Wednesday, January 22, 2025
Novel

ഷാഡോ: ഭാഗം 3

എഴുത്തുകാരി: ശിവ എസ് നായർ


ഷാഡോ എന്ന നോവൽ ആദ്യ ഭാഗം തന്നെ ഞങ്ങൾ പോസ്റ്റ് ചെയ്തത് മാറിപ്പോയിരുന്നു. ആയതിനാൽ ഒന്നും രണ്ടും പാർട്ട് വായിച്ചതിന് ശേഷം പാർട്ട് മൂന്ന് വായിക്കുക…

ഷാഡോ: ഭാഗം 1 വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക…

ഷാഡോ: ഭാഗം 2 വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക…

പാർട്ട് മൂന്ന് 👇👇👇

മറുപുറത്തു നിന്നും കേട്ട വാക്കുകൾ അരുണിനെ ഞെട്ടിച്ചു.

“സാർ ഫിറോസാണ്… കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചു വയസ്സിനു താഴെയുള്ള മുപ്പതോളം ആൺകുട്ടികളെയും പെൺകുട്ടികളെയും ഇന്ന് രാത്രി കോഴിക്കോടിൽ നിന്നും കണ്ടെയ്നറിനുള്ളിലാക്കി വയനാട് വഴി കർണാടകയിലേക്ക് കടത്തുന്നതായി രഹസ്യ വിവരം കിട്ടിയിട്ടുണ്ട്….”

“ഓഹ് മൈ ഗോഡ്… നമ്മുടെ ടീമിലെ എല്ലാവരെയും ഉടൻ തന്നെ വിവരമറിയിക്കണം ഫിറോസ് …. യാതൊരു കാരണവശാലും അവർ രാത്രി ഇവിടം വിടരുത്. കൽപ്പറ്റയിൽ വച്ചു നമുക്കവരെ പിടികൂടണം…. ”

“ഓക്കേ സാർ… ” മറുപുറത്തു ഫോൺ കട്ടായി.

എസ് പി അരുൺ സെബാസ്റ്റ്യൻ ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

അർജുൻ, വിനോദ്, ഫിറോസ്, ദിലീപ്, അരുൺ സെബാസ്റ്റ്യൻ.

ടീമിനെ സെലക്ട്‌ ചെയ്തതും എസ് പി അരുൺ സെബാസ്റ്റ്യൻ തന്നെയാണ്.

ഷാഡോ കില്ലർ കേസ് വഴിമുട്ടി നിൽക്കുമ്പോഴാണ് മറ്റൊരു തലവേദന കൂടി വന്നതെന്ന് അരുൺ ഓർത്തു.
****************************************
വൈകുന്നേരം അഞ്ചു മണി എസ് പി ഓഫീസ്.

എസ് പി ഓഫീസിൽ രാത്രി നടത്താനിരിക്കുന്ന ഓപ്പറേഷനെപ്പറ്റി ഗഹനമായ ചർച്ചയിലായിരുന്നു എസ്പിയും സംഘവും.

രാത്രി പതിനൊന്നരയോടെ ചുരം കയറി വരുന്ന കണ്ടെയ്നറിനെ കൽപ്പറ്റയിൽ വച്ചു ബ്ലോക്ക്‌ ചെയ്യാൻ അവർ തീരുമാനിച്ചു.

വ്യക്തമായ രൂപരേഖ തയ്യാറാക്കി ആ അഞ്ചംഗ സംഘം രാത്രിയിലെ ഓപ്പറേഷനു വേണ്ടി കാത്തിരിപ്പായി.

“യാതൊരു കാരണവശാലും അവർ രക്ഷപെട്ടു പോകാൻ ഇടവരരുത്….പോലീസിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ ഒരുനിമിഷം ശത്രുക്കൾക്ക് അടിപതറും.

ആ സമയം നമ്മൾ ഉടനടി അറ്റാക്ക് ചെയ്തിരിക്കണം.

എല്ലാ കുട്ടികളെയും നമുക്ക് രക്ഷപ്പെടുത്തിയെടുക്കണം.

എത്രപേർ അവർക്കൊപ്പം കാണുമെന്നും നമുക്ക് അറിയില്ല ഒരുത്തനും രക്ഷപെട്ടു പോകാൻ ഇടവരരുത്….
ബി അലെർട്… ”
അരുൺ എല്ലാവരോടുമായി പറഞ്ഞു.

ഒമ്പത് മണിയോടെ തന്നെ എസ്പിയും കൂട്ടരും കൽപ്പറ്റയിൽ സ്ഥാനം പിടിച്ചു.
സംശയം തോന്നുന്ന വാഹനങ്ങളെ പരിശോധിച്ചു കൊണ്ടിരുന്നു.

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു.

ശാന്തമായി കിടന്നിരുന്ന പ്രകൃതിയിൽ പതിയെ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. ശക്തിയായി ഇടിവെട്ടി.ആകാശത്തു മഴക്കാറ് വന്നു മൂടി ചന്ദ്രനെ മറച്ചു.

വീണ്ടും ശക്തിയായി ഇടി മുഴങ്ങി….കൂടെ ആർത്തലച്ചു മഴയും ഇരമ്പി വന്നു.

സമയം പതിനൊന്നു കഴിഞ്ഞു….
പെട്ടെന്നാണ് അരുണിന്റെ ഫോൺ ശബ്‌ദിച്ചത്.

സി ഐ ദിലീപായിരുന്നു ഫോണിൽ.

“സാർ നമ്മളുദ്ദേശിക്കുന്ന കണ്ടെയ്നർ ചുരം കയറി കഴിഞ്ഞു.

പിന്നിൽ ഒരു ഓമ്നി വാനും ഉണ്ട്….രണ്ടു വണ്ടിയും ഒരേ ലക്ഷ്യത്തിലേക്കാണോന്ന് സംശയമുണ്ട്.

ഞങ്ങൾ അവരെ പിന്തുടരുന്നുണ്ട്.

മുന്നിൽ ഓവർടേക് ചെയ്തു പോകാൻ സ്പേസ് ഉണ്ടായിട്ടും റെഡ് ഓമ്നി കണ്ടെയ്നറിന്റെ പിന്നാലെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്…. ”

“ഓക്കേ ദിലീപ്….ഞങ്ങൾ റെഡിയായി ഇരിക്കുകയാണ്…. ”

അൽപ്പ സമയം കഴിഞ്ഞപ്പോൾ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് ആ കണ്ടെയ്നർ ലോറി വരുന്നത് എസ് പി അരുൺ സെബാസ്റ്റ്യനും കൂട്ടരും കണ്ടു.

അരുൺ ടീമിനോട് അലെർട് ആയി ഇരിക്കാൻ വയർലസിലൂടെ ഇൻഫർമേഷൻ കൊടുത്തു.

പന്തികേട് തോന്നിയ ഡ്രൈവർ കണ്ടെയ്നർ നിർത്താതെ സ്പീഡിൽ ചവുട്ടി വിട്ടു.

കണ്ടെയ്നറിന്റെ വരവ് കണ്ടപ്പോൾ തന്നെ നിർത്താതെ പോകാനുള്ള ഉദ്ദേശമാണെന്ന് അരുണിന് മനസിലായി.

“വിനോദേ കണ്ടെയ്നർ സ്റ്റാർട്ട്‌ ചെയ്തോ…. അവന്മാർ നിർത്താൻ ഉദ്ദേശമില്ലെന്ന് തോന്നുന്നു.”

വയർലസിലൂടെ വിനോദിനോട് അരുൺ പറഞ്ഞു.

കുറച്ചപ്പുറത്തു പോലീസുകാർ തയ്യാറാക്കി നിർത്തിയിട്ടിരുന്ന വലിയ കണ്ടെയ്നർ വിനോദ് സ്റ്റാർട്ട്‌ ചെയ്തു.

എതിർവശത്തു നിന്ന് ചീറി പാഞ്ഞു വരുന്ന മറ്റേ കണ്ടെയ്നർ ലോറിക്ക് മുന്നിൽ തടസ്സമായി എസ് ഐ വിനോദ് പോലീസിന്റെ കണ്ടെയ്നർ ലോറി നിർത്തിയിട്ടു.

രംഗം പന്തിയല്ലെന്ന് മനസിലായ ഡ്രൈവർ ഫോൺ എടുത്തു പുറകിൽ ഓമ്നിയിൽ വന്നുകൊണ്ടിരുന്ന സ്റ്റെല്ല മാഡത്തിനെ വിളിച്ചു.

“മാഡം വണ്ടി നിർത്തി ഓടി രക്ഷപ്പെടുന്നതാണ് ബുദ്ധി. പോലീസുകാർ എങ്ങനെയോ സംഭവം അറിഞ്ഞിരിക്കുന്നു. മുന്നിൽ പോലീസ് വഴി മുടക്കി നിൽക്കുകയാണ്….”

“ഇനിയിപ്പോ എന്ത് ചെയ്യും വാസു….” പരിഭ്രാന്തിയോടെ സ്റ്റെല്ല ചോദിച്ചു.

“ഇടത് വശത്തു കാണുന്ന കാടിനുള്ളിലേക്ക് ഓടിക്കയറിയാൽ പോലീസിന്റെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാം….

ഞാൻ വണ്ടി നിർത്തി ഇറങ്ങി ഓടാൻ പോവാ…. ” ഡ്രൈവർ വാസു അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ടു.

ഏസിയുടെ തണുപ്പിലും സ്റ്റെല്ല വിയർത്തൊലിച്ചു.
കോഴിക്കോട്ടെ ഒരു പ്രമുഖ ബിസിനസ്‌ വുമൺ ആണ് സ്റ്റെല്ല.

കണ്ടാൽ ഒരു മുപ്പതു വയസ്സ് പറയും.
അവൾ പിൻസീറ്റിലേക്ക് ഒന്നു പാളി നോക്കി.

രണ്ടു ഇരട്ട പെൺകുട്ടികൾ സീറ്റിൽ മയക്കത്തിൽ കിടക്കുന്നുണ്ടായിരുന്നു.

രാവിലെ മലപ്പുറത്തു നിന്നും സ്കൂളിലേക്ക് പോകും വഴി കാണാതായ കുട്ടികളായിരുന്നു അവർ.

മയക്കു മരുന്ന് ചെറിയ ഡോസിൽ കുത്തി വച്ചു ബോധം കെടുത്തിയിരിക്കുകയാണ്.

ഒരു നിമിഷം ഒന്നാലോചിച്ച ശേഷം മുൻപിൽ കണ്ടെയ്നർ ലോറി നിർത്തുന്നതിനു മുൻപേ സ്റ്റെല്ല ഓമ്നി ഇടത് വശം ചേർന്നു സ്ലോ ആക്കി നിർത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് ഡോർ തുറന്നു ചാടിയിറങ്ങി കാടിനുള്ളിലേക്ക് ഓടികയറി.

പിന്നിൽ അവരെ പിന്തുടർന്ന് വന്ന സി ഐ ദിലീപും സംഘവും വണ്ടി നിർത്തി അവർക്ക് തൊട്ടുപിന്നാലെ പാഞ്ഞു.

അപ്പോഴും മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.

ദിലീപ് വയർലസിലൂടെ എസ്പിക്ക് ഓമ്നിയിൽ നിന്നിറങ്ങി ഓടിയ സ്ത്രീയെ പറ്റി ഇൻഫർമേഷൻ കൈമാറി.

കണ്ടെയ്നർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ വാസുവിനെ പോലീസ് സംഘം വളഞ്ഞു.

ലോറിക്കുള്ളിൽ കുട്ടികളെ കൂടാതെ ഡ്രൈവറും ക്‌ളീനറും മാത്രമേ ഉണ്ടായിരുന്നുള്ളു.

പിന്നിലെ ഓമ്നിയിൽ രാവിലെ മലപ്പുറത്ത്‌ നിന്നും കാണാതായ രണ്ടു കുട്ടികളെയും പോലീസ് കണ്ടെടുത്തു.

കണ്ടെയ്നർ ലോറിയും ഓമ്നിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറെയും ക്‌ളീനറെയും വിലങ്ങു വച്ചു അറസ്റ്റ് ചെയ്തു.

കുട്ടികളെ എല്ലാവരെയും വേഗം തന്നെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനുള്ള ഏർപ്പാട് ചെയ്തു.

അപ്പോഴാണ് എസ് പി അരുണിന്റെ കയ്യിലിരുന്ന വയർലസ് ശബ്‌ദിച്ചത്.

“സർ ദിലീപാണ്…”

“പറയു ദിലീപ്… ആ സ്ത്രീയെ കണ്ടു കിട്ടിയോ… ”

“നോ സാർ…. അവരെ ഇവിടെയെങ്ങും കാണുന്നില്ല…. ഞങ്ങൾ സെർച്ചിങ് തുടരുന്നുണ്ട്..”

“മാക്സിമം അവരെ കണ്ടെത്താൻ ശ്രമിക്കു… രക്ഷപ്പെടാൻ അനുവദിക്കരുത്… ”

“Ok സർ…. ” അപ്പോഴേക്കും മഴ ഏകദേശം തോർന്നു തുടങ്ങിയിരുന്നു.

സി ഐ ദിലീപും കൂട്ടരും തേയില കാടുകൾക്കിടയിൽ സ്റ്റെല്ലയെ തിരിഞ്ഞു കൊണ്ടിരുന്നു.

അതേസമയം നിലത്തോട് പറ്റിചേർന്ന് കമഴ്ന്നു കിടക്കുകയാണ് സ്റ്റെല്ല. പോലീസ് ബൂട്ടുകളുടെ ശബ്ദം അടുത്തടുത്തു വന്നുകൊണ്ടിരുന്നു.

പോലീസിന്റെ കയ്യിൽ നിന്നും ഓടി രക്ഷപ്പെടാൻ സാധിക്കില്ലെന്ന് അവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.

പെട്ടന്നാണ് അവരെ നിലത്ത് നിന്നും ആരോ പൊക്കിയെടുത്തത്.കുതറി മാറാൻ കഴിയുന്നതിനു മുൻപേ സ്റ്റെല്ലയുടെ മൂക്കിലേക്ക് ക്ലോറോഫോമ് സ്പ്രേ ചെയ്യപ്പെട്ടു.

ബോധരഹിതയായി വീണ സ്റ്റെല്ലയെ താങ്ങിയെടുത്തു തോളിലിട്ട് കൊണ്ട് കറുത്ത ഓവർ കോട്ട് ധരിച്ച രൂപം തേയിലക്കാടുകളെ വകഞ്ഞു മാറ്റി അതിവേഗം മുന്നോട്ടു നടന്നു.

അപ്പോഴേക്കും പോലീസുകാർ സ്റ്റെല്ല ഒളിച്ചിരുന്ന ഭാഗത്തു എത്തിയിരുന്നു.

രണ്ടു മണിക്കൂർ ആ പരിസരം മുഴുവൻ തിരഞ്ഞെങ്കിലും സ്റ്റെല്ലയെ കണ്ടെത്താൻ കഴിയാതെ പോലീസ് സംഘം മടങ്ങി.
****************************************
അതേസമയം എസ് പി അരുണും സംഘവും ഡ്രൈവർ വാസുവിനെയും ക്‌ളീനറിനെയും കൊണ്ട് ചെന്നത് ഒരു രഹസ്യ സങ്കേതത്തിലായിരുന്നു.

സ്റ്റെല്ലയെ അന്വേഷിച്ചു കണ്ടെത്താനാകാതെ മുൻ നിശ്ചയിച്ച പ്രകാരം ദിലീപും അവിടെ എത്തിച്ചേർന്നു.

“സർ ആ സ്ത്രീയെ കണ്ടു കിട്ടിയില്ല….രണ്ടു മണിക്കൂർ അവിടം മുഴുവൻ തിരിഞ്ഞു. അത്രയും ചുരുങ്ങിയ സമയം കൊണ്ട് അവർക്കെന്തായാലും എങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയില്ല സർ…. ”

“സാരമില്ല ദിലീപ്… ഡോണ്ട് വറി എബൌട്ട്‌ ദാറ്റ്‌…. ജില്ല വിട്ട് പുറത്തേക്കും അകത്തേക്കും പോകുന്ന എല്ലാ വണ്ടികളും പരിശോധന കഴിഞ്ഞാണ് വിടുന്നത്.

എന്തായാലും അവർക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ചു വയനാട് വിട്ട് പോകാൻ കഴിയില്ല.

തേയില കാടുകൾക്കിടയിൽ എവിടെയോ അവർ മറഞ്ഞിരിപ്പുണ്ട്. രാവിലെ നമുക്ക് ഒന്നുകൂടി അവിടം സെർച്ച്‌ ചെയ്യാം…. ”

“ആ സ്ത്രീ ആരാണെന്നു ഐഡന്റിഫൈ ചെയ്യാൻ കഴിഞ്ഞോ സർ… ” ദിലീപ് ചോദിച്ചു.

“അർജുൻ അവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്…. ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല…. അവന്റെ കയ്യിൽ നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ലാസ്റ്റ് കാൾ പോയിരിക്കുന്നത് ഈ നമ്പറിലേക്കാണ്(9020****75)…. ഓമ്നിയിൽ വന്ന സ്ത്രീയുടെ നമ്പർ ആയിരിക്കാം ഇത്….ഇതിന്റെ ടവർ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഞാൻ ഏർപ്പാട് ചെയ്തു കഴിഞ്ഞു… ”

എസ് പി അരുൺ ദിലീപിനോട് പറഞ്ഞു.

“സർ അവൻ സഹകരിച്ചു തുടങ്ങി…. ” അങ്ങോട്ടേക്ക് വന്ന അർജുൻ എസ്പിയോടായി പറഞ്ഞു.

“ഓഹ് ഗുഡ്…. ദിലീപ് ഫോളോ മി…. ”

അർജുനും അരുണും ദിലീപും ഇടനാഴിയിലൂടെ നടന്നു.

സമയം രാത്രി രണ്ടര കഴിഞ്ഞിരുന്നു.

മൂവരും ഡ്രൈവർ വാസുവിനെ അടച്ചിട്ടിരുന്ന മുറിയിലേക്ക് ചെന്നു.

ഒരു വശത്തേക്ക് തല കുമ്പിട്ടു പകുതി കൂമ്പിയടഞ്ഞ മിഴികളോടെ കസേരയിൽ തളർന്നിരിക്കുകയാണ് ഡ്രൈവർ വാസു.

വെള്ളം വെള്ളം എന്ന് അയാൾ അടഞ്ഞ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു.

കുറച്ചു മാറി വിനോദും ഫിറോസും ഉണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ക്‌ളീനറെ ചോദ്യം ചെയ്യുകയായിരുന്നു അവർ.

“ഫിറോസേ ഇവന് കുറച്ചു വെള്ളം കൊടുത്തേക്ക്…. ” അരുൺ ഫിറോസിനോട് പറഞ്ഞു.

“ശരി സർ… ”

ഒരു കുപ്പി മിനറൽ വാട്ടറിന്റെ ബോട്ടിൽ ഫിറോസ് വാസുവിന് കൊടുത്തു.

അയാൾ ആർത്തിയോടെ കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു തീർത്തു.

“എന്താടാ നിന്റെ പേര്… ” അരുൺ ചോദ്യം ആരംഭിച്ചു.

“വാ… വാസു… ” വിക്കി വിക്കി അയാൾ പറഞ്ഞു.

അർജുൻ അടുത്തേക്ക് ചെന്ന് വാസുവിന്റെ മുടിയിൽ പിടിച്ചു തല ഉയർത്തി.

“അയ്യോ സാറെ ഇനിയെന്നെ ഉപദ്രവിക്കല്ലേ…. എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം… ”

“എങ്കിൽ പറയ്യ് ആരാ ആ ഓമ്നിയിൽ ഉണ്ടായിരുന്ന സ്ത്രീ… ”

“അത് സ്റ്റെല്ല മാഡം ആണ്…. ”

“അവർക്കെന്താ പണി…. നീയും അവരും തമ്മിൽ എങ്ങനെ അറിയാം….

അവരെപ്പറ്റി എന്തൊക്കെ നിനക്കറിയാമോ അതെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞോ…” അരുൺ അടുത്ത ചോദ്യം ചോദിച്ചു.

“പൊള്ളാച്ചിക്ക് അടുത്തായിരുന്നു എന്റെ വീട്.

അച്ഛൻ തമിഴൻ അമ്മ മലയാളി കോഴിക്കോട്ടുക്കാരി.

പഠിച്ചു കഴിഞ്ഞു ജോലിയൊന്നുമില്ലാതെ നിൽക്കുമ്പോഴാണ് കോഴിക്കോട് ജോലി അന്വേഷിച്ചു എത്തുന്നത്. എന്ത് പണി ചെയ്യാനും ഒരുക്കമായിരുന്നു.

പതിനൊന്നു കൊല്ലം മുമ്പാണ് അവരുടെ ഹോട്ടലിൽ ക്ലീനിങ് ബോയ് ആയി ജോലിക്ക് കയറുന്നത്.

പൈസയോടുള്ള എന്റെ ആവശ്യം മനസിലാക്കിയ അവർ എന്നെ അവരുടെ ഡ്രൈവർ ആയി അപ്പോയ്ന്റ് ചെയ്തു.

എന്നിലുള്ള വിശ്വാസ്യത കൊണ്ട് അവരുടെ പല രഹസ്യ ബിസിനസുകളും എന്നിലൂടെയായിരുന്നു നടന്നിരുന്നത്. നല്ലൊരു തുക മാസം ശമ്പളമായി എന്റെ അക്കൗണ്ടിൽ വന്നു കൊണ്ടിരുന്നു.

അതുകൊണ്ട് ഞാൻ എന്റെ പഠിപ്പിന് ചേർന്ന ജോലികൾ കിട്ടിയിട്ടും പോയില്ല.

കോഴിക്കോട്ടെ ഒരു പ്രമുഖ ബിസിനസ്‌ വുമൺ ആണ് സ്റ്റെല്ല മാഡം. ബ്യൂട്ടിപാർലർ, ഷോപ്പിംഗ് കോംപ്ലക്സ്, ഇന്റർനെറ്റ്‌ കഫെ, ത്രീ സ്റ്റാർ ഹോട്ടൽ എന്നിവ സ്വന്തമായി അവർക്കുണ്ട്.എല്ലാം കോഴിക്കോടിന്റെ നഗര പ്രദേശങ്ങളിൽ തന്നെയാണ്.

ബിസിനസിന്റെ മറവിൽ പല കാര്യങ്ങളും മാഡം ചെയ്യുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ തട്ടിയെടുത്തു കർണാടകയിലുള്ള ഒരു സേട്ടിന് കൈമാറുന്ന ഏജന്റ് ആണ് മാഡം.

കൂടാതെ തന്റെ ബിസിനസ്‌ സ്ഥാപനങ്ങളിൽ ജോലിക്കെന്നു പറഞ്ഞു എടുക്കുന്ന സ്ത്രീകളെ സ്വകാര്യ ആവശ്യങ്ങൾക്കായി ശാരീരികമായി ചൂഷണം ചെയ്യുകയും പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ ഉയർന്ന ശമ്പളം ഓഫർ ചെയ്തു ജോലിക്കെടുത്തു പതിയെ അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം ചതിവിൽപ്പെടുത്തി മുബൈയിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്….”

“വമ്പൻ സ്രാവിനെയാണല്ലോ നമുക്ക് പിടികൂടാൻ ഉള്ളത്….” അരുൺ പകുതി തമാശയായി മറ്റുള്ളവരോട് പറഞ്ഞു.

“എത്ര നാളായി കുട്ടികളെ കടത്താൻ തുടങ്ങിയിട്ട്… ”

“നാല് വർഷത്തോളമായി സാർ…. ഇതുവരെ ഇങ്ങനെ ചെക്കിങ് ഒന്നും ഉണ്ടായിട്ടില്ല…. ”

“അർജുൻ ഇവനിൽ നിന്നും എന്തൊക്കെ ഡീറ്റെയിൽസ് കിട്ടുമോ അതെല്ലാം ചോദിച്ചു മനസിലാക്കണം. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണം….

പിന്നെ ദിലീപ് രാവിലെ തന്നെ തേയിലകാടുകൾക്കിടയിൽ തിരച്ചിൽ ആരംഭിക്കണം….

ഞാൻ ഹോസ്പിറ്റലിൽ വരെയൊന്ന് പോയി കുട്ടികളുടെ കണ്ടീഷൻ എങ്ങനെയുണ്ടെന്നു അന്വേഷിച്ചു വരാം… ഫിറോസും എന്റൊപ്പം പോന്നോളൂ….

എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ കാൾ മി ഗയ്‌സ്…. ”

അത്രയും പറഞ്ഞു കൊണ്ട് എസ് പി അരുൺ സെബാസ്റ്റ്യൻ പുറത്തേക്കു നടന്നു… പുറകെ ഫിറോസും എസ്പിയെ അനുഗമിച്ചു.
****************************************
മുഖത്തേക്ക് വെള്ള തുള്ളികൾ ശക്തിയായി പതിച്ചപ്പോഴാണ് സ്റ്റെല്ലയ്ക്ക് ബോധം തെളിഞ്ഞത്.

ഒരു നടുക്കത്തോടെ അവർ ചാടിയെഴുന്നേറ്റു. അപ്പോഴാണ് താൻ പരിപൂർണ നഗ്നയാണെന്ന് അവൾ തിരിച്ചറിഞ്ഞത്.

സ്റ്റെല്ലയ്ക്ക് തൊട്ട് മുന്നിൽ കൊലച്ചിരിയോടെ മുഖംമൂടി ധരിച്ച കില്ലറും ഉണ്ടായിരുന്നു.കറുത്ത ഓവർ കോട്ട് കാറ്റിൽ പാറി പറന്നു.

തുടരും

ഷാഡോ: ഭാഗം 1

ഷാഡോ: ഭാഗം 2