്ല പുസ്തകങ്ങൾ വായിക്കുക. ഇഷ്ടമുള്ള തൊക്കെ ചെയ്യുട്ടോ….. കഴിവതും സന്തോഷമായിരിക്കുക. അടുത്ത ചെക്കപ്പിനു വരുമ്പോൾ ഹസ്ബൻഡിനെ കൂട്ടീട്ടു വരണം….. അതു കേട്ടതും ലയയുടെ മിഴികൾ താഴ്ന്നു. താൻ പ്രഗ്നൻ്റാണെന്നു ശക്തി അറിയേണ്ടെന്നു എല്ലാവരോടും ലയ പറഞ്ഞു.

അതല്ല അങ്ങനെ ഒരു നീക്കം ഉണ്ടായാൽ ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകും അവൾ അതും പറഞ്ഞ് കണ്ണടച്ചു കിടന്നു. രുദ്രനും ഭാമയും ലയയെ വീട്ടിലേക്ക് കൂട്ടിട്ടു പോയി…… പിന്നിടുള്ള ദിവസങ്ങളിലൊക്കെയും ലയ തൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെ ഓർമ്മകളിൽ……. തന്നിലെ അമ്മയെന്ന അനുഭൂതിയിൽ മുഴുകിയിരുന്നു……. ശക്തിയുടെ ഓർമ്മകളിലേക്ക് വഴുതി വീഴുമ്പോഴും അവൾ തൻ്റെ മനസ്സിനെ ബലപ്പെടുത്തി……. തൻ്റെ കുഞ്ഞിൻ്റെ ഓർമ്മകളിൽ….. മറ്റെല്ലാം അവൾ മനപ്പൂർവ്വം വിസ്മൃതിയിലേക്ക് തള്ളിമാറ്റിയിരുന്നു. അങ്ങനെയൊരുനാൾ ലയയ്ക്ക് ഫസ്റ്റ് ഹിയറിങിന് ചെല്ലാനായി കുടുംബകോടതിയിൽ നിന്ന് നോട്ടീസ് വന്നു.

അതും പിടിച്ച് ലയ വിറങ്ങലിച്ച് നിന്നു. അവളുടെ ചിന്തകളിൽ ബ്രൗൺ നിറത്തിലുള്ള തീഷ്ണതയുള്ള കണ്ണുകൾ തെളിഞ്ഞു. അവൻ്റെ കുസൃതികളാൽ പൂത്തുലയ്യുന്ന തങ്ങളുടേതു മാത്രമായ നിമിഷങ്ങൾ ഒരു വേള അവളുടെ മുഖമൊന്നു ചുവപ്പിച്ചു ഇതിനോടകം ഡിവോഴ്സിനെക്കുറിച്ച് ഭാമയുൾപ്പടെ എല്ലാവരും അറിഞ്ഞിരുന്നു. അവളെ അതിലേക്ക് നയിച്ച ചേതോവികാരം രുദ്രനൊഴികെ ബാക്കിയാർക്കും അറിയില്ലായിരുന്നു. രുദ്രൻ്റെ കർശന നിർദ്ധേശത്താൽ ഭാമയോ ബാക്കി ആരും അവളോട് ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രുദ്രനാണ് ലയയെ കുടുംബകോടതിയിലേക്ക് കൊണ്ടുപോയത്……

രുദ്രനവളോട് ഒന്നും സംസാരിച്ചില്ല. അച്ഛൻ്റെ കടുപ്പത്തിലുള്ള മുഖം അവളെ വേദനയിലാഴ്ത്തി. ശക്തിയുടെ കാർ അങ്ങോട്ടെത്തി….. കാറിൽ നിന്നിറങ്ങുന്ന ശക്തിയെ കണ്ടതും ശരീരത്തിലാകമാനം ഒരു പെരുപ്പ് അനുഭവപ്പെട്ടു. അവളറിയാതെ അവളുടെ കൈ ഉദരത്തിലമർന്നു. ശക്തിയുടെ മുഖത്ത് ഗൗരവം തിങ്ങിനിറഞ്ഞിരുന്നു. രുദ്രനെ കണ്ടതും ശക്തി അങ്ങോട്ടേക്കു വന്നു. പുഞ്ചിരിയോടെ ശക്തി രുദ്രനെ കെട്ടിപ്പിടിച്ചു. ഒരുവേള ലയയിലേക്ക് നോട്ടം പാളിയതും…. ഇരുവരുടേയും മിഴികളിടഞ്ഞു…… ശക്തിപെട്ടെന്ന് തന്നെ നോട്ടം മാറ്റി. ശക്തി കോടതിയിൽ ലയ പെറ്റിഷനിൽ പറഞ്ഞ ആരോപണങ്ങളെല്ലാം അംഗീകരിച്ചു.

താങ്കൾ ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയാണ്. ഗാർഹിക പീഡനം അംഗീകരിച്ചാൽ താങ്കൾക്കുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരിക്കുംല്ലോ…… ജഡ്ജ് അതു പറഞ്ഞതും ലയ ഞെട്ടലോടെ ശക്തിയെ നോക്കി…… അറിയാം….. ശക്തി പറഞ്ഞു. സ്വന്തം ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നവൻ എങ്ങനെ സമൂഹത്തിന് മാതൃകയാവും…… എൻ്റെ പദവിയെ ബാധിക്കും. സമൂഹം എന്നെ കാർക്കിച്ചു തുപ്പും ശ്രീശക്തി IAS ….. പോയി വെറും ശക്തിയാവും. പുഞ്ചിരിയോടെയാണവൻ പറഞ്ഞതെങ്കിലും ആ നെഞ്ചു പൊടിയുന്നത് അവൾക്ക് മനസ്സിലാകുമായിരുന്നു. എൻ്റെ ഭാര്യ എന്നിൽ നിന്ന് ഡിവോഴ്സ് നേടാൻ ആഗ്രഹിക്കുന്നു. അത് എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കുക.

അതു മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ. ലയയുടെ മുഖം കുനിഞ്ഞു.താൻ എത്ര വലിയ ദ്രോഹമാണ് ശക്തിയോട് ചെയ്തതെന്നു അവൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത തൻ്റെ പ്രാണനെ…….. അവൻ്റെ വർഷങ്ങളായി കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ IAS എന്ന പദവിയെ…… തൻ്റെ സ്വാർത്ഥതയ്ക്കു വേണ്ടി…… അവന് നഷ്ടപ്പെടുത്തേണ്ടി വരിക……. ലയ പെട്ടെന്ന് പരവശയായി. അവൾ തലയുയർത്തി നോക്കിയപ്പോഴേക്കും ശക്തി കാറെടുത്തു പൊയ്ക്കഴിഞ്ഞിരുന്നു. ലയ രുദ്രൻ്റെ അടുത്തെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.

അവളെ ചേർത്തു പിടിച്ചു. ആശ്വസിപ്പിക്കാൻ മാത്രമേ ആ അച്ഛനായുള്ളു. ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…… ലയക്കിത് ആറാം മാസമാണ്….. രാഗലയത്തിൽ ചെറിയൊരു ആഘോഷ ചടങ്ങ് നടക്കുകയാണ് ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട്…… രുദ്രൻ്റെയും ഭാമയുടെയും ഇരുപത്തി അഞ്ചാം വിവാഹ വാർഷീകം ലയ ഒരു പിങ്ക് സാരിയുടുത്ത് ഇറങ്ങി വന്നു. ഉന്തിയ വയറുമായി അവൾ അമ്മയുടേയും അച്ഛൻ്റേയും അടുത്തേക്ക് നീങ്ങി……. അമ്മമ്മയും അമ്മാവനും എത്തിയിരുന്നു. നീലു കാക്കിയുമായി വന്നു…..

കേക്കുമുറിക്കാൻ സമയം ആയപ്പോഴേക്കും…… തൻ്റെ പിറകിൽ പരിചയമുള്ള സൗരഭ്യം അറിഞ്ഞതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി ശക്തി അവളുടെ അടുത്ത് നിന്ന് കേക്ക് കട്ടു ചെയ്യുന്നത് കാണുകയാണ്……. അപ്പോഴാണ് ശക്തി അവളുടെ ഉന്തിയ വയറു കാണുന്നത്……. ശക്തിക്ക് തൻ്റെ മേലാകേ കോരിത്തരിക്കുന്നതു പോലെ……. പെട്ടെന്നവൻ്റെ കണ്ണു നിറഞ്ഞു. തൻ്റെ ചോരയെ ഉദരത്തിൽ പേറി നനവാർന്ന കണ്ണുകളോടെ തന്നെ നോക്കി നില്ക്കുന്ന തൻ്റെ പ്രാണൻ എപ്പോ കണ്ടാലും വഴക്കും ബഹളവും ഇതൊക്കെ എപ്പോ കാക്കി…… ശക്തിയുടെ കാതിൽ പറഞ്ഞു….

അതിനു മറുപടിയായി ശക്തിയുടെ ചുണ്ടിൽ നനുത്ത പുഞ്ചിരി വിരിഞ്ഞു. ശക്തിയെ ഇത്രയടുത്ത് കണ്ടതും ലയ വെപ്രാളപ്പെട്ട് സ്റ്റെയർ കയറി ശക്തി പിന്നാലെ പോയി……. ലയവേഗം കയറാൻ തുടങ്ങിയതും കാലു വഴുക്കി വീഴാനാഞ്ഞതും ശക്തിയവളെ വീഴാതെ താങ്ങിപ്പിടിച്ചു എന്നിട്ടവളെ കോരിയെടുത്ത് ബെഡ് റൂമിലേക്ക് നടന്നു. താഴെ നിർത്ത് ലയ മുരണ്ടു. നിങ്ങളോടാ പറഞ്ഞത് താഴെ നിർത്താൻ…… ലയ ദേഷ്യപ്പെട്ടു അടങ്ങെടി….. അവളുടെ ഡിവോഴ്സ്……. നിനക്കെല്ലാം കൂടി ഞാൻ തരാം

തുടരും ബിജി

ശക്തി: ഭാഗം 19