സീമന്തരേഖ : ഭാഗം 1
എഴുത്തുകാരി: RASNA RASU
” താഴെ വയ്ക്കടി നശൂലമേ എന്റെ കൊച്ചിനെ? എന്റെ കുട്ടിയെ തൊടരുത് എന്ന് പറഞ്ഞിട്ടില്ലെടീ നിന്നോട്?””” രാധികേച്ചിയുടെ കൈകൾ ആഞ്ഞ് വീശിയതും തെറിച്ച് കൊണ്ട് നിലത്തേക്ക് വീണു സീത. വേദനയോടെ അവരുടെ കരങ്ങൾ പതിഞ്ഞ ഭാഗം അവൾ ഒന്ന് തലോടി. കരഞ്ഞ് കൊണ്ട് മുറിയിലേക്ക് ഓടുമ്പോൾ പിറകിൽ നിന്നുള്ള കുറ്റപ്പെടുത്തലുകൾ അവൾ വീണ്ടും കേട്ടു. “” ഇത് പോലെ മച്ചിയെ ഒക്കെ എന്തിനാ തീറ്റി പോറ്റുന്നത്… വിശ്വസിക്കാൻ പറ്റില്ല. കണ്ണ് തെറ്റിയാൽ എന്റെ കൊച്ചിനെ കടത്തി കൊണ്ട് പോവില്ലെന്നാര് കണ്ടു?”” അത് കേട്ടതും വേദനയോടെ കിടക്കയിലേക്ക് മുഖമമർത്തി കരഞ്ഞു. വീണ്ടും ആ രണ്ട് വാക്കുകൾ എന്നെ കുത്തിനോവിച്ച് കൊണ്ടിരിക്കുന്നു.
കാൻസർ വന്നത് കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. രോഗം ഭേദമായെങ്കിലും അമ്മയാകാൻ പറ്റില്ല എന്ന ഒറ്റ കാരണം കൊണ്ട് മുടങ്ങി പോയ ഒരുപാട് ആലോചനകൾ, ഇത് പോലൊരു കൂടപിറപ്പിനെ കിട്ടിയതിന്റെ ഉത്തരവാദിത്ത കണക്ക് പറയുന്ന സഹോദരങ്ങൾ… ജനിച്ച നാളിനെ പഴിചാരുന്ന മാതാപിതാക്കൾ.. എല്ലാം എന്നും അനുഭവിച്ച് കൊണ്ടേയിരുന്നു. വീട്ടിൽ എല്ലാവരുടെയും കണ്ണിൻ മണിയായിരുന്നവൾ ഒരു നിമിഷം കൊണ്ട് വേലക്കാരി പട്ടത്തിലേക്ക് എത്തിയിരിക്കുന്നു.. ചേട്ടന്മാരുടെ രാജകുമാരിയായിരുന്നവൾ അതേ ചേട്ടന്മാരുടെ ഭാര്യന്മാരുടെ അടിമയായിരിക്കുന്നു. മറുത്തൊന്നും പറയാതെ എല്ലാം സഹിക്കുമ്പോഴും മനസ് പലപ്പോഴും തകർന്ന് പോയിട്ടുണ്ട്.
ഒടുവിൽ അമ്മ പോലും ഈ നരകത്തിൽ നിന്ന് ഇറങ്ങി പോയ്ക്കൂടെ എന്ന് ചോദിച്ചപ്പോൾ നെഞ്ച് പിളരുന്ന പോലെ തോന്നി. ഒടുക്കം മനസിലാ മനസോടെയാണെങ്കിലും അമ്മയുടെ വാശിപ്പുറത്ത് ചേട്ടന്മാർ ദൂരെയുള്ള അമ്മാവൻ ശരിയാക്കിയ ജോലിക്ക് പോകാൻ എന്നെ സമ്മതിച്ചു. എല്ലാം വാരിപെറുക്കി ആ പടി ഇറങ്ങുമ്പോൾ ഒരിക്കൽ പോലും തിരിച്ച് വരാൻ ഇടയാവരുതേ എന്ന് പ്രാർത്ഥിക്കാനാ തോന്നിയത്. “”” മോളിവിടെ ആദ്യമായിട്ടല്ലേ വരുന്നത്?””” അമ്മാവന്റെ പെട്ടെന്നുള്ള ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത്. ഒന്ന് മൂളി കൊടുത്തു. “””മോള് ഒന്നു കൊണ്ടും പേടിക്കേണ്ട. വലിയ തറവാട്ട്ക്കാരാ. മേലേടത്ത് എല്ലാ സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട് എന്നാ അറിഞ്ഞത്. അവിടത്തെ രണ്ട് മക്കളെ നോക്കാൻ ആളില്ല. അപ്പോഴാ മോളെ കാര്യം ഞാൻ പറഞ്ഞത്.””
” സംസാരിച്ച് കൊണ്ടിരുന്നപ്പോഴേക്കും സ്ഥലം എത്തിയിരുന്നു. പഴമയുടെ പൗഡീയും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്ന ഒരു തറവാട്. ഒരു ഭാഗം മാത്രം ഈയടുത്ത് മാറ്റി പണിഞ്ഞതാണെന്ന് തോന്നുന്നു. ആ ഭാഗത്തേക്കാണ് അമ്മാവൻ എന്നെ കൊണ്ട് പോയത്. “”” ശാരദാമ്മേ…””” “”” ആരിത് മാധവനോ…?””” ഒരു നേര്യതും ചുറ്റി കടന്ന് വരുന്ന ആ സ്ത്രീയിൽ കണ്ണ് പതിഞ്ഞു. മുഖത്ത് ചിലയിടത്തായി ചുളിവുകൾ പ്രതൃക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നരച്ച വെള്ള മുടികൾ മാടിയൊതുക്കി കെട്ടിവച്ചിരിക്കുന്നു. “”” ഞാൻ പറഞ്ഞില്ലേ കുട്ടികളെ നോക്കാൻ ഒരാളെ കൊണ്ട് വരുമെന്ന്.””” അമ്മാവന്റെ സംസാരം കേട്ടതും ആ കണ്ണുകൾ എന്നിൽ പതിഞ്ഞു. ഒരു ചെറു പുഞ്ചിരി അവർക്ക് സമ്മാനിച്ചു.
“”” അകത്തേക്ക് വരൂ…..””” എന്റെ കൈകളിൽ പിടിച്ച് കൊണ്ടവർ പറഞ്ഞതും ഞാൻ അനുവാദത്തിനായി അമ്മാവനെ നോക്കി. കണ്ണടച്ച് സമ്മതം തന്നതും ഒരു വിറയലോടെയാണെങ്കിലും അവിടേക്ക് കയറി. അധികം അലങ്കാരമില്ലാത്ത ഒരു മുറിയിലേക്കായിരുന്നു ആദ്യം കൊണ്ട് പോയത്. അതിന് എതിർവശത്തുള്ള പൂട്ടി കിടക്കുന്ന മുറിയിലേക്ക് അറിയാതെ കണ്ണ് പാഞ്ഞു. “”” ഇതാണ് കുട്ടിയുടെ മുറി… ഇവിടുന്ന് ഒരു മുറി മാറിയാണ് കുട്ടികളുടേത്””” ഒന്ന് മൂളി കൊണ്ട് ജനാല വഴി പുറത്തേക്ക് നോക്കി.. മുമ്പിൽ തന്നെ കാണുന്ന വയലുകളും തോടും കണ്ടപ്പോൾ ചിന്തകൾ വീണ്ടും പഴയ ഓർമയിലേക്ക് തെന്നി നീങ്ങി. “”” കുട്ടി… ഊണ് കാലായി……””” പിറകിൽ നിന്ന് ശാരദാമ്മ വിളിച്ചതും നിറഞ്ഞ് വന്ന കണ്ണ് തുടച്ച് കൊണ്ട് അവരുടെ പിന്നാലെ താഴേക്ക് ചെന്നു.
കസേരയിൽ ഇരുന്ന് കളിക്കുന്ന രണ്ട് കുട്ടികളെയും അപ്പോഴാണ് ശ്രദ്ധിക്കുന്നത്. നല്ല ഓമനത്തമുള്ള ഒരു മകളും മകനും. രണ്ട് പേരും അവരുടെതായ ലോകത്താണ്. കയ്യിലെ കളിപ്പാട്ടങ്ങൾ എടുത്ത് കൊണ്ട് പലതും പറയുന്നുണ്ട് രണ്ട് പേരും. അടുക്കളയിൽ ജോലിക്ക് വരുന്ന ചേച്ചി കൊടുക്കുന്ന ഭക്ഷണം മുഴുവൻ തട്ടി കളഞ്ഞ് കൊണ്ട് വാശിപിടിക്കുന്ന കുറുമ്പനിലേക്ക് കാലുകൾ യാന്ത്രികമായി ചലിച്ചു. എന്നെ കണ്ടതും അവന്റെ കുഞ്ഞി കണ്ണുകൾ ഭയത്താൽ നിറഞ്ഞു. ചേച്ചിയുടെ പിറകിലായി ഒളിഞ്ഞ് കൊണ്ട് എന്നെ നോക്കുന്ന കുറുമ്പനെ കണ്ടതും ഉള്ളിൽ വാത്സല്യം നിറഞ്ഞു.
ഒരു പുഞ്ചിരിയോടെ ചേച്ചിയുടെ കൈയ്യിൽ നിന്ന് ഭക്ഷണം വാങ്ങി അവന്റെ നേരെ കൈ നീട്ടിയതും ഒന്ന് മടിച്ച് കൊണ്ടവൻ എന്നിലേക്ക് അടുത്തു.. ആ കുഞ്ഞുവായയിൽ ഒരു റുള ചോറ് വച്ച് കൊടുത്തതും കളള ചിരിയോടെ ആസ്വദിച്ച് കഴിക്കുന്ന കുറുമ്പനെ നോക്കിയിരിക്കുമ്പോഴാണ് മുഖവും വീർപ്പിച്ച് കരയാനായി ചുണ്ട് പിളർന്ന് ഞങ്ങളെ നോക്കുന്ന കുറുമ്പിയെ കണ്ടത്. കണ്ടപ്പോൾ അറിയാതെ പൊട്ടിചിരിച്ച് പോയി..അവളെ നോക്കി കൈ നീട്ടിയതും അത് കേൾക്കാൻ കാത്തെന്നപോലെ ഓടി വന്ന് എന്റെ കഴുത്തിൽ ആ രണ്ട് കുഞ്ഞി കൈകളും കോർത്ത് കൊണ്ട് കെട്ടിപിടിച്ചു. രണ്ട് പേരെയും എടുത്ത് കൊണ്ട് മുറ്റത്തേക്കിറങ്ങി വയലും തോടും കാണിച്ചും അവരോട് കളിതമാശകൾ പറഞ്ഞ് രസിച്ചും സമയം ചെലവഴിച്ചു. “”” ചേച്ചിയുടെ പേതന്താ?””
” കൊച്ചരി പല്ലുകൾ കാട്ടികൊണ്ട് കുറുമ്പി മോള് ചോദിച്ചു. “”” സീത…മോളുടെ പേരോ?””” “””മാലു….,””” “”” കണ്ണൻ…””” രണ്ട് പേരും പരസ്പരം പേര് പറഞ്ഞ് കൊണ്ട് കളിച്ച് കൊണ്ടിരുന്നു. “””മോളെ… മോൾക്ക് വിശക്കുന്നില്ലേ… കുട്ടികളെ ഞാൻ നോക്കാം. മോള് പോയി വല്ലതും കഴിക്ക്”” ജോലിക്ക് നിൽക്കുന്ന ജാനകി ചേച്ചി നിർബന്ധിച്ചതും താൽപര്യമില്ലാതെ അടുക്കളയിലേക്ക് ചെന്നു. “”” അയ്യോ മോളെന്താ ഇവിടെ? ഭക്ഷണം ഞാനെടുത്ത് തരാം”” “””വേണ്ട.. ഞാൻ കഴിച്ചോളാം. എനിക്ക് അടുക്കളയിൽ നിന്ന് കഴിച്ചാണ് ശീലം””” തൂ വെള്ള ചോറിലേക്ക് സാമ്പാർ ഒഴിച്ച് അത് രുചിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. പട്ടിണി കിടക്കേണ്ടി വന്ന ദിനങ്ങളുടെ ഓർമ മനസിൽ നിറഞ്ഞു വന്നു. രാത്രി വരെ മക്കളുടെ കൂടെ കളിച്ച് നടന്നപ്പോൾ തന്നെ ഞാനാ പഴയ സീതയിലേക്ക് മാറിയിരുന്നു.
ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ട് മക്കളുമായി വല്ലാത്ത ഒരടുപ്പം തോന്നി. അന്ന് എന്റെ മാറോട് ചേർത്ത് തന്നെയാണ് രണ്ടാളെയും താരാട്ട് പാടി ഉറക്കിയത്. രണ്ടാളെയും കിടക്കയിൽ കിടത്തി സ്വന്തം മുറിയിലേക്ക് പോകാനൊരുങ്ങുമ്പോഴാ തനിക്കു സമീപമുള്ള പൂട്ടിയ മുറിയിൽ നിന്ന് വെളിച്ചം വരുന്നത് കണ്ടത്. ചെറിയ ഒരു ആകാംക്ഷ തോന്നിയതിനാൽ പൂട്ടിന്റെ ഉള്ളിലെ വിടവിലൂടെ ഉള്ളിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. നിരാശയോടെ വെള്ളം കുടിക്കാൻ പടിയിറങ്ങുമ്പോഴാണ് താഴെ ശാരദാമ്മ ആരോടോ അടക്കം പറയുന്നത് കേട്ടത്. “”ജാനകി… ഭക്ഷണ പാത്രം മുറിയുടെ പുറത്ത് വച്ചാൽ മതി.. വേണമെങ്കിൽ കഴിക്കും””” “”” ശരി അച്ഛമ്മേ….””” കോവണി കയറി മുകളിലേക്ക് വരുന്ന ജാനകി ചേച്ചിയെ കണ്ടതും പരിഭ്രമത്തോടെ സീത ചുറ്റും നോക്കി. മുന്നിൽ കണ്ട തന്റെ മുറിയിലേക്ക് അവൾ ഓടി കയറി. ”
“” എന്റെ ഭഗവതി…!!! ഞാനെന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ തെറ്റൊന്നും ചെയ്തിലല്ലോ?””” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ തുടച്ച് കൊണ്ടവൾ വാതിൽ ചെറുതായി തുറന്നു… പൂട്ടിയ മുറിയുടെ വാതിൽപ്പുറത്തായി മൂന്ന് പ്രാവശ്യം മുട്ടി കൊണ്ട് ജാനകി ചേച്ചി ഭക്ഷണ പാത്രം നിലത്ത് വച്ചു കൊണ്ട് താഴേക്ക് നീങ്ങുന്നത് ചെറിയ വിടവിലൂടെ സീത കണ്ടു. പിന്നിടങ്ങോട്ട് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.. വാതിലിനകത്ത് ഉള്ള വ്യക്തിയെ കാണാനുള്ള മോഹം… ക്ലോക്കിലെ സൂചികൾ ശബ്ദമുണ്ടാക്കി കൊണ്ട് സമയം രണ്ട് മണിയായെന്ന് അറിയിച്ചു. പെട്ടെന്നാണ് ഒരു ചെറിയ ഞരക്കത്തോടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. സീത ഉത്സാഹത്തോടെ നോക്കിയതും ആരുടെയോ കാൽ പെരുമാറ്റം അടുത്ത് വരുന്നതായി അവളറിഞ്ഞു.
ഹൃദയം എന്തിനെന്നറിയാതെ വേഗത്തിൽ മിടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മുടി വളർത്തിയ ഒരു രൂപം വാതിൽ തുറന്ന് കടന്ന് വന്നു. താടിയും മുടിയും നീട്ടി ഒരു ഭ്രാന്തനെ പോലെയായിരുന്നു വേഷം.. മുഖം വ്യക്തമായിരുന്നില്ല. പക്ഷേ ആ കണ്ണുകൾ മാത്രം… എന്തോ മാസ്മരികത ആ കണ്ണുകൾക്ക് ഉണ്ടെന്ന് തോന്നി പോയി. ചുറ്റുപാടും ഒന്ന് നോക്കി കൊണ്ട് ഭക്ഷണം അകത്തേക്ക് കൊണ്ട് പോയി വാതിലടച്ചതും വല്ലാത്ത നിരാശ തന്നിൽ ഉയരുന്നതായവൾക്ക് തോന്നി. ആരാണത്? അമ്മാവനോ ശാരദാമ്മയോ ഇങ്ങനെ ഒരാളെ പറ്റി പറഞ്ഞിട്ടേയിലല്ലോ? ഓരോന്ന് ചിന്തിച്ച് കൂട്ടിയും കിഴിച്ചും അന്നവൾ നിദ്രയെ പുൽകി. പിറ്റേന്ന് മുറിയിൽ നിന്ന് താഴേക്കിറങ്ങുമ്പോഴും പല പ്രാവശ്യം അവളാ മുറിയിലേക്ക് നോട്ടം പായിച്ചു. എന്നാൽ ആ മുറി ഒരിക്കൽ പോലും തുറന്നിരുന്നില്ല.
മക്കളുടെ കൂടെ ഒളിച്ചും പാത്തും കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആരുടെയോ ഉറക്കെയുള്ള അലർച്ച കേട്ടത്. ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയപ്പോൾ തന്നെ മനസിലായി അതയാളുടെ ശബ്ദമാണെന്ന്. മുറിയിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി വരുന്ന ശാരദാമ്മക്ക് മുഖം കൊടുക്കാൻ ഒരു പേടി തോന്നിയതിനാൽ വേഗം ഒളിച്ചിരുന്നു. അവർ പോയെന്നുറപ്പായതും ഒന്ന് ആ മുറിയിലേക്ക് എത്തി നോക്കി. മുറി തുറന്നിരിക്കുന്നു. ചെറിയൊരു ശങ്കയോടെ തന്നെ അകത്ത് കയറി. നിലത്താകെ കുപ്പികഷ്ണങ്ങളാണ്. ആരുടെയോ ചോരതുള്ളികൾ നിലത്ത് ഒറ്റി വീണിരിക്കുന്നു. കട്ടിലിന്റെ ഒരരികിലായി തലയ്ക്ക് താങ്ങ് നൽകി കൊണ്ട് അയാൾ ഇരിപ്പുണ്ട്. തിരിഞ്ഞ് നടക്കാനാണ് ആദ്യം തോന്നിയത്. ഇവിടെ നിൽക്കണ്ട.. ചിലപ്പോൾ ഉപദ്രവിച്ചാലോ..! അയാളുടെ കാലിൽ നിന്ന് ഒലിക്കുന്ന ചോരതുള്ളികളിലേക്കവൾ ഒന്ന് നോക്കി.
എന്താ സീത ഇത്? ഒന്നുമില്ലെങ്കിലും അതും ഒരു ജീവനല്ലേ? എന്നാ നീയും ഇത്ര മനസാക്ഷിയില്ലാത്തവളായത്? മനസ് തന്നോട് സ്വയം ചോദിക്കുന്നത് പോലെ… മുറിവ് പറ്റിയ ആ കാലുകളിൽ നിന്നപ്പോഴും ചോര ഒലിക്കുന്നുണ്ടായിരുന്നു. കൂടുതൽ ചിന്തിക്കാതെ കിടക്കവിരി എടുത്ത് അയാളുടെ കാലിൽ മുറിഞ്ഞ ഭാഗത്തായി കെട്ടി കൊടുത്തു. പാറി പറന്ന് കിടക്കുന്ന അയാളുടെ മുടിയെ വകഞ്ഞ് മാറ്റിയതും ബലിഷ്ടമായ കരങ്ങളാൽ അയാൾ തന്നിൽ പിടി ഉറപ്പിച്ചു. ഭയത്തോടെ അയാളുടെ പിടി വിടുവിച്ച് ഓടാൻ ശ്രമിച്ചു കൊണ്ടിരുന്നു. “”” എനിക്ക് കഴിക്കാൻ വല്ലതും തരുമോ? വല്ലാതെ വിശക്കുന്നു…””” ദൈന്യതയോടെ തന്റെ കണ്ണിലേക്ക് നോക്കി കൊണ്ടയാൾ മൊഴിഞ്ഞു. അയാളെ തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങിയതും അയാൾ മുറി വരെ തനിക്ക് പിറകെ നടന്ന് വന്നിരുന്നു. ”
“” വേഗം വരണേ…..!!!””” അവന്റെ ശബ്ദം താഴെ നിന്ന് കേട്ടതും വല്ലാത്ത വിറയൽ ശരീരത്തിന് ബാധിച്ചിരുന്നു. മുകളിലേക്ക് പോകാൻ അന്ന് വല്ലാത്ത പേടി തോന്നി.. മക്കളുടെ കൂടെ ആ ദിവസം മുഴുവൻ കഥ പറഞ്ഞു കൊടുത്തും ആദ്യാക്ഷരം ചൊല്ലി കൊടുത്തും സമയം പാഴാക്കി. രാത്രി മക്കളെ ഉറക്കി കിടത്താൻ കൊണ്ട് പോവുമ്പോൾ പോലും കാലുകൾ നിലത്ത് ഉറച്ചിരുന്നില്ല. പൂട്ടി കിടക്കുന്ന മുറി കണ്ടതും മനസിൽ ആശ്വാസം നിറഞ്ഞു. വേഗം മുറിയിൽ കയറി വാതിലടച്ചു കൊളുത്തിയിട്ടപ്പോഴും ശരീരം വല്ലാതെ വിയർത്തിരുന്നു. പതിവ് പോലെ രാത്രി ഭക്ഷണവുമായി ആ മുറിയുടെ മുമ്പിൽ മൂന്ന് പ്രാവശ്യം തട്ടുന്ന ജാനകി ചേച്ചിയെ വാതിൽ മറവിലൂടെ ഒളിഞ്ഞ് നോക്കി. താഴേക്ക് കടന്ന് പോവുന്ന ജാനകി ചേച്ചിയുടെ പിറകെ തന്നെ അവളും നടന്നു. “”” ജാനകി ചേച്ചി”
“” പിറകിൽ നിന്ന് പ്രതീക്ഷിക്കാതെ കേട്ട വിളി കൊണ്ടാവാം ഒന്നമ്പരന്ന് കൊണ്ടവർ നെഞ്ചിൽ കൈ വച്ചു. “”” കുട്ടിയായിരുന്നോ..എന്റെ നല്ല ജീവനങ്ങ് പോയി? എന്താ കുട്ടി ഉറക്കമില്ലേ?””” “”” ജാനകി ചേച്ചി… അതാരാ.. ആ.. മുറിയിൽ?””” അവരുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ താൽപര്യമില്ലാത്തത് കൊണ്ട് തന്നെ മടിച്ചാണ് ചോദിച്ചത്. പക്ഷേ ഇപ്പോൾ ഈ വീട്ടിൽ താനും താമസിക്കുന്നുണ്ടല്ലോ.. സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഈ ചോദ്യം അനിവാര്യമാണെന്ന് തന്നെ സീത കരുതി. “”” ശശ്… മെല്ലെ പറ കുട്ടി.. മുത്തശ്ശി കേട്ടാൽ പ്രശ്നമാവും..””” ചുണ്ടിന് മേലെ വിരൽ വച്ച് കൊണ്ടവർ സീതയെയും വിളിച്ച് തന്റെ മുറിയിൽ കയറി. അവരുടെ ഈ പ്രവൃത്തി തന്നെ അവളിൽ വല്ലാത്ത സംശയം നിറച്ചിരുന്നു. “”” ചേച്ചി…!!!””” “”” ഒരു കാര്യം ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടോ കുട്ടി..
ഇവിടെ എന്ത് ജോലി ചെയ്യാനാണോ വന്നത് അതിൽ മാത്രം ശ്രദ്ധിക്കുക.. വീട്ടുകാര്യത്തിലിടപ്പെടരുത്. ഇവിടെ പലതും കാണുകയും കേൾക്കുകയും ചെയ്യും. എല്ലാം കാണാത്ത പോലെ നടിക്കുക. ഇപ്പോൾ കിട്ടുന്ന സുരക്ഷിതത്വം കൊലകയറായി മാറ്റരുത്””” ഒരു താക്കീതു പോലെ അവളോട് കയർത്ത് സംസാരിക്കുന്ന ജാനകി ചേച്ചിയെ കണ്ടതും ചോദിക്കേണ്ടിയിരുന്നില്ല എന്നവൾക്ക് ഒരു നിമിഷം തോന്നി. മുറിവിട്ടിറങ്ങി മുകളിലേക്ക് കയറിയതും പ്രതീക്ഷിക്കാതെ തുറന്ന് കിടക്കുന്ന മുറിയും മാറിൽ രണ്ട് കൈയ്യും കെട്ടി തന്നെ സൂക്ഷിച്ച് വീക്ഷിക്കുന്ന അയാളുടെ കണ്ണുകളും കാൺകേ മുറിയിലേക്ക് രക്ഷപ്പെടാനാണ് തോന്നിയത്. അയാളുടെ പിൻവിളിക്ക് മുമ്പേ വേഗം മുറിയിൽ കയറി വാതിൽ കൊട്ടിയടക്കുമ്പോഴും ആ കണ്ണുകൾ വല്ലാതെ തിളങ്ങുകയായിരുന്നു..
പിറ്റേ ദിവസം കുട്ടികളുമായി പാടവരമ്പത്ത് കൂടി നടക്കുമ്പോഴും കണ്ണുകൾ ആ മുറിയിലേക്ക് ചെന്നു. ജനാലയിലൂടെ തങ്ങളെ നോക്കുന്ന ആ മുഖം കണ്ടതും വേഗമവൾ മുഖം തിരിച്ച് കൊണ്ട് വീട്ടിലേക്കുള്ള നടത്തത്തിന്റെ വേഗത കൂട്ടി. “”” ചേച്ചി… ഇത് കന്താ… പാവ”””” കയ്യിൽ ഒരു പാവക്കുട്ടിയെയും എടുത്ത് കൊണ്ട് കൊഞ്ചലോടെ പറയുന്ന മാലുവിനെ മടിയിലായി ഇരുത്തി. “”” മോളുടെ ചേട്ടായി എവടെ?””” “”” ദോ.. അവടെ…”””” കുട്ടികാറും കൊണ്ട് വീടു മൊത്തം ഉരുട്ടി നടക്കുന്ന കണ്ണനെ ചൂണ്ടി കൊണ്ട് കുറുമ്പി മൊഴിഞ്ഞു. “”” മാലു മോളോട്.. ചേച്ചി ഒരു കാര്യം ചോദിച്ചാൽ മോള് ആരോടെങ്കിലും പറയോ?””” അവളെ തന്നോട് ചേർത്ത് നിർത്തി കൊണ്ട് സീത ചുറ്റുപാടും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി. “”
” ഇല്ല…””” “”” നല്ല കുട്ടി.. ഇവിടെ ഒരു ചേട്ടനിലെ? മുടിയൊക്കെ കുറേ ആയിട്ട്..അതാരാ?””” “”” കണ്ണേട്ട…””” മുന്നിലെ കാറും കൊണ്ട് കളിക്കുന്ന കണ്ണനെ കാണിച്ച് കൊണ്ടവൾ സീതയെ നോക്കി. “”” അതല്ല മോളു..വേറെ ചേട്ടൻ ഇല്ലേ? മുഖം ഒക്കെ വീർപ്പിച്ച് “”” “”” കാട്ടുമാക്കാൻ…,””” പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും കുഞ്ഞികണ്ണുകൾ പേടിയാൽ നിറഞ്ഞിരുന്നു. “”” പേടിയാ മാലുന്.. കാട്ടുമാക്കാനാ..പിച്ചും മാന്തും.””” “”” അയ്യോടാ… വാവയെ കാട്ടുമാക്കാൻ പിടിക്കില്ല ട്ടോ.. മാലു മോൾ നല്ല കുട്ടിയല്ലേ.. കാട്ടുമാക്കാനെ നമുക്ക് തല്ലാമേ..””” കരയാൻ പോയ മാലുവിനെ വേഗം സമാധാനിപ്പിച്ച് കൊണ്ട് കണ്ണനെയും വിളിച്ച് ഭക്ഷണം കഴിക്കാനായി തിരിഞ്ഞപ്പോഴേക്കും തന്നെ നോക്കി കണ്ണുരുട്ടുന്ന ജാനകി ചേച്ചിയെ കണ്ടതും ഉള്ള് ഒന്നാളി.. താൻ ചോദിച്ചതെല്ലാം കേട്ടു എന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു.
തലകുനിച്ച് കൊണ്ട് മക്കൾക്ക് വാരി കൊടുക്കുമ്പോഴും തന്നിലേക്ക് വീഴുന്ന നോട്ടം അവൾ കാണാത്ത പോലെ നടിച്ചു. കണ്ണുകൾ എന്ത് കൊണ്ടോ മുകളിലേക്ക് പാഞ്ഞു കൊണ്ടിരുന്നിരുന്നു. സമയം പോകുന്തോറും മനസിൽ വല്ലാത്ത വിഷമം നിറയുന്നത് പോലെ തോന്നി.. സമയം ഉച്ച കഴിഞ്ഞു മൂന്നാവുന്നു. ആരും ഭക്ഷണവും കൊണ്ട് അങ്ങോട്ട് പോയിലല്ലോ? വിശക്കുന്നുണ്ടാവില്ലേ? അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത്… അതെ… ഒരിക്കൽ പോലും രാവിലെയും ഉച്ചയ്ക്കും ആ മുറിയിലേക്ക് ആരും പോവുന്നത് കണ്ടിട്ടില്ല. അപ്പോൾ രാത്രി മാത്രമാണോ അയാൾക്കിവർ ഭക്ഷണം കൊടുക്കാറ്? ഒരിക്കൽ അയാൾ തന്നോട് ഭക്ഷണം ചോദിച്ചത് അവൾക്കോർമ വന്നു. അന്ന് പേടിയോടെ ഓടിമറയുകയായിരുന്നു ചെയ്തത്. വല്ലാത്ത കുറ്റബോധം മനസിൽ വന്ന് മൂടുന്നത് പോലെ തോന്നിയവൾക്ക്.
വല്ലാത്തൊരു പുച്ഛം തോന്നി ഇവിടത്തെ വീട്ടുകാരോട്.. വിശപ്പിന്റെ വില അറിയില്ലേ ഇവർക്ക്? നേരാകാലത്ത് ഭക്ഷണമെങ്കിലും നൽകികൂടെ ആ മനുഷ്യന്.. ഓർമകൾ പട്ടിണി കിടക്കേണ്ടി വന്ന തന്റെ പഴയ കാല ജീവിതത്തിലേക്ക് കടന്ന് പോയി.. ഒരിറ്റു വെള്ളത്തിന് വേണ്ടി ചേട്ടന്മാരുടെ ഭാര്യന്മാരോട് കെഞ്ചിയ ദിനങ്ങൾ. ഇപ്പോഴും ആ ഓർമകൾ തന്റെ ഹൃദയത്തെ നുറുക്കുകയാണെന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർ കണ്ടാണവൾക്ക് ബോധ്യം വന്നത്. എന്തോ പ്രേരണയിൽ അവളുടെ കാലുകൾ അന്നാദ്യമായി ഭയമേതുമില്ലാതെ ആ മുറിയിലേക്ക് ചലിച്ചു….(തുടരും)