യുഎസ് സന്ദർശന വിസ സൗദി പൗരന്മാർക്ക് കാലാവധി 10 വർഷമാക്കി
ബുറൈദ: സൗദി പൗരൻമാർക്കുള്ള യുഎസ് വിസിറ്റ് വിസയുടെ കാലാവധി അഞ്ചിൽ നിന്ന് 10 വർഷമാക്കി ഉയർത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സൗദി അറേബ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് റിയാദിലെ യുഎസ് എംബസിയുടെ പ്രഖ്യാപനം.
ടൂറിസം, വാണിജ്യം, സാമ്പത്തികം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത മാസം 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായ രീതിയിൽ പൗരൻമാർ തമ്മിലുള്ള പരസ്പര ധാരണകളും ഇടപാടുകളും ശക്തിപ്പെടുത്താൻ തീരുമാനം സഹായിക്കുമെന്ന് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദ സഞ്ചാര, ബിസിനസ് യാത്ര സുഗമമാക്കുന്നതിന് നേരത്തെ ആരംഭിച്ച ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കാലാവധി നീട്ടുന്നത്. ഈ വർഷം ആദ്യം പ്രഖ്യാപിച്ച യുഎസ് വിസ നിബന്ധനകളിലെ ‘അഭിമുഖം ഒഴിവാക്കൽ പദ്ധതി’യുടെ പൂർത്തീകരണം കൂടിയാണ് പുതിയ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.