Thursday, January 23, 2025
LATEST NEWS

മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യ ഭദ്രതയ്ക്ക് 83,471 കോടിയുടെ പാക്കേജ് വരുന്നു

ജിദ്ദ: മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് 83471 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. നിലവിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഭാവിയിലെ പ്രതിസന്ധികളും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിസിനസുകൾക്ക് വായ്പ നൽകൽ, സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള സാമ്പത്തിക സഹായം, വായ്പകൾ, സബ്സിഡി, മൂലധന സമാഹരണം, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നതാണ് ‘ഒരു സഖ്യം ഒരു ലക്ഷ്യം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അടിയന്തര സഹായമായി അടുത്ത ഒന്നര വർഷത്തിനുള്ളിൽ 24000 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും.

ആദ്യ ഘട്ടത്തിൽ ഭക്ഷണം, പച്ചക്കറി വിതരണം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകൾക്കാണ് പണം ചെലവഴിക്കുക. ശേഷിക്കുന്ന 60,000 കോടി രൂപ മൂന്ന് വർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ നിക്ഷേപിക്കും. ക്ഷാമത്തിന്‍റെ അടിസ്ഥാന കാരണങ്ങൾ തിരിച്ചറിയുന്നതിനും അതിന് ബദലുകൾ നിർദ്ദേശിക്കുന്നതിനും ഭക്ഷ്യോൽപ്പാദന മേഖലയിൽ നിലവിലുള്ള പോരായ്മകൾ മറികടക്കുന്നതിനും ഇത് ശ്രമിക്കുന്നു.