Thursday, December 19, 2024
Novel

സീമന്തരേഖ : ഭാഗം 2

എഴുത്തുകാരി: RASNA RASU

അടഞ്ഞുകിടക്കുന്ന മുറിയിലായി തട്ടുമ്പോൾ ചെറിയൊരു പരിഭ്രാന്തി മനസ്സിനെ വന്ന് മൂടിയിരുന്നു. ഒരു വേള വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോൾ അകാരണമായ ഭയത്തിന് കീഴ്പ്പെട്ടു പോയിരുന്നു. താക്കോൽ പഴുതിലൂടെ ഒളിഞ്ഞു നോക്കുമ്പോഴും കണ്ണുകൾ നാലുപാടും സഞ്ചരിച്ച് കൊണ്ടിരുന്നു. കിടക്കയിലായി മയങ്ങുന്ന ആ മനുഷ്യനെ കുറച്ച് നേരം നോക്കി നിന്നു. ഇല്ല.. ഒരനക്കവും കാണുന്നില്ല. ഗാഢമായ നിദ്രയിലാണെന്ന് തോന്നുന്നു. ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി.

വാതിൽ തുറക്കാൻ മാർഗമൊന്നും കാണുന്നില്ല. പഴയ വാതിലാണ്. ബലം പ്രയോഗിച്ചാൽ വീട്ടിലുള്ളവരെല്ലാം ശബ്ദം കേട്ട് വരാൻ സാധ്യതയുണ്ട്. തളർന്ന് ഉറങ്ങാവും. വെറുതെ ശല്യം ചെയ്യണ്ട. വാതിൽ തുറക്കുമ്പോൾ വന്ന് നോക്കാം.. സ്വയം മനസിനെ സമാധാനിപ്പിച്ച് കൊണ്ട് മക്കളുടെ മുറിയിൽ ചെന്നിരുന്നു. രണ്ട് പേരും ഉച്ചയുറക്കത്തിലാണ്. അവർക്കരികിലായി ചേർന്ന് കിടന്നു. ബോധം വരുമ്പോൾ സന്ധ്യാസമയമായിരുന്നു. വേഗം താഴേക്ക് ഇറങ്ങുമ്പോഴും ഒരിക്കൽ കൂടി ആ മുറിയിലേക്ക് ഏറുകണ്ണിട്ടു. ഇല്ല.. ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ഇനി രാത്രി ഭക്ഷണം എടുക്കാൻ മാത്രമാണോ വാതിൽ തുറക്കാറ്?

പിന്നെ അന്ന് എന്തിനാ തുറന്നത്? ഓർമകളിലേക്ക് ഒന്നും കൂടി മുങ്ങാ കുഴിയിട്ടപ്പോൾ അന്നത്തെ ശാരദാമ്മയുടെ ദേഷ്യം കലർന്ന മുഖവും മുറിയിലെ അന്തരീക്ഷവും ആ മനുഷ്യന്റെ ദയനീയ ഭാവവുമാണ് കടന്ന് വന്നത്. ശരീരമാകെ തണുത്തുറയുന്ന പോലെയവൾക്ക് തോന്നി. ശാരദാമ്മയുടെ പുഞ്ചിരിക്കുന്ന മുഖവും അന്നത്തെ ഭാവവും മനസിലിട്ട് ചികഞ്ഞ് കൊണ്ടിരുന്നു. പലതും ഒളിപ്പിക്കുന്നത് പോലെ തോന്നുന്നു. വീടിന്റെ അന്തരീക്ഷം തന്നെ അന്നാദ്യമായി അവളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു. പല സംശയങ്ങളും ഉള്ളിൽ നുറഞ്ഞു പൊന്തുന്നു. പക്ഷേ ഉത്തരം ആരുടെ കൈയ്യിലാണ്?

മനസും തലച്ചോറും രണ്ടായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഇവിടെ കുറച്ച് ആശ്വാസമെങ്കിലും ലഭിക്കുന്നുണ്ട്. അത് ഞാനായിട്ട് കളയണോ? വേണ്ടാത്ത കാര്യത്തിന് എന്തിനാ ഞാൻ ഇടപെടാൻ ശ്രമിക്കുന്നത്? പക്ഷേ..എന്ത് കൊണ്ടോ മനസ് പ്രക്ഷുബ്ധമാണ്.. മുന്നിൽ ഒരാൾ യാചിക്കുമ്പോൾ എങ്ങനെ അവഗണിക്കാൻ സാധിക്കും? താനും ഇതേ അവസ്ഥയിലൂടെയല്ലേ കടന്ന് പോയത്.. ആ മനുഷ്യനിലും ഞാൻ തന്നെയല്ലേ ഉള്ളത്? ഒന്നും കാണാത്ത ഭാവം നടിക്കുമ്പോൾ ഞാനും എന്നെ ദ്രോഹിച്ചവരെ പോലെയായി മാറില്ലേ? “”” സീതേ…..!!!””””

താഴെ നിന്ന് ശാരദാമ്മയുടെ ശബ്ദം കേട്ടതും വേഗം എല്ലാ ചിന്തയെയും തട്ടി മാറ്റി കൊണ്ട് താഴേക്കോടി.. “”” താൻ എഴുന്നേറ്റോ? ഞാൻ കരുതി ഉറങ്ങാണെന്ന്..അതാ വിളിച്ച് നോക്കിയത്?””” അവൾക്ക് നേരെ ഒരു ചായ ഗ്ലാസ് നീട്ടി കൊണ്ട് ശാരദാമ്മ പുഞ്ചിരിച്ചു. എന്ത് കൊണ്ടോ മനസറിഞ്ഞ് അവർക്കായി പുഞ്ചിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല സീതക്ക്. പലതും മറയ്ക്കുന്ന സ്വഭാവമാണ് ശാരദാമ്മയ്ക്ക്.. ഈ സ്നേഹം പോലും നാട്യമാവുമോ? “”” എന്താ കുട്ടി വല്ലതും പറയാനുണ്ടോ എന്നോട്?””” കണ്ണെടുക്കാതെയുള്ള എന്റെ നോട്ടം കണ്ടിട്ടാവണം അവർ ചോദിച്ചത്. മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും മുകളിൽ നിന്ന് കുട്ടിപട്ടാളത്തിന്റെ കരച്ചിൽ കേട്ട് തുടങ്ങിയിരുന്നു. “””

മക്കൾ എഴുന്നേറ്റന്ന് തോന്നുന്നു. ഒരുറക്കം കഴിഞ്ഞാൽ ഇങ്ങനെയാ.. കുറച്ച് നേരം ആരെങ്കിലും അടുത്ത് വേണം.. ഇല്ലെങ്കിൽ ഇങ്ങനെ കരഞ്ഞ് സൈര്യം തരില്ല””” “”” ഞാൻ നോക്കിയിട്ട് വരാം…””” മുകളിലേക്ക് ഓടി കയറി മത്സരത്തോടെ ചിണുങ്ങുന്ന രണ്ട് പേരെയും കയ്യിൽ വാരിയെടുത്തു കൊണ്ട് താഴേക്ക് നടന്നു. താഴേക്കിറങ്ങുമ്പോൾ നിലത്ത് കണ്ട നിഴലിൽ നിന്ന് അയാൾ എഴുന്നേറ്റു എന്ന് മനസിലായി. ഞെട്ടിപിടഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ തന്നെ കണ്ടു മക്കളെയും തന്നെയും നോക്കുന്ന ആ മനുഷ്യനെ. മുഖത്ത് പക്ഷേ എന്തോ ഗൗരവമാണ്. ഇന്നലത്തെക്കാളും ക്ഷീണിച്ചത് പോലെ തോന്നുന്നു.

മുന്നിലേക്ക് അലസമായി കിടക്കുന്ന മുടികൾ ഒന്ന് മുകളിലേക്ക് കൈ കൊണ്ട് മാറ്റി കൊണ്ടയാൾ മുറി ശബ്ദത്തോടെ കൊട്ടിയടച്ചു. വല്ലാതെ അമ്പരന്ന് പോയിരുന്നു സീത. എന്താ നടന്നത് എന്ന് കുറച്ച് നേരം കഴിഞ്ഞാണ് ബോധം വന്നത്. മക്കളെയും എടുത്ത് ഉമ്മറത്തിണ്ണയിൽ ഇരുന്ന് ചൂട് പഴപൊരി ഊതി കഴിപ്പിച്ചു കൊണ്ടിരുന്നു. എങ്കിലും എന്തിനാവും മുഖം വീർപ്പിച്ചിരിക്കുന്നത്? ഇനി മക്കൾ ശബ്ദമുണ്ടാക്കി ഉറക്കത്തിന് ഭംഗം വരുത്തിയത് കൊണ്ടാവുമോ? സാരിതുമ്പിൽ പിടിച്ച് തിരിച്ച് കൊണ്ട് മുറുമുറുക്കുന്ന സീതയെ ജാനകി ചേച്ചി ഒന്ന് കണ്ണുരുട്ടി നോക്കി. അല്ലെങ്കിലും ഞാനെന്തിനാ കണ്ടവരുടെ കാര്യം ചിന്തിക്കുന്നത്?

എന്നാലും വല്ലതും ചിന്തിക്കാനും വേണ്ടെ മനുഷ്യന്. എന്നെ പോലെ സ്വന്തമായി ഒന്നും തന്നെ ഇല്ലാത്തവൾക്ക് ഒരു നേരം പോക്ക്.. എന്നാലും കാരണമില്ലാതെ ഒരാള് ഇങ്ങനെ പെരുമാറുമോ? ഇനി തലയ്ക്ക് സുഖമില്ലാത്തതാണോ ആവോ? “”” വിളക്ക് വെക്കാൻ സമയമായി. കുട്ടികളെ കുളിപ്പിച്ച് നാമം ജപിക്കാൻ നോക്കൂ””” ചിന്തയെ ഭേദിച്ചു കൊണ്ട് ജാനകി ചേച്ചി അഞ്ജാപിച്ചതും അനുസരണയോടെ വേഗം അകത്തേക്ക് പിൻവലിഞ്ഞു. രാത്രി മക്കളുടെ കൂടെ കളിച്ചും കഥ പറഞ്ഞും ഒരു വിധം തളർന്നിരുന്നു. ജാനകി ചേച്ചിയെ കുറച്ച് നേരം അടുക്കളയിൽ സഹായിച്ച ശേഷം ഭക്ഷണം ഒന്ന് കഴിച്ചെന്ന് വരുത്തി മുറിയിൽ കയറി നടു നിവർത്തി.

ഉറക്കത്തിന്റെ ഏതോ യാമത്തിൽ കലസമായ ദാഹം പിടികൂടിയതും താൽപര്യമില്ലാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നേരമാണ് അയാളുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടത്. ക്ലോക്കിലേക്ക് ഒന്ന് പാളി നോക്കി. സമയം പുലർച്ചയോടടുക്കുന്നു. സാധാരണ ഭക്ഷണം കൊണ്ട് വച്ചാൽ അത് എടുത്ത് മുറി പൂട്ടാറുണ്ട്. ഇനി മറന്നു പോയോ ആവോ? ചെറിയൊരു ആകുലതയോടെ ശബ്ദമുണ്ടാക്കാതെ മുറിയിലെ വാതിലിന്റെ പിറകിലായി മറിഞ്ഞ് നിന്നു. ഏതോ കുത്തികുറിക്കുകയാണ്. പാത്രത്തിലെ കഞ്ഞി ഇടയ്ക്ക് സ്പൂൺ കൊണ്ട് കോരി തിന്നുന്നുണ്ട്. കഷ്ടകാലത്തിന് കൈ തട്ടി കതക് ഒന്ന് ആടി.

തിരിഞ്ഞോടാൻ ശ്രമിക്കുന്നതിന് മുമ്പേ ആളുടെ നോട്ടം അവളിൽ പതിച്ചിരുന്നു. വല്ലാത്തൊരു പരവേശം അവളിൽ ഉടലെടുത്തു. ശരീരമാകെ വിറച്ച് കൊണ്ടിരുന്നു. “”” ഞ.. ഞാൻ… വെറുതെ…. ഒന്ന് പോയപ്പോൾ””” തുറിപ്പിച്ച് നോക്കുന്ന അവനെ കണ്ട് തൊണ്ടകുഴി വീണ്ടും വരണ്ടു. ശബ്ദം പുറത്തേക്ക് വരാതെയവൾ വിക്കലോടെ അവനെ നോക്കി. എന്നാൽ മറുപുറത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതവളെ തെല്ലൊന്നതിശയിപ്പിച്ചു. ശ്രദ്ധമാറ്റി കൊണ്ട് കഞ്ഞി കോരി കുടിക്കുന്ന അവനെ എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നു. വരുന്നത് വരട്ടെ.. മാലു മോൾ പറഞ്ഞത് പോലെ കാട്ടുമാക്കാനാണോ അതോ മുയൽക്കുഞ്ഞാണോ എന്നറിയണ്ടേ.. മക്കൾ ഒക്കെ ഉള്ളതല്ലേ..

അവരെ ഉപദ്രവിക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് എന്റെ കൂടി കടമയാ.. അത് കൊണ്ട് തന്നെ ഇയാളെ കൂടുതൽ അറിയേണ്ടതുണ്ട്. സ്വയം ന്യായീകരിച്ച് കൊണ്ടവൾ അകത്തേക്ക് പ്രവേശിച്ചു. തന്നിലേക്ക് അവന്റെ ദൃഷ്ടി പതിയുന്നില്ല എന്നതൊരാശ്വാസം ആയിരുന്നു അവൾക്ക്. ഇനി ഇയാൾ എന്നെ അക്രമിക്കാനുള്ള വല്ല ദുരുദ്ദേശ്യവും മനസിൽ മെനയാണോ? കയ്യിലാണെങ്കിൽ സ്വയം രക്ഷക്ക് ഒരായുധവും ഇല്ല. ആകെയുള്ളത് ഒരു ജഗ്ഗാണ്.. ജഗ്ഗ് എങ്കിൽ ജഗ്ഗ്. നല്ല ബലമുള്ളതാ..തലയ്ക്കടിച്ചാൽ ആളെ ബോധം കെടുത്താം.. മനസിൽ പണ്ട് ചേട്ടന്മാർ പഠിപ്പിച്ച് തന്നെ കളരി അഭ്യാസമുറകൾ മന പാഠമാക്കുകയായിരുന്നു സീത. “”

“” ത്ഫൂ..”””” അയാൾ ചുമച്ച് കൊണ്ട് വെള്ളം തിരയുന്നത് കണ്ടതും അവൾ വേഗം അവന്റെ തലയിലായി ഒന്ന് മേടികൊണ്ട് ജഗ്ഗിലേക്ക് നോക്കി. പറഞ്ഞ പോലെ ഞാനും വെള്ളം കുടിക്കാനല്ലേ ഇറങ്ങിയത്? സ്വയം തല്ലക്കിട്ട് മേടികൊണ്ടവൾ അവന്റെ കൂടെ ചുറ്റിലും ഒന്ന് നോക്കി. “”” ഞാൻ താഴെ നിന്ന് എടുത്തിട്ട് വരാം””” ഓടുന്ന വഴി വിളിച്ച് പറഞ്ഞ് കൊണ്ടവൾ സ്റ്റെപ്പിറങ്ങി അടുക്കളയിലേ പാത്രത്തിലായി തലയിട്ടു. കിട്ടിയ വെള്ളം ജഗ്ഗ് മുഴുവനായും നിറച്ച് മുകളിലേക്ക് ഓടികയറി അവന് നേരെ നീട്ടുമ്പോഴേക്കും അവൾ കിതച്ച് പോയിരുന്നു. ആർത്തിയോടെ വെള്ളം മുഴുവൻ കുടിക്കുന്ന അവനെ കാൺകെ അവളുടെ കണ്ണുകളും എന്ത് കൊണ്ടോ പെയ്തു.

“”” നന്ദി…!!””” ഒന്ന് നോക്കി ചെറുതായി ചിരിച്ച് കൊണ്ടവൻ കുടിച്ച് തീർത്ത കഞ്ഞിപാത്രം അവൾക്ക് നേരെ നീട്ടി. എന്താണെന്ന അർത്ഥത്തിൽ നോക്കുന്നയവളെ അവൻ യാചനയോടെ തലകുനിച്ച് താഴേക്ക് നോക്കി കൊണ്ട് തുടർന്നു. “”” വിരോധമില്ലാച്ചാൽ കുറച്ച് കൂടി കഞ്ഞി തരാമോ? രാവിലെ ഒന്നും കഴിച്ചില്ല.””” വല്ലാത്ത ജാള്യതയോടെ പറയുന്ന അവനെ കാൺകെ മനസിൽ ഒരു നോവുണർന്നുപൊങ്ങി. “”” ഞാൻ കൊണ്ട് വരാം””” “”” അന്നത്തെ പോലെ പറ്റിക്കുമോ? ഞാനന്ന് കാത്തിരുന്നിട്ട് കുട്ടി കൊണ്ട് വന്നിലല്ലോ?””” വാതിൽ പുറത്ത് എത്തിയ അവളെ നോക്കി പരിഭവത്തോടെ പറയുന്ന അവനെ അവൾ കുറ്റബോധത്താൽ തലതാഴ്ത്തി നോക്കി. “”” അത് ഞാൻ പേടിച്ച് പോയി..

ഇന്ന് പറ്റിക്കില്ല ട്ടോ.. ഉറപ്പ് “”” അവനെ നോക്കി പറഞ്ഞതും ആ മുഖം സൂര്യകിരണങ്ങളുടെ തേജസ്സ് പോലെ പ്രകാശിതമായി. “”” എന്നാൽ പാക്കഞ്ഞി മതി. ചേടത്തിയമ്മ ഉണ്ടാക്കുന്ന മാതിരി..””” ഒരു സംശയത്തോടെ അവനെ നോക്കി കൊണ്ട് സീത താഴേക്കിറങ്ങി. ഭാഗ്യത്തിന് ആരും എഴുന്നേറ്റിട്ടില്ല. സമയം നാല് ആവുന്നു. “”” ആരാ ഈ ചേടത്തിയമ്മ?””” അരി കഴുകി കൊണ്ടവൾ ചിന്തിച്ച് കൊണ്ടിരുന്നു. “””” പറഞ്ഞ പോലെ ഈ പാക്കഞ്ഞി എന്താ? ആകെ പെട്ടല്ലോ ഭഗവതി””” താടിക്ക് കൈയ്യും കൊടുത്ത് കൊണ്ട് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് പിറകിൽ നിന്നാരോ അടുക്കളയുടെ ലൈറ്റിട്ടത്.

പകച്ച് കൊണ്ട് തിരിഞ്ഞതും തന്നെ ചൂഴ്ന്ന് നോക്കുന്ന ജാനകി ചേച്ചിയെ കണ്ടു. എന്റെ കൈയ്യിലെ അരിയിലേക്കാണ് നോട്ടം എന്ന് കണ്ടതും വേഗം കൈ പിറകോട്ട് മറച്ച് പിടിച്ച് കൊണ്ട് മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു. “”” കുട്ടിയെന്താ ഈ സമയത്ത് ചെയ്യുന്നത്?””” “”” അത്… ഞാൻ.. വല്ലാത്ത വിശപ്പ് തോന്നിയപ്പോൾ.. കുറച്ച് പാക്കഞ്ഞി ഉണ്ടാക്കി കുടിക്കാം എന്ന് കരുതി””” മുഖത്തെ വെപ്രാളം പണിപ്പെട്ട് അടക്കിപിടിച്ച് കൊണ്ട് പറഞ്ഞതും ആ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. “”” നിയെന്തിനാ അനന്തൻ കുഞ്ഞിന്റെ മുറിയിൽ കയറിയത്?””” കയ്യിലെ പാത്രം തട്ടി പറിച്ച് കൊണ്ടവർ സീതയുടെ കരണം പുകച്ചു.

പെട്ടെന്ന് അങ്ങനെയൊരു പ്രവൃത്തി അവരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഒന്ന് നടുങ്ങി പോയിരുന്നു സീത. കണ്ണുകൾ ധാരയായി ഒഴുകി. “”” ഞാൻ.. ഒന്നും ചെയ്തില്ല.. വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ””” കവിളിൽ കൈ വച്ച് കൊണ്ട് തന്നെ സീത അവരെ ഭയത്തോടെ നോക്കി. “”” ഇന്നലെ ഞാൻ പറഞ്ഞതല്ലേ നിന്നോട്. വീണ്ടും പറയുവാ.. ഇനിയാ മുറിയിൽ നീ കയറിയാൽ…!!””” അവൾക്ക് നേരെ വീരൽ ചൂണ്ടി കൊണ്ടവർ നടന്നകലുമ്പോഴും പകപ്പ് മാറാതെ നിൽക്കുകയായിരുന്നു സീത.. അപ്പോഴും മുകളിൽ അവളുടെ വരവും കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുവായിരുന്നു അനന്തൻ. (തുടരും)

സീമന്തരേഖ : ഭാഗം 1