Sunday, December 22, 2024
Novel

ഷാഡോ: ഭാഗം 5

എഴുത്തുകാരി: ശിവ എസ് നായർ


ഡ്രൈവിംഗിനിടയിലും അവന്റെ ഇടത് കൈ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവൾ കണ്ണുകൾ പൂട്ടി സീറ്റിലേക്ക് ചാരി വിതുമ്പൽ അടക്കി പിടിച്ചു.

പുറകിൽ അവരെ പിന്തുടരുന്ന അപകടമറിയാതെ ആ ബെൻസ് കാർ കുതിച്ചു പാഞ്ഞു. അവർക്ക് പിന്നിൽ ആ ടൊയോട്ട ഇന്നോവയും നിഴലു പോലെ അവരെ പിന്തുടർന്നു കൊണ്ടിരുന്നു.

ചൂരൽ മല വെള്ളച്ചാട്ടത്തിനു നേർക്കാണ് ശ്യാംലാലിന്റെ കാർ പാഞ്ഞത്. കൽപ്പറ്റയിൽ നിന്നും പതിനാലു കിലോമീറ്ററാണ് ദൂരം…ചൂരൽ മല മേപ്പാടിയിലെ ഒരു കൊച്ചു ഹൈറേഞ്ചാണ്. മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ് അവിടം.

ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടമാണ് ചൂരൽ മല വെള്ളച്ചാട്ടം. മേപ്പാടിയിൽ നിന്നും ചൂരൽ മല റോഡിൽ ആറു കിലോമീറ്റർ പോയാൽ അവിടെ എത്താം.

സമയം 10.30 am

ബെൻസിന്റെ തൊട്ടുപിന്നാലെ വരുന്ന ഇന്നോവയെ റിയർവ്യൂ മിററിലൂടെ ശ്യാംലാൽ കുറച്ചു നേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

ശ്യാം കാറിന്റെ സ്പീഡ് അൽപ്പം കുറച്ചു ഇന്നോവയ്ക്ക് കയറി പോകാനായി വഴി ഒഴിഞ്ഞു കൊടുത്തു.ഇന്നോവ ബെൻസിനെ ഓവർടേക്ക് ചെയ്തു കടന്നു പോയി.റോഡിന്റെ ഇരുവശവും വലിയ കാടാണ്.
ഇന്നോവ അൽപ്പ ദൂരം പിന്നിട്ട ശേഷം വണ്ടി സൈഡ് ആക്കി നിർത്തി. ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി.

പതിവുപോലെ കറുത്ത ജാക്കറ്റ് ആയിരുന്നു അയാളുടെ വേഷം.തൂവാല കൊണ്ട് മൂക്കും വായും മറച്ചു കെട്ടിയിരുന്നു.

ഒരു കറുത്ത കൂളിംഗ്‌ ഗ്ലാസും മുഖത്തുണ്ടായിരുന്നു. അപ്പോഴാണ് ഓവർകോട്ടിന്റെ പോക്കറ്റിൽ കിടന്ന അയാളുടെ മൊബൈൽ റിംഗ് ചെയ്തത്.

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ചുണ്ടിൽ ചെറു ചിരിയോടെ അയാൾ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.

“എന്തായി…. അവനെ പൊക്കിയോ…. ”

“ഉടനെ പൊക്കും….ആളെ പൊക്കിയ ശേഷം ഞാൻ വിളിക്കാം.ഒരു മണിക്കൂറിനുള്ളിൽ പറഞ്ഞ സ്ഥലത്തു ആളെ എത്തിച്ചേക്കാം… ”

“ഓക്കേ.., ഐആം വെയ്റ്റിംഗ്….” മറുതലയ്ക്കൽ ഫോൺ കട്ടായി.

കയ്യിലിരുന്നു എരിഞ്ഞു തീരാറായ സിഗരറ്റ് അയാൾ നിലത്തിട്ടു ബൂട്ട് കൊണ്ട് ചവുട്ടി ഞെരിച്ചു.

ശേഷം ഇന്നോവയുടെ മുന്നിലേക്ക് ചെന്ന് ബോണറ്റ് ഉയർത്തി വച്ചു ശ്യാംലാലിന്റെ വരവും കാത്തു നിന്നു.

മുന്നോട്ടു പോകും തോറും റോഡിൽ മറ്റു വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു കുറഞ്ഞു വന്നു.ശ്യാമിന്റെ വണ്ടി ഇന്നോവയും കടന്നു കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം ബ്രേക്കിട്ടു നിന്നു.

അയാൾ നിർത്തിയിട്ടിരിക്കുന്ന ബെൻസിനു നേർക്ക് ചുവടുകൾ വച്ചു.

ചുണ്ടിൽ വശ്യമായ പുഞ്ചിരിയോടെ ശ്യാം തലചരിച്ചു അടുത്തിരിക്കുന്ന അശ്വതിയെ ഒന്ന് നോക്കി.ബെൻസിനുള്ളിൽ എസി പ്രവർത്തിക്കുന്നുണ്ടെങ്കിലും പേടി കാരണം അശ്വതി വിയർത്തൊലിച്ചു കൊണ്ടിരുന്നു.

“താൻ ഇങ്ങനെ പേടിക്കാതെടോ…..ഞാൻ അല്ലെ കൂടെയുള്ളതു.ഇന്ന് ഫുൾ നമ്മൾ ഇവിടെയെല്ലാം ചുറ്റി കറങ്ങി കാണുന്നു.ശേഷം രാത്രി നമുക്ക് എന്റെ റിസോർട്ടിലേക്ക് പോകാം….അതുവരെ തല്ക്കാലം ഇങ്ങനെ അടിച്ചു പൊളിക്കാം… ”

“എന്തിനാ എന്നോടീ ക്രൂരത…. ” ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.

“ആരെയെങ്കിലും ഞാൻ നോട്ടമിട്ടു കഴിഞ്ഞാൽ പിന്നെ അവരെ മതിവരുവോളം ആസ്വദിക്കാതെ എനിക്ക് പറ്റില്ല…. എന്നെ അനുസരിച്ചു നിന്നാൽ നിനക്കും നല്ലത്.ധിക്കരിച്ചാൽ കൊല്ലാനും മടിക്കില്ല ശ്യാം….”

മറുത്തൊന്നും പറയാൻ ധൈര്യമില്ലാതെ അവൾ സീറ്റിലേക്ക് ചാരി ഇടത് വശത്തെ വിൻഡോയിലേക്ക് മുഖം ചേർത്തു. അവളുടെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഇറ്റു വീണു.

അതേസമയം ശ്യാം വണ്ടിയിൽ കരുതിയിരുന്ന ബക്കാർഡിയുടെ കുപ്പി കയ്യിലെടുത്തു.ഒരൽപ്പം മദ്യം കുടിച്ചിറക്കിയ ശേഷം അവൻ വല്ലാത്ത ഭാവത്തിൽ അവളെയൊന്നു നോക്കി.

പേടിയോടെ അശ്വതി അവനെ നോക്കി. അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു കൊണ്ട് ശ്യാം അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു.

മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചതും അവൾക്ക് ഓക്കാനം വന്നു. അറപ്പോടെ അശ്വതി മുഖം വെട്ടിച്ചു.

അവന്റെ അധരങ്ങൾ അവളുടെ മുഖത്തിലൂടെയും കഴുത്തിലൂടെയും ഇഴഞ്ഞു നടന്നു.പതിയെ ശ്യാം അശ്വതിയുടെ ഷാൾ ഊരി മാറ്റി.

അപ്പോഴേക്കും അയാൾ ബെൻസിനു തൊട്ടു പിന്നിൽ എത്തിയിരുന്നു.

ശ്യാം സീറ്റ്‌ പിന്നിലോട്ട് അൽപ്പം ചരിച്ചു കൊണ്ട് അവളുടെ മേലേക്ക് അമരാൻ തുടങ്ങവേയാണ് വലതു സൈഡിലെ വിൻഡോ ഗ്ലാസിൽ ആരോ ശക്തിയായി മുട്ടിയത്.

ഞെട്ടിപ്പിടഞ്ഞു കൊണ്ട് ശ്യാം അവളിൽ നിന്നും അടർന്നു മാറി. ഒരൽപ്പം ആശ്വാസത്തോടെ അശ്വതി വേഗം ഷാൾ എടുത്തണിഞ്ഞു. നിറഞ്ഞു തൂവിയ കണ്ണുകൾ അവൾ അമർത്തി തുടച്ചു.

വീണ്ടും വിൻഡോ ഗ്ലാസിൽ ആരോ ഉച്ചത്തിൽ തട്ടി.അവളുടെ ഉള്ളിൽ ഭയം അരിച്ചിറങ്ങി.
ആദ്യമൊന്നു പതറിയെങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് ശ്യാം വിൻഡോ ഗ്ലാസ്‌ താഴ്ത്തി.

“ആരാടാ നീ… ” മുന്നിൽ നിൽക്കുന്ന ആളെ മനസ്സിലാകാതെ ദേഷ്യത്തോടെ ശ്യാം ചോദിച്ചു.

മുഖം തൂവാല കൊണ്ട് മറച്ചു കണ്ണിൽ കറുത്ത കൂളിംഗ്‌ ഗ്ലാസും വച്ചിരുന്നതിനാൽ അവനു ആളെ മനസിലായില്ല.

“ഇങ്ങോട്ട് ഇറങ്ങി വാടാ പന്ന നായിന്റെ മോനെ… ”
അയാൾ ആക്രോശിച്ചു.

ഉള്ളിൽ തികട്ടി വന്ന ദേഷ്യം അടക്കാനാവാതെ ശ്യാം ഡോർ തുറന്നു പുറത്തേക്ക് ചാടിയിറങ്ങി.

“ഞാൻ ആരാന്ന് അറിഞ്ഞു കൊണ്ടാണോടാ പുല്ലേ മുട്ടാൻ വരുന്നത്. നീ ആരാടാ… *******”

ശ്യാമിന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു.

അപ്പോഴേക്കും ഇടത് വശത്തെ ഡോർ തുറന്നു അശ്വതിയും പുറത്തേക്ക് ഇറങ്ങി.

അയാൾ ഇരുവരെയും മാറി മാറി നോക്കി. ഒരു നിമിഷം അവളിൽ ഒരു വിറയൽ പടർന്നു പിടിച്ചു.
ഏത് നിമിഷം എന്തും സംഭവിക്കാം എന്നവൾക്ക് തോന്നി.

“ചോദിച്ചത് കേട്ടില്ലേ ആരാടാ നീ… ” അത് ചോദിച്ചതും ശ്യാമിന്റെ വലതു കൈ വായുവിൽ ഉയർന്നു.

അടി വീഴും മുൻപേ അയാൾ ഞൊടിയിടയിൽ തല വെട്ടിച്ചു മാറ്റി അതോടൊപ്പം ശ്യാമിന്റെ വലതു കരം തന്റെ കൈകൾക്കുള്ളിലാക്കി എതിർ വശത്തേക്ക് തിരിച്ചു.

അസ്ഥികൾ പൊട്ടുന്ന ശബ്ദത്തോടൊപ്പം അവന്റെ നിലവിളിയും ഉച്ചത്തിലായി. അവനെന്തങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ അയാൾ അവന്റെ അടി വയറ്റിൽ തൊഴിച്ചു.

വയറു പൊത്തിപ്പിടിച്ചു കൊണ്ട് ശ്യാം നിലത്തേക്ക് ഇരുന്നു.

“നിങ്ങൾ… നിങ്ങളാരാ…. ” വിക്കി വിക്കി അവൻ ചോദിച്ചു.

അയാളവനെ നിലത്തു നിന്നും പിടിച്ചെഴുന്നേൽപ്പിച്ച ശേഷം വലതു കൈവിരലുകൾ പ്രത്യേക ആകൃതിയിൽ ചുരുട്ടി പിടിച്ചു അവന്റെ പിൻ കഴുത്തിൽ ഒരു കുത്തു കൊടുത്തു.

ശ്യാം വേദന കൊണ്ട് പുളഞ്ഞു. പക്ഷേ ഒച്ച പുറത്തേക്കു വന്നില്ല.കാറിന്റെ ബാക്ക് ഡോർ തുറന്നു അവനെ അതിനുള്ളിലേക്ക് തള്ളിയിട്ട ശേഷം അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

അവിടെ അരങ്ങേറിയ സംഭവവികാസങ്ങൾ കണ്ടു വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു അശ്വതി.

പൊടി പറത്തികൊണ്ട് ബെൻസ് അവിടെ നിന്നും മറഞ്ഞു. അപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം ഉണ്ടായത്.

ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ അവൾ സ്തംഭിച്ചു നിന്നു. ശ്യാമിന്റെ കൈകളിൽ നിന്നും രക്ഷപ്പെട്ടതിൽ അവൾക്ക് ആശ്വാസം തോന്നി.

അശ്വതി ചുറ്റും നോക്കി. ഇരുവശവും കാടാണ്. അവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്നാലോചിച്ചു അവൾ കുഴങ്ങി.
രണ്ടും കല്പിച്ചു അവൾ വന്ന വഴിയേ തിരിച്ചു നടന്നു.

അപ്പോഴാണ് അവൾക്ക് മുന്നിൽ ഒരു ജീപ്പ് ബ്രേക്കിട്ടു നിന്നത്.
****************************************
സമയം 2.00 pm

കുട്ടികളെ അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും ഡോക്ടറെ കണ്ട ശേഷം പുറത്തേക്ക് ഇറങ്ങി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തന്റെ വണ്ടിക്ക് അടുത്തേക്ക് നടക്കുമ്പോഴാണ് അരുൺ തന്റെ ഫോൺ എടുത്തു നോക്കിയത്.

ഫിറോസിന്റെ മുപ്പത്തിയഞ്ചു മിസ്സ്ഡ് കാൾ. കൂടാതെ വിനോദിന്റെ നമ്പറിൽ നിന്നും അർജുന്റെ നമ്പറിൽ നിന്നും കാളുകൾ ഉണ്ടായിരുന്നു.

ഫിറോസിനെ തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോഴാണ് അരുണിന്റെ ഫോണിലേക്ക് വീണ്ടും ഫിറോസിന്റെ കാൾ വന്നത്…

അരുൺ വേഗം ഫോൺ എടുത്തു.

“ഹലോ ഫിറോസ്…. ”

“എത്ര നേരമായി ഞാൻ സാറിനെ കോൺടാക്ട് ചെയ്യുന്നു…. സർ എന്താ ഫോൺ എടുക്കാത്തത്..”

“ഫോൺ പോക്കറ്റിൽ സൈലന്റ് ആയിരുന്നു ഫിറോസേ…. കുട്ടികളെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിൽ നിന്നും ഡോക്ടറെ കണ്ടിട്ട് ഇപ്പൊ ഇറങ്ങിയ ശേഷം ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഫിറോസിന്റെ കാൾ കണ്ടത്…

എന്ത്പറ്റി ഫിറോസ്… ” ആകാംഷയോടെ അരുൺ ചോദിച്ചു.

“ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് സർ വിളിച്ചത്… മേപ്പാടി പോകുന്ന റോഡിൽ നിന്നും ഒരു ഇന്നോവ കാർ കണ്ടു കിട്ടിയിട്ടുണ്ട്….

കില്ലർ യൂസ് ചെയ്തിരുന്ന വാഹനം ആണെന്ന് ഉറപ്പായി….പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്… ”

“എന്താ ഫിറോസ്… ”

“മിനിസ്റ്ററുടെ സഹോദരി പുത്രൻ ശ്യാംലാൽ മിസ്സിംഗ്‌ ആണ്… ”

“എപ്പോൾ…എവിടെ വച്ച്..?? ”

“രാവിലെ പത്തരയ്ക്കും പതിനൊന്നിനുമിടയിലാണ് സംഭവം….മേപ്പാടി റൂട്ടിൽ വച്ച് തന്നെയാണ് മിസ്സ്‌ ആയത്… ”

“അരമണിക്കൂറിനുള്ളിൽ ഞാൻ ഓഫീസിൽ എത്തും ഫിറോസ്… ”

“ഓക്കേ സർ… ”

അരുൺ ഫോൺ കട്ട്‌ ചെയ്തു സീറ്റിലേക്ക് ഇട്ട ശേഷം തന്റെ ബൊലേറോ എസ്പി ഓഫീസിലേക്ക് പായിച്ചു.

എസ്പി അരുൺ സെബാസ്റ്റ്യൻ ഓഫീസിലേക്ക് നടന്നു വരുന്നത് കണ്ടതും ദിലീപും ഫിറോസും അർജുനും വിനോദും അറ്റൻഷനായി.

“എന്തായി ഫിറോസ് കാര്യങ്ങൾ… ” സീറ്റിലേക്ക് ഇരുന്നു കൊണ്ട് അരുൺ ചോദിച്ചു.

“സർ മേപ്പാടി സ്റ്റേഷനിലേക്ക് വർക്കിച്ചന്റെ കേസുമായി ബന്ധപ്പെട്ടു പോകുമ്പോഴാണ് വഴിയിൽ വച്ചു സംശയാസ്പദമായി അശ്വതി എന്ന പെൺകുട്ടിയെ കാണാനിടയായത്….

ചോദ്യം ചെയ്തപ്പോൾ ആ കുട്ടിയിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

മിനിസ്റ്ററുടെ സഹോദരി പുത്രൻ ശ്യാംലാൽ പഠിക്കുന്ന MA കോളേജ് (Mar Athanasius College of Engineering ) കോതമംഗലത്തു തന്നെ ഫസ്റ്റ് ഇയർ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അശ്വതി.

ശ്യാംലാൽ അവിടുത്തെ നാലാം വർഷ വിദ്യാർത്ഥിയാണ്. തൃശ്ശൂർ ആണ് അശ്വതിയുടെ വീട്….കോതമംഗലത്തു തന്നെയുള്ള ഹോസ്റ്റലിൽ നിന്നാണ് അശ്വതി പഠിക്കുന്നത്.

ലീവിന് വീട്ടിലേക്കു പോയ അശ്വതി ഇന്ന് രാവിലെ തിരികെ ഹോസ്റ്റലിലേക്ക് പോകുന്നതിനു പകരം ശ്യാംലാലിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ഇന്ന് രാവിലെ കൽപ്പറ്റ ബസിൽ തൃശ്ശൂർ നിന്നും വന്നത്.

പത്തുമണിയോടെ കൽപ്പറ്റയിൽ എത്തിയ അശ്വതിയെ അവിടെ നിന്നും ശ്യാംലാൽ തന്റെ വൈറ്റ് ബെൻസ്കാറിൽ കൂട്ടി കൊണ്ട് പോയി.രാത്രി റിസോർട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു അവന്റെ ഉദ്ദേശം.

ഇന്നോവയിൽ അവരെ പിന്തുടർന്ന് ചെന്ന കില്ലർ ശ്യാമിനെ അടിച്ചു വീഴ്ത്തി വണ്ടിയിൽ എടുത്തിട്ട് ഇന്നോവ അവിടെ ഉപേക്ഷിച്ച ശേഷം ശ്യാമിന്റെ കാറിൽ തന്നെ കടന്നു കളഞ്ഞു.

തിരിച്ചു പോകാനുള്ള വഴിയറിയാതെ നടന്നു വരവേയാണ് മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി ഞാൻ ആ കുട്ടിയെ കാണാനിടയായത്.

ഇന്നോവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സർ. ശ്യാം ഭീഷണിപ്പെടുത്തുന്ന കാര്യം അവനെ പേടിച്ചിട്ട് ആ കുട്ടി ആരോടും പറഞ്ഞിരുന്നുമില്ല.

ആ കുട്ടിയെ ഞാൻ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നിട്ടുണ്ട്… വിളിപ്പിക്കട്ടെ….” ഫിറോസ് അരുണിനോട്‌ ചോദിച്ചു.

“ആഹ് വിളിക്കു…. ”

ഫിറോസ് ബെല്ലടിച്ചു കോൺസ്റ്റബിളിനെ വരുത്തി അശ്വതിയെ കൂട്ടികൊണ്ട് വരാൻ പറഞ്ഞു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി പേടിച്ചു പേടിച്ചു അങ്ങോട്ടേക്ക് കടന്നു വന്നു.

അരുൺ അവളെ അടിമുടി വീക്ഷിച്ചു.

അശ്വതി മുഖം കുനിച്ചു നിൽക്കുകയായിരുന്നു.

“തൃശ്ശൂർ എവിടെയാ തന്റെ വീട്… ” തെല്ലു ഗൗരവത്തോടെ അരുൺ ചോദിച്ചു.

“ഗുരുവായൂരിനു അടുത്തായിട്ടാ… ”

“വീട്ടിൽ ആരൊക്കെയുണ്ട്… ”

“അമ്മയും അനിയനും… ”

“അച്ഛൻ…?? ”

“മരിച്ചു പോയി… ”

“ഇന്ന് ഹോസ്റ്റലിലേക്കെന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് നേരെ ഇങ്ങോട്ടല്ലേ വന്നത്… എന്തിനായിരുന്നു… ”

“അത് പിന്നെ… ” ഭയം കാരണം അവൾ പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു.

“ശ്യാമുമായിട്ട് തനിക്കെന്താ ബന്ധം…”

അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“അയാളുടെ കൂടെ ചെന്നില്ലെങ്കിൽ തുടർന്ന് പഠിക്കാൻ സമ്മതിക്കില്ലെന്നും കൊല്ലുമെന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി…

വേറെ വഴിയില്ലാത്തോണ്ടാ ഇങ്ങോട്ട് വരേണ്ടി വന്നത്. വീട്ടിൽ അമ്മയോട് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു….”

അരുൺ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് പാഞ്ഞു.
കൈവീശി ഒരടി ആയിരുന്നു പിന്നീട്. എല്ലാം നിമിഷനേരം കൊണ്ടായിരുന്നു.

അശ്വതി കറങ്ങി നിലത്ത് വീണു.

“വല്ലവനും ഭീഷണിപ്പെടുത്തിയാൽ ഉടനെ ചാടിക്കേറി പുറപ്പെടുകയല്ല വേണ്ടത്. വീട്ടുകാരോട് പറഞ്ഞു അവിടെ കോളേജ് അധികൃതർക്ക് കംപ്ലയിന്റ് കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്….ആദ്യം അൽപ്പം ധൈര്യമാണ് പെൺകുട്ടികൾ കാണിക്കേണ്ടത്.

ഇതുപോലെ ഓരോന്നും കണ്ടു പേടിച്ചിരുന്നാൽ അതിനേ സമയം കാണു. പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം….” അരുണിന്റെ ശബ്ദം അവിടെ മുഴങ്ങി.

അടിയുടെ ആഘാതത്തിൽ വീണു പോയ അശ്വതി പതിയെ എഴുന്നേറ്റു. അവളുടെ വെളുത്ത കവിളിൽ വിരൽപ്പാടുകൾ തെളിഞ്ഞു കാണാമായിരുന്നു.

അരുൺ ഫിറോസിന്റെ നേർക്ക് തിരിഞ്ഞു.

“തല്ക്കാലം ഇക്കാര്യം പുറത്തു വിടണ്ട ഫിറോസ്.
അഡ്രസും ഫോൺ നമ്പറും എഴുതി വാങ്ങിച്ചിട്ട് വിട്ടേക്ക്… ”

“ശരി സർ… ”

അഡ്രസും ഫോൺ നമ്പറും എഴുതാനായി ഫിറോസ് ഒരു പേപ്പറും പേനയും എടുത്തു അവൾക്ക് കൊടുത്തു.

പേപ്പറും പേനയും വാങ്ങി അവൾ അതിലേക്ക് അഡ്രസ്സും ഫോൺ നമ്പറും എഴുതി.

“സർ ബസ് സ്റ്റാൻഡിലേക്ക് പോകാൻ എനിക്ക് വഴി അറിയില്ല… ” പേടിച്ചു പേടിച്ചു അശ്വതി പറഞ്ഞു.

അരുൺ രൂക്ഷമായി അവളെയൊന്നു നോക്കിയ ശേഷം ദിലിപീനെ നോക്കി പറഞ്ഞു.

“ദിലീപ് ഈ കുട്ടിയെ ബസ്റ്റാന്റ് വരെ ഒന്ന് കൊണ്ട് വിട്ടിട്ട് വരൂ…. ”

“ഓക്കേ സർ… ”

അശ്വതിയെയും കൂട്ടി ദിലീപ് പുറത്തേക്കു നടന്നു.

“വിനോദ് സൈബർ സെല്ലിൽ വിളിച്ചു ശ്യാമിന്റെ സെൽ നമ്പർ ലൊക്കേഷൻ കണ്ടു പിടിക്കാനുള്ള ഏർപ്പാടുകൾ വേഗം ചെയ്യണം….,, അർജുൻ മേപ്പാടി ഭാഗത്തെയും മറ്റു സ്ഥലങ്ങളിലെയും സിസിടിവി വിഷ്വൽസ് ഉടനെ പരിശോധിക്കണം.

ശ്യാമിന്റെ ബെൻസ് കാർ ഏത് വഴിക്കാണ് പോയതെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞാൽ എത്രയും പെട്ടന്ന് കില്ലറെയും ആ സഹായിയെയും കണ്ടു പിടിക്കാൻ സാധിക്കും.

“ശരി സർ… ” അർജുനും വിനോദും തങ്ങളെ ഏൽപ്പിച്ച കാര്യം ചെയ്യാനായി പോയി.

അരുണിന്റെ മുറിയിൽ ഫിറോസും അരുണും മാത്രമായി.

“ഫിറോസ്…. തനിക്ക് എന്തെങ്കിലും സൂചന ലഭിച്ചോ പ്രതിയെപ്പറ്റി… ”

“നമുക്കിടയിൽ തന്നെയുള്ള ഒരാൾക്ക് ആ കൊലയാളിയുമായി ബന്ധമുണ്ടെന്നുള്ള കാര്യം ഉറപ്പാണ് സർ.

കുട്ടികളെ കടത്തുന്ന കാര്യം പോലീസ് ഡിപ്പാർട്മെന്റ് രഹസ്യമായി നടത്തിയ ഓപ്പറേഷൻ ആയിരുന്നു.

അക്കാര്യം കൃത്യമായി മനസിലാക്കിയ കില്ലർ പോലീസിന്റെ കണ്ണ് വെട്ടിച്ചു സ്റ്റെല്ലയെ കൊണ്ട് പോയി.

അതിനർത്ഥം ഇതിനുള്ളിൽ ആരോ കില്ലറെ സഹായിക്കുന്നുണ്ട് എന്നല്ലേ… ”

“ഫിറോസ് പറഞ്ഞത് കറക്റ്റാണ്. ഞാനും ആ വഴി അന്വേഷണം നടത്തുന്നുണ്ട്. ഒരേ സമയം പല മുഖങ്ങൾ മനസ്സിൽ തെളിയുന്നു. പക്ഷേ ആരെയും ഉറപ്പിക്കാൻ പറ്റുന്നില്ല…”

“സർ… എനിക്കൊരാളെ നല്ല ഡൌട്ട് ഉണ്ട്… ”

“ആരെയാണ് ഫിറോസ്… ”

“ദിലീപ് സാറിനെ… കാരണം സ്റ്റെല്ലയെ അന്വേഷിച്ചു കണ്ടു പിടിക്കാൻ പോയത് ദിലീപ് സാറാണ്….

ദിലീപ് സാറിനെ പോലെ മിടുക്കനായ ഒരാളുടെ കണ്ണ് വെട്ടിച്ചു സ്റ്റെല്ലയെ തട്ടിക്കൊണ്ടു പോകാൻ കൊലയാളിക്ക് സാധിച്ചുവെങ്കിൽ അതിനർത്ഥം എന്താണ് സർ??

മാത്രമല്ല ഇന്നോവ കണ്ടെത്തി പോലീസിൽ വിളിച്ചറിയിക്കുമ്പോൾ വിനോദ് സാറിനെയും അർജുൻ സാറിനെയും വിളിച്ചറിയിച്ച കൂട്ടത്തിൽ ദിലീപ് സാറിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.”

“ഫിറോസ് പറഞ്ഞു വരുന്നത് ദിലീപാണ് ആ കൊലയാളിയെ സഹായിക്കുന്നതെന്നാണോ… ”

“എനിക്ക് തോന്നിയൊരു സംശയമാണ്…”

“ഹ്മ്മ്… ” ആലോചനയോടെ അരുൺ ദീർഘമായൊന്നു മൂളി.

“എന്തായാലും ഫിറോസ് എല്ലാവരുടെയും നീക്കം രഹസ്യമായി വാച്ച് ചെയ്യണം… ”

വൈകുന്നേരത്തോടെ ശ്യാംലാലിന്റെ തിരോധാനം മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറി.

ശ്യാമിനെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു പോലീസ് ഡിപ്പാർട്മെന്റ് മുഴുവനും.

5. 00 pm എസ്പി ഓഫീസ്.

ഗൗരവകരമായ ചർച്ചയിലായിരുന്നു അരുൺ സെബാസ്റ്റ്യനും സംഘവും അപ്പോഴാണ് മേശപ്പുറത്തിരുന്ന ടെലിഫോൺ മുഴങ്ങിയത്.

“ഹലോ എസ്പി അരുൺ സെബാസ്റ്റ്യൻ ഹിയർ… ”

ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട വാർത്ത വിശ്വസിക്കാനാകാതെ അരുൺ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു.

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഷാഡോ: ഭാഗം 1

ഷാഡോ: ഭാഗം 2

ഷാഡോ: ഭാഗം 3

ഷാഡോ: ഭാഗം 4