ഷാഡോ: ഭാഗം 6
എഴുത്തുകാരി: ശിവ എസ് നായർ
ഗൗരവകരമായ ചർച്ചയിലായിരുന്നു എസ്പി അരുൺ സെബാസ്റ്റ്യനും സംഘവും, അപ്പോഴാണ് മേശപ്പുറത്തിരുന്ന ടെലിഫോൺ മുഴങ്ങിയത്.
“ഹലോ എസ്പി അരുൺ സെബാസ്റ്റ്യൻ ഹിയർ… ”
ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട വാർത്ത വിശ്വസിക്കാനാകാതെ അരുൺ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു.
അരുണിന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ട് കാര്യം മനസിലാകാതെ മറ്റു നാലുപേരും പരസ്പരം നോക്കി.
“ഒക്കെ സർ…ഞങ്ങൾ ഉടനെ എത്താം…” അത്രയും പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ചു തളർച്ചയോടെ അരുൺ ഫോൺ വച്ചു.
“എന്താ സർ… എന്ത് പറ്റി…?? ” ആകാംഷയോടെ അർജുൻ ചോദിച്ചു.
“നമ്മുടെ കേസ് അന്വേഷണം ഇവിടെ അവസാനിക്കുകയാണ്…. ” എല്ലാവരെയും നോക്കി കൊണ്ട് അരുൺ പറഞ്ഞു.
അരുണിന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിപ്പോയി.
“പെട്ടന്ന് എന്താണ് സർ ഇങ്ങനെയൊരു തീരുമാനം… ” അമർഷത്തോടെ ഫിറോസ് ചോദിച്ചു.
“നേരിട്ട് വിശദമായി സംസാരിക്കാം എന്നാണ് ഐജി സർ ഇപ്പൊ വിളിച്ചു പറഞ്ഞത്… നമ്മളോടെല്ലാവരോടും വേഗം ഐജി സാറിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്….”
അൽപ്പ സമയത്തിനുള്ളിൽ തന്നെ എസ്പി അരുൺ സെബാസ്റ്റ്യനും സംഘവും ഐജിയുടെ ഓഫീസിലേക്ക് തിരിച്ചു.
അര മണിക്കൂറിനുള്ളിൽ തന്നെ അവർ ഐജിയുടെ ഓഫീസിൽ എത്തിച്ചേർന്നു.
5. 45 pm ഐജി ഓഫീസ്.
“ഗുഡ് ഈവെനിംഗ് സർ… ” അഞ്ചു പേരും ഐജിയ്ക്ക് സല്യൂട്ട് നൽകിയ ശേഷം പറഞ്ഞു.
“ടേക്ക് യുവർ സീറ്റ്… ” അഞ്ചു പേരും സീറ്റിലേക്ക് ഇരുന്നു.
“എന്താണ് സർ ഇതൊക്കെ…?? കേസ് അന്വേഷണം പകുതി വരെ എത്തിയപ്പോൾ അന്വേഷണത്തിൽ നിന്നും മാറ്റുകയെന്ന് വച്ചാൽ.”
രോഷം ഉള്ളിലടക്കി അരുൺ പറഞ്ഞു.
“ഐആം സോറി അരുൺ… ഇത് മുകളിൽ നിന്നുള്ള ഉത്തരവാണ്….”
“ഈ കേസിപ്പോൾ സുപ്രധാനമായൊരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ആ സമയം പെട്ടന്ന് അന്വേഷണത്തിൽ നിന്നും മാറ്റുക എന്ന് പറയുമ്പോൾ…. ” ഫിറോസ് ആയിരുന്നു അത് ചോദിച്ചത്.
“ഞാൻ പറയുന്നത് നിങ്ങൾ വിശദമായി കേൾക്കണം…. ഇതുവരെ എനിക്ക് നിങ്ങളോടുള്ള സമീപനം സാധാരണ മേലുദ്യോഗസ്ഥർ ബിഹേവ് ചെയ്യും പോലെയായിരുന്നോ??? അല്ലല്ലോ…. നിങ്ങൾ നന്നായി തന്നെ കേസ് അന്വേഷിച്ചു വരുന്നുണ്ടെന്നെനിക്ക് ഉറപ്പുണ്ട്.
ബട്ട് ഇപ്പൊ സംഭവിച്ചത് എന്താണെന്നു വച്ചാൽ…. കാണാതായത് മിനിസ്റ്ററുടെ സഹോദരി പുത്രനാണ്. തട്ടിക്കൊണ്ടു പോയത് ഷാഡോ കില്ലെറും.
ശ്യാമിനെ ജീവനോടെ കണ്ടെത്താൻ ഇപ്പോൾ അന്വേഷണത്തിലുള്ള ടീമിന് കഴിയില്ലെന്ന് തോന്നിയിട്ട് കേസ് ക്രൈം ബ്രാഞ്ചിനെ കൈമാറാനാണ് മുകളിൽ നിന്നുള്ള ഓർഡർ.
ക്രൈം ബ്രാഞ്ചിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ ടീമാണ് ഇനി മുതൽ ഈ കേസ് അന്വേഷിക്കുന്നത്….
മുകളിൽ നിന്നാണ് ഇങ്ങനെയൊരു തീരുമാനം പെട്ടെന്നുണ്ടായത്.അത് നമുക്ക് അനുസരിക്കുകയേ നിവർത്തിയുള്ളൂ.
ഇക്കാര്യം നേരിട്ട് സംസാരിക്കാൻ കൂടിയാണ് നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചതും…. ” ഐജി സോമശേഖരൻ പറഞ്ഞു നിർത്തി.
അരുൺ എന്തോ പറയാൻ തുടങ്ങവേയാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.
“മേ ഐ കമിങ് സർ…. ” പുറത്തു നിന്നും ഒരു പുരുഷ സ്വരം കേട്ടു.
“യെസ് കം ഇൻ … ” ഐജി അകത്തേക്ക് വരാൻ അനുവാദം കൊടുത്തതും ആജാനുബാഹുവായ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കടന്നു വന്നു.
ജീൻസും കടുംനീല ഷർട്ടും ആയിരുന്നു വേഷം. മൂക്കിന് താഴെ ചെത്തി മിനുക്കി ഭംഗിയാക്കിയ കട്ടി മീശ. ആറടി പൊക്കവും അതിനൊത്ത വണ്ണവും.
“സർ ഐ ആം ദേവ നാരായണൻ…. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഫ്രം ക്രൈം ബ്രാഞ്ച്… ”
“പ്ലീസ് ടേക്ക് യുവർ സീറ്റ്… ” ഐജി പറഞ്ഞു.
“താങ്ക്യൂ സർ… ”
“ഇതാണ് ദേവ നാരായണൻ. ഷാഡോ കില്ലർ കേസ് ഇനി അന്വേഷിക്കുന്നത് ദേവ നാരായണന്റെ ടീം ആണ്…. ” ഐജി സോമശേഖരൻ ദേവ നാരായണനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.
“എസ്പി അരുൺ സെബാസ്റ്റ്യന്റെ ടീം ആയിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.കേസ് അന്വേഷണം നന്നായി പുരോഗമിച്ചു വന്നപ്പോഴാണ് പെട്ടന്ന് ഇങ്ങനെയൊരു ഉത്തരവ് മുകളിൽ നിന്നും വന്നത്….
ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട്‌സ് അടങ്ങുന്ന കേസ് ഫയലും മറ്റു ഡീറ്റെയിൽസുമെല്ലാം എസ്പി അരുൺ സെബാസ്റ്റ്യൻ തരും.
കേസിനെ സംബന്ധിച്ച് മറ്റെന്തെങ്കിലും സംശയം ഉണ്ടെങ്കിലും ഇവരോട് ചോദിച്ചാൽ മതി… ” ഐജി ദേവ നാരായണനോട് പറഞ്ഞു.
“ഓക്കേ സർ… ”
കേസിന്റെ കാര്യങ്ങളെപ്പറ്റി ഡിസ്‌കസ് ചെയ്ത ശേഷം പരസ്പരം ഹസ്തദാനം നൽകി എല്ലാവരും പിരിഞ്ഞു.
അതുവരെയുള്ള കേസ് അന്വേഷണത്തിന്റെ ഡീറ്റെയിൽസ് അടങ്ങിയ കേസ് ഫയൽ എസ്പി അരുൺ സെബാസ്റ്റ്യൻ ദേവനാരായണനു കൈമാറി.
എസ്പി അരുൺ സെബാസ്റ്റ്യൻ കുറെ നാളത്തെ അലച്ചിലിനൊടുവിൽ ഒരൽപ്പം വിശ്രമത്തിനായി ഒരു മാസത്തേക്ക് ലീവ് എടുത്തു.
****************************************
ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ദേവ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ കില്ലർ കേസ് ഏറ്റെടുത്തു.
ശ്യാംലാലിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി നടത്തിയെങ്കിലും സ്പെഷ്യൽ ടീമിനും ശ്യാമിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
മൂന്നു ദിവസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി.
കോഴിക്കോട് ഭാഗത്തു നിന്നും വന്ന ഒരു വെളുത്ത ബെൻസ് കാർ ചുരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. അത് ശ്യാമിന്റെ ബെൻസ് ആയിരുന്നു.
താമരശ്ശേരി കഴിഞ്ഞു അടിവാരവും പിന്നിട്ട ശ്യാമിന്റെ ബെൻസ് ചുരം കയറി തുടങ്ങിയിരുന്നു.
പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് ശ്യാമായിരുന്നില്ല.കില്ലറുടെ സഹായിയായിരുന്നു അത്, ദിവസങ്ങൾക്ക് മുൻപ് ശ്യാംലാലിനെ തട്ടിക്കൊണ്ടു പോയ ആൾ.
ശ്യാമിന്റെ വിറങ്ങലിച്ച ശരീരം പിന്നിൽ കിടക്കുന്നുണ്ടായിരുന്നു. ചുരത്തിൽ എവിടെയെങ്കിലും ശ്യാമിന്റെ ബോഡി ഉപേക്ഷിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
മൂന്നാമത്തെ ഹെയർ പിൻ വളവ് കഴിഞ്ഞു വണ്ടി സൈഡ് ആക്കി നിർത്തി ബോഡി കളയാൻ നോക്കിയെങ്കിലും മറ്റു വാഹനങ്ങൾ ഇടവിട്ട് വന്നു കൊണ്ടിരുന്നതിനാൽ അയാൾ വീണ്ടും ചുരം കയറി തുടങ്ങി.
അഞ്ചാമത്തെ വളവ് കഴിഞ്ഞപ്പോഴും ബോഡി കളയാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ അയാൾ മുന്നോട്ടു പോയി.
ഹെയർ പിൻ വളവുകൾ താണ്ടി ഒടുവിൽ ഒൻപതാമത്തെ വളവ് തിരിഞ്ഞു മുകളിൽ എത്തിയ ശേഷം കാർ സൈഡിൽ ഒതുക്കി നിർത്തി അയാൾ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി. ഇടവിട്ട് ഇടവിട്ട് ഒന്ന് രണ്ടു വാഹനങ്ങൾ ചുരമിറങ്ങി പൊയ്ക്കൊണ്ടിരുന്നു.
അപ്പോൾ സമയം രണ്ടര കഴിഞ്ഞിരുന്നു. അവിടെ നിന്നും നോക്കിയാൽ അടിവാരത്തു നിന്നും ചുരം കയറി വരുന്ന വാഹനങ്ങളുടെ വെളിച്ചം പൊട്ടു പോലെ കാണാം.
കയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞു തീർന്നപ്പോൾ അയാൾ മറ്റൊരു സിഗരറ്റ് എടുത്തു കത്തിച്ചു. സമയം കടന്നു പോയി. വാഹനങ്ങളുടെ പ്രവാഹം കുറഞ്ഞു വന്നു.
ചുറ്റുമൊന്നു കണ്ണോടിച്ച ശേഷം മറ്റു വണ്ടികൾ വല്ലതും വരുന്നതിനു മുൻപ് തന്നെ ശ്യാംലാലിന്റെ ബോഡി കാറിൽ നിന്നും എടുത്തു കൊണ്ട് വന്നു താഴേക്കിട്ട ശേഷം അയാൾ വേഗം ബെൻസോടിച്ചു പോയി.
ശ്യാമിന്റെ ശരീരം ഉരുണ്ടുരുണ്ട് താഴേക്കു പൊയ്ക്കൊണ്ടിരുന്നു.
നാലു മണി കഴിഞ്ഞ സമയം…. കർണാടകയിലേക്ക് ചരക്കുമായി കോഴിക്കോടു നിന്നും പുറപ്പെട്ടു വന്ന ലോറിയിലെ ആൾക്കാരാണ് ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ എട്ടാമത്തെ ചുരത്തിനു മുകളിൽ തങ്ങി നിന്ന ശ്യാമിന്റെ ബോഡി കാണുന്നത്.
ഒരു മനുഷ്യന്റെ കൈപ്പത്തി തൂങ്ങി കിടക്കുന്നത് അവർ വ്യക്തമായി കണ്ടു.
“സാബു… നീ വണ്ടിയൊന്ന് സൈഡ് ആക്കിക്കെ… ദേ അവിടെ ആരോ തൂങ്ങി കിടക്കുന്നത് പോലെ കണ്ടു… ”
അടുത്തിരുന്ന തോബിയാസ് ഡ്രൈവർ സാബുവിനോട് പറഞ്ഞു.
തോബിയാസ് കൈ ചൂണ്ടിയ ഭാഗത്തേക്ക് സാബു നോക്കി.
“ശരിയാണല്ലോ അണ്ണാ….”
അവർ മിനിലോറി സൈഡ് ആക്കി ഒതുക്കി നിർത്തി പുറത്തേക്ക് ചാടിയിറങ്ങി. വാഹനങ്ങളുടെ തിരക്ക് നന്നേ കുറവായിരുന്നു അപ്പോൾ.
ശ്യാമിന്റെ ശരീരം കണ്ട ഭാഗത്തേക്ക് അവർ ടോർച്ചടിച്ചു നോക്കി.
വള്ളിപ്പടർപ്പിനിടയിൽ കുടുങ്ങിയ നിലയിൽ ശ്യാംലാലിന്റെ ബോഡി ഇരുവരും കണ്ടു.
“ആരോ തല കീഴായി അവിടെ കുടുങ്ങി കിടക്കുന്നല്ലോ അണ്ണാ… ” തോബിയാസിനെ നോക്കി അൽപ്പം ഭീതിയോടെ സാബു പറഞ്ഞു.
“ജീവനുണ്ടോ ആവോ… എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വിളിച്ചു അറിയിച്ചേക്കാം… ” സാബു ഫോൺ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.
അപ്പോഴേക്കും അതുവഴി വന്ന ചില യാത്രക്കാർ വണ്ടി നിർത്തി തോബിയാസിനോട് കാര്യം അന്വേഷിച്ചു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു സംഘം പോലീസ് അവിടെ എത്തിച്ചേർന്നു.
വൈകാതെ വിവരമറിഞ്ഞു ദേവനാരായണനും ടീമും ശ്യാമിന്റെ ബോഡി കണ്ടെടുത്ത സ്ഥലത്തു എത്തി.തുടർ നടപടികൾ പൂർത്തിയാക്കി ശ്യാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നേരം പുലർന്നപ്പോഴേക്കും ശ്യാംലാലിന്റെ കൊലപാതകം വാർത്താ ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആയി ഓടി തുടങ്ങിയിരുന്നു.
****************************************
സമയം 7.00 pm
ബാറിലെ അരണ്ട വെളിച്ചത്തിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരിക്കുകയാണ് ദേവനും അലക്സും.ഷാഡോ കില്ലറെ പറ്റിയുള്ള ചർച്ചയിൽ ആയിരുന്നു ഇരുവരും. കേസ് അന്വേഷണത്തിൽ ദേവനാരായണന്റെ വലം കയ്യായി കൂടെ ഉള്ളത് സി ഐ അലക്സ് ജേക്കബ് ആയിരുന്നു.
“അലക്സേ ശ്യാമിന്റെ ബോഡി ഒൻപതാമത്തെ ഹെയർ പിൻ വളവിൽ നിന്നും കൊലയാളി താഴേക്ക് എറിഞ്ഞത് ഉരുണ്ടിരുണ്ട് എട്ടാമത്തെ ചുരത്തിൽ എത്തിയതാണെന്നാണ് അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്.
ശ്യാമിന്റെ വെളുത്ത ബെൻസ് കാറാണ് അവനെ തട്ടിക്കൊണ്ടു പോകാനും തിരികെ ബോഡി ഉപേക്ഷിക്കാനും കൊലപാതകി ഉപയോഗിച്ചത്….
ശ്യാമിന്റെ ബെൻസ് ഇപ്പോഴും അവരുടെ കൈവശമാണുള്ളത്. അതുമായി എന്തായാലും അവർക്ക് കറങ്ങി നടക്കാൻ കഴിയില്ല. എവിടെയെങ്കിലും ഇന്നോവ ഉപേക്ഷിച്ചത് പോലെ ബെൻസും ഉപേക്ഷിച്ചു കൊലപാതകി കടന്നു കളയും…. ” ദേവൻ അലക്സിനോട് പറഞ്ഞു.
“സർ ഇതുവരെ നമുക്ക് കൊലപാതകിയെ പറ്റി യാതൊരു എവിഡൻസും ലഭിച്ചിട്ടില്ലല്ലോ…?? ”
“അതിലേക്കാണ് ഞാൻ പറഞ്ഞു വന്നത്.., എസ്പി അരുൺ സെബാസ്റ്റ്യന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആർക്കോ ഈ കില്ലറുമായി കണക്ഷൻ ഉണ്ട്.
ഒരുപക്ഷെ ആ വ്യക്തി തന്നെയായിരിക്കാം ആ കൊലപാതകിയുടെ സഹായി…. അല്ലെങ്കിൽ അവർ അഞ്ചു പേരിൽ ആരോ ആണ് കില്ലർ…
ഒരാൾക്ക് ഒറ്റയ്ക്ക് ഈ കൊലപാതകങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക് അവരുടെ പിന്നാലെ പോയാൽ കില്ലെറിലേക്ക് വേഗം എത്തിച്ചേരാൻ കഴിയും. അടുത്തൊരു കൊലപാതകം ഉണ്ടാകും മുൻപ് നമുക്ക് അവരെ പിടിക്കണം…. ”
“പക്ഷേ ആ അഞ്ചുപേരിൽ ആരായിരിക്കും സർ അത്…”
“നമുക്ക് കണ്ടു പിടിക്കാം അലക്സ്…. ”
“ശ്യാമിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ എന്തെങ്കിലും തെളിവുകൾ ലഭിക്കാതിരിക്കില്ല…
മാത്രമല്ല ഈ ക്രൈമിനു പിന്നിൽ ഒരു പോലീസ് ബുദ്ധി ഉണ്ടെന്നുള്ളത് ഉറപ്പാണ്….ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെയാണ് ഇരകളെ അവർ കൊന്നു തള്ളുന്നത്…. ”
അതേസമയം ബെയറർ ബിൽ കൊണ്ട് വന്നു കൊടുത്തിട്ട് പോയി.
ബിൽ പേ ചെയ്ത ശേഷം ഇരുവരും പുറത്തേക്ക് ഇറങ്ങി. പാർക്കിങ് ഏരിയയിൽ കിടന്ന കാറിലേക്ക് കയറുമ്പോഴാണ് ഒരു വൈറ്റ് ബെൻസ് കാർ സുൽത്താൻ ബത്തേരി ഭാഗത്തേക്ക് ചീറി പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ ദേവനാരായണന്റെ കണ്ണിൽ പെട്ടത്….
“അലക്സ് വേഗം കയറു…. ”
അലക്സ് ജേക്കബും ദേവ നാരായണനും വേഗം വണ്ടിയിൽ കയറി. കാർ ഡ്രൈവ് ചെയ്തത് ദേവനായിരുന്നു.
ബെൻസിനു പുറകെ ദേവൻ പാഞ്ഞു.
“സർ ഇത്ര വേഗത്തിൽ എങ്ങോട്ടാ… ”
“അലക്സ് ശ്രദ്ധിച്ചില്ലേ ബത്തേരി ഭാഗത്തേക്ക് ഒരു വൈറ്റ് ബെൻസ് പോയത്… ”
“നോ സർ… ”
“ഒരുപക്ഷെ നമ്മൾ തേടുന്ന കില്ലർ ആ വണ്ടിയിൽ ഉണ്ടാകും… അലക്സ് ദേ കണ്ടോ… ” കുറച്ചു മുന്നിലായി പോകുന്ന ബെൻസിനെ ചൂണ്ടി കാണിച്ചു കൊണ്ട് ദേവൻ പറഞ്ഞു.
അതേസമയം ബെൻസിനുള്ളിൽ മറ്റൊരു മൃതദേഹവും കൊണ്ട് പായുകയായിരുന്നു കില്ലറുടെ സഹായി.
പുറകിൽ തന്നെ പിന്തുടർന്നു വരുന്ന ദേവ നാരായണന്റെ വണ്ടി റിയർവ്യൂ മിററിലൂടെ അയാൾ കണ്ടു.
തിരക്കൊഴിഞ്ഞ മെയിൻ റോഡിൽ നിന്നും ബെൻസ് വന പാതയിലേക്ക് തിരിഞ്ഞു. റോഡിനു ഇരുവശവും ഇട തിങ്ങി വളർന്നു നിൽക്കുന്ന കാടാണ്.
വഴിയരികിൽ വണ്ടി നിർത്തിയ ശേഷം അയാൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ശേഷം വനത്തിനുള്ളിലേക്ക് ഓടി കയറി.
തൊട്ട് പിന്നാലെ എത്തിയ ദേവനും അലക്സും വണ്ടിയിൽ നിന്നും ഇറങ്ങി ബെൻസിന്റെ അടുത്തേക്ക് ചെന്നു. അതിനുള്ളിൽ മറ്റൊരു മൃതദേഹം കണ്ട് ഇരുവരും പകച്ചു.കാറിന്റെ താക്കോൽ അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.
“അലക്സ് ഈ ബെൻസുമായി മടങ്ങി പൊയ്ക്കോളൂ. അവൻ ഈ വനത്തിനുള്ളിൽ എവിടെയോ മറഞ്ഞിരിപ്പുണ്ട്.
ഞാൻ അവന്റെ പിന്നാലെ പോവുകയാണ് അലക്സ് സ്റ്റേഷനിലേക്ക് വിട്ടോ. അവനെ ഇന്ന് രാത്രി പൊക്കിയിട്ടേ ഞാൻ വരു…”
“സർ…. സാർ ഒറ്റയ്ക്ക്…. ”
“ഇതെനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ അലക്സ് പൊയ്ക്കോളൂ..”
അലെക്സിനെ നിർബന്ധിച്ചു മടക്കി അയച്ച ശേഷം ദേവൻ പിസ്റ്റളുമായി വനത്തിനുള്ളിലേക്ക് ഓടി.
അതേസമയം ഒരു മരത്തിനു മുകളിൽ കയറി മറഞ്ഞിരുന്നു രംഗം വീക്ഷിക്കുകയായിരുന്നു അയാൾ.
ദേവനാരായണൻ അവിടം മുഴുവൻ തിരച്ചിൽ നടത്തുകയായിരുന്നു.
അയാൾ കയറി ഇരിക്കുന്ന മരത്തിന്റെ സമീപം എത്താൻ അധികം ദൂരമില്ലായിരുന്നു.
ഓരോ ചുവടുകൾ ശ്രദ്ധയോടെ വച്ചു ചുറ്റും നിരീക്ഷിച്ചു കൊണ്ട് ദേവൻ മുന്നോട്ടു നടന്നു.
കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കാമായിരുന്നു.
ഒരു നിമിഷം നടത്തം നിർത്തി ദേവ നാരായണൻ ചുറ്റും നോക്കി. അപ്പോഴാണ് ഒരു കടവാവൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ട് ദേവന്റെ തലയ്ക്കു മുകളിലൂടെ പറന്നു പോയത്.
പെട്ടന്ന് അതിന്റെ ശബ്ദം കേട്ട് മുകളിലേക്ക് നോട്ടം പായിച്ച ദേവൻ ഇലകൾക്കിടയിൽ ഒരു മനുഷ്യ രൂപത്തെ കണ്ടു.
ആകാശത്തു നോക്കി വെടി വച്ചു കൊണ്ട് ദേവൻ പറഞ്ഞു.
“മറഞ്ഞിരുന്നു കളിച്ചത് മതി. നിന്നെ ഞാൻ കണ്ടെത്തി കഴിഞ്ഞു. താഴേക്ക് ഇറങ്ങി വന്നില്ലെങ്കിൽ ഞാൻ മുകളിലേക്ക് നിറയൊഴിക്കും… ”
ഒരു തവണ കൂടി ദേവൻ ആകാശത്തേക്ക് ഷൂട്ട് ചെയ്തു.
വെടിയൊച്ച കേട്ട് വൃക്ഷങ്ങളിൽ കിടന്നിരുന്ന വവ്വാലുകൾ ഒച്ചയുണ്ടാക്കികൊണ്ട് ചിറകടിച്ചു പറന്നു പോയി.
അൽപ്പ സമയം അവിടെ പരക്കെ നിശബ്ദത മാത്രമായിരുന്നു….അയാൾ മുകളിൽ നിന്നും താഴേക്കു ഇറങ്ങി.
മരത്തിനു ചുവട്ടിൽ തന്നെ ദേവനും നിലയുറപ്പിച്ചു നിന്നു. തൊട്ടടുത്ത നിമിഷം വീണ്ടുമൊരു വെടി പൊട്ടി.
ദേവൻ താഴേക്കിറങ്ങി വരുന്ന അയാളുടെ ഇടത് കാലിലേക്ക് നിറയൊഴിച്ചു. ബുള്ളറ്റ് അയാളുടെ കാലിൽ തുളച്ചു കയറി.
പിടി വിട്ട അയാൾ താഴേക്ക് വീണു. ബുള്ളറ്റ് തുളച്ചു കയറിയ വേദനയിൽ അയാൾ പുളഞ്ഞു.
നിലത്തു വീണ അയാളെ താങ്ങി പിടിച്ചു ദേവൻ റോഡിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിനരികിലേക്ക് നടന്നു.
അയാളെ വണ്ടിക്കുള്ളിൽ കൈകൾ കൂട്ടികെട്ടി ഇട്ട ശേഷം ദേവനാരായണൻ കാർ വീട്ടിലേക്ക് വിട്ടു.
അയാളുടെ മുഖം മാസ്ക് വച്ചു മറച്ചിട്ടുണ്ടായിരുന്നു.
“നിന്റെ ഈ മുഖംമൂടി കുറച്ചു നേരത്തേക്ക് കൂടിയേ ഉണ്ടാവു….” വിജയ ചിരിയോടെ ദേവൻ പറഞ്ഞു.
“ആരാ ജയിക്കുന്നതെന്ന് നമുക്ക് കാണാം…. വെടി വച്ചു വീഴ്ത്തി പിടിച്ചതല്ലേ….കൂടുതൽ ആളാവണ്ട മിസ്റ്റർ ദേവനാരായണൻ….. ”
മാസ്കിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന പരിചിതമായ ശബ്ദം ദേവന്റെ കാതുകളെ തുളച്ചു കടന്നു പോയി.
തുടരും